ലോകത്തിന് മുന്നിൽ വ്യത്യസ്തമായി “പ്രതിരോധത്തിന്റെ കേരള മോഡൽ”

‘What Kerala thinks today India thinks tomorrow’– ഇത് ശരിയാണെന്ന് കേരളം ഉറപ്പിച്ചു തെളിയിക്കുകയാണ്.

കേരളം കുറച്ചേറെയായി കേൾക്കുന്ന ഒരു വാക്യം ആണ് “നമ്മൾ അതിജീവിക്കും”, അതേ “നമ്മൾ”; ഈ ഒരു കൂട്ടായ്മ തന്നെയാണ് ഏതൊക്കെ പ്രതിസന്ധികളെയും അതിജീവിക്കാൻ നമ്മളെ പ്രാപ്തരാക്കുന്നത്.

ഓഖിയേയും , രണ്ട് മഹാപ്രളയങ്ങളെയും , നിപ്പയേയും നമ്മൾ കഴിഞ്ഞ നാല് വർഷങ്ങളിൽ അതിജീവിച്ചു ഇപ്പോൾ കൊവിഡ്-19 എന്ന മഹാമാരിയേയും നമ്മൾ അതിജീവനത്തിന്റെ ശ്രമത്തിലാണ്.അപ്രതീക്ഷിതമായ പ്രതിസന്ധികളെ തരണം ചെയ്യാൻ എങ്ങനെ നമുക്ക് കഴിയുന്നു എന്ന് മനസ്സിലാക്കണം.

നമുക്കിപ്പോൾ ഏത് പ്രതിസന്ധികളേയും നേരിടാൻ ഒരു “വാർ റൂം” ഉണ്ട് , അതിന്റെ ക്യാപ്റ്റനായി മുഖ്യമന്ത്രിയും , ഓരോ സർക്കാർ വകുപ്പുകളേയും ഏകോപിപ്പിക്കാൻ വകുപ്പ് മന്ത്രിമാരും , ചീഫ് സെക്രട്ടറി മുതൽ സെക്രട്ടറിയേറ് ഉദ്യോഗസ്ഥർ, കളക്ടർമാർ ,വില്ലജ് വാർഡ് തലം വരെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഒരു വലിയ ടീം . ഇങ്ങനെ നിരവധിപേരുടെ  ഉറക്കമൊഴിച്ചുള്ള സമർപ്പണത്തിന്റെയും ജാഗ്രതയുടേയും കരുതലാണ് കേരളത്തിന് കാവലാകുന്നത്.  ഇ സമർപ്പണം വിജയിക്കണമെങ്കിൽ വേണ്ടുന്ന പ്രധാനപ്പെട്ട ഒന്നാണ് ഈ ടീമിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് സർക്കാരിനൊപ്പം നിന്ന് സഹകരിക്കുന്ന നമ്മൾ മലയാളികൾ.

കേരളത്തിലെ ആരോഗ്യ മേഖലയെ ഇന്ന് ലോകം മുഴുവൻ ഉറ്റു നോക്കുകയാണ് “കേരള മോഡൽ ” എന്ന പേരിട്ട് നമ്മുടെ പ്രവർത്തങ്ങളെ ലോകം പ്രശംസിക്കുകയും , അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് നമ്മുടെ പ്രവർത്തനങ്ങളെ അവരുടെ സിസ്റ്റത്തിലേക്ക് പകർത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ് .

കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്തെ മികവിനെ പ്രശംസിച്ചുകൊണ്ട് വാഷിങ്ടൺ പോസ്റ്റും , BBC യും , ട്രിബ്യൂൺ തുടങ്ങി അന്താരാഷ്ട്ര മാധ്യമങ്ങൾ വിശദമായി എഴുതി.ലോകം വിറച്ചുപോയ വൈറസിനു മുൻപിൽ ഒരു ഇടതുപക്ഷ സർക്കാർ എങ്ങനെ മാതൃകയായി നിൽക്കുന്നുവെന്നാണ് വിശദമായ റിപ്പോർട്ടിലൂടെ ട്രിബ്യൂൺ പറഞ്ഞുവെക്കുന്നത്.കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്തെ മികവിനെ ലോകോത്തര നിലവാരത്തോടാണ് ബിബിസി ഉപമിക്കുന്നത്.ശക്തമായ പരിശോധന, കോൺ‌ടാക്റ്റ് ട്രെയ്‌സിംഗ്, എല്ലാവർക്കും ഭക്ഷണം: ഇന്ത്യയിലെ ഒരു സംസ്ഥാനം, കേരളം കൊറോണ വൈറസ്സിനെതിരെ പൊരുതിയതിങ്ങനെ – എന്നാണ് വാഷിങ്ടൺ പോസ്റ്റ് പറയുന്നത്.

എന്താണ് ആരോഗ്യ മേഖലയിലെ ഈ കേരള മോഡൽ ?

നിപ്പ എന്ന മഹാമാരിയെ നമ്മൾ പ്രതിരോധിച്ചതെങ്ങനെ ? നിപ്പയുടെ ലക്ഷണങ്ങളുമായി പറവൂർ സ്വദേശിയായ വിദ്യാർഥി കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതുമുതൽ തന്നെ സർക്കാർ തലത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങി.വിദ്യാർഥിക്ക് നിപയാണെന്ന് സ്ഥിരീകരണം വന്നതിനുശേഷം പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫിസറും ഉദ്യോഗസ്ഥരുടെയും ഒരു ടീംമിന് രൂപം നൽകി . നിപ്പ ബാധിച്ച യുവാവിന്റെ സഞ്ചാരപഥം കൃത്യമായി കണ്ടെത്തി എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലായി യുവാവുമായി സമ്പർക്കം പുലർത്തിയെന്ന് സംശയിക്കുന്ന 330 പേരുടെ പട്ടിക തയ്യാറാക്കി നിരീക്ഷണം തുടങ്ങി . രോഗം ബാധിച്ചു മരിച്ച 17 പേർക്കും രോഗം പടർന്നത് ആദ്യ നിപാ വൈറസ്‌ ഇരയിൽ നിന്നായിരുന്നു. നിപ്പ ബാധയുണ്ടെന്ന് കണ്ടെത്തിയ 18 പേരിൽ 16 പേരും മരണമടഞ്ഞു.

ആരോഗ്യ പ്രവർത്തകർ അതിൽ ഡോക്ടർമാർ, നേഴ്സ് ,ലാബ് ടെക്നീഷ്യന്‍മാർ , അറ്റന്‍ഡര്‍മാർ , ശുചീകരണ തൊഴിലാളികൾ ,  സെക്യൂരിറ്റി ജീവനക്കാർ ഇവർക്കെല്ലാം പൂർണ്ണ പിന്തുണയോടെ പ്രവർത്തിച്ച മറ്റ് സർക്കാർ വകുപ്പുകളുടേയും ആർജ്ജവത്തോടെയുള്ള ഇടപെടലുകളുടെ ഫലമായി ലോകത്തിൻറെ പല ഭാഗത്തും ഉണ്ടായ നിപ്പ അണുബാധയെ താരതമ്യം ചെയ്താൽ കേരളം ഏറ്റവും ഫലപ്രദമായി പ്രതിരോധിച്ചു .പരമാവധി നേരത്തെ തന്നെ പ്രതിരോധ നടപടികൾ ആരംഭിച്ചത് കൊണ്ടാണ് അസുഖ ബാധ കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാനും, മരണസംഖ്യ ഇത്രയും കുറയ്ക്കാനും നമുക്ക് സാധിച്ചത്.

കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ കഴിവും കരുത്തും തെളിയിച്ച പ്രവർത്തങ്ങളായിരുന്നു നിപ്പ പ്രതിരോധം . നിപ്പയാണെന്ന് തിരിച്ചറിഞ്ഞത് മുതൽ കേരളം നടത്തിയ സമാനതകളില്ലാത്ത നിലനിൽപ്പിന്റെ പോരാട്ടത്തിന്ന് ശരിയായ ദിശയിൽ നേതൃത്വം കൊടുത്ത ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറും സർക്കാരും വലിയ അഭിനന്ദങ്ങൾ അർഹിക്കുന്നു .

കേരളത്തിലെ നിപ്പ വൈറസ് പ്രതിരോധ നടപടികളെ കുറിച്ച് ബാൾട്ടിമോറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജിയിൽ വച്ച് കേരള മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചർച്ചകൾ നടത്തുകയുണ്ടായി. വൈറോളജിയിൽ ഭാവി ഗവേഷണങ്ങളിൽ സഹകരിച്ച് മുന്നോട്ടുപോകുമെന്ന് തീരുമാനമെടുത്ത ചർച്ചയിൽ  കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെയും ആദരിക്കുകയും ചെയ്തിരുന്നു. ഇത് കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന് ലഭിച്ച വലിയ അംഗീകാരങ്ങളിൽ ഒന്ന് .

രോഗം കൂടുതൽ പടരാതിക്കാൻ കാര്യക്ഷമതയോടെ കേരളം വൈറസ്‌ പ്രതിരോധത്തിനായി ഉണർന്നു പ്രവർത്തിച്ചതാണ് നിപ്പ പ്രതിരോധത്തിന്റെ വിജയം .

