Dorothy കണ്ടു. ഇഷ്ടമായി….
അതിൽ പറയുന്ന ജീവിതങ്ങൾക്ക് വേദനയുണ്ട്, പേടിയുണ്ട്, ക്രൂരതയുടെ പരിസരങ്ങളുണ്ട്. അതിനിടയിലും ഒരാളെ കേൾക്കാനും മനസ്സിലാക്കാനും കഴിയുന്ന മനുഷ്യരുണ്ടാവുമെന്ന വിശ്വാസവും ഈ സിനിമയ്ക്കുണ്ട്.
തൊണ്ണൂറുകളിലെ ഒരു തമിഴ് ഗ്രാമം. ജാതിയും ആണധികാരവും അക്രമവും ജീവിതത്തിന്റെ സ്വാഭാവിക രീതികളായിക്കഴിഞ്ഞ ഒരു ചുറ്റുപാട്. അവിടെയാണ് സുബ്ബുവും കാർത്തിയും. അവരുടെ ലോകത്തേക്കാണ് ഡൊറോത്തി എത്തുന്നത്. കഥയെക്കുറിച്ച് ഇത്രയും മതി.
ഡൊറോത്തിയെ ആദ്യമായി കാണുന്ന സുബ്ബുവിന്റെ മുഖം ഓർത്തുനോക്കൂ. ജനാലയിലൂടെ അകത്തേക്കുള്ള ആ നോട്ടത്തിൽ എത്ര കൗതുകമുണ്ട്! സനന്ത് ആ ചെറിയ നിമിഷത്തെ എത്ര മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. പിന്നീട് ഡൊറോത്തിയോടൊപ്പമുള്ള രംഗങ്ങളിൽ സുബ്ബുവിന്റെ പെരുമാറ്റത്തിലുണ്ടാകുന്ന സ്വസ്ഥതയും കളിയും സംസാരവും ചെറിയ ചിരികളുമൊക്കെ മറ്റൊരു അടുപ്പമായി മാറുന്നുണ്ട്.
ആ വീട്ടിലെ പരുക്കൻ പെരുമാറ്റങ്ങൾക്കിടയിൽ, ഒരാൾക്ക് ഉള്ളുതുറന്നു സംസാരിക്കാൻ കിട്ടുന്ന ഇടം എത്ര വിലപ്പെട്ടതാണെന്ന് ആ രംഗങ്ങൾ തോന്നിപ്പിക്കുന്നു. നമ്മളെക്കുറിച്ച് നേരത്തേ വിധിയെഴുതിവയ്ക്കാത്ത ഒരാളുടെ അടുത്തിരിക്കുമ്പോഴുള്ള ആശ്വാസം. ജീവിതത്തിൽ പലർക്കും കിട്ടാതെപോകുന്ന ഒന്നാണത്.
കീർത്തി സുരേഷിന്റെ ഡൊറോത്തിയോട് തോന്നുന്ന ഇഷ്ടത്തിനും അതൊരു കാരണമാണ്. ആ കഥാപാത്രത്തിന്റെ നോട്ടത്തിലും കേൾവിയിലും പെരുമാറ്റത്തിലുമുള്ള കരുതൽ കീർത്തി മനോഹരമായി ചെയ്തിട്ടുണ്ട്. സ്ക്രീനിൽ ഉണ്ടായിരുന്ന ആ കുറച്ചു സമയത്തിനുള്ളിൽ ഒരു കഥാപാത്രത്തിന് അത്രത്തോളം സ്വാധീനം ചെലുത്താനാവുമെന്ന് കാണിച്ചുതരുന്ന പ്രകടനമായിരുന്നു.
സാനന്ത്, ഋഷികാന്ത് എന്നിവരാണ് സുബ്ബുവിനേയും കാർത്തിയേയും അവതരിപ്പിച്ചത്. രണ്ടുപേരും ഗംഭീരമായി തന്നെ ചെയ്തു. സനന്ത്… നിങ്ങൾ ഒരു അസാധ്യ നടനാണ്! സുബ്ബുവിന്റെ പുറമെയുള്ള പെരുമാറ്റവും ഉള്ളിലെ വികാരങ്ങളും തമ്മിലുള്ള അകലം എത്ര മനോഹരമായി ആണ് അവതരിപ്പിച്ചത്. ചിലയിടത്ത് കണ്ണുകളിലേക്കുതന്നെ നോക്കിയിരുന്നുപോകും. ഋഷികാന്തിന്റെ കാർത്തിയും അത്രയേറെ സ്വാഭാവികമായാണ് അഭിനയിച്ചത്. രണ്ടുപേരും ഒരുമിച്ചുള്ള രംഗങ്ങൾക്ക് അത്രയും depth ഉണ്ടായിരുന്നു. മുത്തുകുമാറിന്റെ പ്രകടനത്തിലും ആ അധികാരലോകത്തിന്റെ ഭീഷണി കൃത്യമായി അനുഭവപ്പെടുന്നു.
