ഇന്ന് മാർച്ച് 14; കാർൽ മാർക്സിന്റെ ചരമദിനം. 1883 മാർച്ച് 14-ന് ലണ്ടനിൽ 64-ആം വയസിൽ അദ്ദേഹം അന്തരിച്ചു. എംഗൽസിനൊപ്പം രചിച്ച The Communist Manifestoയും, അദ്ദേഹത്തിന്റെ മഹത്തായ Das Kapital ലും ചേർന്നാണ് മാർക്സിസത്തിന്റെ ബൗദ്ധിക അടിത്തറ ഉറപ്പിച്ചത്.
ശരീരത്തിന് ശവകുടീരം ഉണ്ടാകും ചിന്തകൾക്ക് അതുണ്ടാവില്ല; അതാണ് മാർക്സ്, മാർക്സിസം. ലോകമെമ്പാടുമുള്ള ഫാക്ടറികളുടെ പുകക്കമ്പങ്ങളിലും, ഖനികളിലും, വയലുകളിൽ പണിയെടുക്കുന്ന കർഷകരിലും, പട്ടിണികൊണ്ട് ഒട്ടിയ വയറുകളുടെ ദൈന്യതയുള്ള മനുഷ്യരുടെ കണ്ണുകളിലും പ്രതീക്ഷയായി അത് വീണ്ടും വീണ്ടും ജനിച്ചു.
മാർക്സിനെ ഓർക്കുന്നത് ഒരു തത്ത്വചിന്തകനെ അനുസ്മരിക്കൽ മാത്രമല്ല.ലോകത്തെ മനസ്സിലാക്കാൻ മനുഷ്യരാശി സൃഷ്ടിച്ച ഏറ്റവും ശക്തമായ വിമർശന ബൗദ്ധിക ഉപകരണങ്ങളിൽ ഒന്നിനെ വീണ്ടും വായിച്ചു മനസ്സിലാക്കി അറിയുക കൂടിയാണ്.സമ്പത്ത് ആരുടെ കൈകളിൽ കുമിഞ്ഞുകൂടുന്നു, തൊഴിൽ ആരെ സമ്പന്നരാക്കുന്നു, ദാരിദ്ര്യം എന്തുകൊണ്ട് അവസാനിക്കുന്നില്ല, രാജ്യം എന്തുകൊണ്ട് പലപ്പോഴും അധികാരികളുടെ ഉപകരണമായി പെരുമാറുന്നു, യുദ്ധങ്ങൾ എന്തുകൊണ്ട് സാധാരണ ജനങ്ങളുടെ ചോരയിൽ എഴുതപ്പെടുന്നു; ഈ ചോദ്യങ്ങളിലൊക്കെയും മാർക്സ് ഇന്നും നമ്മെ പിന്തുടരുന്നു.
മാർക്സിന്റെ പ്രധാന കൃതികൾ മനുഷ്യസമൂഹത്തെ പഠിക്കാൻ ഇന്നും അനിവാര്യമാണ്. The Communist Manifesto വർഗ്ഗസമരത്തെ ചരിത്രത്തിന്റെ പ്രേരകശക്തിയായി അവതരിപ്പിച്ചു. Das Kapital മൂലധന വ്യവസ്ഥയുടെ ഉള്ളറകൾ,തൊഴിൽചൂഷണം, അധികമൂല്യം, വസ്തുവൽക്കരണം, പ്രതിസന്ധി, സമ്പത്ത് കേന്ദ്രീകരണം കൃത്യമായി വിശകലനം ചെയ്തു. The Eighteenth Brumaire of Louis Bonaparte രാഷ്ട്രവും ഭരണയന്ത്രവും വർഗ്ഗശക്തികളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ ഇന്നും പ്രധാന ഗ്രന്ഥമാണ്. The Poverty of Philosophy പോലുള്ള കൃതികൾ അദ്ദേഹത്തിന്റെ വാദപ്രതിവാദ ശേഷിയും ശാസ്ത്രീയ സോഷ്യലിസത്തിന്റെ അടിസ്ഥാനവും വ്യക്തമാക്കുന്നു.
