ആഗോള മുതലാളിത്തം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ, തൊഴിലില്ലായ്മ, അസമത്വം, അന്യവൽക്കരണം എന്നിവ അനിയന്ത്രിതമായി ഉയർന്നുവരുന്ന ഒരു കാലഘട്ടത്തിൽ, ഭരണവർഗങ്ങൾ അവരുടെ അധികാരവും നിയന്ത്രണവും നിലനിർത്താൻ പുതിയ ഉപകരണങ്ങൾ തേടുന്നു. ഇവയിൽ അവർ ഏറ്റവും ഫലപ്രദമായി എടുത്തിട്ടുള്ളത് എല്ലായ്പ്പോഴും മത ദേശീയതയാണ് – വിശ്വാസത്തിന്റെയും ഭരണകൂടത്തിന്റെയും വിഷലിപ്തമായ സംയോജനം, അത് വർഗ വൈരുദ്ധ്യങ്ങളെ മറയ്ക്കുകയും അടിച്ചമർത്തപ്പെട്ടവർക്കിടയിൽ ശത്രുക്കളെ സൃഷ്ടിക്കുകയും ചെയ്യുന്നു. അത് എങ്ങനെ എന്ന് നോക്കാം.
ഇന്ത്യയിലെ RSS- ആയാലും, ഇസ്രായേലിലെ സയണിസ്റ്റ് രാഷ്ട്രീയമായാലും, ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രിത രാഷ്ട്രീയമായാലും, ലക്ഷ്യം ഒന്നുതന്നെയാണ്: അധ്വാനിക്കുന്ന ജനങ്ങളുടെ കൂട്ടായ്മയും അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന്റെ പ്രതിഷേധങ്ങളെയും വിഭാഗീയ വിഭജനങ്ങളിലേക്ക് തിരിച്ചുവിടുക.
ഇന്ത്യ ഭരിക്കുന്ന BJP-യുടെ പ്രത്യയശാസ്ത്ര അടിത്തറ ആയ രാഷ്ട്രീയ സ്വയംസേവക സംഘം (RSS) ഒരു ഹിന്ദു രാഷ്ട്രത്തിന്റെ സ്വപ്നത്തിൽ വേരൂന്നിയതാണ് – ഭരണഘടനാ ജനാധിപത്യത്തിലോ മതേതരത്വത്തിലോ അല്ല, മറിച്ച് സാംസ്കാരിക (കാലഹരണപ്പെട്ട മനുസ്മ്രിതി പോലുള്ള) മേധാവിത്വത്തിലോ നിർമ്മിച്ച ഒരു രാഷ്ട്രം ആണ് അവർ സ്വപ്നം കാണുന്നത്. എം.എസ്. ഗോൾവാൾക്കറുടെ ചിന്താഗതികളുടെ കൂട്ടത്തിൽ, ന്യൂനപക്ഷങ്ങളെ ദേശീയ ഐക്യത്തിന് ഭീഷണിയായി ചിത്രീകരിക്കുന്നു. ഹിന്ദു ഭൂരിപക്ഷ സംസ്കാരത്തിന് പൂർണ്ണമായും കീഴടങ്ങുന്നില്ലെങ്കിൽ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും മൂന്ന് ആന്തരിക ശത്രുക്കളായാണ് കാണുന്നത്. ഇതിൽ മൂന്നാമത്തേത് മാർക്സിസ്റ്റുകളാണ്. ഒന്നുകൂടി പറയട്ടെ ഈ അധികാരത്തിന് യഥാർത്ഥ ഹിന്ദു മത വിശ്വാസമായി പുലബന്ധം പോലുമില്ല.
