സഖാവ്‌ പി.കൃഷ്ണപിള്ള

“ഉശിരുള്ള നായർ മണിയടിക്കും, എച്ചിൽപെറുക്കി നായർ അവന്‍റെ പുറത്തടിക്കും” ഇതാണ് നാവോത്ഥാനത്തിന്റെ മണിനാദം ;ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹ പോരാട്ടത്തിനിടയിൽ അവഗണിക്കപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി കൊടിയ മർദ്ദനം മുഴുവൻ ഏറ്റുവാങ്ങി സഖാവ് കൃഷ്ണപിള്ളയുടെ വാക്കുകൾ .

കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ആദ്യപഥികനാണ്‌ പി.കൃഷ്‌ണപിള്ള. കമ്യൂണിസ്റ്റ് വിപ്ലവകാരിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും സ്വാതന്ത്ര്യ സമരസേനാനിയും ബ്രിട്ടീഷ് മേൽക്കോയ്മക്കെതിരായ സാമ്രാജ്യത്വ വിരുദ്ധ പോരാളിയും ജാതിമേൽക്കോയ്മക്കെതിരായ സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെ പോരാളിയും,പുന്നപ്ര – വയലാർ സമരത്തിന്റെ പ്രചോദനമായി നിലകൊണ്ട സഖാക്കളുടെ സഖാവുമാണ് കൃഷ്ണപിള്ള .

1906-ൽ കോട്ടയം ജില്ലയിലെ വൈക്കത്തെ ഒരു മധ്യവർഗ്ഗ കുടുംബത്തിൽ, മയിലേഴത്തു മണ്ണം‌പിള്ളി നാരായണൻ നായരുടെയും പാർവ്വതിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. ഇവരുടെ പത്തുമക്കളിൽ ഒരാളായിരുന്നു കൃഷ്ണപിള്ള. പതിനാലാം വയസ്സില്‍ കൃഷ്‌ണപിള്ള അനാഥനായി.
ഇരുപത്തൊന്നാം വയസ്സില്‍ അലഹബാദില്‍ ചെന്ന്‌ ഹിന്ദി പഠിച്ച്‌ മടങ്ങിവന്ന്‌ ദക്ഷിണ ഭാരത ഹിന്ദിപ്രചാര സഭയുടെ പ്രവര്‍ത്തകനായിത്തീര്‍ന്നു. ഹിന്ദി പ്രചാരസഭയുടെ കീഴിൽ ഹിന്ദി പ്രചാരകനായി സാമൂഹ്യപ്രവർത്തനമാരംഭിച്ച കൃഷ്ണപിള്ള ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തുകൊണ്ടാണ് രാഷ്ട്രീയ രംഗത്തേക്കു പ്രവേശിക്കുന്നത്. രാഷ്ട്രീയത്തിൽ സജീവമായതുമുതൽതന്നെ ബ്രീട്ടീഷ് രാജിനെതിരേ പ്രവർത്തിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയത്. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ പോലീസ് അറസ്റ്റു ചെയ്തു ജയിലലടച്ചു. ജയിലിൽ നിന്നും മോചിതനായ കൃഷ്ണപിള്ള നേരെ പോയത് ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുക്കാനാണ്.
