സഖാവ് ആര്‍.നല്ലകണ്ണ്; പോരാട്ടവും ലാളിത്യവും ചേർന്ന ആ ജീവിതത്തെ കൂടുതൽ വായിക്കുമ്പോൾ ഒരു ആവേശം നിറയുന്നു. നോക്കൂ, ഒരു കമ്മ്യൂണിസ്റ്റ് മരിക്കുമ്പോൾ പോലും അന്ത്യാഞ്‌ജലി കുറിപ്പുകളിലൂടെ നമുക്ക് തിരിച്ചറിയാൻ കഴിയുന്നത് അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ് മാത്രം അല്ല, സ്വാതന്ത്ര്യസമര പോരാളി കൂടിയായിരുന്നു എന്ന സത്യമാണ്. ഇന്ന് ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ പല മുതിർന്ന നേതാക്കൾക്കും അവകാശപ്പെടാനാകാത്ത ഒരു പൈതൃകമാണത്.
സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിൽ നിന്നു ജനകീയ വർഗ്ഗപോരാട്ടങ്ങളുടെ തുടർച്ചയിലേക്ക് നീണ്ടുനിന്ന ഒരു തലമുറയുടെ അവസാന കണ്ണികളിൽ ഒന്നാണ് അടർന്ന് വീഴുന്നത്. അദ്ദേഹത്തിന്റെ ജീവിതം ഓർമിപ്പിക്കുന്നത്: രാഷ്ട്രീയം അധികാരത്തിന്റെ ഭാഷയല്ല; മറിച്ച് നീതിയുടെയും ജനപക്ഷ സത്യസന്ധതയുടെയും ഭാഷയാണ്.
1925 Dec 26 ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം (CPI) ഇന്ത്യയിൽ ഒരു പാർട്ടിയായി രൂപീകരിച്ച ദിനമാണ്.CPI യുടെ ജന്മദിനമായ അന്ന് തന്നെ ആണ് 1925 ഡിസംബർ 26-ന് ശ്രീവൈകുണ്ഡത്ത് ഒരു കർഷക കുടുംബത്തിൽ സഖാവ് നാലക്കണ്ണിന്റെ ജനനം. കുട്ടിക്കാലത്ത് തന്നെ അസമത്വങ്ങളെയും വർഗ്ഗ-ജാതി അധികാരങ്ങളെയും നേരിൽ കണ്ടാണ് വളർന്നത്. സ്വാതന്ത്ര്യസമരകാലത്ത് വിദ്യാർത്ഥിയായിരിക്കെ അദ്ദേഹം പൊതുജീവിതത്തിലേക്ക് കടന്നു. ആദ്യം കോൺഗ്രസിലേക്ക് ആകർഷിക്കപ്പെട്ടെങ്കിലും, രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രം ജാതിയെയും വർഗ്ഗചൂഷണത്തെയും തകർക്കില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ആ ബോധ്യമാണ് അദ്ദേഹത്തെ മാർക്സിസ്റ്റ് ചിന്തയിലേക്ക് നയിച്ചത്. വി.ഒ.ചിദംബരം പിള്ളയുടെ സ്വദേശി ആശയങ്ങളും സുബ്രമണ്യ ഭാരതിയുടെ സമത്വദർശനവും അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു. ഒടുവിൽ 1944-ൽ അദ്ദേഹം സിപിഐ (CPI)യിൽ ചേർന്നു; അവിടെ നിന്ന് ജീവിതം മുഴുവൻ നീളുന്ന വർഗ്ഗസമരത്തിലേക്ക്.
