ഇരുപതാം നൂറ്റാണ്ടിലെ ലോകചരിത്രം മനുഷ്യന്റെ ചരിത്രമായി തന്നെ രൂപപ്പെട്ടുപോയത് ചില രാഷ്ട്രീയചിന്തകരുടെ ഇടപെടലുകളിലൂടെയായിരുന്നു. ആ നിരയിലെ ഏറ്റവും നിർണായകമായൊരു പേരാണ് റഷ്യൻ വിപ്ലവത്തിന്റെ ശിൽപിയും മാർക്സിസത്തെ പുതിയ കാലഘട്ടത്തിന്റെ യാഥാർത്ഥ്യങ്ങളോട് ചേർത്ത് വികസിപ്പിച്ച മഹാനായ വ്ലാദിമിർ ഇലിച്ച് ലെനിൻ. ലെനിൻ ഈ ലോകം വിട്ടുപോയിട്ട് ഇന്നേക്ക് 102 വർഷം. ലെനിനെ “ചരിത്രത്തിലെ ഒരാൾ” ആയി മാത്രം വായിച്ചാൽ നമുക്ക് നഷ്ടമാകുന്നത്, രാഷ്ട്രീയം ഒരു ജീവിതശാസ്ത്രം ആകുന്ന ഇടമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓർമ്മ ഒരു “ചരിത്രവിഷയം” മാത്രമല്ല; ജീവിതത്തെ വായിക്കാനും മാറ്റത്തിനായി നിലകൊള്ളാനും പഠിപ്പിക്കുന്ന രാഷ്ട്രീയബോധം തന്നെയാണ്.
“If you do not interfere in politics, politics will eventually interfere in your life.” — V. I. Lenin. ലെനിന്റെ രാഷ്ട്രീയപാഠം ഇതാണ്: മനുഷ്യരുടെ ദിനസാധാരണ ജീവിതം: വേതനം, ഭക്ഷണം, ഭൂമി, തൊഴിൽ, യുദ്ധം, സമാധാനം, അവകാശങ്ങൾ ഇതൊന്നും “സ്വാഭാവികമായി” സംഭവിക്കുന്നതല്ല; ആരാണ് തീരുമാനിക്കുന്നത് എന്ന ചോദ്യം തന്നെയാണ് പ്രധാനം. അതുകൊണ്ടാണ് ലെനിൻ ഈ വാക്കുകൾ ഉറപ്പിച്ചു പറഞ്ഞത്.
ലെനിൻ ഒരു വാചകത്തിൽ തന്റെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം ഇങ്ങനെ ഉറപ്പിച്ചു പറഞ്ഞു: “Politics is the most concentrated expression of economics.” അർത്ഥം ലളിതം: രാഷ്ട്രീയം വെറും വാക്കുകളല്ല; അത് സാമ്പത്തിക ശക്തികളുടെ “ഘനീഭവിച്ച” രൂപമാണ്. ആരുടെ കൈയിലാണ് ധനം? ആരുടെ കൈയിലാണ് ഭൂമി? ആരുടെ കൈയിലാണ് മാധ്യമം? അതിന്റെ ഉത്തരമാണ് ഭരണകൂടവും നിയമവും യുദ്ധവും ചൂഷണവും.ആരുടെ കൈയിലാണ് ധനം, ഭൂമി, ഉത്പാദനം, മാധ്യമം അവരുടെ താൽപര്യം തന്നെയാണ് പലപ്പോഴും നിയമത്തിലും ഭരണകൂടത്തിലും “പൊതുതാൽപര്യം” എന്ന പേരിൽ പ്രത്യക്ഷപ്പെടുന്നത്.
മാർക്സും എംഗൽസും മുന്നോട്ടുവച്ച വിപ്ലവസിദ്ധാന്തത്തെ പുതിയ കാലഘട്ടത്തിലേക്ക് വികസിപ്പിക്കുന്നതിന് സൈദ്ധാന്തികമായ സംഭാവന നൽകി എന്നതാണ് ലെനിന്റെ സംഭാവനയായി വിലയിരുത്തപ്പെടുന്നത്. ലോകത്തെ മാർക്സിയൻ ചിന്താഗതിക്ക് പുതിയ മാറിയ സമൂഹത്തിലെ ഇടപെടലും മാറ്റവും മാർക്സിയൻ രീതിൽ ചുവടുപിടിച്ചു കൊണ്ട് തന്നെ ശാസ്ത്രീയമായ വിശകലനം ചെയ്യുകയും ലോകത്തിനു മുൻപിൽ ലെനിസിസ്റ്റ് ചിന്ത അവതരിപ്പിക്കുകയും ചെയ്‌ത വിപ്ലവകാരി .
