ഇന്ന്, ശാസ്ത്രലോകം DNA-യുടെ ഇരട്ട-ഹെലിക്‌സ് ഘടനയുടെ സഹ-കണ്ടെത്തലുകാരനായ ജെയിംസ് ഡി. വാട്‌സണിന് വിട പറയുന്നു. ജീവനെക്കുറിച്ചുള്ള നമ്മുടെ ധാരണയെ എന്നെന്നേക്കുമായി മാറ്റിമറിച്ച ഒരു കണ്ടെത്തൽ ആയിരുന്നു DNA-യുടെ ഇരട്ട-ഹെലിക്‌സ്.

1928-ൽ ചിക്കാഗോയിൽ ജനിച്ച വാട്‌സൺ, ഫ്രാൻസിസ് ക്രിക്കുമായി ചേർന്ന്, 1953-ൽ ഡിഎൻഎ മോഡൽ നിർദ്ദേശിച്ചു, എല്ലാ ജീവജാലങ്ങളുടെയും സത്തയെ ഉൾക്കൊള്ളുന്ന മനോഹരമായ ഘടനയെ അനാവരണം ചെയ്തു. അവരുടെ കണ്ടെത്തൽ ആധുനിക ജനിതകശാസ്ത്രത്തിന്റെയും ജീവശാസ്ത്രത്തിന്റെയും ബിയോകെമിസ്ട്രിയുടെയും ബയോടെക്‌നോളജിയുടെയും മൂലക്കല്ലായി മാറി. വൈദ്യശാസ്ത്രം, പരിണാമം, പാരമ്പര്യത്തെക്കുറിച്ചുള്ള നമ്മുടെ അതുവരെയുള്ള അറിവ് ഒക്കെ പുനർനിർമ്മിക്കുകയും ചെയ്തു.

പന്തളം NSS കോളേജിൽ ബയോകെമിസ്ട്രി ക്ലാസ്സിൽ പദ്മകുമാർ സാർ DNA യെ കുറിച്ച് പറഞ്ഞുതുടങ്ങുമ്പോൾ, ആ ബ്ലാക്ക്ബോർഡിൽ കളർ ചോക്കുകൾ കൊണ്ട് DNA യുടെ ഘടന വരച്ചിടുമ്പോൾ ഇരട്ട ഹെലിക്‌സിന്റെ ആ ആദ്യ കാഴ്ച അത്ഭുതത്തോടെ നോക്കിയിരുന്നു. സൗന്ദര്യത്തിന്റെയും, യുക്തിയുടെയും, ശാസ്ത്രത്തിന്റെയും, അത്ഭുതത്തിന്റെയും ഇഴചേർന്ന് ജീവന്റെ രഹസ്യം അടക്കം ചെയ്തിരിക്കുന്ന രൂപം. ജീവിതത്തിന്റെ സങ്കീർണ്ണത ഇത്ര ലളിതമായി ഒരു കോഡിലൂടെ പ്രകടിപ്പിക്കാൻ എങ്ങനെ കഴിയുമെന്ന് ചിന്തിച്ചിരുന്നു പോയി എന്നാൽ എല്ലാ അസ്തിത്വത്തിന്റെയും കഥ എഴുതാൻ പര്യാപ്തമായ ഒന്നാണെന്ന് പതിയെ അറിഞ്ഞു തുടങ്ങി.

In memory of James D. Watson (1928-2025), whose vision of the double-helix opened the book of life —
may we honour the code he revealed, and strive to read it with compassion, equality and insight.