നല്ലകണ്ണിന്റെ രാഷ്ട്രീയജീവിതത്തിന്റെ ഏറ്റവും ശക്തമായ അടിത്തറ കർഷക തൊഴിലാളി സംഘടനാപ്രവർത്തനമാണ്. തമിഴ്നാട്ടിലെ ഡെൽറ്റ മേഖലയിലും തെക്കൻ ജില്ലകളിലും, കിസാൻ സഭ പാരമ്പര്യത്തിൽ (സഹജനന്ദ് സരസ്വതി പോലുള്ള നേതാക്കളുടെ പാതയിൽ) അദ്ദേഹം ഗ്രാമീണ ദരിദ്രരെയും കർഷകരെയും ഒന്നിച്ചു ചേർത്തു. “ഭൂമി കൃഷി ചെയ്യുന്നവർക്കു” എന്നത് ഒരു മുദ്രാവാക്യം മാത്രമായിരുന്നില്ല; മിറാസ്ദാരി, ഇനംദാരി, ക്ഷേത്ര-മഠ ഭൂവുടമസ്ഥതയിൽ കുടുങ്ങി നട്ടം തിരിഞ്ഞിരുന്ന തൊഴിലാളി-കർഷക സമൂഹത്തിന് അവകാശബോധവും ആത്മാഭിമാനവും നൽകുന്ന രാഷ്ട്രീയ വിദ്യാഭ്യാസം കൂടിയായിരുന്നു.
ക്വിറ്റ് ഇന്ത്യ സമരം, അതിന് ശേഷമുള്ള കമ്മ്യൂണിസ്റ്റുകൾക്കെതിരായ വ്യാപകമായ അടിച്ചമർത്തൽ, പാർട്ടി നിരോധനം, അറസ്റ്റ്, ജയിൽവാസം, പീഡനം ഇങ്ങനെ ഇന്ത്യൻ സ്വാതന്ത്ര്യ സമരവും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഇന്ത്യയുടെ ജനകീയ രാഷ്ട്രീയചരിത്രത്തിന്റെയും അനവധി നിർണായക അധ്യായങ്ങളിൽ സഖാവ് നല്ലകണ്ണിന്റെ പേരും ചേർന്ന് നിൽക്കുന്നു. “സ്വാതന്ത്ര്യസമരകാലത്തും കാര്യങ്ങൾ വളരെ നിരാശാജനകമായി തോന്നിയ സമയങ്ങൾ ഉണ്ടായിരുന്നു. ‘നിങ്ങൾക്ക് ജയിക്കാൻ കഴിയില്ല, ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തോടാണ് നിങ്ങൾ പോരാടുന്നത്’ എന്ന് നമ്മളോട് പറഞ്ഞു. പക്ഷേ, ആ മുന്നറിയിപ്പുകളും ഭീഷണികളും എല്ലാം അതിജീവിച്ച് ഞങ്ങൾ പോരാടി. അതുകൊണ്ടാണ് നാം ഇന്ന് ഇവിടെ എത്തിയത്.”-R. Nallakannu
നല്ലകണ്ണിന്റെ രാഷ്ട്രീയബോധം ഒരു ദിവസം കൊണ്ടു രൂപപ്പെട്ടതല്ല. ബാല്യത്തിൽ തന്നെയായിരുന്നു അതിന്റെ വിത്തുകൾ മുളപൊട്ടിയത്. 1937-ലെ മദ്രാസ് പ്രസിഡൻസിയിലെ തെരഞ്ഞെടുപ്പ് കാലം അതിന് ഒരു പ്രധാന പശ്ചാത്തലമായി മാറി. ബ്രിട്ടീഷ് ഭരണത്തിന്റെ നിഴലിൽ ഗ്രാമവീഥികളിൽ മുഴങ്ങിയ മുദ്രാവാക്യം ഇങ്ങനെ ആയിരുന്നു: “യെല്ലോ ബോക്സിന് വോട്ട് ചെയ്യൂ… മഞ്ഞൾപ്പെട്ടി തെരഞ്ഞടുക്കൂ!” ആ മുദ്രാവാക്യം വിളിച്ചുപറയുന്നത് കൈയിൽ ത്രിവർണ പതാക ഏന്തിയ പ്രായപൂർത്തിയാകാത്ത കുട്ടികളും യുവാക്കളുമായിരുന്നു. എന്നാൽ ആ ആവേശഭരിതരായ പ്രക്ഷോപകരിൽ പലർക്കും വോട്ട് ചെയ്യാനുള്ള