ക്യാപ്പിറ്റലിസത്തിന്റെ കുടുംബത്തിൽ നിന്നാണ് ഇന്ന് നമ്മളിൽ ഭൂരിപക്ഷം പേരും അനുഭവിക്കുന്ന “8 മണിക്കൂർ ജോലി, 8 മണിക്കൂർ വിശ്രമം, 8 മണിക്കൂർ ജീവിതം” എന്ന മുദ്രാവാക്യത്തെ ചരിത്രത്തിലുറപ്പിച്ചു കിട്ടിയ അവകാശമായി മാറിയ ഐതിഹാസികമായ സമരം നടന്നത്. 1886 മെയ് ഒന്നിന് അമേരിക്കയിലെ ചിക്കാഗോയിൽ എട്ട് മണിക്കൂർ ജോലി ആവശ്യപ്പെട്ട് തൊഴിലാളികൾ വലിയൊരു സമരം ആരംഭിച്ചു. മെയ് 4-ന് ഹേമാർക്കറ്റ് സ്ക്വയറിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ നിരവധി തൊഴിലാളികൾ കൊല്ലപ്പെടുകയും നേതാക്കളെ തൂക്കിലേറ്റുകയും ചെയ്തു. 1889-ൽ നടന്ന സോഷ്യലിസ്റ്റ് അന്താരാഷ്ട്ര സമ്മേളനത്തിലാണ് (Second International) ഈ രക്തസാക്ഷികളുടെ ഓർമ്മയ്ക്കായി തൊഴിലാളികളുടെ അവകാശങ്ങൾക്കായി മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി പ്രഖ്യാപിച്ചത്.

ഇന്ന് ഇന്ത്യയിൽ തൊഴിലാളികൾ ദേശീയ പണിമുടക്ക് നടത്തുമ്പോൾ ചില വലതുപക്ഷ മാധ്യമങ്ങൾ വീണ്ടും പഴയ പാട്ട് പാടുന്നു; “കേരളത്തിൽ ഇടതുപക്ഷം ശക്തം, അതുകൊണ്ടാണ് കേരളത്തിൽ സമരം ബന്ദ് ആയി മാറുന്നത്, അതുകൊണ്ട് തന്നെ ഇന്ത്യയിൽ മറ്റൊരിടത്തും സമരം വിജയിക്കില്ല”. ഇതും എയർ ചെയ്ത് ആ മാധ്യമപ്രവർത്തകൻ 8 മണിക്കൂർ ജോലിയും കഴിഞ്ഞു പഞ്ച് ഔട്ട് ചെയ്ത് വീട്ടിൽ പോയി സുഖമായി ഭക്ഷണം കഴിച്ചു ഉറങ്ങും!

ഇത് ചരിത്രമറിയാത്തതുകൊണ്ടോ അല്ലങ്കിൽ അറിഞ്ഞിട്ടും വളച്ചൊടിക്കുന്നതുമായ ഒരു നറേറ്റീവ് ആണ്.

കാരണം, സമരം കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരു പ്രതിഭാസമല്ല ഒരു രോഗവുമല്ല; മൂലധനാധിപത്യവും ചൂഷണവും ഉള്ള എല്ലാ സമൂഹങ്ങളിലും തൊഴിലാളി ജനാധിപത്യത്തിന്റെ അടിസ്ഥാന ഭാഷയാണ് സമരം.

ഇന്ന് നമ്മൾ അനുഭവിക്കുന്ന തൊഴിലവകാശങ്ങൾ “മുതലാളിയുടെ ഔദാര്യത്തിൽ നിന്നോ അല്ലങ്കിൽ അവരുടെ സമ്മാനമായോ, അല്ലങ്കിൽ ഒരു മേശക്കിരുവരം ഇരുന്ന് ചർച്ച ചെയ്തതിന്റെ ഫലമായി കിട്ടിയതാണോ? അല്ല അത് നിരവധി തൊഴിലാളി-കർഷക സമരങ്ങളുടെ രക്തം വീണ പോരാട്ടങ്ങൾ  വഴിയാണ്.