പൗരത്വ ഭേദഗതി നിയമവും (CAA) ദേശീയ പൗരത്വ രജിസ്റ്ററും (NRC) ഈ പ്രത്യയശാസ്ത്രത്തിന്റെ ആധുനിക വിപുലീകരണങ്ങളാണ്. NRC പാർശ്വവൽക്കരിക്കപ്പെട്ട മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുമ്പോൾ, CAA മതത്തെ അടിസ്ഥാനമാക്കിയുള്ള സംരക്ഷണം നൽകുന്നു – നിയമത്തിൽ തന്നെ മതപരമായ വിവേചനം സ്ഥാപനവൽക്കരിക്കുന്നു. പൗരന്മാരെ തിരിച്ചറിയുക എന്നത് മാത്രമല്ല, ഇന്ത്യൻ രാഷ്ട്രത്തിന്റെ ധാർമ്മിക അതിരുകൾ കാവി രേഖയിലൂടെ പുനർനിർമ്മിക്കുക എന്നതാണ് ഇവരുടെ ആശയവും ലക്ഷ്യവും.
ഇപ്പോഴിതാ, ബീഹാറിലെ ഇലക്ടറൽ പട്ടികകളുടെ പ്രത്യേക പരിഷ്കരണം(SIR) ഇവരുടെ ഈ യുക്തി അസമിന് അപ്പുറത്തേക്ക് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ കൂടി എങ്ങനെ വ്യാപിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നു. എന്താണ് SIR? 1 ലക്ഷം BLO-കളെയും 4 ലക്ഷം വളണ്ടിയർമാരെയും ഉപയോഗിച്ച് 8 കോടി വോട്ടർമാരുടെ ഒരു വലിയ door-to-door verification. ഓരോ വോട്ടറും പുതിയ ഫോട്ടോയും ഐഡന്റിറ്റിയും തെളിവുകളും സമർപ്പിക്കണം. 2003 ലെ ഇലക്ടറൽ പട്ടികയിൽ ഇല്ലാത്ത വോട്ടർമാർ – പ്രത്യേകിച്ച് 1987 ന് ശേഷം ജനിച്ചവർ – മാതാപിതാക്കളുടെ രേഖകൾ ഹാജരാക്കണം, ഇത് മിക്കവർക്കും അസാധ്യമായിരിക്കും. ആധാർ, റേഷൻ കാർഡുകൾ പോലുള്ള പൊതു ഐഡികൾ സ്വീകരിക്കുകയും ചെയ്യില്ല. പ്രത്യേകിച്ച് സീമാഞ്ചലിലെ മുസ്ലീങ്ങളെ ഇത് ബാധിക്കാൻ സാധ്യത കൂടുതലാണ്. അങ്ങനെ സങ്കീർണ്ണമായ ഒരു ഫിൽട്ടറിങ്ങാണ് നടക്കുന്നത് എന്ന് സംശയിക്കേണ്ടി വരും. യുവാക്കളെയും ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യം വച്ചുള്ള സെലക്ടീവ് വോട്ടവകാശ ലംഘനമായി മാറാൻ ആണ് സാധ്യത.
ഇനി ഇത്പോലെ തന്നെ മറ്റൊരു സൈദ്ധാന്തിക രാഷ്ട്രീയത്തെ താരതമ്യം ചെയ്യാം. ജൂതന് സ്വയം നിർണ്ണയത്തിനായുള്ള ഒരു പ്രസ്ഥാനമായിട്ടാണ് സയണിസം ആരംഭിച്ചത്, എന്നാൽ 1948 ന് ശേഷം, അത് ഒരു കുടിയേറ്റ-കൊളോണിയൽ രാഷ്ട്രത്തിന്റെ രൂപം സ്വീകരിച്ചു. 2018 ലെ ദേശീയ-രാഷ്ട്ര നിയമം ഇസ്രായേലിനെ ഒരു ജൂത രാഷ്ട്രമായി പ്രഖ്യാപിച്ചു, ജനാധിപത്യത്തിന് മുകളിൽ മതപരവും വംശീയവുമായ മേധാവിത്വം ഉറപ്പാക്കി. ഇന്നിപ്പോൾ ലോകത്തിലെ ഏറ്റവും വലിയ വംശീയ ഉന്മൂലനം ചെയ്യുന്ന മതാധിപത്യം പുലർത്തുകയും മറ്റുള്ളവയെല്ലാം ഭീഷണികളായി കണക്കാക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രം സൃഷ്ടിക്കപ്പെട്ടു.
