കാൾ മാര്‍ക്സ്നെ ഓർക്കുമ്പോൾ

പശ്ചിമ ജര്‍മനിയിലെ മോസല്ലി നദിയുടെ തീരത്ത് ട്രയർ എന്ന പട്ടണത്തിൽ ഹെർഷൽ മാർക്സ്ൻറെയും (പിതാവ്) ഹെൻറിറ്റ പ്രെസ്ബർഗ്ന്റെയും (അമ്മ) മകനായി 1818 മെയ് 5നു കാറല്‍ ഹെന്‍റിച്ച് മാര്‍ക്സ് എന്ന കാറല്‍ മാര്‍ക്സ് ജനിച്ചു .മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ ശില്പിയായ കാൾ മാർക്സ് വൈരുദ്ധ്യാത്മക ഭൗതികവാദ സിദ്ധാന്തത്തിലൂടെ ഈ ലോകത്തിനു ഒരു പുതു വഴി കാട്ടിത്തന്ന തത്വശാസ്‌ത്രജ്ഞനായിരുന്നു. തത്ത്വചിന്തകൻ, ചരിത്രകാരൻ,രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധൻ, രാഷ്ട്രീയ സൈദ്ധാന്തികൻ എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചിരുന്നു. മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുക്കയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും ഭാവിയിലെ സമൂഹസ്ഥിതിയായി വിഭാവനം ചെയ്യാൻ അദ്ദേഹത്തിന്‌ സാധിച്ചു. ലോകത്തിലെ തന്നെ മികച്ച ഒരു സാമ്പത്തിക വിദഗ്ദനായി കാൾ മാർക്സ് അറിയപ്പെടുന്നു. ലോകത്തെ വ്യാഖ്യാനിക്കുക മാത്രമല്ല മാറ്റിമറിക്കുകയും വേണ്ടതുണ്ടെന്ന്‌ പ്രഖ്യാപിച്ച്‌ കര്‍മ്മനിരതമായ രാഷ്‌ട്രീയ ജീവിതം നയിച്ച മഹാനായിരുന്നു മാര്‍ക്‌സ്‌.
 
സാമ്പത്തികമായി ഭേദപ്പെട്ട, മദ്ധ്യവർഗ്ഗ കുടുംബമായിരുന്നു മാർക്സിന്റേത്. ഈ കുടുംബത്തിന് മുന്തിരിത്തോട്ടങ്ങൾ സ്വന്തമായുണ്ടായിരുന്നു. കാൾ മാർക്സിന്റെ കുടുംബം പരമ്പരാഗതമായി ജൂതമത വിശ്വാസികൾ ആയിരുന്നു .അദ്ദേഹത്തിന്റെ മുത്തച്ഛൻ അറിയപ്പെടുന്ന ഒരു യഹൂദഗുരു ആയിരുന്നു. 1815 ൽ പിതാവ് ഹെർഷൽ മാർക്സ് ഒരു അഭിഭാഷകനായി ജോലി നോക്കാൻ തുടങ്ങി. 1817 ൽ ജൂതൻമാർക്ക് പ്രഷ്യൻ കോടതികളിൽ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു വിലക്ക് നിലവിൽ വന്നപ്പോ കാളിന്റെ പിതാവ് ഹെർഷൽ മാർക്സ് യഹൂദമതം ഉപേക്ഷിച്ച് പ്രൊട്ടസ്റ്റന്റ് ക്രിസ്തുമതം സ്വീകരിച്ചിരുന്നു. നവോത്ഥാന മൂല്യങ്ങളിൽ വിശ്വസിച്ചിരുന്ന അദ്ദേഹത്തിന് ഇമ്മാനുവേൽ കാന്റിന്റേയും, വോൾട്ടയറിന്റേയും ആശയങ്ങളിലും താൽപര്യമുണ്ടായിരുന്നു. സ്വദേശമായ പ്രഷ്യയിലെ രാജവാഴ്ചയ്ക്ക് അറുതിവരുത്താനും ഭരണമാറ്റം വരുത്താനുമായി നടന്ന പ്രക്ഷോഭങ്ങളിൽ കാളിന്റെ പിതാവ് പങ്കുകൊണ്ടിരുന്നു.
 