കസാൻ സർവ്വകലാശാലയിലെ വിദ്യാർത്ഥി ജീവിതത്തിനിടെയാണ് ലെനിന്റെ ജീവിതം ഒരു നിർണ്ണായക തിരിവ് എടുക്കുന്നത്. 1887-ൽ ചക്രവർത്തിയെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റാരോപണത്തിൽ മൂത്ത സഹോദരൻ അലക്സാണ്ടർ (സാഷ) തൂക്കിലേറ്റപ്പെട്ടത് ലെനിനെ ആഴത്തിൽ ഉലച്ചു; 19-ാം വയസ്സിൽ സഹോദരൻ വധശിക്ഷ ഏറ്റുവാങ്ങിയ സംഭവം ലെനിന്റെ ചിന്തയെയും ജീവിതമാർഗവും മാറ്റിയ ശക്തമായ പ്രേരണയായി. കോളേജ് പഠനകാലത്ത് അദ്ദേഹം മാർക്സിയൻ ദർശനത്തിലേക്ക് കൂടുതൽ അടുത്തു; തുടർന്ന് മുഴുവൻ സമയ പ്രവർത്തകനായതോടെ ഭരണകൂടത്തിന്റെ നിരന്തര നിരീക്ഷണവും പീഡനവും നേരിടേണ്ടിവന്നു, ഒടുവിൽ സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടു. പക്ഷേ പ്രവാസവും ഭരണകൂട നിയന്ത്രണങ്ങളും അദ്ദേഹത്തെ പിന്നോട്ടടിപ്പിച്ചില്ല.
തിരിച്ചെത്തിയ ശേഷം ജൂൾസ് മാർട്ടോവ്, നദേഷ്ദ ക്രൂപ്സ്കായ എന്നിവരുമായി ചേർന്ന് റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി രൂപപ്പെടുത്തുന്നതിലും സംഘടനയെ കെട്ടിപ്പടുക്കുന്നതിലും അദ്ദേഹം മുൻനിരയിൽ നിന്നു. ഈ സംഘടനാപാഠങ്ങളുടെയും വിപ്ലവദർശനത്തിന്റെയും തുടര്‍ച്ചയായി 1917-ൽ “ഭൂമി, സമാധാനം, ഭക്ഷണം” എന്ന ജനജീവിതത്തെ നേരിട്ട് സ്പർശിക്കുന്ന മുദ്രാവാക്യം ഉയർത്തി തൊഴിലാളികളെയും കർഷകരെയും സൈനികരെയും ഒരുമിച്ച് അണിനിരത്തി വിപ്ലവം യാഥാർത്ഥ്യമാക്കി; തുടർന്ന് ലോകമാകെയുള്ള വിപ്ലവപ്രസ്ഥാനങ്ങളെ ബന്ധിപ്പിക്കാൻ 1919-ൽ കമ്യൂണിസ്റ്റ് ഇന്റർനാഷണൽ (Comintern) രൂപപ്പെടുത്താൻ നേതൃത്വം നൽകിയതും അതേ രാഷ്ട്രീയനിലപാടിന്റെ വിപുലീകരണമായിരുന്നു.
