ഒരു സമൂഹത്തിന്റെ ശബ്ദം അടിച്ചമർത്താൻ അധികാരങ്ങൾ ശ്രമിക്കുന്ന ഓരോ കാലഘട്ടത്തിലും, ആ ശബ്ദം വീണ്ടും ഉയർന്നു വരും; കലയുടെ,കവിതയുടെ, ജനകീയ പ്രതിരോധത്തിന്റെ ശബ്ദമായി. ഇന്ത്യയിലെ തെരുവ് നാടക പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ, ആ ശബ്ദത്തിന് ഏറ്റവും ശക്തമായ, ഏറ്റവും തീക്ഷ്ണമായ രൂപം നൽകിയ പേരാണ് സഫ്ദർ ഹാഷ്മി.

1989 ജനുവരി 1ന് സിഐടിയു നയിച്ച തൊഴിലാളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്, ഡൽഹിക്കടുത്ത ഷാഹിബാബാദിലെ ജനദപ്പൂരിൽ “ഹല്ല ബോൽ” എന്ന തെരുവ് നാടകം അവതരിപ്പിക്കുമ്പോഴാണ് സഫ്ദറിനെ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ക്രൂരമായി ആക്രമിച്ചത്. കലാപരമായ ആവിഷ്കാര സ്വാതന്ത്ര്യത്തെ ചവിട്ടി ഞെരിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ നേർക്കാഴ്ചയായിരുന്നു അത്.
അടുത്ത ദിവസം 1989 ജനുവരി 2ന്, 34 വയസ്സുള്ള ആ കമ്മ്യൂണിസ്റ്റ് കലാകാരൻ രക്തസാക്ഷിയായി.

സഫ്ദർ ആക്രമിക്കപ്പെട്ട അന്നേ ദിവസം ഡൽഹിയിൽ നടക്കുകയായിരുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ അവാർഡ് ദാനച്ചടങ്ങിൽ, ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകയും അഭിനേത്രിയുമായ ശബാന ആസ്മി, സഫ്ദർ ഹാഷ്മിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഒരു ശക്തമായ പ്രസ്താവന വായിച്ചു. ഉപരിവർഗ്ഗം മുഖം ചുളിച്ചുനിന്നപ്പോഴും, അധികാരത്തിന്റെ അസ്വസ്ഥത വേദിയിൽ തെളിഞ്ഞുനിന്നപ്പോഴും, ശബാന തന്റെ വാക്കുകൾ പിൻവലിച്ചില്ല. അവർ പറഞ്ഞു:
“ഒരു കിളിയെ കൊല്ലാം. പക്ഷേ, ആ കിളി പാടിയ പാട്ടിനെ കൊല്ലാൻ കഴിയുമോ?”
ആ വാക്കുകൾ ഒരു പ്രസ്താവനയല്ലായിരുന്നു അതൊരു മുന്നറിയിപ്പായിരുന്നു.
സഫ്ദറിന്റെ തലയടിച്ചു തകർത്ത ഭരണവർഗ്ഗ ഗൂണ്ടകളുടെ അക്രമത്തിന് മറുപടിയായി, ജനുവരി 4ന് ഒരു അതുല്യമായ അന്ത്യാഞ്ജലി നടന്നു. സഫ്ദറിന്റെ തലയില്‍ നിന്നൊഴുകിയ ചോര ഉണങ്ങുന്നതിനു മുന്‍പ് സഫ്ദറിന്റെ ജ്വലിക്കുന്ന ഓർമ്മയും നെഞ്ചിലേറ്റി ഭാര്യ മാളിനി ഹാഷ്മിയും ജനനാട്യമഞ്ചും ചേർന്ന് ആര്‍ക്കും നല്‍കാത്ത അന്ത്യാഞ്ജലി സഫ്ദർ എന്ന അമരനായ വിപ്ലവകാരിക്ക് സഫദര്‍ ആക്രമിക്കപ്പെട്ട അതെ വേദിയില്‍ സാഹിബാബാദില്‍ അന്ന് പൂര്‍ത്തിയാക്കാത്ത നാടകം ആയിരക്കണക്കിന് ആളുകളുടെ മുമ്പില്‍ വീണ്ടും അവതരിപ്പിച്ചു.
വെറുമൊരു അന്ത്യാഞ്ജലി പരിപാടിയല്ലായിരുന്നു.അത് ഒരു രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു: കല കൊല്ലപ്പെടില്ല.
