ശ്രീനിവാസൻ മലയാള സിനിമയിൽ ഒരു നടനോ തിരക്കഥാകൃത്തോ മാത്രമല്ലായിരുന്നു. അദ്ദേഹം സിനിമയെ സാമൂഹ്യ–രാഷ്ട്രീയ സംവാദത്തിന്റെ ഒരു ഉപാധിയായി ഉപയോഗിച്ച കലാകാരനായിരുന്നു. പ്രത്യേകിച്ച്, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആത്മാവിനോടും അതിന്റെ വൈരുധ്യങ്ങളോടും ഒരുപോലെ സംവദിച്ച, ചിലപ്പോൾ അസ്വസ്ഥമാക്കിയ, പക്ഷേ ഒരിക്കലും പുറംതിരിഞ്ഞുനിൽക്കാത്ത ഒരു വിമർശകബോധമാണ് ശ്രീനിവാസന്റെ സിനിമകളിൽ കണ്ടത്.
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ സമത്വം, മനുഷ്യത്വം, മാനവികത,ഗൗരവം, ദാരിദ്ര്യവിരുദ്ധ നിലപാട്, അധികാരവിമർശനം,യുക്തിവാദം എന്നിവയെ അദ്ദേഹം ശക്തമായി പിന്തുണച്ചു. എന്നാൽ അതിനൊപ്പം തന്നെ ഇടതുപക്ഷത്തിന്റെ ചില സമീപനങ്ങളെ, തിരുത്തപ്പെടേണ്ട നിലപാടുകളെ, ചില നേതാക്കന്മാരുടെ രീതികളെ നർമ്മത്തിലൂടെയും പരിഹാസത്തിലൂടെയും തുറന്നുകാട്ടാൻ അദ്ദേഹം മടിച്ചില്ല.
സന്ദേശം എന്ന ചിത്രം ഇതിന്റെ ഏറ്റവും ശക്തമായ ഉദാഹരണമാണ്. അവിടെ, വലതും ഇടതും ഒരുപോലെ വിമർശനവിധേയമാകുന്നു. എന്നാൽ ആ വിമർശനം വർഗ്ഗരാഷ്ട്രീയത്തെ നിഷേധിക്കുന്നതല്ല, മറിച്ച് രാഷ്ട്രീയത്തിന്റെ മനുഷ്യവിരുദ്ധമായ രൂപാന്തരങ്ങളെയാണ് ലക്ഷ്യമിടുന്നത്. ആശയങ്ങൾ മനുഷ്യനെക്കാൾ വലുതാകുമ്പോൾ സംഭവിക്കുന്ന വൈകൃതങ്ങളെ ശ്രീനിവാസൻ കൃത്യമായി തിരിച്ചറിഞ്ഞു അത് വിമര്ശനാത്മകമാക്കി.
മലയാള സിനിമയിൽ രാഷ്ട്രീയത്തെ ഏറ്റവും ശക്തമായി, എന്നാൽ ഏറ്റവും നർമ്മബോധത്തോടെ വിമർശിച്ച ചിത്രമായിരുന്നു സന്ദേശം.
ഈ സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച കോട്ടപ്പള്ളി പ്രകാശൻ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ്, ആശയങ്ങളിൽ കടുത്ത വിശ്വാസമുള്ളവൻ, പക്ഷേ ജീവിതത്തിൽ മുഴുവൻ വൈരുധ്യങ്ങളാൽ നിറഞ്ഞ ഒരാൾ.പ്രകാശൻ പാർട്ടി യോഗങ്ങളിലും പ്രസംഗങ്ങളിലും കടുത്ത സിദ്ധാന്തവാദിയാണ്. പക്ഷേ വീട്ടിൽ എത്തുമ്പോൾ തൊഴിലില്ലാത്തവൻ, കുടുംബത്തെ സാമ്പത്തികമായോ ഉത്തരവാദിത്തമായോ നോക്കത്തൊരാൾ. പാർട്ടി ചർച്ചകൾ ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്ന് വേർപെട്ട് നിന്ന ചില അവസ്ഥകളെ കൂടി വിമർശനമാക്കി.
സന്ദേശം ഒരു ആന്റി-കമ്മ്യൂണിസ്റ്റ് അല്ലെങ്കിൽ ആന്റി പൊളിറ്റിക്കൽ സിനിമ ആണെന്ന് ഞാൻ കരുതുന്നില്ല. അത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വയവിമര്ശനമായിട്ടാണ് ഞാൻ കാണുന്നത്.
