ഇന്ന് പാർലമെന്റിൽ സംഭവിച്ചത് സ്ത്രീകളുടെ രാഷ്ട്രീയാവകാശത്തിന് എതിരായ ഒരു തോൽവിയായി ചിത്രീകരിച്ചേക്കാവുന്ന വനിതാ സംവരണ ബിൽ പാസാകാതിരുന്നതിന്റെ വാർത്തയായിരിക്കും. പക്ഷേ അതിന്റെ രാഷ്ട്രീയ ഉള്ളർത്ഥം അതിലും വലുതാണ്. സ്ത്രീകളുടെ ന്യായമായ ആവശ്യത്തെ മറയാക്കി, ഇന്ത്യയുടെ ജനാധിപത്യ ഘടനയിൽ ഒരു വലിയ പുനർവിന്യാസം നടത്താനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാണ് ഇന്ന് സംഭവിച്ചത്. സ്ത്രീകൾക്ക് രാഷ്ട്രീയ സംവരണം വേണം എന്ന കാര്യത്തിൽ ജനാധിപത്യബോധമുള്ള ആർക്കും സംശയമില്ല. സ്ത്രീകളുടെ പ്രതിനിധിത്വം കൂടാതെയുള്ള ഒരു ജനാധിപത്യം പൂർണ്ണമല്ല. പക്ഷേ ആ ആവശ്യത്തെ ഡീലിമിറ്റേഷനോടും ലോക്സഭാ സീറ്റുകളുടെ വൻ വർധനവോടും കെട്ടിയിണക്കിയ നിമിഷം മുതൽ തന്നെ ഇതിന്റെ പിന്നിലെ രാഷ്ട്രീയ നീക്കം സംശയാസ്പദമായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇന്നത്തെ പരാജയം സ്ത്രീകളുടെ അവകാശത്തിന്റെ തോൽവി ആയി കണക്കാക്കാതെ, ആ അവകാശത്തെ അധികാരരാഷ്ട്രീയത്തിനുള്ള ഉപകരണമായി ഉപയോഗിക്കാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയായി കാണേണ്ടത്.

സ്ത്രീ സംവരണത്തെ യഥാർത്ഥത്തിൽ മുൻനിർത്തിയിരുന്നെങ്കിൽ, നിലവിലുള്ള ഘടനയ്ക്കുള്ളിൽ തന്നെ അത് നടപ്പാക്കാൻ വേണ്ട രാഷ്ട്രീയ ഇച്ഛാശക്തി ബിജെപി സർക്കാർ കാണിക്കണമായിരുന്നു. അതിന് വഴികളില്ലായിരുന്നു എന്ന് പറയാനാവില്ല. എന്നാൽ സ്ത്രീകളുടെ പ്രതിനിധിത്വത്തിന്റെ ചോദ്യത്തെ ഒരു വലിയ ഭരണഘടനാപര-രാഷ്ട്രീയ പാക്കേജിന്റെ ഭാഗമാക്കി അവതരിപ്പിച്ചപ്പോഴാണ് പ്രശ്നത്തിന്റെ സാരാംശം പുറത്തുവന്നത്. ലോക്സഭയുടെ ആകെ സീറ്റുകൾ കുത്തനെ കൂട്ടുക, അതിനോട് അനുബന്ധിച്ച് മണ്ഡല പുനർനിർണ്ണയം നടത്തുക, അതിന്റെ അടിസ്ഥാനത്തിൽ സ്ത്രീ സംവരണം പ്രാബല്യത്തിൽ വരുത്തുക എന്ന രീതിയിലാണ് നീക്കം മുന്നോട്ട് വന്നത്. അപ്പോൾ ഇത് സ്ത്രീകളുടെ അവകാശത്തെക്കുറിച്ചുള്ള സുതാര്യമായ നിലപാട് അല്ല, മറിച്ച് സ്ത്രീകളുടെ അവകാശത്തെ ഉപകരണം ആക്കി ജനാധിപത്യ ഭൂപടം തന്നെ മാറ്റിയെഴുതാനുള്ള നീക്കമാണോ എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികമാണ്. അത് ശരിയുമായിരുന്നു.

