മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS)യുടെ പേരും ഘടനയും മാറ്റാനുള്ള യൂണിയൻ സർക്കാരിന്റെ തീരുമാനം ഒരു സാധാരണ ഭരണപരമായ നടപടിയായി കാണാൻ കഴിയില്ല. ഇത് മുന്നോട്ടുവയ്ക്കുന്നവരുടെ ആശയപരവും രാഷ്ട്രീയവുമായ അജണ്ടകൾ വ്യക്തമായി അറിയാവുന്ന സാഹചര്യത്തിലാണ് ഇങ്ങനെ തോന്നാൻ കാരണം.
ഇത് ഒരു കൃത്യമായ സംഘപരിവാർ രാഷ്ട്രീയ ഇടപെടലാണ് — സാമൂഹ്യക്ഷേമത്തെ, അവകാശങ്ങളെ, ദേശീയസ്വാതന്ത്ര്യ സമരത്തെ നയിച്ചവരുടെ ഓർമ്മയെയും മൂല്യങ്ങളെയും പുനർനിർവചിക്കാൻ ശ്രമിക്കുന്ന ഇടപെടൽ. ഗാന്ധിയുടെ പേര് നീക്കം ചെയ്യപ്പെടുന്നതാണ് പൊതുചർച്ചയുടെ മേൽതലത്തിൽ കാണപ്പെടുന്നത് എങ്കിൽ, അതിനേക്കാൾ ഗുരുതരമായ ഒരു മാറ്റമാണ് അടിത്തട്ടിൽ നടക്കുന്നത്: അവകാശാധിഷ്ഠിത തൊഴിലുറപ്പ് പദ്ധതിയെ നിയന്ത്രിതവും വിവേചനാധിഷ്ഠിതവുമായ ഒരു ക്ഷേമ പദ്ധതിയാക്കി മാറ്റാനുള്ള ശ്രമം.
VB-G RAM G അഥവാ Viksit Bharat – Guarantee for Rozgar and Ajeevika Mission (Grameen) എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ ബിൽ, തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന രാഷ്ട്രീയ തത്വങ്ങളേയും ഘടനയേയും തകർക്കുന്ന മാറ്റങ്ങളാണ് ലക്ഷ്യമിടുന്നത്.
അവകാശത്തിൽ നിന്ന് ബജറ്റ് അധീനതയിലേക്ക്
2005-ൽ നടപ്പിലാക്കിയ MGNREGS ഒരു പദ്ധതിയല്ലായിരുന്നു; അത് ഒരു നിയമപരമായ അവകാശ പ്രഖ്യാപനമായിരുന്നു. തൊഴിലില്ലായ്മ ഒരു വ്യക്തിപര പരാജയമല്ല, മറിച്ച് ഒരു സാമൂഹ്യ–സാമ്പത്തിക പ്രശ്നമാണെന്ന് ഭരണഘടനാപരമായി അംഗീകരിച്ച നിയമം. തൊഴിലില്ലാത്തവർ ആവശ്യപ്പെടുന്ന സമയത്ത് തൊഴിൽ നൽകണമെന്ന demand-driven ഘടനയായിരുന്നു ഇതിന്റെ ആത്മാവ്.
വരൾച്ച, കൃഷിനഷ്ടം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ തൊഴിലുറപ്പ് സ്വയം വ്യാപിപ്പിക്കുന്ന ഒരു counter-cyclical safety net ആയി MGNREGS പ്രവർത്തിച്ചു. കുടിയേറ്റവും കടവും വിശപ്പും തടയുന്നതിൽ ഇന്ത്യൻ ഗ്രാമീണ ജീവിതത്തിന് ഇത് നിർണായകമായിരുന്നു.
പുതിയ ബില്ലിലൂടെ ഈ തത്വം തകർക്കപ്പെടുകയാണ്. ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ നൽകുന്ന സംവിധാനത്തിന് പകരം, ഓരോ സാമ്പത്തിക വർഷവും യൂണിയൻ സർക്കാർ മുൻകൂട്ടി നിശ്ചയിക്കുന്ന allocation-based വിഹിതത്തിനുള്ളിൽ തൊഴിലുറപ്പ് ഒതുക്കപ്പെടുന്നു. ഇതോടെ തൊഴിലുറപ്പ് ഇനി ഒരു അവകാശമല്ല; ബജറ്റിനോട് ബന്ധപ്പെട്ടു നിൽക്കുന്ന ഒരു ഉപോൽപ്പന്നം മാത്രമാകുന്നു.
