ഇന്ന് Students Federation of India (SFI)- യുടെ സ്ഥാപകദിനം.
സ്ഥാപക ദിനമെന്ന രീതിയിൽ ശുഭ്രപതാകയ്ക്ക് മുന്നിലെ ഔപചാരിക അഭിവാദ്യങ്ങളിലൊതുങ്ങേണ്ട ദിവസമല്ല.
ഇത് ഓർമ്മയുടെ, സ്വയംപരിശോധനയുടെ, പുതുക്കലിന്റെ ദിനമാകണം.

വിദ്യാഭ്യാസം ഒരു ചരക്കല്ല, ഒരു സാമൂഹ്യാവകാശമാണ് എന്ന തിരിച്ചറിവിലാണ് SFI ജനിച്ചത്.
ഫീസ് വർധനയ്ക്കെതിരായ പ്രക്ഷോഭങ്ങളിൽ നിന്നു തുടങ്ങി, സ്വകാര്യവൽക്കരണത്തിനെതിരായ പോരാട്ടങ്ങളിലേക്കും, പൊതു സർവകലാശാലകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുന്നതിലേക്കും, സർവകലാശാലകളും – പാഠപുസ്തകങ്ങളും കാവിവൽക്കരിക്കുന്നതിനെതിരേയും നടന്ന ഇന്ത്യയിലെ വിദ്യാഭ്യാസ സമരങ്ങളുടെ ചരിത്രത്തിൽ നിന്ന് SFIയെ മാറ്റിനിർത്തി വായിക്കാനാവില്ല.

റിസർവേഷൻ, സ്കോളർഷിപ്പ്, ഹോസ്റ്റൽ, ലൈബ്രറി, സ്റ്റുഡന്റ് യൂണിയൻ ഇവയൊക്കെ വെറും ആനുകൂല്യങ്ങളല്ല, ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ഘടകങ്ങളാണെന്ന നിലപാടാണ് SFI എന്നും ഉറപ്പിച്ചു പറഞ്ഞത്. ക്യാമ്പസുകളെ കർശന ശാസനയുടെ പരീക്ഷണശാലകളാക്കി മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ, സർവകലാശാലകൾ വിമർശന ചിന്തയുടെ ഇടങ്ങളായിരിക്കണം എന്ന വാദം SFI ഉയർത്തിപ്പിടിച്ചു.

പാഠപുസ്തകങ്ങളിലെ വർഗീയവൽക്കരണം മുതൽ ചരിത്രവും ശാസ്ത്രവും പുനർവ്യാഖ്യാനം ചെയ്യാനുള്ള നീക്കങ്ങൾവരെ വിദ്യാഭ്യാസം തന്നെ രാഷ്ട്രീയ പോരാട്ട ഭൂമിയാകുന്ന ഘട്ടങ്ങളിൽ SFI മൗനം പാലിച്ചില്ല. കാരണം അറിവിനെ നിയന്ത്രിക്കുമ്പോൾ, അധികാരം ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത് എന്ന തിരിച്ചറിവാണ് SFI പ്രസ്ഥാനത്തിനുള്ളത്.

ഇന്നത്തെ ഇന്ത്യയിൽ വിദ്യാഭ്യാസം കോർപ്പറേറ്റും വർഗീയതയും ചേർന്നുള്ള ഒരു പുതിയ രീതിയിലൂടെ കടന്നുപോകുകയാണ്. പൊതു സർവകലാശാലകൾ ഫണ്ടില്ലാതെ ശ്വാസംമുട്ടുമ്പോൾ, സ്വകാര്യ സർവകലാശാലകൾ വളരുന്നു. “ഫ്ലെക്സിബിലിറ്റി”, “ചോയ്സ്” എന്ന ഭാഷയിൽ കേന്ദ്രവൽക്കരണവും ഒഴിവാക്കലും നടപ്പാക്കുന്ന നയങ്ങളാണ് മുന്നേറുന്നത്.
ക്യാമ്പസുകൾ നിരീക്ഷണത്തിന്റെയും ഭീതിയുടെയും ഇടങ്ങളാകുന്നു; ചോദ്യം ചോദിക്കുന്ന വിദ്യാർത്ഥി “രാജ്യവിരുദ്ധൻ” ആക്കപ്പെടുന്നു.

ഇത് സാമ്പത്തിക ആക്രമണം മാത്രമല്ല; ആശയപരമായ യുദ്ധവുമാണ്. യുക്തി, ശാസ്ത്രീയചിന്ത, വിമർശനബുദ്ധി എല്ലാം ലക്ഷ്യമാക്കപ്പെടുന്നു. ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും സ്ത്രീകളും സംവിധാനപരമായി പുറന്തള്ളപ്പെടുന്നു. വിദ്യാഭ്യാസം “ജോലിയ്ക്ക് യോഗ്യർ, പക്ഷേ അരാഷ്ട്രീയവൽക്കരിക്കപ്പെട്ട നിഷ്പക്ഷർ” ആയ മനുഷ്യരെ നിർമ്മിക്കുന്ന യന്ത്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരമൊരു ഘട്ടത്തിൽ വിദ്യാർത്ഥി രഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒരു ഓപ്ഷൻ അല്ല; ഒരു ചരിത്രാവശ്യകതയാണ്.