മാർക്സിന്റെ പ്രശസ്തമായ ചില വരികൾ ഇന്നും തീപിടിച്ച വാക്കുകൾ പോലെ നമ്മുടെ രാഷ്ട്രീയബോധത്തെ ഉണർത്തുന്നു. “The proletarians have nothing to lose but their chains” എന്നത് അടിമത്തത്തിൽ നിന്നും മോചിതരാകാനുള്ള ആഹ്വാനമാണ്. “Working Men of All Countries, Unite!” അതിർത്തികൾക്കപ്പുറം തൊഴിലാളി ഐക്യത്തിന്റെ ചരിത്രസൂചനയാണ്. “The philosophers have only interpreted the world… the point, however, is to change it” എന്ന വരി ചിന്തയെ പ്രവർത്തിയിലേക്കു നയിക്കുന്ന മാർക്സിന്റെ ആത്മാവാണ്. “Force is the midwife of every old society pregnant with a new one” എന്നത് ചരിത്രമാറ്റങ്ങൾ പലപ്പോഴും സംഘർഷരഹിതമാകുമെന്ന അദ്ദേഹത്തിന്റെ കഠിന നിരീക്ഷണമാണ്, അതായത് നിലവിലുള്ള സാമ്പത്തിക-സാമൂഹിക ക്രമം (ഉദാഹരണത്തിന് മുതലാളിത്തം) അതിന്റെ ഉള്ളിൽ തന്നെ പുതിയൊരു ക്രമത്തിനുള്ള (സോഷ്യലിസം) വിത്തുകൾ പാകിയിട്ടുണ്ടാകും. ഒരു ഘട്ടം എത്തുമ്പോൾ പഴയ ക്രമത്തെ തകർത്ത് പുതിയത് പുറത്തുവരേണ്ടത് അനിവാര്യമാണ്.ചുരുക്കത്തിൽ, ചരിത്രപരമായ മാറ്റങ്ങൾ സമാധാനപരമായി മാത്രം സംഭവിക്കുന്നതല്ലെന്നും, പഴയ വ്യവസ്ഥിതിയുടെ കെട്ടുപാടുകൾ തകർക്കാൻ വിപ്ലവകരമായ ശക്തി ആവശ്യമാണെന്നുമാണ് എന്നാണ് വ്യക്തമാക്കുന്നത്.
യുദ്ധത്തെക്കുറിച്ചുള്ള കാൾ മാർക്സിന്റെ കാഴ്ചപ്പാട് പ്രധാനമായും വർഗ്ഗസമരവുമായി (Class Struggle) ബന്ധപ്പെട്ടിരിക്കുന്നു. യുദ്ധങ്ങൾ വെറും യാദൃശ്ചികമല്ലെന്നും, മറിച്ച് അത് മുതലാളിത്ത വ്യവസ്ഥിതിയുടെ സ്വാഭാവികമായ ഒരു പരിണതഫലമാണെന്നും അദ്ദേഹം വിശ്വസിച്ചു. പുതിയ വിപണികൾ കണ്ടെത്താനും വിഭവങ്ങൾ കൈക്കലാക്കാനുമുള്ള മുതലാളിത്ത രാജ്യങ്ങളുടെ മത്സരമാണ് പലപ്പോഴും യുദ്ധങ്ങൾക്ക് കാരണമാകുന്നത്. ഭരണവർഗ്ഗം തങ്ങളുടെ സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കാനും തൊഴിലാളികളുടെ ശ്രദ്ധ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് മാറ്റാനുമാണ് യുദ്ധങ്ങളെ ഉപയോഗിക്കുന്നത്. ഭരണകൂടങ്ങളുടെ കവർച്ചയുദ്ധങ്ങളും അധിനിവേശയുദ്ധങ്ങളും അദ്ദേഹം വിമർശിച്ചു എന്നാൽ എല്ലാ യുദ്ധങ്ങളെയും മാർക്സ് എതിർത്തിരുന്നില്ല; അടിമത്തം അവസാനിപ്പിക്കാനോ ഫ്യൂഡൽ വിരുദ്ധ പോരാട്ടങ്ങൾക്കോ വേണ്ടിയുള്ള ‘പുരോഗമനപരമായ’ യുദ്ധങ്ങളെയും, ദേശീയ വിമോചന പോരാട്ടങ്ങൾക്കും ചരിത്രപരമായ മോചനസമരങ്ങൾക്കും അദ്ദേഹം പിന്തുണച്ചിരുന്നു. Communist Manifestoയിൽ “The working men have no country” എന്ന വരി വരുമ്പോൾ, ദേശീയതയെ മുഴുവനായും നിഷേധിക്കുന്നതല്ല, തൊഴിലാളിവർഗ്ഗത്തിന്റെ താൽപര്യം ഭരണവർഗ്ഗ ദേശീയതയുമായി ഒന്നല്ല എന്നതാണ് അദ്ദേഹത്തിന്റെ അടിസ്ഥാനം. യഥാർത്ഥവും ശാശ്വതവുമായ സമാധാനം ഉണ്ടാകണമെങ്കിൽ മുതലാളിത്തം അവസാനിക്കുകയും വർഗ്ഗരഹിതമായ ഒരു സമൂഹം നിലവിൽ വരികയും ചെയ്യണമെന്ന് മാർക്സ് വാദിച്ചു.
