മരവിക്കുന്ന കാഴ്ചകൾക്കറുതി വരണം ; ജനകീയ സാമ്പത്തിക നയം രൂപപ്പെടണം!

ഇന്ത്യയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മാർച്ച് 24-ന് ആണ് ഇന്ത്യൻ ഗവൺമെന്റ് രാജ്യമൊട്ടാകെ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. ഇന്ത്യയിൽ ഏകദേശം 500 കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോഴാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ 21 ദിവസത്തെ ലോക്ക് ഡൗൺ ആയിരുന്നു പ്രഖ്യാപിച്ചത്. പിന്നീട് മെയ് 3 വരേയും , പിന്നീട് അത് 17 മെയ് വരേയും , ഇപ്പോഴത് മെയ് 31 വരേയും . ചില ഇടങ്ങളിൽ ചെറിയ ഇളവുകൾ വരുത്തിയിട്ടുണ്ട് .
ഇന്ത്യയിലെ കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം ഒരു ദിവസം തന്നെ ആറായിരത്തിലധികം റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ ലോക്ക്ഡൗൺ പ്രായോഗികമായി എല്ലാ സംസ്ഥാനത്തും കൃത്യമായി പാലിക്കുന്നുണ്ടോ എന്നത് മറ്റൊരു ചർച്ചാവിഷയം ആണ് . സുരക്ഷിത അകലം പാലിക്കാതെ ഭക്ഷ്യധാന്യങ്ങൾ എറിഞ്ഞുകൊടുക്കുന്ന സ്ഥിതിയാണ് വീഡിയോ നമ്മൾ കണ്ടു, കൂട്ടത്തോടെ ട്രെയിനിലും ബസിലും ട്രാക്കിലും കയറിപ്പറ്റാൻ ശ്രമിക്കുന്ന ജനങ്ങൾ.
കോവിഡ്–-19 ന്റെ വ്യാപനത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എടുത്ത ഒരു നടപടി ആയിരുന്നു രാജ്യം പൂർണ്ണ ലോക്ക്ഡൗണിലേക്ക് നീങ്ങിയത് . സർവ്വ മേഖലകളെയും ഇത് കാര്യമായി ബാധിച്ചു . കാർഷിക, വ്യാവസായിക , വിദ്യാഭ്യാസ ,സേവന , മേഖലകളും പൂർണ്ണമായും അടച്ചിട്ടു . ഇത് പ്രതീക്ഷിച്ചതുപോലെ തന്നെ സാമ്പത്തിക മേഖലയിൽ വലിയ ആഘാതം ഉണ്ടാക്കിയിട്ടുണ്ട് . ഇത് തൊഴിലില്ലായ്മ പെരുകും. വിലക്കയറ്റം വർദ്ധിക്കും ഇത് ഇനി വരുന്ന ദിവസങ്ങളിൽ ജനജീവിതം ദുസ്സഹമാക്കുമെന്നതിൽ സംശയമില്ല . 
ഇവിടെയാണ് ക്രിയാത്മകമായി ഒരു സർക്കാർ ഇടപെടേണ്ടത് . ഇ പ്രതിസന്ധികളെയും പ്രശ്നങ്ങളേയും തരണംചെയ്യുന്നതിന് അതിനുതകുന്ന അടിയന്തര നടപടികളും ഇടക്കാല–-ദീർ‍ഘകാല പദ്ധതികളും തയ്യാറാക്കി കൃത്യമായ ഇടപെടലുകൾ നടത്തി സാമ്പത്തികമേഖലയെ ഉത്തേജിപ്പിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത് .