കോവിഡിനെതിരെയുള്ള പോരാട്ടം

2019 സെപ്റ്റംബർ–നവംബറിൽ ചൈനയിലെ വുഹാൻ നഗരത്തിലെ ഹ്വാനൻ സീഫൂഡ് മാർക്കറ്റിൽ നിന്നാണ് കോവിഡിനു കാരണമായ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നു കരുതുന്നു. ഡിസംബർ 31ന് വുഹാനിൽ അസാധാരണമായി ന്യുമോണിയ റിപ്പോർട്ട് ചെയ്യുന്നിടത്തുനിന്നാണ് കോവിഡ്- 19 എന്ന് പേരിട്ട വൈറസ് മൂലമുള്ള പ്രതിസന്ധിയിലേക്ക് കടക്കുന്നത്. അവിടെ നിന്നത് ലോകം മുഴുവൻ പടർന്നു . നമ്മുടെ ഇ കൊച്ചു കേരളത്തിൽ ഇന്ത്യയിലെ ആദ്യത്തെ കോവിഡ്- 19 കേസ് റിപ്പോർട്ട് ചെയ്യുന്നു.

ലോകത്ത് കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത ഘട്ടത്തിൽ തന്നെ ലോകാരോഗ്യ സംഘടന, കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിവരുടെ നിർദ്ദേശ പ്രകാരം കേരളം വേണ്ടുന്ന മുൻകരുതൽ നടപടികൾ ആരംഭിച്ചു കഴിഞ്ഞിരുന്നു.

നമ്മൾ തുടക്കം മുതൽ തന്നെ പ്രതിരോധ പ്രവർത്തങ്ങൾക്ക് മുൻഗണന നൽകിയുള്ള പ്രവർത്തനമായിരുന്നു നടത്തിയത് . നിപ്പ പ്രതിരോധത്തിൽ നിന്ന് ലഭിച്ച അനുഭവജ്ഞാനം പ്രതിരോധ പ്രവർത്തങ്ങൾ രൂപപ്പെടുത്തുന്നതിൽ സഹായകമായിട്ടുണ്ട് . കൊണ്ടാക്റ്റ് ട്രെയ്‌സിങ്ങാണ് ഇതില്‍ ഏറ്റവും പ്രധാന്യമുള്ള പ്രതിരോധ പ്രവർത്തനം.

നിപ്പയെ താരതമ്യപ്പെടുത്തുമ്പോൾ കോവിഡ്-19 മറ്റുള്ളവരിലേക്ക് പകരാൻ ഉള്ള സാധ്യത Ro (Basic Reproduction Number) വളരെ കൂടുതലാണ് . നിലവിൽ കോവിഡ്-19 ന് 3.28 ഉം നിപ്പയ്ക്ക് 0.4 ഉം ആണ് . എന്നാൽ മരണ നിരക്കിന്റെ കാര്യത്തിൽ നിപ്പ 70 % ത്തിലധികമാണ് , കോവിഡ്-19 ന്റെ ഇപ്പോഴത്തെ നിരക്കിനേക്കാൾ വളരെ കൂടുതൽ . 2002ൽ ചൈനയിൽ കണ്ടെത്തിയ SARS വൈറസിനോട് ജനിതക ഘടനയിൽ ഏറെ സാമ്യമുണ്ട് SARS CoV -2ന്, എന്നാൽ രോഗ വ്യാപനനത്തിൽ SARS-നേക്കാൾ സാധ്യത കൂടുതൽ ആണ് SARS CoV -2 എന്ന  കോവിഡ്-19ന് .

കോവിഡ്നെ ഇത്രയും ജാഗ്രതയോടെ കരുതുന്നത് അതിന്റെ  പകർച്ചയുടെ സാദ്ധ്യതകൾ കൂടുതലായതുകൊണ്ടാണ് . Ro ഒന്നിനു മുകളിലാണെങ്കിൽ പകർച്ചവ്യാധി പൊട്ടിപുറപ്പെടാനുള്ള സാധ്യത കൂടും. അങ്ങനെ നോക്കുമ്പോൾ കോവിഡിന് വലിയ പകർച്ചയ്ക്കുള്ള സാധ്യതയുണ്ട്. ഇപ്പോൾ 6% മരണ നിരക്കാണ് കോവിഡിന് കണക്കാക്കിയിരിക്കുന്നത് . നിലവിലെ Ro സാധ്യതയും ,മരണനിരക്കും അടിസ്ഥാനമാക്കിയുള്ള കണക്കിൽ വലിയ ശതമാനം ആളുകളുടെ മരണത്തിന് കാരണമായി കോവിഡ് മാറിയേക്കാം. അതുകൊണ്ട് തന്നെ ഈ രോഗത്തിനെ വളരെ ജാഗ്രതയോടെ വേണം സമീപിക്കാൻ.

കൊറോണ പ്രതിരോധത്തെ രണ്ട് ഘട്ടങ്ങളായി തിരിക്കാം

ഒന്നാം ഘട്ടം : വുഹാനിൽ നിന്നും കേരളത്തിലേക്ക്

കൊറോണ വൈറസ് ചൈനയില്‍ പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജനുവരി 18 മുതല്‍ വിവിധ തലങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു.ആരോഗ്യ വകുപ്പ് ജനുവരി 22 ന് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു . കേരളത്തിലെ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കുകയും ചൈനയില്‍ പോയി തിരിച്ചു വന്നവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. രോഗം സ്ഥിരീകരിക്കുന്നതിനു മുൻപേതന്നെ ജനുവരി 24 ന് പ്രത്യേക കൺട്രോൾ റൂം ആരംഭിക്കുകയും സംസ്ഥാന കൺട്രോൾ റൂമിന് സമാനമായ ജില്ല കൺട്രോൾ റൂമുകൾ ജനുവരി 28നുതന്നെ ആരംഭിക്കുകയും ചെയ്തു.ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചർ , ഹെല്‍ത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ കൊബ്രഗഡെ എന്നിവരുടെ നേതൃത്വത്തില്‍ WHO-യുടെ പ്രോട്ടോക്കോള്‍ നടപ്പിലാക്കി എല്ലാ മെഡിക്കല്‍ കോളേജുകളിലും, ജില്ലാ ജനറല്‍ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഇവ സ്റ്റേറ്റ് സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചു. ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നതിന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്നിരുന്നു . നീരീക്ഷണത്തിലുള്ളവരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്താടെ ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കീഴിലായി വിജയിച്ചാണ് നിരീക്ഷണങ്ങൾ ക്രമീകരിച്ചത്.

കൊറോണ രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് യാത്ര ചെയ്ത മൂന്ന് മലയാളി വിദ്യാർത്ഥികളിൽ ആണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. കേരളത്തിലെ തൃശൂർ, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. 2020 ജനുവരി 30-ന് തൃശൂർ ജില്ലയിലെ വിദ്യാർത്ഥിക്കാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ തൃശൂർ ജില്ലയിൽ നിന്നുള്ള മന്ത്രിമാർ അടിയന്തിരമായി ജില്ലയിൽ എത്തി നടപടി ക്രമം പരിശോധിച്ചു വേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി.

ഫെബ്രുവരി ഒന്നുമുതൽ കോവിഡ് സാമ്പിൾ പരിശോധിക്കാൻ ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി യൂണിറ്റിൽ ക്രമീകരണം ആരംഭിക്കുകയും 24 മണിക്കൂർ സംസ്ഥാന / ജില്ലാ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങുകയും ചെയ്തു.

ഫെബ്രുവരി രണ്ടിന് ആലപ്പുഴയിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന ചൈനയിൽ നിന്ന് വന്ന വിദ്യാർത്ഥിയുടെ റിസൾട്ട് പോസറ്റീവ് ആവുന്നു. മൂന്നാമത്തെ കേസ് കാസർഗോഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കേരളം പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കുന്നു.

പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് കേരള സർക്കാർ മാർച്ച് 30ന് ‘സംസ്ഥാന ദുരന്തമായി’ പ്രഖ്യാപിച്ചു. നിരവധി പേരെ നിരീഷണവിധേയമാക്കി.പോസിറ്റീവ് ആയ മൂന്ന് വ്യക്തികൾ പിന്നീട് ആശുപത്രി പരിചരണത്തെത്തുടർന്ന് അണുബാധയിൽ നിന്ന് രക്ഷ നേടി. കൂടുതൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ 4 ദിവസത്തിന് ശേഷം ‘സംസ്ഥാന ദുരന്ത’ മുന്നറിയിപ്പ് പിൻവലിച്ചു.

ഇതിന് ശേഷവും നമ്മൾ പ്രതിരോധപ്രവർത്തനങ്ങളിൽ ജാഗരൂഗരായിരുന്നു .

രണ്ടാം ഘട്ടം : ഇറ്റലിയിൽ നിന്ന് തുടക്കം പിന്നെ ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നും കേരളത്തിലേക്ക്

മാർച്ച് 6 ന് കേന്ദ്ര സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MoHFW) ‘COVID-19 നുള്ള ഏകീകൃത യാത്രാ ഉപദേശം’ പുറത്തിറക്കി. ഇത് പ്രകാരം ചൈന, ഇറാൻ, ദക്ഷിണ കൊറിയ, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാനും കൊറോണ വൈറസ് ബാധിത രാജ്യങ്ങളിലേക്ക് അനിവാര്യമല്ലാത്ത യാത്ര ഒഴിവാക്കാനും ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം നൽകി .

ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന എല്ലാ അന്തർദ്ദേശീയ യാത്രക്കാരെയും  ‘ആരോഗ്യ സ്ക്രീനിംഗിന്’ വിധേയരാകാനും , self-declaration ഫോം പൂരിപ്പിച്ചു നൽകാനും നിർദ്ദേശിച്ചു . കൊറോണ വൈറസ് ബാധിത പ്രദേശത്ത് നിന്ന് മടങ്ങിയെത്തി 28 ദിവസത്തിനുള്ളിൽ ചുമ, പനി, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഈ യാത്രക്കാർക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ, അവർ  ഉടൻ തന്നെ മെഡിക്കൽ പരിശോധനകൾക്ക് വിധേയമാകുകയും ചെയ്യണം എന്ന് നിർദ്ദേശിച്ചിരുന്നു .

ഇറ്റലി, ഇറാൻ എന്നീ രാജ്യങ്ങളിൽ വൈറസ് വ്യാപനം ശ്രദ്ധയിൽപ്പെട്ടതോടെ കേന്ദ്ര സർക്കാരിന്റെ ഈ നിർദ്ദേശങ്ങൾ വരുന്നതിന് മുൻപ് തന്നെ കേരളം വീണ്ടും ജാഗ്രത ശക്തമാക്കിയിരുന്നു .ഇറ്റലി, ചൈന, ഹോങ്കോങ്ങ്, ഇറാൻ, തായ്ലാൻറ്, ജപ്പാൻ, നേപ്പാൾ, വിയറ്റ്നാം, ദക്ഷിണ കൊറിയ, മലേഷ്യ ഇന്തോനേഷ്യ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവരെ നിരീക്ഷിക്കാൻ നിർദേശം നൽകി. ഫെബ്രുവരി 10 മുതൽ ഈ രാജ്യങ്ങളിൽ യാത്ര ചെയ്തവരോട് 14 ദിവസം വീടുകളിൽ നിരീക്ഷണം തുടരാനും രോഗലക്ഷണമുള്ളവർ ആശുപത്രികളിൽ ഐസോലേഷനിൽ കഴിയാനും മാർച്ച് രണ്ടിന് സർക്കാർ നിർദേശിച്ചു. മാർച്ച് നാല് ആകുമ്പോഴേക്കും കേരളത്തിൽ 469 പേർ നിരീക്ഷണത്തിലായി.

രണ്ടാം ഘട്ടത്തില്‍ പത്തനംതിട്ട ജില്ലയിൽ ഇറ്റലിയില്‍ നിന്നെത്തിയവരിൽ നിന്നാണ് രോഗം പടർന്നത് . ഫെബ്രുവരി 29ന് ഇറ്റലിയിൽ നിന്നെത്തിയ കുടുംബം യാത്രാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാതെയിരിക്കുകയും അവരുടെ ബന്ധുക്കളെ സന്ദർശിക്കുകയും ചെയ്തതോടെയാണ് കേരളം കോവിഡിനെതിരായ പ്രതിരോധത്തിന്റെ  രണ്ടാംഘട്ടത്തിലേക്ക് പ്രവേശിച്ചു. ഇറ്റലിയിൽ നിന്നെത്തിയ ഇവർ ആറ് ദിവസങ്ങള്‍ കൊണ്ട് 17 സ്ഥലങ്ങളാണ് സഞ്ചരിച്ചത്. പനിയും മറ്റ് ലക്ഷണങ്ങളോടും കൂടി റാന്നി സർക്കാർ  ആശുപത്രിയിൽ എത്തിയവരിൽ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗം എങ്ങനെ വന്നു എന്ന അന്വേഷണത്തിലാണ് ഇറ്റലിയിൽ നിന്ന് വന്നരുമായുള്ള ഇവരുടെ ബന്ധം മനസ്സിലാക്കുന്നതും അങ്ങനെ ഇറ്റലിയിൽ നിന്ന് വന്ന മൂന്നുപേരെയും കണ്ടെത്തി ഐസലേറ്റ് ചെയ്യുകയും ചെയ്തു . അപ്പോഴേക്കും എട്ട് പേര്‍ക്ക് കൂടി രോഗം പകര്‍ന്നിരുന്നു. ഈ സമയം ഇവരുടെ വിശദമായ സഞ്ചാര വഴി (റൂട്ട് മാപ്പ്) തയ്യാറാക്കി ഇവർ ഏതൊക്കെ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നു എന്ന് രേഖപ്പെടുത്തി അത് എല്ലാ മാധ്യമങ്ങളിലൂടെയും പരസ്യപ്പെടുത്തി . അങ്ങനെ ഇതിലൂടെ പ്രൈമറി സെക്കഡറി കോണ്ടാക്ട്റ്റ് ലിസ്റ്റ് തയ്യാറാക്കി. ആ ആളുകളെ ഐസൊലേറ്റ് ചെയ്യുകയും ശക്തമായ നിരീക്ഷണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ക്വാറന്റൈൻ ചെയ്തവരെ നിരന്തരം ബന്ധപെടാൻ കോൾ സെന്ററുകൾ സജ്ജമാക്കി. നിരീക്ഷണം ശക്തിപ്പെടുത്തിയതിന്റെ ഫലമായി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയും മാർച്ച് 9 ആയപ്പോഴേക്കും ജില്ലയിൽ 9 കേസുകൾ റിപ്പോർട്ട് ആകുകയും ചെയ്തു.

ഹോം ക്വാറന്റൈനിൽ കഴിയുന്നവരെ ട്രാക്ക് ചെയ്യാൻ ജിയോ മാപ്പിങ് സംവിധാനങ്ങൾ പോലുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം [GIS ]  ഹോട്ട് സ്‌പോട്ടുകള്‍ രേഖപ്പെടുത്തുകയും കൊറോണ രോഗാണു ഏതൊക്കെ സ്ഥലങ്ങളില്‍ പടരാന്‍ സാധ്യത ഉണ്ടെന്ന് കണക്കാക്കി പത്തനംതിട്ട, കോട്ടയം ജില്ലകളുടെ വിവിധ സ്ഥലങ്ങള്‍ ഹൈ റിസ്‌ക്, ലോ റിസ്‌ക് എന്ന് മാപ്പില്‍ അടയാളപ്പെടുത്തി.

ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ 3 വയസ്സുള്ള കുട്ടിയെ മാർച്ച് 9-ന് പരിശോധനയിൽ പോസിറ്റീവ് ആയി കണ്ടെത്തി. കുട്ടിയേയും മാതാപിതാക്കളെയും എറണാകുളം മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി . അതിന് ശേഷം മാർച്ച് 11 ന് ഗൾഫ് മേഖലയിൽ നിന്ന് വന്നവരിൽ കൊറോണ പോസിറ്റീവ് ആയി കണ്ടെത്തി . അങ്ങനെ മാർച്ച് 27 ആയപ്പോഴേക്കും കേരളത്തിലെ എല്ലാ ജില്ലകളിലും കൊറോണ റിപ്പോർട്ട് ചെയ്തു . ഇതിൽ കാസർഗോഡ് ജില്ലയിൽ ആണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് .അങ്ങനെ ഏപ്രിൽ 17 ആകുമ്പോഴേക്കും കേരളത്തിലെ കൊറോണ ബാധിതരുടെ എണ്ണം 395 ആയി ഉയർന്നു .

COVID-19 Tracker

COVID tracker from Kerala Health Department

https://health.kerala.gov.in/dboard.php

രോഗ വ്യാപനത്തിന്റെ തോത് വെച്ച് മറ്റ് രാജ്യങ്ങളെ താരതമ്യം ചെയ്തു നോക്കിയാൽ ഇപ്പോഴുള്ള രോഗികളുടെ എണ്ണത്തേക്കാൾ എത്രയോ അധികം പേർക്ക് രോഗം പിടിപെടാൻ സാധ്യത ഉണ്ടായിരുന്നു. 40% ൽ അധികമായിരുന്ന വൈറസ് വ്യാപനത്തെ ഇപ്പോൾ 2 % ൽ താഴേ ആക്കാൻ കേരളത്തിന് കഴിഞ്ഞു . ഇന്ത്യയിൽ 11.2% ആളുകൾ കോവിഡ് രോഗത്തിൽ നിന്ന് വിമുക്തരാകുമ്പോൾ , അത് കേരളത്തിൽ 52.24 ശതമാനമാണ്. കടുത്ത ഐസലേഷൻ നടപടികൾ, ക്വാറന്റൈൻ, സ്ക്രീനിംഗ്, കൊണ്ടാക്റ്റ് ട്രെയിസിങ്, ടെസ്റ്റിങ് എന്നിവ കൊണ്ടാണ് നമുക്കിതിനെ ഇത്തരത്തിൽ രോഗവ്യാപനത്തിന്റെ വ്യാപ്തി പ്രതിരോധിക്കാൻ കഴിഞ്ഞത് .

