“കടക്കൂ പുറത്ത്”, “വീട്ടിൽ പോയി പറഞ്ഞാൽ മതി”, “ധാർഷ്ട്യം”, “ആരോടും ചിരിക്കില്ല”, “സ്വജനപക്ഷപാതം” — പിണറായി വിജയനെക്കുറിച്ച് വർഷങ്ങളായി ആവർത്തിച്ചു കൊണ്ടിരിക്കുന്ന ചില ആക്ഷേപങ്ങൾ ഇവയാണ്. രാഷ്ട്രീയമായി അദ്ദേഹത്തെ എതിർക്കാം. ഭരണനടപടികളെ വിമർശിക്കാം. തീരുമാനങ്ങളോട് വിയോജിക്കാം. പക്ഷേ ഒരു രാഷ്ട്രീയ നേതാവിനെ മനുഷ്യനെ ഇത്തരത്തിലുള്ള ചില വാക്കുകളിലേക്കും ഭാവങ്ങളിലേക്കും ചുരുക്കുന്നത് യഥാർത്ഥ രാഷ്ട്രീയ വിമർശനം അല്ല; അത് വ്യക്തിഹത്യയുടെ സൗകര്യപ്രദമായ ഭാഷ മാത്രമാണ്.
പിണറായി വിജയനെ വിമർശിക്കുന്നവർ ആദ്യം മനസ്സിലാക്കേണ്ടത്, അദ്ദേഹം രൂപപ്പെട്ടത് എയർ കണ്ടീഷൻ മുറികളിലോ, വിദേശ സർവ്വകലാശാലകളിലോ, മാധ്യമ സൗഹൃദ വേദികളിലോ, താവഴിയോ, ചിട്ടിക്കമ്പനി കബളിപ്പിച്ചോ, അല്ല എന്നതാണ്. കണ്ണൂരിലെ കടുത്ത രാഷ്ട്രീയ സംഘർഷങ്ങളുടെയും വർഗ്ഗസമരങ്ങളുടെയും സംഘടനാ ജീവിതത്തിന്റെയും നടുവിലാണ് ആ രാഷ്ട്രീയ ശരീരവും മനസ്സും രൂപപ്പെട്ടത്. അവിടെ രാഷ്ട്രീയമെന്നത് ചിരിച്ചുകൊണ്ട് കൈവീശുന്ന, തോളിൽ കൈയിട്ട് സെൽഫിക്ക് ചിരിച്ചുനിൽക്കുന്ന ഒരു പ്രകടനകല മാത്രമായിരുന്നില്ല. നിലപാട്, കാഠിന്യം, കാർക്കശ്യം, പ്രതിരോധം, സംഘടനാ ശിക്ഷണം; അതായിരുന്നു ആ രാഷ്ട്രീയത്തിന്റെ ഭാഷ.
“ധാർഷ്ട്യം” എന്ന് വിളിക്കുന്ന പലതും പലപ്പോഴും ഇടതുപക്ഷ രാഷ്ട്രീയത്തിൽ “നിലപാട്” ആയിരുന്നു. എല്ലാവരെയും സന്തോഷിപ്പിക്കാനുള്ള ഭാഷയും, എല്ലാ ചോദ്യത്തിനുമുന്നിലും മൃദുവായി ചിരിച്ചുകൊണ്ടുള്ള ഒഴിഞ്ഞുമാറലും, ചോദ്യങ്ങൾക്ക് മറുപടി ആയി “യേ.. എന്താ..” വാക്കുകൾ ഉപയോഗിച്ച് ഒഴിഞ്ഞുമാറിയും, മനസാക്ഷിയുടെ കോടതിയിൽ മാത്രം മറുപടിപറഞ്ഞതും അധികാരത്തിന്റെ വിനയമല്ല. പലപ്പോഴും അത് രാഷ്ട്രീയ കപടതയാണ്. പിണറായി വിജയന്റെ ശൈലി എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ ആ ശൈലിയെ മാത്രം പിടിച്ചു അദ്ദേഹത്തിന്റെ രാഷ്ട്രീയ സംഭാവനകളെയും ഭരണനിർവഹണത്തെയും സംഘടനാ നേതൃത്വത്തെയും മായ്ച്ചുകളയുന്നത് നീതിയല്ല.
