ഇന്ന് മെയ് ദിനം.

ലോകം പണിതത് രാജാക്കന്മാരുടെ കിരീടങ്ങളിൽ നിന്നല്ല; മുതലാളിമാരുടെ ലാഭക്കണക്കുകളിൽ നിന്നല്ല. അത് പണിതത് അധ്വാനിക്കുന്ന മനുഷ്യരുടെ വിയർപ്പിന്റെ ഉപ്പുരസത്തിൽ നിന്നാണ്.ചുടുചോരയിൽ നിന്നാണ്.ഫാക്ടറിയിലെ യന്ത്രശബ്ദത്തിനിടയിലും, വയലിലെ വെയിലിലും, ഖനികളിലെ ഇരുട്ടിലും, തുറമുഖങ്ങളിലും, ആശുപത്രികളിലും, നിർമ്മാണസ്ഥലങ്ങളിലും, ഓഫീസുകളിലും, വീടുകളിലും പണിയെടുക്കുന്ന മനുഷ്യരുടെ അദൃശ്യമായ അധ്വാനത്തിൽ നിന്നാണ് ഈ ലോകം ഉയർന്നത്.

മെയ് ദിനം അത് മുതലാളിത്ത ചൂഷണത്തിനെതിരായ തൊഴിലാളിവർഗ്ഗത്തിന്റെ ചരിത്രപ്രഖ്യാപനമാണ്. മനുഷ്യനെ ലാഭത്തിനായി ചൂഷണത്തിന് വിധേയമാക്കുന്ന വ്യവസ്ഥയ്‌ക്കെതിരെ, മനുഷ്യന് ജീവിക്കാൻ അവകാശമുണ്ടെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ദിനമാണ്.

“8 മണിക്കൂർ ജോലി, 8 മണിക്കൂർ വിശ്രമം, 8 മണിക്കൂർ വിനോദവും പഠനവും” ഈ മുദ്രാവാക്യം വെറും തൊഴിൽസമയത്തിന്റെ കണക്കല്ല. അത് മനുഷ്യജീവിതത്തിന്റെ അവകാശപ്രഖ്യാപനമാണ്. മനുഷ്യൻ യന്ത്രമല്ലെന്നും, ജീവിതം മുഴുവൻ മുതലാളിയുടെ ലാഭത്തിനായി അടിമപ്പണി ചെയ്യേണ്ട ഒന്നല്ലെന്നും പ്രഖ്യാപിച്ച രാഷ്ട്രീയ സമരത്തിന്റെ ചരിത്രഗർജ്ജനമാണ് അത്.

ചിക്കാഗോയിലെ തെരുവുകളിൽ ഉയർന്ന ആ മുദ്രാവാക്യം ഇന്നും അവസാനിച്ചിട്ടില്ല.കാരണം ചൂഷണം ഇന്നും അവസാനിച്ചിട്ടില്ല. അധ്വാനത്തിന്റെ മൂല്യം കവർന്നെടുക്കുന്ന മുതലാളിത്തം ഇന്നും പുതിയ മുഖങ്ങളോടെ തുടരുന്നു.സ്ഥിരം തൊഴിൽ കരാർ തൊഴിലായി മാറുന്നു. തൊഴിൽസുരക്ഷ കോർപ്പറേറ്റ് ലാഭത്തിന് മുന്നിൽ തകർന്നു വീഴുന്നു. അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു.സംഘടിത സമരങ്ങളെ “ദേശവിരുദ്ധ മുദ്ര” ചാർത്തപ്പെടുന്നു.തൊഴിലാളിയുടെ ജീവിതം വിപണിയുടെ കണക്കുപുസ്തകത്തിലെ ഒരു നമ്പറാക്കി ചുരുക്കപ്പെടുന്നു.

നവലിബറൽ നയങ്ങൾ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുമ്പോൾ, കോർപ്പറേറ്റുകൾക്കായി സർക്കാരുകളുടെ വാതിലുകൾ തുറക്കപ്പെടുന്നു. പൊതുമേഖല വിറ്റഴിക്കപ്പെടുന്നു. തൊഴിൽ നിയമങ്ങൾ ദുർബലമാക്കപ്പെടുന്നു. തൊഴിലില്ലായ്മയും അസമത്വവും വർധിക്കുന്നു. അധ്വാനിക്കുന്ന മനുഷ്യന്റെ അവകാശം കുറയ്ക്കുമ്പോഴും മൂലധനത്തിന്റെ ലാഭം സംരക്ഷിക്കാൻ ഭരണകൂടങ്ങൾ കാവൽ നിൽക്കുന്നു.