രോഗവ്യാപനം തടയാൻ കണ്ടൈൻമെൻറ് മെത്തേഡ് പ്രതിരോധമാണ് നമ്മൾ നടത്തിയത് . രോഗികളെയും കോണ്ടാക്ടിൽ ഉള്ളവരേയും ഐസൊലേറ്റ് ചെയ്യുകയും രോഗവ്യാപനം തടയാൻ ആയി സാമൂഹിക അകലം പാലിക്കുന്നതിനുമുള്ള രീതികളും പാലിച്ചു . സർക്കാർ വകുപ്പുകളുടെ ഏകോപനം, സെക്രട്ടറിയേറ്റ് മുതൽ പഞ്ചായത്തുകൾ വാർഡ് താലം വരെ പരസ്പരം ബന്ധിപ്പിച്ചു ഏകോപിപ്പിച്ചുള്ള പരിപാടികൾ ഫലപ്രദമായി നടപ്പിലാക്കി.ഇന്ത്യയില്‍ ഒട്ടാകെ ലോക്ക് ഡൗണ്‍ നടപ്പടികള്‍ ആരംഭിക്കുന്ന മാര്‍ച്ച് 24 ന് മുൻപ് തന്നെ കേരളം കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിരുന്നു . അതിൽ ചിലത് സൂചിപ്പിക്കുന്നു ;

  • സര്‍ക്കാരിന്റെ പൊതുപരിപാടികള്‍ ഒഴിവാക്കി.
  • പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു
  • സിനിമാ തിയേറ്ററുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ അടച്ചിട്ടു
  • ആരാധനാലയങ്ങളിലെ ഉത്സവങ്ങൾ പോലെ ആളുകൾ കൂട്ടംകൂടുന്ന പരിപാടികൾ എല്ലാം ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്താൻ നിർദ്ദേശം നൽകി .
  • സ്വകാര്യ ആഘോഷ പരിപാടികൾ വിവാഹമുൾപ്പെടെ ഉള്ള കാര്യങ്ങൾക്ക് നിയന്ത്രണം വരുത്തി. 
  • PSC പരീക്ഷകളെല്ലാം മാറ്റിവച്ചു.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ

  • രോഗികളുടെ എണ്ണം കൂടി വന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കവും കോവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്തിയപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് Plan-A, Plan-B, Plan-C എന്നിങ്ങനെയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച 18 കമ്മിറ്റികളില്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ കമ്മിറ്റിയും പ്രൈവറ്റ് ഹോസ്പിറ്റല്‍ കോ- ഓഡിനേഷന്‍ കമ്മിറ്റിയും ഇതിനുവേണ്ടി രൂപീകരിച്ചു .പോസിറ്റീവ് കേസുകളുള്ളവര്‍ക്ക് പുറമേ വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളോ മറ്റസുഖങ്ങളോ ഉണ്ടെങ്കിലോ ഐസൊലേഷന്‍ മുറികളില്‍ മാത്രമേ ചികിത്സിക്കാന്‍ കഴിയുകയുള്ളൂ. ഇത് മുന്നില്‍കണ്ടുള്ള ഒരുക്കങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിയത്. ഓരോ പ്ലാനിനും അനുസരിച്ച് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, മരുന്നുകള്‍, സുരക്ഷ ഉപകരണങ്ങള്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തി.
  • കൊറോണ കെയര്‍ സെന്റര്‍ : വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന താമസ സൗകര്യം ഇല്ലാത്തവരെ പാര്‍പ്പിക്കാനായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ 147 കൊറോണ കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇവരിലൂടെ മറ്റാര്‍ക്കും രോഗപ്പകര്‍ച്ച ഉണ്ടാകാതിരിക്കാനാണ് സുരക്ഷിതമായി പാര്‍പ്പിക്കുന്നത്.
  • കൊറോണ രോഗ വ്യാപനത്തെ തടയാന്‍ ലോകാരോഗ്യ സംഘടന മുഖ്യമായി പറഞ്ഞത് Test, Test, Test എന്നാണ്. കേരളത്തിൽ ഇതുവരെ 18,774 (april 18 കണക്ക് ) ടെസ്റ്റുകൾ നടത്തിയിട്ടുണ്ട് .ഇന്ത്യയിൽ ജനസംഖ്യ ആനുപാതികമായി ഏറ്റവും കൂടുതൽ കോവിഡ് ടെസ്റ്റുകൾ നടത്തിയത് കേരളത്തിൽ ആണ്. കേരളത്തിൽ നിലവിൽ 11 സർക്കാർ ലാബുകളിലാണ് കോവിഡ് 19 പരിശോധന നടത്തുന്നത്.
  • എല്ലാ ജില്ലകളിലും രണ്ട് കോവിഡ് ആശുപത്രികൾ വീതം ഉള്ള ഏക സംസ്ഥാനം കേരളം ആണ്.
  • ഇന്ത്യയിൽ ആദ്യമായി കോവിഡ് ചിൽകിത്സക്ക് പ്ലാസ്മ തെറാപ്പി(Convalescent Plasma Therapy) ഉപയോഗിക്കാൻ അനുമതിക്ക് അപേക്ഷിച്ചതും, ICMR അനുമതി ലഭിച്ചതും കേരളത്തിന് ആണ്.ശ്രീ ചിത്ര തിരുനാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഇന്ത്യയിൽ തന്നെ ആദ്യമായി പ്ലാസ്മ തെറാപ്പി ആരംഭിച്ചത്.
  • വെൻറിലേറ്റർ ഉൾപ്പെടെയുള്ള ആരോഗ്യ സംവിധാനങ്ങൾക്ക് അനുയോജ്യമായ മാതൃകകൾ കണ്ടെത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിൻപ്രകാരം കേരള സ്റ്റാർട്ട് അപ് മിഷന്റെ കീഴിലുള്ള ഫാബ് ലാബുകളിൽ ഇതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കാനായിരുന്നു ധാരണ. ആ തീരുമാനത്തിനറെ അടിസ്ഥാനത്തിൽ നിലവിലുള്ള വെന്റിലേറ്റര്‍റുകൾക്ക് പകരമായി അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്നതും പ്രാദേശികമായി നിർമ്മിക്കാൻ സാധിക്കുന്നതുമായ ശ്വസനോപകരണം നമ്മുടെ ഫാബ് ലാബ് വിജയകരമായി നിർമ്മിച്ചു.
  • 40 ലക്ഷം കുട്ടികൾക്ക് സ്മാർട്ട് ക്ലാസ് റൂം വഴി ബോധവൽക്കരണം നടത്തി.
  • കേരള സർക്കാർ ടെലി മെഡിസിൻ സർവീസ് ആരംഭിച്ചു. വിദേശത്തോ മറ്റു സംസ്ഥാനങ്ങളിലോ സമീപകാലത്ത് യാത്ര ചെയ്തവർക്കും കോവിഡ്-19 സ്ഥിരീകരിച്ച രോഗികളുമായി ഇടപഴകിയവർക്കുമായാണ് ഈ സേവനം തയ്യാറാക്കിയിരിക്കുന്നത്.
  • കോൺടാക്ട് ട്രേസിങ് അടക്കമുള്ള 18 ഇന മാനദണ്ഡങ്ങൾ ആരോഗ്യവകുപ്പ് തയ്യാറാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം കേരളമാണ്. ഈ മാനദണ്ഡങ്ങൾ ആണ് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇപ്പോൾ പിന്തുടരുന്നത്.
  • 15 മിനിറ്റിനുള്ളിൽ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയുന്ന Rapid Test Kit കേരളം തദ്ദേശീയമായി വികസിപ്പിച്ചെടുത്തു . തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റർ ഫോർ ബിയോടെക്നോളജിയിൽ ആണ് ഇത് വികസിപ്പിച്ചത്.
  • പകർച്ചവ്യാധികാല നിയന്ത്രണങ്ങൾക്ക് ഇന്ത്യയിൽ ആദ്യമായി നിയമ നിർമ്മാണം (Kerala Epidemic Diseases Act) നടത്തിയത് കേരളത്തിൽ ആണ്.
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രായമുള്ളവർക്ക് കോവിഡ് രോഗം ഭേദമായത് കേരളത്തിൽ ആണ്. കേരളത്തിലെ സർക്കാർ ആശുപത്രിയിൽ നിന്നും 88 വയസും, 93 വയസുമുള്ള രണ്ടുപേർ രോഗമുക്തി നേടി.
  • മാർച്ച് 15ന് ‘ബ്രേക്ക് ദി ചെയ്ൻ’ പ്രചാരണം തുടങ്ങി.കൈകള്‍ കഴുകേണ്ട ആവശ്യകതയെ കുറിച്ച് ജനങ്ങളെ നിരന്തരം ഓര്‍മിപ്പിക്കുന്നതിനാണ് ക്യാമ്പയിന്‍ ആരംഭിച്ചത്. അതുവഴി കൊറോണ വ്യാപനം തടയുക എന്ന ലക്ഷ്യം.
  • പൂനെ ആസ്ഥാനമായുള്ള മൈലാബില്‍ നിന്ന് Rapid-PCR ടെസ്റ്റിംഗ് കിറ്റുകള്‍ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. സാമ്പിള്‍ പരിശോധന സമയം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. കോവിഡ് രോഗത്തിന്റെ 4-5 ലക്ഷണങ്ങള്‍ ഉള്ളവരെ ആണ് നേരത്തെ പരിശോധിച്ചിരുന്നതെങ്കില്‍ റാപ്പിട് ടെസ്റ്റിന്റെ വരവോടെ 1-2ഉം ലക്ഷണങ്ങള്‍ കാണിക്കുന്നവരെയും പരിശോധിക്കാന്‍ ആകും. ഇതുവഴി കൂടുതൽ ടെസ്റ്റുകൾ നടക്കുകയും അതുവഴി വൈറസിന്റെ സാമൂഹിക വ്യാപനം തടയാന്‍ കഴിയും.
  • എറണാകുളം ജില്ലയിൽ കൊവിഡ് സ്ഥിരീകരിക്കുന്നതിനുള്ള സാമ്പിള്‍ ശേഖരണത്തില്‍ കൊറിയന്‍ മാതൃകയിൽ രണ്ട് മിനുട്ടിനിള്ളില്‍ സാമ്പിള്‍ ശേഖരിക്കാവുന്ന കിയോസ്‌കുകള്‍ പ്രവര്‍ത്തനം തുടങ്ങി. പേഴ്സണല്‍ പ്രൊട്ടക്ഷന്‍ കിറ്റിന്റെ ലഭ്യതക്കുറവും ഉപയോഗിക്കുന്നതു മൂലമുള്ള ബുദ്ധിമുട്ടുകള്‍ക്കും കിയോസ്‌കിലുടെ പരിഹാരം കണ്ടെത്താൻ ആയി.രണ്ടു മിനുട്ടിൽ താഴെ സമയം മാത്രമേ രക്തം, സ്വാബ് സാമ്പിൾ കളക്ഷനായി ഇതിലൂടെ എടുക്കേണ്ടി വരുന്നുള്ളു. ഒരുപാട് പേരുടെ സാമ്പിൾ കളക്ഷൻ ചെയ്യാനായി ഇതിലൂടെ സാധിക്കും. ഹെൽത്ത് വർക്കറും സാമ്പിൾ കളക്ട് ചെയ്യപ്പെടുന്ന വ്യക്തിയും തമ്മിൽ നേരിട്ടൊരു ബന്ധവും സാമ്പിൾ കളക്ഷൻ സമയത്ത് നടക്കില്ല. ആരോഗ്യപ്രവർത്തകർക്ക് വേണ്ടത്ര വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ (PPE) വിതരണം ചെയ്യാൻ രാജ്യം ബുദ്ധിമുട്ടുമ്പോൾ ഇങ്ങു നമ്മുടെ കൊച്ചുകേരളത്തിൽ എറണാകുളത്തു Walk-in Sample Kiosk (WISK) ലോഞ്ച് ചെയ്തുകൊണ്ട് ആരോഗ്യപ്രവർത്തകരെ കോവിഡ്-19 ടെസ്റ്റിംഗ് നടത്തുമ്പോൾ സ്വയം സുരക്ഷിതരാക്കാൻ സജ്ജരാക്കുന്നു. ഇത് ഇന്ത്യയിൽ തന്നെ ആദ്യമായാണെന്നത് നമുക്കഭിമാനം.
  • നൈറ്റിംഗല്‍-19: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികൾ ‘നൈറ്റിംഗല്‍-19’ എന്ന റോബോട്ടിനെ രൂപകല്‍പന ചെയ്തു. ചൈനയേക്കാള്‍ വെല്ലുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ചൈനയില്‍ ഭക്ഷണവും മരുന്നും മാത്രം നല്‍കാനാണ് റോബോട്ടിനെ ഉപയോഗിച്ചത്. എന്നാല്‍ ഇതില്‍ ഘടിപ്പിച്ച പ്രത്യേക ഡിസ്‌പ്ലേയിലൂടെ ജീവനക്കാരുമായോ ബന്ധുക്കളുമായോ കണ്ട് സംസാരിക്കാവുന്നതുമാണ്. 6 പേര്‍ക്കുള്ള ഭക്ഷണവും വെള്ളവും അല്ലെങ്കില്‍ 25 കിലോഗ്രാം ഭാരം വരെ കൊണ്ടുപോകാനുള്ള ശേഷി ഈ റോബോട്ടിനുണ്ട്. റിമോട്ട് കണ്‍ട്രോളിലൂടെ ഒരു കിലോമീറ്ററോളം റോബോട്ടിനെ നിയന്ത്രിക്കാനാകും. രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും റോബോട്ടിന് നല്‍കിയാല്‍ അത് കൃത്യമായി ഓരോ മുറിയിലുമെത്തിക്കും. റോബോട്ടിലെ വീഡിയോ സിസ്റ്റം വഴി ജീവനക്കാരുമായി സംസാരിക്കാനും കഴിയും.
  • നാലു ദിവസം കൊണ്ട് കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ ഒരു ബ്ലോക്ക് കോവിഡ് കെയര്‍ സെന്ററാക്കി മാറ്റി പ്രവര്‍ത്തന ക്ഷമമാക്കി.  കാസര്‍കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിന് 273 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. ഇരുപത്തഞ്ച് അംഗ മെഡിക്കൽ സംഘത്തിനെ തിരുവന്തപുരത്ത് നിന്ന് കാസര്‍ഗോഡേക്ക് അയച്ചു.
  • സാനിറ്റൈസർ കിയോസ്കികൾ വിവിധസ്ഥലങ്ങളിൽ സ്ഥാപിച്ചു
  • കൈ കഴുകാനുള്ള കിയോസ്‌കി വിവിധസ്ഥലങ്ങളിൽ സ്ഥാപിച്ചു
  • സാധാരണ ജനങ്ങളിലേക്ക് കോവിഡ്-19 ആയി ബന്ധപ്പെട്ട വാര്‍ത്തകള്‍ എത്തിക്കാനും, അവരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി Gok Direct ആപ്ലിക്കേഷന്‍ സര്‍ക്കാര്‍ വികസിപ്പിച്ചു.
  • സർക്കാർ ആശുപത്രികളിൽ 300 ഡോക്ടർമാരുടയും 400 ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരുടെയും നിയമനം 24 മണിക്കൂറിനകം നടത്തിയ ഏക സംസ്ഥാനം കേരളം ആണ്.
  • കൊറോണ കെയര്‍ സെന്റര്‍ : വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന താമസ സൗകര്യം ഇല്ലാത്തവരെ പാര്‍പ്പിക്കാനായി മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ 147 കൊറോണ കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇവരിലൂടെ മറ്റാര്‍ക്കും രോഗപ്പകര്‍ച്ച ഉണ്ടാകാതിരിക്കാനാണ് സുരക്ഷിതമായി പാര്‍പ്പിക്കുന്നത്. 21,866 പേരെ ഒരേസമയം ഈ കെയര്‍ സെന്ററുകളില്‍ പാര്‍പ്പിക്കാനാകും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളും ആശുപത്രികളും സഹകരിച്ചാണ് ഇത് നടപ്പാക്കിയിരിക്കുന്നത് .
  • വ്യവസായ വകുപ്പിനു കീഴിൽ സാനിറ്റൈസർ നിർമ്മാണം ഏർപ്പെടുത്തി.
  • മാസ്‌ക്കുകളുടെ ധൗർബല്യം പരിഹരിക്കുന്നതിനായി ജയിൽ മാസ്കുകളുടെ നിർമ്മാണം തുടങ്ങി. അതിനൊപ്പം സാനിറ്റൈസർ നിർമ്മാണവും നടക്കുന്നുണ്ട്.