സ്ഥാപകദിനം സ്വയം വിമർശനത്തിന്റെയും കൂടി ദിനമാണ്.
SFI ഇനിയും ഏറ്റെടുക്കേണ്ട വലിയ സമരങ്ങളുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്; അത്തരത്തിൽ ഉള്ള സമരങ്ങൾ ഏറ്റെടുക്കുന്നതിൽ നമ്മൾ വിജയിച്ചിട്ടുണ്ടോ?
എല്ലാ സമയത്തും ക്യാമ്പസുകൾക്കപ്പുറം നിൽക്കുന്ന, അതിജീവനത്തിനായി പൊരുതുന്ന വിദ്യാർത്ഥികളുടെ ആശങ്കകൾ നാം കൃത്യമായ ഇടപെടലിലൂടെ അഡ്രസ്സ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോ?
സംഘടനാപരമായ ദിനചര്യ ചിലപ്പോഴെങ്കിലും രാഷ്ട്രീയ സൃഷ്ടിപരതയെ മങ്ങിയതാക്കിയിട്ടില്ലേ?
ലിംഗനീതി, ജാതിവ്യവസ്ഥ ഇവ നമ്മുടെ ഇടങ്ങളിൽ ഇപ്പോഴും ഉള്ളതാണ് അതിനെ എപ്പോഴും ഗൗരവത്തോടെ കൈകാര്യം ചെയ്തിട്ടുണ്ടോ?
ഇടതുപക്ഷത്തിനപ്പുറത്തേക്ക് നിൽക്കുന്ന വിദ്യാർത്ഥികളുമായി അല്ലങ്കിൽ സംഘടനകളുമായി സംവദിക്കാൻ ഉള്ള വേദികൾ സൃഷ്ടിക്കാൻ നമുക്ക് എല്ലായ്പ്പോഴും കഴിഞ്ഞിട്ടുണ്ടോ?
നമ്മളുടെ സമരം, പ്രക്ഷോപം, ചെറുത്തുനിൽപ്പ് ധീരവും രാഷ്ട്രീയ ശരിയും, ആവശ്യവുമായിരുന്നു എന്നാൽ ചില സമരങ്ങൾ എങ്കിലും കൃത്യമായ ആശയവിനിമയം ഇല്ലാത്ത കാരനാണത്താൽ ഒറ്റപ്പെട്ടുപോയിട്ടില്ലേ?

അതുകൊണ്ട് തന്നെ വിദ്യാഭ്യാസ സമരങ്ങളെ തൊഴിലില്ലായ്മയോടും അനിശ്ചിതമായ തൊഴിൽ ജീവിതത്തോടും ജനാധിപത്യ അവകാശങ്ങളോടും ബന്ധിപ്പിക്കണം. ഇതിനകം രാഷ്ട്രീയവത്കരിക്കപ്പെട്ടവരോട് മാത്രമല്ല, നിഷ്പക്ഷരായ അരാഷ്ട്രീയവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികളോടും കൂടി സംവദിക്കണം.

അങ്ങനെ പ്രത്യയശാസ്ത്ര വ്യക്തത കൈവിടാതെ,
കാമ്പസുകളിൽ മാത്രം ഒതുങ്ങാത്ത ബഹുജനാധിഷ്ഠിതമായാ സംഘടനാ ഇടപെടലുകളിലൂടെ സാമൂഹിക സഹാനുഭൂതിയോടെ, ഉറച്ച വർഗീയ വിരുദ്ധതയോടെ, രാഷ്ട്രീയമായി മൂർച്ചയുള്ള സ്വയം വിമർശനാത്മകമായാ പ്രസ്ഥാനമായി തുടരണം. ക്യാമ്പസുകൾ വീണ്ടും സംവാദത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും ഐക്യത്തിന്റെയും കേന്ദ്രങ്ങളാകണം.

ഓർമ്മകളുണ്ടായിരിക്കണം – രാഷ്ട്രീയ കൊടുങ്കാറ്റുകളെ അതിജീവിക്കാൻ മാത്രമല്ല, അവ സൃഷ്ടിക്കുന്ന വ്യവസ്ഥയെ വെല്ലുവിളിക്കാനും കൂടിയാകണം എസ്‌എഫ്‌ഐ.

Red Salute to the Martyers and the struggles. Keep up the socialist ideological Red Commitment to the future. The fight for education is the fight for democracy itself. ✊📚