കാളിന്റെ മാതാവ് ഹെൻറിറ്റ പ്രെസ്ബർഗ് പ്രാഥമികവിദ്യാഭ്യാസം മാത്രം ലഭിച്ച ഒരു ഡച്ച് യഹൂദ സ്ത്രീ ആയിരുന്നു. ഒരു വൻ വ്യവസായ കുടുംബത്തിലായിരുന്നു അവരുടെ ജനനം. ഈ കുടുംബമാണ് പിന്നീട് വൻകിട ഇലക്ട്രോണിക്സ് കമ്പനിയായ ഫിലിപ്സ് ഇലക്ട്രോണിക്സ് സ്ഥാപിച്ചത്. ഫിലിപ്സ് കമ്പനിയുടെ സ്ഥാപകരായിരുന്ന ഫ്രിറ്റ്സ് ഫിലിപ്സ്, ജെറാൾഡ് ഫിലിപ്സ്, അന്റൺ ഫിലിപ്സ് എന്നിവരുടെ പിതൃ സഹോദരി ആയിരുന്നു കാളിന്റെ മാതാവ്.
 
 
1835ൽ ആണ് ജർമനിയിലെ ബോണ്‍ സര്‍വകലാശാലയിൽ ചേരുന്നു , പിന്നീട് ബര്‍ലിന്‍ സര്‍വകലാ ശാലയിലുമാണ് മാര്‍ക്സ് തന്‍റെ പഠനം പൂര്‍ത്തിയാക്കിയത്. ബോണ്‍ സര്‍വകലാശാലയിലെ നിയമ പഠന സമയത്താണ് “ജെന്നി വോണ്‍ വെസ്റ്റ്‌ വാലന്‍” എന്ന ജര്‍മന്‍ പെണ്‍കുട്ടിയുമായി മാര്‍ക്സ് അടുക്കുന്നതും, പിന്നീട് 1843 ൽ വിവാഹം കഴിക്കുന്നതും. സർവ്വകലാശാല വിദ്യാഭ്യാസത്തിനിടക്കു വെച്ച് “യുവ ഹേഗേലിയന്മാർ” എന്നറിയപ്പെട്ടിരുന്ന പ്രഷ്യൻ ബുദ്ധിജീവികളുടെ ആശയങ്ങളിൽ ആകൃഷ്ടനാകുന്നത്. ഹെഗലിന്റെ “ഡയലറ്റിക്കല്‍ മെറ്റിരിയലിസം  അദ്ദേഹത്തിന്‍റെ സോഷ്യലിസ്റ്റ് സങ്കല്പത്തെ കൂടുതല്‍ സ്വാധീനിക്കുകയും ചെയ്തത്. ഫിലോസഫിയില്‍ പഠനം കഴിഞ്ഞ മാര്‍ക്സിന് ഗ്രീക്ക്‌ ഭൗതികവാദത്തെ കുറിച്ചുള്ള പഠനത്തിനാണ്‌ “ജെന” സര്‍വകലാശാല ഫിലോസഫിയില്‍ ഡോക്ട്രേറ്റ് നല്‍കുകയുണ്ടായി.
 