പ്രവാസികളുടെ തിരിച്ചുവരവിന് വേണ്ടി സംസ്ഥാന സർക്കാർ ഒരുകിയിട്ടുള്ളത്‌.

  • രോഗലക്ഷണമുള്ളവരെ ചികിത്സിക്കാൻ പ്ലാൻ A, B, C എന്നിങ്ങനെ തിരിച്ച് 207 സർക്കാർ ആശുപത്രികൾ സജ്ജം.
  • ആവശ്യമെങ്കിൽ ഉപയോഗിക്കാൻ 125 സ്വകാര്യ ആശുപത്രികൾ.
  • 11,084 ഐസലേഷൻ കിടക്കകളും 1,679 ഐസിയു കിടക്കകളും തയാർ.
  • കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ 27 ആശുപത്രികളെ സമ്പൂർണ കോവിഡ് കെയർ ആശുപത്രികളാക്കും.
  • ആരോഗ്യ വകുപ്പിന്റെ 462 കോവിഡ് കെയർ സെന്ററുകളിലായി 16,144 കിടക്കകളും തയാർ.

ക്വാറന്റീൻ കേന്ദ്രങ്ങളിൽ ഒരുക്കിയ സൗകര്യങ്ങൾ

  • 2.5 ലക്ഷം പേർക്കുള്ള സൗകര്യങ്ങൾ.
  • 1.65 ലക്ഷം പേർക്കുള്ള കിടക്കകൾ.
  • ഓരോരുത്തർക്കുമുള്ള ഭക്ഷണം സോപ്പ്‌, ബ്രഷ്‌, പേസ്റ്റ്‌ , ബക്കറ്റ്‌, കിടക്ക വിരി, പാത്രങ്ങൾ എന്നിവ സൗജന്യമായി നൽകും.
  • ഓരോ കേന്ദ്രത്തിനും ഒന്നുവീതം ഡോക്ടർ ഉൾപ്പെടെ വൈദ്യ സഹായം.
  • നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പു ചുമതല തദ്ദേശ സ്ഥാപനങ്ങൾക്ക്.
  • മേൽനോട്ടത്തിന് ഹെൽത്ത് ഇൻസ്പെക്ടർമാരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും.
  • സമൂഹ അടുക്കളകളിൽ നിന്ന് എല്ലാവർക്കും ഭക്ഷണം. ചുമതല തദ്ദേശ സ്ഥാപനങ്ങൾക്ക്.
  • മുഴുവൻ സമയവും പൊലീസ് സുരക്ഷ.
  • ആംബുലൻസ് സൗകര്യം

NB: ഈ സൗകര്യങ്ങൾ മുഴുവൻ കേരള സർക്കാർ സൗജന്യമായാണ് നൽകുന്നത്.

