അരാവല്ലി പർവ്വതനിര വീണ്ടും വാർത്തകളിൽ ഇടംപിടിക്കുമ്പോൾ, ഭരണകൂടം ഇതിനെ ശാസ്ത്രീയ വ്യക്തതയുള്ള സാങ്കേതിക തിരുത്തലായിട്ടാണ് രൂപപ്പെടുത്തിയിരിക്കുന്നത്. പക്ഷേ ചരിത്രം നമ്മെ പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്: അധികാരം “നിഷ്പക്ഷത”യുടെ ഭാഷയിൽ സംസാരിക്കുമ്പോൾ, ജാഗ്രത വേണം. ഇവിടെ പുനർവരയ്ക്കപ്പെടുന്നത് ഒരു ഭൂപടരേഖ മാത്രമല്ല; പൊതു പരിസ്ഥിതിയുടെയും സ്വകാര്യ ലാഭത്തിന്റെയും അതിരുകളാണ്.2025 നവംബർ 20-ലെ സുപ്രീം കോടതി വിധി, ആരവല്ലി മലനിരകളെ “ചുറ്റുമുള്ള ഭൂപ്രകൃതിയിൽ നിന്ന് 100 മീറ്റർ ഉയരമുള്ള ഭൂരൂപങ്ങൾ” മാത്രമായി പരിമിതപ്പെടുത്തിയത് ഇന്ത്യയിലെ പാരിസ്ഥിതിക നിയമചരിത്രത്തിലെ നിർണ്ണായകവും എന്നാൽ ആശങ്കാജനകവുമാണ്.
രാജസ്ഥാൻ, ഹരിയാന, ഡൽഹി-എൻസിആർ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വതങ്ങളിൽ ഒന്നാണ് ആരവല്ലികൾ. അരാവല്ലികൾ ഉയരത്തിൽ വമ്പന്മാരല്ല. എന്നാൽ അവ നമ്മുടെ ഭൂപ്രകൃതിയോട് ചെയ്യുന്ന പ്രവർത്തനം മഹത്താണ് – താർ മരുഭൂമിയുടെ വ്യാപനം തടയുന്നു, ഭൂഗർഭജലം റീചാർജ് ചെയ്യുന്നു, കാലാവസ്ഥ നിയന്ത്രിക്കുക, ഡെൽഹി–എൻസിആർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ദശലക്ഷക്കണക്കിന് മനുഷ്യർക്കുള്ള വായുവിനെ ശുദ്ധീകരിക്കുന്നു. ഇതെല്ലാം അവഗണിച്ച്, ഉയരം–ചരിവ് പോലുള്ള അക്കങ്ങളിലേക്കു മാത്രം മലകളെ ചുരുക്കുക എന്നത് അവയുടെ പ്രാധാന്യത്തെ അവഗണിക്കുന്നതിന് തുല്യമാണ്.
“നിർവചനം” രാഷ്ട്രീയ ആയുധമാകുമ്പോൾ
ആരവല്ലികളുടെ പുതിയ ഭൂമിശാസ്ത്രപരമായ നിർവചനം അടിച്ചേൽപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം സംരക്ഷിത ഭൂപ്രകൃതിയെ ചുരുക്കുകയും, ചരിത്രപരമായി ആരവല്ലി ആവാസവ്യവസ്ഥയുടെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്ന പ്രദേശങ്ങൾ ഇനി മുതൽ അതിന് പുറത്ത് ആവുകയും അതോടെ ഇനി കുന്നുകളില്ല, ഇനി വനങ്ങളില്ല, കർശനമായ സുരക്ഷാ സംരക്ഷണ മാനദണ്ഡങ്ങൾ ഇനി ഇല്ല.
ഇത് വളരെ നിർണായകമാണ്, കാരണം ആരവല്ലികളിൽ നിന്ന് ഒരു പ്രദേശം പുനർനിർവചിച്ചു കഴിഞ്ഞാൽ, അത് ഖനന പാട്ടങ്ങൾക്കും റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കും അടിസ്ഥാന സൗകര്യ ഇടനാഴികൾക്കും പുതുതായി യോഗ്യമാകും. ഒരിക്കൽ നിയമവിരുദ്ധമായിരുന്നവ നിയമപരമാകും; ഒരിക്കൽ തർക്ക ഭൂമിയായിരുന്നത് അതില്ലാതെയാകും. ഇതിന്റെ നിശബ്ദ ഗുണഭോക്താക്കൾ: ഖനന മാഫിയകളും ചൂഷണകൊള്ളയടിക്കുന്ന മൂലധനവും ആകും.