നിയമലംഘനകേസിൽ കുറ്റം ചാർത്തപ്പെട്ട വിചാരണക്കവസാനം കഠിന തടവ് കോടതി വിധിച്ചു. കണ്ണൂർ ജയിലിലാണ് തടവുശിക്ഷ അനുഭവിക്കേണ്ടിയിരുന്നത്. തടവുകാർക്കെതിരേ നടക്കുന്ന അക്രമങ്ങളെ ചോദ്യം ചെയ്തതിനെതുടർന്ന് ജയിലധികൃതർ അദ്ദേഹത്തെ ചങ്ങലയിൽ ബന്ധിച്ചിടുകയുണ്ടായി. ഇതിനെതുടർന്ന് നിരാഹാരം ആരംഭിച്ച കൃഷ്ണപിള്ളയെ വെല്ലൂർ ജയിലിലേക്കു മാറ്റി. വെല്ലൂരിൽ നിന്നും പിന്നീട് സേലം ജയിലിലേക്കു മാറ്റി. സേലം ജയിലിൽ വെച്ച് കൃഷ്ണപിള്ള ലാഹോർ ഗൂഢാലോചനകേസിൽ ഭഗത് സിംഗിന്റെ സഹപ്രവർത്തകനായ ബദ്കേശ്വർ ദത്തിനെ അടുത്തു പരിചയപ്പെടാൻ ഇടയായി.ഇവിടെ വെച്ച് പല വിപ്ലവകാരികളുമായി അടുത്തു ബന്ധപ്പെടാൻ കൃഷ്ണപിള്ളക്കു കഴിഞ്ഞതുകൊണ്ടാവാം അദ്ദേഹത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനോടുള്ള സമീപനം പതുക്കെ മാറി തുടങ്ങി.
തിരുവിതാംകൂർ സ്വാതന്ത്ര്യ സമരത്തിലും, പിന്നീട് ആലപ്പുഴയിലെ പുന്നപ്രവയലാർ സമരത്തിലും, കൊച്ചിയിലെ ദേശീയപ്രസ്ഥാന രംഗത്തും മലബാറിലെ കാർഷിക സമരങ്ങളിലും മിൽത്തൊഴിലാളി സമരങ്ങളിലും കൃഷ്ണപിള്ളയുടെ സാന്നിദ്ധ്യം വളരെ പ്രധാനമായിരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനി പ്രസാധനത്തിനും വിതരണത്തിനുമുള്ള സുശക്തമായ ഒരു സംവിധാനം കെട്ടിപ്പടുക്കാൻ പാർട്ടി നിയോഗിച്ചത് കൃഷ്ണപിള്ളയെയായിരുന്നു.
പുന്നപ്ര-വയലാർ സമരത്തിന്റെ പ്രധാന പ്രചോദനകേന്ദ്രം കൃഷ്ണപിള്ളയായിരുന്നു. തിരുവിതാംകൂറിലെ തൊഴിലാളികളെ സമരമുഖത്തേക്കു കൊണ്ടുവന്നുതു മുതൽ, ക്യാമ്പിലെ സന്നദ്ധഭടന്മാർക്ക് വിമുക്തഭടന്മാരുടെ സഹായത്താൽ പരിശീലനം കൊടുത്തിരുന്നതുവരെ കൃഷ്ണപിള്ളയുടെ മാർഗ്ഗനിർദ്ദേശത്തിലായിരുന്നു.

