എ.കെ.ജി-യുടെ സമര പോരാട്ടങ്ങളുടെ ഒർമ്മകൾക്കു മുന്നിൽ ഒരുപിടി രക്തപുഷ്പ്പങ്ങൾ

ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ എന്ന എ.കെ.ജിഈ മൂന്നക്ഷരം ഇന്ത്യയിലെ ജനകോടികളുടെ ഹൃദയങ്ങളില്‍ ആഴത്തിൽ പതിഞ്ഞ മനുഷ്യസ്നേഹിയുടെ പേരാണ് ,പാവങ്ങളുടെ പടത്തലവൻ .

 
1902 ഒക്ടോബർ ഒന്നാം തിയതി പെരളശ്ശേരിക്കടുത്ത്‌ മക്രേരി ഗ്രാമത്തിലെ ആയില്യത്ത്‌ കുറ്റിയ്യരി എന്ന ജന്മി തറവാട്ടില്‍ വെള്ളുവക്കണ്ണോത്ത് രൈരുനായരുടേയുംആയില്യത്ത് കുറ്റിയേരി മാധവിയമ്മയുടേയും മകനായി ജനിച്ചു.പിതാവിൽ നിന്നാണ് പൊതുപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ അദ്ദേഹം പഠിച്ചത്.
 

വിദ്യാഭ്യാസത്തിനു ശേഷം കുറച്ചു നാൾ അധ്യാപകനായി ജോലി ചെയ്തിരുന്നു . അധ്യാപകനായി ജോലി ചെയ്യുന്ന കാലഘട്ടത്തിൽത്തന്നെ പൊതുപ്രവർത്തനത്തിനോടു അടങ്ങാത്ത താൽപര്യമായിരുന്നു അദ്ദേഹത്തിന്. മാഹാത്മജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരം രാജ്യമാകെ ശക്തിപ്പെട്ടുവരുന്ന കാലമായിരുന്നു അത്.ഗാന്ധിജിയിൽ നിന്നും ആദർശം ഉൾക്കൊണ്ട് മഹത്തായ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ പങ്കുകൊള്ളുന്നു . 1927-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ‍ ചേർന്നു രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. വിദേശ വസ്ത്ര ബഹിഷ്കരണംഖാദി പ്രചാരണംഎന്നിവയിൽ അദ്ദേഹത്തിനു താൽപര്യം ജനിച്ചു. പയ്യന്നൂരിലേക്കു വന്ന ജാഥ നയിച്ച കേളപ്പന്റെ പ്രസംഗം ഗോപാലന്റെ മനസ്സിനെ തന്നെ മാറ്റിമറിച്ചു. സ്കൂൾ അധികാരികൾക്ക് തന്റെ രാജിക്കത്ത് സമർപ്പിച്ചു അധ്യാപകജോലി ഉപേക്ഷിച്ചു  ഒരു മുഴുവന്‍ സമയ രാഷ്‌ട്രീയ പ്രവര്‍ത്തകനായി . സമരത്തിന്റെ ഭാഗമായി  ഖാദിയുടെ പ്രചരണത്തിലും ഹരിജന ഉദ്ധാരണത്തിനും വേണ്ടി കഠിനമായി പ്രവർത്തിച്ചു. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് 1930-ൽ അദ്ദേഹം തടവിലാക്കപ്പെട്ടു. 1930-ല്‍ ഉദ്യോഗം രാജി വച്ച്‌ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത്‌ ജയില്‍വാസം വരിച്ചതുകൊണ്ട്‌ ആരംഭിച്ച അദ്ദേഹത്തിന്റെ പൊതുജീവിതം 1977 മാര്‍ച്ച്‌ 22ആം തിയതി അന്തരിക്കുന്നവരെയും ഇന്ത്യയിലാകമാനം നിറഞ്ഞുനിന്നു.

 
സഖാവിന്റെ മനസ്സ് കഷ്ടപ്പെടുന്ന തൊഴിലാളികളുടേയുംഅവശതയനുഭവിക്കുന്ന സാധാരണക്കാരുടേയും കൂടെയായിരുന്നു. സമൂഹത്തിൽ അവശത അനുഭവിക്കുന്ന മനുഷ്യ നിർമ്മിതമായ ജാതിവ്യവസ്ഥയിൽ  താഴ്ന്ന ജാതിക്കാരോട് സവര്‍ണ്ണര്‍ നടത്തുന്ന അയിത്തത്തിനെതിരെയുള്ള പോരാട്ടമാണ് എകെജി പിന്നീട്  നടത്തിയത്.