അവകാശം തന്നെ ഉണ്ടായിരുന്നില്ല. അന്നത്തെ തെരഞ്ഞെടുപ്പ് സംവിധാനം ജനാധിപത്യപരമല്ലായിരുന്നു; ഭൂമിയുടമസ്ഥതയും നികുതിയും അടിസ്ഥാനമാക്കിയ പരിമിത വോട്ടവകാശം മാത്രമായിരുന്നു നിലനിന്നിരുന്നത്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ ഭൂമിയും സ്വത്തും ഉള്ളവർക്കായിരുന്നു രാഷ്ട്രീയ പൗരത്വത്തിന്റെ കവാടം തുറന്നിരുന്നത്.1935-ലേ തന്നെ ജസ്റ്റിസ് പാർട്ടിയുടെ പത്രമായ Justice, ഖദ്ദർ ധരിച്ച് ത്രിവർണ പതാകയുമായി ഗ്രാമവീഥികളിൽ പ്രചാരണം നടത്തിയിരുന്ന ഈ “വോട്ടില്ലാത്ത പയ്യൻകൂട്ടങ്ങളെ” കുറിച്ച് എഴുതിയിരുന്നു. എന്നാൽ ചരിത്രം പിന്നീട് തെളിയിച്ചത്, ആ പയ്യൻകൂട്ടം തന്നെയായിരുന്നു ജനകീയ രാഷ്ട്രീയത്തിന്റെ യഥാർത്ഥ രൂപം എന്ന്. അന്ന് മുദ്രാവാക്യം വിളിച്ച ആ കൂട്ടത്തിൽ ഒരാളായിരുന്നു പിന്നീട് തമിഴ്നാടിന്റെ കാർഷിക-ജനകീയ രാഷ്ട്രീയത്തിന്റെ ഉറച്ച ശബ്ദമായി വളർന്ന ആര്‍. നല്ലകണ്ണ്. അന്ന് വെറും പന്ത്രണ്ടു വയസ്സായിരുന്നു. വർഷങ്ങൾക്കിപ്പുറം ആ കാലം ഓർമ്മിച്ചപ്പോൾ, “ഭൂമി കൈവശം വച്ച് പത്ത് രൂപയോ അതിൽ കൂടുതലോ ഭൂനികുതി അടച്ചവർക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്,” എന്നാണ് അദ്ദേഹം പറഞ്ഞത്.
അദ്ദേഹത്തിന്റെ ജീവിതത്തിൽ കർഷക സമരങ്ങളും ബ്രിട്ടീഷ് വിരുദ്ധ ദേശീയമുന്നേറ്റവും, അതോടൊപ്പം തന്നെ തമിഴ്നാട്ടിലെ അത്യന്തം നിർണായകമായ ജന്മി വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടങ്ങളും പരസ്പരം ഇഴചേർന്നാണ് മുന്നേറിയത്. 1947-ന് ശേഷവും ആ പോരാട്ടങ്ങളുടെ ഒഴുക്ക് അവസാനിച്ചില്ല. കാരണം, നല്ലകണ്ണിന്റെ സമരം ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടി മാത്രം ആയിരുന്നില്ല; ചരിത്രം മറന്നുപോകാൻ ശ്രമിച്ച അനവധി “മറ്റു സ്വാതന്ത്ര്യങ്ങൾക്കുവേണ്ടിയും” ആയിരുന്നു. ആ കാലത്തെ കുറിച്ച് നല്ലകണ്ണ് ഓർത്തുപറയുന്ന ഒരു സംഭവം, തന്റെ നാട്ടിനടുത്തുള്ള ഉപ്പളങ്ങളിൽ നടന്ന പോരാട്ടത്തെക്കുറിച്ചാണ്. അവിടെയുള്ള എല്ലാ ഉപ്പളങ്ങളും ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്നു. അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ജീവിതം