വിദ്യാഭ്യാസത്തിനു ശേഷം കോളേജ്‌ അധ്യാപകനായി മാറണമെന്ന മോഹം ഉപേക്ഷിച്ചാണ്‌ ഒരു പത്രത്തിൽ ജോലി ചെയ്യാൻ തുടങ്ങിയത്. പിൽക്കാലത്ത് പ്രശസ്തമായ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന പ്രമാണത്തിനു വേണ്ടി ചിന്തിക്കാനും പ്രവർത്തിക്കാനും തുടങ്ങിയത് അക്കാലത്താണ്. 1843 ൽ മാര്‍ക്സും ഭാര്യ ജെന്നിയും പാരീസിലേക്കു മാറുകയും അവിടത്തെ രണ്ട് പത്രങ്ങൾക്കു വേണ്ടി എഴുതുവാനും തുടങ്ങി. അവിടെ വെച്ച് അദ്ദേഹം ഒരു “റവല്യൂഷ്യണറി കമ്മ്യുണിസ്റ്റ്” കാരനാകുകയും, തന്‍റെ മരണം വരെയുള്ള സുഹ്രത്തായ എങ്കല്‍സുമായി പരിചയപെടുകയും ചെയ്തു. പാരീസില്‍ ജീവിതമാരംഭിച്ച മാര്‍ക്‌സിനെ വിപ്ലവകാരി എന്ന്‌ മുദ്രകുത്തി നാടുകടത്തുന്നു.
 
മാർക്സിനെ കുറിച്ച് പറയുമ്പോൾ ഫ്രെഡെറിക് ഏംഗല്‍‌‍സ്സിനെ കുറിച്ച് കൂടി പറയേണ്ടതായി ഉണ്ട് .ജര്‍മ്മനിയിലെ ധനികനായ വ്യവസായിയുടെ മൂത്ത മകനായിരുന്നു എന്‍ഗല്സ്. അച്ഛന്‍റെ പരുത്തി ഫാക്ടറി നോക്കി നടത്താനായി ഇംഗ്ലണ്ടില്‍ എത്തിയ അദ്ദേഹം ഇംഗ്ലണ്ടിലെ തൊഴിലാളികളുടെ ശോചനീയമായ ദാരിദ്ര്യാവസ്ഥ കണ്ട് അതിനെ കുറിച്ച് പഠിക്കുകയും സ്വയം കമ്മ്യൂണിസ്റ്റ് ആവുകയും ചെയ്തു. ഏംഗല്‍‌സ് 1844 ല്‍ “കണ്ടീഷന്‍ ഓഫ് ദി വര്‍ക്കിംഗ് ക്ലാസസ് ഇന്‍ ഇംഗ്ലണ്ട്” എന്ന പേരില്‍  പുസ്തകമെഴുതി. പിന്നീട് കാറല്‍ മാര്‍ക്സ് പാരീസില്‍ നിന്നും പുറത്തിറക്കിയ “ഫ്രാന്‍കോ ജര്‍മ്മന്‍ ആനല്‍‌സ്” എന്ന വിപ്ലവ മാസികയില്‍ അദ്ദേഹം എഴുതി തുടങ്ങുകയും ചെയ്തു. ഇരുവരും തമ്മിലുള്ള സൗഹൃദം ഒരു ചരിത്ര നിയോഗമായിരുന്നു ഈ ലോകത്തിനു ഒരു പുതുവെളിച്ചം ആയി മാറിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമാവുകയും ചെയ്തു.
 
മാര്‍ക്സ് ആശയങ്ങളെ വിശകലനം ചെയ്യുകയും അവയെല്ലാം ബഹുജനങ്ങള്‍ക്ക് മനസ്സിലാവും വിധം വിവരിക്കുകയും അവതരിപ്പിക്കുകയും ചെയ്തത് ഏംഗല്‍‌സായിരുന്നു. ദി ഹോളി ഫാമിലി” എന്ന ആദ്യത്തെ ലേഖനവുമായി പ്രവര്‍ത്തിക്കുന്ന സമയത്ത് വിപ്ലവകാരി എന്ന്‌ മുദ്രകുത്തി കാറല്‍ മാര്‍ക്സിനെ ഫ്രാന്‍സിലെ പ്രഷ്യന്‍ ഭരണാധികാരികള്‍ പുറത്താക്കി. തുടര്‍ന്ന് ബെല്‍ജിയത്തിലേക്ക് താമസം മാറി.
 