മാർക്സിന്റെ കാഴ്ചയിൽ യുദ്ധത്തിന്റെ ഏറ്റവും വലിയ ഇര സാധാരണ ജനങ്ങളായിരുന്നു — പ്രത്യേകിച്ച് തൊഴിലാളികൾ, കർഷകർ, ദരിദ്രർ. അധികാരികൾ വരയ്ക്കുന്ന അതിർത്തികൾക്കായി മരിക്കുന്നത് പലപ്പോഴും സ്വന്തം വർഗ്ഗ സഹോദരന്മാരെതിരെയാണ് എന്ന് മാർക്സിയൻ പാരമ്പര്യം ചൂണ്ടിക്കാട്ടി. യുദ്ധസമയങ്ങളിൽ ദേശഭക്തിയുടെ പേരിൽ തൊഴിലാളിവർഗ്ഗത്തെ ഭരണവർഗ്ഗങ്ങളുടെ പിൻതുണയാക്കി മാറ്റുന്ന രീതിയെ മാർക്സിയൻ വിശകലനം ശക്തമായി തുറന്നുകാട്ടി. ഇന്ന് എണ്ണ, വിപണി, ആയുധവിപണി, ഭൂരാജ്യതന്ത്രം, വിഭവങ്ങൾ എന്നിവ ചുറ്റിപ്പറ്റി നടക്കുന്ന അനവധി യുദ്ധങ്ങളെ കാണുമ്പോൾ ഈ വിശകലനം സത്യമായിരുന്നെന്ന് വീണ്ടും ഉറപ്പിക്കാം.
അപ്പോൾ മാർക്സ് ഇന്നും എന്തുകൊണ്ട് പ്രസക്തൻ ആകുന്നു?
ഒന്നാമതായി, ആഗോള അസമത്വം ഇന്നും ഭീകരമായി നിലനിൽക്കുന്നു. 2026 ജനുവരിയിൽ പ്രസിദ്ധീകരിച്ച ഓക്സ്ഫാം റിപ്പോർട്ട് അനുസരിച്ച് 2025-ൽ ബില്യണെയർമാരുടെ സമ്പത്ത് 16 ശതമാനത്തിലേറെ ഉയർന്ന് 18.3 ട്രില്യൺ ഡോളറിലെത്തി; സാധാരണ ജനങ്ങളെക്കാൾ അവർക്കാണ് രാഷ്ട്രീയ അധികാരസ്ഥാനങ്ങളിൽ എത്താൻ സാധ്യതയെന്നും റിപ്പോർട്ട് പറയുന്നു. സമ്പത്ത് കേന്ദ്രീകരണത്തെ കുറിച്ചുള്ള മാർക്സിന്റെ മുന്നറിയിപ്പ് വെറും 19-ആം നൂറ്റാണ്ടിന്റെ കഥയല്ലെന്ന് ഇത് വ്യക്തമാക്കുന്നു.
രണ്ടാമതായി, തൊഴിൽരംഗം വികസിച്ചു അത് മാറിയെങ്കിലും ചൂഷണത്തിന്റെ രൂപവും മാറി, അതിന്റെ ഉള്ളടക്കം ഇപ്പോഴും ചൂഷണമായി തുടരുന്നു. ഇന്ന് പ്ലാറ്റ്ഫോം ജോലികൾ, ഗിഗ് സമ്പദ്വ്യവസ്ഥ, ആൽഗോരിത്മിക് മാനേജ്മെന്റ്, ഡിജിറ്റൽ വൽക്കരണം, AI എന്നിവ തൊഴിലിനെ പുതിയ രീതിയിൽ നിയന്ത്രിക്കുന്നു എന്ന് ILO പറയുന്നു. തൊഴിലാളിയുടെ സമയം, പെരുമാറ്റം, ഉൽപാദനക്ഷമത, വിലയിരുത്തൽ എല്ലാം ഡാറ്റയുടെയും ആൽഗോരിതത്തിന്റെയും നിയന്ത്രണത്തിലേക്ക് നീങ്ങുന്നു. തൊഴിൽ രീതികൾ മാറിയാലും മൂലധനം തൊഴിലിനെ എങ്ങനെ അധീനമാക്കുന്നു എന്ന മാർക്സിന്റെ വിശകലനം ആണ് ഇത് ബോധ്യപ്പെടുത്തുന്നത്.