“ആരോടും ചിരിക്കില്ല” എന്ന ആക്ഷേപം തന്നെ നോക്കൂ. ഒരു നേതാവ് എത്ര പ്രാവശ്യം ചിരിച്ചു എന്നതാണോ ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയ വികസന വിലയിരുത്തലിന്റെ അളവുകോൽ? കേരളം പ്രളയത്തെയും മഹാമാരിയെയും സാമ്പത്തിക ഞെരുക്കങ്ങളെയും അതിജീവിച്ച കാലഘട്ടത്തിൽ, ജനങ്ങൾക്ക് വേണ്ടത് ചിരിച്ചമുഖമുള്ള അഭിനയം ആയിരുന്നോ, അതോ ഉറച്ച ഭരണനിർവഹണമോ? രാഷ്ട്രീയത്തെ വെളുക്കെച്ചിരിക്കുന്ന ഭാവത്തിലേക്ക് ചുരുക്കുമ്പോൾ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ അപ്രത്യക്ഷമാകും. അതാണ് വലതുപക്ഷ മാധ്യമ രാഷ്ട്രീയത്തിന്റെ തന്ത്രം.
“കടക്കൂ പുറത്ത്” എന്നൊരു വാക്കിനെ വർഷങ്ങളോളം രാഷ്ട്രീയ പ്രചാരണ ആയുധമാക്കുന്നവർ, ഭരണത്തിന്റെ ഉള്ളടക്കം ചർച്ച ചെയ്യാൻ തയ്യാറല്ല. പൊതുവിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, വീടില്ലാത്തവർക്കുള്ള വീടുകൾ, അതിദാരിദ്ര്യ നിർമാർജനം, ക്ഷേമ പദ്ധതികൾ ഇതെല്ലാം മറച്ചുവെക്കാൻ ഒരു വാചകത്തെ ആയുധമാക്കി. കാരണം ഭരണത്തിന്റെ ഉള്ളടക്കത്തിലേക്ക് ചർച്ച പോയാൽ ഇടതുപക്ഷത്തിന്റെ ഇടപെടലുകൾ കാണേണ്ടിവരും. അതിനേക്കാൾ എളുപ്പം ഒരു നേതാവിന്റെ മുഖഭാവത്തെ ചർച്ചയാക്കുകയാണ്.
“സ്വജനപക്ഷപാതം” എന്ന ആക്ഷേപവും അതുപോലെ തന്നെ രാഷ്ട്രീയമായി പരിശോധിക്കേണ്ടതാണ്. ആരോപണം ഉന്നയിക്കുന്നത് എളുപ്പമാണ്. പക്ഷേ അതേ മാനദണ്ഡം കേരളത്തിലെ വലതുപക്ഷ പാർട്ടികളിലും കുടുംബാധിപത്യ രാഷ്ട്രീയത്തിലും പ്രയോഗിക്കാൻ മാധ്യമങ്ങൾക്കും യുഡിഎഫിനും ധൈര്യമുണ്ടോ? കോൺഗ്രസിലും ലീഗിലും കുടുംബബന്ധങ്ങൾ രാഷ്ട്രീയ പാരമ്പര്യമായി ആഘോഷിക്കപ്പെടുമ്പോൾ, ഇടതുപക്ഷത്തിൽ ഒരാൾ ബന്ധുവാണെന്ന കാര്യം തന്നെ വിമർശനവിധേയമാകുന്നു. ഇതാണ് ഇരട്ടത്താപ്പ്. ഇതാണ് രാഷ്ട്രീയത്തെ വ്യക്തിഹത്യയാക്കി മാറ്റുന്ന മാധ്യമരീതി.
പിണറായി വിജയൻ വിമർശനത്തിന് അതീതനല്ല. ഒരു കമ്മ്യൂണിസ്റ്റ് നേതാവും വിമർശനത്തിന് അതീതനാകാൻ പാടില്ല. ഇടതുപക്ഷം പ്രസ്ഥാങ്ങളിൽ ഏറ്റവും ഗൗരവത്തോടെ സ്വയം വിമർശനം നടത്തുന്ന രാഷ്ട്രീയ പാരമ്പര്യമാണ്. ജനങ്ങളുമായി ആശയവിനിമയത്തിൽ പിഴവുണ്ടായോ, മുഖ്യമന്ത്രി എന്ന രീതിയിൽ ശൈലിയിൽ മാറ്റം വരുത്തേണ്ടിയിരുന്നോ, ഭരണഭാഷ കൂടുതൽ ജനാധിപത്യപരമാകേണ്ടതുണ്ടായിരുന്നോ ഇതെല്ലാം തീർച്ചയായും ചർച്ച ചെയ്യണം. പക്ഷേ ആ ചർച്ച വലതുപക്ഷം നിർമ്മിച്ച “ധാർഷ്ട്യം” എന്ന ഒറ്റവാക്കിൽ കുടുങ്ങിപ്പോകരുത്.