1917-ലെ റഷ്യൻ വിപ്ലവത്തിൽ ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക്കുകൾ അധികാരം പിടിച്ചതോടെ, അത് ഒരു രാജ്യത്തിന് കൈവന്ന ഭരണപരിവർത്തനം മാത്രമായിരുന്നില്ല. 20-ാം നൂറ്റാണ്ടിലെ ലോകചരിത്രത്തിന്റെ ദിശ തന്നെ മാറ്റിയ ഒരു മഹാസംഭവമായി അത് മാറി. ഈ വിപ്ലവത്തിന്റെ ഏറ്റവും വലിയ പ്രസക്തി “വിജയം” എന്ന പദത്തിൽ ഒതുങ്ങുന്നില്ല; “മറ്റൊരു ലോകം സാധ്യമാണ്” എന്നത് മുദ്രാവാക്യമല്ല, നടക്കാവുന്ന യാഥാർത്ഥ്യമാണെന്ന് തെളിയിച്ച അനുഭവമാണ്. പാരീസ് കമ്യൂൺ 61 ദിവസം മാത്രമേ നിലനിന്നുള്ളൂ എന്ന സ്മരണയോടെ, വിപ്ലവം വിജയിച്ച് 62-ാം ദിവസം ലെനിൻ സന്തോഷത്തോടെ ആഹ്ലാദനൃത്തം ചവുട്ടിയ ഒരു രംഗത്തെക്കുറിച്ച് വായിച്ചിട്ടുണ്ട് : “പാരീസ് കമ്യൂൺ അറുപത്തൊന്നു ദിവസം അതിജീവിച്ചു; നമ്മൾ അറുപത്തിരണ്ടായി.” ആ വാക്കുകളിൽ തന്നെ ഒരു കാലഘട്ടത്തിന്റെ ആത്മവിശ്വാസം മുഴങ്ങുന്നു; മാർക്സിസം എന്ന ശാസ്ത്രീയ ആയുധം ഉപയോഗിച്ച് ചരിത്രം മാറ്റാനാകുമെന്ന ഉറച്ച വിശ്വാസം.
ലെനിൻ മരിച്ച ദിനത്തെക്കുറിച്ച് ബെർതോൾഡ് ബ്രെഹ്ത് രേഖപ്പെടുത്തിയ വാക്കുകൾ ശ്രദ്ധേയമാണ്: കാവൽനിന്ന ഒരു പട്ടാളക്കാരൻ സഹപ്രവർത്തകരോട് പറഞ്ഞുവത്രെ“ലെനിൻ മരിച്ചെന്ന് വിശ്വസിക്കാനായില്ല; ഞാൻ അകത്തു ചെന്നു ലെനിന്റെ ചെവിയിലേക്ക് വിളിച്ചു: ‘ഇല്ലിച്ച്, ഇതാ ചൂഷകന്മാർ ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു…’ അദ്ദേഹം അനങ്ങിയില്ല; അപ്പോഴാണ് എന്റെ പ്രിയ സഖാവ് മരിച്ചെന്ന് മനസ്സിലായത്.” ഈ ദൃശ്യം ലെനിന്റെ രാഷ്ട്രീയജീവിതത്തിന്റെ സാരത്തെ തന്നെ അടയാളപ്പെടുത്തുന്നു: ചൂഷണത്തിനും മർദ്ദനത്തിനും എതിരായ സന്ധിയില്ലാത്ത പോരാട്ടം. അതോടൊപ്പം മാർക്സും എംഗൽസും മുന്നോട്ടുവച്ച വിപ്ലവസിദ്ധാന്തത്തെ പുതിയ കാലഘട്ടത്തിലേക്ക് വികസിപ്പിക്കാൻ ലെനിൻ നൽകിയ സൈദ്ധാന്തിക സംഭാവന അദ്ദേഹത്തെ സാധാരണ നേതാവിനപ്പുറം ഉയർത്തി നിർത്തുന്നു.