ഇവിടെയാണ് ഡീലിമിറ്റേഷൻ എന്ന വിഷയത്തിന്റെ രാഷ്ട്രീയം മനസ്സിലാക്കേണ്ടത്. ജനസംഖ്യയെ മാത്രം മാനദണ്ഡമാക്കി ലോക്സഭ മണ്ഡലങ്ങൾ പുനർവിന്യസിക്കുമ്പോൾ, കൂടുതൽ ജനസംഖ്യാ വർധനയുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കാനും, ആരോഗ്യ-വിദ്യാഭ്യാസ-ജനസംഖ്യാ നിയന്ത്രണം-സ്ത്രീശാക്തീകരണം പോലുള്ള മേഖലകളിൽ സ്ഥിരതയാർന്ന ഇടപെടലുകൾ നടത്തിയ സംസ്ഥാനങ്ങളുടെ പാർലമെന്ററി പ്രാതിനിധ്യം താരതമ്യേന കുറയാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് തെക്കൻ സംസ്ഥാനങ്ങൾക്കിടയിൽ ഈ ആശങ്ക ഏറെക്കാലമായി നിലനിൽക്കുന്നു. സമൂഹിക പുരോഗതി കൈവരിച്ച സംസ്ഥാനങ്ങളെ അതിന് ശിക്ഷിക്കുന്ന പോലെ, ജനസംഖ്യയെ മാത്രം കണക്കിലെടുത്തുകൊണ്ട് അംഗസംഖ്യ തീരുമാനിക്കുന്ന രീതി ഈ സംസ്ഥാനങ്ങൾക്ക് പാര്ലമെന്റിൽ ഉള്ള ശബ്ദം ചുരുക്കിക്കളയുമോ എന്ന സംശയം ആണ് ഉയരുന്നത്. ഇത് ഒരു സാങ്കേതിക ഭരണപരിഷ്‌ക്കാരത്തിന്റെ കാര്യമാത്രമല്ല; ഇന്ത്യയുടെ ഫെഡറൽ ഘടനയുടെ ആത്മാവിനോടു ബന്ധപ്പെട്ട വിഷയമാണ്.

ഒരു സംസ്ഥാനം ദശാബ്ദങ്ങളോളം പൊതു ആരോഗ്യരംഗത്തും വിദ്യാഭ്യാസത്തിലും കുടുംബാസൂത്രണത്തിലും സ്ത്രീശാക്തീകരണത്തിലും ശ്രദ്ധ നൽകി ജനസംഖ്യാ വളർച്ചയെ നിയന്ത്രിച്ചാൽ, അതിന്റെ ഫലം പിന്നീട് ആ സംസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രാതിനിധ്യം കുറയുന്നതായിരിക്കുകയാണെങ്കിൽ, അത് പുരോഗതിക്ക് അംഗീകാരം അല്ല; മറിച്ച് പുരോഗതിക്ക് നൽകുന്ന ശിക്ഷയാണ്. ദേശീയ നയങ്ങൾക്ക് അനുസൃതമായി പ്രവർത്തിച്ചവരെ ദേശീയ പ്രതിനിധിത്വത്തിൽ തന്നെ പിന്നോട്ടാക്കുന്ന വ്യവസ്ഥ ജനാധിപത്യ നീതിയല്ല. അതുകൊണ്ടാണ് ഡീലിമിറ്റേഷനെ സ്ത്രീ സംവരണത്തോട് ബന്ധിപ്പിച്ച നിമിഷം മുതൽ തന്നെ ഇതിനെതിരെ സംശയവും വിമർശനവും ഉയർന്നത്. സ്ത്രീകളുടെ അവകാശം അംഗീകരിച്ചുകൊണ്ടുതന്നെ ഈ രാഷ്ട്രീയ കുരുക്കിനെ ചോദ്യം ചെയ്യുക എന്നതാണിവിടെ ജനാധിപത്യ ശക്തികളുടെ ഉത്തരവാദിത്വം.

ഇത് വെറും സംഖ്യകളുടെ രാഷ്ട്രീയമല്ല; അധികാരകേന്ദ്രീകരണത്തിന്റെ രാഷ്ട്രീയവുമാണ്. സ്ത്രീകളുടെ അവകാശത്തെ മുന്നിൽ നിർത്തി, അതിന്റെ നൈതിക സമ്മർദ്ദം ഉപയോഗിച്ച്, പിന്നീട് കേന്ദ്രസർക്കാരിന് അനുകൂലമായി പാർലമെന്റിന്റെ ഘടന തന്നെ പുനർക്രമീകരിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമമാണോ ഇതെന്ന് ചോദിക്കുന്നത് യുക്തിയുക്തമാണ്. കാരണം ലോക്സഭയിലെ സീറ്റുകളുടെ പുനർവിന്യാസം വെറും ജനപ്രാതിനിധ്യത്തിന്റെ കണക്കല്ല; ആരുടെ രാഷ്ട്രീയ സ്വരം കൂടുതൽ ശക്തമാകണം, ആരുടെത് ഇല്ലാതാക്കണം എന്നതുമായി ബന്ധപ്പെട്ട അധികാര നിർണ്ണയവുമാണ് അത്. അതിനാൽ സ്ത്രീ സംവരണം എന്ന ന്യായമായ ആവശ്യം ഉപയോഗിച്ച് ഒരു പാർട്ടിക്ക് ദീർഘകാല രാഷ്ട്രീയ മേൽക്കോയ്മ ഉറപ്പിക്കാൻ കഴിയുന്ന രീതിയിലുള്ള പുനർനിർമ്മാണം മുന്നോട്ട് വയ്ക്കപ്പെട്ടാൽ, അതിനെ ചോദ്യം ചെയ്യുന്നത് സ്ത്രീ വിരുദ്ധതയല്ല; മറിച്ച് ജനാധിപത്യബോധമാണ്.

