കാവി ഉടുപ്പും അണിഞ്ഞു സുവേന്ദു അധികാരി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആരാണ് അല്ല ആരായിരുന്നു ഈ സുവേന്ദു അധികാരി? ഒറ്റവാചകത്തിൽ നന്ദിഗ്രാം പൊലീസ് വെടിവെപ്പിന് പശ്ചാത്തലമായ ഭൂസമരത്തിന്റെ പ്രധാന രാഷ്ട്രീയ സംഘാടകരിൽ ഒരാളായിരുന്ന സുവേന്ദു അധികാരി ഇന്ന് പ. ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി മാറിയിരിക്കുന്നു.

സുവേന്ദു അധികാരി ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂരിലെ ഒരു കോൺഗ്രസ് രാഷ്ട്രീയ കുടുംബത്തിൽ ആണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ശിശിർ അധികാരി ബംഗാളിലെ ശക്തനായ കോൺഗ്രസ് പിന്നീട് തൃണമൂൽ നേതാവായിരുന്നു. സുവേന്ദുവിന്റെ ആദ്യ രാഷ്ട്രീയം ഈ കോൺഗ്രസ് പാരമ്പര്യത്തിലായിരുന്നു; പിന്നീട് അദ്ദേഹം മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ ഭാഗമായിത്തീർന്നു.
സുവേന്ദുവിന്റെ യഥാർത്ഥ രാഷ്ട്രീയ വളർച്ച ആരംഭിക്കുന്നത് നന്ദിഗ്രാം ഭൂസമരത്തിലൂടെയാണ്. 2007-ൽ ഇടതുമുന്നണി സർക്കാർ നന്തിഗ്രാമിൽ പ്രത്യേക സാമ്പത്തിക മേഖല/കെമിക്കൽ ഹബ് പദ്ധതിക്കായി ഏകദേശം 10,000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചപ്പോൾ കർഷകരുടെയും ഗ്രാമീണരുടെയും ശക്തമായ പ്രതിരോധം ഉയർന്നു. ഈ പ്രതിരോധത്തിന് രൂപം നൽകിയ ഭൂമി ഉച്ഛേദ് പ്രതിരോധ് കമ്മിറ്റി എന്ന കൂട്ടായ്മയിൽ സുവേന്ദു പ്രധാന സംഘാടകനായിരുന്നു. 2007 മാർച്ച് 14-ലെ പൊലീസ് വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടത് ബംഗാളിന്റെ രാഷ്ട്രീയ ദിശ മാറ്റിയ സംഭവമായി മാറി.
നന്ദിഗ്രാം, സിംഗൂർ, ലാൽഗഡ് തുടങ്ങിയ സംഭവങ്ങൾ മമത ബാനർജിയെ “കർഷക ഭൂമിയുടെ രക്ഷക” എന്ന രാഷ്ട്രീയ പ്രതിഛായയിലേയ്ക്ക് ഉയർത്തി. എന്നാൽ ആ ജനവികാരത്തെ അടിസ്ഥാന തലത്തിൽ സംഘടനാതലത്തിൽ രാഷ്ട്രീയ ശക്തിയാക്കി മാറ്റിയവരിൽ സുവേന്ദു പ്രധാനിയായിരുന്നു. ബംഗാളിന്റെ ഗ്രാമങ്ങളിൽ തൃണമൂലിന്റെ വേരുകൾ വേഗം പടർത്തിയ പ്രാദേശിക ശക്തി ആയിരുന്നു അയാൾ. ആ കാലത്ത് മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തനായ പോരാളി. 2009-ൽ തംലുക്ക് ലോക്സഭാ മണ്ഡലത്തിൽ സിപിഐഎമ്മിന്റെ ലക്ഷ്മൺ സേതിനെ വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് കടന്നു. 2011-ൽ 34 വർഷത്തെ ഇടതുമുന്നണി ഭരണത്തെ അവസാനിപ്പിച്ച രാഷ്ട്രീയ പ്രക്രിയയിലെ പ്രധാന മുഖം.2011-ൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ഇടതുമുന്നണിയുടെ 34 വർഷത്തെ ഭരണത്തിന് അവസാനം കുറിച്ചപ്പോൾ, സുവേന്ദു അധികാരി ആ വിജയത്തിന്റെ പ്രധാന ഗ്രാസ്‌റൂട്ട് ആർകിടെക്റ്റുകളിൽ ഒരാളായിരുന്നു. പിന്നീട് അദ്ദേഹം മമത മന്ത്രിസഭയിൽ ഗതാഗതം, ജലസേചനം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി.