സാമ്പത്തിക ഘടനയുടെ പ്രാധാന്യത്തെപ്പറ്റി ജീവിതം മുഴുവന്‍ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്‌ത മാര്‍ക്‌സിന്‌ സ്വന്തം സാമ്പത്തിക കാര്യങ്ങളില്‍ ബുദ്ധിമുട്ടുകളുടെ പരമ്പര തന്നെയായിരുന്നു ഏറ്റുവാങ്ങേണ്ടിവന്നത്‌. വിവാഹസമയത്ത്‌ ജെന്നിയുടെ വീട്ടുകാരുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി മാര്‍ക്‌സിന്റെ കടങ്ങള്‍ക്കൊന്നും തന്റെ ഭാവി ഭാര്യയ്‌ക്ക്‌ ഉത്തരവാദിത്തമില്ലെന്ന്‌ എഴുതി നല്‍കേണ്ടിവന്നു അദ്ദേഹത്തിന്‌. സാമ്പത്തിക നില വളരെ മോശമായിരുന്ന മാര്‍ക്സിനെ തന്‍റെ പുസ്തകത്തിന്‍റെ റോയല്‍റ്റിയില്‍ നിന്നും കിട്ടിയ വരുമാനം കൊണ്ട് ഏംഗല്‍‌സ്സ ആയിരുന്നു സഹായിച്ചിരുന്നത് . സര്‍ക്കാര്‍ ജോലി വാഗ്‌ദാനം ലഭിച്ചിട്ടും അത്‌ മാറ്റിവെച്ചുകൊണ്ട്‌ ദുരിത പൂര്‍ണ്ണമായ ജീവിതത്തെ സ്വയംവരിച്ച്‌ ലോകത്തിന്‌ വെളിച്ചം നല്‍കാന്‍ തയ്യാറാവുകയായിരുന്നു മാര്‍ക്‌സ്‌.
 
1846 ല്‍ ഇരുവരും യൂറോപ്പിന്‍റെ പല ഭാഗങ്ങളിലായി കിടക്കുന്ന സോഷ്യലിസ്റ്റ് നേതാക്കളുമായി ബന്ധപ്പെട്ട് അവരെ ഒന്നിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. പിന്നീട് ലണ്ടനില്‍ നടന്ന സോഷ്യലിസ്റ്റ് സമ്മേളനത്തില്‍  കമ്മ്യൂണിസ്റ്റ് ലീഗ് എന്ന സംഘടന പിറക്കുന്നത് . 1847 ഒക്ടോബറിൽ കമ്മ്യൂണിസ്റ്റ് ലീഗ്നുവേണ്ടി പ്രിന്‍സിപ്പിള്‍സ് ഓഫ് കമ്മ്യൂണിസം എന്ന ഒരു  ലഘുലേഖയുടെ കരട് എഴുതുകയുണ്ടായി . (പിൽക്കാലത്തു 1914ൽ ഇത് ആദ്യമായി പ്രസിദ്ധീകരിക്കുന്നത് ). ലഘുലേഖയെ അടിസ്ഥാനമാക്കി ഫെഡറിക് എംഗല്‍സിന്റെ സഹായത്തോടെ കാള്‍ മാര്‍ക്‌സ് രചിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ 1848 ഫെബ്രുവരി 21നു ലണ്ടനില്‍ പുറത്തിറക്കി. ഒരു ഭൂതം യൂറോപ്പിനെ വേട്ടയാടുന്നു-കമ്മ്യൂണിസത്തിന്റെ ഭൂതം,’ എന്ന നാടകീയ വാക്കുകളോടെയാണ് മാനിഫെസ്റ്റോ ആരംഭിക്കുന്നത്. നിങ്ങളുടെ കൈവിലങ്ങുകളല്ലാത്തെ മറ്റൊന്നും നഷ്ടപ്പെടാനില്ല. നിങ്ങള്‍ക്ക് ഒരു ലോകം ജയിക്കാനുണ്ട്. സര്‍വലോക തൊഴിലാളികളെ, സംഘടിക്കുവിന്‍!എന്നീ വാക്കുകളോടെയാണ് അത് അവസാനിക്കുന്നത്.
 
ഇതുവരെയുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണെന്നു’, തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആത്യന്തിക വിജയത്തില്‍ വര്‍ഗ്ഗ സമൂഹം എന്നെന്നേക്കുമായി ഇല്ലാതാകുമെന്നും, ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ രാഷ്ട്രീയ ലഘലേഖ വിളംബരം ചെയ്തു.
 
1849 ൽ സർക്കാർ കാൾമാർക്സിനെ ലണ്ടനിലേക്ക് നാടുകടത്തി. ഇത്തവണ അദ്ദേഹം ഭാര്യയേയും കുട്ടികളേയും കൂടെ കൂട്ടിയിരുന്നു. ലണ്ടനിൽ ഒരു ചെറിയ വീട്ടിൽ പട്ടിണിയും ദുരിതവും ആയി നാല് മക്കൾക്കൊപ്പം കഴിയുമ്പോഴും മാർക്സിന്റെ പ്രിയതമ ജെന്നി കാണിച്ചിരുന്ന സ്നേഹവും പരിഗണയും പിന്തുണയും ആണ് മാര്‍ക്‌സിന്റെ ചിന്തകള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കാൻ സഹായകം ആയത് . ജെന്നി ജീവിതത്തിലുടനീളം മാര്‍ക്‌സിന്റെ ദുരിതപൂര്‍ണ്ണമായ ജീവിതത്തെ അറിഞ്ഞു എന്നും ഒരു കൈത്താങ്ങായി ഉണ്ടായിരുന്നു.അതിന്റെ തെളിവായിരുന്നു അവള്‍ വിവാഹത്തിന്‌ തൊട്ടുമുമ്പ്‌ മാര്‍ക്‌സിന്‌ ഇങ്ങനെ കുറിച്ചു.ഞാന്‍ നിന്റെ മുമ്പിലും പിമ്പിലും നടക്കാം. നിന്റെ എല്ലാ വഴികളും സുഗമമാക്കാന്‍ എനിക്ക്‌ കഴിഞ്ഞിരുന്നെങ്കില്‍; തടസമായി വരുന്നതെല്ലാം തട്ടി നീക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.ദുരിതങ്ങൾ ഒന്നൊഴിയാതെ ഇവരുടെ ജീവിതത്തില്‍ വന്നുകൊണ്ടേയിരുന്നു .ദാരിദ്ര്യം കൊണ്ട്‌ മരണപ്പെട്ട കുട്ടിക്ക്‌ ശവപ്പെട്ടി വാങ്ങാന്‍ പോലും പണമില്ലാത്ത സ്ഥിതി. ശവശരീരം മറവുചെയ്യാന്‍ പോലും ഏറെ കാത്തിരിക്കേണ്ടി വന്ന അനുഭവങ്ങള്‍. അക്കാലത്തെ അനുഭവത്തെക്കുറിച്ച്‌ ജെന്നി ഇങ്ങനെ എഴുതുന്നുണ്ട്‌. ഞങ്ങളുടെ ജീവിച്ചിരുന്ന മൂന്ന്‌ കുട്ടികളും ഞങ്ങള്‍ക്കരികില്‍ കിടന്നു. അടുത്ത മുറിയില്‍ മരിച്ചുമരവിച്ചിരുന്ന കൊച്ചുമാലാഖയെ ഓര്‍ത്ത്‌ ഞങ്ങളെല്ലാം കരഞ്ഞു.”. ഈ അനുഭവങ്ങളിലും തളരാതെ മാർക്സിനൊപ്പം ജെന്നി താങ്ങായി നിന്നു .
 
