കേരളത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ഇന്ന് വലതുപക്ഷവും കോൺഗ്രസും ആവർത്തിക്കുന്ന ഒരു വാചകമുണ്ട് “കേരളം കടക്കെണിയിൽ”, “ഖജനാവ് കാലി”, “സംസ്ഥാനം പാപ്പരായി”,”ഖജനാവിൽ പൂച്ച പെറ്റ് കിടക്കുന്നു”; പക്ഷേ സാമ്പത്തിക ചർച്ച ഇത്തരത്തിലുള്ള വിലകുറഞ്ഞ പരിഹാസം കൊണ്ടല്ല നടത്തേണ്ടത്. കണക്കുകളോടെയും ചരിത്രബോധത്തോടെയും വർഗ്ഗബോധത്തോടെയും വേണം അത് നടത്താൻ.

ഭരണകൂടത്തിന്റെ കടത്തെ പാപ്പരത്തമായി ചിത്രീകരിക്കുന്ന കോൺഗ്രസ്-വലതുപക്ഷ യുക്തി യഥാർത്ഥത്തിൽ ജനക്ഷേമ പദ്ധതികളെ തകർക്കാനുള്ള നവലിബറൽ അജണ്ടയാണ്; ധനമൂലധനത്തിന്റെ ലാഭക്കണ്ണുകളിലൂടെയല്ല, മറിച്ച് ജനകീയ പ്രതിരോധത്തിന്റെ ചരിത്ര പശ്ചാത്തലത്തിലാണ് കേരളത്തിന്റെ സാമ്പത്തികാവസ്ഥയെ വിലയിരുത്തേണ്ടത്.കോർപ്പറേറ്റുകളുടെ ലാഭസമാഹരണത്തിനായുള്ള കടമെടുപ്പിനെ വികസനമെന്നും, സാധാരണക്കാരുടെ അതിജീവനത്തിനായുള്ള സാമൂഹ്യക്ഷേമ നിക്ഷേപങ്ങളെ ‘കടക്കെണി’ എന്നും വിളിക്കുന്ന വലതുപക്ഷ കാപട്യത്തെ വർഗ്ഗബോധത്തോടെ തുറന്നുകാട്ടേണ്ടതുണ്ട്.എൽ.ഡി.എഫ് സർക്കാരിന്റെ കടമെടുപ്പ് എന്നത് ധനമാനേജ്‌മെന്റിന്റെ പരാജയമല്ല; മറിച്ച്, നവലിബറൽ മുതലാളിത്തത്തിന്റെ കൊള്ളരുതായ്മകൾക്കെതിരെ അധ്വാനിക്കുന്ന ജനവിഭാഗത്തെ സംരക്ഷിക്കാനുള്ള ബോധപൂർവ്വമായ രാഷ്ട്രീയ പ്രതിരോധമാണ്.

ഉത്തരവാദിത്ത രാഷ്ട്രീയ അടിസ്ഥാനത്തിൽ ചോദിക്കേണ്ട ചോദ്യം ഇതാണ്; കടം ഉണ്ടോ എന്നല്ല പ്രധാന ചോദ്യം; കടം ആർക്കുവേണ്ടി ഉപയോഗിച്ചു എന്നതാണ്. കോർപ്പറേറ്റുകൾക്ക് നികുതി ഇളവ് നൽകാൻ കടം എടുക്കുന്നുണ്ടോ?അല്ലെങ്കിൽ സാധാരണ മനുഷ്യരുടെ സ്കൂൾ, ആശുപത്രി, വീട്, റോഡ്, ഭക്ഷണം, പെൻഷൻ, തൊഴിൽ, ദുരന്തകാല സുരക്ഷ എന്നിവയ്ക്കായി കടം വിനിയോഗിക്കുന്നുണ്ടോ?

ഈ ചോദ്യത്തിലാണ് LDF-ഉം UDF-ഉം തമ്മിലെ സാമ്പത്തിക രാഷ്ട്രീയ വ്യത്യാസം തുടങ്ങുന്നത്.