വടകര കോൺഗ്രസ്സ് സമ്മേളനത്തിൽ വെച്ച് എല്ലാ ഹൈന്ദവക്ഷേത്രങ്ങളിലും ഹിന്ദുക്കൾക്കെല്ലാം തന്നെ പ്രവേശനം നൽകണം എന്ന ഒരു പ്രമേയം പാസ്സാക്കിയിരുന്നുഇതിനെ തുടർന്ന് കെ. കേളപ്പൻ ഗാന്ധിജിയെ ചെന്നു കണ്ട് ഗുരുവായൂർ സത്യാഗ്രഹം ആരംഭിക്കാനുള്ള അനുവാദം വാങ്ങുകയും നവംബർ 1 ന് സമരം തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തു. സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റനായി സഖാവ് AKG യെ ആണ് തിരഞ്ഞെടുത്തത്. ഗുരുവായൂർ സത്യാഗ്രഹം തുടങ്ങുന്നതിനു മുമ്പായി ജനപിന്തുണ ഉറപ്പാക്കാനായി ഒരാഴ്ച നീണ്ടു നിക്കുന്ന ഒരു പ്രചാരണ പരിപാടിയുടെ ഭാഗം ആയി  പയ്യന്നൂരിലെ ജന്മി കുടുംബമായ കണ്ടോത്ത് തറവാടിന്റെ മുമ്പിലൂടെ കേളപ്പനും AKGയും  അടങ്ങുന്ന സംഘം ഈ വഴിയിൽ കൂടി ഹരിജനങ്ങളെയും കൂട്ടി ഘോഷയാത്ര നടത്തി. ജാഥ നടത്തിയതിനു ജാഥയിലുള്ളവരെ ചെറുപ്പക്കാരും സ്ത്രീകളും അടങ്ങുന്ന 200 ഓളം വരുന്ന ജനക്കൂട്ടം  ആക്രമിച്ചു . മർദ്ദനത്തിനിരയായി  കേളപ്പനും AKG യും ബോധംകെട്ടുവീണു .ഗുരുവായൂർ സത്യഗ്രഹത്തിന് ലഭിച്ച ഏറ്റവും നല്ല പ്രചാരണമായിരുന്നു കണ്ടോത്തെ കുറുവടി.

 

ഗുരുവായൂർ സത്യാഗ്രഹം തീരുമാനമാവാതെ മുന്നോട്ടുപോയ്ക്കോണ്ടിരിക്കുന്ന സമയത്താണ് ഡിസംബർ 28 ന് വളണ്ടിയർ ക്യാപ്ടനായ ഗോപാലന് ക്ഷേത്രം ഭാരവാഹികൾ ഏർപ്പെടുത്തിയ സാമൂഹ്യവിരുദ്ധരിൽ നിന്നും ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നത്. ഇതോടെ സത്യാഗ്രഹം  അക്രമാസക്തമായിമർദ്ദനമേറ്റതിന്റെ പിറ്റേന്ന് പൊതുജനങ്ങൾ ക്ഷേത്രത്തിനു ചുറ്റും സ്ഥാപിച്ചിരുന്ന വേലി പൊളിച്ചു നീക്കി. ഭാരവാഹികൾ ക്ഷേത്രം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ജനുവരി 29 ന് ക്ഷേത്രം വീണ്ടും തുറന്നപ്പോൾ സത്യഗ്രഹവും പുനരാരംഭിച്ചു. ലക്ഷ്യം പൂർത്തീകരിക്കുവാനായി കെ. കേളപ്പൻ മരണം വരെ ഉപവാസം തുടങ്ങി. പ്രശ്നം അവസാനിപ്പിക്കുന്നതിനുംകേളപ്പന്റെ ജീവൻ രക്ഷിക്കുന്നതിനുമായി ധാരാളം ശ്രമങ്ങൾ നടന്നു. അവസാനം വിവരം ചൂണ്ടിക്കാണിച്ച് ഗാന്ധിജിക്ക് കമ്പി സന്ദേശം അയച്ചു. സമരം തൽക്കാലത്തേക്ക് നിറുത്തിവെക്കാനുംഭാവി പരിപാടികളുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും കാണിച്ച് ഗാന്ധിജി കേളപ്പനയച്ച സന്ദേശ പ്രകാരം ഗുരുവായൂർ സത്യാഗ്രഹം താൽക്കാലികമായി നിറുത്തിവെച്ചു.