  • 1886-ലെ അമേരിക്കൻ തൊഴിലാളി പ്രക്ഷോഭങ്ങൾ ആണ് “8 മണിക്കൂർ ജോലി, 8 മണിക്കൂർ വിശ്രമം, 8 മണിക്കൂർ ജീവിതം” എന്ന മുദ്രാവാക്യത്തെ ചരിത്രത്തിലുറപ്പിച്ചത്. Read more: മെയ്ദിനം – kannansdas
  • 1912-ലെ ലോറൻസ് ടെക്സ്റ്റൈൽ സമരം (Bread and Roses strike) തൊഴിലാളി ഐക്യത്തിന്റെ ഒരു വലിയ ഉദാഹരണമാണ്. സ്വദേശ -കുടിയേറ്റ തൊഴിലാളികൾ, സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ ചേർന്ന് നടത്തിയ ഈ സമരമാണ് വേതനവർധനവ്  ഉൾപ്പെടെ  ജോലിസമയം,ഓവർടൈം ഇവയുടെ നീതിയും ഉറപ്പ് വരുത്തി തൊഴിലാളിയുടെ മാന്യത കൂടി ഉയർത്തിയ രാഷ്ട്രീയ തീരുമാനം ആയി മാറിയ സമരം ഒരു മനുഷ്യാവകാശ പ്രഖ്യാപനമായി മാറി. ഇന്ന് ഇന്ത്യയിൽ നടക്കുന്ന ദേശീയ പണിമുടക്കും അതേ ചോദ്യം തന്നെ ഉന്നയിക്കുന്നു: വേതനം മാത്രം മതിയോ? മാന്യമായ ജീവിതം വേണ്ടേ?
  • 1936–37-ൽ അമേരിക്കയിലെ GM ഫാക്ടറികളിൽ നടന്ന Flint sit-down strike: അമേരിക്കൻ തൊഴിലാളി പ്രസ്ഥാന ചരിത്രത്തിലെ ഐതിഹാസികമായ പോരാട്ടമായിരുന്നു ഇത്. ലോകത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ ജനറൽ മോട്ടോഴ്‌സിനെ (GM) വെല്ലുവിളിച്ച് 44 ദിവസം നീണ്ടുനിന്ന ഈ സമരത്തിലൂടെ, ഫാക്ടറിക്കുള്ളിൽ ഇരുന്നുള്ള വേറിട്ട സമരരീതിയാണ് തൊഴിലാളികൾ സ്വീകരിച്ചത്. ഈ സമരത്തിന്റെ ഫലമായി കമ്പനി UAW (യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ്) യൂണിയനെ ഔദ്യോഗികമായി അംഗീകരിക്കാൻ നിർബന്ധിതരായി. മികച്ച ശമ്പളവും മാന്യമായ തൊഴിൽ സാഹചര്യങ്ങളും നേടിയെടുത്ത ഈ വിജയം അമേരിക്കയിലെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് യൂണിയനുകളിൽ അണിചേരാൻ വലിയ പ്രചോദനമായി മാറി.തൊഴിലാളി പ്രക്ഷോഭം എങ്ങനെ മുഴുവൻ വ്യവസായ ബന്ധങ്ങളെ പുനർലിഖനം ചെയ്യാമെന്ന് ഇതു തെളിയിച്ചു. ഫെബ്രുവരി 11 ഇപ്പോഴും യുഎഡബ്ല്യു അംഗങ്ങൾ ‘വൈറ്റ് ഷർട്ട് ഡേ’ (White Shirt Day) ആയി ആചരിക്കുന്നു. ബ്ലൂ കോളർ തൊഴിലാളികൾക്കും മാനേജ്‌മെന്റിന് തുല്യമായ ബഹുമാനം ലഭിക്കണം എന്നതിന്റെ പ്രതീകമാണിത്.
  • പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് – ഈ ഡയലോഗ് പരിഹാസമായി പറഞ്ഞു നടക്കുന്നവർക്ക് ഇതിന്റെ ചരിത്രം അറിയുമോ എന്നറിയില്ല. പോളണ്ടിലെ ഗ്ദാൻസ്‌ക് ഷിപ്‌യാർഡ് സമരം തൊഴിലാളി വർഗ്ഗത്തിന്റെ സംഘടിത ശക്തി രാഷ്ട്രീയ മാറ്റത്തിന് എങ്ങനെ വഴിതെളിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്. 1980-ൽ ലേ വലേസയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ പ്രക്ഷോഭം കേവലം ശമ്പള വർദ്ധനവിനോ ആനുകൂല്യങ്ങൾക്കോ വേണ്ടിയുള്ളതായിരുന്നില്ല, മറിച്ച് അവിടുത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന് എതിരെ കൂടി ആയിരുന്നു. ഈ സമരത്തിലൂടെ രൂപപ്പെട്ട ‘സോളിഡാരിറ്റി’ (Solidarność) എന്ന സ്വതന്ത്ര ട്രേഡ് യൂണിയൻ, കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ബ്ലോക്കിന്റെ തകർച്ചയ്ക്കും വരെ കാരണമായി എന്നത് ചരിത്രം.  തൊഴിലാളി സംഘടനകൾക്ക് ഒരു രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയെത്തന്നെ മാറ്റിമറിക്കാൻ കഴിയുമെന്ന് ഈ സമരം ലോകത്തിന് കാട്ടിക്കൊടുത്തു. എന്നാൽ ചേർത്തുവായിക്കേണ്ട ചില വസ്തുത പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പതനത്തിൽ അമേരിക്കൻ ഇടപെടൽ നിർണ്ണായകമായിരുന്നു എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. ശീതയുദ്ധകാലത്ത് സോവിയറ്റ് സ്വാധീനം തകർക്കുക എന്ന സാമ്രാജ്യത്വ താൽപ്പര്യത്തോടെ, സി.ഐ.എ (CIA) വഴി ദശലക്ഷക്കണക്കിന് ഡോളറാണ് അമേരിക്ക സോളിഡാരിറ്റി പ്രസ്ഥാനത്തിലേക്ക് ഒഴുക്കിയത്. തൊഴിലാളി വർഗ്ഗത്തിന്റെ ന്യായമായ ആവശ്യങ്ങളെയും ജനാധിപത്യ മോഹങ്ങളെയും മുൻനിർത്തിക്കൊണ്ട് തന്നെ, റൊണാൾഡ് റീഗൻ ഭരണകൂടവും വത്തിക്കാനും ചേർന്ന് നടത്തിയ ഈ നീക്കം കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് ബ്ലോക്കിനെ അസ്ഥിരപ്പെടുത്താനുള്ള വ്യക്തമായ രാഷ്ട്രീയ അജണ്ടയായിരുന്നു. സാമ്പത്തിക ഉപരോധങ്ങളിലൂടെ പോളണ്ടിനെ ശ്വാസം മുട്ടിച്ചും രഹസ്യമായി വാർത്താവിനിമയ ഉപകരണങ്ങൾ എത്തിച്ചു നൽകിയും അമേരിക്ക നടത്തിയ ഈ ഇടപെടലുകൾ, ഒരു തൊഴിലാളി സമരത്തെ ആഗോള രാഷ്ട്രീയ മാറ്റത്തിനുള്ള ആയുധമാക്കി മാറ്റുകയായിരുന്നു.