  1. 2016-ൽ UDF അധികാരമൊഴിയുമ്പോൾ എന്തായിരുന്നു ധനകാര്യ സ്ഥിതി: നിറഞ്ഞു കവിഞ്ഞൊഴുകിയ ഖജനാവ് ആയിരുന്നോ അല്ല, deficit-കളുടെ കേരളമായിരുന്നു. ആ കേരളത്തെ ആയിരുന്നു പിണറായി വിജയൻ നേതൃത്വം നൽകിയ LDF സർക്കാർ ഏറ്റെടുക്കുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന സാമ്പത്തിക വർഷമായ 2015-16ൽ സംസ്ഥാനത്തിന്റെ revenue deficit ₹9,656.81 കോടി ആയിരുന്നു. Fiscal deficit ₹17,818.39 കോടി ആയിരുന്നു. ഇത് GSDPയുടെ ഏകദേശം 3% ആയിരുന്നു. അതായത്, LDF ഏറ്റെടുത്തത് നിറഞ്ഞ ഖജനാവ് അല്ല; മുൻ UDF ഭരണത്തിന്റെ ധനകാര്യ സമ്മർദ്ദങ്ങളും കുടിശ്ശികകളും തീരാത്ത ബാധ്യതകളും ആയിരുന്നു.
    2015-16 ബജറ്റുമായി ബന്ധപ്പെട്ട CAG നിരീക്ഷണങ്ങളിൽ 2015-16ൽ പ്രഖ്യാപിച്ച 82 പദ്ധതികളിൽ 59 എണ്ണം ആരംഭിച്ചില്ലെന്നും, ഫണ്ട് അനുവദിച്ച 41 പദ്ധതികളിൽ 23 പദ്ധതികൾക്കേ യഥാർത്ഥത്തിൽ പണം ലഭിച്ചുള്ളൂ എന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചു. ഇത് “പദ്ധതി പ്രഖ്യാപനം” മാത്രമായിരുന്നു എന്നും “പദ്ധതി നടപ്പാക്കൽ” ശൂന്യമായിരുന്നു എന്നതിനുള്ള തെളിവാണ്.
  2. ആന്റണി കാലത്തെ treasury crisis: മറക്കാൻ പാടില്ലാത്ത കോൺഗ്രസ് ചരിത്രം ഇന്ന് “ഖജനാവ് കാലി” എന്ന് മുറവിളിക്കുന്ന കോൺഗ്രസ് ഒന്നോർക്കുന്നത് നല്ലതാണ്. 2002 ഫെബ്രുവരി 14-ന്, ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ, RBI കേരള സർക്കാർ ട്രഷറി അടയ്ക്കാൻ ഉത്തരവിട്ടുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. കാരണം ആ സമയം സംസ്ഥാന സർക്കാർ ₹350 കോടി overdraft നിലയിൽ ആയിരുന്നു. നികുതി വരുമാനം വന്നിട്ടും, treasury closure ഒഴിവാക്കാൻ സംസ്ഥാനത്തിന് ഇനിയും ₹100 കോടി ആവശ്യമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
    2014-ലും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് treasury closure ഭീഷണി വീണ്ടും വാർത്തയായി. Ways and Means Advance പരിധി കടന്നാൽ overdraft-ലേക്ക് പോകും; overdraft 14 working days തുടർന്നാൽ RBI treasury operations നിർത്തും, salaries and pensions freeze ചെയ്യപ്പെടും എന്നായിരുന്നു അന്നത്തെ സാമ്പത്തിക സാഹചര്യം വിശദീകരിച്ച റിപ്പോർട്ട് പറയുന്നത്. അന്ന് ട്രഷറി അടയ്ക്കലിന്റെ വക്കിലെത്തിച്ചവർ ആണ് ഇന്ന് LDF സർക്കാരിനെ സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കുന്നത് !