കടുത്ത ദാരിദ്രത്തിൽ ആയിരുന്നു ഇവരുടെ ജീവിതം എന്നുള്ളതിന് ഒരു തെളിവാണ് മകളുടെ മരണത്തെ കുറിച്ച ജെന്നി ഇങ്ങനെ കുറിക്കുന്നുണ്ട്‌. അവള്‍ ഈ ലോകത്തേയ്‌ക്ക്‌ വന്നപ്പോള്‍ തൊട്ടിലുണ്ടായിരുന്നില്ല. അവസാനത്തെ വിശ്രമ താവളത്തിനുവേണ്ടിയും അവള്‍ക്ക്‌ ഒരുപാട്‌ കാത്തിരിക്കേണ്ടി വന്നു.ജീവിത ദുരിതങ്ങളുടെ നടുവിൽ നിലയുറച്ചു നിന്നാണ് മാര്‍ക്‌സ്‌ ഈ ലോകത്തിലെ അശരണർക്കു വേണ്ടി കമ്മ്യൂണിസം എന്ന വിമോചന സിദ്ധാന്തം രൂപപ്പെടുത്തിയെടുത്തത്.
 
രണ്ട് കാര്യങ്ങൾക്കുവേണ്ടിയാണ് മാർക്സ് തന്റെ ജീവിതം ഉഴിഞ്ഞുവെച്ചത്, ഒന്നാമതായി രാഷ്ട്രീയ സമ്പത് വ്യവസ്ഥയെയും, മുതലാളിത്തത്തെയും കൂടുതലായി മനസ്സിലാക്കുന്നതിനും, രണ്ടാമതായി വിപ്ലവകരമായ മാറ്റങ്ങൾ ഈ മേഖലയിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും.
 
ദാർശനികനും സാമ്പത്തിക ശാസ്ത്രകാരനുമായ കാൾമാർക്സ് തന്റെ മഹത്തായ കൃതി 1867  “ദാസ് കപിടാൾ” (മൂലധനം)-ന്റെ ആദ്യ ഖണ്ഡം പ്രകാശനം ചെയ്യതു. ഈ സമയത്തും തന്റെ ആരോഗ്യം വളരെ മോശമായിരുന്നു .1867ൽ തീവ്രരോഗത്തിനടിമയായ മാർക്സ് തന്റെ കൃതി മൂലധനത്തിന്റെ തിരുത്തൽപ്രക്രിയ ചെയ്തശേഷം അത് പ്രസിദ്ധീകരിച്ചത് ഏംഗൽസ് ആയിരുന്നു.
 
തന്റെ ജീവിതം മുഴുവൻ തുണയായിരുന്ന പ്രിയ ഭാര്യ 1881ൽ മരിചു. സംസ്കാരചടങ്ങിൽ സംബന്ധിക്കുവാൻ പോലും വയ്യാത്ത തരത്തിൽ കാൾ മാർക്സ് രോഗിയായിക്കഴിഞ്ഞിരുന്നു. അതിതീവ്രമായ ത്വക്ക് രോഗം കാൾമാർക്സിന്റെ ശരീരത്തെയാകെ കീഴടക്കിയിരുന്നു.  പ്രിയതമ ജെന്നിയുടെ മരണത്തിനു 15 മാസങ്ങള്‍ക്ക് ശേഷം 1883 മാര്‍ച്ച് 14നു അറുപത്തിനാലാമത്തെ വയസ്സിൽ ഈ യുഗപുരുഷന്റെ ജീവിതം  അവസാനിച്ചു . ബന്ധുക്കളും ഏംഗല്‍സടക്കമുള്ള സുഹൃത്തുക്കളുമെല്ലാമായി പത്തോളം പേര്‍മാത്രമാണ് ലണ്ടനില്‍ നടന്ന സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു. ജെന്നിയെ അടക്കം ചെയ്ത അതേ കല്ലറയില്‍.
 
