ബാംഗ്ലൂരിൽ ഒരൊറ്റ ദിവസത്തിനുള്ളിൽ മൂവായിരത്തിലധികം മനുഷ്യരുടെ വീടുകൾ ഇടിച്ചു നിരത്തിയ സംഭവത്തെ “അഡ്മിനിസ്ട്രേറ്റീവ് ഡ്രൈവ്” എന്ന് വിളിക്കുന്നത് രാഷ്ട്രീയ കപടതയാണ്. അത് ഒരു ഭരണപരമായ തിരുത്തലോ, ഒരു ഉദ്യോഗസ്ഥ അതിക്രമവുമല്ല. ഇത് ഇന്ത്യൻ രാഷ്ട്രം വർഷങ്ങളായി അഭ്യസിച്ചുവരുന്ന ശിക്ഷാ രാഷ്ട്രീയത്തിന്റെ പുതിയ രൂപമാണ്.
ഈ സംഭവം പലർക്കും ഒരു അമ്പരപ്പായി തോന്നിയിരിക്കാം. “യു.പിയിൽ ബിജെപി ചെയ്യുന്നത് കോൺഗ്രസും ചെയ്യുന്നു” എന്നൊരു നിരാശ പല ചർച്ചകളിലും ഉയരുന്നു. ആ നിരാശ മനസ്സിലാക്കാവുന്നതാണ്. പക്ഷേ അതിനൊപ്പം ചേർന്ന് നിൽക്കുമ്പോഴും, ഒരു കാര്യം തുറന്നു പറയേണ്ടതുണ്ട്: ഇത് ബിജെപിയുടെ രീതിയെ കോൺഗ്രസ് പകർത്തിയതല്ല; കോൺഗ്രസ് സ്വന്തം ലെഗസി തിരിച്ചുപിടിക്കുന്നതാണ്. ബിജെപിയുടെ ബുൾഡോസർ രാജ് യഥാർത്ഥത്തിൽ കോൺഗ്രസിന്റെ പഴയ പാരമ്പര്യത്തിന്റെ പുതുക്കിയ അവതാരമാണ്.
ബുൾഡോസർ രാഷ്ട്രീയം പുതിയൊരു ബിജെപി കണ്ടുപിടിത്തമല്ല. വർക്കിങ് ക്ലാസ്, അല്ലെങ്കിൽ സമൂഹത്തിന്റെ താഴത്തെ പാളികളിൽ പെട്ടവർ താമസിക്കുന്ന നെയ്ബർഹുഡുകളിലേക്ക് സർക്കാർ അതോറിറ്റികൾ പെട്ടെന്നൊരു ദിവസം കടന്നുവന്ന്, നിയമം പോലും അനുവദിക്കുന്ന മിനിമം പ്രൊസീജറൽ ഫെയർനെസ് പാലിക്കാതെ മനുഷ്യരെ ഇറക്കിവിടുന്ന ഭരണരീതിയാണ് ഇത്. “ഇവർ ഇനി എവിടെ പോകും?” എന്ന ചോദ്യം ഭരണകൂടത്തിന് വിഷയമല്ല. അതാണ് ബുൾഡോസർ ജസ്റ്റിസിന്റെ അടിസ്ഥാന സ്വഭാവം.
ഇന്ത്യയിലെ ചേരികളിൽ താമസിക്കാൻ നിർബന്ധിതരാകുന്നവർ ആരാണ്? ഏറിയ പേരും ന്യുനപക്ഷങ്ങളും,ദളിതരും പിന്നോക്ക വിഭാഗങ്ങളും ഉൾപ്പെടുന്ന സമൂഹത്തിലെ ഏറ്റവും താഴത്തെ പാളികളാണ്. അതുകൊണ്ടുതന്നെ, ബുൾഡോസർ ജസ്റ്റിസിന്റെ ഇരകളാകുന്നതും ഭൂരിഭാഗം സന്ദർഭങ്ങളിലും മതപരമായും സാമൂഹികമായും പാർശ്വവൽക്കരിക്കപ്പെട്ട വർക്കിങ് ക്ലാസ്സാണ്. ഇന്ന് ബിജെപി സർക്കാറുകൾ ഇത് വലിയ തോതിൽ നടപ്പിലാക്കുന്നുണ്ടെങ്കിൽ, അതിന് മാതൃക സൃഷ്ടിച്ചത് കോൺഗ്രസാണെന്ന സത്യം മറക്കാനാവില്ല.