 
 
ദേശീയ പ്രസ്ഥാനത്തിന്റെ വിജയത്തിനായി കർഷകരെ കൂടി സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗം ആക്കാൻ വേണ്ടി അവരെ സംഘടിപ്പിക്കുന്നതിനായി സഖാവ് ശ്രമം തുടങ്ങി . അങ്ങനെ കർഷകരോട് കൂടുതൽ അടുത്ത് പ്രവർത്തിക്കുവാൻ തുടങ്ങിയപ്പോൾ കർഷകകുടുംബങ്ങളുടെ അവസ്ഥകൾ നേരിട്ടു കണ്ടു മനസ്സിലാക്കാൻ കഴിഞ്ഞു . കഷ്ടപ്പെട്ടു മണ്ണിൽ പണിയെടുക്കുന്നത്  കർഷകനുംഅവസാനം ഫലം കൊണ്ടുപോകുന്നത് ജന്മിയും ആണെന്ന ഈ വ്യവസ്ഥ മാറേണ്ടതു തന്നെയെന്ന് സഖാവ്  ഉറപ്പിച്ചു.

ഇത്തരം ചിന്താഗതികൾ വച്ചു പുലർത്തിയ കോൺഗ്രസ്സിലെ നേതാക്കൾ സംഘടിച്ചാണ് പാട്നയിൽവെച്ച് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചത്. ശക്തരായ കർഷകതൊഴിലാളികളെ സംഘടിപ്പിച്ച് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമാക്കണമെന്നും ഉദ്ദേശത്തോടെകേരളത്തിലും കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഒരു ഘടകം പ്രവർത്തനമാരംഭിച്ചു.

സഖാവ്  കൃഷ്ണപിള്ളയും AKG യും  ചേർന്ന് ഏതാണ്ട് പതിനേഴോളം പേരെ സംഘടിപ്പിച്ച് കാലിക്കറ്റ് ലേബർ യൂണിയൻ സ്ഥാപിച്ചു. സാമ്പത്തികമായുംസാമുദായികമായും അവശത അനുഭവിക്കുന്ന തൊഴിലാളികളെ സംഘടിപ്പിക്കുന്ന സമയത്ത് അവരിലൊരാളായിരിക്കാൻ AKG ശ്രദ്ധിച്ചു. അവരോടൊപ്പം ഭക്ഷണം കഴിച്ചു. അവർ കിടക്കുന്ന പായയിൽ കിടന്നുറങ്ങി. അങ്ങനെ ഗോപാലൻപാവങ്ങളുടെ ഗോപാലേട്ടനാവുകയായിരുന്നു.പ്രക്ഷോഭങ്ങളെ ജീവവായു കണക്കെ സ്വാംശീകരിച്ച മഹാനായ വിപ്ലവകാരിയായിരുന്നു എ.കെ.ജി. ജനങ്ങള്‍ക്കൊപ്പം നിന്ന്‌ ജനങ്ങളില്‍ നിന്ന്‌ പഠിച്ച്‌ അവരെ നയിച്ച കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം. അടിസ്ഥാന വര്‍ഗങ്ങളോട്‌ പുലര്‍ത്തിയ അചഞ്ചലമായ അടുപ്പമാണ്‌ എ.കെ.ജിയെ `പാവങ്ങളുടെ പടത്തലവനാക്കിയത്‌.
 