സഫ്ദർ ഹാഷ്മി, Indian People’s Theatre Association (ഇപ്ട) എന്ന ജനകീയ സാംസ്കാരിക പ്രസ്ഥാനത്തിൽ നിന്നാണ് തന്റെ കലാരാഷ്ട്രീയ യാത്ര ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹം കൂടി സ്ഥാപിത അംഗമായ Jana Natya Manch (ജന നാട്യമഞ്ച് / ‘ജനം’) ഇപ്ടയുടെ ആശയപരമായ തുടർച്ചയായി മാറുകയായിരുന്നു.
തെരുവ് നാടകങ്ങളെ ഒരു വിനോദമെന്നതിലുപരി, രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ ആയുധമാക്കി മാറ്റിയ സൈദ്ധാന്തികനും പ്രവർത്തകനുമായിരുന്നു സഫ്ദർ.
നാടകകൃത്ത്, ഗാനരചയിതാവ്, സംവിധായകൻ, രൂപകൽപകൻ, സംഘാടകൻ; അദ്ദേഹത്തിന്റെ ബഹുമുഖ കഴിവുകൾ എല്ലാം ഒരൊറ്റ ലക്ഷ്യത്തിലേക്ക് ചേർന്നിരുന്നു: ജനത്തെ ബോധവൽക്കരിക്കുക, ജനത്തെ കൂട്ടായ്മയിലേക്കു നയിക്കുക.

തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങൾ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി നേരിട്ട കാലത്ത്, “കുര്‍സി, കുര്‍സി, കുര്‍സി” എന്ന തെരുവ് നാടകം അദ്ദേഹം സംവിധാനം ചെയ്തു. അധികാര ദുർവിനിയോഗവും, ഭരണകൂട അഴിമതിയും തെരുവിലിറങ്ങി ചോദ്യം ചെയ്ത ആ നാടകം, ഇന്ത്യൻ രാഷ്ട്രീയ നാടക ചരിത്രത്തിലെ നിർണായക ഇടപെടലായി മാറി.
അടിയന്തരാവസ്ഥക്കാലത്ത് കലാപ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെട്ടപ്പോൾ, ഹാഷ്മി കുറച്ച് കാലം വിവിധ സർവകലാശാലകളിൽ അധ്യാപകനായി. എന്നാൽ അടിയന്തരാവസ്ഥയ്ക്ക് ശേഷം അദ്ദേഹം വീണ്ടും ജനങ്ങളിലേക്കിറങ്ങി. ‘മെഷീൻ’, ‘ഗാവോം സെ ഷെഹർ തക്’, ‘തീൻ ക്രോർ’, ‘ഔരത്’; കർഷകരുടെ പ്രശ്നങ്ങൾ മുതൽ സ്ത്രീകൾക്കും തൊഴിലാളികൾക്കും നേരെയുള്ള അതിക്രമങ്ങൾ വരെ, സമകാലിക രാഷ്ട്രീയ യാഥാർഥ്യങ്ങൾ തെരുവുകളിൽ ജീവൻകൊണ്ടു.
സഫ്ദർ ഹാഷ്മിക്ക് കല നിഷ്പക്ഷമായിരുന്നില്ല. അത് വ്യക്തമായൊരു പക്ഷം പിടിച്ചു ആശരണരുടെ, തൊഴിലാളികളുടെ, സ്ത്രീകളുടെ, അടിച്ചമർത്തപ്പെട്ടവരുടെ പക്ഷമായിരുന്നു. അദ്ദേഹത്തിന്റെ നാടകങ്ങൾ വെറും അവതരണങ്ങൾ മാത്രമായിരുന്നില്ല ചോദ്യം ചെയ്യുന്നവയായിരുന്നു. അധികാരത്തെ അസ്വസ്ഥമാക്കുന്നതായിരുന്നു അതിന്റെ രാഷ്ട്രീയം.