ഇതേ പോലെ തന്നെ ആണ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയവും. രാഷ്ട്രതന്ത്രമെന്ന നിലയിൽ ജനകീയ പരമാധികാരത്താൽ അല്ല, ദൈവിക നിയമത്താൽ ഭരിക്കപ്പെടുന്ന ഒരു ഇസ്ലാമിക രാഷ്ട്രത്തെയാണ് അവരും വിഭാവനം ചെയ്തത്. മൗദൂദിയുടെ രചനകളിൽ, ശരിയത്ത് പാലിക്കുന്നില്ലെങ്കിൽ ജനാധിപത്യം തന്നെ സംശയാസ്പദമാണ്. ആർഎസ്എസിനെപ്പോലെ ഫ്യൂഡൽ സ്വഭാവമുള്ളതാണ് ജമാഅത്ത് ചിന്താഗതി. അത് വസ്ത്രധാരണം, പെരുമാറ്റം, വിശ്വാസ വ്യവസ്ഥകൾ, പുരുഷാധിപത്യ അധികാരം, സ്ത്രീകളുടെ അവകാശങ്ങൾ നിയന്ത്രിക്കാനും, വാദിക്കുന്ന ജമാഅത്ത് ധാർമ്മിക ശുദ്ധീകരണത്തിന്റെ പേരിൽ സാംസ്കാരിക ആധിപത്യത്തിനാണ് ശ്രമിക്കുന്നത്.
ഈ മത-രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിൽ പ്രത്യക്ഷത്തിൽ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, ഘടനാപരമായ സമാനതകൾ പങ്കിടുന്നു എന്നത് ഇതിൽ നിന്നും മനസ്സിലാക്കാം. അവർ പൗരത്വത്തെ വംശീയവൽക്കരിക്കുകയോ വർഗീയവൽക്കരിക്കുകയോ ചെയ്യുന്നു, ജനാധിപത്യത്തെ സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള ഒരു അധികാരമാക്കി മാറ്റുന്നു. അവർ ജനാധിപത്യ സമത്വത്തെ ഭയപ്പെടുന്നു, വർഗ നീതിയെക്കാൾ സാംസ്കാരിക വിശുദ്ധിക്ക്, ആണ് മുൻഗണന നൽകുന്നത്. ഇന്ത്യയിലെ “ലവ് ജിഹാദിസ്റ്റ്” മുതൽ ഇസ്രായേലിലെ “പലസ്തീൻ ഭീകരത” വരെ – അവർ ഇതിനായി ഉപയോഗിക്കുന്നു. അവർ ചരിത്രം മാറ്റിയെഴുതുന്നു, മിത്തുകളേയും ശത്രുക്കളേയും സൃഷ്ടിക്കുന്നു. അവർ എത്ര കൗശലത്തോടെയാണ് വിശ്വാസികൾക്ക് വേണ്ടി നിൽക്കുന്നു എന്ന തോന്നൽ ഉണ്ടാക്കിയിട്ട്, മുതലാളിത്ത വർഗ്ഗത്തെ സേവിക്കുന്നു. സമ്പന്നർ അധികാരം ഏകീകരിക്കുമ്പോൾ, ദരിദ്രർക്ക് ദേശീയത മറയാക്കി ഭയം ജനിപ്പിക്കുന്നു.
കാറൽ മാർക്സ് ലോകത്തോട് പറഞ്ഞിട്ടുണ്ട് “മതം അടിച്ചമർത്തപ്പെട്ടവർക് അഭയവും, ഹൃദയം നഷ്ടപ്പെട്ട ലോകത്തിന്റെ ഹൃദയവും , ആത്മാവില്ലാത്ത അവസ്ഥയുടെ ആത്മാവുമാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്.” എന്നാൽ ഇന്ന് മതം രാഷ്ട്രീയമാകുമ്പോൾ അത് ആശ്വാസമാവുകയല്ല പകരം അതൊരു ആയുധമാവുകയാണ്. വിയോജിപ്പുകളെ തകർക്കാനും, ചരിത്രം മായ്ക്കാനും, തൊഴിലാളിവർഗത്തെ ഛിന്നഭിന്നമാക്കാനും മുതലാളിത്ത, സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ ആയുധമാവുകയാണ്.
