“എൽഡിഎഫിന് ഇനി രാജ്യസഭാ സീറ്റ് ഉറപ്പിക്കാൻ കഴിയില്ല” എന്റെ ഫേസ്ബുക് പോസ്റ്റിന് അടിയിൽ ഒരു തീർത്ത കൊങ്ങി ആഹ്ലാദത്തോടെ ഇട്ട കമന്റ് ആണ്. അങ്ങനെ ഒരു പ്രചാരണം കേൾക്കുമ്പോൾ സത്യത്തിൽ അത് ശരിയാണോ എന്ന സംശയം തോന്നി. അതിനെക്കുറിച്ച് മനസ്സിലാക്കി ബോധ്യപ്പെട്ടു. ഇത്തരം പ്രചാരണങ്ങളിൽ നിന്ന് ആദ്യം മനസ്സിലാക്കേണ്ടത് ഇതാണ് അർദ്ധ സത്യം ഉപയോഗിച്ച് പൂർണ്ണമായ രാഷ്ട്രീയ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇത് ഒക്കെ എന്ന്.

അതെ, ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ തിരിച്ചടി നേരിട്ടു. കേരളത്തിൽ UDF വലിയ ഭൂരിപക്ഷം നേടിയപ്പോൾ CPI(M) 26 സീറ്റും CPI 8 സീറ്റുമാണ് നേടിയത്. ആകെ എൽഡിഎഫ് ശക്തി 35 സീറ്റുകളിലേക്ക് ചുരുങ്ങി.

പക്ഷേ രാജ്യസഭാ തിരഞ്ഞെടുപ്പ് എന്നത് നിയമസഭാ തിരഞ്ഞെടുപ്പിലെ പോലെ “ആർക്കാണ് ഭൂരിപക്ഷം” എന്ന ഒറ്റ കണക്ക് നോക്കിയല്ല. അത് അനുപാതിക പ്രതിനിധിത്വത്തിന്റെ അടിസ്ഥാനത്തിൽ ആണ്. രാജ്യസഭാംഗങ്ങളെ സംസ്ഥാന നിയമസഭാംഗങ്ങൾ single transferable vote രീതിയിലാണ് തിരഞ്ഞെടുക്കുന്നത്. കേരളത്തിൽ ഒരേസമയം മൂന്ന് രാജ്യസഭാ സീറ്റുകൾ ഒഴിവാകുന്ന ഘട്ടത്തിൽ ഒരു സ്ഥാനാർഥിക്ക് സുരക്ഷിതമായി ജയിക്കാൻ വേണ്ടത് 36 വോട്ടാണ്. എൽഡിഎഫിന് നിയമസഭയിൽ ഉള്ളത് 35 വോട്ടാണ്. അതായത് ഒരു വോട്ട് കുറവ്.
പക്ഷേ അതുകൊണ്ട് “എൽഡിഎഫിന് ഒരാളെയും അയക്കാൻ കഴിയില്ല” എന്നു പറയുന്നത് രാഷ്ട്രീയ അറിവില്ലായ്മയോ, അല്ലെങ്കിൽ അറിഞ്ഞുകൊണ്ടുള്ള ഒരു അസത്യ പ്രചാരണമോ ആണ്.

കാരണം UDF-ന് 102 സീറ്റുകൾ ഉണ്ടെങ്കിലും മൂന്ന് രാജ്യസഭാ സീറ്റുകളും സ്വന്തമാക്കാൻ ഏകദേശം 108 വോട്ടിന്റെ ശക്തി വേണം. അവർക്ക് അതില്ല. അതിനാൽ സാധാരണ രാഷ്ട്രീയ കണക്കിൽ UDF-ന് രണ്ട് സീറ്റ് ഉറപ്പിക്കാം; മൂന്നാമത്തെ സീറ്റ് എൽഡിഎഫിന്റെ പോരാട്ട സീറ്റായിരിക്കും. എൽഡിഎഫ് ഐക്യത്തോടെ നിന്നാൽ ആ സീറ്റ് പിടിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നു.

ഇനി എന്റെ പോസ്റ്റിന് അടിയിൽ വന്ന് കമന്റ് ഇട്ട് ആത്മനിർവൃതി പുൽകുന്ന കോങ്ങിയോട് ചിലത് ചോദിക്കാൻ ഉണ്ട്.