കാരണം പിണറായി വിജയനെതിരായ ആക്രമണം പലപ്പോഴും ഒരു വ്യക്തിക്കെതിരായ ആക്രമണം മാത്രമല്ല. കേരളത്തിൽ ഇടതുപക്ഷം ഉയർത്തിയ രാഷ്ട്രീയ മാതൃകയ്ക്കെതിരായ ആക്രമണവുമാണ് അത്. ക്ഷേമരാജ്യം എന്ന ആശയത്തോട്, പൊതുമേഖലയോട്, മതനിരപേക്ഷതയോട്, സംഘപരിവാർ വിരുദ്ധ നിലപാടുകളോട്, ന്യുനപക്ഷ വർഗീയതയോട്, സാമൂഹ്യ നീതിയോട് ഉള്ള വിരോധം പലപ്പോഴും “പിണറായി വിരോധം” എന്ന സുരക്ഷിതമായ മുഖമൂടി ധരിച്ചാണ് വരുന്നത്.
ഒരു നേതാവിനെ വിമർശിക്കാം. പക്ഷേ ആ വിമർശനം രാഷ്ട്രീയമായിരിക്കണം. നയങ്ങളെപ്പറ്റിയാകണം. ജനങ്ങളുടെ അനുഭവങ്ങളെപ്പറ്റിയാകണം. ഭരണപരമായ വീഴ്ചകളെപ്പറ്റിയാകണം. അല്ലാതെ “ചിരിച്ചില്ല”, “കർക്കശനാണ്”, “ധാർഷ്ട്ട്യമാണ്” എന്നതിൽ മാത്രം കുടുങ്ങിയാൽ, അത് വിമർശനം അല്ല; അത് രാഷ്ട്രീയത്തിന്റെ നിലവാരം താഴ്ത്തലാണ്. വെളുക്കെചിരിച്ചു കാണിക്കുന്ന പുഞ്ചിരി രാഷ്ട്രീയത്തിന്റെ പ്രതിനിധിയല്ല പിണറായി വിജയൻ. അദ്ദേഹം ഒരു നിലപാട് രാഷ്ട്രീയത്തിന്റെ പ്രതിനിധിയാണ്. ആ നിലപാടിനോട് യോജിക്കാം, വിയോജിക്കാം. പക്ഷേ അതിനെ വെറും ധാർഷ്ട്യമായി വായിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രവും സംഘർഷവും മനസ്സിലാക്കാത്തവരുടെ ലളിതവൽക്കരണമാണ്.വിമർശനം വേണം. സ്വയംവിമർശനവും വേണം. പക്ഷേ വലതുപക്ഷം കെട്ടിച്ചമച്ച ഭാഷയിൽ ഇടതുപക്ഷത്തെ വായിക്കേണ്ടതില്ല.
നാളെ ഈ രാഷ്ട്രീയ നേതാവിനെ ഓർക്കുന്നത് അദ്ദേഹം എത്ര ചിരിച്ചു എന്നതുകൊണ്ടല്ല. അദ്ദേഹം ഏത് പക്ഷത്ത് നിന്നു എന്നതുകൊണ്ടാണ്. പിണറായി വിജയൻ നിന്നത് തൊഴിലാളി വർഗ്ഗത്തിന്റെയും മതനിരപേക്ഷ കേരളത്തിന്റെയും സാമൂഹ്യനീതിയുടെയും പക്ഷത്താണ്.പിണറായി വിജയനെ വിലയിരുത്തേണ്ടത് ചിരിയുടെ അളവുകോലിലല്ല; അദ്ദേഹം നയിച്ച രാഷ്ട്രീയത്തിന്റെ വർഗ്ഗസ്വഭാവത്തിലൂടെയും കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിൽ ആ രാഷ്ട്രീയം സൃഷ്ടിച്ച മാറ്റങ്ങളിലൂടെയുമാണ്.