അടിയന്തരാവസ്ഥ: ബുൾഡോസറിന്റെയും വന്ധ്യകരണത്തിന്റെയും രാഷ്ട്രീയ പാഠശാല
ഇന്ത്യൻ ഭരണകൂടം ഈ രീതി ലാർജ് സ്കെയിലിൽ വിജയകരമായി പരീക്ഷിച്ചത് അടിയന്തരാവസ്ഥക്കാലത്താണ്. ഇന്ദിര കുടുംബത്തിന്റെ നേരിട്ടുള്ള നേതൃത്വത്തിൽ നടന്ന ആ കാലഘട്ടം, ഭരണഘടനയും മനുഷ്യാവകാശങ്ങളും ഔദ്യോഗികമായി സസ്പെൻഡ് ചെയ്ത ഒരു ഘട്ടമായിരുന്നു.
“ഇന്ദിര ഗാന്ധി ഭാരത യക്ഷി ചോരകുടിച്ചത് മതിയായെങ്കിൽ ബാക്കി കൊടുക്കൂ സഞ്ജയന്” എന്ന പ്രതിപക്ഷ മുദ്രാവാക്യം വെറും വാചകമല്ലായിരുന്നു. പ്രധാനമന്ത്രിയേക്കാൾ കൂടുതൽ അധികാരദുരുപയോഗം നടത്തിയിരുന്നത് സഞ്ജയ് ഗാന്ധിയായിരുന്നു.
സഞ്ജയ് ഗാന്ധിയുടെ രണ്ട് പ്രധാന ‘പെറ്റ് പ്രൊജക്റ്റുകൾ’ നിർബന്ധിത വന്ധ്യകരണത്തിലൂടെയുള്ള ജനസംഖ്യ നിയന്ത്രണവും, ചേരി ഒഴിപ്പിച്ചുള്ള ‘സൗന്ദര്യവത്കരണവുമായിരുന്നു’. ഇത് രണ്ടും ലക്ഷ്യം വെച്ചത് ഒരേ ജനവിഭാഗത്തെയായിരുന്നു; നഗരത്തിലെ മുസ്ലിം, ദളിത്, ദരിദ്ര വർക്കിങ് ക്ലാസ്.
ഡൽഹിയിലെ ജുമാ മസ്ജിദിന് സമീപമുള്ള തുർക്ക്മാൻ ഗേറ്റ് അതിന്റെ ഏറ്റവും ക്രൂരമായ ഉദാഹരണമാണ്. മുസ്ലിം വർക്കിങ് ക്ലാസ് തിങ്ങിപ്പാർത്തിരുന്ന ആ പ്രദേശം “ഭംഗിയില്ല” എന്ന ഒരൊറ്റ കാരണം കൊണ്ട് ഭരണകൂടത്തിന്റെ കണ്ണിൽ ശത്രുവായി. 1976-ൽ സഞ്ജയ് ഗാന്ധി അവിടെ സന്ദർശിച്ചപ്പോൾ, രാജകീയ വരവേൽപ്പ് ലഭിച്ചില്ല എന്നതും, “ഭംഗിയില്ലാത്ത” കെട്ടിടങ്ങൾ കാരണം ജമാ മസ്ജിദ് പൂർണ്ണമായി കാണാൻ കഴിയാതിരുന്നതും അയാളെ പ്രകോപിപ്പിച്ചു എന്നാണ് പിന്നീട് രേഖപ്പെടുത്തപ്പെട്ടത്.
പരിഹാരം ഒന്ന് മാത്രമായിരുന്നു: പൊളിക്കുക.
1976 ഏപ്രിൽ 13-ന് തുർക്ക്മാൻ ഗേറ്റ് പൊളിക്കാനുള്ള സർക്കാർ ശ്രമങ്ങൾ ആരംഭിച്ചു. പ്രതിഷേധിച്ച വഴിയോരക്കച്ചവടക്കാരെയും ഓട്ടോറിക്ഷ തൊഴിലാളികളെയും പോലീസ് അറസ്റ്റ് ചെയ്ത് ക്യാമ്പുകളിലേക്ക് മാറ്റി. അവിടെയാണ് പലരെയും നിർബന്ധിതമായി വന്ധ്യകരിച്ചത്. പിന്നാലെയുള്ള ആഴ്ചകളിൽ, ചേരി പൊളിക്കലും വന്ധ്യകരണവും ഭരണകൂട യന്ത്രത്തിന്റെ പൂർണ്ണ വേഗത്തിലേക്ക് മാറി. പോലീസിന് ദിവസേന ടാർഗറ്റുകൾ നൽകി. അത് നിറവേറ്റാൻ കഴിയാതെ വന്നപ്പോൾ “ക്രമസമാധാന പ്രശ്നം” ഉണ്ടാക്കി.