1937 ൽ തിരുവിതാംകൂറിൽ ഉത്തരവാദിത്ത സർക്കാരിനു വേണ്ടിയുള്ള പ്രക്ഷോഭത്തിനു പിന്തുണ നൽകിമലബാർ മുതൽ മദിരാശി വരെയുള്ള നിരാഹാര മലബാർ ജാഥക്ക് എ.കെ.ജി ആണ് നേതൃത്വം നൽകിയത്.
കോഴിക്കോട് – ഫറോക്ക് മേഖലയില് ആദ്യത്തെ തൊഴിലാളി യൂണിയനുകള് കെട്ടിപ്പടുത്തതും,പണിമുടക്കുകള് സംഘടിപ്പിച്ചതും കൃഷ്ണപിള്ളയോടൊപ്പം  AKG യും ഉണ്ടായിരുന്നു . 1937 ൽ തിരുവിതാംകൂറിൽ ഉത്തരവാദിത്ത സർക്കാരിനു വേണ്ടിയുള്ള പ്രക്ഷോഭത്തിനു പിന്തുണ നൽകി,മലബാർ മുതൽ മദിരാശി വരെയുള്ള നിരാഹാര മലബാർ ജാഥക്ക് എ.കെ.ജി ആണ് നേതൃത്വം നൽകിയത്.
 
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിറവി കൊള്ളുന്നത് 1937-ൽ കോഴിക്കോടുള്ള തിരുവണ്ണൂരിൽ വച്ചു നടന്ന യോഗത്തോടെയാണ്. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലെ നാലംഗങ്ങളുംഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു കേന്ദ്ര കമ്മറ്റിയംഗവുമാണ് ഈ ആദ്യ യോഗത്തിൽ സംബന്ധിച്ചത്.1939-ൽ പിണറായി സമ്മേളനത്തോടെയാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഔദ്യോഗികമായി രൂപം കൊള്ളുന്നത്. ഈ സമ്മേളനത്തോടെ പി. കൃഷ്ണപിള്ള, ഇ.എം.എസ്സ്, കെ.ദാമോദരൻ, എൻ.സി.ശേഖർ, എൻ.ഇ. ബാലറാം,പി എസ് നമ്പൂതിരി തുടങ്ങി തൊണ്ണൂറോളം കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി അംഗങ്ങൾ എല്ലാം തന്നെ കമ്മ്യൂണിസ്റ്റുകാരായി മാറി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ എ.കെ.ജി അതില്‍ അംഗമായി.
 

പാർട്ടിക്കു നിരോധനം വന്നപ്പോൾ ഒളിവിൽപോയി.ഒളിവിൽ നിന്നും പുറത്തു വന്ന് പരസ്യമായി പെരുന്തൽമണ്ണയിഷ ഒരു യോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ അറസ്റ്റിലായി.

 രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതികരണം കൂടുതൽ ശക്തമായതോടെ 1939-ൽ അദ്ദേഹം വീണ്ടും തടവിലായി. 1942-ൽ തടവിൽ നിന്നും രക്ഷപ്പെട്ട് ഒളിവിൽ പോയി.1945-ൽ യുദ്ധം അവസാനിക്കുന്നതു വരെ ഈ ഒളിവുജീവിതം തുടർന്നു. എത്തിയ ഇടങ്ങളിലെല്ലാം അനീതികള്‍ക്കെതിരായുള്ള പോരാട്ടം എ.കെ.ജി സംഘടിപ്പിച്ചു. ജയിലുകളിലും എ.കെ.ജി പ്രക്ഷോഭമുയര്‍ത്തി. യുദ്ധത്തിനു ശേഷം വീണ്ടും തടവിലാക്കപ്പെട്ടു . 1947 ല്‍ ഇന്ത്യ സ്വതന്ത്രമാകപ്പെടുന്ന സമയത്തുപോലും എ.കെ.ജി ജയിലഴിക്കകത്തായിരുന്നു. പിന്നീട്‌ പ്രക്ഷോഭത്തെത്തുടര്‍ന്ന്‌ ഒക്‌ടോബര്‍ 24-നാണ്‌ സഖാവ്‌ മോചിതനാകുന്നത്‌.
 