പ്രതിരോധ നടപടികളിൽ ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കേരള സർക്കാർ നടപ്പിലാക്കിയ സംവിധാനങ്ങള്‍

രാജ്യം ലോക്ക് ഡൗണ്‍ നടപ്പടികള്‍ ആരംഭിച്ചപ്പോൾ ജനങ്ങൾക്ക് അതുകൊണ്ട് ഉണ്ടാകാൻ സാധ്യത ഉള്ള എല്ലാ ബുദ്ധിമുട്ടുകളെയും  കണക്കിലെടുത്തു അവയ്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കേരള സർക്കാർ നിരവധി സഹായ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട് .

  • കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് .
  • “ആരും പട്ടിണി കിടക്കരുത്”, ലോക്ക് ഡൗണ്‍ സമയത്ത് എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു . ഇങ്ങനൊരു ആശയം മുന്നോട്ട് വെച്ച ആദ്യ  സംസ്ഥാനമാണ് കേരളം. നിലവില്‍ 1282 കമ്മ്യൂണിറ്റി കിച്ചണുകള്‍  പ്രവര്‍ത്തിക്കുന്നുണ്ട്.
  • ഇന്ത്യയിൽ ആദ്യമായി APL – BPL വ്യത്യാസമില്ലാതെ ഒരു മാസത്തെ ഭക്ഷ്യ ധാന്യം സൗജന്യമായി നൽകാൻ തീരുമാനിച്ചത് കേരളത്തിൽ ആണ്. 87 ലക്ഷം കാർഡുടമകൾക്ക് 15 കിലോ റേഷനരി, കാർഡിലാത്തവർക്കും സൗജന്യ അരി, പലവ്യഞ്ജന കിറ്റ്.
  • മൃഗങ്ങൾ പോലും പട്ടിണികിടക്കരുത് എന്നലക്ഷ്യത്തോടെ അവർക്ക് വേണ്ടുന്ന ഭക്ഷണത്തിന്റെ കാര്യങ്ങളിലും വേണ്ടത് ചെയ്തു.
  • കൈകുഞ്ഞുങ്ങൾക്ക് വേണ്ടുന്ന കുഞ്ഞുകുപ്പായങ്ങൾ മെഡിക്കൽ സ്റ്റോർ വഴി ലഭ്യമാക്കി.
  • കേരളത്തിലെ അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവരുടെ ആരോഗ്യം, ഭക്ഷണം, താമസം എന്നിവ ഉറപ്പ് വരുത്തി .ഇന്ത്യയിൽ ഏറ്റവും കൂടുതൽ അതിഥി തൊഴിലാളി ക്യാമ്പുകള്‍ (5500+) പ്രവര്‍ത്തിക്കുന്നതും കേരളത്തിൽ ആണ്.
  • അംഗനവാടികള്‍ അടച്ചെങ്കിലും കുട്ടികള്‍ക്ക് പോഷകാഹാരം ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താൻ അംഗനവാടി കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം വീട്ടില്‍ എത്തിച്ചുകൊടുക്കുന്നു.
  • വർക്ക് അറ്റ് ഹോം വന്നത് കൊണ്ട് ഇന്റർനെറ്റ് bandwidth ഉപയോഗം കൂടി ഇത് പരിഗണിച്ച് ഇന്റർനെറ്റ് കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ഉള്ള ക്രമീകണം ചെയ്തു .
  • രക്ഷാ പ്രവര്‍ത്തന സഹായം, ദുരിതാശ്വാസ സഹായം എത്തിക്കുക, വിവര ശേഖരണം, വിവര അവലോകനം, കമ്മ്യൂണിറ്റി കിച്ചണ്‍ സഹായിക്കല്‍ തുടങ്ങി പ്രവര്‍ത്തനങ്ങൾക്ക് 2,36,000 പേരുടെ സന്നദ്ധ സേന രൂപീകരിച്ചു. ഇത് വോളണ്ടീർ പ്രവർത്തന ക്യാമ്പയിന്റെ ഭാഗമായി നടന്നു.
  • COVID-19ന്‍റെ ഭാഗമായി ലഭിക്കുന്ന സംഭാവനകള്‍ കൈകാര്യം ചെയ്യാനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി.18 ബാങ്കുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി-അക്കൗണ്ട് നമ്പര്‍ 2 എന്ന പേരില്‍ പ്രത്യേക സബ് അക്കൗണ്ട് തുടങ്ങി.
  • കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ രണ്ടു മാസത്തെ ക്ഷേമപെൻഷൻ മാർച്ച് മാസം 27 മുതൽ വിതരണം ചെയ്തു തുടങ്ങി.
  • കോവിഡ് 19 ന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ക്ഷേമനിധിബോര്‍ഡുകൾ തൊഴിലാളികൾക്കായി പ്രഖ്യാപിച്ച പ്രത്യേക സഹായ പദ്ധതികള്‍.
    • അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ബാറുകളിലെ തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായം.10,000 രൂപ പലിശരഹിതവായ്പ.
    • മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്റ്റേജ് ക്യാരേജ്/കോണ്‍ട്രാക്റ്റ് കാര്യേജ്, ബസ് തൊഴിലാളികള്‍ക്ക് 5000 രൂപ. ഗുഡ്സ് വെഹിക്കിള്‍ തൊഴിലാളികള്‍ക്ക് 3500 രൂപ. ടാക്സി തൊഴിലാളികള്‍ക്ക് 2500 രൂപ. ഓട്ടോറിക്ഷ / ട്രാക്ടര്‍ തൊഴിലാളികള്‍ക്ക് 2000 രൂപ. ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ.
    • കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പലിശരഹിത വായ്പയായി 10,000 രൂപ വീതം. ലോക്ക്ഡൗണ്‍ നീണ്ടുപോയാൽ 5000 കൂടി പ്രത്യേക വായ്പ.
    • ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വേതന നഷ്ടം പരിഹരിക്കുന്നതിന് വേതനം അഡ്വാന്‍സ്. എപ്രില്‍ 14നകം ബോണസ് ഇനത്തില്‍ 30 കോടി രൂപ.
    • കേരള ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 1000 രൂപ വീതം ആശ്വാസ ധനം. ക്ഷേമനിധിയിലെ സജീവ അംഗങ്ങളാരെങ്കിലും കൊറോണ ബാധിതരായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് 10,000 രൂപ ധനസഹായം. കൊറോണ സംശയിച്ച് വീട്/ആശുപത്രികളില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് 5000 രൂപ സഹായം.
    • കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നിര്‍മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കായി 200 കോടി രൂപയുടെ സഹായ പാക്കേജ്. രജിസ്റ്റര്‍ ചെയ്ത് 2 വര്‍ഷം പൂര്‍ത്തിയാക്കിയ, 2018ലെ രജിസ്ട്രേഷന്‍ പുതുക്കല്‍ നടത്തിയവർക്ക് 1000 രൂപ സഹായം.
    • കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കൊറോണ ബാധിതരായ അംഗങ്ങള്‍ക്ക് 7500 രൂപയുടെ അടിയന്തിര സഹായം. ഐസോലേഷനില്‍ കഴിയുന്ന അംഗങ്ങള്‍ക്ക് 1000 രൂപയുടെ ധനസഹായം.
    • കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഒരു തൊഴിലാളിക്ക് 750 രൂപ.
    • ബീഡി-ചുരുട്ട് തൊഴിലാളിക്ഷേമനിധി ബോര്‍ഡ് ഇന്‍കം സപ്പോര്‍ട്ട് സ്കീമില്‍ രണ്ട് കോടി രൂപ.
    • പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ വായ്പാ തിരിച്ചടവിന് മൂന്നുമാസം വരെ മൊറോട്ടോറിയം. മുടങ്ങുന്ന തിരിച്ചടവിന് അധിക ചാര്‍ജ് ഒഴിവാക്കി.
    • കേരള അഡ്വക്കേറ്റ്സ് ക്ലര്‍ക്ക് ക്ഷേമനിധി അംഗങ്ങള്‍ക്ക് 3000 രൂപ വരെ ആശ്വാസധനം.
  • പ്രവാസികൾക്കുള്ള സാമ്പത്തിക സഹായങ്ങൾ : കേരള പ്രവാസി കേരളീയ ക്ഷേമനിധി പെൻഷൻകാർക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ ലഭിക്കും. കോവിഡ് പോസിറ്റീവായ ക്ഷേമനിധിയിലെ അംഗങ്ങൾക്ക് 10000 രൂപ അടിയന്തര സഹായമായി ലഭിക്കും. സാന്ത്വന പദ്ധതിയിൽ കോവിഡ്19 ഉൾപ്പെടുത്തിയതിനാൽ രോഗം സ്ഥിരീകരിച്ച വിദേശത്തുനിന്നും മടങ്ങിയെത്തിവർക്കും സാന്ത്വന സഹായ ചട്ടപ്രകാരം 10000 രൂപ വീതം ലഭിക്കും. വിദേശരാജ്യത്ത് രണ്ടോ അതിലധികമോ വർഷം തൊഴിലെടുത്തശേഷം മടങ്ങിയെത്തി പത്ത് വർഷം കഴിയാത്ത പ്രവാസികൾക്കാണ് സാന്ത്വന പദ്ധതി പ്രകാരം ചികിത്സാസഹായം ലഭിക്കുന്നത്. 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാൻ സാധിക്കാതെ വരുകയും ചെയ്യുന്ന കാലവധിയുള്ള പാസ്‌പോർട്ട്, വിസ എന്നിവയുള്ളവർക്കും ഈ കാലയളവിൽ വിസയുടെ കാലാവധി അധികരിച്ചവർക്കും 5000 രൂപ ധനസഹായം ലഭിക്കും.
  • ഇന്ത്യയിലുടനീളമുള്ള 22,567 സർക്കാർ ദുരിതാശ്വാസ ക്യാമ്പുകളും, ഷെൽട്ടറുകളും ഉള്ളതിൽ 15,541 എണ്ണവും കേരള സർക്കാരാണ് നടത്തുന്നത്. ഇത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ കൊടുത്ത കണക്കാണ്.
  • സംസ്ഥാനത്ത് ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ ഓൺലൈനിൽ ലഭ്യമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള പുസ്തകങ്ങൾ NCERT വെബ്‌സൈറ്റിലും ലഭ്യമാണ്.
  • കോവിഡ് 19 തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കി. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനമൊരുക്കുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണ് കാന്‍സര്‍ രോഗികള്‍. അവര്‍ക്ക് കൊറോണ വൈറസ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തുന്നു. അതിനാലാണ് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളില്‍ കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കുന്നത്. ഇപ്പോള്‍ ആര്‍.സി.സി.യുമായി ചേര്‍ന്നാണ് ചികിത്സാ സൗകര്യമൊരുക്കുന്നതെങ്കിലും മറ്റ് റീജിയണല്‍ കാന്‍സര്‍ സെന്ററുകളുമായും സഹകരിച്ച് കാന്‍സര്‍ ചികിത്സ സൗകര്യം വിപുലീകരിക്കുന്നണ്.
  • ലോക്ഡൗൺ കാലത്ത് ഗാർഹിക പീഡനങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ലഭിച്ചതിൻ്റെ പശ്ചാത്തലത്തിൽ, അവ തടയാനാവശ്യമായ നടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്ന് ആരോഗ്യ സാമൂഹ്യനീതി ശിശു വികസന വകുപ്പിന് നിർദേശം നൽകിയിരുന്നു. അതിനെത്തുടർന്ന്, സ്ത്രീകൾക്കും കുട്ടികൾക്കും അനായാസം പരാതി നൽകുന്നതിനായി ഒരു വാട്ട്സാപ്പ് നമ്പർ പ്രവർത്തനമാരംഭിച്ചു. എൻ.എസ്.എസ് ടെക്നിക്കൽ സെല്ലിൻ്റെ സഹായത്തോടെ വനിതാ ശിശു വികസന വകുപ്പ് ആണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഹെൽപ് ലൈൻ ആരംഭിച്ചിരിക്കുന്നത്. 9400080292 എന്ന നമ്പറിൽ പരാതികൾ അറിയിക്കാം. അതുപോലെത്തന്നെ ചൈൽഡ് ലൈൻ നമ്പറായ 1098 എന്ന നമ്പറിലും, സ്ത്രീകൾക്കുള്ള ഹെൽപ് ലൈൻ ആയ മിത്രയുടെ 181 എന്ന നമ്പറിലും പരാതികൾ നൽകാവുന്നതാണ്. പരാതികളിൽ സത്വര നടപടികൾ കൈക്കൊള്ളുന്നതായിരിക്കും.