ഈ മനുഷ്യരിലൂടെ സിനിമ പറയുന്ന രാഷ്ട്രീയമാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്. ജാതിയുടെ പേരിൽ ഒരാളുടെ സ്ഥാനം തീരുമാനിക്കുന്ന സമൂഹം, ലിംഗത്തിന്റെ പേരിൽ അയാളുടെ ജീവിതത്തിനും ചട്ടങ്ങളുണ്ടാക്കുന്നു. ആരോട് അടുക്കാം, എങ്ങനെ പെരുമാറണം, എന്തൊക്കെ ആഗ്രഹിക്കാം… എല്ലാറ്റിനും മറ്റാരൊക്കെയോ അതിരിടുന്നു. കുടുംബമെന്നും പാരമ്പര്യമെന്നും നാട്ടുനടപ്പെന്നുമൊക്കെ നമ്മൾ വിളിക്കുന്നതിനകത്ത് എത്ര മനുഷ്യരുടെ സ്വാതന്ത്ര്യമാണ് കുടുങ്ങിക്കിടക്കുന്നത്!
ജാതിയും അക്രമവും പുരുഷാധിപത്യവും ചേർന്ന് മനുഷ്യബന്ധങ്ങളെ നിർണയിക്കുന്ന ഒരു സാമൂഹിക പശ്ചാത്തലത്തിലാണ് Dorothy നിൽക്കുന്നത്. ‘ആണായാൽ ഇങ്ങനെയിരിക്കണം’ എന്നു പറഞ്ഞുപഠിപ്പിക്കുന്നതിൽത്തന്നെ ഒരാണാധികാരമുണ്ട്. ആ ലോകത്ത് സ്നേഹം പ്രകടിപ്പിക്കുന്നതുപോലും എളുപ്പമല്ല. കരച്ചിൽ ഒളിപ്പിക്കണം. സൗമ്യതയെ ദൗർബല്യമായി കാണാനും അധികാരം സ്ഥാപിക്കുന്നതിനെ ആണത്തമായി ആഘോഷിക്കാനും പഠിപ്പിക്കപ്പെട്ട മനുഷ്യർക്കിടയിൽ, മറ്റൊരാളെ മനസ്സിലാക്കാനുള്ള ശ്രമത്തിനുതന്നെ രാഷ്ട്രീയമായ അർത്ഥമുണ്ട്. ഈ പരിസരത്തിൽ ഉള്ള മനുഷ്യരെയാണ് കാർത്തിക് സുബ്ബരാജ് നമ്മുടെ മുന്നിൽ കൊണ്ടുനിർത്തുന്നത്.
ഒരാൾക്ക് അവരായിത്തന്നെ ജീവിക്കാനുള്ള അവകാശത്തിനൊപ്പം നിൽക്കുന്നതാണ് Dorothy എന്ന സിനിമയുടെ രാഷ്ട്രീയം. എങ്ങനെ പെരുമാറണം, എന്ത് അനുഭവിക്കണം, ആരെ സ്നേഹിക്കണം എന്നൊക്കെ തീരുമാനിക്കാൻ കുടുംബവും സമൂഹവും ഏറ്റെടുക്കുന്ന അധികാരത്തെ സിനിമ ചോദ്യം ചെയ്യുന്നു. ‘കുടുംബത്തിന്റെ മാനം’, ‘നാട്ടുനടപ്പ്’ തുടങ്ങിയ പരിചിതമായ വാക്കുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന നിയന്ത്രണങ്ങളെയും അതുണ്ടാക്കുന്ന മുറിവുകളെയും ഈ സിനിമ ശക്തമായി തന്നെ പറയുന്നു.
പുരുഷാധിപത്യത്തെക്കുറിച്ചുള്ള ഈ വായനയ്ക്ക് മറ്റൊരു വശവുമുണ്ട്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന അതേ വ്യവസ്ഥ, പുരുഷന്മാരെയും ചില നിർബന്ധിത വേഷങ്ങളിൽ പൂട്ടിയിടുന്നു. കരയരുത്, പേടിക്കരുത്, സൗമ്യതകാണിക്കരുത് എന്നിങ്ങനെ. സ്വന്തം വികാരങ്ങളെപ്പോലും സംശയത്തോടെ കാണേണ്ടിവരുന്ന ആ ജീവിതത്തെ കൂടി ഈ സിനിമയിൽ വിമർശിക്കുന്നുണ്ട്.
