കേരളത്തിന്റെ കഴിഞ്ഞ ഒരു ദശകത്തെ രാഷ്ട്രീയത്തെ ഒറ്റവാക്കിൽ സംഗ്രഹിക്കാൻ എന്നോട് പറഞ്ഞാൽ ഞാൻ അതിനെ “കരുതൽ” എന്നായിരിക്കും രേഖപ്പെടുത്തുക. കേരളത്തിന്റെ കഴിഞ്ഞ പത്ത് വർഷത്തെ ചരിത്രം വെറും ഒരു സർക്കാരിന്റെ ഭരണചരിത്രമല്ല. അത് ഒരു സാമൂഹിക ഇടപെടലിന്റെ ചരിത്രമാണ്.
പ്രളയം, നിപ്പ, കോവിഡ് തുടങ്ങിയ മഹാമാരികൾ മുതൽ വയനാട് ഉരുൾപൊട്ടൽ വരെ നീളുന്ന പ്രകൃതിക്ഷോഭങ്ങൾക്കിടയിലും, കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധങ്ങളെ അതിജീവിച്ചും കേരളം നിലകൊണ്ടത് ഒരു ഭരണകൂടം അതിന്റെ ജനതയ്ക്ക് നൽകിയ ഉറപ്പായ കാവലിന്റെ കരുത്തിലാണ്. എന്നാൽ, തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഈ കരുതലിന്റെ ഗുണഭോക്താക്കൾ തന്നെ ആ രാഷ്ട്രീയ സ്മൃതിയെ കൈവിട്ടത് ആണ് കണ്ടത്. ഇതിനെ കേവലം ‘മറവി’ എന്ന് വിളിക്കുന്നതിനേക്കാൾ, വരേണ്യവർഗ്ഗ താല്പര്യങ്ങൾ സാധാരണക്കാരന്റെ ബോധമണ്ഡലത്തെ എപ്രകാരം അട്ടിമറിക്കുന്നു എന്ന രാഷ്ട്രീയ വിശകലനമാണ് ഇന്ന് പ്രസക്തം.
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കേരളം കണ്ടത് നിരാശാജനകമായ ഒരു രാഷ്ട്രീയ വൈരുദ്ധ്യമാണ്. കഴിഞ്ഞ പത്ത് വർഷം ക്ഷേമത്തിന്റെയും സംരക്ഷണത്തിന്റെയും വികസനത്തിന്റെയും ഗുണഭോക്താക്കളായിരുന്ന ജനങ്ങളുടെ ഒരു വലിയ വിഭാഗം, അതെല്ലാം അതിവേഗം മറന്ന് എൽഡിഎഫിനെ തിരസ്കരിച്ചു. 2026-ൽ യുഡിഎഫ് 102 സീറ്റുമായി അധികാരത്തിലേക്ക് കുതിച്ചപ്പോൾ എൽഡിഎഫ് 35 സീറ്റിലേക്ക് ചുരുങ്ങി. ഇത് വലതുപക്ഷ മാധ്യമങ്ങളും യുഡിഎഫ് പ്രചാരണവും ചേർന്ന് നിർമ്മിച്ച രാഷ്ട്രീയ മറവിയുടെ ഫലമാണ്.
ചെല്ലാനവും വയനാടും; സംരക്ഷണത്തിന്റെ കവചങ്ങൾ മറക്കുമ്പോൾ : ചെല്ലാനം അതിന്റെ ഏറ്റവും ശക്തമായ ഉദാഹരണമാണ്. വർഷങ്ങളോളം കടൽ കയറി വീടുകളും ജീവിതങ്ങളും വിഴുങ്ങിയ തീരദേശ ജനതയ്ക്ക് എൽഡിഎഫ് സർക്കാർ ടെട്രാപോഡ് കടൽഭിത്തി നിർമ്മിച്ചു നൽകി. ഒന്നാംഘട്ടത്തിൽ 7.3 കിലോമീറ്റർ കടൽഭിത്തി, ആറു ബ്രേക്ക് വാട്ടറുകൾ, 6.64 കിലോമീറ്റർ നടപ്പാത എന്നിവ ₹347 കോടി ചെലവിൽ പൂർത്തിയാക്കി. രണ്ടാംഘട്ടത്തിന് ₹404 കോടി ഭരണാനുമതി നൽകി, 6.1 കിലോമീറ്റർ കൂടി കടൽസംരക്ഷണം ഒരുക്കാനുള്ള നടപടി ആരംഭിച്ചു. ചെല്ലാനത്ത് സർക്കാർ പണിതത് വെറും കടൽഭിത്തിയല്ല. അത് ഉറക്കമില്ലാതെ ജീവിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് നൽകിയ സുരക്ഷയാണ്. മഴക്കാലത്ത് കുട്ടികളെ നെഞ്ചോട് ചേർത്ത് കടൽ നോക്കി വിറച്ച അമ്മമാർക്ക് നൽകിയ ആശ്വാസമാണ്. “കടൽ കയറുമ്പോൾ സർക്കാർ എവിടെ?” എന്ന് ചോദിച്ചവർ, കടൽഭിത്തി വന്നപ്പോൾ “ആരാണ് ഇത് ചെയ്തത്?” എന്ന് ഓർക്കാത്ത അവസ്ഥയെയാണ് വിസ്മൃതിയുടെ രാഷ്ട്രീയം എന്ന് വിളിക്കുന്നത്.