ലെനിന്റെ മരണത്തിന് പിന്നാലെ ലൂക്കാച് എഴുതിയ വിലയിരുത്തൽ പ്രസക്തമാണ്: “മാർക്സിനു തുല്യനായ ഒരു സൈദ്ധാന്തികനും, തൊഴിലാളിവർഗ വിമോചന പോരാട്ടത്തിൽ നിന്ന് ഉയർന്നു വന്ന ഒരാളും ലോകചരിത്രത്തിൽ ഉണ്ടെങ്കിൽ അത് ലെനിനാണ്.” അതുകൊണ്ടാണ് മുതലാളിത്തം മാർക്സിനെ “അക്കാദമികമായി” അംഗീകരിക്കാൻ തയ്യാറായിട്ടും, പലപ്പോഴും ലെനിനെ പുറത്താക്കി നിർത്താൻ ശ്രമിച്ചത്; കാരണം ലെനിൻ മാർക്സിസത്തെ വായനയാക്കി മാത്രം നിർത്താതെ പ്രവർത്തനരാഷ്ട്രീയമായി മാറ്റിയവനാണ്. 1903 മുതൽ പാർട്ടിയിലും സംഘാടനരീതിയിലും അദ്ദേഹം രൂപപ്പെടുത്തിയ കൃത്യതയും, 1917 ഫെബ്രുവരി വിപ്ലവത്തിന് ശേഷം രൂപപ്പെട്ട ലിബറൽ-സന്ധി പ്രവണതകളെ മറികടന്ന് “തൊഴിലാളിവർഗ വിപ്ലവത്തിൽ പകുതി വിജയം മതിയാകില്ല” എന്ന നിലപാട് ഉയർത്തിപ്പിടിച്ചതും, പാർട്ടിയിലും ജനങ്ങൾക്കിടയിലും അതിന് അംഗീകാരം നേടിക്കൊടുത്തതും അദ്ദേഹത്തിന്റെ നേതൃപാടവത്തിന്റെ ഭാഗമായാണ്.
അങ്ങനെ 1917-ൽ “ഭൂമി, സമാധാനം, ഭക്ഷണം” എന്ന ജനജീവിതത്തെ നേരിട്ട് സ്പർശിക്കുന്ന മുദ്രാവാക്യത്തിലൂടെ തൊഴിലാളികളെയും കർഷകരെയും, ‘യൂണിഫോമിട്ട കർഷകരായ’ സൈനികരെയും ഒരുമിച്ച് അണിനിരത്തി വിപ്ലവം യാഥാർത്ഥ്യമാക്കി. തുടർന്ന് 1919-ൽ ലോകമാകെയുള്ള വിപ്ലവപ്രസ്ഥാനങ്ങളെ ബന്ധിപ്പിക്കാൻ കമ്യൂണിസ്റ്റ് ഇന്റർനാഷണൽ രൂപപ്പെടുത്താനും അദ്ദേഹം നേതൃത്വം നൽകി. അതിനാൽ ലെനിനെ റഷ്യൻ വിപ്ലവകാരി, ഒക്ടോബർ വിപ്ലവത്തിന്റെ നായകൻ, ലെനിനിസത്തിന്റെ ഉപജ്ഞാതാവ്, സോവിയറ്റ് ഭരണത്തിന്റെ ആദ്യകാല ശിൽപി എന്നിങ്ങനെ പല നിലകളിൽ ചേർത്തുവായിക്കാം. മാർക്സിന്റെ ദർശനങ്ങളെ ക്രോഡീകരിക്കുകയും കാലഘട്ടത്തിന്റെ യാഥാർത്ഥ്യങ്ങളോട് ചേർത്ത് വികസിപ്പിക്കുകയും ചെയ്തതിനാൽ, മാർക്സിസം–ലെനിനിസം എന്ന രാഷ്ട്രീയചിന്താധാരയുടെ നിർണ്ണായക രൂപപ്പെടുത്തലിൽ കേന്ദ്രസ്ഥാനത്ത് നിൽക്കുന്ന ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള രാഷ്ട്രീയചിന്തകൻ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ; ലെനിൻ.
1913ൽ The Three Sources and Three Component Parts of Marxism എന്ന ലേഖനത്തിൽ ലെനിൻ അർത്ഥശങ്കയ്ക്കിടയില്ലാതെ തന്നെ പറഞ്ഞു “There can be no ‘impartial’ social science in a society based on class struggle. In one way or another, all official and liberal science defends wage-slavery, whereas Marxism has declared relentless war on that slavery.” അതായത് “വർഗസമരമുള്ള സമൂഹത്തിൽ ‘നിഷ്പക്ഷ’ സാമൂഹ്യശാസ്ത്രം അസാധ്യം; ഔദ്യോഗിക ലിബറൽ ശാസ്ത്രം കൂലിയടിമത്തത്തെ ന്യായീകരിക്കുമ്പോൾ മാർക്സിസം അതിനെതിരായി സമരം പ്രഖ്യാപിക്കുന്നു” എന്ന ആശയം ആണ് പറഞ്ഞത്. അതുപോലെ തന്നെ തൊഴിലാളിവർഗ വിപ്ലവ പാർട്ടി എന്ന ആശയം അദ്ദേഹം വികസിപ്പിച്ചതാണ് ലോകമാകെയുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് സംഘടനാപാഠമായി മാറിയത്.