സഫ്ദർ ഹാഷ്മി 1954 ഏപ്രിൽ 12-ന് ഡൽഹിയിൽ, ഹനീഫയുടെയും ഖമർ ആസാദ് ഹാഷ്മിയുടെയും മകനായി ജനിച്ചു. ബാല്യകാലം ഡൽഹിയിലും അലിഗഢിലും ചെലവഴിച്ചു. സ്വതന്ത്രചിന്തയും വിമർശനബോധവും പ്രോത്സാഹിപ്പിച്ച ഒരു ലിബറൽ കുടുംബാന്തരീക്ഷത്തിലാണ് അദ്ദേഹം വളർന്നത്. ഡൽഹിയിൽ തന്നെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. സഫ്ദറിന്റെ കുടുംബം തന്നെ രാഷ്ട്രീയ–സാംസ്കാരിക ഇടപെടലുകളുടെ ഒരു കേന്ദ്രമായിരുന്നു. അദ്ദേഹത്തിന്റെ സഹോദരങ്ങൾ ഷബ്നം ഹാഷ്മി (മനുഷ്യാവകാശ പ്രവർത്തക)യും സോഹൈൽ ഹാഷ്മി ( ചരിത്രകാരൻ, സാമൂഹ്യ പ്രവർത്തകൻ, ചലച്ചിത്രകാരൻ)യും എല്ലാവരും തന്നെ പൊതുസമൂഹത്തിൽ സജീവമായ ഇടപെടലുകൾ നടത്തുന്നവരാണ്.ഈ കുടുംബാന്തരീക്ഷമാണ് സഫ്ദറിനെ വായനയിലേക്കും വാദത്തിലേക്കും രാഷ്ട്രീയ ചിന്തയിലേക്കും ചെറുപ്പത്തിൽ തന്നെ നയിച്ചത്. കല ഒരു സ്വകാര്യ ആസ്വാദ്യമല്ല, സാമൂഹിക ഉത്തരവാദിത്തമാണ് എന്ന ബോധം അദ്ദേഹത്തിൽ രൂപപ്പെട്ടത് ഇവിടെയായിരുന്നു.
സഫ്ദർ ഹാഷ്മി തന്റെ ഉന്നത വിദ്യാഭ്യാസം ഡൽഹിയിൽ നിന്നാണ് പൂർത്തിയാക്കിയത്.1975-ൽ ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. തുടർന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. നേടി. ഇംഗ്ലീഷ് സാഹിത്യ പഠനത്തിലൂടെ ബർട്ടോൾട്ട് ബ്രെഹ്ത്, മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം,രാഷ്ട്രീയ നാടക സിദ്ധാന്തങ്ങൾ എന്നിവയോട് അദ്ദേഹം ആഴത്തിലുള്ള ബൗദ്ധിക ബന്ധം ഉണ്ടാക്കാൻ ആയി. ഈ അക്കാദമിക് പരിശീലനമാണ് അദ്ദേഹത്തിന്റെ തെരുവ് നാടകങ്ങളെ ബോധപൂർവമായ രാഷ്ട്രീയ ഉപാധിയായി മാറ്റിയത്.”ഗോതമ്പു പാടങ്ങളിലെ തൊഴിലാളിയെന്തിനു പട്ടിണി കിടക്കേണ്ടി വരുന്നു; പാര്‍പ്പിടം നിര്‍മിക്കുന്നവനെന്തിന് ആകാശമേലാപ്പിനടിയില്‍ കിടക്കുന്നു” എന്ന് ചോദിച്ച ജർമൻ നാടകകൃത്തും ചിന്തകനുമായ ബ്രഹത്തിൻ്റെ പാതയിലൂടെ ഹാശ്മി സഞ്ചരിച്ചു.
കോളേജ് കാലത്ത് തന്നെ സഫ്ദർ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SFI) യുടെ അംഗമായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ രൂപപ്പെട്ട ഈ ഇടതുപക്ഷ ബോധമാണ് പിന്നീട് അദ്ദേഹത്തെ ജനകീയ സാംസ്കാരിക പ്രവർത്തനങ്ങളിലേക്ക് നയിച്ചത്. 1973-ൽ രൂപീകരിക്കപ്പെട്ട ജന നാട്യമഞ്ച് (ജനമ്) എന്ന തെരുവ് നാടക സംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു സഫ്ദർ ഹാഷ്മി. ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷനുമായി (IPTA) ബന്ധപ്പെട്ടു പ്രവർത്തിച്ചുകൊണ്ടാണ് അദ്ദേഹം തെരുവ് നാടകങ്ങളെ തൊഴിലാളി–ജനകീയ രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്കു കൊണ്ടുവന്നത്. 1976-ൽ സഫ്ദർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) – ൽ അംഗത്വം നേടി. അദ്ദേഹത്തിന്റെ ജീവിതവും കലയും മുഴുവൻ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തോട് ആഴത്തിൽ ബന്ധപ്പെട്ടു നിന്നതായിരുന്നു.