മുസ്ലിംകൾ എപ്പോഴും പുറത്തുനിന്നുള്ളവരായി കാണപ്പെടുന്ന ഒരു രാഷ്ട്രീയമാണ് RSS ആഗ്രഹിക്കുന്നത്. ജൂതന്മാർ പരമോന്നതരും പലസ്തീനികൾ തുടച്ചുനീക്കപ്പെടേണ്ട സമൂഹമാണെന്നും കരുതുന്ന അതിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രമാണ് സയണിസം.വിശ്വാസത്തിന്റെ മറവിൽ ജനാധിപത്യ തത്വങ്ങളെ എതിർക്കുകയും, ബഹുസ്വര സങ്കൽപ്പത്തെ മതപരമായ-സാംസ്കാരിക മേധാവിത്വം കൊണ്ട് നിയന്ത്രിക്കുന്നതാണ് ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയം.
ഇതെല്ലം തന്നെ ജനങ്ങളെയും, തൊഴിലാളിയെയും, സ്ത്രീകളെയും, കർഷകരെയും, അടിച്ചമർത്തപ്പെട്ട ജാതികളെയും, വംശങ്ങളെയും വേർതിരിവോടെ കാണുന്ന പ്രത്യയശാസ്ത്രങ്ങളാണ്. ഇവയൊക്കെ തന്നെ ജനാധിപത്യ വിരുദ്ധവും മതേതര വിരുദ്ധവും ആധുനിക വിരുദ്ധവുമായ പ്രസ്ഥാനങ്ങളാണ് എന്ന് നിസംശയം പറയാം. അധികാരം ഉറപ്പിച്ചു നിർത്താൻ മതത്തെ ഉപയോഗിച്ചും, വ്യക്തി സ്വാതന്ത്ര്യത്തെ എതിർത്തും, വർഗ സമരത്തെ വർഗീയവും മതപരവുമായ സ്വത്വ പോരാട്ടങ്ങൾ കൊണ്ട് മറിച്ചിടാനും, ഭരണഘടന-റിപ്പബ്ലിക്കുകളെ മിത്തുകളെ അടിസ്ഥാനപ്പെടുത്തി സാംസ്കാരികമായി മാറ്റിസ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
ഈ മതാധിഷ്ഠിത ആശയങ്ങൾ ഒന്നും പരസ്പ്പരം വേറിട്ട് വിപരീതങ്ങളായി നിൽക്കുന്നതല്ല. അവ തുല്യമായി നിൽക്കുന്ന ഭീഷണികളാണ് – ഭയവും, വെറുപ്പും കൊണ്ട് നിയന്ത്രിക്കുന്ന അവയാൽ ഇന്ധനമാക്കപ്പെട്ട ഒരു വർഗീയ കണ്ണാടിയിലൂടെ പരസ്പരം പ്രതിഫലിപ്പിക്കുന്നവയാണ് ഇവയെല്ലാം.
ജനാധിപത്യത്തെയും, inclusiveness -നെയും, ചേർത്തുനിർത്തലിനെയും, tolerance -നെയും പ്രോത്സാഹിപ്പിക്കുന്ന മികച്ച ഭരണാധികാരികൾ ചരിത്രത്തിലും ഇന്നത്തെ ലോകത്തും മാതൃകയായി നമുക്ക് മുന്നിൽ ഉള്ളത്, ഇത്തരം പിറകോട്ടടിപ്പിക്കുന്ന രാഷ്ട്രീയത്തെ കൃത്യമായി വേർതിരിച്ചു അറിയാൻ നമ്മെ സഹായിക്കുന്നു.