വയനാടിന്റെ പുനരധിവാസവും അതുപോലെ തന്നെയാണ്. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിനു ശേഷം സർക്കാർ ടൗൺഷിപ്പ്, വീട്, ഭൂമി, പുനരധിവാസം എന്നിവയിലൂടെ ദുരന്തബാധിതരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തി.178 വീടുകൾ ആദ്യഘട്ടത്തിൽ തന്നെ കൈമാറുകയും ഭൂമിയുടെ രേഖകൾ ഉറപ്പാക്കുകയും ചെയ്തു. ദുരന്തത്തിന്റെ മണ്ണിൽ പോലും വലതുപക്ഷ പ്രചാരണം അസന്തോഷത്തെ വോട്ടാക്കി മാറ്റാൻ ശ്രമിച്ചപ്പോൾ, പുനരധിവാസത്തിന്റെ രാഷ്ട്രീയ അർത്ഥം പിന്നിലേക്ക് തള്ളപ്പെട്ടു. മനുഷ്യരുടെ ദുരന്തം പോലും ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ ആയുധമാക്കുന്നിടത്താണ് വലതുപക്ഷത്തിന്റെ യഥാർത്ഥ മുഖം കാണേണ്ടത്.
ലൈഫ് മിഷനും ക്ഷേമ പെൻഷനും: അന്തസ്സുള്ള ജീവിതത്തിന്റെ രാഷ്ട്രീയം സംസാരിച്ചു. ലൈഫ് മിഷൻ ഈ കാലഘട്ടത്തിന്റെ മറ്റൊരു ചരിത്രമാണ്. അഞ്ചുലക്ഷം വീടുകൾ എന്നത് ഒരു കണക്ക് മാത്രമല്ല. അഞ്ചുലക്ഷം കുടുംബങ്ങളുടെ കണ്ണീരിൽ നിന്ന് പണിത മേൽക്കൂരയാണ് അത്.2026 ഫെബ്രുവരിയോടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയ ലൈഫ് മിഷൻ പദ്ധതി ലോകത്തിന് തന്നെ മാതൃകയാണ്. 6,04,046 വീടുകൾക്ക് അനുമതി നൽകിയതിൽ 5,00,364 കുടുംബങ്ങൾ ഇന്ന് സുരക്ഷിതമായ മേൽക്കൂരയ്ക്ക് കീഴിലാണ്. സർക്കാർ റിപ്പോർട്ട് കാർഡിൽ ലൈഫ് മിഷൻ വഴി അഞ്ചുലക്ഷം വീടുകൾ, മത്സ്യത്തൊഴിലാളികൾക്കായി പുനർഗേഹം, 4.5 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പട്ടയം, 64,000-ത്തിലധികം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് ഉയർത്തിയ നടപടി എന്നിവ പ്രധാന നേട്ടങ്ങളായി ചൂണ്ടിക്കാട്ടിയിരുന്നു.
