T.J. Gnanavel സംവിധാനവും തിരകഥയും നിർവഹിച്ച “ജയ് ഭീം” എന്ന ചിത്രം വക്കീൽ ചന്ദ്രു മനുഷ്യാവകാശ പോരാട്ടങ്ങളുടെ കഥയാണ് പറയുന്നത്. ജാതിവ്യവസ്ഥകളെയും, നീതിന്യായ വ്യവസ്ഥകളെയും ചോദ്യം ചെയ്യപ്പെടുന്ന അവ ഓരോന്നിനേയും നിയമവ്യവസ്ഥയുടെ തന്നെ ബലത്തിൽ വിസ്തരിച്ചു ചോദ്യം ചെയ്യുന്ന ചിത്രമാണിത്.
തലമുറകളായി താമസിക്കുന്ന ഭൂമിയിൽ ഉടമാവകാശമില്ലാത്ത, വോട്ടവകാശം പോലും ഇല്ലാതിരുന്ന ഇരുളർ എന്ന കീഴ്ജാതിക്കാർക്കു നേരെ തൊണ്ണൂറുകളിൽ നടന്ന പോലീസ് അതിക്രമത്തിന്റെ നേർ കാഴ്ചകളാണ് ജയ് ഭീം എന്ന സിനിമ പറയുന്നത്.
ജയിലിൽ നിന്ന് പുറത്തിറങ്ങി വരുന്ന ഒരു കൂട്ടം ആളുകളുടെ ജാതി ചോദിച്ചു മാറ്റി നിർത്തുന്നിടത്ത് ആണ് സിനിമ തുടങ്ങുന്നത്. മാറ്റി നിർത്തിയ താഴ്ന്ന ജാതിയിൽപ്പെട്ടവരുടെ മേൽ കള്ളക്കേസുകൾ ചുമത്തി ജയിൽ ഉദ്യോഗസ്ഥൻ പണം വാങ്ങി ലോക്കൽ പോലീസിന് കൈമാറുന്നു.അവിടെ വെച്ച് ഒരു പോലീസുകാരൻ മറ്റൊരു പോലീസുകാരനോട് ചോദിക്കുന്നുണ്ട് , താഴ്ന്ന ജാതിയിൽപെട്ട അവർ അനാഥരാണോ എന്ന് അതെ എന്ന് ഉത്തരവും, അതേ താഴ്ന്ന ജാതിയിൽ പെട്ടവരും പണമില്ലാത്തവരും അവരെ സംബന്ധിച്ചിടത്തോളം അനാഥരാണ്. അവർക്ക് വേണ്ടി നിൽക്കാൻ ആരും ഉണ്ടാകില്ല.
ഇരുളർ ഗോത്രത്തിൽപ്പെട്ട ദമ്പതികളായ രാജകണ്ണു (മണികണ്ഠൻ) സെൻഗെന്നി (ലിജോമോൾ) എന്നിവരാണ് ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രങ്ങൾ. ജീവിക്കാൻ വേണ്ടിയുള്ള അവരുടെ അധ്വാനവും സന്തോഷങ്ങളിലും കൂടി കഥ പുരോഗമിക്കുമ്പോൾ രാജകണ്ണു ഒരു കള്ളക്കേസിൽ പോലീസ് കസ്റ്റഡിയിൽ ആവുകയും അവിടെ വെച്ച് കൊടിയ മർദ്ദനങ്ങൾക്ക് ഇരയാകുകയും പിന്നീട് പോലീസ് കസ്റ്റഡിയിൽ നിന്ന് കാണാതാവുകയും ചെയ്യുമ്പോൾ അയാളുടെ ഭാര്യ സെൻഗെന്നി ഭർത്താവിനെ തേടി കണ്ടുപിടിക്കുന്നതിന് നീതിക്കായി അഭിഭാഷകനായ ചന്ദ്രുവിന്റെ സഹായം തേടുന്നു. കഥ മുന്നോട്ട് പോകുന്നു..
ചിത്രത്തിലെ പോലീസ് സ്റ്റേഷൻ രംഗങ്ങളിൽ പലതും കണ്ടിരിക്കാൻ തന്നെ പ്രയാസമായിരുന്നു. ക്രൂരതയുടെ അങ്ങേയറ്റമാണ് അത്. വിസാരണയ് സിനിമയിലെ പോലെ മനസ്സിൽ ഒരു നീറ്റൽ ആയി. മരവിച്ചുപോയ നിമിഷങ്ങൾ.