പക്ഷേ സത്യത്തിൽ സംഭവിച്ചത് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേക പദ്ധതികൾ ഇന്ത്യൻ‐ വിദേശ സ്വകാര്യ കോർപറേറ്റുകളുടെ ഉത്തേജനം മാത്രമാണ് ലക്ഷ്യം വെക്കുന്നതെന്ന് തോന്നിപോകും .സ്വകാര്യവൽക്കരിക്കാത്ത മേഖലകളൊന്നും അവശേഷിക്കുന്നില്ല. പൊതുമേഖലസ്ഥാപനങ്ങൾ പൂർണമായും സ്വകാര്യമേഖലയ്‌ക്ക്‌ തുറന്നിട്ട്‌ ഉത്തേജനപാക്കേജിന്റെ അഞ്ചാംഘട്ടം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. തന്ത്രപ്രധാന മേഖലയിൽ ഇനി പരമാവധി നാല് പൊതുമേഖല സ്ഥാപനങ്ങൾ (പിഎസ്‌യു) മാത്രം. ബാക്കി ഉള്ളത് സ്വകാര്യവൽക്കരിക്കുകയോ ഹോൾഡിങ്‌ കമ്പനികളുടെ കീഴിലാക്കുകയോ ചെയ്യും. ഇതിനായി പുതിയ പൊതുമേഖലാ നയം ഉടൻ വരും. 
പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ Aatma Nirbhar Bharat Abhiyan സാമ്പത്തിക ഉത്തേജന പദ്ധതി ഇന്ത്യാ രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഗിമ്മിക്കുകൾ ആണെന്ന് പറയേണ്ടി വരും .

രാജ്യത്തെ ജനങ്ങൾക്ക് കൊറോണ രക്ഷാപ്രവർത്തന പാക്കേജായി വിദേശ, ആഭ്യന്തര കുത്തകകൾക്ക് ഇളവ് നൽകുന്ന പദ്ധതികളും , പ്രതിസന്ധിയിലായ സാമ്പത്തിക ബോധിമുട്ടനുഭവിക്കുന്നവർക്ക് വേണ്ടി  ബാങ്കുകൾക്കും ബാങ്ക് ഇതര ധനകാര്യ കമ്പനികൾക്കുമായുള്ള വായ്പ പദ്ധതികൾ ; ഇങ്ങനെ ഒക്കെ ഉള്ള പ്രഖ്യാപനങ്ങൾ നടത്താൻ മറ്റേതൊരു സർക്കാരിനു കഴിയും !
കൊറോണമൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ വേണ്ടി കൈക്കൊള്ളാൻ പോകുന്ന നടപടികളുടെ ഒരു പാക്കേജാണ് സാമ്പത്തിക പാക്കേജായി കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ടത് . രണ്ട് രീതിയിൽ ഈ സാമ്പത്തിക ഉത്തേജന പാക്കേജ്ജ് നടപ്പാക്കാൻ കഴിയും . ഒന്ന് നേരിട്ടും മറ്റൊന്ന് പരോക്ഷമായും .
1. കർഷകരിലും കച്ചവടക്കാരിലും ഒക്കെ ആയി നേരിട്ട് പണം ആളുകളിലേക്ക് എത്തുന്നതാണ് നേരിട്ടുള്ള രീതി .
2. എന്നാൽ ബാങ്കുകൾക്ക് നൽകുന്ന വായ്പ ഗ്യാരണ്ടി പോലുള്ള പണലഭ്യത നടപടികളാണ് പരോക്ഷമായത്.

ഇരുപത് ലക്ഷം കോടിയുടെ ഉത്തേജനപദ്ധതികൾ എന്നൊക്കെ വെറുതെ അങ്ങ് അടിച്ചുവിടുകയാണ് . സത്യത്തിൽ സാമ്പത്തിക വിദഗ്ധർ പറയുന്നത് ഉത്തേജക പാക്കേജ് നേരിട്ടുവരുന്ന തുക പ്രഖ്യാപിച്ചതിന്റെ ഏതാണ്ട് 30 % മാത്രമേ വരൂ എന്നതാണ്. അതായത് ഖജനാവിന് നേരിട്ടുള്ള ചെലവ് വളരെ കുറവാണെന്ന്.