  • 2011-ൽ അരങ്ങേറിയ ‘ഒക്യുപൈ വാൾസ്ട്രീറ്റ്’ (Occupy Wall Street) സമരം, ആധുനിക കാലഘട്ടത്തിലെ മൂലധന-ജനജീവിത സംഘർഷങ്ങളുടെ ഏറ്റവും ശക്തമായ പ്രകടനമായിരുന്നു. “ഞങ്ങളാണ് 99%” (We are the 99%) എന്ന മുദ്രാവാക്യത്തിലൂടെ, ലോകസമ്പത്തിന്റെ ഭൂരിഭാഗവും കൈപ്പിടിയിലൊതുക്കുന്ന ഒരു ശതമാനം വരുന്ന അതിസമ്പന്നർക്കെതിരെ സാധാരണക്കാരായ ജനങ്ങൾ ഒന്നിച്ച സമരം. ഇതൊരു പരമ്പരാഗത ട്രേഡ് യൂണിയൻ പണിമുടക്കായിരുന്നില്ല; മറിച്ച്, കോർപ്പറേറ്റ് ആധിപത്യത്തിനും നിയന്ത്രണമില്ലാത്ത മുതലാളിത്തത്തിനുമെതിരെയുള്ള പൊതുസമൂഹത്തിന്റെ രാഷ്ട്രീയ മറുപടി ആയ സമരമായിരുന്നു. വേതന പ്രശ്നങ്ങൾക്കപ്പുറം, സാമ്പത്തിക അസമത്വത്തെയും ജനാധിപത്യ പ്രക്രിയയിൽ വൻകിട കമ്പനികൾ ചെലുത്തുന്ന അനാവശ്യ സ്വാധീനത്തെയും ഈ പ്രക്ഷോഭം ലോകചർച്ചയാക്കി. സമരങ്ങൾ കേവലം ഫാക്ടറി പടിക്കലിൽ അവസാനിക്കുന്ന ഒന്നല്ലെന്നും, അത് സാമ്പത്തിക അനീതിക്കെതിരായ ജനകീയ ജാഗ്രതയാണെന്നും ഈ സമരപ്രക്ഷോപം തെളിയിച്ചു. ഒക്യുപൈ വാൾസ്ട്രീറ്റ് സമരം ആധുനിക സോഷ്യലിസ്റ്റ് ചിന്താഗതികളെ അടിമുടി പുനർനിർമ്മിച്ചു. വർഗ്ഗസമരത്തെക്കുറിച്ചുള്ള പഴയ സങ്കൽപ്പങ്ങളെ മാറ്റിമറിച്ചുകൊണ്ട്, സമ്പന്നരായ 1 ശതമാനവും ബാക്കിയുള്ള 99 ശതമാനവും തമ്മിലുള്ള വലിയ വിടവ് ഇത് ലോകത്തിന് മുന്നിൽ തുറന്നുകാട്ടി. ഇത് കേവലം തൊഴിലാളികളുടെ പ്രശ്നമായിട്ടല്ല, മറിച്ച് വിദ്യാഭ്യാസ വായ്പകൾ, ആരോഗ്യപരിരക്ഷ, ഭവനരഹിതർ നേരിടുന്ന പ്രതിസന്ധി തുടങ്ങിയ മാനുഷിക പ്രശ്നങ്ങളെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവന്നു.കോർപ്പറേറ്റ് നിയന്ത്രണമില്ലാത്ത സോഷ്യൽ ഡെമോക്രസിയെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്കും ജനാധിപത്യത്തെ കോർപ്പറേറ്റ് ആധിപത്യത്തിൽ നിന്ന് തിരികെ പിടിക്കണമെന്ന ആവശ്യം ശക്തമാക്കാനും ഈ സമരം വലിയ പ്രചോദനമായി മാറി.
  • 2025 സെപ്റ്റംബർ 18-ന് ഫ്രാൻസിലുടനീളം നടന്ന വലിയ പ്രതിഷേധങ്ങൾ പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണുവുന്റെ (Sébastien Lecornu) ബജറ്റ് പരിഷ്കാരങ്ങൾക്കെതിരെയായിരുന്നു. രാജ്യത്തെ പൊതുക്കടം കുറയ്ക്കുന്നതിനായി നടപ്പിലാക്കാൻ ശ്രമിച്ച കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും പൊതുസേവന മേഖലകളിലെ വെട്ടിക്കുറയ്ക്കലുകളും സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുമെന്ന് ആരോപിച്ചുകൊണ്ട് അധ്യാപകർ, റെയിൽവേ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുൾപ്പെടെ ഏകദേശം എട്ട് ലക്ഷത്തോളം പേർ പണിമുടക്കിൽ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ.
  • ജർമ്മനിയിൽ 2026 ഫെബ്രുവരിയുടെ തുടക്കത്തിൽ ട്രാൻസ്‌പോർട്ട് മേഖലയിൽ വ്യാപകമായ ‘വാർണിംഗ് സമരങ്ങൾ’ (Warning strikes) അരങ്ങേറി. വെർഡി (Ver.di) എന്ന ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഈ സമരങ്ങളിൽ ഏകദേശം 1,00,000 തൊഴിലാളികൾ അണിനിരന്നു. ശമ്പള വർദ്ധനവിനേക്കാൾ ഉപരിയായി ജോലി സമയം കുറയ്ക്കുക, അവധി ദിനങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങി തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ആവശ്യങ്ങൾക്കാണ് സമരം നടന്നത്. ജർമ്മൻ രാഷ്ട്രീയത്തിൽ ട്രേഡ് യൂണിയനുകൾക്കുള്ള ശക്തമായ സ്വാധീനത്തെയാണ് ഈ തുടർച്ചയായ സമരങ്ങൾ സൂചിപ്പിക്കുന്നത്.
  • ബ്രിട്ടനിലെ റെയിൽവേ മേഖലയിലും ദേശീയ ആരോഗ്യ സേവനമായ NHS-ലും നടക്കുന്ന സമരങ്ങൾ വർഷങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധികളുടെ പ്രതിഫലമാണ്. റെസിഡന്റ് ഡോക്ടർമാർ 2025-ലും പണിമുടക്ക് തുടർന്നത് ആരോഗ്യ മേഖലയിലെ സേവനങ്ങളെ കാര്യമായി ബാധിച്ചു. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിന് ആനുപാതികമായി ശമ്പളം ലഭിക്കാത്തതും തൊഴിൽ സാഹചര്യങ്ങളിലെ പോരായ്മകളുമാണ് ഈ പ്രക്ഷോഭങ്ങൾക്ക് കാരണം. 2025-ലെ പുതിയ തൊഴിൽ നിയമങ്ങൾ (Employment Rights Act 2025) വഴി സർക്കാർ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാമ്പത്തിക ആഘാതം കുറയ്ക്കാൻ ഇനിയും കടമ്പകൾ ബാക്കിയുണ്ട്.
  • അർജന്റീന (അസ്റ്റീരിറ്റി വിരുദ്ധ സമരം – 2024-25): പ്രസിഡന്റ് ഹാവിയർ മിലെയുടെ കടുത്ത സാമ്പത്തിക പരിഷ്കാരങ്ങൾക്കെതിരെ അർജന്റീനയിൽ വൻ സമരങ്ങൾ നടന്നു. പൊതുമേഖലയിലെ കൂട്ടപ്പിരിച്ചുവിടലുകൾക്കും പെൻഷൻ വെട്ടിക്കുറയ്ക്കലുകൾക്കും എതിരെ ലക്ഷക്കണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങിയത്.
  • ദക്ഷിണ കൊറിയ (ജനാധിപത്യ സംരക്ഷണ സമരം – 2024): 2024 ഡിസംബറിൽ പ്രസിഡന്റ് യൂൻ സുക് ഇയോൾ മാർഷൽ ലോ പ്രഖ്യാപിച്ചതിനെതിരെ കൊറിയൻ തൊഴിലാളി സംഘടനകൾ ജനാധിപത്യ സംരക്ഷണ പണിമുടക്ക് നടത്തി. ഹ്യുണ്ടായ് മോട്ടോർ അടക്കമുള്ള പ്രമുഖ കമ്പനികളിലെ പതിനായിരക്കണക്കിന് തൊഴിലാളികൾ ഇതിൽ പങ്കുചേർന്നു.
  • ഓസ്‌ട്രേലിയ (CFMEU സമരം – 2024): കൺസ്ട്രക്ഷൻ യൂണിയന്റെ സ്വയംഭരണാധികാരത്തിൽ സർക്കാർ ഇടപെടുന്നതിനെതിരെ ഓസ്‌ട്രേലിയയിലെ വൻ നഗരങ്ങളിൽ ആയിരക്കണക്കിന് നിർമ്മാണ തൊഴിലാളികൾ പണിമുടക്ക് നടത്തി. തൊഴിൽ സുരക്ഷയും മാന്യമായ വേതനവും ഉറപ്പാക്കുക എന്നതും ഇവരുടെ പ്രധാന ആവശ്യമായിരുന്നു.
  • ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം എന്നത് കേവലം രാഷ്ട്രീയ സമരം മാത്രമായിരുന്നില്ല, മറിച്ച് തൊഴിലാളി-കർഷക ജനതയുടെ സന്ധിയില്ലാത്ത പോരാട്ടങ്ങളുടെ കൂടി ഫലമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക ചൂഷണത്തിനെതിരെ റെയിൽവേ, തുറമുഖങ്ങൾ, തുണിമില്ലുകൾ എന്നിവിടങ്ങളിൽ ഉയർന്നുവന്ന തൊഴിലാളി പ്രതിഷേധങ്ങൾ സ്വാതന്ത്ര്യസമരത്തിന് ശക്തമായ ഒരു സാമൂഹിക അടിത്തറ പാകി എന്നത് യാഥാർഥ്യം. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെ കേവലം ഭരണമാറ്റത്തിനുള്ള ശ്രമങ്ങളിൽ നിന്ന് മാറ്റി, സാധാരണക്കാരന്റെ അവകാശങ്ങൾക്കായുള്ള വലിയൊരു ജനകീയ മുന്നേറ്റമാക്കി മാറ്റാൻ ഈ തൊഴിലാളി സമരങ്ങൾക്ക് കഴിഞ്ഞു. ഈ ചരിത്രപരമായ പശ്ചാത്തലവും പോരാട്ടവീര്യവുമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 19(1)(c) പ്രകാരം സംഘടനകളും യൂണിയനുകളും രൂപീകരിക്കാനുള്ള അവകാശം ഒരു മൗലികാവകാശമായി ഉൾപ്പെടുത്താൻ കാരണമായത്. തൊഴിലാളി ഐക്യത്തിന്റെ ശക്തിയിലൂടെ  നേടിയെടുത്ത ഈ ജനാധിപത്യ അവകാശം ഇന്നും ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ അവകാശ സംരക്ഷണത്തിനുള്ള കരുത്തായി നിലകൊള്ളുന്നു. അതിനാൽ “സമരം = ആന്റി-നാഷണൽ” എന്ന പ്രചരണം ചരിത്രവിരുദ്ധമാണ്. സത്യത്തിൽ, സമരം ചെയ്തവരാണ് രാജ്യത്തെ ജനാധിപത്യവൽക്കരിച്ചത്.

എഴുതാനും പറയാനും ആണെങ്കിൽ ഇവിടെ മതി ആകാതെ വരും. ലോകത്ത് നടക്കുന്ന തൊഴിലാളി സമരങ്ങളുടെ വിവരങ്ങൾ ഇൻറർനെറ്റിൽ പരതിയാൽ കിട്ടും. എന്നിട്ടും തൊഴിലാളിയുടെ “ചുവന്ന” കൊടി കാണുമ്പോൾ കൊമ്പ് കുലുക്കി ഇറങ്ങുന്ന രീതി എന്തിനെന്ന് മനസ്സിലാകുന്നില്ല.

“സമരം ഉണ്ടെങ്കിൽ നമ്മൾ വികസനത്തിൽ പിന്നോക്കം പോകും” എന്നത് ഒരു മാധ്യമ-മിഥ്യയാണ്. സമരം ഉണ്ടെങ്കിൽ സമൂഹത്തിൽ സംഘർഷമുണ്ട്, ആവശ്യങ്ങൾ ഉണ്ട്, ചർച്ചക്കുള്ള സമ്മർദ്ദമുണ്ട്;  അതാണ് ജനാധിപത്യത്തിന്റെ പ്രവൃത്തിശാസ്ത്രം.

“Tourist inconvenience”നെ headline ആക്കുന്നവരോട് പറയാനുള്ളത് ഒന്ന് മാത്രം: പൊതുസേവനങ്ങൾ, വേതനം, ജോലി സുരക്ഷ, മാന്യമായ ജീവിതം ഇവ “convenience” വിഷയങ്ങൾ അല്ല; ഇത് വർഗ്ഗനീതിയുടെ രാഷ്ട്രീയമാണ്.

സമരത്തെ കുറ്റപ്പെടുത്തുന്നതിനുപകരം സമരത്തിന് കാരണമായ അസമത്വത്തെ ചോദ്യം ചെയ്യുക. കൊടുംചൂടിലും മഴയിലും ലാത്തിക്കും തോക്കിനും മുന്നിലും, ജയിലിലും പൊരുതിയവരുടെ ചോരയുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന സുഖങ്ങൾ അതിന് അവർ ഉപയോഗിച്ച മാർഗത്തിന്റെ പേരാണ് സമരം.

Long live the struggle! Workers of the world, unite! ✊