ലെനിൻ വിശ്വസിച്ചത്: സ്വയം പൊട്ടിപ്പുറപ്പെടുന്ന പ്രതിഷേധം മാത്രം മതിയാകില്ല; അതിന് ദിശയും ആശയവും വേണം (spontaneous, local protests (cries of pain) are not enough; they must be organized into a “social-democratic” (socialist) political struggle.). അതിനാണ് അദ്ദേഹം പറഞ്ഞത്: “Without revolutionary theory there can be no revolutionary movement.”
ഭരണകൂടം “നിഷ്പക്ഷ”മല്ല അത് വർഗ്ഗാധിപത്യത്തിന്റെ ഉപകരണം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലെനിൻ പറഞ്ഞ “The state is a product and a manifestation of the irreconcilability of class antagonisms” എന്ന വാചകം നമ്മൾക്ക് ഓർമ്മിപ്പിക്കുന്നത് ഇതാണ്: “state” എന്നത് സർക്കാർ മാത്രം അല്ല; നിയമം–പോലീസ്–കോടതി–സൈന്യം–ബ്യൂറോക്രസി എന്നിവ ചേർന്ന ഒരു ഭരണയന്ത്രമാണ്. സമൂഹം തൊഴിലാളി–മുതലാളി, കർഷകൻ–ഭൂസ്വാമി, ജനങ്ങൾ–കുത്തകകൾ എന്നിങ്ങനെ പരസ്പരം വിരുദ്ധ താൽപര്യമുള്ള വർഗ്ഗങ്ങളായി വിഭജിക്കപ്പെട്ടപ്പോൾ, ആ വൈരുദ്ധ്യം സ്ഥിരമായി “ഒത്തുതീർപ്പാക്കി” മാറ്റാൻ കഴിയില്ലെന്ന യാഥാർത്ഥ്യത്തിലാണ് State-ന്റെ ജനനം. അതായത് വർഗ്ഗസംഘർഷത്തിന്റെ “ഫലം” (product) തന്നെയാണ് State; അതിന്റെ നിലനിൽപ്പു തന്നെ ഈ സമൂഹം സമതുലിതമായ ഒന്നല്ല, വർഗ്ഗവൈരുദ്ധ്യം മൂലം പിളർന്നിരിക്കുന്ന ഒന്നാണെന്ന് തെളിയിക്കുന്ന “പ്രകടനം” (manifestation) കൂടിയാണ്. അതുകൊണ്ടാണ് State പലപ്പോഴും “നിഷ്പക്ഷ” മദ്ധ്യസ്ഥനെ പോലെ നടിച്ചാലും നിർണായക നിമിഷങ്ങളിൽ അത് അധികാരവും സ്വത്തും കാത്തുസൂക്ഷിക്കുന്ന ഭരണവർഗ്ഗത്തിന്റെ താൽപര്യങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുന്നതെന്ന് ലെനിൻ ചൂണ്ടിക്കാട്ടുന്നത്; പണിമുടക്കുകളും സമരങ്ങളും “ക്രമസമാധാനം” എന്ന പേരിൽ അടിച്ചമർത്തപ്പെടുകയും, കുത്തക ലാഭങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന യാഥാർത്ഥ്യങ്ങൾ ഈ വർഗ്ഗസ്വഭാവത്തെ വീണ്ടും വീണ്ടും പുറത്തുകൊണ്ടുവരുന്നു. അതിനോട് ചേർന്ന് വായിക്കേണ്ട ഒരു വാചകം കൂടി ലെനിൻ പറഞ്ഞു : “So long as the state exists there is no freedom. When there is freedom, there will be no state.”
അർത്ഥമാക്കുന്നത് “സ്വാതന്ത്ര്യം” എന്ന് പറയുന്ന വാക്ക്, വർഗ്ഗാധിപത്യം നിലനിൽക്കുന്നിടത്ത് പലപ്പോഴും ഔപചാരികം മാത്രമാകും എന്നാണ്.