അതിദയനീയമായിരുന്നു, ചൂഷണത്തിന് ഇരയായിരുന്നു. അവരുടെ ദുരവസ്ഥക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നു. ജനങ്ങളിൽ നിന്ന് വലിയ സഹാനുഭൂതിയും പിന്തുണയും ലഭിച്ചു. എന്നാൽ പോലീസിന്റെ നിലപാട് തൊഴിലാളികളുടെ പക്ഷത്ത് ആയിരുന്നില്ല. അവർ പ്രവർത്തിച്ചത് ഉപ്പള ഉടമകളുടെ കൈക്കാരനായിട്ടായിരുന്നു. ഒരു സംഘർഷത്തിൽ ഒരു സബ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടു. പൊലീസ് സ്റ്റേഷനിൽ തന്നെ ആക്രമണം നടന്ന സംഭവവും ഉണ്ടായി. തുടർന്ന് പൊലീസ് മൊബൈൽ പട്രോളിംഗ് യൂണിറ്റ് സ്ഥാപിച്ചു. പകൽ അവർ ഉപ്പളങ്ങളിൽ കാവലിരിക്കും; രാത്രി ഗ്രാമങ്ങൾക്കരികിൽ ക്യാമ്പ് ചെയ്യും. അപ്പോഴാണ് യുവാക്കൾ അടക്കം ഞങ്ങൾ നാട്ടുകാർ അവരുമായി ഏറ്റുമുട്ടലിൽ ഏർപ്പെട്ടത്. അവരെ കല്ലെറിയും അതായിരുന്നു ആയുധം. അവരെ ഓടിച്ചുവിടാൻ ശ്രമിക്കും. ചിലപ്പോൾ അതെല്ലാം കനത്ത ഏറ്റുമുട്ടലായി മാറും. ഈ പ്രതിഷേധങ്ങളും സംഘർഷങ്ങളും 1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ കാലഘട്ടത്തോടെ കൂടുതൽ തീവ്രമായി.
നല്ലകണ്ണിന്റെ ബാല്യവും യുവത്വവും രാഷ്ട്രീയത്തിലേക്ക് നയിച്ചത് വലിയ വേദികളിലെ പ്രസംഗങ്ങളല്ല; ഗ്രാമങ്ങളിലെ ഉപ്പളങ്ങളിലും, കർഷകരിലും, തൊഴിലാളി ദുരിതവും പോലീസിന്റെ അടിച്ചമർത്തലും ആയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയബോധം അടിസ്ഥാന മനുഷ്യരുടെ സങ്കടങ്ങളിൽ നിന്നും സമരവീഥികളിൽ നിന്നും വളർന്നു വന്നതായിരുന്നു.
1948-ൽ സിപിഐ നിരോധിക്കപ്പെട്ടപ്പോൾ, പ്രസ്ഥാനത്തിന്റെ പല നേതാക്കളെപ്പോലെ നല്ലകണ്ണും അണ്ടർഗ്രൗണ്ടിലേക്കു പോയി. 1949-ൽ നെല്ലൈ കോൺസ്പിറസി കേസ് ഉൾപ്പെടെ കേസുകളിൽ അറസ്റ്റിലായി ജീവപര്യന്തം ശിക്ഷ ലഭിച്ചു. കസ്റ്റഡിയിൽ കഠിനമായ പീഡനങ്ങൾ സഹിച്ചെങ്കിലും, അദ്ദേഹം മറ്റ് സഖാക്കളെ ഒറ്റുകൊടുത്തില്ല. അന്നത്തെ പീഡനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവം: പോലീസ് സിഗരറ്റ് കൊണ്ട് മേൽ ചുണ്ട് പൊള്ളിച്ചതിനാൽ ജീവിതകാലം മുഴുവൻ മീശ വളരാത്ത അവസ്ഥ ഉണ്ടായി. 1956-ൽ ജയിൽമോചിതനായെങ്കിലും, ജയിൽജീവിതം അദ്ദേഹത്തെ തകർത്തില്ല; അത് അദ്ദേഹത്തെ കൂടുതൽ സമരോത്സുകനാക്കി.