  3. LDF ഭരണകാലം: ദുരന്തങ്ങളും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ശത്രുതക്കും നടുവിൽ നടന്ന ജനക്ഷേമകാലം. 2016–2026 കാലം കേരളം അന്നുവരെ കണ്ടിട്ടില്ലാത്ത അസാധാരണ സംഭവങ്ങൾ നിറഞ്ഞതായിരുന്നു – ഓഖി, രണ്ട് മഹാപ്രളയങ്ങൾ, നിപ്പ, കോവിഡ്, GST compensation പ്രശ്നങ്ങൾ, കേന്ദ്ര borrowing limit നിയന്ത്രണങ്ങൾ, KIIFB ഉൾപ്പെടെയുള്ള off-budget borrowing-നെ സംസ്ഥാന borrowing limit-ൽ ഉൾപ്പെടുത്തിയ കേന്ദ്രനയങ്ങൾ ഇതെല്ലാം ഒരുമിച്ച് കേരളത്തെ ആകെ സാമ്പത്തികമായി ഞെരുക്കിയതായിരുന്നു.
    2025-26ലും കേന്ദ്രം കേരളത്തിന്റെ loan limit ₹5,900 കോടി കുറച്ചതായും, KIIFBയും pension companyയും ബന്ധപ്പെട്ട മുൻ നിയന്ത്രണങ്ങൾ ചേർന്നപ്പോൾ loans and grants shortfall ഏകദേശം ₹17,000 കോടി വരെയാണെന്നും ധനമന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞിരുന്നു.
    എന്നിട്ടും ഈ 10 വർഷം ഒരിക്കലും treasury അടച്ചില്ല. സർക്കാർ ജീവനക്കാരുടെ salaries, pensions മുടങ്ങിയില്ല. KSRTC ജീവനക്കാരുടെ salary/pension നൽകാൻ സംസ്ഥാന ഖജനാവിൽ നിന്ന് മാസംതോറും ഏകദേശം ₹125 കോടി ചെലവഴിച്ചിട്ടുണ്ട്.
  4. Treasury balance: ₹4,000 കോടിയോ ₹6,300 കോടിയോ എന്നതാണല്ലോ ഇപ്പോഴത്തെ പ്രധാന ചോദ്യം.എം LDF സർക്കാർ അധികാരം ഒഴിയുമ്പോൾ treasuryയിൽ ₹4,000 കോടി balance ഉണ്ടായിരുന്നുവെന്ന് മനോരമ പത്രം അടക്കം റിപ്പോർട്ട് ചെയ്തു. ചില social media discussions-ൽ ₹6,300 കോടി balance ഉണ്ട് എന്ന കണക്കും ഉന്നയിക്കപ്പെടുന്നുണ്ട്. കൃത്യമായ audited closing cash balance സർക്കാർ രേഖകളിൽ നിന്നു കൂടി പരിശോധിക്കേണ്ടതാണ്. പക്ഷേ ഇവിടെ പ്രധാന political point മറ്റൊന്നാണ്: LDF സർക്കാർ പണം വറ്റിച്ചു തീർത്തു ഇറങ്ങി പോയതല്ല; treasury പ്രവർത്തനക്ഷമമായി നിലനിർത്തി പുതിയ സർക്കാരിന് കൈമാറിയതാണ്.
    ഇതിന്റെ മറുവശവും കൂടി സത്യസന്ധമായി പറയണമല്ലോ. Treasuryയിൽ balance ഉണ്ടെന്ന് പറഞ്ഞാൽ liabilities ഇല്ല എന്നല്ല. ഒരു സർക്കാരിന് ശമ്പളം, pension, welfare pension, DA/DR arrears, contractor bills, local body transfers, scheme payments, loan servicing തുടങ്ങിയ recurring commitments ഉണ്ടാകും. അതായത് “ഒരു ബാധ്യതയും ബാക്കിയില്ല” എന്നല്ല; മറിച്ച് “ബാധ്യതകൾക്കായി provision വച്ച, treasury പ്രവർത്തിക്കുന്ന, salaries/pensions മുടങ്ങാത്ത, welfare commitments തുടരുന്ന സംസ്ഥാനത്തെയാണ് LDF സർക്കാർ പുതിയ UDF സർക്കാരിന് കൈമാറിയത് എന്ന്. DA/DR മുൻകാല കുടിശ്ശിക 8 തുല്യ ഗഡുക്കളായി നൽകാൻ budget provision വച്ചുവെന്ന കാര്യവും ഇതിൽ ഉൾപ്പെടുന്നു.