പതിറ്റാണ്ടുകളായി, ആരവല്ലി ബെൽറ്റ് പരിസ്ഥിതി പ്രവർത്തകർക്കും ഖനന മാഫിയകൾക്കും ഇടയിലുള്ള ഒരു തർക്ക പ്രശ്നമായിരുന്നു. കോടതി ഉത്തരവുകളും പരിസ്ഥിതി നിരോധനങ്ങളും ഉണ്ടായിരുന്നിട്ടും മണൽ, quartzite, കല്ല് എന്നിവയുടെ അനധികൃത ഖനനം തുടർന്നുകൊണ്ടിരുന്നു. കോൺട്രാക്ടർമാർ, രാഷ്ട്രീയ , ഭരണപരമായ കൂട്ടുകെട്ട് അവിശുദ്ധ ബന്ധം ആണ് ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടരാൻ കാരണം എന്നത് രഹസ്യമായ പരസ്യ യാഥാർഥ്യമാണ്.
ഈ പുതിയ നിർവചനം കൊണ്ട് പരിസ്ഥിതി പരിശോധനയ്ക്ക് വിധേയമായ പ്രദേശങ്ങൾ കുറയുന്നു, പഴയ ലംഘനങ്ങൾ റദ്ദ് ചെയ്യപ്പെടുന്നു, പുതിയ ഖനനവഴികൾ “നിയമപരമായി” തുറക്കപ്പെടുന്നു. This is not deregulation by announcement, but deregulation by cartography.
ഇതിന് കൊടുക്കേണ്ടി വരിക വലിയ വിലയാകും. ഡൽഹിയും പരിസരപ്രദേശങ്ങളും ഇപ്പോൾ തന്നെ മലിനമായ വായുകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്, അത് കൂടുതൽ മലിനമായ വായുവിന് കാരണമാകും. ഭൂഗർഭ ജലം റീചാർജ് ചെയ്യുന്നത് തടസ്സപ്പെടും, ഗ്രാമീണ, വനാശ്രിത സമൂഹങ്ങളുടെ ഉപജീവനമാർഗ്ഗവും നഷ്ടപ്പെടുന്നു. തിരിച്ചുമാറ്റാനാവാത്ത പാരിസ്ഥിതിക നാശം കൊണ്ട് ഭാവി തലമുറയ്ക്ക് വാസസാധ്യമായത് ഇല്ലാതാക്കുന്നു.
ഇത് ലാഭം സ്വകാര്യവൽക്കരിക്കുകയും നഷ്ടം സാമൂഹ്യവൽക്കരിക്കുകയും ചെയ്യുന്ന പതിവ് മാതൃകയായി ആണ് എനിക്ക് തോന്നുന്നത്.”90% പ്രദേശം ഇപ്പോഴും സംരക്ഷിതമാണ്,സുസ്ഥിര ഖനന പദ്ധതി വരുന്നതുവരെ പുതിയ അനുമതികളില്ല” എന്നൊക്കെയാണ് ഭരണകൂട വാദങ്ങൾ. എന്നാൽ ഇന്ത്യയുടെ പരിസ്ഥിതി ചരിത്ര അനുഭവങ്ങൾ കാണിച്ചുതന്നിട്ടുള്ളത് താൽക്കാലിക ഇളവുകൾ സ്ഥിരമാകുന്നതും, പദ്ധതികൾ വൈകുന്നതും, മൂലധനം ഏറ്റവും ശക്തമായിരിക്കുന്നിടത്ത് നിയന്ത്രണം കൃത്യമായി ദുർബലമാകുന്നതുമാണ്. ചോദ്യമിതാണ് – പ്രകൃതി ഒരു പൊതുസ്വത്താണോ അതോ കോർപ്പറേറ്റ് വിഭവമാണോ ? വികസനം ജനങ്ങളെ സേവിക്കുന്നതിനോ അതോ കോര്പറേറ്റുകളെയോ ?
മലകൾ ഓർക്കുന്നു
അരാവല്ലികൾ പഴക്കമുള്ളവയാണ്,
ക്ഷീണിച്ചവയാണ്, നിശ്ശബ്ദവുമാണ്.
പക്ഷേ അവ ഓർക്കുന്നു;
ഒരിക്കൽ ഒഴുകിയ നദികളെ,
വേരോടിയ കാടുകളെ,
മലകളോടൊപ്പം ജീവിച്ച മനുഷ്യരെ.
ഭൂപടത്തിൽ നിന്ന്
മലകളെ മായ്ക്കാൻ എളുപ്പമാണ്.
ഒരിക്കൽ നശിച്ച പ്രകൃതിയെ
തിരികെ കൊണ്ടുവരുന്നത് അസാധ്യവും.
If development demands that we flatten mountains, poison air, and drain water—then the question is not how to redefine the Aravalli’s, but who defines development itself. And that question, ultimately, is political.