നല്ലകണ്ണിനെ അടുത്തറിയുന്നവർ പലപ്പോഴും പറയുന്ന ഒരു വാചകം: “Ideologically firm, personally gentle.”ഇത് ഏറ്റവും തെളിഞ്ഞു കണ്ടത് 1995-ലെ തെക്കൻ തമിഴ്നാട്ടിലെ കടുത്ത ജാതിവൈര ഘട്ടത്തിലാണ്. ആ വർഷം നടന്ന കൊലപാതകങ്ങളിൽ അദ്ദേഹത്തിന്റെ 84 വയസ്സുള്ള അമ്മായിയച്ചൻ കൊല്ലപ്പെട്ടു. അങ്ങേയറ്റം വേദനയുടെ നിമിഷത്തിലും, നല്ലകണ്ണ് ചെന്നൈയിൽ നിന്ന് എത്തി കലാപബാധിത ഗ്രാമങ്ങളിൽ സമാധാന മാർച്ചിൽ പങ്കെടുത്തു; അതിനുശേഷമാണ് ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. വ്യക്തിപരമായ ദുഃഖത്തെക്കാൾ ഉയർന്ന്, പ്രശ്‌നങ്ങളെ സാമൂഹിക സമാധാനത്തിനുള്ള ഉത്തരവാദിത്തമായി മാറ്റിയിടത്താണ് അദ്ദേഹത്തിന്റെ നേതൃനൈതികത.

1960-കളിലെ പാർട്ടി വിഭജനഘട്ടത്തിൽ കൂടെയുണ്ടായിരുന്നവരിൽ പലരും CPI(M)ലേക്ക് പോയി. നല്ലകണ്ണ് CPI-യിൽ തന്നെ തുടർന്നു. അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നത്: വിഭജനം ജനകീയ സമരങ്ങളെ ദുർബലമാക്കും; ദാരിദ്ര്യത്തിനും അടിച്ചമർത്തലിനുമെതിരായ പോരാട്ടം വിശാല ഇടതുപക്ഷ ഐക്യത്തിലാണ് ശക്തിപ്പെടുന്നത്.
തമിഴ്നാട്ടിൽ 13 വർഷം CPI സംസ്ഥാന സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചു (1992-ൽ തുടങ്ങി മൂന്ന് ടേം). ഈ കാലത്ത് ഗ്രാമീണ പാർട്ടി ഘടനകളും ട്രേഡ് യൂണിയനുകളും ശക്തിപ്പെടുത്തി; കൃഷിദുരിതം, തൊഴിലാളി അവകാശം, വിലക്കയറ്റം, പൊതുമേഖല വിറ്റഴിക്കൽ തുടങ്ങിയ വിഷയങ്ങളിൽ സമരങ്ങൾ നയിച്ചു.
എന്നാൽ നല്ലകണ്ണിന്റെ സമരം “കാലഹരണപ്പെട്ട” മുദ്രാവാക്യങ്ങളിൽ കുടുങ്ങിയിരുന്നില്ല. 1980-കളിൽ ബോഫോഴ്സ് അഴിമതി വിഷയത്തിൽ കന്യാകുമാരി മുതൽ ചെന്നൈ വരെ പദയാത്ര നയിച്ച നേതാവ്, പിന്നീടുള്ള ദശാബ്ദങ്ങളിൽ “ക്ലാസ് സമരം” എന്ന ആശയം പരിസ്ഥിതിയും കോർപ്പറേറ്റ് കൊള്ളയ്‌ക്കെതിരായ പുതിയ രൂപത്തിലേക്കും വികസിപ്പിച്ചു. 85-ാം വയസ്സിൽ പോലും, താമിരബരണി നദിയിലെ നിയമവിരുദ്ധ മണൽ ഖനനം ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയുടെ മദുരൈ ബെഞ്ചിൽ അദ്ദേഹം സ്വയം വാദിച്ചു. ജനകീയ നേതാവ് “കാലത്തോട് പഴകുന്നില്ല” എന്നത് തെളിയിച്ച പാഠമായിരുന്നു അത്.
അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു രാഷ്ട്രീയ ‘എത്തിക്‌സ്’. ഇന്നത്തെ രാഷ്ട്രീയത്തിൽ അധികാരവും സമ്പത്തും രാഷ്ട്രീയത്തെ മുറിവേൽപ്പിക്കുന്ന ദൃശ്യങ്ങൾ സാധാരണമാണ്. എന്നാൽ നല്ലകണ്ണിന്റെ ജീവിതം ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു: സർക്കാർ അനുവദിച്ച ചെറിയ വീടിൽ താമസം, പാർട്ടി അലവൻസും ഭാര്യയുടെ പെൻഷനും ആശ്രയിച്ച ജീവിതം, ലഭിച്ച പുരസ്കാരത്തുകകൾ പൊതുപ്രയോജനത്തിനോ പാർട്ടിക്കോ നൽകുന്ന ശീലം.2022-ൽ തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ബഹുമതിയായ ‘തഗൈസൽ തമിഴർ’ (വിശിഷ്‌ട തമിഴൻ) അവാർഡ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സഖാവിന് സമ്മാനിച്ചു. 10 ലക്ഷം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്ന അവാർഡ് തുകയുടെ കൂടെ സ്വന്തം കയ്യിലെ 5000 രൂപയും ചേർത്ത് 1005000/- അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്നെ അതേ വേദിയിൽ വച്ച് തിരികെ നൽകി മാതൃകയായി. ഇവയൊക്കെ രാഷ്ട്രീയ സംശുദ്ധിയുടെ തെളിവുകൾ ആണ്.

അദ്ദേഹത്തിന്റെ മരണം പോലും ഈ ജനകീയ ബോധം തെളിയിച്ചു. തന്റെ ആഗ്രഹപ്രകാരം, ശരീരം മെഡിക്കൽ ഗവേഷണത്തിന് ദാനം ചെയ്തു. ജീവിതം മുഴുവൻ “ജനങ്ങൾക്ക് വേണ്ടി” ജീവിച്ച ഒരാൾ, മരണത്തിനു ശേഷവും സമൂഹത്തിനായി ശരീരം വിട്ടുകൊടുത്തു.
ത്യാഗപൂർണ്ണമായ ജീവിതത്തിൽ ഒരു പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ലാത്ത, ഒരുകാലത്തും അധികാരത്തിന്റെ ഭാഗമായിരുന്നിട്ടില്ലാത്ത ഒരു മനുഷ്യന് ഒരു നാട് കൊടുത്ത ഈ അന്ത്യയാത്ര വേറെ ഒന്ന് മുൻപ് കണ്ടിട്ടില്ല. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ മുദ്രാവാക്യം വിളികളോടെ അന്ത്യാദരവ് നൽകുകയും, രജനീകാന്ത്, കമലഹാസൻ, സൂര്യ, പാ രഞ്ചിത്ത്, വിജയ് സേതുപതി തുടങ്ങിയ സിനിമാ പ്രവർത്തകർ അടക്കമുള്ള പ്രമുഖർ ആദരവിന്റെ ചെമ്പനീർപ്പൂക്കളർപ്പിക്കുന്നതു കണ്ടപ്പോൾ,ആ സഖാവിന്റെ ജീവിതമാണ് അവരെ അവിടെ ആദരവ് കൊണ്ട് എത്തിച്ചത് എന്ന് ബോധ്യമായി.