അടിയന്തരാവസ്ഥ കാലത്ത് രാഷ്ട്രീയ–സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ വന്നപ്പോൾ, സഫ്ദർ കുറച്ചുകാലം ഡൽഹി യൂണിവേഴ്സിറ്റിയിലും, ജാമിയ മില്ലിയ ഇസ്ലാമിയയിലും അധ്യാപകനായി പ്രവർത്തിച്ചു. എന്നാൽ ക്ലാസ് മുറികളിൽ ഒതുങ്ങി നിൽക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.
അധ്യാപനവും രാഷ്ട്രീയ ബോധവൽക്കരണത്തിന്റെ മറ്റൊരു രൂപമായിരുന്നു. വിദ്യാഭ്യാസവും കലയും രാഷ്ട്രീയവും വേർതിരിക്കാനാവില്ല എന്ന നിലപാടാണ് സഫ്ദർ ജീവിതം മുഴുവൻ പിന്തുടർന്നത്.
ജനനാട്യമഞ്ച് എന്ന നാടക സംഘത്തിൽ ഒരു സജീവ പ്രവർത്തകനായി മാറിയ സഫ്ദർ, ഈ സംഘത്തിനുവേണ്ടി ധാരാളം നാടകങ്ങൾ രചിക്കുകയും, സംവിധാനം ചെയ്യുകയും ഉണ്ടായി. അക്കാലത്ത് ഇദ്ദേഹത്തിൻ്റെ നാടകങ്ങളിൽ ഏറെ ജനശ്രദ്ധയാകർഷിച്ച നാടകങ്ങളിൽ ചിലതാണ്; മഷീർ, ഓരത്, ഗാവോം സെ ഷെഹർ തക്, രാജ ക ബാജ, ഹത്യാർ തുടങ്ങിയവ. ഇതിൽ ചില നാടകങ്ങൾക്ക് വേണ്ടി ഇദ്ദേഹം ഗാനങ്ങളും രചിക്കുകയുണ്ടായിട്ടുണ്ട്. സഫ്ദറിന്റെ, ജന നാട്യ മഞ്ചിലെ വിലയേറിയ പ്രവർത്തനങ്ങൾ ഇന്ത്യയൊട്ടാകെയുള്ള തെരുവു നാടകസംഘങ്ങളുടെ മുന്നേറ്റത്തിനു തന്നെ കാരണമായി. “ജനനാട്യമഞ്ച്” ലൂടെ സാംസ്കാരിക-രാഷ്ട്രീയ രംഗത്തെത്തിയ സഫ്ദർ ഹാഷ്മി, തൻ്റെ തെരുവു നാടക ട്രൂപ്പിലൂടെ സമകാലിക സാമൂഹിക-രാഷ്ട്രീയ വസ്തുതകൾ സാധാരണക്കാരുടെ മുമ്പിൽ അവതരിപ്പിച്ചു. ഒരേ സമയം നാടക കൃത്തും കവിയും നടനും സംവിധായകനും ഒക്കെയായിരുന്നു സഫ്ദർ ഹാഷ്മി. ഇന്ത്യയിലെ രാഷ്ട്രീയ തെരുവ് നാടകത്തിന്റെ മുഖ്യശില്പ്പിയും ശബ്ദവുമായി ഇപ്പോഴും അദ്ദേഹത്തെ കണക്കാക്കുന്നു. സഫ്ദറിന് തൻ്റെ മരണം വരെയായി 24 നാടകങ്ങൾ 4000 വേദിയിൽ അവതരിപ്പിക്കാൻ സാധിച്ചു അതും കൂടുതലായി വർക്ക് ഷോപ്പ്, ഫാക്ടറി തൊഴിലാളികൾ എന്നിവരടങ്ങുന്ന പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയായിരുന്നു.
