സഖാവ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി പാർട്ടി തെരഞ്ഞെടുത്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പലവിധ പ്രതികരണങ്ങളും കണ്ടു. അതിൽ ഏറ്റവും വേദനിപ്പിക്കുന്നതും രാഷ്ട്രീയമായി അപകടകരവുമായ ഒരു പ്രവണതയുണ്ട്. ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പരാജയത്തെ മുഴുവൻ പിണറായി വിജയൻ എന്ന ഒരൊറ്റ വ്യക്തിയുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമം.

പരാജയം പരിശോധിക്കണം. തീർച്ചയായും പരിശോധിക്കണം. ജനവിധിയെ ഇടതുപക്ഷം മനസ്സോടെ കേൾക്കണം. സംഘടനാപരമായ വീഴ്ചകളും ഭരണപരമായ കുറവുകളും ജനങ്ങളുമായുള്ള ആശയവിനിമയത്തിലെ പരിമിതികളും പുതിയ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളും എല്ലാം ഗൗരവത്തോടെ വിലയിരുത്തണം. പക്ഷേ അതെല്ലാം മാറ്റിവെച്ച്, “പിണറായി ശൈലി” എന്ന ഒറ്റ വാക്കിലേക്ക് ഒരു ചരിത്രപരമായ രാഷ്ട്രീയ പ്രക്രിയയെ ചുരുക്കുന്നത് ഇടതുപക്ഷ വിമർശനം അല്ല. അത് വലതുപക്ഷം വർഷങ്ങളായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന പിണറായി വിരുദ്ധ നാരേറ്റീവിന്റെ ആവർത്തനമാണ്.

1964-ൽ ഒരു കൗമാരക്കാരന്റെ ആവേശത്തോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ ഒരാളാണ് പിണറായി വിജയൻ. 1967-ൽ തലശ്ശേരി മണ്ഡലം സെക്രട്ടറി. 1968-ൽ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം. 1972-ൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം. 1978-ൽ സംസ്ഥാന കമ്മിറ്റി. 1986-ൽ കണ്ണൂർ ജില്ലാ സെക്രട്ടറി. 1989-ൽ സംസ്ഥാന സെക്രട്ടേറിയറ്റ്. 1998 മുതൽ 2015 വരെ CPI(M) സംസ്ഥാന സെക്രട്ടറി, 2002 മുതൽ പാർട്ടി പിബി അംഗം, തുടർന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി പത്ത് വർഷം.

1964-ൽ പാർട്ടി അംഗമായത് മുതൽ ആറ് പതിറ്റാണ്ടുകാലം വർഗ്ഗസമരത്തിന്റെ തീച്ചൂളയിൽ പാകപ്പെട്ട രാഷ്ട്രീയ വ്യക്തിത്വമാണ് സഖാവ് പിണറായി വിജയന്റേത്.ഈ യാത്ര പൂമെത്തയിലൂടെയായിരുന്നില്ല. കണ്ണൂരിന്റെ രാഷ്ട്രീയ തീച്ചൂളയിലും സംഘടനയുടെ കഠിനപരീക്ഷണങ്ങളിലും മാധ്യമ വേട്ടയിലും ആഭ്യന്തര പ്രതിസന്ധികളിലും നിന്നാണ് ആ നേതാവ് രൂപപ്പെട്ടത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വലിയ ആഭ്യന്തര കലഹങ്ങളിലൂടെ കടന്നുപോയ കാലത്ത് പാർട്ടി തകരുമെന്ന് വലതുപക്ഷ മാധ്യമങ്ങൾ ആഘോഷത്തോടെ പ്രവചിച്ചപ്പോൾ, ആ പാർട്ടിയെ ഉരുക്കുകോട്ട പോലെ കാത്തുസൂക്ഷിച്ച സെക്രട്ടറി പിണറായി വിജയനായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലുകൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാനുള്ള ആഭ്യന്തര-ബാഹ്യ വെല്ലുവിളികൾക്കെതിരെയുള്ള ഉരുക്കുമതിലായിരുന്നു.