പിന്നീട് 2020-ൽതൃണമൂൽ രാഷ്ട്രീയത്തിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് ശേഷം അയാൾ തൃണമൂൽ പാർട്ടി വിട്ട് ബിജെപിയിൽ ചേരുന്നു. അതേ സുവേന്ദു തന്നെയാണ് 2021-ൽ നന്ദിഗ്രാമിൽ മമതയെ തോൽപ്പിച്ചത്. ഇന്ന് അതേ സുവേന്ദു ബംഗാളിലെ ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നതും. ഇയാൾ ബിജെപിയിലേക്ക് എത്തുന്നതിന്റെ പിന്നാമ്പുറ കഥകൾ ആണ് അതിലും രസം.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് Narada sting എന്നൊരു കേസ് പുറത്തുവന്നിരുന്നു. തൃണമൂൽ മന്ത്രിമാരും നേതാക്കളും പണം വാങ്ങുന്നതായി ആരോപിക്കപ്പെട്ട ദൃശ്യങ്ങൾ ബംഗാൾ രാഷ്ട്രീയത്തെ ഏറെ ചർച്ചയായി. Narada sting ദൃശ്യങ്ങളിൽ പണം സ്വീകരിക്കുന്നതായി ആരോപിക്കപ്പെട്ട TMC നേതാക്കളിൽ സുവേന്ദു അധികാരിയുടെ പേരും ഉണ്ടായിരുന്നു. അന്ന് BJPയും നരേന്ദ്ര മോദിയും Narada അഴിമതി ആരോപണങ്ങളെ തെരഞ്ഞെടുപ്പ് വേദികളിൽ വലിയ ആയുധമാക്കി. “ഇവരാണ് അഴിമതിക്കാർ. ഇവരെ ജയിലിലടയ്ക്കണം. ബംഗാളിന് ശുദ്ധമായ ഭരണം വേണം. സത്യസന്ധരായ നേതാക്കൾ വേണമെങ്കിൽ ബിജെപിയെ അധികാരത്തിലേക്ക് കൊണ്ടുവരണം.” എന്നാണ് പൊതുസമ്മേളനങ്ങളിൽ തൃണമൂലിന്റെ അഴിമതിയെ വലിയ രാഷ്ട്രീയ ആയുധമാക്കി സംസാരിച്ചത്. കേന്ദ്ര അന്വേഷണ ഏജൻസികൾ തലങ്ങും വിലങ്ങും അവർക്ക് പിന്നാലെ നടന്നു അന്വേഷണം ആയി. Narada, Saradha, അഴിമതി ഇതെല്ലാം ഉപയോഗിച്ച് ബിജെപി ബംഗാളിൽ “ശുദ്ധി രാഷ്ട്രീയം” കളിച്ചു. എന്നിട്ടോ വർഷങ്ങൾ കഴിഞ്ഞപ്പോൾ എന്താണ് സംഭവിച്ചത്? അന്ന് ബിജെപി അഴിമതിയുടെ പ്രതീകമായി ചൂണ്ടിക്കാട്ടിയ അതേ സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നു. അന്വേഷണത്തിന്റെ രാഷ്ട്രീയ ചൂട് തണുത്തു. അഴിമതിയുടെ കറ മാഞ്ഞു. അദ്ദേഹം ബിജെപിയുടെ മുഖമായി.ഇന്ന് ബംഗാളിലെ ബിജെപി മുഖ്യമന്ത്രിയും ആയി.
അപ്പോൾ ചോദ്യം വളരെ ലളിതമാണ്: അഴിമതി എവിടെയാണ് അവസാനിച്ചത്? കോടതിയിലോ? ജയിലിലോ?അല്ല. ബിജെപിയുടെ പാർട്ടി ഓഫീസിൽ. ഇതാണ് സംഘപരിവാറിന്റെ പ്രസിദ്ധമായ “വാഷിംഗ് മെഷീൻ രാഷ്ട്രീയം”. എതിര്‍ പാര്‍ട്ടിയില്‍ നില്‍ക്കുമ്പോള്‍ അഴിമതിക്കാരന്‍. ബിജെപിയില്‍ ചേര്‍ന്നാല്‍ ദേശസ്നേഹി. ഇന്നലെ ജയിലിലടക്കേണ്ടവന്‍ വരെ മുഖ്യമന്ത്രി ആകും രാഷ്ട്രീയം.