ഏപ്രിൽ 19-ന് നിരവധി ബുൾഡോസറുകളുമായി സർക്കാർ വീണ്ടും അവിടെ എത്തി. ജനങ്ങൾ പ്രതിരോധിച്ചു. അതിനുത്തരമായി പോലീസ്—അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ ജനങ്ങൾക്ക് നേരെ വെടിയുതിർന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ നരനായാട്ടുകളിലൊന്നായിരുന്നു അത്. കൊല്ലപ്പെട്ടവരുടെ എണ്ണം ഇന്നും തർക്കവിഷയമാണ്. മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ അനുവാദമില്ലായിരുന്നു. ഇൻഫർമേഷൻ പൂർണ്ണമായും സ്റ്റേറ്റ് കണ്ട്രോളിലായിരുന്നു. സർക്കാർ കണക്കിൽ ആറുപേർ; പിന്നീട് തെളിഞ്ഞത് ഇരുപതിലേറെ. ചിലരെ ബുൾഡോസറുകൾ കയറ്റിയിറക്കിയാണ് കൊന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പതിവുപോലെ, ഒരാൾ പോലും ശിക്ഷിക്കപ്പെട്ടില്ല.
ഹാഷിംപുര മുതൽ ബാംഗ്ലൂർ വരെ: മാറാത്ത രാഷ്ട്രസ്വഭാവം
1987-ൽ ഹാഷിംപുരയിൽ മുസ്ലിം ചെറുപ്പക്കാരെ ട്രക്കുകളിൽ കയറ്റി വെടിവെച്ചു കനാലിൽ തള്ളിയപ്പോഴും, രാജ്യം കോൺഗ്രസ് ഭരണത്തിലായിരുന്നു. അത് കലാപനിയന്ത്രണമല്ല; സംസ്ഥാന പിന്തുണയോടെയുള്ള പോലീസിന്റെ കൂട്ടക്കൊല ആയിരുന്നു. അവിടെയും രാജ്യം മൗനം പാലിച്ചു.
ഇന്ന് ബാംഗ്ലൂരിൽ കോൺഗ്രസ് സർക്കാർ മൂവായിരത്തിലധികം മനുഷ്യരെ ഒരൊറ്റ രാത്രിയിൽ തെരുവിലാക്കുമ്പോഴും, അതേ മൗനമാണ് പ്രതിധ്വനിക്കുന്നത്. വ്യത്യാസം ഒന്നേ ഉള്ളൂ—ഇന്ന് തോക്കിന് പകരം ബുൾഡോസറാണ്.
അതുകൊണ്ടാണ് “കോൺഗ്രസും ബിജെപിയെ പോലെ ആയി” എന്ന നിരാശ ചരിത്രവിരുദ്ധമാകുന്നത്. യാഥാർത്ഥ്യം മറിച്ചാണ്: ബിജെപി കോൺഗ്രസിന്റെ പാതയിലാണ് നടക്കുന്നത്. ബുൾഡോസർ രാജ് ബിജെപിയുടെ കണ്ടുപിടിത്തമല്ല; അത് കോൺഗ്രസിന്റെ പഴയ പരീക്ഷണങ്ങളുടെ നവീകരിച്ച പതിപ്പാണ്.
ഇടതുപക്ഷം: മൗനത്തിലല്ല
ഈ ഘട്ടത്തിൽ ഒരു കാര്യം വ്യക്തമായി രേഖപ്പെടുത്തണം. ബുൾഡോസർ രാഷ്ട്രീയം ഇന്ത്യയിൽ സാധാരണമാകുമ്പോൾ, അതിനെ സിദ്ധാന്തപരമായും രാഷ്ട്രീയമായും സ്ഥിരമായി ചോദ്യം ചെയ്തിരിക്കുന്നത് ഇടതുപക്ഷമാണ് പ്രത്യേകിച്ച് സിപിഐ(എം).
ഉത്തർപ്രദേശിൽ ബുൾഡോസർ നീതി ഭരണകൂട നയമായി മാറിയപ്പോൾ, അത് ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് തുറന്നുപറഞ്ഞത് സിപിഐ(എം) ആയിരുന്നു. ആരോപണം കുറ്റമല്ലെന്നും, കോടതി വിധിയില്ലാതെ വീടുകൾ പൊളിക്കുന്നത് നീതീകരിക്കാൻ ആകാത്തത് ആണെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. തെരുവിലും പാർലമെന്റിലും ഈ നിലപാട് ഉയർത്തിപ്പിടിച്ചു. സഖാവ് ബ്രിന്ദാ കാരാട്ട് ഉൾപ്പെടെയുള്ളവർ നടത്തിയ രാഷ്ട്രീയ ഇടപെടലുകൾ ഇതിന്റെ ഭാഗമാണ്. അത് ഓർമ്മയുണ്ടാകണം.