ലെനിൻ “പാർട്ടി”യെ ഒരു തിരഞ്ഞെടുപ്പ് യന്ത്രമായി കണ്ടില്ല. അത് അടിച്ചമർത്തപ്പെട്ടവരുടെ സംഘടിത ബുദ്ധി ആകണം എന്നു പറഞ്ഞു. അതിന്റെ ഭാഗമായി അദ്ദേഹം മാധ്യമത്തിന്റെ പങ്കും ഇങ്ങനെ നിർവ്വചിച്ചു:
“A newspaper is not only a collective propagandist and a collective agitator, it is also a collective organiser” എന്ന് പറഞ്ഞത് മാധ്യമത്തിന്റെ രാഷ്ട്രീയം വെറും വാർത്താപരസ്യം അല്ലെന്ന് വ്യക്തമാക്കാനാണ്. പത്രം (ഇന്ന് അതിന്റെ സ്ഥാനത്ത് ടി.വി., ന്യൂസ് പോർട്ടലുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, വാട്‌സാപ്പ് നെറ്റ്‌വർക്ക് എന്നിവയും) ഒന്നാമതായി ആശയങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്ന സാമൂഹ്യ പ്രചാരണ ഉപാധി (collective propagandist) ആണ്; രണ്ടാമതായി അനീതിയെ ചൂണ്ടിക്കാട്ടി ജനബോധത്തെ ചൂടാക്കുന്ന ആകുലീകരണ–പ്രേരണ ഉപാധി (collective agitator) ആണ്; പക്ഷേ അതിലുപരി, ഒരേ അനുഭവത്തിൽ പീഡിതരായവരെ തമ്മിൽ ബന്ധിപ്പിച്ച്, ലക്ഷ്യം നിശ്ചയിച്ച്, കൂട്ടായ പ്രവർത്തനത്തിലേക്ക് നയിക്കുന്ന സംഘടന നിർമ്മാണ യന്ത്രം (collective organiser) കൂടിയാണ്. ഇന്നത്തെ ലോകത്ത് കുത്തകമാധ്യമങ്ങളും അൽഗോരിതം നിയന്ത്രിക്കുന്ന പ്ലാറ്റ്‌ഫോമുകളും വ്യാജവാർത്തകളും ഹേറ്റ് ക്യാംപെയ്‌നുകളും വഴി ജനങ്ങളെ പിരിച്ചുവിടുകയും പ്രക്ഷോഭങ്ങളെ “ക്രമസമാധാന പ്രശ്നം” ആയി ചിത്രീകരിക്കുകയും ചെയ്യുമ്പോൾ, ലെനിൻ പറഞ്ഞ ഈ വാചകം കൂടുതൽ പ്രസക്തമാകുന്നു: യാഥാർത്ഥ്യങ്ങളെ മറിക്കുന്ന പ്രചാരണങ്ങൾക്ക് എതിർത്ത് തൊഴിലാളികളെയും കർഷകരെയും മർദ്ദിതരെയും അവരുടെ ദിനജീവിത പ്രശ്നങ്ങളുടെ ചുറ്റുമൊരുമിപ്പിച്ച് ബോധം → ബന്ധം → സംഘടന എന്ന വഴിയിലൂടെ പ്രതിരോധം നിർമ്മിക്കാനുള്ള രാഷ്ട്രീയ മാധ്യമപ്രയോഗമാണ് ഇതിന്റെ ഉള്ളടക്കം.
