മെയ്ദിനം

1886 മെയ് ഒന്നുമുതല്‍ നാലുവരെ മുതലാളി വർഗ്ഗത്തിന്റെ മനുഷ്യത്വരഹിതമായ ചൂഷണത്തിനു വിധേയരായ തൊഴിലാളികൾ തൊഴിൽ സമയം കുറയ്‌ക്കാനും കൂലി വർദ്ധിപ്പിക്കാനും സാമൂഹ്യ സുരക്ഷയ്‌ക്കും വേണ്ടി അമേരിക്കന്‍ ഐക്യനാടുകളില്‍ പൊതുവെയും ചിക്കാഗോയില്‍ പ്രധാനമായും അരങ്ങേറിയ
വമ്പിച്ച തൊഴിലാളി പ്രക്ഷോഭങ്ങളും, മെയ് നാലിന് ഹേമാര്‍ക്കറ്റ് സ്ക്വയറില്‍ വെടിവയ്പില്‍ കലാശിച്ച സംഭവങ്ങളും അനന്തര നടപടികളുമാണ് മെയ് ദിനാചരണത്തിന് കാരണമായത്.
1866ല്‍ മാര്‍ക്‌സും ഏംഗല്‍സും മുന്‍കൈയെടുത്ത് രൂപീകരിച്ച ഒന്നാം ഇന്റര്‍നാഷണലിന്റെ ജനീവ സമ്മേളനം 8 മണിക്കൂര്‍ ജോലി എന്ന ആവശ്യം വളരെ പ്രാധാന്യത്തോടെ മുന്നോട്ടുവെച്ചു. 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിനോദം, 8 മണിക്കൂര്‍ വിശ്രമം ഈ മൂന്ന് മുദ്രാവാക്യങ്ങളാണ് ഒരു സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി തൊഴിലാളി വര്‍ഗം മാറുന്നതിന്റെ മുന്നുപാധിയെന്ന് മാര്‍ക്‌സ് വ്യക്തമാക്കി.

ഭരണാധികാരി വർഗ്ഗത്തിന്റെ ഭീഷണിക്കു വഴങ്ങാതെ തൊഴിലാളികൾ സംഘടിക്കുകയും 8 മണിക്കൂർ ജോലി , 8 മണിക്കൂർ വിശ്രമം 8 മണിക്കൂർ വിനോദവും പഠനവും എന്ന മുദ്രാവാക്യം ഉയർത്തി ഏഴ് നഗരങ്ങളിലെ തൊഴിലാളി യൂണിയനുകള്‍ ചേര്‍ന്ന സെന്‍ട്രല്‍ ലേബര്‍ യൂണിയനും സാമൂഹ്യപ്രവര്‍ത്തകരും 1886 മെയ് ഒന്നിന് ചിക്കാഗോയില്‍ ദേശീയസമരം നടത്താന്‍ തീരുമാനിച്ചു. മെയ് ഒന്നിന് 35,000 തൊഴിലാളികള്‍ ചിക്കാഗോയിൽ പണിമുടക്കി പ്രകടനം നടത്തി സമരം തുടങ്ങി. ആ നഗരത്തിലെ ഒരു പത്രം റിപ്പോർട്ടുചെയ്തത്, “ഫാക്ടറികളിലെയും മില്ലുകളിലെയും ഉയരമുള്ള ചിമ്മിനികളിൽ നിന്ന് പുകയൊന്നും ഉയർന്നില്ല ” എന്നാണ്.4 ദിവസം നീണ്ടു നിന്ന ആ ഐഹിഹാസിക സമരം സർക്കാർ അടിച്ചമർത്താൻ തുടങ്ങി.

