നവംബർ 23-ന് കോഴിക്കോട്ട് മോഹൻലാൽ ദേശസ്നേഹവും പത്രപ്രവർത്തനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സ്വദസിദ്ധമായ ശൈലിയിൽ വിനയാന്വിതനായി സംസാരിക്കുന്നത് കേട്ടു. കേസരി വാരികയുടെ മാതംഗി മൾട്ടിമീഡിയ റെക്കോർഡിങ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തുകൊണ്ട്, വാരികയ്ക്ക് തുടക്കമിട്ട സംഘപ്രവർത്തകരുടെ ദേശബോധത്തെ വാനോളം പ്രശംസിച്ചു; കേസരിയിലൂടെ സംഘം ഒരു “സാംസ്കാരിക കർത്തവ്യം” നിറവേറ്റിയെന്നും പറഞ്ഞു.
ആ പ്രസ്താവനയോട് വിയോജിക്കാൻ കോഴിക്കോടിന്റെ സ്വന്തം പത്രചരിത്രത്തിൽനിന്നുതന്നെ തുടങ്ങാം. നവംബർ 23 മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ചരമദിനമാണ്. കോഴിക്കോട്ടുനിന്ന് അൽ അമീൻ പത്രം നടത്തി ബ്രിട്ടീഷ് ഭരണത്തെ ചോദ്യം ചെയ്ത പത്രാധിപർ. 1930-ൽ കോഴിക്കോട്ടെ കടപ്പുറത്ത് ഉപ്പുനിയമം ലംഘിക്കാൻ ജനങ്ങളെ നയിച്ച മനുഷ്യൻ. പൊലീസിന്റെ ലാത്തിയടിയേറ്റു, ജയിലിൽ കിടന്നു. 1945 നവംബർ 23-ന് അദ്ദേഹം അന്തരിച്ചു. സ്വതന്ത്ര ഇന്ത്യയിൽ ഒരു ദിവസംപോലും ജീവിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
അടുത്ത തലമുറയ്ക്ക് ദേശസ്നേഹം പകർന്നുകൊടുക്കണമെന്ന് മോഹൻലാൽ പറയുന്നത് കേട്ടപ്പോൾ ഞാൻ ഓർത്തത്, എല്ലാവരുടെയും അടുക്കളയിൽ വേണ്ട ഒരുപിടി ഉപ്പിനുവേണ്ടി കടപ്പുറത്തിറങ്ങിയ ആ പത്രാധിപരെയാണ്.
മോഹൻലാൽ പുകഴ്ത്തിയ ദേശസ്നേഹത്തിന്റെ നിറകുടമായ ആർഎസ്എസിന്റെ ചരിത്രമെടുക്കാം. സ്ഥാപകനായ കെ. ബി. ഹെഡ്ഗേവാർ 1930-ലെ വനസത്യാഗ്രഹത്തിൽ വ്യക്തിപരമായി പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പത്തു വർഷത്തിനുശേഷം, 1940 ഡിസംബർ 2-ന്, സംഘത്തിന്റെ പ്രതിനിധികൾ ബോംബെ സർക്കാരിന്റെ ആഭ്യന്തര സെക്രട്ടറിയെ കണ്ടു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സിവിക് ഗാർഡിൽ ചേരാൻ കൂടുതൽ സംഘാംഗങ്ങളെ പ്രോത്സാഹിപ്പിക്കാമെന്ന് അന്ന് ഉറപ്പുനൽകിയതായി ആഭ്യന്തരവകുപ്പിന്റെ രേഖകൾ പറയുന്നു. ദേശസ്നേഹം അധികമായാൽ ഇങ്ങനെയും സംഭവിക്കാം.
ഹിന്ദുത്വരാഷ്ട്രീയം വീരപുരുഷനായി ഉയർത്തിപ്പിടിക്കുന്ന വി. ഡി. സവർക്കറുടെ കാര്യത്തിലും അദ്ദേഹത്തിന്റെ സ്വന്തം വാക്കുകൾ അല്ല മാപ്പുകൾ മതിയാകും ദേശസ്നേഹം അളന്നെടുക്കാൻ. സെല്ലുലാർ ജയിലിൽ വെച്ച സവർക്കർ 1913 നവംബർ 14-ന് നൽകിയ ദയാഹർജി (മാപ്പപേക്ഷ) നാഷണൽ ആർക്കൈവ്സിലും പാർലമെന്റിൽ സമർപ്പിച്ച രേഖകളിലുമുണ്ട്. മോചിപ്പിച്ചാൽ ബ്രിട്ടീഷ് സർക്കാർ ആഗ്രഹിക്കുന്ന ഏതു ചുമതലയിലും അവരെ സേവിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അതിൽ എഴുതി. അന്ന് ആർഎസ്എസ് രൂപംകൊണ്ടിരുന്നില്ല; സവർക്കർ പിന്നീട് അധ്യക്ഷനായത് ഹിന്ദുമഹാസഭയുടേതാണ്. ഇന്ന് അദ്ദേഹത്തിന്റെ വീരകഥ പറയുന്നവർ ആ അപേക്ഷയിലെ വാഗ്ദാനംകൂടി വായിച്ചുകേൾപ്പിക്കാനുള്ള സത്യസന്ധത കാണിക്കണം.
