വഴിതെറ്റുന്ന യതിധര്‍മ്മവും ആത്മീയതയും

കാപട്യത്തെ മറച്ചുവയ്ക്കാനുള്ള ഒരു മൂടുപടമാക്കി സന്യാസത്തെയും കാഷായവസ്ത്രത്തെയും (വെള്ള/കറുപ്പ് വസ്ത്രത്തെയും) ദുരുപയോഗപ്പെടുത്താന്‍ ഒരു കൂട്ടമാളുകള്‍ ഇന്നു തുനിഞ്ഞു ഇറങ്ങിയിരിക്കുകയാണ് . ഇവർക്കു വേണ്ടുന്ന ഒത്താശ ചെയ്തുകൊടുക്കുന്നു ഇന്നത്തെ സംശുദ്ധി ഇല്ലാത്ത രാഷ്ട്രീയക്കാർ .
ഈ രാഷ്ട്രീയക്കാരുടെ പലരുടെയും സാമ്പത്തിക ബിനാമികൾ ആയും ഈ കപട സന്യാസിമാർ പ്രവർത്തിക്കുന്നുണ്ട് .

കാഷായവസ്ത്രം ആത്മജ്ഞാനത്തിന്റെ പ്രതീകമാണ്.

മനുഷ്യൻ അനുഷ്ടിക്കേണ്ട ജീവിതഘട്ടങ്ങളെ നാലായി തിരിക്കാം :

1.ബ്രഹ്മചര്യം – ജീവിതത്തെ ആദ്യവർഷങ്ങൾ . ലഘുജീവിതം നയിച്ച് വിദ്യാഭ്യാസം നടത്തുക .

2.ഗൃഹസ്ഥാശ്രമം – വിവാഹിതനായി കുടുംബജീവിതം നയിക്കുക

3.വാനപ്രസ്ഥം – ഗൃഹസ്ഥാശ്രമം നിർവിഘ്നം അനുഷ്ടിച്ചതിനു ശേഷം മനസ്സും ബുദ്ധിയും ബാഹ്യവൃത്തികളിൽ നിന്ന് പിൻവലിച്ചു ഏകാഗ്രമായിത്തീരുവാൻ മനസ്സിനെ പാകപ്പെടുത്തുക.തനിച്ചോ പത്നീസമേതനായോ വാനപ്രസ്ഥത്തിനു പുറപ്പെടാം.

4.സന്യാസം – സർവവും ഉപേക്ഷിച്ച് സന്യാസിയായിമാറുക.
ദാരൈഷണ (ഭാര്യയുടെ നേർക്കുള്ള ആസക്തി), പുത്രൈഷണ(കുടുംബ ബന്ധങ്ങളോടുള്ള അടുപ്പം), അർഥൈഷണ (പണം അല്ലെങ്കിൽ സ്വത്തിനോടുള്ള ആസക്തി) എന്നിവയില്‍നിന്ന് വേറിട്ട് നില്‌ക്കേണ്ടതാണ്. അങ്ങനെയുള്ള ഒരുവനുമാത്രമേ സന്യാസിക്കാനധികാരമുള്ളു.

ഇതാണ് ഒരു സന്യാസിയുടെ യഥാര്‍ത്ഥലക്ഷണം.

ആത്മപിണ്ഡം വയ്ക്കുക എന്നത് സന്യാസത്തിനുള്ള ചടങ്ങുകളില്‍ ഒന്നാണ് . അതിന്റെ അര്‍ത്ഥം ജഡമായ ഈ ശരീരത്തില്‍ ഞാന്‍ എന്നുള്ള അഭിമാനത്തെ ഉപേക്ഷിക്കുന്നു എന്നാണ്. സച്ചിദാനന്ദസ്വരൂപമായ ആത്മാവാണു താനെന്നറിഞ്ഞ് ആദ്ധ്യാത്മിക ജീവിതത്തിലേക്ക് കടക്കുന്ന ഒരാളാണ് സന്യാസി . അങ്ങനെ കടക്കുന്ന ഒരാൾ പൂര്‍വ്വാശ്രമബന്ധങ്ങളൊന്നും തന്നെ തുടർന്നുകൊണ്ട് പോകാൻ പാടില്ല.

കര്‍മ്മത്യാഗം സന്യാസം,സന്യാസി എപ്പോഴും ആത്മവിചാരത്തോടുകൂടി വര്‍ത്തിക്കേണ്ടതാണ്.
ഞാന്‍ ആത്മാവാണെന്നുള്ള ബുദ്ധി ഉണ്ടായിരിക്കണം.ആത്മാവല്ലാതെയുള്ള ദൃശ്യവസ്തുക്കളില്‍ യാതൊരുവിധത്തിൽ ഉള്ള താല്പര്യവും ഉണ്ടാകാൻ പാടില്ല .