വലതുപക്ഷ മാധ്യമങ്ങൾ അദ്ദേഹത്തിന് കൊടുത്ത പേരുകൾ പലതായിരുന്നു; ധാർഷ്ട്യക്കാരൻ, കാർക്കശ്യക്കാരൻ, പാർട്ടിയിൽ ഏകാധിപത്യ സ്വഭാവമുള്ളയാൾ. പക്ഷേ ശത്രുവിന് മുന്നിൽ മുട്ടുമടക്കാത്ത ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ദൃഢതയെയാണ് അവർ പലപ്പോഴും “ധാർഷ്ട്യം” എന്ന് വിളിച്ചത്. വർഗ്ഗരാഷ്ട്രീയത്തിന്റെ ഭാഷ അറിയാത്തവർക്ക് സംഘടനാ കാഠിന്യം എല്ലായ്പ്പോഴും അഹങ്കാരമായി തോന്നും.സംഘടനാപരമായ ഈ കാഠിന്യത്തെ ‘ധാർഷ്ട്യം’ എന്ന് വിളിക്കുന്നത് ബൂർഷ്വാ മാധ്യമങ്ങളാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം സംഘടനയാണ് പരമം. വ്യക്തികൾ ആ സംഘടനാ തത്വത്തിന്റെ പ്രതിരൂപങ്ങൾ മാത്രമാണ്. സഖാവിന്റെ ശൈലി എന്നത് വ്യക്തിപരമായ ഒന്നല്ല, മറിച്ച് കേഡർ പാർട്ടിയുടെ അച്ചടക്കവും തീരുമാനങ്ങളും നടപ്പിലാക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്റെ നിശ്ചയദാർഢ്യമാണ്.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഇടതുപക്ഷ സർക്കാരിന് ജനങ്ങൾ ഭരണത്തുടർച്ച നൽകി. 2021-ലെ ആ ചരിത്രവിജയത്തിൽ പിണറായി വിജയൻ എന്ന നേതാവിന്റെ പങ്ക് ഇല്ലെന്ന് നെഞ്ചിൽ കൈവെച്ച് പറയാൻ ഈ വിമർശിക്കുന്നവർക്ക് ആകുമോ? പ്രളയകാലത്ത് കേരളത്തെ പിടിച്ചുനിർത്തിയ ഭരണനേതൃത്വം, കോവിഡ് കാലത്ത് പൊതുജനാരോഗ്യത്തെ ജനങ്ങളുടെ അവകാശമായി കാത്തുനിന്ന സമീപനം, ലൈഫ് മിഷൻ, പൊതുവിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ നവീകരണം, കിഫ്ബി വഴിയുള്ള വികസന ദിശാബോധം, സാമൂഹ്യക്ഷേമ പെൻഷനുകൾ, ഇതെല്ലാം കേരളത്തിന്റെ ജനജീവിതത്തിൽ പതിഞ്ഞ ഇടപെടലുകളാണ്.

2021-ൽ കേരളം നൽകിയ ചരിത്രപരമായ ഭരണത്തുടർച്ച ഒരു വ്യക്തിയുടെ മാത്രം വിജയമായിരുന്നില്ല, മറിച്ച് ജനപക്ഷ ബദൽ നയങ്ങൾക്കുള്ള അംഗീകാരമായിരുന്നു. പ്രളയവും മഹാമാരിയും നേരിട്ടപ്പോൾ ‘സ്റ്റേറ്റ്’ എങ്ങനെയാണ് ജനങ്ങൾക്ക് താങ്ങാവേണ്ടത് എന്നതിന് ലോകത്തിന് മാതൃകയായത് പിണറായി വിജയൻ നയിച്ച സർക്കാരാണ്. പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യവും സംരക്ഷിച്ചും, ലൈഫ് മിഷനിലൂടെ പാർപ്പിടം ഉറപ്പാക്കിയും അദ്ദേഹം നടപ്പിലാക്കിയത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമാണ്.

ഇതൊക്കെ പറഞ്ഞാൽ പിണറായി വിജയൻ വിമർശനാതീതനാണെന്നല്ല. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ ആരും വിമർശനാതീതരല്ല. നേതാക്കളെ മഹത്വവൽക്കരിക്കുന്നതും ദൈവവത്കരിക്കുന്നതും ഇടതുപക്ഷ രീതിയല്ല. (ഒരു സമ്മേളനത്തിൽ പിണറായി സഖാവിന്റെ ചിത്രം വെച്ചുള്ള കോടികൾ കണ്ടപ്പോൾ ആ കോടികൾ എത്രയും വേഗം ഒഴിവാക്കണം എന്നും ആ രീതി പാർട്ടി രീതി അല്ല എന്ന താക്കീതും ചെയ്തത് ഓർത്തെടുക്കുന്നു.) പക്ഷേ വിമർശനം രാഷ്ട്രീയബോധമുള്ളതാകണം. ചരിത്രബോധമുള്ളതാകണം. വർഗ്ഗബോധമുള്ളതാകണം. പരാജയം വന്നപ്പോൾ നേതാവിനെ കല്ലെറിയുകയും വിജയം വന്നപ്പോൾ അതേ നേതാവിന്റെ പേരിൽ അഭിമാനിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ ധാർമ്മികതയല്ല.