ജനങ്ങളോട് പറഞ്ഞത് അഴിമതിക്കെതിരായ പോരാട്ടമെന്നായിരുന്നു. യഥാർത്ഥത്തിൽ നടന്നത് അധികാരം പിടിക്കാനുള്ള രാഷ്ട്രീയ നാടകം മാത്രമായിരുന്നു. നന്ദിഗ്രാമിൽ ഇടതുപക്ഷ സർക്കാരിനെതിരായ ഭൂവികാരം ഉപയോഗിച്ച് മമത അധികാരത്തിലെത്തി. മമതയുടെ അധികാരഘടനയിൽ വളർന്ന സുവേന്ദു അധികാരി പിന്നീട് ബിജെപിയിലേക്ക് നീങ്ങി. ഇന്ന് അതേ സുവേന്ദുവിലൂടെ ബിജെപി ബംഗാളിന്റെ അധികാരകസേരയിലും എത്തി.
നന്ദിഗ്രാം ഒരു ഭൂസമരം മാത്രമായിരുന്നില്ല. അത് ബംഗാളിലെ ഇടതുപക്ഷത്തിനെതിരായ ഒരു വലിയ ജനവികാരത്തിന്റെ രാഷ്ട്രീയ കേന്ദ്രമായിരുന്നു. ആ വികാരത്തിൽ യഥാർത്ഥ കർഷക ആശങ്കകളും ഉണ്ടായിരുന്നു. ഭൂമി നഷ്ടപ്പെടുമെന്ന ഭയവും ഉണ്ടായിരുന്നു. സർക്കാർ ജനങ്ങളോട് സംസാരിക്കാതെ മുന്നോട്ടുപോയതിന്റെ പിഴവും ഉണ്ടായിരുന്നു. അതെല്ലാം ഇടതുപക്ഷം വിമർശനാത്മകമായി അംഗീകരിക്കണം.
പക്ഷേ അതോടൊപ്പം മറ്റൊരു സത്യം കൂടി കാണണം. ആ ജനവികാരം പിന്നീട് ആരുടെ കൈകളിലേയ്ക്ക് പോയി? ആ ഭൂസമരത്തിന്റെ രാഷ്ട്രീയ മൂലധനം അവസാനം ഏത് ശക്തിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കി? നന്ദിഗ്രാമിൽ ഇടതിനെതിരെ ഉയർന്ന ജനരോഷം ആദ്യം മമതയുടെ തൃണമൂലിനെ അധികാരത്തിലേയ്ക്ക് കൊണ്ടുവന്നു. പിന്നീട് ആ തൃണമൂലിന്റെ ഉള്ളിൽ വളർന്ന അതേ പ്രാദേശിക അധികാരശക്തികൾ, അവസാനം ബിജെപിയുടെ സാമൂഹ്യ-രാഷ്ട്രീയ പദ്ധതിക്കുള്ള വഴിത്താരയായി മാറി.
അധികാരത്തിലെത്തിയ ശേഷം സുവേന്ദു അധികാരി വിവാദമായ ഒരു പരാമർശവും നടത്തിയതായി കേട്ടു – “ഭരണം ഹിന്ദുക്കൾക്ക് വേണ്ടി ; മുസ്ലിം വോട്ട് ലഭിച്ചത് തൃണമൂലിന്”. കാര്യങ്ങൾ വ്യക്തമായല്ലോ! UP മുഖ്യമന്ത്രിയെ അനുകരിക്കും പോലെ കാവി ഉടുപ്പും ഇട്ട് സത്യപ്രതിജ്ഞ ചെയ്തതിലെ മറ്റൊരർത്ഥം!
ഇത് ബംഗാളിന്റെ മാത്രം കഥയല്ല. ഇത് ഇന്ത്യയിലെ ഇടതുപക്ഷം പഠിക്കേണ്ട വലിയ പാഠമാണ്.ഇടതുപക്ഷത്തോടുള്ള ജനങ്ങളുടെ അസംതൃപ്തി, ഇടതുപക്ഷത്തെ തിരുത്താനുള്ള ജനാധിപത്യ സമ്മർദമായി മാറിയില്ലെങ്കിൽ, അത് വലതുപക്ഷത്തിന്റെ കൈകളിലെ ആയുധമാകാം. വർഗ്ഗരാഷ്ട്രീയത്തിന്റെ ഭാഷ ദുർബലമാകുമ്പോൾ, ജനവികാരത്തെ മതരാഷ്ട്രവാദം പിടിച്ചെടുക്കും. കർഷകന്റെ വേദനയെയും തൊഴിലാളിയുടെ അസംതൃപ്തിയെയും ദരിദ്രന്റെ സങ്കടത്തെയും ഇടതുപക്ഷം കേൾക്കാതെ പോയാൽ, ആ അസ്വസ്ഥതക്ക് സംഘപരിവാർ അവരുടെ നിറം കൊടുക്കും. ബംഗാളിൽ സംഭവിച്ചത് അതുതന്നെയാണ്.
