മമ്മൂട്ടി – അഭിനയം ഒരു യുഗമാകുമ്പോൾ ചരിത്രം വീണ്ടും ഈ മഹാ പ്രതിഭയ്ക്ക് കിരീടമണിയിക്കുന്നു. സിനിമയിൽ അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും, അഭിനയം യഥാർത്ഥത്തിൽ പുനർനിർവചിച്ചു കൊണ്ടിരിക്കുകയാണ് മമ്മൂട്ടി.
ഭ്രമയുഗത്തിൽ, മമ്മൂട്ടി വെറുമൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നില്ല – ഭയത്തിന്റെയും ശക്തിയുടെയും നിഗൂഢതയുടെയും മൂർത്തീഭാവമായി മമ്മൂട്ടി മാറുകയായിരുന്നു. നിഴൽ നിറഞ്ഞ അന്തരീക്ഷത്തിൽ ഈ സിനിമയ്ക്ക്, സംഭാഷണം പോലെ വാചാലമായി നിശബ്ദത ആജ്ഞാപിക്കാൻ കഴിയുന്ന ഒരു നടനെ ആവശ്യമായിരുന്നു. അത് മമ്മൂട്ടി എന്ന നടൻ അസാധ്യമായി അഭിനയിച്ചു പ്രതിഫലിപ്പിച്ചു. അദ്ദേഹത്തിന്റെ ഓരോ നോട്ടത്തിലും, ഓരോ ശ്വാസത്തിലും വിചിത്രമായ ഒരു ദിവ്യത്വവും ഭീകരതയും നിറഞ്ഞാടി.
അടിയൊഴുക്കുകൾ – തുടങ്ങി ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം വരേയും പിന്നെ വിധേയൻ, പൊന്തന്മാട, വാത്സല്യത്തിലെത്തി കാഴ്ചയിലൂടെ പാലേരിമാണിക്യത്തിൽ എത്തി നൻപകൽ നേരത്ത മയക്കം കഴിഞ്ഞു ഭ്രമയുഗത്തിലെത്തി നിൽക്കുന്ന – മമ്മൂട്ടി കാലഘട്ടങ്ങളിലൂടെയും ഭാഷകളിലൂടെയും മനുഷ്യാവസ്ഥകളിലൂടെയും അത്ഭുതകരമായ ഭംഗിയോടെ അഭ്രപാളിയിൽ നിറഞ്ഞാടിക്കൊണ്ടിക്കുന്നു. ഒരു നടൻ വ്യത്യസ്ത സന്ദർഭങ്ങളിലുള്ള കഥകൾ തിരഞ്ഞെടുത്ത് അതിലെ കഥാപാത്രം ആവുമ്പോൾ ആണ് മികച്ച നടൻ ആകുന്നത്.അദ്ദേഹത്തിന് സിനിമ വെറും കഥപറച്ചിൽ അല്ല; അത് ആത്മാവിന്റെ ഏകാഭിനയം കൂടിയാണ്.
അഭിനയം വെറും പ്രകടനമല്ല – അത് ചലനമുള്ള കവിതയാണെന്ന് ഏഴാം തവണയും നിങ്ങൾ തെളിയിച്ചു. ഇന്ന് എഴുപതുകളിൽ എത്തിയ മമ്മൂട്ടി, ഒരു പുതുമുഖത്തിന്റെ ചുറുചുക്കും മിടുക്കുമായി മലയാള സിനിമയുടെ പരിണാമത്തിന്റെ ചരിത്രരേഖയായി അഭിനയജീവിതത്തിലൂടെ മുന്നോട്ട് നടക്കുകയാണ്.
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, മമ്മൂക്ക
കൊടുമൺ പോറ്റിയെപ്പോലെ തളയ്ക്കാനായി വന്നവർക്കൊന്നും വർഷങ്ങളായിട്ടും അതിന് കഴിഞ്ഞിട്ടില്ല, പുതിയ മുഖങ്ങളുമായി ഇന്നും പകർന്നാടുന്നു; മലയാള സിനിമയുടെ മഹായുഗം നിങ്ങളിൽ തന്നെ തുടരട്ടെ ….