ജനവിധിയിൽ പരാജയമുണ്ടാകുമ്പോൾ അത് പരിശോധിക്കപ്പെടണം എന്നത് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് രീതിയാണ്. പക്ഷേ, ആ പരാജയത്തെ മുഴുവൻ ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുന്നത് രാഷ്ട്രീയ നിരക്ഷരതയാണ്. ഇടതുപക്ഷത്തിന്റെ വീഴ്ചകളെ വസ്തുനിഷ്ഠമായി (Objectively) വിലയിരുത്തുന്നതിന് പകരം വലതുപക്ഷത്തിന്റെ പദാവലികൾ കടമെടുത്ത് സഖാവിനെ വേട്ടയാടുന്നത് ആത്യന്തികമായി പ്രസ്ഥാനത്തെയാണ് മുറിവേൽപ്പിക്കുന്നത്.

പിണറായി വിജയനെ ഒറ്റപ്പെടുത്തി ആക്രമിക്കുക എന്നത് വലതുപക്ഷ മാധ്യമങ്ങളുടെ പഴയ അജണ്ടയാണ്. പിണറായിയെ തകർത്താൽ കേരളത്തിലെ ഇടതുപക്ഷത്തിന്റെ നട്ടെല്ല് തകർക്കാമെന്ന് അവർക്ക് അറിയാം. അതുകൊണ്ടുതന്നെ പിണറായി വിരുദ്ധത പലപ്പോഴും ഒരു വ്യക്തിവിരോധമല്ല; അത് ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ മുഖമൂടിയാണ്.

ദൗർഭാഗ്യകരമായി, ചില ഇടതുപക്ഷ അനുഭാവികളും അതേ ഭാഷ ഏറ്റുപിടിക്കുന്നു. “എല്ലാം പിണറായി കാരണമാണ്” എന്ന് വിളിച്ചുപറയുമ്പോൾ അവർ യഥാർത്ഥത്തിൽ സ്വന്തം പ്രസ്ഥാനത്തെയല്ല തിരുത്തുന്നത്; ശത്രുവിന്റെ ആയുധത്തിന് മൂർച്ച കൂട്ടുകയാണ് ചെയ്യുന്നത്. സ്വയംവിമർശനത്തിന്റെയും സ്വയംനിന്ദയുടെയും വ്യത്യാസം ഇടതുപക്ഷം തിരിച്ചറിയണം.

ഇനി പിണറായി വിജയൻ പ്രതിപക്ഷ നേതാവാണ്. അത് ഒരു സ്ഥാനമാറ്റം മാത്രമല്ല; അത് ഒരു പുതിയ രാഷ്ട്രീയ പോരാട്ടത്തിന്റെ തുടക്കമാണ്. മുഖ്യമന്ത്രിയായിരിക്കുമ്പോൾ കേരളത്തെ നയിച്ച നേതാവിന്, പ്രതിപക്ഷ നേതാവായും കേരളത്തിന്റെ ജനകീയ താൽപര്യങ്ങൾ കാക്കാൻ കഴിയും. നിയമസഭയിൽ പിണറായി വിജയൻ ഇരിക്കുന്ന കസേരയ്ക്ക് ഒരു ഗാംഭീര്യമുണ്ട്. അത് ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിതാവകാശങ്ങളുടെ കാവൽക്കാരന്റെ കസേരയാണ്.

തെരഞ്ഞെടുപ്പിൽ യുഡിഫ് 102 MLA മാരുടെ വിജയത്തിൽ സർക്കാർ രൂപീകരിക്കുകയാണ്. ഇനി ചോദിക്കേണ്ട ചോദ്യങ്ങൾ വ്യക്തമാണ്. കേരളത്തിന്റെ ക്ഷേമസംവിധാനങ്ങൾ സംരക്ഷിക്കപ്പെടുമോ? പൊതുജനാരോഗ്യവും പൊതുവിദ്യാഭ്യാസവും വിപണിക്ക് വിട്ടുകൊടുക്കുമോ? സാമൂഹ്യക്ഷേമ പെൻഷനുകളും ലൈഫ് പോലുള്ള പദ്ധതികളും തുടരുമോ? കിഫ്ബി പോലുള്ള വികസന ഇടപെടലുകൾ ഇല്ലാതാക്കുമോ? തൊഴിലാളി, കർഷകൻ, മത്സ്യത്തൊഴിലാളി, ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ എന്താകും? കേന്ദ്രത്തിന്റെ സാമ്പത്തിക ഞെരുക്കത്തിനെതിരെ പുതിയ സർക്കാർ എന്ത് നിലപാട് സ്വീകരിക്കും?