ലെനിൻ “Imperialism, the Highest Stage of Capitalism” എന്ന കൃതിയിലൂടെ (1916-ൽ എഴുതിയത്) നമ്മൾക്ക് ഇന്നത്തെ ലോകം എങ്ങനെ വായിച്ചെടുക്കണം എന്നുള്ള വിവരമാണ് തന്നത് : മുതലാളിത്തം കുത്തകഘട്ടത്തിലേക്ക് വളരുമ്പോൾ മത്സരങ്ങൾ കമ്പനികൾ തമ്മിലുള്ളതിൽ നിന്ന് രാജ്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി മാറുന്നു; ധനമൂലധനം (finance capital) കുത്തകകളായി കേന്ദ്രീകരിക്കുകയും, അവരുടെ ലാഭേച്ഛ “വിപണി–വിഭവ–ഭൂപ്രദേശം” കൈവശപ്പെടുത്താൻ ഭരണകൂടങ്ങളെ ഉപകരണമാക്കുകയും ചെയ്യുമ്പോൾ യുദ്ധം, അധിനിവേശം, ഉപരോധം, കടപ്പാട്-കുടുക്കുകൾ, ‘സുരക്ഷ’ എന്ന പേരിലുള്ള സൈനിക സാന്നിധ്യം—ഇവ എല്ലാം പോളിസികളല്ല, സാമ്രാജ്യത്വത്തിന്റെ പ്രവർത്തനരൂപങ്ങളായി പ്രത്യക്ഷപ്പെടുന്നു. അതിനാൽ ഇന്ന് “അമേരിക്കൻ സാമ്രാജ്യത്വം” എന്ന് പറയുമ്പോൾ അത് മുദ്രാവാക്യമാത്രമല്ല; 2001-ൽ ആരംഭിച്ച അഫ്ഗാനിസ്ഥാൻ യുദ്ധവും 2003-ലെ ഇറാഖ് അധിനിവേശവും പോലുള്ള സംഭവങ്ങൾ “ലോകക്രമം/ജനാധിപത്യം/ഭീകരവിരുദ്ധം” തുടങ്ങിയ ഭാഷകൾക്കുപിന്നിൽ ആരുടെയൊക്കെ സാമ്പത്തിക താൽപര്യങ്ങളും കുത്തക ലാഭങ്ങളും പ്രവർത്തിക്കുന്നുവെന്ന് ചോദ്യം ചെയ്യാൻ നമ്മെ നിർബന്ധിക്കുന്നു. ലെനിൻ അന്നും ചോദിക്കുന്ന അതേ ചോദ്യം തന്നെയാണ് ഇന്നത്തെ യാഥാർത്ഥ്യത്തിലും ഏറ്റവും പ്രസക്തം: ഇതിന്റെ പിന്നിലെ സാമ്പത്തിക താൽപര്യം എന്ത്? ആരുടെ ലാഭം? ആരുടെ നഷ്ടം? ആരുടെ രക്തം?
ഇന്ന് ലെനിൻ (USSR പോലൊരു പ്രതിവിപരീത ശക്തി) ലോകത്തിലുണ്ടായിരുന്നെങ്കിൽ അതിന്റെ പ്രസക്തി ഏറ്റവും തെളിഞ്ഞുകാണുക സാമ്രാജ്യത്വം “ലോകക്രമം/സുരക്ഷ/ജനാധിപത്യം” എന്ന പദാവലികൾ ഉപയോഗിച്ച് യുദ്ധം, ഉപരോധം, സൈനിക സഖ്യങ്ങൾ, നയതന്ത്ര–സാമ്പത്തിക സമ്മർദ്ദങ്ങൾ എന്നിവയെ സാധാരണമാക്കി മാറ്റുന്ന ഈ ഘട്ടത്തിലാണ്. ലെനിൻ 1916-ൽ എഴുതിയ “Imperialism, the Highest Stage of Capitalism” എന്ന കൃതി നൽകുന്നത് ഒരു പഴയ നിരീക്ഷണമല്ല; ഇന്നത്തെ വാർത്തകളും നയനിർണ്ണയങ്ങളും വായിച്ചെടുക്കാനുള്ള ഒരു രീതിശാസ്ത്രമാണ്: ധനമൂലധനം കുത്തകകളായി കേന്ദ്രീകരിക്കുമ്പോൾ മത്സരങ്ങൾ കമ്പനികളിൽ നിന്ന് രാജ്യങ്ങളിലേക്കുയരുന്നു; വിപണി–വിഭവ–ഗതാഗതപാതകൾ–ഊർജ്ജസ്രോതസ്സുകൾ എന്നിവ കൈവശപ്പെടുത്താനുള്ള ലാഭലക്ഷ്യം ഭരണകൂടങ്ങളെയെത്തന്നെ ഉപകരണമാക്കി മാറ്റുന്നു. അപ്പോൾ ‘സഹായം’, ‘സ്ഥിരത’, ‘ഭീകരവിരുദ്ധം’ പോലുള്ള പേരുകളിൽ കടപ്പാട്-കുടുക്കുകളും ഉപരോധങ്ങളും സൈനിക അടിത്തറകളും നടപ്പിലാകുകയും, പല സമൂഹങ്ങളുടെയും സ്വയംനിർണ്ണയാവകാശം ചുരുങ്ങി ജനാധിപത്യം വിപണിയുടെ താൽപര്യങ്ങൾക്ക് കീഴിലാകുകയും ചെയ്യുന്നു. 2001-ൽ ആരംഭിച്ച അഫ്ഗാനിസ്ഥാൻ യുദ്ധവും 2003-ലെ ഇറാഖ് അധിനിവേശവും പോലുള്ള സംഭവങ്ങൾ “മാനവികത/സുരക്ഷ/ജനാധിപത്യം” എന്ന പുറംചട്ടയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന സാമ്പത്തിക താൽപര്യങ്ങളെ ചോദ്യം ചെയ്യാൻ നമ്മെ നിർബന്ധിക്കുന്നതിനാൽ “അമേരിക്കൻ സാമ്രാജ്യത്വം” എന്നത് മുദ്രാവാക്യമാത്രമല്ല, അനുഭവയാഥാർത്ഥ്യമാണ്. അതുകൊണ്ടാണ് ലെനിന്റെ ചോദ്യം ഇന്നും ഏറ്റവും പ്രസക്തമാകുന്നത് : ഇതിന്റെ പിന്നിലെ ലാഭത്തിന്റെ ലോജിക് എന്ത്? ആരുടെ ലാഭം? ആരുടെ നഷ്ടം? ആരുടെ ജീവൻ വിലയായി മാറുന്നു? ഈ യാഥാർത്ഥ്യത്തെ നേരിടാൻ വികാരപ്രകടനം മാത്രം മതിയാകില്ലന്ന് ലെനിൻ ഓർമ്മിപ്പിക്കുന്നു;ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്നങ്ങളിൽ പതിഞ്ഞ രാഷ്ട്രീയബോധം, തൊഴിലാളി–കർഷക ഐക്യം പോലുള്ള വിപുല സഖ്യങ്ങൾ, കള്ളപ്രചാരണങ്ങളും “ദേശദ്രോഹ” മുദ്രകുത്തലുകളും തകർക്കുന്ന ധൈര്യം, അവസരങ്ങൾ വിട്ടുകിട്ടിയാൽ പിന്തിരിപ്പൻ ശക്തികൾ മുന്നേറ്റങ്ങളെ പിൻവലിക്കും എന്ന ചരിത്രജാഗ്രത;ഇവയാണ് ഇന്നത്തെ ലോകത്ത് ലെനിന്റെ ഓർമ്മയെ പ്രചോദനമായി മാത്രം അല്ല, പോരാട്ടത്തിന്റെ പ്രവർത്തനപാഠമായി മാറ്റുന്നത്.
മര്‍ദക ഭരണകൂടത്തിനെതിരെ തൊഴിലാളികളും കർഷകരും നേടിയ വിജയങ്ങൾക്കൊപ്പം അതിലേക്ക് പാതയൊരുക്കിയ സഖാവ് ലെനിന്റെ ഓര്‍മ്മകള്‍ കരുത്ത് പകരും. ഓർമ്മകൾ ഉണ്ടായിരിക്കണം : വിശ്വസിപ്പിക്കപ്പെട്ടിരിക്കുന്ന നുണകളുടെയും തെറ്റിദ്ധാരണകളിലൂടെയും സ്വപ്നലോകതിരിക്കാതെ നമ്മളെങ്ങനെ നമ്മളായി എന്നുള്ള ബോധം ഉള്ളവരാകണം.






👍🏽👍🏽👍🏽
ഈ വർഷവും സഖാവ് ലെനിന്റെ സ്മരണാർത്ഥം ലേഖനം മുഴുവൻ വായിച്ചു. കൂടാതെ വാട്ട്സ് ആപ്പിലൂടെ അഞ്ച് ബൂർഷ്വാസികൾക്ക് സന്ദേശം എത്തിയ്ക്കുകയും ചെയ്തു. മഹത്തായ ഇൻറർനാഷനലിന്റെ പ്രാധാന്യം വിളിച്ചോതുവാൻപ്രേരണയായി.