ഇവിടെ പ്രതിപക്ഷം കൈകൊണ്ട നിലപാടിന്റെ രാഷ്ട്രീയ അർത്ഥവും അതാണ്. സ്ത്രീ സംവരണത്തെ എതിർക്കാതെ, അതിനെ കേന്ദ്രാധിപത്യത്തിനും ഫെഡറൽ സമത്വ ലംഘനത്തിനും വേണ്ടി ഉപയോഗിക്കാനുള്ള നീക്കത്തെയാണ് ചോദ്യം ചെയ്തത്. ഈ വ്യത്യാസം മനസ്സിലാക്കാതെ പോയാൽ മുഴുവൻ ചർച്ചയും തെറ്റായ ദിശയിലേക്ക് പോകും. സ്ത്രീകൾക്ക് സംവരണം വേണം. അത് ഇപ്പോഴും അത്യാവശ്യമാണ്. പക്ഷേ സ്ത്രീകളുടെ സംവരണം എന്ന പേരിൽ ഫെഡറലിസത്തെ ദുർബലപ്പെടുത്തുകയും, സംസ്ഥാനങ്ങളുടെ ചരിത്രപരമായ സംഭാവനകളെ അവഗണിക്കുകയും, പാർലമെന്ററി ഘടനയെ ഒരു പ്രത്യേക രാഷ്ട്രീയ ബ്ലോക്കിന് സ്ഥിരമായി അനുകൂലമാക്കുകയും ചെയ്യുന്ന പദ്ധതിയെ സ്ത്രീ പുരോഗതിയായി ചിത്രീകരിക്കാനാവില്ല. അവകാശത്തിന്റെ ഭാഷയിൽ ആധിപത്യം മറയ്ക്കാനുള്ള ഇത്തരം രാഷ്ട്രീയ തന്ത്രങ്ങളെ ചൂണ്ടിക്കാണിക്കുകയാണ് യഥാർത്ഥ ജനാധിപത്യ ഇടപെടൽ.

ഇത് ഭരണഘടനാപരമായ ഒരു ഓർമ്മപ്പെടുത്തലും കൂടിയാണ്. ഇന്ത്യയുടെ ഭരണഘടന ഒരു കേന്ദ്രീകൃത രാഷ്ട്രാധിപത്യത്തിനുള്ള കരട് അല്ല. അനേകം ഭാഷകളും സംസ്കാരങ്ങളും സാമൂഹിക വഴിത്താരകളും രാഷ്ട്രീയ പ്രവണതകളും ഉള്ള ഒരു വിശാല ഫെഡറൽ ദേശത്തെ ഒരുമിച്ച് നിലനിർത്താനുള്ള ജനാധിപത്യ കരാറാണ് അത്. സംസ്ഥാനങ്ങളുടെ രാഷ്ട്രീയവും ദേശീയ തലത്തിലെ പ്രതിനിധിത്വവും തമ്മിൽ ഒരു സങ്കീർണ്ണ ബാലൻസ് ഭരണഘടന സൃഷ്ടിച്ചിട്ടുണ്ട്. ആ ബാലൻസിനെ തകർക്കുന്ന ഏതൊരു നീക്കവും വെറും തെരഞ്ഞെടുപ്പ് തന്ത്രമല്ല; അത് ഭരണഘടനയുടെ ആത്മാവിനോടുള്ള രാഷ്ട്രീയ ഇടപെടലാണ്. അതുകൊണ്ടാണ് ഇത്തരം വിഷയങ്ങളിൽ എണ്ണം മാത്രം നോക്കാതെ അതിന്റെ ദീർഘകാല ഘടനാപരമായ ഫലങ്ങൾ പരിശോധിക്കേണ്ടത് ആവശ്യമാകുന്നത്.