പ്രഖ്യാപിച്ച പാക്കേജിൽ മിക്കതും പഴയ നയങ്ങളോ അല്ലങ്കിൽ ഇതിന് മുൻപ് പ്രഖ്യാപിച്ച പദ്ധതികൾ കൂടി ഇതിനോടൊപ്പം ചേർത്ത് പുതിയ പാക്കേജായി അവതരിപ്പിക്കുകയാണ് ചെയ്തത്. അതിൽ പ്രധാനപ്പെട്ടവ;
8.04 ലക്ഷം കോടി രൂപയുടെ പണലഭ്യത നടപടികളാണ് അതാണെങ്കിലോ കഴിഞ്ഞ ഫെബ്രുവരിയിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്.അതുപോലെതന്നെ ആഴ്ചകൾക്ക് മുന്നേ പ്രഖ്യാപിച്ച പ്രധാമന്ത്രി ഗരീബ് കല്യാൺ പദ്ധതിയിൽ ഉൾപ്പെടുത്തിയ 1.7 ലക്ഷം കോടി രൂപയും ഇ പാക്കേജിന്റെ ഭാഗമായി കൂടിയിരിക്കുകയാണ് . NABARD ന്റെ Re-finance സ്കീം , ഗ്രാമീണ തൊഴിൽ പദ്ധതിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന വർദ്ധനവ് ഇതൊക്കെ മുന്നേ പ്രഖ്യാപനങ്ങൾ വന്നതായിരുന്നു . ഇപ്പൊ വീണ്ടും ഇ പാക്കേജിനോട് ചേർത്തുവെച്ചു വായിച്ചു .
പദ്ധതികളിൽ കൂടുതലും ലോൺ കൊടുക്കുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത് .ചെറുകിട വ്യവസായങ്ങൾക്ക് സെപ്റ്റംബർ 30 ന് ഉള്ളിൽ തിരിച്ചടക്കേണ്ട 17% നിരക്കിൽ 3 ലക്ഷം കോടി രൂപയുടെ കൊളാറ്ററൽ ഫ്രീ ലോണുകൾ. അതായത്, സർക്കാരിന് ഈ പണം തിരികെ ലഭിക്കുമെന്ന് മാത്രമല്ല ഉയർന്ന പലിശയിലൂടെ ലാഭം കൂടി നേടാം . അങ്ങനെ വരുമ്പോൾ സർക്കാർ ചിലവാക്കുന്നതതോ പൂജ്യം .സമാനമായ നടപടികൾ തെരുവ് കച്ചവടക്കാർക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇനി അടുത്തത് 14 ലക്ഷം നികുതിദായകർക്ക് ഏതാണ്ട് 18,000 കോടി രൂപ തിരിച്ചുനൽകുന്നു എന്നതാണ്. ഇത് നമ്മുടെ കയ്യിൽ നിന്ന് വാങ്ങിയ പണം തിരിച്ചു തരുന്നു എന്നതിൽക്കവിഞ്ഞു ഇതെങ്ങനെ സാമ്പത്തിക ഉത്തേജന പാക്കേജിൽ കൊണ്ടുവരാൻ ആകും ?
ഇനി സാധാരണക്കാരന് നേരിട്ട് ലഭിക്കുന്ന സാമ്പത്തിക സഹായം ആണ് ഏകദേശം 8 കോടി കുടിയേറ്റക്കാർക്ക് 3500 കോടി രൂപയുടെ റേഷൻ ആനുകൂല്യം , അതായത് ആളൊരാൾക്ക് 400 രൂപ. അതുപോലെ PM cares വഴി 1000 കോടി രൂപ. ജൻധൻ അക്കൗണ്ടിൽ 500 രൂപ വെച്ച് മൂന്നുമാസം നൽകുമെന്ന് ലോക്ഡൗൺ തുടങ്ങിയപ്പോൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ്. പിന്നെ പ്രധാനമന്ത്രി സമ്മാൻ പദ്ധതിയിലൂടെ കൃഷിക്കാർക്കുള്ള 2000 രൂപയും സൗജന്യറേഷനും. ഇ തുകകൾ പര്യാപ്തമാണോ എന്ന് നിങ്ങൾ ചിന്തിക്കുക .