1886 മെയ് 1 ന് എട്ട് മണിക്കൂർ പണിമുടക്ക് ചിക്കാഗോ നഗരത്തെ ഞെട്ടിച്ചു, McCormick Harvester Co കമ്പനിയിലെ തൊഴിലാളികളിൽ പകുതിയും പണിമുടക്കിൽ പങ്കെടുത്തു. രണ്ട് ദിവസത്തിന് ശേഷം ‘ലംബർ ഷവർസ്’ യൂണിയനിലെ 6,000 അംഗങ്ങൾ ഒരു ബഹുജന യോഗം ചേർന്നു. മക്‌കോർമിക് പ്ലാന്റിൽ നിന്നുള്ള ഒരു ബ്ലോക്ക് മാത്രമാണ് യോഗം ചേർന്നത്, അവിടെ നിന്ന് അഞ്ഞൂറോളം സമരക്കാർ പങ്കെടുത്തു.

സെൻട്രൽ ലേബർ യൂണിയൻ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് ഓഗസ്റ്റ് സ്പൈസിസ് ആയിരുന്നു . തൊഴിലാളികൾ ഒന്നിച്ച് നിൽക്കാനും മേലധികാരികൾക്ക് വഴങ്ങാതിരിക്കാനും ആവശ്യപ്പെട്ട സ്പൈസ് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സമരത്തെ അനുകൂലിക്കാത്ത തൊഴിലാളികൾ അടുത്തുള്ള മക്‌കോർമിക് പ്ലാന്റിൽ നിന്ന് പുറത്തുപോകാൻ തുടങ്ങി. പണിമുടക്കിയവർ തെരുവിലൂടെ മാർച്ച് ചെയ്യുകയും കരിങ്കാലികളെ ഫാക്ടറിയിലേക്ക് തിരികെ കയറ്റുകയും ചെയ്തു. പെട്ടെന്ന് 200 ഓളം പോലീസുകാർ എത്തി, യാതൊരു മുന്നറിയിപ്പും കൂടാതെ അക്രമം അഴിച്ചുവിടുകയും വെടിയുതിർക്കുകയും ചെയ്തു . ഒരു തൊഴിലാളി പോലീസ് അക്രമത്തിൽ മരണപ്പെടുകയും നിരവധിപേർക്ക് പരിക്കുപറ്റുകയും ചെയ്തു .  ഈ അക്രമങ്ങളിൽ പ്രതിഷേധിക്കാൻ ചിക്കാഗോയിലെ തൊഴിലാളികളോട് അടുത്ത രാത്രി ഒരു പ്രതിഷേധ യോഗത്തിൽ പങ്കെടുക്കാൻ സ്പൈസ് ആഹ്വാനം ചെയ്തു.പ്രതിഷേധ യോഗം ഹെയ്‌മാർക്കറ്റ് സ്‌ക്വയറിൽ നടന്നു, സ്പൈസും ,ആൽബർട്ട് പാർസൺസ്, സാമുവൽ ഫീൽഡൻ അഭിസംബോധന ചെയ്തു സംസാരിച്ചു. സമ്മേളനം സമാധാനപരമായിരുന്നു.ശക്തമായ മഴയെത്തുടര്‍ന്ന് വീഥികളിലെ സമരക്കാരില്‍ ഭൂരിഭാഗവും ഒഴിഞ്ഞുപോയി. ഏകദേശം 200 പേര്‍ മാത്രമേ ശേഷിച്ചുള്ളു. ബോൺഫീൽഡിന്റെ നേതൃത്വത്തിൽ 180 ഓളം വരുന്ന പോലീസ് സംഘം പൊടുന്നനെ സമരക്കാർ പിരിഞ്ഞുപോകണം എന്നാവശ്യപ്പെട്ടു. “ഞങ്ങൾ സമാധാനപരമാണ്” എന്ന് ഫീൽഡൻ പ്രതിഷേധിച്ചു. ഈ സമയം ആരോ പോലീസിനെതിരെ ബോംബെറിഞ്ഞു. ഒരു പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. തുടന്ന് സമരാനുകൂലികൾക്ക് നേരെ പോലീസ് വെടിയുതിർത്തു . വലിയ അക്രമം ആണ് പോലീസ് നടത്തിയത്. 