ഇത്തരം ചൂഷണങ്ങൾക്കെതിരെ ജനങ്ങൾ ഒരുമിച്ചു നിൽക്കാൻ തുടങ്ങുമ്പോഴാണ് തീവ്ര വലതുപക്ഷ ശക്തികൾ മതവും ജാതിയും വംശീയതയും വിദ്വേഷവും മുന്നോട്ട് വയ്ക്കുന്നത്. തൊഴിലാളി തൊഴിലാളിയെ തിരിച്ചറിയാതിരിക്കാനാണ് അവർ മതത്തിന്റെ മതിൽ പണിയുന്നത്. ദരിദ്രൻ ദരിദ്രനെ ശത്രുവായി കാണാനാണ് അവർ ജാതിയുടെയും വംശീയതയുടെയും വിഷം വിതറുന്നത്. വർഗ്ഗബോധം മങ്ങിയാൽ മാത്രമേ മുതലാളിത്തത്തിന് സുരക്ഷിതമായി തുടരാൻ കഴിയൂ എന്നറിഞ്ഞുകൊണ്ടാണ് ഈ വിഭജന രാഷ്ട്രീയം വളർത്തപ്പെടുന്നത്.

അതുകൊണ്ട് മെയ് ദിനത്തിന്റെ രാഷ്ട്രീയം കൂടുതൽ പ്രസക്തമാകുന്നത്. ഇന്ന് തൊഴിലാളിവർഗ്ഗത്തിന് മുന്നിലുള്ള കടമ ശമ്പളവർധനവിനോ തൊഴിൽസമയത്തിനോ മാത്രം വേണ്ടിയുള്ള പോരാട്ടമല്ല. അത് മനുഷ്യാവകാശത്തിനും സാമൂഹ്യനീതിക്കും മതനിരപേക്ഷതയ്ക്കും സമത്വത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടം കൂടിയാണ്. തൊഴിലാളിയുടെ അവകാശ സംരക്ഷണവും ഫാസിസ്റ്റ്-കോർപ്പറേറ്റ് രാഷ്ട്രീയത്തിനെതിരായ പ്രതിരോധവും വേർതിരിക്കാനാവാത്ത ഒന്നാണ്.

അധ്വാനിക്കുന്ന മനുഷ്യരുടെ ഐക്യമാണ് ചരിത്രത്തെ മുന്നോട്ട് നീക്കിയത്. അതേ ഐക്യം തന്നെയാണ് ഇനി വരുന്ന നാളുകളെയും മാറ്റിമറിക്കുക. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ വർഗ്ഗബോധത്തിന്റെ രാഷ്ട്രീയം ഉയരണം. മൂലധനത്തിന്റെ അധികാരത്തിനെതിരെ തൊഴിലാളിവർഗ്ഗത്തിന്റെ സംഘടിത ശക്തി ഉയരണം. ചൂഷണത്തിന്റെ ലോകത്തിനുപകരം സമത്വവും സഹോദര്യവും നീതിയും നിറഞ്ഞ പുതിയൊരു ലോകം ഉയരണം.

തൊഴിലാളി തൊഴിലാളിയെ തിരിച്ചറിയാതിരിക്കാൻ മതം മതിൽ പണിയുമ്പോൾ, നമ്മൾ വർഗ്ഗബോധത്തിന്റെ പാലം പണിയണം.

ഹേമാർക്കറ്റ് രക്തസാക്ഷികൾക്ക് ലാൽസലാം. അധ്വാനിക്കുന്ന മനുഷ്യരുടെ പോരാട്ടങ്ങൾക്ക് അഭിവാദ്യം. ലോക തൊഴിലാളിവർഗ്ഗ ഐക്യത്തിന് വിപ്ലവ അഭിവാദ്യം.സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ. സംഘടിച്ച് ശക്തരാകുവിൻ.
ഏവർക്കും മെയ് ദിനാശംസകൾ.

മെയ് ദിനത്തെക്കുറിച്ചു വായിക്കാൻ :