ഇന്ത്യൻ കോഫീ ഹൗസ് എന്ന സ്ഥാപനത്തിന്റെ പിറവിക്കു കാരണക്കാരൻ AKG ആയിരുന്നു.1940 ലാണ് കോഫീബോർഡ് ഇന്ത്യൻ കോഫീ ഹൗസ് രാജ്യത്തൊട്ടാകെ ആരംഭിച്ചത്. 1950 കളിൽ ഇതിൽ പലതും യാതൊരു കാരണങ്ങളുമില്ലാതെ അടച്ചുപൂട്ടുകയുംതൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു. എ.കെ.ജി വിഷമവൃത്തത്തിലായ തൊഴിലാളികളുടെ നേതൃത്വം ഏറ്റെടുക്കുകയുംഅവരെ സംഘടിപ്പിച്ച് 19 ഓഗസ്റ്റ് 1957 ന്  ഇന്ത്യ കോഫീ ബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ബംഗളൂരിൽ സ്ഥാപിച്ചു . 27 ഒക്ടോബർ 1957ൽ ആദ്യത്തെ കോഫീ ഹൗസ് സ്ഥാപിക്കപ്പെട്ടത് ഡെൽഹിയിലാണ്.  ഇന്ത്യയൊട്ടാകെ 400 ഓളം കോഫീ ഹൗസുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.

 

എ.കെ.ജി നയിച്ചിട്ടുള്ള ജാഥകളെല്ലാം തന്നെ രാഷ്‌ട്രീയകൊടുങ്കാറ്റുകള്‍ അഴിച്ചുവിട്ടിട്ടുള്ളവയാണ്‌. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തെ തുടര്‍ന്ന്‌ കേരളമാകെ പര്യടനം നടത്തിയ പട്ടിണിജാഥതിരുവിതാംകൂറിലെ ഉത്തരവാദഭരണപ്രക്ഷോഭത്തെ സഹായിക്കാന്‍ പോയ മലബാര്‍ ജാഥ, 1960 ല്‍ കാസര്‍കോട്‌ നിന്ന്‌ തിരുവനന്തപുരം വരെ നടത്തിയ കര്‍ഷകജാഥ എന്നിവയെല്ലാം കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ പരിഷ്ക്കാരങ്ങൾക്കു കാരണമാകുകയായിരുന്നു . പാലിയം സത്യാഗ്രഹത്തിലും എ.കെ.ജി നേതൃത്വപരമായ പങ്ക്‌ വഹിച്ചു. അമരാവതിയിലെ കുടിയിറക്കലിനെതിരെ എ.കെ.ജി നടത്തിയ നിരാഹാരസമരം കേരളത്തിലെ ഐതിഹാസികസംഭവങ്ങിലൊന്നാണ്‌. ചുരുളി- കീരിത്തോട്ടിലേയുംകൊട്ടിയൂരിലേയും കുടിയിറക്കലിനെതിരായി എ.കെ.ജി നടത്തിയ സമരങ്ങളും പ്രസിദ്ധങ്ങളാണ്‌.

 
എ.കെ.ജിയുടെ പോരാട്ടം കേരളത്തിനകത്ത്‌ മാത്രമായി ഒതുങ്ങിനിന്നിരുന്നില്ല.മഹാഗുജറാത്ത്‌ പ്രക്ഷോഭത്തില്‍ പങ്കെടുത്ത്‌ അദ്ദേഹം അറസ്റ്റ്‌ വരിക്കുകയും പഞ്ചാബിലെ കര്‍ഷകര്‍ ജലനികുതിക്കെതിരായി നടത്തിയ പ്രക്ഷോഭത്തെ സഹായിച്ചതിന്‌ പഞ്ചാബില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്‌ത്‌ നാടു കടത്തുകയും ചെയ്‌തു. 1951 ല്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന കിസാന്‍ സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റായി എ.കെ.ജിയെ തെരഞ്ഞെടുത്തു. ഇന്ത്യയിലെ അക്കാലത്തെ എല്ലാ കര്‍ഷക പോരാട്ടങ്ങളിലും എ.കെ.ജിയുടെ സജീവമായ ഇടപെടലുണ്ടായിരുന്നു.
 