ഇന്ത്യൻ ജനാധിപത്യത്തെ ഇന്നു വരെ പൂർണമായി ഒരേയൊരു ആശയധാരയുടെ നിയന്ത്രണത്തിലേക്ക് വഴുതിപ്പോകാതെ പിടിച്ചു നിർത്തിയിരിക്കുന്നത് ഈ ഭരണഘടനാപരമായ ചെക്ക്‌സും ബാലൻസുകളുമാണ്. കഴിഞ്ഞ ദിവസം അംബേദ്കറുടെ ഓർമ്മദിനമായിരുന്നു. അന്നും ഇന്നും വീണ്ടും വീണ്ടും ഓർമ്മ വരുന്നത് അതുതന്നെയാണ്: ഇന്ത്യൻ ഭരണഘടനയെ രൂപപ്പെടുത്തിയവരുടെ ദീർഘവീക്ഷണമാണ് ഇന്നും ഈ രാജ്യത്തെ പൂർണമായും ഏകാധിപത്യചിന്തയുടെ കൈകളിൽ ഏല്പിക്കാതെ പിടിച്ചു നിർത്തുന്നത്. ഡോ. ബി.ആർ. അംബേദ്കറുടെ ദർശനവും, ഭരണഘടനാ സഭയിൽ സജീവമായി ഇടപെട്ട അനേകം ജനാധിപത്യ-പുരോഗമന ശബ്ദങ്ങളുടെ ബൗദ്ധിക രാഷ്ട്രീയ സംഭാവനകളും ചേർന്നാണ് ഈ രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ രൂപപ്പെട്ടത്. ആ മഹത്തായ ചരിത്രത്തെ ഓർക്കുമ്പോൾ ഇന്ന് വ്യക്തമാകുന്നത് ഒന്ന് മാത്രമാണ്: ഈ ഭരണഘടനയെ സൃഷ്ടിച്ചവർ ഇന്ത്യയെ വെറും ഭരിക്കപ്പെടേണ്ട ഒരു ഭൂപടമായി മാത്രം കാണാതെ; വൈവിധ്യങ്ങളോടെ സഹവർത്തിക്കുന്ന ജനങ്ങളുടെ ജനാധിപത്യ ഭൂമികയായി കണ്ടു.

RSS-ന് ഭരണഘടനാ രൂപീകരണത്തിൽ നേരിട്ടൊരു നിർമാണപങ്കുമില്ലായിരുന്നു എന്നത് ഒരു ചരിത്രവിവരം മാത്രമല്ല, ഇന്നത്തെ രാഷ്ട്രീയത്തിലും അതിന് പ്രസക്തിയുണ്ട് ഇന്ന് അത് ആശ്വാസമായി മാറിയിട്ടുമുണ്ട് (സ്വാതന്ത്ര്യ സമരത്തിൽ പങ്കില്ലാത്തവർക്ക് ഇന്ത്യയുടെ ഭരണഘടനാ രൂപീകരണത്തിൽ എന്ത് കാര്യം എന്ന ചോദ്യം മുന്നിൽ ഉണ്ട് കേട്ടോ). കാരണം ഭരണഘടനയുടെ ആത്മാവിനോട് ഉള്ള അവരുടെ ചരിത്രപരമായ അനാസ്ഥയും സംശയവും ഇന്നും വിവിധ രൂപങ്ങളിൽ പ്രകടമാവുന്നുണ്ട്. അതേസമയം, സംഖ്യാബലം കുറവായിരുന്നാലും സോമ്നാഥ് ലാഹിരിയിലൂടെ ഭരണഘടനാ സഭയിൽ ഇടതുപക്ഷത്തിന്റെ ശബ്ദം ഉയർന്നിരുന്നു എന്നത് ഈ രാജ്യത്തിന്റെ ജനാധിപത്യ നിർമാണ ചരിത്രത്തിലെ നിർണായക വസ്തുതയാണ്. സാമൂഹിക നീതിയും അവകാശങ്ങളും സംസ്ഥാനങ്ങളുടെ സ്വാഭിമാനവും കേന്ദ്രീകൃത അധികാരത്തെക്കുറിച്ചുള്ള ജാഗ്രതയും അതിൽനിന്ന് വേർപെടുത്താനാവില്ല.

പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും ഘടനയും ഈ സങ്കൽപ്പത്തിന്റെ ഭാഗമാണ്. ലോക്സഭ ജനഹിതതാൽപര്യങ്ങളുടെ ഉത്സർഗ്ഗഭരിതമായ രാഷ്ട്രീയ പ്രവാഹങ്ങളെ പ്രതിഫലിപ്പിക്കുന്നിടമാകുമ്പോൾ, രാജ്യസഭ ഫെഡറൽ ഇന്ത്യയുടെ ഒരു സ്ഥിരതാ-സമതുലിത ഘടകമായി നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ ഭരണഘടനാ ഭേദഗതികൾക്ക് രണ്ട് സഭകളിലും നിർദ്ദിഷ്ട ഭൂരിപക്ഷം (മൂന്നിൽ രണ്ട്) ആവശ്യമാണ്. ഒരു താൽക്കാലിക തരംഗം മാത്രം മതിയാകാത്ത, വിവിധ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ വൈവിധ്യങ്ങൾ കൂടി പങ്കുചേരേണ്ട ഘടനയാണ് അത്. അതാണ് ഭരണഘടനയെ സംരക്ഷിക്കുന്ന ഒരു ഘടകം. ഈ ബലഗണിതത്തെ മറികടക്കാൻ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പുകളെ ഒരേ രാഷ്ട്രീയ ചക്രത്തിലാക്കാനുള്ള നീക്കങ്ങൾ വരുമ്പോൾ, അതിന്റെ പിന്നിലെ അധികാര യുക്തി ചോദ്യം ചെയ്യപ്പെടുന്നത് സ്വാഭാവികമാണ്. തിരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കൽ എന്ന പൊതുബോധം സൃഷ്ടിച്ചുകൊണ്ട് one India – One Election നടപ്പാക്കി, ഒരേ ട്രെൻഡ് ഉപയോഗിച്ച് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഒരേ രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കാനുള്ള സാധ്യതകളെ അവഗണിക്കാനാവില്ല.

അതുകൊണ്ട് ഇന്നത്തെ സംഭവത്തെ സ്ത്രീ സംവരണം പരാജയപ്പെട്ടു എന്നൊരു ഉപരിപ്ളവ വായനയിൽ ഒതുക്കരുത്. സ്ത്രീകളുടെ യഥാർത്ഥ രാഷ്ട്രീയാവകാശം ഇപ്പോഴും അനിവാര്യമാണ്. അതിനായുള്ള പോരാട്ടം തുടരണം. പക്ഷേ ആ പോരാട്ടം ജനാധിപത്യത്തിന്റെ മറ്റ് തൂണുകളെ തകർത്ത് മുന്നോട്ട് പോകാനാവില്ല. സ്ത്രീകളുടെ അവകാശവും ഫെഡറൽ ഇന്ത്യയുടെ അവകാശവും തമ്മിൽ വിരോധമില്ല. യഥാർത്ഥത്തിൽ അവ പരസ്പരം പൂരകങ്ങളാണ്. സാമൂഹിക നീതി, രാഷ്ട്രീയ പ്രാതിനിധ്യം, സംസ്ഥാനങ്ങളുടെ അവകാശം, ഭരണഘടനാപരമായ സമതുലിതാവസ്ഥ; ഇതെല്ലാം ഒരേ ജനാധിപത്യ ചരടിന്റെ പല നൂലുകളാണ്. അതിൽ ഒന്ന് പിടിച്ച് മറ്റൊന്നിനെ മുറിക്കാനുള്ള തന്ത്രങ്ങളെയാണ് ഇന്ന് തിരിച്ചറിഞ്ഞ് ചെറുക്കേണ്ടത്.

ഇന്ന് പാർലമെന്റിൽ സംഭവിച്ചത് അതുകൊണ്ട് വെറും ഒരു നിയമനിർമാണ തോൽവി അല്ല. സ്ത്രീകളുടെ അവകാശത്തെ മറയാക്കി ഇന്ത്യയുടെ ഫെഡറൽ-ജനാധിപത്യ ഘടനയെ പുനർക്രമീകരിക്കാനുള്ള ശ്രമത്തിനേറ്റ രാഷ്ട്രീയ തിരിച്ചടിയാണ് അത്. ഈ ദിവസം, ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹത്തായ ശിൽപ്പികളെ രാഷ്ട്രീയ നന്ദിയോടെ സ്മരിക്കുമ്പോൾ, സ്ത്രീകളുടെ യഥാർത്ഥ രാഷ്ട്രീയാവകാശത്തിനും ഫെഡറൽ ഇന്ത്യയുടെ ആത്മാവിനും ഭരണഘടനയുടെ ജനാധിപത്യ വാഗ്ദാനത്തിനും വേണ്ടി ഒരുപോലെ ഉറച്ച് നിൽക്കേണ്ടത്തിന്റെ ആവശ്യകത കൂടി ഓർമ്മപ്പെടുത്തുകയാണ്.