60 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും എട്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. പോലീസ് വെടിവെപ്പിൽ നിരവധി തൊഴിലാളികൾ കൊല്ലപ്പെട്ടു. പലര്‍ക്കും പരിക്കേറ്റു. ഹേ മാര്‍ക്കറ്റില്‍ നടന്ന വെടിവയ്പിനെത്തുടര്‍ന്ന് സമ്മേളനങ്ങളും റാലികളും നടത്താന്‍ പാടില്ലെന്ന് മേയര്‍ ഉത്തരവിട്ടു. ചിക്കാഗോയിൽ എങ്ങും ഭരകൂട ഭീകരത വ്യാപിച്ചു. തൊഴിലാളി നേതാക്കളെ തേടി മീറ്റിംഗ് ഹാളുകൾ, യൂണിയൻ ഓഫീസുകൾ, അച്ചടി പ്രെസ്സുകൾ, വീടുകൾ ഒക്കെ പോലീസ് റെയ്ഡ് ചെയ്തു . നിരവധി വ്യക്തികളെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തു. അവിടുത്തെ അഭിഭാഷകനായ ജൂലിയസ് ഗ്രിനെലിന്റെ പരസ്യ പ്രസ്താവനയായിരുന്നു “ആദ്യം റെയ്ഡുകൾ നടത്തുക, അതിനുശേഷം നിയമം നോക്കുക” എന്നത്. പോലീസ് നൂറോളം പേരെ അറസ്റ്റു ചെയ്തു. ബോംബെറിഞ്ഞയാള്‍ ആരാണെന്ന് കൃത്യമായി കണ്ടുപിടിക്കാന്‍ സാധിക്കാത്തതുകൊണ്ട് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോംബേറില്‍ പങ്കുകൊണ്ടതായി ആരോപിച്ച് എട്ടുപേരെ അറസ്റ്റു ചെയ്തു. സ്പൈസ്, ഫീൽഡൻ, പാർസൺസ് അഡോൾഫ് ഫിഷർ, ജോർജ്ജ് ഏംഗൽ, മൈക്കൽ ഷ്വാബ്, ലൂയിസ് ലിംഗ്, ഓസ്കാർ നീബെ എന്നിവരായിരുന്നു അവർ. നീതിപൂർവ്വമല്ലാതെ നടന്ന വിചാരണക്കൊടുവിൽ ജഡ്ജി എട്ടുപേരെയും കുറ്റക്കാരായി വിധിച്ചു. തൊഴിലാളികളെ സമരത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റവും ചുമത്തി. ഓഗസ്റ്റ് 19 ന് പ്രതികളിൽ ഏഴു പേർക്ക് വധശിക്ഷയും നീബെയ്ക്ക് 15 വർഷം തടവും വിധിച്ചു. ഷ്വാബിന്റെയും ഫീൽഡന്റെയും ശിക്ഷ പിന്നീട് ജീവപര്യന്തം തടവായി മാറ്റി. പ്രക്ഷോഭത്തെ ചോരയില്‍ മുക്കിയ അമേരിക്കന്‍ കിരാതനീതിക്കെതിരായ പോരാട്ടത്തിന്റെ മുഖത്തുനിന്നാണ് ലോകജനതയുടെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ 1887 നവംബർ 11 ന് പാർസൺസ്, ഏംഗൽ, സ്പൈസ്, ഫിഷർ എന്നി നാല് തൊഴിലാളി സഖാക്കള്‍ തൂക്കുമരത്തിലേറുന്നത്.വധശിക്ഷയ്ക്ക് തലേദിവസം തന്റെ സെല്ലിൽ ആത്മഹത്യ ചെയ്തുകൊണ്ട് ലിങ് അധികാരികളുടെ ശിക്ഷാ വിധിയെ തന്റെ ജീവൻ കൊണ്ടെതിർത്തു. രക്തസാക്ഷികളുടെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിനാളുകള്‍ തടിച്ചുകൂടി. ഹേ മാര്‍ക്കറ്റ് കൂട്ടക്കൊലയെ ലോകം അപലപിച്ചു.