സാമൂഹിക പ്രതിബദ്ധതയോട്‌ നീതി പുലർത്തി മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് സർക്കാരിന്റെ പ്രവർത്തങ്ങളുടെ ഭാഗമാകാനും കഴിയുന്ന ഇടപെടലുകൾ നടത്താനും മുന്നിട്ടിറങ്ങിയ യുവജന പ്രസ്ഥാനമാണ് DYFI . രക്‌തബാങ്കുകളിലെ ദൗർലഭ്യം പരിഹരിക്കാൻ വേണ്ടി DYFI യുവജനപ്രസ്ഥാനം ബ്ലഡ്‌ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് കുറവുള്ള സ്ഥലങ്ങളിൽ ഡിവൈഎഫ്ഐ വോളന്റിയർമാർ രക്ത ദാനം നടത്തുന്നു. അതുപോലെ മാസ്കുകളുടെ ക്ഷാമം നേരിട്ട സന്ദർഭത്തിൽ മാസ്ക് നിർമാണത്തിന് ഡിവൈഎഫ്ഐ സന്നദ്ധമാവുകയായിരുന്നു. വനിതാ സഖാക്കളാണ് പ്രധാനമായും ഈ ദൗത്യത്തിൽ പങ്കാളികളായത്. ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്നവരുടെ വിരസത മാറ്റാൻ വ്യത്യസ്തമായ കലാപരിപാടികൾ DYFI യുടെ ഫേസ്ബുക് പേജിലൂടെ ഓൺലൈൻ ആയി നടത്തുന്നത് ഇതിനോടകം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. വിവിധ തൊഴിലാളി സംഘടനകൾ , വിദ്യാർത്ഥി സംഘടനകൾ ഒക്കെ തന്നെ ഈ കൂട്ടായ പ്രവർത്തങ്ങളിൽ പങ്കാളികൾ ആകുന്നുണ്ട് .  SFI മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 639,527 രൂപ സമാഹരിച്ചു നൽകുകയുണ്ടായി. ജീവന്റെ തുടിപ്പിന് കലാലയങ്ങളുടെ ഹൃദയരക്തം എന്ന സന്ദേശമുയർത്തി ബ്ലഡ് ഡയറി തയ്യാറാക്കി SFI. ബ്ലഡ് ബാങ്കുകളിൽ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് SFI സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ആശുപത്രികളിൽ രക്തം ദാനം ചെയ്തു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റികളുടെ  നേതൃത്വത്തിൽ ടെലി-ക്ലാസ്റൂമുകൾ ഒരുക്കി.

മറ്റ് സാമൂഹിക സാംസ്ക്കാരിക സംഘടനകളും സർക്കാരിന്റെ പ്രവർത്തങ്ങൾക്ക് സഹായകമായി വിവിധ പ്രവർത്തനങ്ങളിലും ക്യാമ്പയിൻ പ്രവർത്തങ്ങളിലും ഏർപ്പെടുന്നുണ്ട് . രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ജനങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത് .

കേരളത്തിലെ ആരോഗ്യ മേഖല എവിടെ എത്തിനിൽക്കുന്നു 

ഘടനാപരമായി, സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം മൂന്നായി തരംതിരിക്കാം;

  • ഒന്നാം തലത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ / കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉണ്ട്
  • രണ്ടാമത്തെ തലത്തിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, താലൂക്ക് ഹോസ്പിറ്റലുകൾ, ജില്ലാ ആശുപത്രികൾ, പ്രത്യേക ആശുപത്രികളുള്ള ജനറൽ ആശുപത്രികൾ എന്നിവയുണ്ട്.
  • മൂന്നാമത്തെ തലത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളുള്ള മെഡിക്കൽ കോളേജ് ആശുപത്രികളും റീജിയണൽ കാൻസർ സെന്റർ പോലുള്ള മേഖലയിലെ പ്രത്യേക ഗവേഷണ ചികിത്സാ കേന്ദ്രങ്ങളും ഉണ്ട്.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ / കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ  ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഉള്ള ചികിത്സ നൽകുക മാത്രമല്ല, രോഗപ്രതിരോധം, സാർവത്രിക ആരോഗ്യ പരിരക്ഷാ പരിപാടികൾ എന്നിവ നടത്തുകയും രോഗ പ്രതിരോധത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതത്തെക്കുറിച്ചും ജനങ്ങളിൽ ബോധവൽക്കരണം നൽകുകയും ചെയ്യുന്നുണ്ട് . ഒരു PHC -യുടെ സേവനങ്ങൾ ഗ്രാമപ്രദേശങ്ങളിൽ ഏകദേശം 30,000 ആളുകൾക്കും നഗരപ്രദേശങ്ങളിൽ 50,000 ആളുകൾക്കും ലഭിക്കുന്നുണ്ട്.

ഈ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ആരോഗ്യ മേഖലയുടെ വികസനത്തിനായി ആര്‍ദ്രം മിഷന്‍  നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് . പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ സർക്കാർ മെഡിക്കൽ കോളേജുകൾ വരെ നൂതനമായ സംവിധാനങ്ങൾ ഒരുക്കിയും , സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും സാധാരണ ജനങ്ങൾക്ക് പ്രാപ്യം ആയ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കി .

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ആരോഗ്യരംഗത്ത് വളരെയധികം മുന്നിലാണെന്നതിൽ തർക്കമില്ല. ശിശുമരണ നിരക്കും, മാതൃമരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനവും ഏറ്റവും കൂടുതല്‍ പ്രതീക്ഷിത ആയുസ് കേരളത്തിലെ ജനങ്ങള്‍ക്കാണ്. ഒരു ലക്ഷം പ്രസവത്തില്‍ മാതൃമരണ നിരക്ക് 46 ആക്കി കുറക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗിസൗഹൃദമാക്കുക, ആധുനിക സൗകര്യങ്ങളൊരുക്കി എല്ലാ ആവശ്യമായ ചികിത്സാ ജനങ്ങളിലെത്തിക്കുക, മിതമായ നിരക്കില്‍ ചികിത്സ ലഭ്യമാക്കുക തുടങ്ങിയവയാണ് ആര്‍ദ്രം മിഷനിലൂടെ ലക്ഷ്യം വക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മികച്ച കെട്ടിടവും പശ്ചാത്തലവും ആണ് ഒരുക്കിക്കൊണ്ടിരിക്കുന്നത് . അർധം പദ്ധതിയുടെ ഭാഗമായി 170 PHC-കളെ FHC-കളാക്കി മാറ്റി. രണ്ടാം ഘട്ടത്തിൽ 504 PHC-കളെ FHC-കളാക്കി മാറ്റും. അർധം പദ്ധതിയിലൂടെ പ്രാഥമിക തലങ്ങളിലെ ക്ലിനിക്കൽ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു.