  5. വാർഷിക ചെലവിലെ വളർച്ച: ചെലവ് അല്ല, അത് ജനങ്ങളിലേക്കുള്ള നിക്ഷേപം ആയിരുന്നു. UDF ഭരണകാലത്തെയും LDF ഭരണകാലത്തെയും annual expenditure നോക്കുമ്പോൾ വലിയ വ്യത്യാസം കാണാം.
    ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ശരാശരി വാർഷിക ചെലവ് ഏകദേശം ₹70,000 കോടി ആയിരുന്നു. അത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ശരാശരി വാർഷിക ചെലവ് ഏകദേശം ₹1.15 ലക്ഷം കോടി ആയി.കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരി വാർഷിക ചെലവ് ഏകദേശം ₹1.72 ലക്ഷം കോടി ആയി വർദ്ധിച്ചു. വലതുപക്ഷം ഇതിനെ “ചെലവ്” എന്ന് വിളിക്കും. ഇടതുപക്ഷം ഇതിനെ social investment എന്ന് കാണും. ഈ പണം LDF സർക്കാർ എന്ത് ചെയ്തു. അത് സർക്കാർ സ്കൂളുകളിലേക്ക്, ആശുപത്രികളിലേക്ക്,ലൈഫ് മിഷൻ വീടുകളിലേക്ക്, ക്ഷേമപെൻഷനിലേക്ക്,പുതിയ റോഡുകളുടെ നിർമ്മാണത്തിലേക്ക്, മലയോര ഹൈവേയിലേക്ക്, തീരദേശ ഹൈവേയിലേക്ക്, ദേശീയപാത വികസനത്തിലേക്ക്, തുരങ്ക പാതയുടെ നിർമ്മാണത്തിലേക്ക്, മെട്രോ വികസനത്തിലേക്ക്, പൊതുമേഖലയുടെ വികസനത്തിന്, IT പാർക്കുകൾക്ക്, ഭക്ഷ്യക്കിറ്റുകളിലേക്ക്, ദുരന്തകാല രക്ഷാപ്രവർത്തനത്തിലേക്ക്,എല്ലാം നഷ്ട്ടപ്പെട്ടവർക്കുള്ള ടൗൺഷിപ്പ് നിർമ്മാണത്തിന്, പൊതുജനാരോഗ്യത്തിലേക്ക്.
    രണ്ടാം പിണറായി സർക്കാർ ക്ഷേമപെൻഷൻ ഇനത്തിൽ മാത്രം ₹50,000 കോടിയിലധികം വിതരണം ചെയ്തു. അത് ചിലവ് അല്ല അന്തസ്സിന്റെ രാഷ്ട്രീയമാണ്. പെൻഷൻ എന്നത് വെറും cash transfer അല്ല. മാർക്സിയൻ കാഴ്ചപ്പാടിൽ അത് തൊഴിലാളിവർഗ്ഗത്തിന്റെയും ദരിദ്രരുടെയും ജീവിത പുനരുത്പാദനത്തിനുള്ള സാമൂഹിക അവകാശമാണ്. വയോധികൻ, വിധവ, ഭിന്നശേഷിക്കാരൻ, ഭൂമിയില്ലാത്ത ദരിദ്രൻ ഇവരെ വിപണിക്ക് വിട്ടുകൊടുക്കുന്നുണ്ടോ, അല്ലെങ്കിൽ സംസ്ഥാനത്തിന്റെ സാമൂഹിക ഉത്തരവാദിത്വമായി കാണുന്നുണ്ടോ എന്നതാണ് രാഷ്ട്രീയ വ്യത്യാസം.