1893 ജൂൺ 26 ന് ഗവർണർ ആൾട്ട്ഗെൽഡ് ബാക്കിയുള്ളവരെ മോചിപ്പിച്ചു.തൂക്കിലേറ്റപ്പെട്ടവര്‍ക്കും മാപ്പു നല്‍കുന്നുവെന്ന് പിന്നീട് പ്രഖ്യാപിക്കപ്പെട്ടു. വിചാരണ കുറ്റമറ്റതായിരുന്നില്ല എന്നതായിരുന്നു കാരണം. പക്ഷപാതപരമായ ന്യായവിധിയുടെ ഇരകളായിരുന്നു അവർ വിചാരണ ചെയ്യപ്പെട്ട കുറ്റകൃത്യത്തിൽ നിരപരാധികളാണ്. ഈ വിചാരണ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അനീതിയായി കണക്കാക്കപ്പെടുന്നു.

1889ല്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ ശതാബ്ദിവേളയില്‍ ജൂലൈ 14ന് പാരീസില്‍ ചേര്‍ന്ന രണ്ടാം ഇന്റർ നാഷണൽ 1890 മെയ്‌ ഒന്ന്‌ മുതലാളി വർഗ്ഗത്തിന്റെ ചൂഷണത്തെ എതിർക്കാനും തൊഴിലാളി വർഗ്ഗത്തിന്റെ അവകാശ സംരക്ഷണത്തിനും ഐക്യം ശക്തിപ്പെടുത്താനും മെയ്‌ദിന സമരത്തിൽ പങ്കെടുത്തു വീരചരമമടഞ്ഞവരേയും തുർന്ന്‌ തൂക്കിലേറ്റപ്പെട്ട ധീരരായ രക്തസാക്ഷികളേയും അനുസ്‌മരിക്കുന്നതിനായി തൊഴിലാളി വർഗ്ഗത്തിന്റെ സാർവദേശീയ ദിനമായി ആചരിക്കാനുള്ള ചരിത്രപരമായ തീരുമാനാമെടുത്തു. 1886 മെയ് മാസത്തിൽ നടന്ന ഹെയ്‌മാർക്കറ്റ് സ്‌ക്വയർ കലാപത്തിനുശേഷം, അമേരിക്കൻ പ്രസിഡന്റ് ഗ്രോവർ ക്ലീവ്‌ലാൻഡ്, മെയ് 1 ന് തൊഴിലാളി ദിനം ആചരിക്കുന്നത് തൊഴിലാളി സമരത്തിന്റെ സ്മരണയ്ക്കുള്ള അവസരമായി മാറുമെന്ന് ഭയപ്പെട്ടു. അതുകൊണ്ട് തന്നെ അവർ മെയ് ദിനത്തെ തൊഴിലാളി ദിനമായി ആചരിക്കാതെ സെപ്റ്റംബറിൽ ആണ് തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചത് .
1890 മേയ് ഒന്നു മുതല്‍ ജോലിസമയം എട്ട് മണിക്കൂര്‍ ആയിരിക്കുമെന്ന് തീരുമാനിച്ചു. അതിന് അമേരിക്ക ഫെഡറേഷന്‍ ഓഫ് ലേബര്‍ ഉറപ്പ് നല്‍കി.
ഈ സമരത്തിന്റെ ഓര്‍മയ്ക്കായി മെയ് ഒന്ന് മെയ്ദിനമായി അതായത് തൊഴിലാളിദിനമായി ആചരിക്കുന്നു. 1893ല്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്കായി സ്മാരകം നിര്‍മിക്കപ്പെട്ടു.സ്മാരകത്തിൽ എഴുതിവെച്ചിരിക്കുന്നത് – “The day will come when our silence will be more powerful than the voices you are throttling today”.