കോടതി പോലും എ.കെ.ജിക്ക്‌ സമരവേദിയായിരുന്നു. മുടവന്‍മുഗള്‍ കേസുമായി ബന്ധപ്പെട്ട്‌ എ.കെ.ജിയെ ജയിലിലടച്ചപ്പോള്‍ അതിനെതിരെ സ്വയം കേസ്‌ വാദിച്ച്‌ മോചനം വാങ്ങിയ അനുഭവവും സഖാവിനുണ്ട്‌. പുതിയ ഭരണഘടനയുടെ 22ആം വകുപ്പിലെ ചില പഴുതുകള്‍ ഉപയോഗിച്ച്‌ കരുതല്‍ തടങ്കല്‍ നിയമത്തിലെ  വ്യവസ്ഥകൾ  മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു കാണിച്ച്‌ അന്ന്‌ ജയിലിലായിരുന്ന എ.കെ.ജി സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയുടെയും സ്വതന്ത്ര ഇന്ത്യയിലെ നിയമവാഴ്‌ചയുടെയും ചരിത്രത്തില്‍ പ്രമുഖസ്ഥാനം നേടിയ ഈ കേസിനെ നിയമഭാഷയില്‍ `എ.കെ. ഗോപാലന്‍ വേഴ്‌സസ്‌ സ്റ്റേറ്റ്‌ ഓഫ്‌ മദ്രാസ്‌‘ എന്ന പേരില്‍ അറിയപ്പെടുന്നു .

കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവും കേരളത്തിന്റെ വ്യവസായ മന്ത്രിയുമായിരുന്ന സുശീലാ ഗോപാലനാണ് ജീവിത പങ്കാളി.ലൈലയാണ് ഏക മകൾ.

 

1952-ലെ പൊതുതെരഞ്ഞെടുപ്പില്‍ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ലോക്‌സഭയിലെ ആദ്യത്തെ പ്രതിപക്ഷനേതാവാകുകയും ചെയ്തു .തുടർന്ന് മരണം വരെ തുടർച്ചയായി തവണ ലോക്‌സഭാംഗമായി.പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വേദികളെ എങ്ങനെ ജനങ്ങള്‍ക്കനുകൂലമാക്കി ഉപയോഗിക്കാമെന്ന്‌ സ്വന്തം അനുഭവത്തിലൂടെ കാണിച്ചുകൊടുത്ത കമ്യൂണിസ്റ്റായിരുന്നു എ.കെ.ജി. പാര്‍ലമെന്റിലെ പ്രതിപക്ഷ  നേതാവായിരിക്കുമ്പോൾ  ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ സഖാവ്‌ നടത്തിയ ഇടപെടലുകള്‍പാര്‍ലമെന്റിന്റെ ചരിത്രത്തിലെ അപൂര്‍വ്വ സംഭവങ്ങളാണ്‌. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെതിരായുള്ള പ്രവര്‍ത്തനങ്ങളിലും എ.കെ.ജി സജീവമായി മുഴുകിയിരുന്നു. അടിയന്തിരാവസ്ഥക്കെതിരായി എ.കെ.ജി നടത്തിയ ഉജ്ജ്വലസമരമാണ്‌ അദ്ദേഹത്തിന്റെ ആരോഗ്യത്തെ തീരെ ക്ഷയിപ്പിച്ചതും പെട്ടെന്ന്‌ അന്ത്യത്തിനിടയാക്കിയതും. 1975ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെതിരെ എകെജി നടത്തിയ പ്രസംഗംചരിത്രത്താളുകളില്‍ ഇടം നേടി.

 


ഉള്‍പാര്‍ട്ടി സമരങ്ങളെ എന്നും നല്ല പാതയില്‍ നയിക്കാന്‍ എകെജിയ്ക്ക് കഴിഞ്ഞു. അത് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ സഹായമായി.1962 മുതല്‍ പാര്‍ട്ടിയിലെ റിവിഷനിസത്തിനെതിരായും 1967 മുതല്‍ തീവ്രവാദത്തിനെതിരായും എകെജി അടിയുറച്ചുനിന്ന്‌ പോരാടി. 1964ൽ കമ്മ്യുണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഎം -ൽ നിൽക്കുകയും അതിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവുമായി മാറി.