വീട് കിട്ടിയവർക്ക് വീട് ഒരു സന്തോഷമാകും പക്ഷേ വീട് കിട്ടിയതിന്റെ പിന്നിലുള്ള രാഷ്ട്രീയ ഇച്ഛാശക്തിയെ ഓർക്കുമോ? അതാണ് ചോദ്യം. ദാനമായി അല്ല, അവകാശമായി വീടിനെ കണ്ട രാഷ്ട്രീയം ഇടതുപക്ഷത്തിന്റേതാണ്. ഇടതുപക്ഷ സർക്കാരിന്റെ ഇടപെടലിലൂടെ മാന്യമായ ജീവിതം ലഭിക്കാം എന്ന് തെളിയിച്ചതാണ് ലൈഫ് മിഷൻ. എന്നാൽ ആ വീടുകളിൽ നിന്ന് തന്നെ മാറ്റത്തിനായി വലതുപക്ഷത്തിന് വോട്ട് പോകുമ്പോൾ, അത് ഒരു തിരഞ്ഞെടുപ്പ് തോൽവി മാത്രമല്ല; അത് വർഗ്ഗസ്മൃതിയുടെ തോൽവിയാണ്.
അതുപോലെ തന്നെയാണ് ക്ഷേമ പെൻഷനും. കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുമ്പോഴും, 2025 ഒക്ടോബറിലെ പെൻഷന് മാത്രം ₹812 കോടി അനുവദിച്ചു കൊണ്ട് സാധാരണക്കാരന്റെ കീശയിൽ പണമെത്തുമെന്ന് സർക്കാർ ഉറപ്പാക്കി. അതിദാരിദ്ര്യം ഇല്ലാതാക്കാൻ 64,000 കുടുംബങ്ങളെ കണ്ടെത്തി കൈപിടിച്ചുയർത്തിയ നടപടി കേരളത്തിന്റെ ഇടതുപക്ഷ മനസാക്ഷിയുടെ അടയാളമാണ്.
അതുപോലെതന്നെ വികസനങ്ങളിൽ എടുത്ത് പറയേണ്ട ഒന്നാണ് പുതുതായി പണിത പാലങ്ങൾ. അംബൂരിയിലെ കുമ്പിച്ചൽക്കടവ് പാലം വർഷങ്ങളോളം ഒറ്റപ്പെട്ടുപോയ ആദിവാസി–കുടിയേറ്റ മേഖലകൾക്ക് തുറന്ന വഴി ആയിരുന്നു. പെരുമ്പളം പാലം ദ്വീപിലെ ആയിരക്കണക്കിന് മനുഷ്യർക്കു കരയുമായി ബന്ധപ്പെടാൻ ഉള്ള വഴി ആയി. പെരുമ്പളം പാലം വന്നതോടെ ഏകദേശം 10,000 ജനങ്ങൾക്ക് നേരിട്ടുള്ള യാത്രാസൗകര്യം ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഒരു പാലം എന്നത് കോൺക്രീറ്റും ഇരുമ്പും മാത്രമല്ല. അത് ഗർഭിണിക്ക് സുഖപ്രസവത്തിനായി ആശുപത്രിയിലേക്ക് എത്താൻ ഉള്ള എളുപ്പ വഴി ആണ്. വിദ്യാർത്ഥിക്ക് സ്കൂളിലേക്കുള്ള വഴി ആണ്. തൊഴിലാളിക്ക് ജോലി തേടാനുള്ള വഴി ആണ്. കർഷകന്റെ ഉൽപ്പന്നം മാർക്കറ്റിലേക്ക് എത്തിക്കുന്ന വഴി ആണ്. ഇടതുപക്ഷം പണിത പാലങ്ങളിലൂടെ നടക്കുകയും, ആ പാലം പണിത് തങ്ങൾക്ക് നൽകിയ രാഷ്ട്രീയത്തെ മറക്കുകയും ചെയ്യുന്നത് വെറും മറവി അല്ല അത് രാഷ്ട്രീയമാണ്.
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തും ഇതേ കഥയാണ്. സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടപ്പെടേണ്ട സ്ഥാപനങ്ങളല്ല, സംരക്ഷിക്കപ്പെടേണ്ട ജനാധിപത്യ ഇടങ്ങളാണ് എന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ എടുത്തത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ സ്കൂളുകൾ നവീകരിക്കപ്പെട്ടു. ഹൈടെക് ക്ലാസ്മുറികളും പുതിയ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും വഴി സർക്കാർ സ്കൂളുകൾ വീണ്ടും സാധാരണക്കാരുടെ അഭിമാനമായി മാറി. ഇടതുപക്ഷത്തിന്റെ വിദ്യാഭ്യാസ നയം വളരെ വ്യക്തമായിരുന്നു: പണമുള്ളവരുടെ കുട്ടികൾക്ക് മാത്രം ഗുണമേൻമയുള്ള വിദ്യാഭ്യാസം എന്ന സ്വകാര്യവൽക്കരണ മാതൃകയെ തകർക്കുക. തൊഴിലാളിയുടെ മകനും കർഷകന്റെ മകളും മത്സ്യത്തൊഴിലാളിയുടെ കുട്ടിയും സർക്കാർ സ്കൂളിൽ പഠിച്ച് അഭിമാനത്തോടെ വളരാൻ കഴിയണം. അതാണ് പൊതുവിദ്യാഭ്യാസത്തിന്റെ ഇടതുപക്ഷ അർത്ഥം. എന്നാൽ ഇടതുപക്ഷ സർക്കാർ 2016-ൽ അധികാരത്തിൽ എത്തുമ്പോൾ 5 ആം ക്ളാസ്സിൽ പഠിച്ച കുട്ടി 2026 ലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തപ്പോൾ ആ വികാസങ്ങളെ ഓർത്തുകാണുമോ ?