  6. UDF ന് സാമ്പത്തിക പ്രതിസന്ധി വന്നാൽ ആദ്യം കത്തിവെക്കുന്നത് ഈ സാമൂഹിക ക്ഷേമങ്ങളിൽ ആയിരിക്കും. അതുകൊണ്ടാണ് ക്ഷേമ പെൻഷനുകൾ കുടിശ്ശികയാക്കുന്ന പാരമ്പര്യമുണ്ടായത്. എന്നാൽ LDF സർക്കാരിന് സാമ്പത്തിക ഞെരുക്കം വന്നിട്ടും ക്ഷേമ പെൻഷനുകൾ കുടിശ്ശിക വരുത്താതെ മുന്നോട്ട് കൊണ്ടുപോയി. വെല്ലുവിളികൾ ഉണ്ട്. പക്ഷേ പരിഹാരം welfare cutting അല്ല. പരിഹാരം progressive revenue mobilisation ആണ്.
  7. കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയിട്ടും സംസ്ഥാനം അതിന്റെ സ്വന്തം വരുമാനശേഷി ഉയർത്താനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. അഞ്ചുവർഷംകൊണ്ട് സംസ്ഥാനത്തിന്റെ തനത് വരുമാനം ₹47,000 കോടിയിൽ നിന്ന് ₹1 ലക്ഷം കോടിയിലേക്ക് ഉയർത്താൻ കഴിഞ്ഞു. 2025-26 budget analysis പ്രകാരം Kerala’s own tax revenue ₹91,515 കോടി ആയി കണക്കാക്കപ്പെട്ടിരുന്നു; 2024-25 Revised Estimate-നെ അപേക്ഷിച്ച് ഏകദേശം 12% വളർച്ച. Own tax revenue GSDPയുടെ ഏകദേശം 6.4% ആയി കണക്കാക്കപ്പെട്ടു.ഇന്ത്യയുടെ ദേശീയ ആവറേജ് GDP യേക്കാൾ വളരെ ഉയർന്ന നിലയിലാണ് ഇത്. [PRS Legislative Research Report] ഇത് വളരെ പ്രധാനപ്പെട്ടതാണ്. കാരണം വലതുപക്ഷത്തിന്റെ നരേറ്റിവിൽ LDF സർക്കാർ വെറും “കടം എടുത്തു” എന്നതാണ്. പക്ഷേ യഥാർത്ഥ ചിത്രം; LDF സർക്കാർ സ്വന്തം വരുമാനശേഷിയും ഉയർത്താൻ ശ്രമിച്ചു, അതോടൊപ്പം കേന്ദ്രത്തിന്റെ fiscal squeeze നെ രാഷ്ട്രീയമായി ചോദ്യം ചെയ്യുകയും ചെയ്തു. ഇങ്ങനെ ഉള്ള സംസ്ഥാനത്തെയാണോ “പാപ്പരായ സംസ്ഥാനം” എന്ന് വലതുപക്ഷം വാദിക്കുന്നത്.