മൂന്നാമതായി, കാലാവസ്ഥാ പ്രതിസന്ധിയും മാർക്സിനെ വീണ്ടും അറിയേണ്ടതിന്റെ ആവശ്യകത കൂട്ടുന്നു. ഓക്സ്ഫാമിന്റെ 2026 ലെ വിശകലനമനുസരിച്ച് ലോകത്തിലെ ഏറ്റവും സമ്പന്നമായ 1% ആളുകൾ 2026-ലെ തങ്ങളുടെ “ന്യായമായ” കാർബൺ വിഹിതം വെറും 10 ദിവസത്തിനുള്ളിൽ ചെലവഴിച്ചു. സമ്പത്തിന്റെ കേന്ദ്രീകരണം പരിസ്ഥിതി നാശവും അസമമായി സൃഷ്ടിക്കുന്നു എന്ന വസ്തുത, ഉത്പാദനം ലാഭത്തിനായോ മനുഷ്യാവശ്യത്തിനായോ എന്ന മാർക്സിന്റെ അടിസ്ഥാനചോദ്യത്തെ വീണ്ടും ഉച്ചത്തിൽ ചോദിക്കുന്നു.
ഇന്ന് ലോകത്തെ നോക്കൂ.കോർപ്പറേറ്റുകൾ മുമ്പെക്കാൾ ശക്തരാണ്. രാജ്യങ്ങൾ ജനാധിപത്യത്തിന്റെ മുഖം ധരിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും വിപണികളുടെ ഉത്തരവാദിത്തഭൃത്യന്മാരായി പെരുമാറുന്നു. അവിടെയാണ് മാർക്സിന്റെ പ്രസക്തി; ലോകത്തെ കാണാനുള്ള ഒരു ശാസ്ത്രീയ-രാഷ്ട്രീയ ടൂൾ എന്ന നിലയിൽ വിലമതിക്കാനാകാത്തത് ആണ്. അതിലൂടെ നമ്മൾ മനസ്സിലാക്കിയത്, പഠിച്ചത്; ദാരിദ്ര്യം വ്യക്തിയുടെ പരാജയം അല്ല; അത് ഒരു വ്യവസ്ഥയുടെ ഉൽപ്പന്നമാകാം എന്നും, തൊഴിലാളിയുടെ വിയർപ്പിൽ നിന്ന് ചിലർ സാമ്രാജ്യം പണിയുന്ന രീതിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, ജനാധിപത്യം സാമ്പത്തിക അധികാരത്തിന്റെ ചങ്ങലയിൽ കുടുങ്ങുമ്പോൾ അത് പരാജയമാകുമെന്നും, യുദ്ധം പലപ്പോഴും ഭരണവർഗ്ഗങ്ങളുടെ രാഷ്ട്രീയം സാധാരണ ജനങ്ങളുടെ ദുരിതത്തിന് കാരണമാകും എന്നുമാണ്.
അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും ഫാക്ടറി ഗേറ്റുകളുടെ പടിക്കൽ, കർഷക പ്രക്ഷോഭങ്ങളിൽ, തൊഴിലില്ലായ്മയുടെ കണക്കുകളിൽ, വിലക്കയറ്റത്തിൽ, സ്വകാര്യവൽക്കരണത്തിൽ, കോർപ്പറേറ്റ് ഭീമന്മാരുടെ നിഴലിൽ, യുദ്ധഭീതിയിൽ, നീതിക്കായി എഴുന്നേൽക്കുന്ന ജനക്കൂട്ടങ്ങളിൽ വീണ്ടും ജനിക്കുന്നു. ലോകം മാറിയിരിക്കുന്നു; പക്ഷേ ചൂഷണത്തിന്റെ വ്യാകരണം ഇന്നും തുടരുന്നു. അതുകൊണ്ടാണ് മാർക്സ് ഇന്നും പ്രസക്തനായി തുടരുന്നത്, വായിക്കേണ്ടവൻ, വിമർശിക്കേണ്ടവൻ, വീണ്ടും വീണ്ടും ചർച്ച ചെയ്യേണ്ടവനായി തുടരുന്നത്.
മാർക്സ് മരിച്ചിട്ടില്ല. മൂലധനം മനുഷ്യനെ തിന്നുകൊണ്ടിരിക്കുന്നിടത്തോളം, കാർൽ മാർക്സ് ചരിത്രത്തിന്റെ ചുവന്ന ഹൃദയമിടിപ്പായി തുടരും.
Related post : https://kannansdas.com/karlmarx