പൊതുമേഖലയിലും എൽഡിഎഫ് വ്യത്യസ്തമായ ഒരു രാഷ്ട്രീയ മാതൃക ഉയർത്തി. കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന, തൊഴിലാളിയെ പുറത്താക്കുന്ന, രാജ്യം കോർപ്പറേറ്റുകൾക്ക് കൈമാറുന്ന കാലത്ത് കേരളം പൊതുമേഖലയെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ശ്രമിച്ചു. 2025 ഒക്ടോബർ വരെയുള്ള അവലോകനത്തിൽ സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 48 പൊതുമേഖലാ സ്ഥാപനങ്ങളിൽ 27 എണ്ണം ലാഭത്തിലായതായി റിപ്പോർട്ടുകൾ പറയുന്നു; KMML, Keltron, Keltron ECL എന്നിവ മികച്ച പ്രകടനം കാഴ്ചവെച്ച സ്ഥാപനങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ടു.ഇതും ഒരു വർഗ്ഗരാഷ്ട്രീയമാണ്. ഫാക്ടറി അടച്ചുപൂട്ടാതിരിക്കുക എന്നത് തൊഴിലാളിയുടെ വീട്ടിലെ അടുക്കളയിൽ തീ കെടുത്താതിരിക്കുക എന്നതാണ്. പൊതുമേഖല വിറ്റഴിക്കാതിരിക്കുക എന്നത് ജനങ്ങളുടെ സ്വത്ത് കോർപ്പറേറ്റ് കയ്യിലേക്ക് പോകാതിരിക്കുക എന്നതാണ്. വലതുപക്ഷത്തിന് പൊതുമേഖല നഷ്ടക്കണക്കാണ്. ഇടതുപക്ഷത്തിന് അത് തൊഴിലാളിയുടെ ജീവിതമാണ്. എന്നാൽ ഈ തൊഴിലാളി കുടുംബങ്ങൾ ഈ സാഹചര്യം ഓർത്തുകാണുമോ ?
വലതുപക്ഷം ഈ മാറ്റങ്ങളെ രാഷ്ട്രീയമായി അദൃശ്യമാക്കി. സർക്കാർ സ്കൂൾ നല്ലതായാൽ അത് “സ്വാഭാവികം”; ആശുപത്രി മെച്ചപ്പെട്ടാൽ അത് “അവകാശം”; പെൻഷൻ കിട്ടിയാൽ അത് “തനിയെ കിട്ടേണ്ടത്”; വീട് കിട്ടിയാൽ അത് “എനിക്കുള്ളത്”; പാലം കിട്ടിയാൽ അത് “വികസനം”. എന്നാൽ ഇതെല്ലാം സാധ്യമാക്കിയ ഭരണദർശനം ഏത്? മനുഷ്യന്റെ ജീവിതം വിപണിക്കു വിട്ടുകൊടുക്കാതെ സംസ്ഥാനം ഇടപെടണം എന്ന ആശയം ഏത് രാഷ്ട്രീയത്തിന്റേതാണ്? ഈ ചോദ്യം ജനങ്ങൾക്കിടയിൽ നിന്ന് മായ്ച്ചുകളഞ്ഞതാണ് വലതുപക്ഷത്തിന്റെ ഏറ്റവും വലിയ വിജയം. അതുകൊണ്ട് തന്നെ ജനം
കടൽഭിത്തി സംരക്ഷണം തീർത്ത രാഷ്ട്രീയത്തെ മറന്നു. വീടില്ലായ്മയെ സാമൂഹിക പ്രശ്നമായി കണ്ട ഇടതുപക്ഷത്തെ മറന്നു.ഒറ്റപ്പെട്ട ഗ്രാമങ്ങളെ സംസ്ഥാനത്തിന്റെ ഭൂപടത്തിൽ ചേർത്ത സർക്കാരിനെ മറന്നു.വിദ്യാഭ്യാസത്തെ വിപണിയിൽ നിന്ന് തിരികെ പിടിച്ച രാഷ്ട്രീയത്തെ മറന്നു. ക്ഷേമപെൻഷനുകളെ മനുഷ്യാവകാശമായി കണ്ട ഭരണത്തെ മറന്നു. പൊതുമേഖല നിലനിർത്തി തൊഴിലാളിയുടെ ജോലി സംരക്ഷിച്ച വർഗ്ഗ നിലപാടിനെ മറന്നു.