മാർക്സിന്റെ മരണത്തെക്കുറിച്ച് സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ഏംഗൽസിന്റെ വാക്കുകൾ ലോകം കണ്ട എക്കാലത്തേയും മഹാനായ ചിന്തകൻ നമ്മോടു വിട പറഞ്ഞുപോയിരിക്കുന്നു. ഏതാനും മിനിട്ടുകൾക്കു മുമ്പ് അദ്ദേഹം ഇങ്ങിനി ഉണരാത്തവണം സമാധാനപൂർണ്ണമായ നിദ്രയിലേക്കു പ്രവേശിച്ചുകഴിഞ്ഞിരിക്കുന്നു.
 
കാൾ മാർക്സിന്റെ സാമൂഹ്യ, സാമ്പത്തിക ആശയങ്ങളെ പൊതുവേ മാർക്സിസം എന്നു വിളിക്കപ്പെടുന്നു. ചൂഷകവർഗ്ഗവും ചൂഷിതവർഗ്ഗവും തമ്മിലുള്ള വർഗ്ഗസമരത്തിലൂടെയാണ് എല്ലാ സമൂഹവും മുന്നോട്ടു പോകുന്നതെന്ന് കാൾ മാർക്സ് പറയുന്നു.
 
മാർക്സിന്റെ ജീവിതകാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ചിന്തകൾക്ക് സമൂഹത്തിൽ വേണ്ടത്ര മാറ്റം വരുത്താൻ സാധിച്ചിട്ടില്ലായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ സാമൂഹ്യ, സാമ്പത്തിക ആശയങ്ങളെ ലോകം നെഞ്ചേറ്റി . വാള്‍സ്ട്രീറ്റിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ന്യൂയോര്‍ക്കര്‍ മാസിക ദ റിട്ടേണ്‍ ഓഫ് കാള്‍ മാര്‍ക്‌സ്എന്ന ശീര്‍ഷകത്തിലുള്ള പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു.21stനൂറ്റാണ്ടില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുക കാള്‍ മാര്‍ക്‌സായിരിക്കും എന്ന് ലേഖനം പറയുന്നു .
 
മാർക്സിന്റെ ആശയങ്ങളെ സ്വീകരിച്ച പല രാജ്യങ്ങളിലും സോഷ്യലിസ്റ്റ് പാർട്ടികൾ അധികാരത്തിലെത്തുകയുണ്ടായി. ലോകത്തെമ്പാടും പല തൊഴിലാളി യൂണിയനുകളും, തൊഴിലാളി വർഗ്ഗ പാർട്ടികളും മാർക്സിന്റെ ആശയങ്ങളെ പിന്തുടരുന്നവയാണ്. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് “ദ ഹൻഡ്രഡ്” എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978-ൽ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പുസ്തകത്തിലെ നൂറുപേരുടെ പട്ടികയിൽ ഇരുപത്തിയേഴാം സഥാനം കാൾ മാർക്സിനാണ്. മാര്‍ക്‌സിന്റെ ചിന്തകളും നിഗമനങ്ങളും ഏറ്റവും പ്രസക്തമായിത്തീര്‍ന്നുകൊണ്ടിരിക്കുന്ന കാലമാണ്‌ ഇത്‌.
 
മാർക്സിന്റെ ഒരു വാക്ക് ഓർമ്മിച്ചു കൊണ്ട് ആ യുഗപുരുഷനു ആ മഹാപ്രതിഭയ്‌ക്ക്‌ മുന്നില്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുന്നു.
 
“ശവകുടീരത്തിൽ നീയുറങ്ങുമ്പോളും ഇവിടെ നിൻ വാക്കുകൾ ഉറങ്ങാതിരിക്കുന്നു .
 

കടപ്പാട് :
Puthalath Dinesan
cpimmangara.blogspot.
azhimukham.com/karl-marx-and-friedrich-engels-publish-the-communist-manifesto/
chethas.com/karl-marx-revolutionary-who-loves-poverty/
dhruwadeepti.blogspot.ae/2014/03/blog-post.html
mathrubhumi
ദേശാഭിമാനി

Leave a Reply

Your email address will not be published. Required fields are marked *