മെയ്ദിനം ഇന്ത്യയിലാദ്യമായി ആചരിച്ചത് 1923ല്‍ മദ്രാസിലാണ്. ദക്ഷിണേന്ത്യയിലെ പ്രഥമ കമ്യൂണിസ്റ്റുകാരനും പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയുമായ ശിങ്കാരവേലു ചെട്ടിയാരുടെ നേതൃത്വത്തില്‍ മദ്രാസ് കടപ്പുറത്ത് ഒരു യോഗം ചേര്‍ന്നു. മെയ്ദിനം ഒഴിവുദിനമായി പ്രഖ്യാപിക്കണമെന്ന് ആ യോഗം പ്രമേയവും പാസാക്കി. 1957ലെ കേരളത്തിലെ ഇ എം എസ് സര്‍ക്കാരാണ് ഈ പ്രമേയം ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയത്.

വിവിധ കാലങ്ങളില്‍ എണ്ണമറ്റ തൊഴിലാളികള്‍ സമാനതകളില്ലാത്ത സമരമുഖങ്ങളിൽ നടത്തിയ സമരപോരാട്ടങ്ങളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന തൊഴിലാളി അവകാശങ്ങൾ .
നവലിബറൽ ആഗോളവൽക്കരണ നയങ്ങൾ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ,മുതലാളിത്ത സമ്പദ്‌ഘടന ലക്ഷ്യം വയ്‌ക്കുന്ന സ്വതന്ത്രകമ്പോള വ്യവസ്ഥ സാമ്പത്തിക പ്രതിസന്ധിയുടെ എല്ലാ ബാധ്യതകളും തൊഴിലാളി വർഗ്ഗത്തിന്റെ മേൽ അടിച്ചേൽപ്പിക്കുകയും ,സർക്കാരിന്റെ വിഭവങ്ങൾ കോർപ്പറേറ്റുകളുടെ ക്ഷേമത്തിനു വേണ്ടി മാത്രം ചെലവഴിക്കുകയും , തൊഴിൽ സുരക്ഷിതത്വം നഷ്ടപ്പെടുകയും ആനുകൂല്യങ്ങൾ വെട്ടിക്കുറയ്‌ക്കുകയും ,തൊഴിലില്ലായ്‌മ വർധിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഭരണാധികാര വർഗ്ഗത്തിന്റെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നയങ്ങൾക്കെതിരായി തൊഴിലാളി വർഗ്ഗം യോജിച്ചുള്ള പോരാട്ടം നടത്തേണ്ടതിന്റെ ആവശ്യകത കൂടി വരുന്ന ഒരു കാലഘട്ടം ആണിത് . ഇന്ന് ലോകം നേരിടുന്ന കൊറോണ പകർച്ചവ്യാധി ലോകത്ത് ഉരുത്തിരിയുന്ന പുതിയ തൊഴിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും അതിന് പരിഹാരം കാണാനും ഉള്ള ശക്തി തൊഴിലാളി വർഗ്ഗത്തിനുണ്ടാകണം .

ലോകം പണിതത് വിയർപ്പിന്റെ ഉപ്പുരസത്തിൽ നിന്നാണ്, ചുടു ചോരയിൽ നിന്നാണ്… അധ്വാനിക്കുന്നവൻ കൊടുത്ത ഉപ്പും ചോരയും..!
സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ…സംഘടിച്ച്… സംഘടിച്ച്… ശക്തരാകുവിൻ…
അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന് ഒരായിരം മെയ് ദിനാശംസകൾ

അവലംബം : libcom.org, ദേശാഭിമാനി

Leave a Reply

Your email address will not be published. Required fields are marked *