യതിധര്‍മ്മം / സന്യാസിലക്ഷണം പറയുന്നത്:
ആസനം, പാത്രലോപം, സഞ്ചയം, ശിഷ്യസംഗ്രഹം, ദിവാസ്വാപം, വൃഥാലാപം ഇങ്ങനെ ആറു കാര്യങ്ങള്‍ സന്യാസിയെ ബദ്ധനാക്കിത്തീർക്കുന്നവയാണ് അതുകൊണ്ടു ഇവയിൽ നിന്നു ഒഴിഞ്ഞു നിൽക്കാൻ ശ്രദ്ധിക്കണം .
ഇനി ഇതൊക്കെ എന്തെന്ന് ഒന്നു മനസ്സിലാക്കാം .

1.ആസനം : ഏതെങ്കിലും ഒരു സ്ഥലത്തോ ഒരു സ്ഥാനത്തോ ഇരുന്നെങ്കിൽ മാത്രമേ തനിക്കു സുഖമുള്ളൂ എന്ന വിചാരം.

2.പാത്രലോപം: ജലപാത്രം,ഭസ്മസഞ്ചി, ജപമാല മുതലായവ എപ്പോഴും കൈവശമുണ്ടായിരിക്കണം; ഇതു ഇല്ലാതെ വരാനോ,ഇതു തിരഞ്ഞു നടക്കാനോ ഇടയാകരുത്.

3.സഞ്ചയം : അത്യാവശ്യ സാധനങ്ങൾ കൈയിലിരിക്കെ ഭാവിയിലേക്കു വേണ്ടി ആവക സ്വന്തതാല്പര്യങ്ങള്‍ക്കുവേണ്ടി സാധനങ്ങൾ വാങ്ങിച്ചു ശേഖരിക്കരുത് .

4.ശിഷ്യസംഗ്രഹം : ഖ്യാതിക്കും പൂജയ്ക്കും ശുശ്രൂഷാദികള്‍ക്കും വേണ്ടി മാത്രം ശിഷ്യന്മാരെ  സമ്പാദിക്കുന്നതിനാണ് ഇങ്ങനെ പറയുന്നതു .ആദ്യം ഒരു ഗുരു ആകാന്‍ അര്‍ഹതയുണ്ടോ എന്നാണു നോക്കേണ്ടത്.ഗുരു തത്വനിഷ്ഠനായിരിക്കണം. ഉത്തമാധികാരികളായ ശിഷ്യന്മാര്‍ക്കുമാത്രമേ ഉപദേശം നല്കാവൂ.

5.ദിവാസ്വാപം: പകലുറക്കം, അതുപോലെ തന്നെ വിദ്യ വേണ്ടവിധം യഥാകാലം അഭ്യസിക്കാതിരിക്കുന്നതും.

6.വൃഥാലാപം: വെറുതെ വാഗിന്ദ്രിയത്തെ വ്യാപരിപ്പിക്കുന്നത്.സന്യാസിയുടെ പരമലക്ഷ്യം ജീവന്മുക്തിയാണ്. അതിനനുകൂലങ്ങളായ വിഷയങ്ങളെക്കുറിച്ചുവേണം അവന്‍ സംസാരിക്കുവാന്‍. അതു വിസ്മരിച്ചിട്ട് കാണുന്നവരെ സ്തുതിച്ചും അനുഗ്രഹിച്ചും നിന്ദിച്ചും മറ്റുമുള്ള സംഭാഷണങ്ങളിൽ നിന്നു മാറി നിൽക്കണം .

ഈ കാര്യങ്ങൾ ഇന്നത്തെ എത്ര സന്ന്യാസിമാർ അവരുടെ ജീവിതത്തിൽ പാലിച്ചു പോകുന്നുണ്ട് ??
ആത്മസാക്ഷാത്കാരം നേടി ലോക നന്മയ്ക്കു വേണ്ടി ജീവിക്കുന്നതിനാണു സന്യാസദീക്ഷ സ്വീകരിച്ചിരിക്കുന്നത് എന്നുള്ള വസ്തുത തന്റെ സന്യാസ ജീവിതത്തിൽ ഒരിക്കൽ പോലും പ്രവർത്തികമാക്കാത്ത ഇന്നത്തെ കപട സന്ന്യാസിമാർ അല്ലെങ്കിൽ ആൾദൈവങ്ങൾ ഇത്തരത്തിൽ ജീവിക്കുന്ന സന്യാസിവര്യന്മാർക്കു ഒരു അപവാദമാണ് .

