പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വാർത്തകൾ കാണുമ്പോൾ ദേശീയ മാധ്യമങ്ങളിൽ വലിയൊരു വിഭാഗം ഈ തെരഞ്ഞെടുപ്പ് തൃണമൂൽ കോൺഗ്രസും (TMC) ബിജെപിയും തമ്മിലുള്ള പോരായി മാത്രം ചുരുക്കിക്കാട്ടുകയാണെന്ന് തോന്നി. ഈ നറേറ്റീവ് യാദൃശ്ചികമല്ല; അത് തികച്ചും ബോധപൂർവ്വമായ ഒരു രാഷ്ട്രീയ തന്ത്രമാണ്. ബംഗാളിന്റെ രാഷ്ട്രീയ ഭാവിയെ ഈ രണ്ട് ശക്തികൾക്കിടയിൽ മാത്രം ഒതുക്കിക്കാണിക്കുമ്പോൾ, അവർ മറച്ചുവയ്ക്കാൻ ആഗ്രഹിക്കുന്ന വലിയൊരു സത്യമുണ്ട്: ബംഗാളിൽ ഇടതുപക്ഷം വീണ്ടും ഉയത്തെഴുന്നേൽക്കുന്നു, വീണ്ടും ചർച്ചയാകുന്നു, വീണ്ടും ജനങ്ങളുടെ പ്രതീക്ഷയുടെ ഭാഷയാകുന്നു.

എന്തുകൊണ്ട് ദേശീയ മാധ്യമങ്ങൾ ഇടതുപക്ഷത്തിന് പ്രാധാന്യം നൽകുന്നില്ല? കാരണം, തൃണമൂലിന്റെ അഴിമതിയും ബിജെപിയുടെ വർഗീയ അജണ്ടയും ബംഗാളിൽ അപ്രസക്തമാക്കുന്ന ഒരു രാഷ്ട്രീയ ബദലിനെ അവർ ഭയപ്പെടുന്നു എന്നതുകൊണ്ട് തന്നെ. കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കും അധികാര കേന്ദ്രങ്ങൾക്കും അതീതമായി, തൊഴിലാളി – കർഷക – യുവജന – വിദ്യാർത്ഥി – സ്ത്രീ വർഗ്ഗത്തിന്റെ പ്രശ്നങ്ങൾ അജണ്ടയാക്കുന്ന ഇടതുപക്ഷം ഉയരുന്നത് വലതുപക്ഷ രാഷ്ട്രീയത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്ന് ഈ മാധ്യമങ്ങൾ തിരിച്ചറിയുന്നു.

എന്നാൽ 2026-ലെ പ്രചാരണങ്ങളിൽ മീനാക്ഷി മുഖർജി, ദീപ്സിത ധർ തുടങ്ങി യുവനേതാക്കൾക്കും MD സലിം, വികാശ് രഞ്ജൻ ഭട്ടാചാര്യയെപ്പോലുള്ള മുതിർന്ന നേതാക്കൾക്കും ലഭിക്കുന്ന ജനശ്രദ്ധ, ബംഗാളിലെ തെരുവുകളിൽ ചുവപ്പ് പതാകകൾക്ക് ചുറ്റും കൂടുന്ന ജനസാഗരം ഈ മാധ്യമ നരേറ്റീവിനെ പൊളിച്ചടുക്കുന്നു.

ഇന്നത്തെ ബംഗാൾ നേരിടുന്ന പ്രതിസന്ധികൾ മനസ്സിലാക്കാൻ ഇടതുഭരണകാലത്തെക്കുറിച്ച് വലതുപക്ഷ-ലിബറൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ‘അർത്ഥസത്യമോ/അസത്യമോ ആയ കഥകൾ’ പൊളിച്ചെഴുതണം അല്ലങ്കിൽ തുറന്ന ഒരു സംവാദത്തിന് സാധ്യത ഉണ്ടാകണം.