  8. UDF mismanagement vs LDF social investment എന്തായിരുന്നു എന്ന് ഒറ്റനോട്ടത്തിൽ നോക്കിയാലോ? UDF-ന്റെ ഏതാണ്ട് എല്ലാ സർക്കാരിന്റെ കാലത്തും ട്രഷറി പ്രതിസന്ധിയിൽ ആയിട്ടുണ്ട്. Overdraft ഭീഷണി ഉണ്ടായിട്ടുണ്ട്. എന്നാൽ പ്രഖ്യാപിച്ച പദ്ധതികളിൽ പലതും നടപ്പാക്കാതെ കല്ലിട്ട് പോയ സംസ്കാരം. ക്ഷേമപെൻഷൻ കുടിശ്ശിക വരുത്തി. എന്നാൽ LDF-ന്റെ പത്ത് വർഷം എങ്ങനെ ആയിരുന്നു ? ഈ ദുരന്തകാലത്തും treasury അടച്ചിട്ടില്ല. ശമ്പളവും pension-ഉം മുടക്കിയില്ല. ക്ഷേമപദ്ധതികൾ ഒന്നും മുടങ്ങിയില്ല. പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ടു, പൊതുജനാരോഗ്യം വികസിപ്പിച്ചു,സർവ്വതോൻമുഖമായ വികസനങ്ങൾ ഉണ്ടായി- ലൈഫ് മിഷൻ വീടുകൾ, ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, GAIL pipeline, Water Metro, K-FON തുടങ്ങിയ infrastructure projects ഒന്നും മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോയി.
  9. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ശത്രുതയും അതിനെതിരെ കേരളം നടത്തിയ പോരാട്ടവും. കേന്ദ്ര-സംസ്ഥാന സാമ്പത്തിക തർക്കം എന്നത് കേവലം രണ്ട് ഭരണകൂടങ്ങൾ തമ്മിലുള്ള നിയമപരമായ തർക്കമല്ല. ഇത് അധികാര കേന്ദ്രീകരണത്തിലൂടെയും നവലിബറൽ നയങ്ങളിലൂടെയും കോർപ്പറേറ്റ് മേധാവിത്വം ഉറപ്പാക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഭരണകൂടവും, അതിനെ ജനകീയ ബദലുകളിലൂടെ പ്രതിരോധിക്കുന്ന ഒരു ഇടതുപക്ഷ സംസ്ഥാന ഭരണകൂടവും തമ്മിലുള്ള വർഗ്ഗസമരമാണ്. സംസ്ഥാനങ്ങൾക്ക് കിട്ടേണ്ട divisible pool നൽകാതെ സെസ്സുകളും സർചാർജുകളും വർദ്ധിപ്പിച്ച് കേന്ദ്രം സംസ്ഥാനങ്ങളുടെ അർഹമായ വിഹിതം തട്ടിയെടുക്കുന്നു. ഇതിലൂടെ ലഭിക്കുന്ന പണം കോർപ്പറേറ്റുകൾക്ക് നികുതിയിളവ് നൽകാനും വായ്പകൾ എഴുതിത്തള്ളാനുമാണ് കേന്ദ്രം ഉപയോഗിക്കുന്നത്.സംസ്ഥാനങ്ങളുടെ നികുതി നിർണ്ണയാധികാരം കവർന്നെടുത്ത ജി.എസ്.ടി സമ്പ്രദായം, വൻകിട കുത്തകകൾക്ക് ഇന്ത്യയിലുടനീളം തടസ്സമില്ലാതെ കച്ചവടം നടത്താനുള്ള സൗകര്യമാണ് ഒരുക്കിയത്. അതിന്റെ ഇരകളാണ് കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾ.ഭരണഘടനയുടെ 293-ാം അനുച്ഛേദം ദുരുപയോഗം ചെയ്ത് കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കിയത് സാമ്പത്തിക അച്ചടക്കത്തിനല്ല. മറിച്ച്, ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ കൈകാലുകൾ കെട്ടിയിടാനായിരുന്നു. സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് മൂലധന നിക്ഷേപം നടത്തുന്നത് തടയുന്നതിലൂടെ, പൊതുമേഖലയെ തകർക്കാനും ആ മേഖലകളിലേക്ക് സ്വകാര്യ മൂലധനത്തിന് പരവതാനി വിരിക്കാനും കേന്ദ്രം വഴിതുറന്നത് വഴി നവലിബറൽ നയങ്ങൾ നടപ്പാക്കുകയായിരുന്നു.

