പരിസ്ഥിതി; രാഷ്ട്രീയം

പൂവിട്ടു നിൽക്കുന്ന ചെടികൾ, പച്ച വിരിച്ചു നിൽക്കുന്ന മരങ്ങൾ ഇവയൊക്കെ കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമയും സന്തോഷവുമാണ്.ഈ മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന വെയിലിലും സ്ഥലപരിമിതിക്കിടയിലും ഒരു ചെറിയ പച്ചപ്പുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്.ഒപ്പം കട്ടക്ക് എന്റെ ഷിജിനയും കബനിയും ഉണ്ട്.വളരെ ചെറിയ ബാൽക്കണിയിലും മുറിക്കുള്ളിലെ അരഭിത്തിയിലും ചെടികൾ നിറച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം സഖാവ് മാടമ്പി പരിസ്ഥിതി ദിനത്തിൽ കബനിക്കു കൊടുത്ത അഗസ്ത്യ ചീര ഉയരം വെച്ചിപ്പോഴും ഞങ്ങടെ ബാൽക്കണിയിൽ ഉണ്ട്.ഇനി പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു. എല്ലാ വർഷവും ഈ ദിവസം ഒരു മരതൈ നട്ട് വെള്ളമൊഴിച്ചു പിന്നെ കൈയ്യിലും കാലിലും പറ്റിയ ചെളി കഴുകി കഴിഞ്ഞാൽ ആ വർഷത്തെ ഉത്തരവാദിത്വം കഴിഞ്ഞു. പിന്നീട് ആ മരം സ്വയം വേരുപിടിക്കാൻ ആയാൽ അത് വളരും അല്ലാതെ നട്ടവരുടെ പരിചരണത്തിൽ വളർന്ന മരങ്ങൾ വളരെ കുറവാണ്. ഈ അവസ്ഥ മാറണം, വ്യക്തികൾ സംഘടനകൾ ഒക്കെ വർഷാവർഷം മരങ്ങൾ നടുന്നത് പ്രഹസനമാക്കാതെ അത് വളർത്തുന്നത് കൂടി ഉത്തരവാദിത്തം അയി കാണണം. അങ്ങനെ ഒരു ഓഡിറ്റിങ് നടന്നാൽ പ്രകൃതിയെ അത്യാവശ്യം തിരിച്ചുപിടിക്കാനും വരും തലമുറയ്ക്ക് കൂടി ഒരു നല്ല ആവാസവ്യവസ്ഥ ഉണ്ടാക്കാനും ആകും .ഇനി പരിസ്ഥിതി രാഷ്ട്രീയത്തെക്കുറിച്ചു.മാര്‍ക്സ് എന്ന മഹാനായ തത്വചിന്തകൻ 200 വർഷങ്ങൾക്ക് മുൻപ് തന്നെ പരിസ്ഥിതിയും അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും വ്യക്തമാക്കിയിരുന്നു. പ്രകൃതിയുടെ ഭാഗമായി മനുഷ്യനെ കാണുകയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വൈരുധ്യാത്മക ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി പ്രശ്നത്തെ വിശകലനം ചെയ്യുകയുമാണ് മാര്‍ക്സ് ചെയ്തത്. അതായത് അശാസ്ത്രീയമായ വികസനവാദവും പരിസ്ഥിതിവാദവും ഒരേപോലെ അകറ്റിനിർത്തേണ്ടതാണ്.മാര്‍ക്സ് പരിസ്ഥിതി പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നത് മുതലാളിത്തത്തിന്റെ ലാഭതാല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ടാണ്.മുതലാളിത്തത്തിന്റെ ലാഭതാല്‍പ്പര്യങ്ങൾക്കുവേണ്ടി അവരുടെ ആയുധം ചൂഷണമാണ് . അത് പ്രകൃതിയായാലും തൊഴിലാളിയായാലും രണ്ടും അവരുടെ ചൂഷണ വസ്തുക്കൾ മാത്രമാണ്. അങ്ങനെ അനിയന്ത്രിതമായ ചൂഷണത്തിലൂടെ മുതലാളിത്തം വളരുന്നു വികസനം എന്ന് നമ്മൾ വിളിക്കുന്ന പശ്ചാത്തല സൗകര്യങ്ങൾ ഉണ്ടാകുന്നു. എന്നാൽ മുതലാളിത്തത്തിന്റെ ഇത്തരം അനിയന്ത്രിത ചൂഷണത്തെ മാർക്സ് വിമർശിക്കുമ്പോൾ തന്നെ സാമൂഹ്യവികാസത്തിന് പ്രകൃതിയിലെ ഇടപെടലും അതിലൂടെയുള്ള ഉല്‍പ്പാദനവും പ്രധാനമാണെന്ന് കൂടി മാര്‍ക്സ് പറയുന്നുണ്ട്. എന്നാൽ അത് ഉല്പാദനത്തിനായി അനിയന്ത്രിതമായ ചൂഷണമാവുകയും അരുത്. മറിച്ച് മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യാത്ത വ്യവസ്ഥ പോലെ മനുഷ്യന്‍ പ്രകൃതിവിഭവങ്ങളെ കൊള്ളയടിക്കാത്ത ഒരു വ്യവസ്ഥയുമുണ്ടാകണം.