എന്റെ കാഴ്ചപ്പാടിൽ ഇത് പരിഷ്കാരമല്ല മറിച്ച് അവകാശങ്ങളുടെ ഹനിക്കൽ കൂടിയാണ്.
ഫെഡറലിസത്തിന്റെ ദുർബലീകരണം
MGNREGS ഫെഡറൽ ഉത്തരവാദിത്തത്തിന്റെ ഒരു മാതൃകയായിരുന്നു. വേതന ഘടകത്തിന്റെ 100 ശതമാനവും യൂണിയൻ സർക്കാർ വഹിക്കുകയും, ഭൗതിക ഘടകങ്ങൾ 75:25 എന്ന അനുപാതത്തിൽ പങ്കിടുകയും ചെയ്തിരുന്നു. തൊഴിലുറപ്പ് ഒരു ദേശീയ ബാധ്യതയാണെന്ന രാഷ്ട്രീയ നിലപാട് ഇതിലൂടെ പ്രകടമായിരുന്നു.
പുതിയ ബില്ലിൽ വേതനവും ഭൗതിക ഘടകങ്ങളും 60:40 എന്ന അനുപാതത്തിൽ യൂണിയനും സംസ്ഥാനങ്ങളും പങ്കിടണമെന്നാണ് നിർദേശം. ഇതിലൂടെ സംസ്ഥാനങ്ങളിലേക്കുള്ള സാമ്പത്തിക ഭാരം കുത്തനെ വർധിക്കും. നയം കേന്ദ്രം നിർണ്ണയിക്കുകയും, ചെലവ് സംസ്ഥാനങ്ങൾ വഹിക്കുകയും ചെയ്യുന്ന asymmetric federalism ആണ് ഇവിടെ നടപ്പാക്കപ്പെടുന്നത്.
കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാണ്. യൂണിയൻ ബജറ്റ് വിഹിതത്തിൽ വലിയ കുറവ് സംഭവിക്കുകയും, മൊത്തം ചെലവിന്റെ 60 ശതമാനം മാത്രമേ കേന്ദ്രത്തിൽ നിന്ന് ലഭിക്കൂ എന്ന അവസ്ഥയും സംസ്ഥാനങ്ങളെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാക്കും.അതുവഴി പദ്ധതിയുടെ പ്രവർത്തനം തന്നെ സാരമായി ബാധിക്കപ്പെടും.
ഗാന്ധിയുടെ പേര്: യാദൃശ്ചികമല്ല, രാഷ്ട്രീയമാണ്
ഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നത് ഒരു നിഷ്പക്ഷമോ നിഷ്കളങ്കമോ ആയ തീരുമാനമല്ല; അത് ആഴത്തിലുള്ള ആശയപരമായ രാഷ്ട്രീയ നീക്കമാണ്. MGNREGS-നൊപ്പം ഗാന്ധിയുടെ പേര് ചേർന്നത്, തൊഴിലെടുക്കുന്നവരുടെ മാന്യതയും ഗൗരവവും, ഗ്രാമസ്വരാജ്യം, വികേന്ദ്രീകരണം, പാവപ്പെട്ടവരോടുള്ള ഭരണകൂടത്തിന്റെ നൈതിക ഉത്തരവാദിത്തം എന്നിവയെ ഓർമ്മിപ്പിക്കുന്നതായിരുന്നു.
ഈ രാഷ്ട്രീയ–നൈതിക പാരമ്പര്യമാണ് RSS–സംഘപരിവാറിനെ എക്കാലവും അസ്വസ്ഥമാക്കിയിരുന്നത്. ഗാന്ധിയുടെ ബഹുസ്വരത, മതേതരത്വം, ജാതിവ്യവസ്ഥയ്‌ക്കെതിരായ നിലപാട്, ഭൂരിപക്ഷ ദേശീയതയ്‌ക്കെതിരായ വിമർശനം — ഇവയൊക്കെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിത്തറകളെ ചോദ്യം ചെയ്തിരുന്നു. ഗാന്ധി വധത്തിന്റെ ചരിത്ര പശ്ചാത്തലം പോലും ഈ വൈരുദ്ധ്യം തുറന്നു കാണിക്കുന്നതാണ്.