രാഷ്ട്രീയത്തിന് അതീതമായി തമിഴ്‌നാടിന്റെ സ്നേഹം ഏറ്റുവാങ്ങാനായ നേതാവായിരുന്നു അദ്ദേഹം. എന്തൊരു ജീവിതമായിരുന്നു അത് ,മാർക്സിസത്തിന്റെ ജൈവികതയെങ്ങനെയാണ് ജനങ്ങളിലാവേശിക്കുന്നതെന്ന് നല്ലകണ്ണിന്റെ വേർപാടിനുശേഷം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നുണ്ട്, തലമുറകൾക്ക് പ്രചോദനം! എം. കരുണാനിധിക്ക് സഖാവ് നല്ലകണ്ണിനോടുണ്ടായിരുന്ന അടുപ്പം ഓർത്തെടുത്ത്, “ഒരു കണ്ണിന് ശരിയായ കാഴ്ചയില്ലെങ്കിലും, എന്റെ ഹൃദയത്തിനകത്ത് എനിക്കൊരു മറ്റുകണ്ണുണ്ട്; അതാണ് നല്ലകണ്ണ്,” എന്ന് കലൈഞ്ജർ പറഞ്ഞതായി സ്റ്റാലിൻ അനുസ്മരിച്ചു. പോട്ട, എസ്മ, ടാഡ പോലുള്ള അടിച്ചമർത്തൽ നിയമങ്ങൾക്കെതിരായ പോരാട്ടങ്ങളിൽ കലൈഞ്ജറിനൊപ്പം തോളോടുതോൾ ചേർന്ന് നിന്ന അടുത്ത സഹയാത്രികനായിരുന്നു നല്ലകണ്ണെന്നും അദ്ദേഹം പറഞ്ഞു.

നല്ലകണ്ണിന്റെ മരണത്തോടെ തമിഴ്നാടിന് നഷ്ടമായത് ഒരു CPI നേതാവിനെ മാത്രമല്ല; സ്വാതന്ത്ര്യസമരവും വർഗ്ഗ-ജാതിവിരുദ്ധ സാമൂഹിക പരിഷ്കാരവും കാർഷിക-തൊഴിലാളി സമരങ്ങളും ഒരേ പ്രവാഹത്തിൽ ചേർന്നുനിന്ന ഒരു രാഷ്ട്രീയ പാരമ്പര്യത്തിന്റെ ശക്തമായ കണ്ണിയെയാണ്.
സഖാവ് ആര്‍. നല്ലകണ്ണ് വിട്ടുപോയിരിക്കുന്നു. പക്ഷേ, ഭൂമിക്ക് വേണ്ടി, വെള്ളത്തിന് വേണ്ടി, വേതനത്തിന് വേണ്ടി, ജാതിവിരുദ്ധ സമത്വത്തിന് വേണ്ടി നടന്ന ജനകീയ സമരങ്ങളിൽ അദ്ദേഹത്തിന്റെ പാത അടയാളമായി തുടരും;വരും തലമുറയ്ക്ക് പ്രചോദനമായി.
ചില മനുഷ്യർ ഒരു പാർട്ടിയുടെ നേതാവായി മാത്രം ജീവിക്കുന്നില്ല. അവർ ഒരു കാലത്തിന്റെ നാഡിയായി ജീവിക്കും. ചിലർ ചരിത്രത്തിലേക്ക് കയറിപ്പോകും; മറ്റുചിലർ ചരിത്രത്തെ തന്നെ കാൽപ്പാടുകളാക്കി മുന്നോട്ട് നടക്കിപ്പിക്കും. സഖാവ് ആര്‍. നല്ലകണ്ണ് അങ്ങനെ ഒരാളായിരുന്നു. നിങ്ങൾ ജീവിച്ചിരുന്ന കാലം അവസാനിച്ചേക്കാം; നിങ്ങൾ ജീവിച്ച “നീതിയുടെ രാഷ്ട്രീയം” അവസാനിക്കുന്നില്ല.
ലാൽസലാം, സഖാവേ.
Courtesy : https://ruralindiaonline.org/article/r-nallakannus-fight-for-many-forgotten-freedoms