CITU നയിച്ച തൊഴിലാളി സമരങ്ങൾക്ക് തുറന്ന പിന്തുണ നൽകിയിരുന്നു. തൊഴിലാളി–കർഷക–സ്ത്രീ പ്രശ്നങ്ങളെ കലയുടെ കേന്ദ്രവിഷയമാക്കിയ അദ്ദേഹത്തിന്റെ രാഷ്ട്രീയം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൊ പാർലമെന്ററി ചർച്ചകളിലോ ഒതുങ്ങിയതല്ല. അത് തെരുവുകളിൽ ജീവിക്കുന്ന ജനങ്ങളുടെ ദൈന്യന്തിന സമരങ്ങളോടൊപ്പം ചേർന്ന രാഷ്ട്രീയം ആയിരുന്നു.
തെരുവ് നാടക പ്രസ്ഥാനത്തിനും ജനാധിപത്യ സംസ്കാരത്തിന്റെ വളര്‍ച്ചയ്ക്കും ഹാഷ്മി നല്കിയ സംഭാവനകൾ വിലമതിക്കാൻ ആകാത്തതാണ് .ആശരണർക്കു നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ് സഫ്ദര്‍ തന്റെ കലയും ജീവിതവും രക്തസാക്ഷിത്വവും കൊണ്ടു നമ്മെ പഠിപ്പിച്ചത് . സഫ്ദറിന്റെ രക്തസാക്ഷിത്വം ഒരു രഷ്ട്രീയം ആണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ ആക്രമണത്തിന്റെ രാഷ്ട്രീയത്തെ, ജനകീയ കലയുടെ ശക്തിയെ ഭയക്കുന്ന ഭരണവർഗ്ഗത്തിന്റെ രാഷ്ട്രീയത്തെ; അതിനെതിരെ ഉയരുന്ന ജനപ്രതിരോധത്തിന്റെ രാഷ്ട്രീയമാണത്.
ഇന്ന്, ഈ കാലഘട്ടത്തിൽ, സഫ്ദറിനെ അനുസ്മരിക്കുമ്പോൾ നമ്മളിലേക്ക് വരേണ്ട ഒരു ചോദ്യം ഇതാണ്: അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ, ഏത് തെരുവിലായിരിക്കും ഇന്ന് “ഹല്ല ബോൽ” അരങ്ങേറുക?
തൊഴിലാളി നിയമങ്ങൾ കോർപ്പറേറ്റ് അനുകൂലമായി പൊളിച്ചെഴുതപ്പെടുന്നിടത്ത്, തൊഴിലില്ലായ്മയും കരാർവൽക്കരണവും സാധാരണീകരിക്കപ്പെടുന്നിടത്ത്, ദളിതരും ആദിവാസികളും ന്യുനപക്ഷങ്ങളും നിരന്തരം “സംശയാസ്പദർ” ആയി ചിത്രീകരിക്കപ്പെടുന്നിടത്ത്, സ്ത്രീശരീരം ഒരു ഉപഭോഗ വസ്തുവാക്കപ്പെടുന്നിടത്ത്, സർവകലാശാലകളും കലാസാംസ്കാരികാരിക ഇടങ്ങൾ നിശ്ശബ്ദമാക്കപ്പെടുന്നിടത്ത് സഫ്ദർ ഉയരും.
ഫാസിസം മാറിയിട്ടില്ല; അതിന്റെ ഭാഷയും രീതിയുമാണ് മാറിക്കൊണ്ടിരിക്കുന്നത്.1989-ൽ ഫാസിസം ഗുണ്ടകളുടെ ആയുധങ്ങളിലൂടെയായിരുന്നു എങ്കിൽ ഇന്ന് അത്നി യമങ്ങളിലൂടെ,ഡിജിറ്റൽ നിരീക്ഷണത്തിലൂടെ, ദേശസ്നേഹം എന്ന മുദ്രാവാക്യത്തിലൂടെ,“വികസനം” എന്ന മറവിയിൽ ജനങ്ങളുടെ ശബ്ദം മുക്കികൊന്നുകൊണ്ടിരിക്കുന്നു. അന്ന് “ഹല്ല ബോൽ” അവതരിപ്പിച്ചതിന് തലയടിച്ചു തകർത്തെങ്ങിൽ ഇന്ന് അവരെ രാജ്യദ്രോഹികളാക്കുന്നു,കള്ളക്കേസുകളിൽ കുടുക്കുന്നു ഒറ്റപ്പെടുത്തുന്നു.