മോഹൻലാൽ ഉപയോഗിച്ച “സാംസ്കാരിക കർത്തവ്യം” എന്ന പ്രയോഗത്തിലേക്ക് വരാം. ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച് നാലു ദിവസം കഴിഞ്ഞ്, 1949 നവംബർ 30-ന്, ആർഎസ്എസ് വാരികയായ ഓർഗനൈസർ ഒരു മുഖപ്രസംഗമെഴുതി. പുതിയ ഭരണഘടനയിൽ ഭാരതീയമായി ഒന്നുമില്ലെന്നായിരുന്നു അതിലെ പരാതി. മനുസ്മൃതിയിലെ നിയമങ്ങളെ മുഖപ്രസംഗം പ്രകീർത്തിക്കുകയും ചെയ്തു. ജാതിയുടെ പേരിൽ തലമുറകളായി മാറ്റിനിർത്തപ്പെട്ട മനുഷ്യന് താനും ഈ രാജ്യത്തെ തുല്യപൗരനാണെന്ന് അവകാശപ്പെടാൻ കഴിയുന്നതിലായിരുന്നു അംബേദ്കറുടെ ഭരണഘടനയുടെ മഹത്വം. ആ മനുഷ്യന്റെ കണ്ണിലൂടെ നോക്കിയാൽ, മനുവിനെ മുൻനിർത്തിയ സംഘത്തിന്റെ അന്നത്തെ നിലപാടിന് എന്തു പേരാണ് നൽകേണ്ടത്? അതാണോ നിങ്ങൾ പരാമർശിച്ച സാംസ്കാരിക കർത്തവ്യം ??
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രതീകങ്ങളോടും നിയമങ്ങളോടുമുള്ള നിലപാടിലും ഈ ചരിത്രം തുടരുന്നു. 1947 ഓഗസ്റ്റ് 14-ന് ഓർഗനൈസർ പ്രസിദ്ധീകരിച്ച ലേഖനം ത്രിവർണപതാകയെ തള്ളിപ്പറയുകയും, ആ പതാകയെ ഹിന്ദുക്കൾ ഒരിക്കലും ബഹുമാനിക്കുകയോ സ്വന്തമാക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്ന് എഴുതുകയും ചെയ്തു. ഗാന്ധിവധത്തെത്തുടർന്ന് 1948-ൽ ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കാൻ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേൽ മുന്നോട്ടുവെച്ച പ്രധാന ഉപാധികളിലൊന്നുതന്നെ, ഇന്ത്യൻ ഭരണഘടനയോടും ദേശീയപതാകയോടും വിധേയത്വം പ്രഖ്യാപിക്കുന്ന എഴുതപ്പെട്ട ഭരണഘടന സംഘം അംഗീകരിക്കണമെന്നതായിരുന്നു എന്നുകൂടി ഈ അവസരത്തിൽ ഓർക്കുന്നു.
അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരിൽ താങ്കൾ കണ്ട ദേശസ്നേഹത്തെ ഞാനും ആദരിക്കുന്നു ബഹുമാനിക്കുന്നു. കൊടും തണുപ്പിലും ചൂടിലും കാട്ടിലും മലയിലും കടലിലും നമ്മുടെ നാടിന് കാവൽ നിൽക്കുന്ന നമ്മളെ സംരക്ഷിക്കുന്ന സൈനികരെ എന്നും ബഹുമാനിക്കണം. അതുകൊണ്ടുതന്നെ സൈന്യത്തിന്റെ പേരിൽ നടന്ന ഒരു കൈക്കൂലിക്കേസും ഓർക്കണം. 2001-ൽ കരസേനയ്ക്ക് നിരീക്ഷണോപകരണങ്ങൾ വിൽക്കാനെത്തിയവരായി വേഷമിട്ട തെഹൽക്ക മാധ്യമപ്രവർത്തകരിൽനിന്ന് അന്നത്തെ ബിജെപി ദേശീയ അധ്യക്ഷൻ ബംഗാരു ലക്ഷ്മൺ ലക്ഷം കൈക്കൂലി വാങ്ങി. പ്രതിരോധമന്ത്രാലയത്തിൽ സ്വാധീനം ചെലുത്താമെന്നായിരുന്നു വാഗ്ദാനം. വാങ്ങിയത് രൂപയിലാണ്. ബാക്കിത്തുക ഡോളറിൽ സ്വീകരിക്കാൻ സമ്മതിച്ചതായും കോടതി കണ്ടെത്തി. 2012-ൽ ഡൽഹിയിലെ പ്രത്യേക സിബിഐ കോടതി അദ്ദേഹത്തിന് നാലു വർഷം കഠിനതടവ് വിധിച്ചു. സൈനികന്റെ ത്യാഗത്തെക്കുറിച്ചു സംസാരിക്കുന്ന അതേ ഗൗരവത്തോടെ, ആ സൈനികനുവേണ്ടിയുള്ള വാങ്ങലിന്റെ പേരിൽ പാർട്ടി അധ്യക്ഷൻ കൈക്കൂലി വാങ്ങിയതിനെക്കുറിച്ചും സംസാരിക്കണം.
ഒടുവിൽ, താങ്കളുടെ സ്വന്തം കലാപ്രവർത്തനത്തിലേക്ക് വരാം. ഗുജറാത്തിലെ 2002-ലെ കലാപത്തെ ഓർമിപ്പിക്കുന്ന രംഗങ്ങളുടെ പേരിൽ എമ്പുരാൻ ഹിന്ദുവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നുവെന്ന് എഴുതിയത് ഇതേ “സാംസ്കാരിക കർത്തവ്യം” നിർവഹിക്കുന്ന സംഘപരിവാറിന്റെ ഓർഗനൈസർ ആയിരുന്നു. വിവാദത്തിനുപിന്നാലെ താങ്കൾ ഖേദം രേഖപ്പെടുത്തി. നിർമാതാക്കൾ വരുത്തിയ മാറ്റങ്ങളിൽ ഒന്ന് പ്രത്യേകം ഓർക്കുന്നു. സ്ക്രീനിൽ “2002 – India” എന്നെഴുതിയിരുന്നിടത്ത് “A few years ago” എന്നായി. മോഹൻലാൽ, സ്വന്തം സിനിമയിൽനിന്ന് ഒരു കലാപത്തിന്റെ വർഷംപോലും മായ്ച്ചുകളയേണ്ട ആ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാമോ, അന്ന് ആരുടെ സംസ്കാരമാണ് സംരക്ഷിക്കപ്പെട്ടത്?
കർഷകൻ വിളവിന് വില ചോദിക്കുമ്പോഴും തൊഴിലാളി കൂലി ചോദിക്കുമ്പോഴും ഒരു പൗരൻ സ്വന്തം നാട്ടിൽ തുല്യനീതി ചോദിക്കുമ്പോഴും അവരോടൊപ്പം നിൽക്കുന്നതിലാണ് ഞാൻ ദേശസ്നേഹത്തിന്റെ അർഥം കാണുന്നത്. ദേശീയ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് വിട്ടുനിന്ന സംഘടന ഇന്ന് മറ്റുള്ളവരുടെ രാജ്യസ്നേഹത്തിന് മാർക്കിടുമ്പോൾ അതിനെ കപടദേശീയത എന്നു വിളിക്കാൻ ആണ് എനിക്ക് തോന്നുന്നത് അതിന് എനിക്ക് മടിയില്ല. താങ്കളുടെ സിനിമയെ ഇഷ്ട്ടപ്പെടുന്ന അതേ സ്വാതന്ത്ര്യത്തോടെ താങ്കളുടെ ഈ പ്രസ്താവനയെയും ഞാൻ തള്ളുന്നു. അടുത്ത തലമുറയോട് ദേശസ്നേഹത്തെക്കുറിച്ചു സംസാരിക്കുമ്പോൾ, കോഴിക്കോട്ടെ ആ കടപ്പുറവും അവിടെ ലാത്തിയേറ്റ പത്രാധിപരേയും ചരിത്രബോധത്തിൽ നിന്ന് മറക്കാൻ എനിക്ക് ആവില്ല.