1977-ൽ ഇടതുപക്ഷം അധികാരത്തിലെത്തുമ്പോൾ ബംഗാളിന്റെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു; പട്ടിണി സംസ്ഥാനമായിരുന്നു; ഭൂപ്രഭുത്വവും ഗ്രാമീണ അസമത്വവും തകർത്ത ഒരു നാടായിരുന്നു, വികസനം എന്തെന്ന് അറിയാത്ത നാടായിരുന്നു.
‘ഓപ്പറേഷൻ ബർഗ’ യിലൂടെ ലക്ഷക്കണക്കിന് കർഷകർക്ക് ഭൂമിയുടെ അവകാശവും ആത്മവിശ്വാസവും നൽകി. ഗ്രാമീണ വികേന്ദ്രീകരണം നടപ്പിലാക്കി പഞ്ചായത്തുകളെ ജനങ്ങളുടെ അധികാരകേന്ദ്രങ്ങളാക്കി. വിഭജനരാഷ്ട്രീയത്തെ ചരിത്രപരമായി ചെറുത്തുനിന്നു.1978 മുതൽ ഇടത് സർക്കാർ പങ്കാളിത്ത കർഷകരെ രജിസ്റ്റർ ചെയ്ത് അവർക്കു നിയമപരമായ സംരക്ഷണവും സ്ഥിരാവകാശവും നൽകി; 1980കളുടെ തുടക്കത്തിൽ തന്നെ 10 ലക്ഷത്തിലേറെ bargadars രജിസ്റ്റർ ചെയ്യപ്പെട്ടു, പിന്നീട് ആ എണ്ണം ഏകദേശം 15 ലക്ഷത്തോട് അടുത്തെത്തി എന്നാണ് കണക്കുകൾ.

ഭൂസംബന്ധമായ ജനാധിപത്യവൽക്കരണത്തിനൊപ്പമാണ് ബംഗാളിൽ കാർഷിക വളർച്ചയും ശക്തിപ്രാപിച്ചത്. 1980കളിൽ പശ്ചിമബംഗാളിലെ കാർഷിക വളർച്ച രാജ്യതലത്തിൽ തന്നെ ശ്രദ്ധേയമായിരുന്നു എന്നാണ് നിരവധി അക്കാദമിക് പഠനങ്ങൾ രേഖപ്പെടുത്തുന്നത്. ചില വിലയിരുത്തലുകൾ പ്രകാരം 1981-82 മുതൽ 1991-92 വരെ ഭക്ഷ്യധാന്യോൽപാദന വളർച്ച വാർഷികമായി 6% ന് മുകളിൽ പോയിരുന്നു. ഭൂസുരക്ഷ, ജലസേചന വികസനം, പങ്കാളിത്ത കർഷകരുടെ ഉൽപാദന ശക്തി, പ്രാദേശിക സ്ഥാപനങ്ങളുടെ ഇടപെടൽ എന്നിവ ചേർന്നുണ്ടാക്കിയ വികസനമായിരുന്നു. ഉൽപാദനം വർധിക്കുമ്പോൾ അതിന്റെ ഗുണം ഭൂഉടമയ്‌ക്കോ മുതലാളിക്കോ മാത്രം ആകാതെ അതിന് വേണ്ടി പണിയെടുത്ത കർഷകതൊഴിലാളിക്കും കർഷകനും ലഭിക്കണം എന്ന ആശയത്തിന്റെ പ്രായോഗിക രൂപമാണ് ഇടതു ഭരണകാലത്തെ കാർഷിക മാറ്റത്തിൽ ഉണ്ടായ മുന്നേറ്റം.