ജനങ്ങൾ മറന്നുവെങ്കിൽ, ആ മറവി എങ്ങനെ നിർമ്മിക്കപ്പെട്ടു എന്ന് ഇടതുപക്ഷം പരിശോധിക്കണം. ക്ഷേമത്തിന്റെ രാഷ്ട്രീയ അർത്ഥം ജനങ്ങളിലേക്ക് എത്തിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞോ? ജനക്ഷേമ പദ്ധതികൾ ജനങ്ങളുടെ ജീവിതത്തിൽ എത്തിയെങ്കിലും, അതിന്റെ വർഗ്ഗപരമായ ബോധം ജനങ്ങളുടെ മനസ്സിലേക്ക് എത്തിയോ? വീടിന്റെ താക്കോൽ കൊടുത്തു; പക്ഷേ ആ താക്കോൽ സ്വകാര്യവൽക്കരണത്തിനെതിരായ രാഷ്ട്രീയത്തിന്റെ അടയാളമാണെന്ന് പറഞ്ഞോ? പെൻഷൻ നൽകി; പക്ഷേ അത് ദയ അല്ല, വർഗ്ഗസമരത്തിന്റെ ഫലമായ സാമൂഹിക അവകാശമാണെന്ന് നിരന്തരം പഠിപ്പിച്ചോ?
യഥാർത്ഥത്തിൽ ഈ രാഷ്ട്രീയ വിസ്മൃതി ഒരു സ്വാഭാവിക പ്രക്രിയയല്ല; മറിച്ച് വലതുപക്ഷ മാധ്യമങ്ങൾ കൃത്യമായ ആസൂത്രണത്തോടെ നിർമ്മിച്ചെടുക്കുന്ന ഒന്നാണ്. വികസനത്തിന്റെ ഗുണഫലങ്ങൾ ജനങ്ങളിൽ എത്തുമ്പോൾ, ആ നേട്ടങ്ങളെ പൊതുമധ്യത്തിൽ അപ്രസക്തമാക്കാൻ “അഴിമതി” എന്ന പുകമറ അവർ ഉപയോഗിക്കുന്നു. ഒരു പാലം പണിയുമ്പോഴോ, ലക്ഷക്കണക്കിന് വീടുകൾ പൂർത്തിയാക്കുമ്പോഴോ ആ നേട്ടത്തിന്റെ രാഷ്ട്രീയ മൂല്യത്തെ തകർക്കാൻ വസ്തുതകളില്ലാത്ത വിവാദങ്ങൾ പടച്ചുവിടുന്നു. വികസനത്തിന്റെ Grand Narrative-നെ ചെറു ആരോപണങ്ങളുടെ ചർച്ചകളിലേക്ക് ചുരുട്ടിക്കെട്ടുന്നതിലൂടെ, സാധാരണക്കാരന്റെ ബോധമണ്ഡലത്തിൽ സർക്കാരിനെക്കുറിച്ചുള്ള അവിശ്വാസം ബോധപൂർവ്വം കുത്തിവെക്കുന്നു. നേട്ടങ്ങൾ അനുഭവിക്കുമ്പോഴും അത് നൽകിയ രാഷ്ട്രീയ പ്രസ്ഥാനത്തെ സംശയത്തോടെ നോക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന ഈ ‘മാധ്യമ വിചാരണകൾ’ വിസ്മൃതിയുടെ വിപണനത്തിലെ പ്രധാന ആയുധമാണ്.