ആൾ ദൈവങ്ങൾ അഴികൾക്കുള്ളിൽ ആക്കുമ്പോൾ എങ്കിലും തങ്ങളെ ഇതുവരെ ഇവർ വിഡ്‌ഢികൾ ആക്കുകയായിരുന്നു എന്ന തിരിച്ചറിവ് ഇവരുടെ അനുയായികൾക്ക് ഉണ്ടാകണം .

നിരവധി ലൈംഗീക ചൂഷണങ്ങൾ ആണു ഇതുപോലുള്ളവരുടെ കപട ആശ്രമ കോമ്പ്ലെക്സുകളിൽ നടക്കുന്നത് . പലതും വെളിച്ചത്തു വന്നിട്ടും പിന്നീട് അതൊക്കെ ഇരുട്ടിലേക്ക് മറയുന്നതാണ് അനുഭവം .
പലവാർത്തകളും ജീവനിൽ ഭയം ഉള്ളതുകൊണ്ട് പുറത്തുപറയാതെ ചിലർ അനുഭവിച്ചു തീരുന്നു .
അത്രയ്ക്ക് ഭീകരം ആണു ഇവർ അവരുടെ ഉന്നതരും ആയുള്ള പിടിപാടും .

പുരോഹിതൻെ കുപ്പായം ഇട്ട് പൗരോഹിത്യത്തിന് നിരക്കാത്ത ക്രൂരതകൾ ചെയ്ത പലരും , അതുപോലെ തന്നെ കപട സന്യാസിമാരും , ആൾദൈവങ്ങളും ഒക്കെ ഇന്നും വിശ്വാസം അറ്റുപോയിട്ടില്ലാത്ത ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ഇടപെടൽ കൊണ്ടു ഇവരുടെ ഒക്കെ  ക്രൂരതകൾ ജനത്തിനു മുന്നിൽ വെളിച്ചം കണ്ടു, അത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും കഴിയുന്നുണ്ട് .ഇത്തരം സംഭവങ്ങൾ നിയമത്തിന് മുന്നിൽ വരുന്നത് വളരെ ചുരുക്കം മാത്രമാണെന്നതാണ് സത്യം . ഇരയ്ക്ക് അവരുടെ ജീവനിൽ ഉള്ള ഭയം, പുറത്തു അറിഞ്ഞാൽ ഉണ്ടാകുന്ന അപമാന ഭയം , അതുപോലെ ഈ പ്രതികൾക്ക് സമൂഹത്തിൽ ഉന്നത തലത്തിൽ ഉള്ള സ്വാതീനം ഒക്കെയാണ് ഇത്തരം കുറ്റകൃത്യത്തിൽ പ്രതിസ്ഥാനത്തുള്ളവർ ഇന്നും സമൂഹത്തിൽ മാന്യന്മാരായി നടക്കാൻ കഴിയുന്നത് . ഈ അവസ്ഥക്ക് മാറ്റം വരേണ്ടതുണ്ട്

ആശ്രമങ്ങളിൽ കപട സന്യാസിമാരുടെ കാമകേളികളും കഞ്ചാവടിയും മരുന്നടിയും ആണു അന്ധവിശ്വാസത്തിനു ബലമേകുന്ന കാര്യങ്ങൾ .
നിരവധി തിരോധാന വാർത്തകൾ ഇന്നും എങ്ങുമാകാതെ പൊടി മൂടി കിടക്കുന്നു .ആശ്രമങ്ങളിൽ ഈ കപട സന്യാസിമാരുടെ ഇരിപ്പിടങ്ങൾ കണ്ടാൽ തന്നെ അറിയാം ആധ്യാത്മികതയിൽ ഉള്ള ഇവരുടെ  ജ്ഞാനം. എളിമയുള്ളവൻ ആകണം ഒരു സന്യാസി  അവർക്കെന്തിന് സ്വർണ്ണ സിംഹാസനം ??സമൂഹത്തിന്റെ നന്മ കാംഷിച്ചു പ്രവർത്തിക്കുന്ന ആശ്രമങ്ങൾക്കും സന്യാസിവര്യന്മാർക്കും ഒരു അപവാദമാണ് ഇത്തരത്തിൽ ആത്മീയതയെ വില്പനച്ചരക്കാക്കി മാറ്റി അതിൽ കോടികൾ സമ്പാദിക്കുന്ന ക്രിമിനൽ സ്വഭാവമുള്ള വ്യാജന്മാർ.