ഈ സിനിമയിൽ ജാതി രാഷ്ട്രീയം അല്ല പറയുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് മറിച്ച് മനുഷ്യന് നേരെ മുഖംതിരിച്ചുനിൽക്കുന്ന ജാതി-നിയമപാലക-നീതിന്യായ വ്യവസ്ഥയുടെ പൊളിച്ചെഴുത്താണ്, ഇവയോരോന്നിനേയും സാക്ഷി വിസ്താരത്തിൽ ചോദ്യം ചെയ്യുകയും ചെയ്യുന്ന ചിത്രമാണിത്. പണവും അധികാരവും ചോദിക്കാനും പറയാനുമില്ലാത്ത പാവപ്പെട്ടവന്റെ നെഞ്ചുംകൂട് ചവിട്ടിമെതിച്ചു ജീവിതങ്ങളെ ലോകമറിയാതെ കുഴിച്ചുമൂടുകയോ, ചതച്ചരയ്ക്കുകയോ ചെയ്യപ്പെടുന്നുണ്ട് . ആ മനുഷ്യർക്ക് വേണ്ടിയും ഒരു തരിയെങ്കിലും ചിലർ പോരാടുന്നുണ്ട്. അതുകൊണ്ട് കുഴിച്ചുമൂടപ്പെട്ട സത്യങ്ങൾ ചിലപ്പോഴെങ്കിലും വെളിച്ചം കാണുന്നു .
മേശപ്പുറത്തെ ലെനിനെയും ചുവരിലെ അംബേദ്കറിനെയും മാർക്സിനെയും പെരിയാറിനേയും ഒരുമിച്ചു വെച്ചൊരു രാഷ്ട്രീയം പറയുക – ശക്തമായിരിക്കും ആ കൂടിച്ചേരൽ ! ഈ പോരാട്ടങ്ങളിൽ ഒക്കെയും ചെങ്കൊടിയേയും കമ്മ്യൂണിസ്റ്റുകാരേയും കാണാൻ ആകും. അത് ഇടതുപക്ഷരാഷ്ട്രീയം എന്തിന് വേണ്ടി നിലകൊള്ളുന്നുയെന്നും അതിന്റെ പ്രസക്തി എത്രത്തോളം ഈ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട് എന്നും വ്യകതമാക്കുന്നു. തെരഞ്ഞെടുപ്പുകളിൽ ജയിച്ചു അധികാരങ്ങളിൽ എത്തുക എന്നത് മാത്രമല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ ലക്ഷ്യം എന്ന ബോധ്യപ്പെടുത്തൽകൂടിയാണത്. അതുകൊണ്ട് തന്നെ ഇന്നും അവർ തെരുവിൽ പ്രക്ഷോപത്തിലാണ് , അത് കര്ഷകസമരമായാലും കുടിയിറക്കപ്പെടുന്നവർക്കുവേണ്ടിയായാലും അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവർക്കുവേണ്ടിയായാലും ഈ പ്രസ്ഥാനം പോരാട്ടത്തിലായിരിക്കും എന്നത് ഒരു ഉറപ്പാണ്. കനൽ ഒരു തരി മതി !
കള്ളന്മാർക്ക് ജാതിയുണ്ടോ ? ഈ ചിത്രത്തിലെ ഒരു ചോദ്യമാണ് !
ആദിവാസി ജനങ്ങൾക്ക് നേർക്ക് നടന്ന അക്രമത്തിന് എതിരെ നിയമ യുദ്ധം നടത്തിയ ചന്ദ്രു എന്ന വക്കീലിന്റെ real life inspired story Jai Bhim. കോടതിമുറിയിൽ രണ്ടു കുട്ടികൾ ഓടി കളിക്കുന്ന സീൻ, താഴ്ന്ന ജാതിയിൽ പെട്ടവൻ ദേഹത്ത് തൊട്ടാൽ ഇഷ്ട്ടമാകാത്ത മേൽജാതിക്കാരൻ, ഒടുവിൽ താഴേക്കിടയിൽ ജീവിച്ച ഒരു സമൂഹത്തെ കസേരയിൽ ആത്മവിശ്വാസത്തോടെ ഉറച്ചിരിക്കാൻ പഠിപ്പിക്കുന്ന നന്മ അവശേഷിക്കുന്ന ചില മനുഷ്യർ , അതിൽ ഒരാൾ വക്കീൽ ചന്ദ്രു.
സൂര്യയുടെ അഭിഭാഷകന്റെ വേഷം മികച്ചതായി, മണികണ്ഠന്റെ കഥാപാത്രം ഒരു വേദനയായി മനസ്സിൽ തങ്ങി നിൽക്കുന്നു, ലിജോമോളുടെ കഥാപാത്രം ഗംഭീരമായി ചെയ്തു, എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ ഗംഭീരമാക്കി. മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന കാണേണ്ട ഒരു സിനിമ…സംവിധാനം, തിരക്കഥ, അഭിനയം, BGM ഒക്കെ മികച്ചുനിൽക്കുന്നു.
സമൂഹത്തിൽ നടന്ന നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെ പച്ചയായി അവതരിപ്പിച്ച മികച്ച സിനിമ . കാണണം.
Good write-up 👌👌👌