വടക്കുനോക്കിയന്ത്രം, നാടോടിക്കാറ്റ്, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, വരവേൽപ്പ് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ തൊഴിലില്ലായ്മ, മധ്യവർഗ്ഗകുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ, പുരുഷാധിപത്യം, സാമൂഹിക അസമത്വം, എന്നിവയുടെ ഉൽപ്പന്നങ്ങളാണ്. ഇവയെല്ലാം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചിന്താമണ്ഡലവുമായി നേരിട്ട് ബന്ധപ്പെടുന്ന വിഷയങ്ങളാണ്. എന്നാൽ പ്രസംഗഭാഷയിൽ അല്ല, ജീവിതഭാഷയിൽ അവയെ പറയുകയായിരുന്നു ശ്രീനിവാസന്റെ സിനിമ രാഷ്ട്രീയം.തൊഴിലാളി-ഉദ്യോഗസ്ഥ ചൂഷണങ്ങൾ വരേയും ആ സിനിമകളിൽ വിമർശനമാക്കി. സാമൂഹ്യ വിമർശനം അവസാന ചിത്രമായ ‘ഞാൻ പ്രകാശനിൽ’ വരെ നിറച്ച ശ്രീനിവാസൻ.
ശ്രീനിവാസന്റെ പ്രത്യേകത, സ്വയം വിമർശനത്തെ രാഷ്ട്രീയബോധത്തിന്റെ ഭാഗമാക്കിയതിലാണ്. സ്വന്തം തിരക്കഥകളിൽ തന്നെ ഏറ്റവും മണ്ടനായി, പരിഹാസ്യനായി, പരാജിതനായി മാറാൻ അദ്ദേഹം തയ്യാറായിരുന്നു. ഇത് ഇടതുപക്ഷത്തിന്റെ ഏറ്റവും മൂല്യമുള്ള പാഠങ്ങളിലൊന്നാണ് — സ്വയം പരിശോധിക്കാനുള്ള ധൈര്യം അതായത് സ്വയവിമർശനം.ഇടതുപക്ഷത്തിന്റെ ആത്മപരിശോധനയാണത്.
ഇത് പറയുമ്പോഴും അദ്ദേഹത്തിന്റെ ചില രാഷ്ട്രീയ പരിഹാസങ്ങളോട് വിമർശനവും ഉണ്ട്. അതിലൊന്ന് “പോളണ്ടിനെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത്” എന്ന ഡയലോഗ് ആണ്. 1980–90 കാലഘട്ടങ്ങളിൽ കേരളത്തിലെ പാർട്ടി ചർച്ചകളിൽ; സോവിയറ്റ് യൂണിയൻ,ചൈന,പോളണ്ട്, കിഴക്കൻ യൂറോപ്പിലെ രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആ ചർച്ചകൾ കേരളത്തിലെ സാധാരണ മനുഷ്യന്റെ ജീവിതത്തിൽ പ്രായോഗിക പ്രസക്തിയില്ല എന്ന വ്യാഖ്യാനത്തിൽ കൊണ്ടുവന്നത്. കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം സ്വന്തം നാട്ടിലെ പ്രശ്നങ്ങൾ മാത്രമല്ലല്ലോ അവരുടെ ആകുലതകൾ അത് ആഗോളതലത്തിൽ തന്നെയാണ്. “മനുഷ്യന്റെ പ്രശ്നങ്ങൾ എല്ലായിടത്തും ഒന്നാണ്”.
അതിനാൽ ശ്രീനിവാസൻ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശത്രുവോ പുറത്തുനിന്നുള്ള വിമർശകനോ ആയിരുന്നില്ല. മറിച്ച്, ഇടതുപക്ഷത്തിന്റെ ഉള്ളിൽ നിന്നുയർന്ന മനസ്സാക്ഷിയുടെ വിമർശകൻ ആയിരുന്നു എന്നാണ് ഞാൻ കരുതുന്നത്. ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിച്ച, വിനോദത്തിലൂടെ രാഷ്ട്രീയബോധം വളർത്തിയ ഒരു അപൂർവ കലാകാരൻ.
അതാണ് ശ്രീനിവാസൻ. ചിരിപ്പിച്ചുകൊണ്ട്, അസ്വസ്ഥമാക്കിക്കൊണ്ട്, ചിന്തിപ്പിച്ചുകൊണ്ട്, രാഷ്ട്രീയം പറഞ്ഞ കലാകാരൻ.
സിനിമയുള്ള കാലത്തോളം, രാഷ്ട്രീയം മനുഷ്യനോട് സംസാരിക്കുന്നിടത്തോളം, ശ്രീനിവാസൻ അവതരിപ്പിച്ച സിനിമകൾക്ക് പ്രസക്തി ഉണ്ടാകും. തുടരും.





👍👍👍