ഇതോടൊപ്പം, ബംഗാൾ ഒരു പ്രധാന പാഠം ഇന്ത്യക്ക് നൽകി വികേന്ദ്രീകൃത ജനാധിപത്യം ഭരണത്തിന്റെ അങ്ങേയറ്റം നിൽക്കുന്ന വിഷയം അല്ല, അതിന്റെ അടിത്തറയാണ്. പഞ്ചായത്തി രാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും ഗ്രാമതലത്തിൽ പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്തതിൽ ഇടത് മുന്നണി വഹിച്ച പങ്ക് ബംഗാളിന്റെ ചരിത്രത്തിൽ നിർണായകമാണ്. 1993 ൽ സ്ത്രീകൾക്കായി ഏകദേശം മൂന്നിലൊന്ന് സംവരണം പഞ്ചായത്ത് തലത്തിൽ ഉറപ്പിച്ചു; തുടർന്ന് അതിന്റെ വ്യാപ്തിയും സ്വാധീനവും വർധിച്ചു. സ്ത്രീകളെ വെറും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാക്കി മാറ്റുന്നതിൽ ബംഗാൾ മുൻപന്തിയിലുണ്ടായിരുന്നു. ഇത് സാമൂഹിക ജനാധിപത്യത്തിന്റെ ഭാഗമായിരുന്നു എന്ന് ഓർക്കണം.

ഇടതു ഭരണകാലത്തെ വിലയിരുത്തുമ്പോൾ മറ്റൊരു വലിയ സത്യവും മറക്കരുത്: ബംഗാൾ നീണ്ട കാലം മതനിരപേക്ഷ സാമൂഹിക സഹവർത്തിത്വത്തിന്റെ ഒരു കരുത്തുറ്റ മേഖല ആയിരുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും വർഗീയ രാഷ്ട്രീയം ജനങ്ങളെ ചുട്ടു കൊല്ലുമ്പോഴും, ബംഗാളിൽ മതവിഭജനത്തെ രാഷ്ട്രീയ ലാഭത്തിന്റെ യന്ത്രമാക്കാനുള്ള ശ്രമങ്ങളെ ഇടത് രാഷ്ട്രീയം ചരിത്രപരമായി ചെറുത്തു തോൽപ്പിച്ചിരുന്നു. വർഗ്ഗ രാഷ്ട്രീയത്തിന്റെയും മതനിരപേക്ഷ ജനകീയ സംസ്കാരത്തിന്റെയും ചേർന്ന ഫലമാണ് ഇത്. അതുകൊണ്ടുതന്നെ ഇന്ന് ബിജെപി ബംഗാളിൽ വളരാൻ ശ്രമിക്കുന്നത് ബംഗാളിന്റെ ഈ സാമൂഹിക ആത്മാവിനെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലൂടെയാണ്.

ഒരു സത്യസന്ധമായ മാർക്സിസ്റ്റ് വിലയിരുത്തൽ സ്വയംവിമർശനത്തെ ഒഴിവാക്കില്ല. നന്ദിഗ്രാം, സിംഗൂർ പോലുള്ള സംഭവങ്ങളിൽ ഇടതുപക്ഷ ഭരണകൂടം കൂടുതൽ രാഷ്ട്രീയസംവേദനത്തോടെ, കൂടുതൽ ജനകീയ വിശദീകരണത്തിലൂടെ, കൂടുതൽ ക്ഷമയോടെ പ്രവർത്തിക്കേണ്ടിയിരുന്നു എന്ന വിമർശനം ബംഗാളിന്റെ ചരിത്രത്തിൽ നിന്ന് മായുന്നില്ല. വ്യവസായവൽക്കരണത്തിന്റെ ആവശ്യകത ഉണ്ടായിരുന്നു തർക്കമില്ല, എന്നാൽ അത് നടപ്പാക്കിയ രീതി, ജനവിശ്വാസം, ഭൂമിഏറ്റെടുക്കൽ , ജീവിക്കാനുള്ള അവകാശം, അതിന്റെ രാഷ്ട്രീയം ഒക്കെ കൈകാര്യം ചെയ്യുന്നതിൽ ദീർഘവീക്ഷണമില്ലാതെ പിഴവ് സംഭവിച്ചു. അതിൽ ഉണ്ടായ തെറ്റുകളും, അതിനെ രാഷ്ട്രീയ വിരോധികൾ ഉപയോഗിച്ച രീതിയും ചേർന്നാണ് ഇടതുപക്ഷത്തിന് വലിയ തിരിച്ചടി ലഭിച്ചത്.