സഫ്ദർ ഹാഷ്മിയുടെ ജീവിതം ഇടതുപക്ഷത്തിന് കൂടി ഓർക്കേണ്ട ഒരു വലിയ പാഠമുണ്ട്. രാഷ്ട്രീയം ജനങ്ങളിൽ നിന്ന് വേർപെടുത്തിയാൽ, അത് വാചകമാകും; കല ജനങ്ങളിൽ നിന്ന് വേർപെടുത്തിയാൽ, അത് അലങ്കാരമാകും.
ഇന്ന് തെരുവിൽ നിന്നു പോരാട്ടം പിന്മാറുമ്പോൾ, തൊഴിലിടങ്ങളിൽ നിന്നു സംഘടിത തൊഴിലാളി വർഗ്ഗ ബോധം മാറിനിൽക്കുമ്പോൾ, കലയും സംസ്കാരവും “സെക്കൻഡറി ഫ്രണ്ട്” ആക്കി മാറ്റുമ്പോൾ, അവിടെയാണ് സഫ്ദറിന്റെ ഓർമ്മ നമ്മെ ആവേശമാക്കേണ്ടത്. ഒപ്പം ഇടതുപക്ഷത്തിന്റെ കടമ ഉണരേണ്ടതും.
അതുകൊണ്ട് തന്നെ സഫ്ദറിനെ അനുസ്മരിക്കുക എന്നത് തൊഴിലാളി സമരങ്ങൾക്ക് ജനങ്ങളുമായി വേഗം സംവദിക്കാൻ സാധ്യമാകുന്ന കലാപരമായ ഭാഷ കണ്ടെത്തലാണ്, യുവതലമുറയെ രാഷ്ട്രീയമായി സാംസ്കാരികമായി സജ്ജമാക്കലാണ്. തെരുവ്, തൊഴിലിടം, ക്യാമ്പസ് അങ്ങനെ എല്ലായിടത്തും ജനകീയ സാംസ്കാരിക ഇടപെടൽ പുനഃസ്ഥാപിക്കലാണ്.
ജനുവരി 4-ന് “ഹല്ല ബോൽ” വീണ്ടും അവതരിപ്പിച്ചപ്പോൾ സഫ്ദറിന്റെ സഖാക്കൾ പറഞ്ഞത് ഇതായിരുന്നു: “Tu zinda hai, tu zindagi ki jeet mein yaqeen kar” and “Laal jhanda lekar, comrade, aage badhte jayenge. Tum nahin rahe, iska gham hai par, phir bhi ladte jayenge”.
“നീ ജീവനോടെ തന്നെയുണ്ട്. ജീവിതത്തിന്റെ ജയത്തിൽ വിശ്വസിക്കൂ.”“ചുവന്ന കൊടി കൈയിൽ പിടിച്ച്, സഖാവേ, ഞങ്ങൾ മുന്നോട്ട് നീങ്ങും.നീ ഇവിടെ ഇല്ലെന്ന ദുഃഖമുണ്ട്; പക്ഷേ അതിനിടയിലും ഞങ്ങൾ പോരാട്ടം തുടരും.”
ഇത് ഒരു നാടകത്തിന്റെ അവസാന ഡയലോഗ് മാത്രമല്ല, ഒരു വ്യക്തിക്ക് നൽകിയ ആദരാഞ്ജലിയോ വിടപറയലോ മാത്രമല്ല. ഇത് തെരുവിനോടുള്ള, കാലത്തോടുള്ള ആഹ്വാനമാണ്. ഇത് പോരാട്ടം അവസാനിക്കില്ലെന്ന പ്രഖ്യാപനമാണ്.
സഫ്ദറിന്റെ നാടകത്തിലൂടെ വിപ്ലവത്തിൻ്റെ മർമ്മരമായി മാറിയ “തു സിന്ദാഹേ തോ സിന്ദഗീ കീ ജീത് പർ യകീൻ കർ…” എന്ന വരികൾക്കു തീക്ഷ്ണമായ വിപ്ലവത്തിന്റെ ശക്തിയുണ്ട് എന്ന ആഹ്വാനത്തിൽ അസഹിഷ്ണതയുടെ പുതിയ കാലത്ത് നാടകങ്ങൾക്ക് ചെറുതല്ലാത്ത സംവേദന സാദ്ധ്യതകളുണ്ട് എന്ന ഓർമ്മപ്പെടുത്തലോടെ ഹല്ല ബോൽ — ഇന്നും, ഇവിടെയും. സഫ്ദറിന്റെ സ്മരണക്കു മുമ്പില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍..✊✊







Well written👍👍👍