ഈ ചോദ്യങ്ങൾ നിയമസഭയ്ക്കുള്ളിലും പുറത്തും കരുത്തോടെ ഉയർത്താൻ കഴിയുന്ന പ്രതിപക്ഷ നേതാവാണ് പിണറായി വിജയൻ. അനുഭവസമ്പത്തും ഭരണപരിചയവും സംഘടനാ കാഠിന്യവും ആശയ വ്യക്തതയും ഉള്ള നേതാവ്.

യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുന്ന പുതിയ സാഹചര്യത്തിൽ, കേരളം ആർജ്ജിച്ചെടുത്ത വികസന നേട്ടങ്ങൾ സംരക്ഷിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഇനി ഇടതുപക്ഷത്തിനുള്ളത്. പൊതുമേഖലയെ വിറ്റഴിക്കാനും, ക്ഷേമപദ്ധതികൾ വെട്ടിച്ചുരുക്കാനുമുള്ള നവലിബറൽ നീക്കങ്ങൾക്കെതിരെയുള്ള കരുത്തുറ്റ കാവലാളായി സഖാവ് പിണറായി വിജയൻ പ്രതിപക്ഷ നിരയിലുണ്ടാകും.

അനുഭവസമ്പത്തും ഭരണപരമായ കാഴ്ചപ്പാടുമുള്ള ഒരു നേതാവ് പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കുന്നത് കേരളത്തിലെ സാധാരണക്കാരായ മനുഷ്യർക്ക് വലിയൊരു സുരക്ഷാ ബോധം നൽകുന്നതാകും. അധികാരത്തിന്റെ പദവികളല്ല, മറിച്ച് ജനകീയ താൽപ്പര്യങ്ങളാണ് ഒരു കമ്മ്യൂണിസ്റ്റുകാരനെ നയിക്കുന്നത്.

അതുകൊണ്ട് പിണറായി വിജയനെ വിമർശിക്കാം. പക്ഷേ പിണറായി വിജയനെ ഇല്ലാതാക്കി കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തെ വായിക്കാൻ ശ്രമിക്കരുത്. പരാജയത്തിൽ നിന്ന് പഠിക്കണം. പക്ഷേ പരാജയത്തിന്റെ പേരിൽ ചരിത്രത്തെ കല്ലെറിയരുത്.

ഇടതുപക്ഷം തോൽവിയിൽ നിന്ന് പഠിക്കും. തിരുത്തും. കൂടുതൽ ജനങ്ങളിലേക്ക് മടങ്ങിച്ചെല്ലും. പക്ഷേ വലതുപക്ഷ മാധ്യമങ്ങൾ എഴുതിക്കൊടുത്ത കുറ്റപത്രം വായിച്ച് സ്വന്തം നേതാക്കളെ വിചാരണ ചെയ്യാൻ ഇടതുപക്ഷം നിൽക്കരുത്.
പിണറായി വിജയൻ പാർലമെന്ററി രാഷ്ട്രീയത്തിന്റെ അധികാര രാഷ്ട്രീയത്തിന്റെ നേതാവ് അല്ല മറിച്ച് സമര പോരാട്ടത്തിന്റെ രാഷ്ട്രീയത്തിൽ നിന്ന് ഉയർന്നുവന്ന സഖാവാണ്.

പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട്, കേഡർ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തി, വർഗ്ഗരാഷ്ട്രീയത്തിന്റെ മൂർച്ചയോടെ ഇടതുപക്ഷം തിരിച്ചുവരിക തന്നെ ചെയ്യും. ആ പോരാട്ടത്തിന് സഖാവ് പിണറായി വിജയന്റെ സാന്നിധ്യം കരുത്ത് പകരും.

ചരിത്രത്തെ കല്ലെറിയുന്നവർക്ക് കാലം മറുപടി നൽകും.

ലാൽസലാം.