പക്ഷേ അതിന് ശേഷം ബംഗാളിൽ വന്നതെന്താണ്? സംശുദ്ധമായ ജനാധിപത്യമോ? കൂടുതൽ നീതിയുള്ള വികസനമോ? ഇല്ല. തൃണമൂലിന്റെ കീഴിൽ അഴിമതി, അധികാരമാഫിയാവൽക്കരണം, ഗുണ്ടായിസം, സ്ഥാപനങ്ങളുടെ രാഷ്ട്രീയവൽക്കരണം എന്നിവയാണ് സാധാരണ ജനങ്ങൾ കണ്ടത്. ഇപ്പോൾ ബിജെപി അതിന്മേൽ കെട്ടിപ്പടുക്കാൻ നോക്കുന്നത് മുസ്ലിം വിരോധവും വിഭജന രാഷ്ട്രീയവുമാണ്; വർഗീയതയുടെയും വിഭജനത്തിന്റെയും വിഷമാണ് ബംഗാളിന്റെ സാമൂഹിക ആത്മാവിലേക്ക് കുത്തിവെക്കുന്നത്.


കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ സിപിഐഎമ്മും ഇടതുമുന്നണിയും കോൺഗ്രസുമായി യാതൊരു ധാരണയുമില്ലാതെയാണ് പോരാടുന്നത്. ഇത് തന്ത്രപരമായ ഒരു രാഷ്ട്രീയ തീരുമാനമാണ്. തൃണമൂലിന്റെ അഴിമതി ഭരണത്തെയും ബിജെപിയുടെ വർഗീയ അജണ്ടയെയും ഒരേപോലെ എതിർക്കുന്ന ഒരു ‘സ്വതന്ത്ര ഇടതുപക്ഷ’ (Independent Left) ഇടം വീണ്ടെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഒത്തുതീർപ്പുകളില്ലാത്ത വർഗ്ഗരാഷ്ട്രീയത്തിന് മാത്രമേ ബംഗാളിനെ രക്ഷിക്കാൻ കഴിയൂ എന്ന തിരിച്ചറിവിൽ നിന്നാണ് ഈ നിലപാട് രൂപപ്പെട്ടിരിക്കുന്നത്.ഇത്തവണ തനിച്ച് മത്സരിക്കുമ്പോൾ, ഇടതുപക്ഷം ജനങ്ങളോട് കൃത്യമായ ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്:

തൊഴിൽ എവിടെ? പൊതു വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ഉത്തരവാദിത്വം ആർക്ക്? സ്ത്രീസുരക്ഷയും ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വവും എവിടെ? ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക ഈ ചോദ്യങ്ങൾക്കുള്ള മറുപടിയാണ്:

അഞ്ചു വർഷം കൊണ്ട് 40 ലക്ഷം തൊഴിലുകൾ.
സംസ്ഥാന ബജറ്റിന്റെ 20 ശതമാനം വിദ്യാഭ്യാസ മേഖലയിലേക്ക്.
ഗ്രാമങ്ങളിൽ 200 ദിവസവും, നഗരങ്ങളിൽ 120 ദിവസവും തൊഴിലുറപ്പ്.
മിനിമം വേതനം 700 രൂപയായി ഉയർത്തൽ.
ഇതൊക്കെ പ്രകടനപത്രികയിൽ നൽകുന്ന ഉറപ്പുകളിൽ ചിലത് മാത്രം.