മനുഷ്യന്റെ സന്താപങ്ങളെ ആണു ഈ കപട സന്യാസിമാരും പുരോഹിതന്മാരും അവരുടെ പാദസേവകരും ചൂഷണം ചെയ്യുന്നത് . ഇവിടെ ആണു നൂറു വർഷങ്ങൾക്കു മുൻപു മാർക്‌സും എംഗല്‍സ്സും മതത്തെ കുറിച്ചു പറഞ്ഞ ചിന്തയുടെ പ്രസക്തി.
ആ ഖണ്ഡിക ഇങ്ങനെയാണ്: “മതപരമായ സന്താപം എന്നത് അതേസമയംതന്നെ യഥാര്‍ഥ സന്താപത്തിന്റെ ഒരു ബഹിര്‍സ്ഫുരണവും യഥാര്‍ഥ സന്താപത്തിനെതിരായ പ്രതിഷേധവുംകൂടിയാണ്. മതം മര്‍ദിതജീവിയുടെ നിശ്വാസമാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്. അതുപോലെതന്നെ ഉന്മേഷരഹിതമായ സാഹചര്യങ്ങളിലെ ലഹരിയുമാണത്. ജനങ്ങളെ മയക്കുന്ന കറുപ്പുമാണത്.”

ഇത്തരത്തില്‍ മനുഷ്യന്റെ ദുഃഖത്തിന്റെ പ്രതിഫലനമായും ദുഃഖത്തിനോടുള്ള പ്രതിഷേധമായും ആണു അശരണർ മതത്തെയും അതിന്റെ വകഭേദങ്ങൾ ആയ പല ആൾദൈവങ്ങളെയും കാണുന്നതു .
എന്നാൽ പ്രയോഗത്തിൽ പല ആൾദൈവങ്ങളുടെയും ചൂഷണത്തിന് ആണിവർ ഇരയാകുന്നത്.
മതത്തെസംബന്ധിച്ച മാര്‍ക്സിസ്റ് സമീപനം സുവ്യക്തവും ശാസ്ത്രീയതയില്‍ അടിയുറച്ചതുമാണ്.

ആൾദൈവങ്ങൾ ഓരോ സമൂഹത്തിന്റേയും ശാപമാണ്. മനുഷ്യന്റെ വിശ്വാസങ്ങളെ തന്ത്രപൂർവ്വം മുതലെടുത്ത് കൊള്ളയും കൊലയും പീഡനവും നടത്താനുള്ള ഏറ്റവും നല്ല ഉപാധിയാണിന്ന് ആൾദൈവ വ്യവസായവും അതിനോട് അനുബന്ധിച്ചുള്ള അധോലോകവും.

കോടതിമുറിയിൽ മോചനത്തിനായി കേണപേക്ഷിക്കുന്ന ആൾദൈവങ്ങൾ എന്തു സങ്കട നിവാരണം ആണു നടത്താൻ കഴിയുക ?? വെറും മനുഷ്യൻ ആണിവർ , അതീന്ത്രജ്ഞ്ജാനികൾ ഒന്നും അല്ല . മായാജാലം കാട്ടി മറ്റുള്ളവരെ പറ്റിച്ചു ജിവിക്കുന്ന സമൂഹത്തിലെ അർബുദ്ധം ആണിവർ .

നല്ല വിശ്വാസികളോ യുക്തിവാദികളോ ആയിക്കൊളൂ മറിച്ചു വ്യക്തികേന്ദ്രീകൃതമായ ഒരു ആരാധനയോ ആൾദൈവ ആരാധനയോ സമൂഹത്തിനു ആപത്താണ് .

രാജാറാം മോഹന്‍ റായിയും,ദയാനന്ദ സരസ്വതിയും, സ്വാമി വിവേകാനന്ദനും, ശ്രീനാരയണഗുരുവും,  സനാഹുള്ള മക്തി തങ്ങളും , വക്കം മുഹമ്മത് അബ്ദുൽ ഖാദർ മൗലവിയും ,പോയ്കയിൽ യോഹന്നാനും,അയ്യങ്കാളി തുടങ്ങി അനേകം മഹാരഥന്മാരായ നവോത്ഥാന നായകർ ഉണർത്തിയ നവോത്ഥാന മുന്നേറ്റത്തിൽ നിന്ന് അന്ധവിശ്വാസങ്ങളുടെ പടുകുഴിയിലേക്ക് മസ്തിഷ്ക്കം പണയം വെച്ച് ഈയാംപാറ്റകളെ പൊലെ ഇനിയും ഈ ആൾദൈവങ്ങളുടെ മായാജാലത്തിൽ വീണുപോകരുത് .

Leave a Reply

Your email address will not be published. Required fields are marked *