ഈ മേഖലയിലെ വലിയ തോതിലുള്ള പൊതുചെലവിന്റെ ഫലമാണ് സംസ്ഥാനത്തിന്റെ പ്രശംസനീയമായ ആരോഗ്യനില. സംസ്ഥാന ചെലവിന്റെ ശരാശരി 5.6 % ആരോഗ്യ, കുടുംബക്ഷേമ മേഖലകളിലാണ് വിനിയോഗിക്കുന്നത് . ആരോഗ്യമേഖലയിലെ സംസ്ഥാനത്തിന്റെ പ്രശംസനീയമായ വളർച്ചയ്ക്കും പുരോഗതിക്കും ഇത് പ്രയോജനപ്പെടുന്നു .

ഇതിന്റെ ഒക്കെ പ്രതിഫലനം ആണ് നിപ്പ പോലുള്ള മഹാമാരിയെ പോലും കൂടുതൽ ആളുകളിലേക്ക് പടരാതെ അതിനെ നിയന്ത്രിക്കുന്നതിൽ കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് കഴിഞ്ഞത് .

കേന്ദ്ര സർക്കാരിന്റെ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (NQAS) ന്റെ ലഭിച്ച രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തിലായി. സംസ്ഥാനത്തെ 64 സ്ഥാപനങ്ങളാണ് ഇതുവരെ NQAS അംഗീകാരം നേടിയെടുത്തത്.ആർദ്രം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ ഉയർന്ന നേട്ടത്തിലേക്ക് എത്തിച്ചത്.

സർക്കാർ സംവിധാനങ്ങൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നു . കോറോണയുടെ പശ്ചാത്തലത്തിൽ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂം സജ്ജമാക്കി. സെക്രട്ടറിയേറ്റിന്റെ സൗത്ത് കോണ്‍ഫറന്‍സ് ഹോളില്‍ കെ. ഇളന്‍കോവന്‍ IAS ന്റെ നേതൃത്വത്തിലാണ് വാര്‍ റൂം ആരംഭിച്ചത്.  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍ റൂമില്‍ അഞ്ച്  IAS ഉദ്ദ്യോഗസ്ഥര്‍ ഷിഫ്റ്റ് അനുസരിച്ചാണ് നേതൃത്വം നല്‍കുന്നത്. ആരോഗ്യ വകുപ്പ്, പോലീസ്, റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ്, ഗതാഗതം, ഫുഡ് ആന്റ് സിവില്‍ സപ്പേയ്‌സ് തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികളും വാര്‍ റൂമില്‍ പ്രവര്‍ത്തിക്കുന്നു. ആറ് മണിക്ക് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് നാല് മണിക്ക് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വിവിധ വകുപ്പ് മന്ത്രിമാര്‍ ഉള്‍പ്പടെ മീറ്റിംഗ് നടത്തി അന്നേ ദിവസത്തെ കാര്യങ്ങള്‍ മുഴുവന്‍ അവലോകനം ചെയ്യും. പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കണ്ടെത്താം എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഈ അവലോകനത്തിന് ശേഷം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും റവന്യു മന്ത്രിയും ചീഫ് സെക്രട്ടറിയും കൂടി പത്രസമ്മേളനം നടത്തി സ്ഥിതിഗതികൾ ജനങ്ങളെ നേരിട്ട് അറിയിക്കുന്ന ഏക സംസ്ഥാനവും കേരളമാണ്, അത് നൽകുന്ന ആശ്വാസവും ആത്മവിശ്വാസവും ആണ് നമ്മുടെ കരുത്ത്. അവലോകനത്തിന്റെയും ഏകോപനത്തിന്റെയും കേന്ദ്രമായി മാറുകയാണ് ഈ വാർ റൂം .

നമ്മുടെ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, ന്യൂയോർക്കിന്റെ രക്ഷകനായി വാഴ്ത്തപ്പെട്ട ഗവർണർ ആൻഡ്രൂ കുവോമോ, ഇവരെ രണ്ടുപേരും താരതമ്യം ചെയ്ത് അവരുടെ പ്രെസ്സ് മീറ്റുകൾ ഒരു ജനതക്ക് നൽകുന്ന ഊർജത്തെപ്പറ്റിയും ഒരു ‘ക്രൈസിസ്‌ മാനേജർ’ എന്ന നിലയിൽ ഉള്ള രണ്ടുപേരുടെയും പ്രവർത്തന മികവുകളെപ്പറ്റിയും  “ദി ടെലെഗ്രാഫ് ” എന്ന പത്രം എഴുതിയത് കൂടി ഇവിടെ പറയുന്നു . ഈ സന്നിഗ്ദ്ധ ഘട്ടത്തിലും അവലോകന യോഗത്തിനു ശേഷം നടക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ് മീറ്റിനെ ഒളിഞ്ഞും തെളിഞ്ഞും കളിയാക്കുന്ന ആളുകളുടെ രാഷ്ട്രീയ പാപ്പരത്തിനോട് മറുപടി കൂടി ആണ് കേരളത്തിന്റെ അതിജീവനം .

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന് കേരള സർക്കാർ കൈക്കൊള്ളുന്ന പ്രവർത്തനങ്ങളെ സുപ്രീംകോടതി വരെ പ്രശംസിക്കുകയുണ്ടായി. കേന്ദ്ര സർക്കാർ കേരളം കൈക്കൊള്ളുന്ന പ്രതിരോധമാർഗ്ഗങ്ങളെ മറ്റ് സംസ്ഥാങ്ങൾ മാതൃകയാക്കണം എന്ന് പറയുകയുണ്ടായി .

സ്ഥിതി ഗതികള്‍ ഇപ്പോഴും പൂര്‍ണമായി നിയന്ത്രണത്തില്‍ അല്ലെങ്കില്‍ പോലും രോഗികളുടെ എണ്ണം കുറച്ചുകൊണ്ടവരാന്‍ കഴിഞ്ഞത് കേരളത്തിന്റെ നേട്ടമാവുകയാണ്.

മറ്റ് രാജ്യങ്ങളുടേയും , നമ്മുടെ രാജ്യത്തെ മറ്റ് സംസ്ഥാങ്ങളുടെയും നിലവിലെ അവസ്ഥ വെച്ച് നോക്കിയാൽ സ്ഥിതി ഗതികള്‍ ഇപ്പോഴും പൂര്‍ണമായി നിയന്ത്രണത്തില്‍ അല്ലെങ്കില്‍ പോലും രോഗികളുടെ എണ്ണം കുറച്ചുകൊണ്ടവരാന്‍ കഴിഞ്ഞത് കേരളത്തിന്റെ നേട്ടമാവുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് റിക്കവറി റേറ്റും ഏറ്റവും കുറവ് മരണനിരക്കും ഉള്ളത് കേരളത്തിൽ ആണ്. മരണനിരക്ക് ലോകശരാശരി 5.75% വും ഇന്ത്യയിൽ 2.83% വും കേരളത്തിൽ അത് 0.58% വും ആണ്. നമ്മുടെ സർക്കാർ എടുത്ത പ്രതിരോധ സംവിധാനങ്ങളുടെ വിജയമാണ് നമുക്ക് ഇത്തരത്തിൽ ഇതിനെ അതിജീവിക്കാൻ കഴിഞ്ഞത് . ഇത്തരത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ അതിന്റെ പൂർണ്ണ വിജയത്തിന് നമ്മൾ ഓരോ വ്യക്തിയ്ക്കും ഉത്തരവാദിത്വമുണ്ട്, രോഗം പടരാതിരിക്കാനുള്ള കരുതലെടുക്കാൻ. ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് . നമ്മൾ അതിജീവിക്കും !

സമസ്തമേഖലകളെയും കണക്കിലെടുത്ത് ക്രിയാത്മകമായ പ്രതിരോധ പ്രവർത്തങ്ങളാണ് കേരള സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത് . കൊറോണ പ്രതിരോധം , കേരളത്തിന്റെ രീതികൾ ഇന്ന് ലോകം അംഗീകരിക്കുന്നു , ജാഗ്രതയോടെ ഒരുമിച്ചു നിന്ന് ഈ മഹാമാരിയെ പ്രതിരോധിക്കാം . നമ്മൾ അതിജീവിക്കും !

കടപ്പാട് : Deshabhimani, Mathrubhumi, Gulfnews, covid19india, Truecopythink.media, Malayalam.asiavillenews, Facebook Pages- Chief Minister ,ministers and other trusted resources.

2 Replies to “ലോകത്തിന് മുന്നിൽ വ്യത്യസ്തമായി “പ്രതിരോധത്തിന്റെ കേരള മോഡൽ””

  1. Detail ആയി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് ….

    പ്രതിരോധപ്രവർത്തങ്ങൾ നല്ലരീതിയിൽ നടത്തുന്ന കേരള സർക്കാരിന് അഭിവാദ്യങ്ങൾ 

Leave a Reply

Your email address will not be published. Required fields are marked *