പല രാജ്യങ്ങളിലും, ഗവൺമെന്റുകൾ ആളുകൾക്ക് നേരിട്ട് തന്നെ സാമ്പത്തിക, പശ്ചാത്തല സഹായങ്ങൾ ചെയ്യുന്നു . ക്യാപിറ്റലിസ്റ് രാജ്യമായ അമേരിക്ക പോലും  വ്യക്തികൾക്ക് $1200 വരെ സഹായം കിട്ടും, വിവാഹിതരായ ദമ്പതികൾ സംയുക്തമായി ഫയൽ ചെയ്യുന്ന അപേക്ഷകൾക്ക് $2400 വരെയും, ഓരോ കുട്ടിക്കും $500 അധികവും ലഭിക്കും.ഓരോ ആളുകളുടെ വരുമാനത്തിനനുസരിച്ചാകും ഈ സാമ്പത്തിക സഹായത്തിനു പരിധി നിശ്ചയിക്കുക.
സർക്കാരിന്റെ ബജറ്റിൽ നിന്നോ മറ്റ് സാമ്പത്തിക സ്രോതസ്സിൽ നിന്നോ ഒക്കെയാണ് “സാമ്പത്തിക പാക്കേജ്” ആവശ്യമായ തുക കണ്ടത്തേണ്ടത്.  ദേശീയ വരുമാനത്തിന്റെ 10% ഉത്തേജക പാക്കേജ് വരുമെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത് . എന്നാൽ സാമ്പത്തിക വിദഗ്ധരുടെ വിശകലനത്തിൽ ഉത്തേജക പാക്കേജ്ൽ  നേരിട്ട് ചിലവാകാൻ സാധ്യതയുള്ള തുക വെറും 3.22 ലക്ഷം കോടി രൂപ മാത്രമാണ്. അത് GDPയുടെ 1.6% മാത്രവും. മറ്റ് രാജ്യങ്ങളെ തട്ടിച്ചുനോക്കുമ്പോൾ എത്ര തുച്ഛമായ വകയിരുത്തൽ ആണെന്ന് മനസ്സിലാകും. പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി ഇക്കോണമി ഉത്തേജക പാക്കേജിൽ, മൊത്തം സർക്കാർ ചെലവുകൾ 20000 കോടി മുതൽ 4.2 ലക്ഷം കോടി വരെയാണ്. കാരണം മിക്ക നടപടികളും ജനങ്ങൾക്ക് നേരിട്ട് പണം കൈമാറുന്നത് പോലുള്ള നേരിട്ടുള്ള നടപടികളല്ല.
ആറ്റമിക് എനർജി, ബഹിരാകാശം, റെയിൽവേ, പ്രതിരോധം, ഖനനം എന്നു തുടങ്ങി എല്ലാ മേഖലകളും സ്വകാര്യ സംരംഭകർക്കു തുറന്നുകൊടുത്തു. പ്രതിരോധത്തിലാകട്ടെ വിദേശ കമ്പനികൾക്ക് 74% വരെ ഷെയറുമാകാം. കൽക്കരിപ്പാടങ്ങൾ മാത്രമല്ല, മറ്റ് ധാതുക്കളുടെയും പര്യവേക്ഷണത്തിനും ഖനനത്തിനുമുള്ള അനുമതി സ്വകാര്യമേഖലയ്ക്കു കൊടുക്കുകയാണ്. 12 വിമാനത്താവളങ്ങൾകൂടി സ്വകാര്യവൽക്കരിക്കാൻ പോവുകയാണ്.  അഞ്ചു ലക്ഷം ഏക്കർ ഭൂമി അവർക്കായി കണ്ടെത്തി മാറ്റിവെച്ചിരിക്കുകയാണ്. ഇവരിലൂടെ ഇന്ത്യൻ സമ്പദ്ഘടന രക്ഷപ്പെടും എന്നാണ് സർക്കാരിന്റെ മിഥ്യാധാരണ. അനുഭവങ്ങൾ വന്നാലും പഠിക്കില്ല. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ പേരിൽ കൽക്കരിയും മറ്റ് ധാതു ഉൽപാദനവും സ്വകാര്യ വിദേശ  കുത്തകമേഖലയ്ക്ക് തുറന്നുകൊടുക്കുന്നത് ഇതിൽനിന്നുള്ള വരുമാനം പോലും വലിയ തോതിൽ രാജ്യത്തിന് പുറത്തേക്ക് ഒഴുകാൻ കാരണമാകൂ . ദുരന്തങ്ങളെ ഉപയോഗപ്പെടുത്തി സാധാരണഗതിയിൽ നടപ്പാക്കാൻ പ്രയാസമായിരുന്ന നയങ്ങൾ, ഇപ്പോൾ ദുരന്തങ്ങളുടെ പ്രതിരോധം എന്ന രീതിയിൽ ആണ് സ്വകാര്യ വിദേശകുത്തകകൾക്ക് രാജ്യം തുറന്നുകൊടുക്കുന്നത്.
പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ പൊതു ആരോഗ്യ മേഖലയ്ക്ക് വലിയ പിന്തുണ പാക്കേജിൽ ഉണ്ടാകുമെന്നാണ്. ഒന്നും ഇല്ല. അതിനുപകരം സ്വകാര്യ ആശുപത്രികൾക്ക് വയബലിറ്റി ഗ്യാപ് ഫണ്ടിംഗ് എന്ന പേരിൽ മുതൽമുടക്കിന്റെ 30 ശതമാനം വരെ നൽകും. അതിനായി 8100 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.
ഈ ഘട്ടത്തിൽ ആവശ്യമായിരുന്നത് സ്വകാര്യ ഉൽപ്പാദന മേഖലയ്ക്ക് കൂടുതൽ സാമ്പത്തിക സഹായം ചെയ്യുന്നതിലല്ല, മറിച്ച് സ്വകാര്യ മേഘലയെക്കാൾ കൂടുതൽ സാമ്പത്തിക സ്രോതസ്സ് സർക്കാർ കണ്ടെത്തുകയും സർക്കാർ തന്നെ നേരിട്ട് പണം മുടക്കാൻ തയ്യാറാകുകയും വേണമായിരുന്നു. ഈ പണം  ദുരിതബാധിതരിലേക്ക് നേരിട്ട് എത്തുകയും , അവർക്കത് ആശ്വാസമാകുകയും അത് പിന്നീട് ആളുകളിൽ വാങ്ങൽ ശേഷി ഉണ്ടാക്കുകയും സമ്പത്ത് വ്യവസ്ഥയ്ക്ക് അത് ഉണർവുണ്ടാക്കുകയും ചെയ്‌തേനെ. ജനങ്ങളുടെ വാങ്ങൽ ശേഷി കൂട്ടാതെ ഉല്പാദന ശേഷി കൂട്ടിയിട്ട് കാര്യമുണ്ടോ ?
കുടിയേറ്റ തൊഴിലാളികൾ ഇപ്പോഴും വിശപ്പിലും വേദനയിലും വീടുകളിലേക്ക് കിലോമീറ്ററോളം നടക്കുന്നു. വിശപ്പടക്കാൻ റോഡിൽ വാഹനം തട്ടി ചത്തുവീണ നായയെ ഭക്ഷിച്ചവന്റെ, തളർന്നുവീനിറങ്ങിയവരുടെ മേലെ തീവണ്ടി പാഞ്ഞുകയറി ചതഞ്ഞരഞ്ഞവരുടെ , നാളെയെന്ന ആകുലതയിൽ ജീവനൊടുക്കുന്നവരുടെ കാഴ്ചകൾ ഇല്ലാതാക്കാൻ ആണ് സർക്കാർ ശ്രമിക്കേണ്ടത് ! ഇപ്പോഴത്തെ ഇന്ത്യയുടെ ഞെട്ടിക്കുന്ന മരവിക്കുന്ന കാഴ്ചകൾക്കറുതി വരുത്താൻ ശക്തമായ ജനകീയ സാമ്പത്തിക നയമാണ് രൂപപ്പെട്ടുവരേണ്ടത് , അല്ലാതെ സ്വകാര്യ കുത്തകകൾക്ക് ചീർത്തുകൊഴുക്കാൻ ഉള്ള പ്രഖ്യാപനങ്ങളല്ല !

Leave a Reply

Your email address will not be published. Required fields are marked *