ഇന്ന് ഗാന്ധിയെ ഒരു സാംസ്കാരിക പ്രതീകമായി ഭാഗീകമായി എങ്കിലും തിരഞ്ഞെടുത്ത് ഉപയോഗിക്കാൻ RSS ശ്രമിക്കുന്നുണ്ടെങ്കിലും, ഗാന്ധിയെ ഒരു രാഷ്ട്രീയ–നൈതിക ശക്തിയായി അംഗീകരിക്കാൻ അവർ ഇന്നും തയ്യാറല്ല. തൊഴിലിന്റെ ഗൗരവം, അധികാരത്തിന്റെ നൈതിക പരിധി, വികേന്ദ്രീകൃത ഭരണരീതി, ഫെഡറലിസം — ഇവയെല്ലാം ഹിന്ദുത്വത്തിന്റെ കേന്ദ്രഭരണ–സാംസ്കാരിക ദേശീയതാ പദ്ധതിയോട് പൊരുത്തപ്പെടുന്നില്ല.
അതുകൊണ്ടാണ് ഗാന്ധിയുടെ പേര് നീക്കം ചെയ്യപ്പെടുന്നത് യാദൃശ്ചികമല്ല; മറിച്ച് ആശയപരമായി പൂർണ്ണമായും രാഷ്ട്രീയമായ ഒരു നീക്കമായി അത് പ്രത്യക്ഷപ്പെടുന്നത്.
ഭരണപരമായ മായ്ച്ചെഴുത്ത്
ഇത് ഒറ്റപ്പെട്ട നടപടിയല്ല. സാമൂഹ്യനീതി, പുനർവിതരണം, ഭരണഘടനാപര മൂല്യങ്ങൾ, ജനകീയ പ്രസ്ഥാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും നിയമങ്ങളും പുനർനാമകരണം ചെയ്യുകയും പുനർരൂപപ്പെടുത്തുകയും ചെയ്യുന്ന വ്യാപക രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ് ഇത്.
ഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നതിനോടൊപ്പം നിയമപരമായ ഉറപ്പുകൾ ദുർബലപ്പെടുത്തുന്നതിലൂടെ ഭരണകൂടം രണ്ടും ഒരുമിച്ച് ചെയ്യുന്നു:
സാമൂഹ്യനീതിയുടെ നൈതിക പാരമ്പര്യത്തിൽ നിന്ന് അകലം പാലിക്കുന്നു.
തൊഴിലാളി അവകാശങ്ങളുടെ ശക്തമായ ഒരു ഉപാധിയെ ഘടനാപരമായി ദുർബലപ്പെടുത്തുന്നു.
ഇത് നേരിട്ടുള്ള ഏറ്റുമുട്ടലിലൂടെയല്ല, മറിച്ച് ഭരണപരമായ സാധാരണവൽക്കരണത്തിലൂടെയുള്ള മായ്ച്ചെഴുത്താണ്.
ഇന്ത്യൻ ഗ്രാമങ്ങൾ ഇന്ന് നേരിടുന്നത് കുറഞ്ഞ വേതനം, വേതന താമസം, കാലാവസ്ഥാ പ്രതിസന്ധി, കൃഷിനഷ്ടം, തൊഴിലില്ലായ്മ എന്നിവയാണ്. ഇവയിലൊന്നിനും ഒരു പേരുമാറ്റം പരിഹാരമല്ല. എന്നാൽ പൊതുസംവാദം കൃത്യമായി വഴിതിരിച്ചുവിടപ്പെടുകയാണ്.
MGNREGS-ന്റെ പേരുമാറ്റവും ഘടനാമാറ്റവും ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയത്തിൽ സംഭവിക്കുന്ന ഒരു വലിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. തൊഴിലുറപ്പ് ഒരു അവകാശമായി ഉറപ്പാക്കാൻ മടിക്കുന്ന ഒരു ഭരണകൂടത്തെയും, അവകാശങ്ങൾക്ക് പകരം വിവേചനാധിഷ്ഠിത പദ്ധതികളെ മുൻനിർത്തുന്ന ഒരു രാഷ്ട്രീയത്തെയും ഇതിലൂടെ കാണാം.
ഒരു നിയമത്തിന്റെ പേര് മാറ്റാം. ഒരു അവകാശം ഒരിക്കൽ നഷ്ടപ്പെട്ടാൽ, അത് തിരിച്ചുപിടിക്കാൻ തലമുറകൾ വേണ്ടിവരും.
മാന്യമായ തൊഴിൽ അവകാശമാണ് — ദാനമല്ല.





