കീഴ്‌വെൺമണി രക്തസാക്ഷിത്വം

ഒരു പടി(600 ഗ്രാം) നെല്ല് അധികകൂലിയായി ചോദിച്ചതിന് 16 സ്ത്രീകളും 21 കുട്ടികളുമടക്കം 44 മനുഷ്യരെ എരിതീയിൽ ജീവനോടെ ജന്മിമാർ കൂട്ടക്കുരുതിക്ക് ഇരയാക്കിയ മരവിപ്പിക്കുന്ന ചരിത്രമാണ് കീഴ്വെണ്മണി എന്ന നാടിന് പറയുവാൻ ഉള്ളത്.

തമിഴ്നാട് നാഗപട്ടണം ജില്ലയിലാണ് കീഴ്വെൺമണി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. പുലർച്ചെ 4 മണി മുതൽ നേരം അന്തിയാകും വരെ ജോലി ചെയ്താൽ ആഴ്ചയിൽ ലഭിച്ചിരുന്നത് തുച്ഛമായ കൂലി. അടിമകളായി കണ്ട്  ജന്മിമാർ കർഷക തൊഴിലാളികളെ ചൂഷണം ചെയ്തു. ഇതിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) നേതൃത്വത്തിൽ കർഷകർ മെച്ചപ്പെട്ട കൂലിക്കും ജീവിത സാഹചര്യങ്ങൾക്കുമായി സമരം ആരംഭിച്ചു. സിപിഐഎം നേതൃത്യത്തിൽ കർഷക തൊഴിലാളി യൂണിയൻ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. യൂണിയൻ പ്രവർത്തനത്തിന്റെ ഭാഗമായി തൊഴിലാളികൾ അവരുടെ ഗ്രാമങ്ങളിൽ ചെങ്കൊടി ഉയർത്തി, ഇത് ഭൂവുടമകളെ പ്രകോപിപ്പിച്ചു. കർഷക യൂണിയന്റെ നേതൃത്വത്തിൽ അവകാശ സമരം നടക്കുന്ന ഘട്ടത്തിലാണ് കോൺഗ്രസ്സ് സഹയാത്രികനായ ജന്മി ഗോപാലകൃഷ്ണനായിഡുവിന്റെ നേതൃത്വത്തിൽ മഞ്ഞക്കൊടിയുമായി മറ്റൊരു യൂണിയൻ രൂപീകരിച്ചു, കമ്മ്യൂണിസ്റ്റ് യൂണിയനുകളിൽപ്പെട്ട തൊഴിലാളികളെ ജോലിയിൽ നിന്നും പിരിച്ചുവിടാൻ തുടങ്ങി. അതോടൊപ്പം പോലീസ് സഹായത്തോടെ അക്രമങ്ങൾ അഴിച്ചുവിട്ടു. കൂലി വർദ്ധനവ് വേണമെങ്കിൽ കീഴ് വെൺമണിയിലെ ചെങ്കൊടികൾ അഴിച്ചു മാറ്റണമെന്ന ആവശ്യം തൊഴിലാളികൾ തള്ളി. ഇത് സംഘർഷത്തിലേക്കും ഒടുവിൽ തൊഴിലാളികൾ പണിമുടക്കിലേക്കും നീങ്ങി. വിളവെടുപ്പ് നടത്താൻ തൊഴിലാളികൾ തയ്യാറായില്ല. 