വർഗ്ഗപരമായ ഐക്യത്തെ തകർക്കാൻ വലതുപക്ഷം പ്രയോഗിക്കുന്ന ഏറ്റവും മാരകമായ തന്ത്രമാണ് വർഗീയ ധ്രുവീകരണവും സ്വത്വ രാഷ്ട്രീയവും (Identity Politics). വികസനത്തിന്റെയും ക്ഷേമത്തിന്റെയും ഗുണഭോക്താക്കൾ എന്ന നിലയിൽ ഒന്നിച്ചു നിൽക്കേണ്ട ജനതയെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കുന്നതിലൂടെ വികസന ചർച്ചകൾ അപ്രസക്തമാകുന്നു. ഒരു തൊഴിലാളിയെന്നോ, ഭൂരഹിതനെന്നോ ഉള്ള വർഗ്ഗബോധത്തിന് പകരം മതാത്മകമായ സ്വത്വത്തിന് മുൻഗണന നൽകപ്പെടുമ്പോൾ അവിടെ രാഷ്ട്രീയ വിസ്മൃതി പൂർണ്ണമാകുന്നു. ഭൂരിപക്ഷ വർഗീയത ഭീതി വിതയ്ക്കുമ്പോൾ അതിനെ പ്രതിരോധിക്കാനെന്ന പേരിൽ ന്യൂനപക്ഷ വർഗീയതയും വേരുപിടിക്കുന്നു. ഈ രണ്ട് ധ്രുവങ്ങൾക്കിടയിൽ യഥാർത്ഥ ജീവിത പ്രശ്നങ്ങളും ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന വർഗ്ഗരാഷ്ട്രീയവും അദൃശ്യമാക്കപ്പെടുന്നു. വികസന നേട്ടങ്ങൾ ചർച്ചയാകേണ്ട തിരഞ്ഞെടുപ്പ് വേളകളിൽ വൈകാരികമായ വർഗീയ വിഷയങ്ങൾ കുത്തിപ്പൊക്കി വോട്ടർമാരെ ഭിന്നിപ്പിക്കുന്നത് വലതുപക്ഷത്തിന്റെ ബോധപൂർവ്വമായ അജണ്ടയാണ്.
വലതുപക്ഷത്തിന്റെ വ്യാജ പ്രചാരണങ്ങളെ മാധ്യമങ്ങൾ ആഘോഷമാക്കി ഇടതുപക്ഷത്തിനെതിരെ തിരിച്ചുവിട്ടു. ഇതിനൊപ്പം വർദ്ധിത വീര്യത്തോടെ സോഷ്യൽ മീഡിയ ദിവസേന കള്ളങ്ങൾ നമ്മുടെ ഫോണിലൂടെ പമ്പ് ചെയ്തുകൊണ്ടിരുന്നു. ഭൂരിപക്ഷ വർഗീയത പ്രചരിപ്പിച്ചു ബിജെപിയും, ന്യുനപക്ഷ വർഗീയത പരത്തി SDPIയും, ഈ വൈരുദ്ധ്യങ്ങളെ വോട്ടാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്സും ചേർന്ന് വർഗ്ഗപ്രശ്നങ്ങളെ സ്വത്വ രാഷ്ട്രീയത്തിന്റെ തിരശീലയ്ക്ക് പിന്നിൽ ഒളിപ്പിച്ചു. ക്ഷേമ പെൻഷനും ലൈഫ് മിഷനും ചർച്ചയാകേണ്ട ഇടങ്ങളിൽ വിശ്വാസവും വർഗീയതയും ചർച്ചയാക്കി മാറ്റുന്നതിൽ അവർ വിജയിച്ചു. ഈ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യത്തെ നേരിടാൻ ഇടതുപക്ഷത്തിന് കൂടുതൽ മൂർച്ചയുള്ള രാഷ്ട്രീയ ഭാഷയും പുതിയ ജനകീയ സംഘാടന രീതിയും അനിവാര്യമായിരിക്കുന്നു.
മറവി വോട്ടായി മാറിയേക്കാം; ആ രാഷ്ട്രീയം താൽക്കാലികമായി വിജയിച്ചേക്കാം. പക്ഷേ അത് എക്കാലത്തേക്കുമുള്ള വിജയം ആകില്ല. മറവിയിൽ നിന്ന് ഓർമ്മയിലേക്കുള്ള ദൂരം ഒരു രാഷ്ട്രീയ പോരാട്ടമാണ്; അതിനുള്ള ഉത്തരം ഇന്നലകളിലെ അനുഭവങ്ങൾ വരുംകാലത്ത് മറുപടി പറയും.