പ്രകൃതിയുടെ അനിയന്ത്രിതമായ ചൂഷണത്തിലൂടെ പ്രത്യേകിച്ചും മുതലാളിത്ത കോർപ്പറേറ്റ് വ്യവസ്ഥയുടെ ചൂഷണത്തിലൂടെ ആവാസ്ഥ വ്യവസ്ഥ ഇല്ലാതാവുകയും,ജൈവവൈവിധ്യങ്ങൾ നശിച്ചുപോവുകയും, അപകടകരമായ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുകയും , ലോകത്തെ മൊത്തം കാർബൺ പ്രസാരണത്തിൻ്റെ തോത് അപകടമാം വിധം ഉയരുകയും ചെയ്യുന്നുണ്ട്.നമ്മുടെ ഇന്ത്യയിലെ നിലവിലെ അവസ്ഥയും നോക്കു കോർപറേറ്റുകൾക്ക് വേണ്ടി പ്രകൃതി ചൂഷണത്തെ മൗനമായി അനുവദിക്കുന്ന നിലപാടുകൾ സർക്കാരുകൾ നടത്തുന്നു. കോർപറേറ്റ്ബിസിനസ്സ് വളർത്താൻ സർക്കാർ കാണിക്കുന്ന / എടുക്കുന്ന തുറന്ന സമീപനവും താൽപ്പര്യവും പരിസ്ഥിതിക്കും പ്രകൃതിചൂഷണത്തിനും കാരണമാകുന്ന വസ്തുതകളെ നിയന്ത്രിക്കുന്നതിൽ ലവലേശം കാണിക്കുന്നില്ല എന്നതിന് തെളിവാണ് പരിസ്ഥിതി സംരക്ഷണ നിയമത്തിൽ ഭേദഗതികൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഭൂമിയും അതിലെ ജീവജാലങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പാരസ്പര്യമാണ് പരിസ്ഥിതിഘടനയെന്നത്. ഇങ്ങനെ ഉള്ള ആവാസവ്യവസ്ഥയുടെ പരിസ്ഥിതി സന്തുലനം ആവാസ വ്യവസ്ഥയുടെ നിലനില്‍പ്പിന് അനിവാര്യമാണ്. അനിയന്ത്രിതമായ പ്രകൃതിചൂഷണം ആവാസവ്യവസ്ഥയുടെ സന്തുലീനാവസ്ഥ നശിപ്പിക്കും അത്തരം പ്രവർത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു ചിന്താഗതിയും രാഷ്ട്രീയവും വികസന സമീപനങ്ങളും ആത്മഹത്യാപരമാണ്.നമുക്ക് പ്രകൃതിവേണം ,പ്രകൃതിയിൽ നിന്ന് ഉൽപ്പന്നങ്ങൾ വേണം, ഇതൊക്കെ ചൂഷണമില്ലാതെ സംരക്ഷിക്കണം. ലോകത്തിന്റെ ആകെ ലഭിക്കുന്ന ഓക്സിജൻ പകുതിയിലധികം സമുദ്രത്തിലെ ആല്ഗകളിൽ നിന്നും പിന്നീട് ഉള്ളത് മണ്ണിൽ വളർന്നുനിൽക്കുന്ന ചെടികളിലും മരങ്ങളിലും നിന്നുമാണെന്ന് ഓർമ്മ വേണം. അതുകൊണ്ട് തന്നെ ഈ ആവാസവ്യവസ്ഥയും പ്രകൃതിയും സംരക്ഷിച്ചുകൊണ്ട് മാത്രമേ നമുക്ക് ഈ ഭൂമിയിൽ ജീവിക്കാൻ ആകൂ. നമുക്കും നമ്മുടെ വരും തലമുറയ്ക്കും വേണ്ടി പുനരുൽപാദനപരമായ ഊർജ്ജ സ്രോതതസ്സുകൾ വികസിപ്പിച്ചെടുക്കണം, വനങ്ങളെ സംരക്ഷിക്കണം, സമുദ്രത്തെ മലിനീകരിക്കരുത്, നദികളെയും, മലകളെയും ഒക്കെ കോർപ്പറേറ്റ് ചൂഷണത്തിൽ നിന്നും സംരക്ഷിക്കണം, സർക്കാരുകൾ അനിനിയന്ത്രിതമായ പ്രകൃതിചൂഷണത്തെ പ്രോത്സാഹിപ്പിക്കാതെ നിയന്ത്രിക്കാൻ ഉള്ള പദ്ധതികൾ/നിയമങ്ങൾ കൊണ്ടുവരണം അതുവഴി ഭൂമിയെ സംരക്ഷിക്കാം.

അവലംബം/കടപ്പാട് : ദേശാഭിമാനി, സുനിൽ പി ഇളയിടം

Leave a Reply

Your email address will not be published. Required fields are marked *