ഇവിടെയാണ് പ്രതിരോധത്തിന്റെ കേരള മാതൃകാ ചരിത്രം ആകുന്നത്. സുപ്രീംകോടതിയെ സമീപിച്ചും ഡൽഹിയിൽ സമരം നയിച്ചും കേരളം തുടക്കമിട്ട പോരാട്ടം കേവലം ഒരു സംസ്ഥാനത്തിന്റെ നിലനില്പിന് വേണ്ടിയല്ല. അത് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസത്തിന്റെ സംരക്ഷണത്തിനും കൂടിയായിരുന്നു.കേരളത്തിന്റെ ഈ വർഗ്ഗബോധത്തോടെയുള്ള ചോദ്യം ചെയ്യലാണ് പിന്നീട് തമിഴ്‌നാടും കർണാടകയും പശ്ചിമ ബംഗാളും ഉൾപ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങൾ ഏറ്റെടുക്കാൻ നിർബന്ധിതമായത്. ഇത് കേവലം കേരളവും കേന്ദ്രവും തമ്മിലുള്ള സാമ്പത്തിക തർക്കമല്ല; മറിച്ച്, രാജ്യത്തെ എല്ലാ വിഭവങ്ങളും വൻകിട കോർപ്പറേറ്റുകൾക്കായി കേന്ദ്രീകരിക്കാൻ ശ്രമിക്കുന്ന ‘ധനകാര്യ ഏകാധിപത്യവും’ (Fiscal Authoritarianism), ജനങ്ങളുടെ അതിജീവനത്തിനായി നിലകൊള്ളുന്ന ‘ഫെഡറൽ ജനാധിപത്യവും’ തമ്മിലുള്ള നേരിട്ടുള്ള വർഗ്ഗപ്പോരാട്ടമാണ്.

ഒരു സംസ്ഥാനത്തെ വിലയിരുത്തേണ്ടത് കടം ഉണ്ടോ എന്നതുകൊണ്ടല്ല. ആ കടം ഏത് വർഗ്ഗത്തിന്റെ ജീവിതം മെച്ചപ്പെടുത്താൻ ഉപയോഗിച്ചു എന്നതുകൊണ്ടാണ്.
UDF ഇന്ന് ഏറ്റെടുക്കുന്നത് സാമ്പത്തികമായി തകർന്ന കേരളത്തെയല്ല. വെല്ലുവിളികളുള്ള, എന്നാൽ പത്ത് വർഷത്തെ പൊതുനിക്ഷേപങ്ങളാൽ ശക്തിപ്പെട്ട കേരളത്തെയാണ്. UDF ഏറ്റെടുക്കുന്നത് ശമ്പളം കൊടുക്കാൻ കഴിയാത്ത അടച്ചിട്ട ട്രഷറി ഉള്ള സംസ്ഥാനം അല്ല; ശമ്പളവും പെൻഷനും മുടക്കാതെ കൈമാറിയ സംസ്ഥാനം ആണ്. UDF ഏറ്റെടുക്കുന്നത് വികസനം നിലച്ച കേരളത്തെയല്ല; infrastructure, welfare, health, education എന്നിവയിൽ പുതിയ baseline ഉണ്ടാക്കിയ കേരളത്തെയാണ്.

ഇനി UDF ചെയ്യേണ്ടത് ഇത്രമാത്രമാണ്. ഈ നേട്ടങ്ങളെ തകർക്കരുത്. ക്ഷേമപദ്ധതികളിൽ നിന്ന് പിൻമാറരുത്. പൊതുമേഖല ദുർബലമാക്കരുത്. കടം എന്ന പേരിൽ ജനക്ഷേമം വെട്ടിക്കുറക്കരുത്.പത്ത് വർഷത്തെ ജനകീയ സാമ്പത്തിക ഇടപെടലിനെ “പാപ്പരാക്കിയ ഭരണം” എന്ന് വിളിക്കുന്നത് ചരിത്രത്തോടുള്ള വഞ്ചനയാണ്.