1937 ല്‍ കോഴിക്കോട്ട്‌ രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്റ്റ്‌ പാര്‍ടി ഗ്രൂപ്പിന്റെ സെക്രട്ടറി സഖാവായിരുന്നു. ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടണ്‍മില്‍ തൊഴിലാളികളെയും കണ്ണൂരിലെ ബീഡി-നെയ്‌ത്ത്‌ തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിലും സഖാവ്‌ വ്യാപൃതനായി. 1943-ൽ കോഴിക്കോടുവച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ആദ്യത്തെ സമ്മേളനത്തിൽ കൃഷ്ണപിള്ളയെ ആദ്യ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു.

പിണറായി-പാറപ്രം രഹസ്യസമ്മേളനത്തില്‍ പങ്കെടുത്ത സഖാവ്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ടിയുടെ കേരളഘടകത്തിന്റെ പ്രഥമ സെക്രട്ടറിയായി. ഇതിഹാസതുല്യമായിരുന്നു ആ ജീവിതം. മരണം പോലും ഒളിവിലിരിക്കെയായിരുന്നു. കേരളത്തില്‍ കൃഷ്‌ണപിള്ള അറിയാത്ത ഗ്രാമങ്ങളോ പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകരോ ഉണ്ടായിരുന്നില്ല. ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ചാണ്‌ കേഡര്‍മാരെ റിക്രൂട്ട്‌ ചെയ്യുകയും ഒളിവില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഷെല്‍ട്ടറുകള്‍ സംഘടിപ്പിക്കുകയും ചെയ്‌തിരുന്നത്‌.പുന്നപ്ര-വയലാർ സമരത്തെതുടർന്ന് പാർട്ടി പ്രവർത്തകർക്ക് ഒളിവിൽ പോകേണ്ടി വന്നപ്പോൾ കേരളത്തിലുടനീളം അവർക്ക് സുരക്ഷിത താവളങ്ങൾ ഒരുക്കാനുള്ള ഉത്തരാവദിത്വവും ഏറ്റെടുത്തത് കൃഷ്ണപിള്ളയായിരുന്നു. എല്ലാറ്റിലുമപരി സമരസഖാക്കളുടെ മരണത്തേതുടർന്ന അനാഥമായ അവരുടെ കുടുംബങ്ങൾക്ക് ഒരു കൈതാങ്ങായി കൃഷ്ണപിള്ള ഉണ്ടായിരുന്നു. തൊഴിലാളി വര്‍ഗ്ഗ രാഷ്‌ട്രീയത്തോടും, സാധാരണ ജനജീവിതത്തോടും കൃഷ്‌ണപിള്ള ഇഴുകിച്ചേര്‍ന്നിരുന്നു.
1948 ഓഗസ്റ്റ് 19-ന് ആലപ്പുഴ ജില്ലയിലെ മുഹമ്മയ്ക്ക് സമീപമുള്ള കണ്ണർകാട് എന്ന ഗ്രാമത്തിൽ ഒരു കയർ തൊഴിലാളിയുടെ കുടിലിൽ ഒളിവിൽ കഴിയുകയായിരുന്ന പി.കൃഷ്ണപിള്ളയ്ക്ക് സർപ്പദംശനമേറ്റു. തന്റെ നാല്‍പ്പത്തിരണ്ടാം വയസ്സില്‍ സര്‍പ്പദംശമേറ്റ്‌ മരിക്കുന്നതിനിടയിലും കൃഷ്‌ണപിള്ള പെരുമാറിയത്‌ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഒരിക്കലും തോല്‌ക്കാത്ത ഇച്ഛയുടെ അഗ്നിനാളമായാണ്‌. സർപ്പദംശനമേൽക്കുന്ന സമയത്ത് അദ്ദേഹം എഴുതിക്കൊണ്ടിരുന്ന സ്വയം വിമർശനമുണ്ട്, വിമർശനമില്ല എന്ന ലേഖനത്തിൽ “സഖാക്കളേ മുന്നോട്ട്” എന്ന് കുറിച്ച വാക്കുകള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ അന്നും ഇന്നും ത്രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

കേരളത്തിലെ സാമൂഹിക രാഷ്‌ട്രീയ രംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്ക് നിദാനമായ നിരവധി സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സാമൂഹിക പരിഷ്‌ക്കര്‍ത്താവായിരുന്നു പി കൃഷ്ണപിള്ള . പതിറ്റാണ്ടുകൾക്ക് മുൻപ് ഏതെല്ലാം സാമൂഹിക അനാചാരങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ പി കൃഷ്ണപിള്ളയെപ്പോലുള്ള സാമൂഹിക പരിഷ്‌ക്കര്‍ത്താക്കള്‍ നിലകൊണ്ടിരുന്നോ അത്തരം സാമൂഹിക അനാചാരങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള ഇന്നത്തെ സുവർണ്ണാവസര രാഷ്ട്രീയത്തിന്റെ വക്താക്കളുടെ ശ്രമങ്ങൾക്കെതിരെ ജനാധിപത്യ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളേണ്ട സമയമാണ്.
സഖാവ് കൃഷ്ണപിള്ളയുടെ ജീവിതവും പൊതുപ്രവര്‍ത്തനശൈലിയും നേതൃഗുണവും മാനവികതയും സര്‍വോപരി കമ്യൂണിസ്റ്റ്‌ നൈതികതയും എല്ലാ തലമുറകള്‍ക്കും പഠിക്കാനും ഉള്‍ക്കൊള്ളാനുമുള്ള പാഠപുസ്‌തകമാണ്‌.
എന്റെ കണ്ണിൽ ഇരുൾ വ്യാപിച്ചു വരുന്നു. എന്റെ ശരീരമാകെ തളരുകയാണ്. എന്തു സംഭവിക്കുമെന്ന് എനിക്കറിയാം. സഖാക്കളേ മുന്നോട്ട്….. ലാൽ സലാം !!

Leave a Reply

Your email address will not be published. Required fields are marked *