ജാതിയുടെ പേരിൽ മനുഷ്യർക്കിടയിൽ ഉയർത്തുന്ന അകലവും ലിംഗത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കുന്ന അതിരുകളും ചേർത്തുവായിക്കുമ്പോൾ ചിത്രത്തിന്റെ രാഷ്ട്രീയം കൂടുതൽ വ്യക്തമാകുന്നു. ആർക്കാണ് സംസാരിക്കാൻ സ്വാതന്ത്ര്യമുള്ളത്, ആരാണ് അനുസരിക്കേണ്ടത്, ആരുടെ സന്തോഷത്തിനാണ് വിലയുള്ളത് എന്നതെല്ലാം അധികാരത്തിന്റെ ചോദ്യങ്ങളാണ്. അതുകൊണ്ടുതന്നെ ഇവിടെ പറയുന്ന സ്നേഹത്തിനൊപ്പം തുല്യമായ മാന്യതയും സ്വാതന്ത്ര്യവും കൂടി ചേർത്തുവായിക്കേണ്ടതുണ്ട്.
സമത്വത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നമുക്കെല്ലാം നല്ല ആവേശമാണ്. എന്നാൽ നമ്മുടെ പ്രതീക്ഷകൾക്കു പുറത്തുള്ളൊരു ജീവിതം തൊട്ടടുത്തെത്തുമ്പോൾ ആ നിലപാട് അവിടെയും ഉണ്ടാവുമോ? സ്വന്തം വീട്ടിനകത്തും സൗഹൃദത്തിനകത്തും അതേ സ്വാതന്ത്ര്യം അനുവദിക്കാൻ കഴിയുമോ? Dorothy കാണുമ്പോൾ ആ ചോദ്യം നമ്മളിലേക്കും വരും.
ഒരാളുടെ ജീവിതത്തിന് മാന്യത ലഭിക്കാൻ അയാൾ നമ്മളെപ്പോലെയാകേണ്ടതുണ്ടോ? മറ്റുള്ളവർക്ക് കൂടി നമ്മുടേതിന് തുല്യമായ സ്വാതന്ത്ര്യമുണ്ടെന്ന് അംഗീകരിക്കുന്നതിലാണ് സമത്വത്തിന്റെ പ്രയോഗം. സിനിമയുടെ രാഷ്ട്രീയം അവിടെയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
പിന്നെ ഇളയരാജ… ❤️ ഇളയരാജയുടെ പാട്ടുകൾ ഈ സിനിമയ്ക്ക് വല്ലാത്തൊരു ഭംഗി കൊടുത്തു. ചില വികാരങ്ങളെ വാക്കുകളിലാക്കാൻ പാടുപെടുമ്പോൾ ഇളയരാജാ അതിന് എത്ര അനായാസമായാണ് ഈണത്തിലൂടെ അതിനൊരു ഭാഷ കണ്ടെത്തുന്നത്! ആ പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോൾ ഈ മനുഷ്യരുടെ സന്തോഷവും സങ്കടവും നമ്മളിലേക്ക് ആഴ്ന്നിറങ്ങുന്നു. ആ കാലഘട്ടത്തെ അനുഭവിപ്പിക്കുന്ന ദൃശ്യങ്ങളും പരിസരങ്ങളും ഈ പ്രകടനങ്ങളോടും സംഗീതത്തോടും നന്നായി ചേർന്നുനിൽക്കുന്നുണ്ട്.പ്രത്യേകിച്ച് അവസാനത്തെ 30 മിനിറ്റിലെ സംഗീതം; അത് മറ്റൊരു തലത്തിലാണ്.
Dorothy എന്നാൽ Gift of God. സുബ്ബുവിന്റെ ജീവിതത്തിൽ വെളിച്ചമായി വന്നവൾ ആണ് ഡൊറോത്തി. സുബ്ബുവിന്റെ ഉള്ളിലെ യഥാർത്ഥ സുബ്ബുവിനെ അറിയാൻ സഹായിച്ചവൾ.മനുഷ്യർക്ക് അവരായിത്തന്നെ ജീവിക്കാനാവണം. സ്വന്തം സന്തോഷത്തിനുവേണ്ടി ഓരോ ദിവസവും മറ്റുള്ളവരുടെ അനുമതി തേടേണ്ടിവരരുത് എന്ന രാഷ്ട്രീയമാണ് ഈ സിനിമയിലൂടെ പറയുന്നത് അത് തന്നെയാണ് എന്നിക്ക് ഈ സിനിമ ഇഷ്ടമാക്കിയതും.
കാർത്തിക് സുബ്ബരാജ്… ഈ സിനിമയ്ക്ക് സ്നേഹം. ❤️
PS : “It may not be everyone’s cup of tea.”