ഇനി അവിടെ നടക്കുന്ന തെരഞ്ഞെടുപ്പ് സുതാര്യതയെക്കുറിച്ചുള്ള ആശങ്കകളും ശക്തമാണ്. മുർഷിദാബാദ്, നാദിയ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് 90 ലക്ഷത്തോളം വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തു എന്ന പരാതി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമായി കാണണം. പ്രാന്തവൽക്കരിക്കപ്പെട്ടവരുടെ ശബ്ദത്തെ ഇല്ലാതാക്കാനുള്ള ഈ നീക്കങ്ങൾക്കെതിരെ ഇടതുപക്ഷം ശക്തമായി രംഗത്തുണ്ട്.

ബംഗാൾ ഇന്ന് നേരിടുന്ന ഇരട്ട ഭീഷണികളോടാണ് ഇടതുപക്ഷം പോരാടുന്നത്. അതിൽ ഒന്ന്;
തൃണമൂൽ കോൺഗ്രസ് (TMC) കഴിഞ്ഞ 15 വർഷത്തെ ഭരണം ബംഗാളിനെ അഴിമതിയുടെയും പ്രാദേശിക ഗുണ്ടായിസത്തിന്റെയും താവളമാക്കി മാറ്റി. സ്കൂൾ സർവീസ് കമ്മീഷൻ അഴിമതി മുതൽ തദ്ദേശീയ തലത്തിലെ മാഫിയാ പ്രവർത്തനം വരെ ജനങ്ങളെ പൊറുതിമുട്ടിച്ചിരിക്കുകയാണ്. ‘വികസനം’ എന്നത് ഭരണകക്ഷിയുടെ ആളുകൾക്ക് മാത്രമായി പരിമിതപ്പെട്ടു.
രണ്ടാമത് ബിജെപി (BJP) തൃണമൂലിന്റെ അഴിമതിക്കെതിരെയുള്ള ജനരോഷത്തെ വർഗീയ ധ്രുവീകരണത്തിലൂടെ വോട്ടാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. തൊഴിലില്ലായ്മയോ കാർഷിക പ്രതിസന്ധിയോ അവരുടെ അജണ്ടയിലില്ല. പകരം, മതപരമായ വിഭജനവും ഭീതിയും പടർത്തി ബംഗാളിന്റെ മതേതര അടിത്തറ തകർക്കാനാണ് അവർ ശ്രമിക്കുന്നത്.

ദീർഘകാലം തൃണമൂൽ കോൺഗ്രസ് ബംഗാളിൽ അധികാരത്തിൽ ഇരുന്നിട്ടും ജനങ്ങൾ പ്രതീക്ഷിച്ച രാഷ്ട്രീയ മാറ്റവും, ജനാധിപത്യ സംസ്കാരവും, സാമൂഹ്യ സുരക്ഷയും, തൊഴിലവസരങ്ങളും ഉറപ്പാക്കാൻ കഴിഞ്ഞില്ല. അതേ സമയം ബിജെപി ബംഗാളിന് മുന്നിൽ വെക്കുന്നത് മറ്റൊന്നുമല്ല മതവിഭജനവും വെറുപ്പും കേന്ദ്രഭരണത്തിന്റെ അഹങ്കാരവും ഹുങ്കും മാത്രം. അതുകൊണ്ടാണ് ഇന്ന് ബംഗാളിൽ ജനങ്ങൾ വീണ്ടും ഒരു മാറ്റം ആഗ്രഹിച്ചു തുടങ്ങിയത്. ഈ സംസ്ഥാനത്തെ രക്ഷിക്കേണ്ടത് ആരാണ്? തൃണമൂലിന്റെ അക്രമ-അഴിമതി രാഷ്ട്രീയമോ? ബിജെപിയുടെ സംഘപരിവാർ വിഷമോ? അല്ലെങ്കിൽ ജനങ്ങളുടെ രാഷ്ട്രീയമായ ഇടതുപക്ഷമോ? ഈ ചോദ്യമാണ് അവർ ഇന്ന് ഉറച്ചു ചോദിക്കുന്നത്. മാറ്റം ഉണ്ടാവും !

ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം അധികാരത്തിൽ എത്തും എന്ന് ഞാൻ കരുതുന്നില്ല അങ്ങനെ കരുതുന്നത് കൃത്യമായ രാഷ്ട്രീയ വിലയിരുത്തൽ അല്ല. പക്ഷേ അങ്ങനെ ഒരു അധികാര രാഷ്ട്രീയത്തിന്റെ വിജയത്തേക്കാൾ വലിയൊരു സത്യമുണ്ട്: ഇന്ത്യയിലെ കമ്മ്യൂണിസത്തിന്റെ വേര് അറുത്തുകളഞ്ഞു എന്ന് അട്ടഹസിച്ചവരുടെ മുന്നിൽ സിപിഐഎം വീണ്ടും തെരുവിൽ ഉയത്തെഴുന്നേൽക്കുന്നു. വിദ്യാർത്ഥി – യുവജന കൂട്ടായ്മകളിൽ, തൊഴിലില്ലായ്മക്കെതിരായ പ്രക്ഷോപത്തിൽ, സ്ത്രീസുരക്ഷാ പ്രശ്‍നങ്ങളിൽ, വിലക്കയറ്റത്തിനെതിരായ സമരത്തിൽ, പൊതുവിദ്യാഭ്യാസ – പൊതുജനാരോഗ്യ സംരക്ഷണ ആവശ്യങ്ങളിൽ ഇടതുപക്ഷത്തിന്റെ ശബ്ദം വീണ്ടും ജനങ്ങളിൽ നിന്നുയരുന്നു.

മിനാക്ഷി മുഖർജിയെ പോലുള്ള പുതിയ തലമുറ നേതാക്കളും, ദീപ്സിത ധർ പോലുള്ള യുവമുഖങ്ങളും, പ്രക്ഷോഭങ്ങളുടെ രാഷ്ട്രീയശക്തിയെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്ന ശ്രമത്തിലാണ്.

പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കേവലം ഭരണമാറ്റത്തിനുള്ള ഒന്നല്ല. അത് ദീർഘകാലമായി ബംഗാളിന്റെ മണ്ണിൽ നിന്ന് തുടച്ചുനീക്കാൻ ശ്രമിച്ച വർഗ്ഗരാഷ്ട്രീയത്തിന്റെ (Class Politics) കരുത്തുറ്റ തിരിച്ചുവരവിന്റേതാണ്. ദേശീയ മാധ്യമങ്ങൾ ഈ തെരഞ്ഞെടുപ്പിനെ തൃണമൂൽ (TMC) – ബിജെപി (BJP) പോരാട്ടമായി മാത്രം ചിത്രീകരിക്കുമ്പോൾ, അവർ ബോധപൂർവ്വം മറച്ചുപിടിക്കുന്നത് താഴെത്തട്ടിൽ രൂപപ്പെടുന്ന ചുവന്ന തരംഗത്തെയാണ്.

ബംഗാളിൽ ഇന്ന് ഇടതുപക്ഷം തിരിച്ചുവരുന്നത് പഴയ അധികാരം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയല്ല; മറിച്ച് ജനങ്ങളുടെ ജീവിതം നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാനുള്ള വർഗ്ഗരാഷ്ട്രീയത്തിന്റെ പുനരുജ്ജീവനത്തിനാണ്. തൃണമൂലിന്റെ അഴിമതിക്കും ബിജെപിയുടെ വർഗീയതയ്ക്കും ബദലായി ജനകീയ ജനാധിപത്യത്തിന്റെ ചുവപ്പ് വീണ്ടും ഉയരുകതന്നെ ചെയ്യും. ഇത് കേവലമായ തെരഞ്ഞെടുപ്പ് പോരാട്ടമല്ല, ഒരു ജനതയുടെ അതിജീവനത്തിനായുള്ള സമരമാണ്.

ചുവപ്പ് ഉയരും, കാരണം ബംഗാളിന് അതിജീവിക്കണം.