1968 ഡിസംബർ 25 ന്പുറത്തുള്ള തൊഴിലാളികളെ ഇറക്കി പണിയെടുപ്പിക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചു.അന്ന് രാത്രി 10 മണിക്ക് ഗോപാലകൃഷ്ണനായിഡുവിന്റെ നേതൃത്വത്തിൽ മാരകായുധങ്ങളുമായി ഭൂവുടമകളും അവരുടെ 200 ഓളം ഗുണ്ടകളും ലോറികളിൽ വന്ന് രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടച്ചു, കുടിലുകൾ വളഞ്ഞു. അക്രമികൾ തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയും രണ്ട് പേർക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു. നിരായുധരായ തൊഴിലാളികൾ പ്രാണരക്ഷാർത്ഥം വെറും 8 അടി നീളവും 5 അടി വീതിയിയുമുള്ള രാമയ്യന്റെ കുടിലിൽ അഭയം പ്രാപിച്ചു.ചുറ്റും തീയിട്ട ഗുണ്ടകൾ രക്ഷപ്പെടാൻ ശ്രമിച്ച കുട്ടികൾ ഉൾപ്പെടെയുള്ളവരെ തീയിലേക്ക് വലിച്ചെറിഞ്ഞു. കത്തുന്ന കുടിലിൽ നിന്ന് പ്രാണരക്ഷാർത്ഥം പുറത്തേക്കോടിയ രണ്ട് കുട്ടികളെ അക്രമികൾ വീണ്ടും തീയിലേക്ക് എടുത്തെറിഞ്ഞു. കത്തുന്ന കുടിലിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചവരെ പിടികൂടി വെട്ടിക്കൊന്ന ശേഷം തീയിലേക്ക് എറിഞ്ഞു. ഈ കൂട്ടക്കൊലയിൽ 5 പുരുഷന്മാരും 16 സ്ത്രീകളും 23 കുട്ടികളും ഉൾപ്പെടെ 44 പേർ മൃഗീയമായി, പൈശാചികമായി കൊല്ലപ്പെട്ടു.

1970 ൽ നായിഡു ഉൾപ്പെടെയുള്ള ഗുണ്ടകൾക്ക് വെറും 10 വർഷത്തെ തടവുശിക്ഷ ലഭിക്കുകയും എന്നാൽ 1975 ൽ മദ്രാസ് ഹൈക്കോടതി പ്രതികളെ മുഴുവൻ വെറുതെ വിടുന്ന ഞെട്ടിപ്പിക്കുന്ന വിധി പുറപ്പെടുവിക്കുകയും ചെയ്തു.

കീഴ്‌വെൺമണി സംഭവത്തിനു ശേഷം തമിഴ്നാട് സർക്കാരിന് സമഗ്രമല്ലെങ്കിലും ഭൂപരിഷ്ക്കരണ നിയമം നടപ്പിലാക്കേണ്ടി വന്നു.മിച്ചഭൂമി തൊഴിലാളികൾക്ക് പതിച്ചുനൽകേണ്ടി വന്നു.

അന്ന് രക്തസാക്ഷ്യം വരിച്ച രക്തസാക്ഷികളെ പ്രതിനിധീകരിക്കുന്ന 44 കരിങ്കൽ തൂണുകൾ ഉൾപ്പെട്ട ഒരു വലിയ സ്മാരകം ഇന്നവിടെ ഉയർന്നിട്ടുണ്ട് . ആ പൈശാചികതയുടെ നടുക്കുന്ന ഓർമ്മകൾ ഇന്നവിടെ ഉറങ്ങുന്നു.

വർഷങ്ങളായി എല്ലാ രക്തസാക്ഷി അനുസ്മരണ വർഷവും ഇവിടെ ഇരുമുടിക്കെട്ട് മാതൃകയിൽ നെല്ല് കെട്ടി കൊണ്ടുവന്ന് , പുഷ്പാർച്ചനക്ക് പകരം നെല്ലാണ് അർപ്പിക്കുന്നത്.  ഇത് എന്തിനെന്ന ചോദ്യത്തിന് അവിടെയുള്ള സഖാക്കളുടെ മറുപടി “ഇന്ത ഒരു പടി നെല്ലുക്കാകതാൻ 44 പേർ ഉയിർ ഇഴന്താർ എപ്പടി മറക്കമുടിയും” എന്നാണ്.

കീഴ്‌വെൺമണി രക്തസാക്ഷികളുടെ സ്മരണകൾക്ക് മുന്നിൽ ഒരുപിടി രക്തപുഷ്പ്പങ്ങൾ അർപ്പിക്കുന്നു..

രക്തസാക്ഷികൾ സിന്ദാബാദ്

Leave a Reply

Your email address will not be published. Required fields are marked *