യുദ്ധം അവസാനിച്ചു !
ഒരിക്കലും ചോരയൊലിക്കാത്ത
പേനയിലെ മഷി സാക്ഷിയായി അവർ പറയുന്നു.
സമാധാനത്തിന്റെ വെളുത്ത ഷീറ്റുകളിൽ
അവർ മഷിയിൽ പേരുകൾ ഒപ്പിടുന്നു,
ഗാസ അതിന്റെ കണ്ണീരിൽ ഒപ്പിടുന്നു.

ഇടിഞ്ഞ മേൽക്കൂരകൾക്കും,
തകർന്ന പ്രാർത്ഥനകൾക്കും,
ചിതറിയ ഭിത്തികൾക്കും ഇടയിൽ
കുട്ടികൾ നിശബ്ദതയിലൂടെ
നടന്നു നീങ്ങുന്നു,
ഇനി പ്രകാശിക്കാത്ത നക്ഷത്രങ്ങളെ എണ്ണുന്നു!
മറുവിളി കേൾക്കാത്ത അമ്മമാരെ വിളിക്കുന്നു!
താരാട്ടുപാട്ടുകൾ മണൽക്കുഴികളിൽ മങ്ങിപ്പോകുന്നു,
അച്ഛന്റെ കരുതൽ, മണലിന്മേൽ
എഴുതിയതുപോലെ മായുന്നു.

മണലിൽ പിളർന്ന ഒരു തണ്ണിമത്തൻ,
ഭൂമി പോലെ അതിന്റെ,
ചുവന്ന മാംസത്തിൽ നിന്ന് ചോരയിറ്റുന്നു!
കറുത്ത വിത്തുകൾ,
ഇരുട്ടിനേക്കാൾ ഇരുണ്ട ചെറിയ ദ്വാരങ്ങൾ,
കാഴ്ച്ചയൊടുങ്ങിയവരുടെ കണ്ണുകൾ പോലെ!
രാത്രിയുടെ കുഴികളായി മാറുന്നു.

അവർ അതിനെ “വെടിനിർത്തൽ” എന്ന് വിളിക്കുന്നു,
പക്ഷേ ശവക്കുഴികൾ ഇപ്പോഴും ചൂടാണ്,
വിശപ്പ് കെട്ടുപോയ കണ്ണീരുകലർന്ന
ഉപ്പാണ് കടലിലെ തിരകൾക്ക് !

ഒരു പട്ടം കമ്പിയിൽ കുടുങ്ങി,
പൊടിയിലും പുകയിലും നനഞ്ഞ അതിന്റെ നൂൽ,
ഇപ്പോഴും കാറ്റിനെ സ്വപ്നം കാണുന്നു.
കാറ്റില്ലാതെ ആകാശം പോലും ഭയന്നിരിക്കുന്നു.
പാതി കത്തിയ ഒരു കളിപ്പാട്ടം,
ഒരിക്കലും തിരിച്ചുവരാത്ത
കൈകൾക്കായി കാത്തിരിക്കുന്നു.

നിലവിളികളുടെ അവശിഷ്ടങ്ങളിൽ നിന്ന്
ചിരി എങ്ങനെ പുനർനിർമ്മിക്കും?
രക്തത്തെ ഓർമ്മിക്കുന്ന മണ്ണിൽ
പ്രത്യാശ എങ്ങനെ നട്ട് മുളപ്പിക്കും?
വീഥികളിൽ സൂര്യൻ തെളിയുമ്പോൾ,
മുറിവുകളിലൂടെ അത് ചിന്തയായി ഒഴുകുന്നു;
കാറ്റിൽ മിന്നുന്ന പൊടിത്തരികളിൽ,
ഒരു ജനതയുടെ ഹൃദയമിടിപ്പ് ഇപ്പോഴും മുഴങ്ങുന്നു.

എന്നിട്ടും; അവശിഷ്ടങ്ങൾക്കിടയിൽ,
ഇരുളിൽ ഒരു കുട്ടി
ചോരകൊണ്ട് ചുവന്ന വിരലുകളാൽ
പൊട്ടിയ ചുമരിൽ സൂര്യനെ വരയ്ക്കുന്നു,
അവനിലിപ്പോഴും വെളിച്ചം മരിക്കാൻ വിസമ്മതിക്കുന്നു.
കണ്ണുകളിൽ തീയുടെ നിഴൽ തെളിയുന്നു.
മരിച്ചവരുടെ ശ്വാസത്തിൽ പോലും
പ്രതീക്ഷ മുളയ്ക്കുന്ന ഭൂമിയാണ് ഗാസ!

ചിന്ത -മാസ് സാഹിത്യോത്സവം CMLF 2025 – കവിത രചനാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കവിത