ഡൽഹിയിലും ബാംഗ്ലൂരിലും, ഭരണകക്ഷിയുടെ പേര് നോക്കി നിലപാട് മാറ്റാൻ സിപിഐ(എം) തയ്യാറായില്ല. “ബിജെപി ചെയ്താൽ തെറ്റ്, കോൺഗ്രസ് ചെയ്താൽ ശരി” എന്ന രാഷ്ട്രീയ കപടത ഇടതുപക്ഷം സ്വീകരിച്ചില്ല. ഭരണഘടനാ മൂല്യങ്ങൾ ലംഘിക്കപ്പെടുന്നിടത്ത് ഭരണകക്ഷിയുടെ പേര് പ്രസക്തമല്ല എന്ന നിലപാടാണ് സിപിഐ(എം) എടുത്തത്.
ഇത് കൂടി ഇവിടെ ചേർത്തുവായിക്കണം, കേരളത്തിൽ സിപിഐ(എം) നേതൃത്വം നൽകുന്ന സർക്കാർ നടപ്പാക്കിയ നയങ്ങൾ: വീട് പൊളിക്കൽ അല്ല, വീട് നിർമ്മിച്ച് നൽകൽ; ഒഴിപ്പിക്കൽ അല്ല, പുനരധിവാസം; ബാങ്ക് ജപ്തി അല്ല, ജീവിതത്തിന്റെ സംരക്ഷണം—ബുൾഡോസർ രാഷ്ട്രീയത്തിന് എതിരായ പ്രായോഗിക രാഷ്ട്രീയ ബദലാണ്. ഇവിടെയാണ് CPIM–Congress–BJP വ്യത്യാസം വ്യക്തമായി തെളിയുന്നത്.
ഇത് ഒരു ഒറ്റപ്പെട്ട സംഭവത്തിന്റെ കഥയല്ല. ഹാഷിംപുര ഒരു പഴയ സംഭവം അല്ല. തുർക്ക്മാൻ ഗേറ്റ് ഒരു ചരിത്രാപകടവുമല്ല.ബാംഗ്ലൂർ അതിൽ നിന്ന് വേറിട്ട ഒന്നുമല്ല.
ഇവയെല്ലാം ചേർന്നതാണ് ഇന്ത്യൻ രാഷ്ട്രത്തിന്റെ വർഗ്ഗസ്വഭാവം—അത് മിക്കപ്പോഴും ദരിദ്രവിരുദ്ധവും, തൊഴിലാളിവിരുദ്ധവും, ന്യൂനപക്ഷവിരുദ്ധവുമായ ഒരു വലതുപക്ഷ ഭരണസ്വഭാവം. ഒരിക്കൽ അത് വന്ധ്യകരണമായി പ്രത്യക്ഷപ്പെട്ടു. പിന്നീടത് തോക്കായി. ഇന്നത് ബുൾഡോസറായി. നാളെ അതിന്റെ പേര് മാറിയേക്കാം, രൂപം മാറിയേക്കാം; പക്ഷേ ലക്ഷ്യം അന്നും മാറില്ല.
ചരിത്രം നമ്മെ പഠിപ്പിക്കുന്നത് ഒന്നാണ്: അനീതിക്ക് മുന്നിൽ മൗനം പാലിക്കുന്ന ഓരോ തലമുറയും, അതിനെ അടുത്ത തലമുറയ്ക്കുള്ള നിയമമായി മാറ്റിക്കൊടുക്കുകയാണ് ചെയ്യുന്നത്.
ഇന്ന് ബുൾഡോസർ അവരുടെ വീടുകളിലാണ് ചെന്നെതെങ്കിൽ, നാളെ അത് നമ്മുടെ അവകാശങ്ങളിലേക്കായിരിക്കും. പിന്നീടത് ജനാധിപത്യത്തിന്റെ തന്നെ അസ്ഥികൂടത്തിലേക്കും നയിക്കും.
ഇത് തിരിച്ചറിയുക രാഷ്ട്രീയ ബാധ്യതയാണ്. മൗനം പാലിക്കുക രാഷ്ട്രീയ പാപ്പരത്തവുമാണ്. അതുകൊണ്ട് തന്നെ ഒറ്റക്കാണ് എന്ന നിരാശ വേണ്ട, അനീതിക്കെതിരെ ശബ്ദിച്ചുകൊണ്ടിരിക്കുക. നീതി ഉണ്ടാകും വരെ!
കടപ്പാടുകൾ : ന്യൂസ്, ഫേസ്ബുക് പോസ്റ്റുകൾ (അസീബ് പുത്തലത്ത്, മൻസൂർ പാറമേൽ)






കോണ്ഗ്രസ് വിരിച്ചുകൊടുത്ത പരവതാനിയിലൂടെയാണ് സംഘപരിവാർ നടന്നു കയറിയത് എന്ന് ചരിത്രം