മമത ബാനർജി ഇടതിനെ തോൽപ്പിച്ചു.തൃണമൂൽ ഇടതിന്റെ സാമൂഹിക അടിത്തറയെ തകർത്തു; എന്നാൽ അതിനു പകരം സുസ്ഥിരമായ മതേതര ജനാധിപത്യ ബദൽ സൃഷ്ടിച്ചില്ല; പുരോഗമന രാഷ്ട്രീയം അവസാനിച്ചു. അവസാനം ആ ശൂന്യത ബിജെപി നിറച്ചു. സുവേന്ദു അധികാരിയുടെ യാത്ര അതിന്റെ പ്രതീകമാണ്. കോൺഗ്രസിൽ നിന്ന് തൃണമൂലിലേയ്ക്ക്. തൃണമൂലിൽ നിന്ന് ബിജെപിയിലേയ്ക്ക്. നന്ദിഗ്രാമിലെ ഭൂസമരത്തിൽ നിന്ന് സംഘപരിവാർ ഭരണത്തിലേയ്ക്ക്. ഇത് ആശയശൂന്യമായ അധികാരരാഷ്ട്രീയത്തിന്റെ സ്വാഭാവിക പരിണാമമാണ്.ഇവിടെയാണ് ചരിത്രത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ പരിഹാസം:ഇടതിനെ താഴെയിറക്കാൻ ഉപയോഗിച്ച നന്ദിഗ്രാം രാഷ്ട്രീയം, അവസാനം ബംഗാളിനെ ബിജെപിയുടെ കൈകളിലേയ്ക്ക് എത്തിക്കുന്ന പാലമായി മാറി.
കേരളം ഇതിൽ നിന്ന് പഠിക്കണം. ഇടതുപക്ഷത്തെ വിമർശിക്കാം. വിമർശിക്കണം. ഭരണത്തിലെ പിഴവുകളും, ജനങ്ങളിൽ നിന്നുള്ള അകൽച്ചയും, ഉദ്യോഗസ്ഥാധിപത്യവും, സ്വജനപക്ഷപാതവും, പ്രാദേശിക നേതാക്കളുടെ അഹങ്കാരവും, തുടരെ തുടരെ വന്ന ജനാധിപത്യ തോൽവികളിൽ നിന്ന് തിരുത്താത്ത തെറ്റുകളും തുറന്നുപറയണം. പക്ഷേ ഇടതുപക്ഷ വിരോധം എന്ന പേരിൽ വർഗ്ഗരാഷ്ട്രീയത്തെ മുഴുവൻ തകർത്താൽ, ആ ശൂന്യത നിറയ്ക്കുക കോൺഗ്രസ് ആയിരിക്കില്ല. അത് സംഘപരിവാർ ബിജെപി ആയിരിക്കും. ബംഗാൾ അതിന്റെ ജീവിച്ചിരിക്കുന്ന തെളിവാണ്. ഇന്ന് യുഡിഫ് ആണ് നമ്മളെ സംരക്ഷിക്കപ്പെടുക എന്ന് വിശ്വസിച്ചു വോട്ട് ചെയ്ത ന്യുനപക്ഷവും, നിഷ്പക്ഷ ഭൂരിപക്ഷവും ഇത് തിരിച്ചറിയണം.
കേരളത്തിലെ ഇടതുപക്ഷം ഈ Metamorphosis തിരിച്ചറിയണം.ഇടതുപക്ഷം തിരുത്തണം.ജനങ്ങളിലേയ്ക്ക് മടങ്ങണം.വർഗ്ഗരാഷ്ട്രീയം വീണ്ടും ശക്തിപ്പെടണം. മതേതരത്വം ജീവിതാനുഭവമാക്കണം. അധികാരത്തിന്റെ ഭാഷയല്ല, മനുഷ്യരുടെ ഭാഷ സംസാരിക്കണം. തിരിച്ചുവരിക തന്നെ ചെയ്യും സഖാക്കളെ.