അര്‍ദ്ധ ഫാസിസ്റ്റ്‌ ഭീകരവാഴ്‌ച നടമാടിയ അടിയന്തിരാവസ്ഥയ്ക്ക് ശേഷം 1977-ൽ നടന്ന ചരിത്ര പരമായ തിരഞ്ഞെടുപ്പിലൂടെ ഇന്ദിരയുടെ സര്‍ക്കാരിനെ ജനങ്ങള്‍ കടപുഴക്കി വീഴ്‌ത്തിയ വാർത്ത വന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്‌ സഖാവ്‌ നമ്മെ വിട്ടുപിരിഞ്ഞത്‌. ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പില്‍ അവര്‍ സ്വന്തം മണ്ഡലത്തില്‍ പരാജയപ്പെടുകയും ചെയ്യുന്നത് കണ്ടശേഷമാണ് എകെജി അന്തരിച്ചത്. 1977 മാര്‍ച്ച് 22 നായിരുന്നു അത്.
 
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ഏറെ സംഭാവനകൾ നൽകിയ നേതാവാണ് എ.കെ.ജി. സ്വാതന്ത്ര്യത്തിനു ശേഷവും  ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി പാര്‍ലമെന്റിനകത്തും പുറത്തും ഉജ്വലമായ നിരവധി പോരാട്ടങ്ങള്‍ നയിച്ച സഖാവാണ്‌ എ.കെ.ജി. പാവങ്ങളുടെ പടത്തലവന്‍ എന്ന പേര്‌ തന്നെ ലഭിച്ചത്‌ ഇതുകൊണ്ടാണ്‌.ഡൽഹിയിൽ CPI (M ) ന്റെ കേന്ദ്ര കമ്മിറ്റി ഓഫീസ് സഖാവ് എ കെ ജി യുടെ സ്മരണാർത്ഥംഎ കെ ജി ഭവൻ എന്നാണ് അറിയപ്പെടുന്നത് അത് പോലെ തിരുവനന്തപുരത്തെ കേരള സംസ്ഥാന കമ്മിറ്റി ഓഫീസും എ കെ ജി യുടെ പേരിലുള്ള എ കെ ജി സെന്റര് ആണ് .
 
എകെജി യുടെ ചരിത്രം സഖാവ് ജീവിച്ച കാലത്തിന്റെയും സമൂഹത്തിന്റെയും കൂടി ചരിത്രമാണ്.തനിക്ക് ചുറ്റും കഴിയുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടെയും ദുര്‍ബ്ബലരുടേയും മോചനത്തിന് വേണ്ടി സഖാവ് ഏറ്റെടുത്ത് നടത്തിയ നിരവധി പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണത്. പ്രക്ഷോഭങ്ങളെ ജീവവായു കണക്കെ സ്വാംശീകരിച്ച മഹാനായ വിപ്ലവകാരിയായിരുന്നു. എ.കെ.ജി. ജനങ്ങള്‍ക്കൊപ്പം നിന്ന്‌ ജനങ്ങളില്‍ നിന്ന്‌ പഠിച്ച്‌ അവരെ നയിച്ച കമ്യൂണിസ്റ്റായിരുന്നു.
 
 
ആ മഹാനായ കമ്മ്യൂണിസ്റ്റിന്റെ വാക്കുകൾ ഓർത്തുകൊണ്ട് ” ഭാരതത്തിൽ ഭാരം ചുമക്കുന്നവരുടെയും,അദ്ധ്വാനിക്കുന്നവരുടെയുംവസന്തകാലം വിരിയും ആ വസന്തത്തിന്റെ പിറവി കാണാൻ എനിക്ക്  കഴിഞ്ഞില്ലെന്നുവരാംഎന്റെ സഖാക്കൾക്ക് അത് കാണാൻ കഴിയും… “
 
സഖാവിന്റെ പോരാട്ടങ്ങൾ എന്നും നമ്മുക്ക് കരുത്തും ആവേശവും പകരുംപ്രിയ സഖാവിന്റെ സമര പോരാട്ടങ്ങളുടെ ഒർമ്മകൾക്കു മുന്നിൽ ഒരുപിടി രക്തപുഷ്പ്പങ്ങൾ അർപ്പിക്കുന്നു .
ലാൽസലാം ……
 
 
 
 
കടപ്പാട് :
image : Mathrubhoomi and various online

Leave a Reply

Your email address will not be published. Required fields are marked *