കഴിഞ്ഞ അഞ്ച് വർഷം കേരളത്തിന്റെ രാജ്യസഭാ ശബ്ദം ആരായിരുന്നു?
ഡൽഹിയിലെ അധികാരകേന്ദ്രത്തിനെതിരെ സംസ്ഥാനാവകാശം, ഫെഡറലിസം, വിദ്യാഭ്യാസം, മതനിരപേക്ഷത, തൊഴിലാളി അവകാശം, മാധ്യമ സ്വാതന്ത്ര്യം, കേന്ദ്ര അവഗണന, കേരളത്തിന്റെ സാമ്പത്തിക അവകാശം ഇവക്ക് ആയി ആരാണ് തുടർച്ചയായി പാർലമെന്റിൽ ശബ്ദം ഉയർത്തിയത്? ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ, എ. എ. റഹീം, സന്തോഷ് കുമാർ എന്നിവർ രാജ്യസഭയെ വെറും അലങ്കാര പദവിയായി കണ്ടില്ല. അവർ അതിനെ രാഷ്ട്രീയ പ്രതിരോധത്തിന്റെ വേദിയാക്കി മാറ്റി. പ്രസംഗിച്ചു, ചോദ്യം ചോദിച്ചു, സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചു, കേന്ദ്രാധിപത്യത്തെയും സംഘപരിവാർ രാഷ്ട്രീയത്തെയും നേരിട്ട് ചോദ്യം ചെയ്തു.

മറുവശത്ത്, UDF രാജ്യസഭാ പ്രതിനിധികളുടെ സാന്നിധ്യം ഹാജറിൽ മോശമല്ലെങ്കിലും, രാഷ്ട്രീയ ഇടപെടലിന്റെ കാര്യത്തിൽ, ചർച്ചകളിലെ ശക്തിയിൽ, സൈദ്ധാന്തിക വ്യക്തതയിൽ, കേന്ദ്രസർക്കാരിനെതിരെ നിരന്തര പ്രതിരോധം തീർക്കുന്നതിൽ എൽഡിഎഫ് എംപിമാരുമായി താരതമ്യം ചെയ്യാൻ ബുദ്ധിമുട്ടാണ് അവർ ഏറെ പുറകിൽ ആണ് എന്നത് കണക്കുകളുടെ അടിസ്ഥാനത്തിൽ ഞാൻ പറയും.

രാജ്യസഭയിലെ ഏറ്റവും പുതിയ പ്രവർത്തന റിപ്പോർട്ടുകൾ (2026 ഏപ്രിൽ 18 വരെയുള്ള കണക്കുകൾ) വ്യക്തമാക്കുന്നത് പാർലമെന്റിൽ കേരളത്തിന്റെ അവകാശങ്ങൾക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്നത് ഇടതുപക്ഷ എം.പിമാരാണ് എന്നാണ്. കേരളത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും ജനകീയ പ്രശ്നങ്ങൾ ഉയർത്തുന്നതിലും എൽ.ഡി.എഫ് പ്രതിനിധികൾ ബഹുദൂരം മുന്നിലാണെന്ന് കണക്കുകൾ അടിവരയിടുന്നു.മുഖ്യധാരാ മാധ്യമങ്ങൾ പലപ്പോഴും മറച്ചുവെക്കുന്ന ഈ കണക്കുകൾ നോക്കൂ:
സഭയിലെ സജീവ സാന്നിധ്യം: ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇടതുപക്ഷ എംപി-മാർ നല്ല മുന്നേറ്റമാണ് നടത്തുന്നത്. ആകെ 3847 ചർച്ചകളിൽ എൽ.ഡി.എഫ് അംഗങ്ങൾ ഭാഗമായി. ഒരു ശരാശരി കണക്കെടുത്താൽ പോലും, യു.ഡി.എഫ് അംഗങ്ങളെക്കാൾ ഇരട്ടിയിലധികം തവണ (~641) ഓരോ ഇടതുപക്ഷ എം.പിമാരും സഭയിൽ ശബ്ദമുയർത്തുന്നു.
നിയമനിർമ്മാണത്തിലെ ഇടപെടൽ:വെറുതെ സംസാരിക്കുക മാത്രമല്ല, ബദൽ നയങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്യുന്നു. 74 പ്രൈവറ്റ് മെമ്പർ ബില്ലുകളാണ് ഇടതുപക്ഷ എം.പിമാർ അവതരിപ്പിച്ചത്. എന്നാൽ യു.ഡി.എഫ് പക്ഷത്തുനിന്ന് ഇത് വെറും 6 എണ്ണം മാത്രമാണ്.
കൃത്യനിഷ്ഠയും അർപ്പണബോധവും: സഭയിലെ ഹാജർ നില പരിശോധിച്ചാലും ഇടതുപക്ഷം മാതൃകയാണ്. ജോൺ ബ്രിട്ടാസ് (94%), വി. ശിവദാസൻ (92%) തുടങ്ങിയവർ പാർലമെന്ററി പ്രവർത്തനങ്ങളിലെ തങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റുന്നു.
ഇത് വെറും കണക്കുകൾ അല്ല, മറിച്ച് നമ്മുടെ നാടിനുവേണ്ടിയുള്ള കരുത്തുറ്റ പോരാട്ടത്തിന്റെ അടയാളങ്ങളാണ്. തൊഴിൽ അവകാശങ്ങൾക്കും മതനിരപേക്ഷതയ്ക്കും കേരളത്തിന്റെ വികസന വിഹിതത്തിനും വേണ്ടി ഡൽഹിയിൽ ഇടതുപക്ഷത്തിന്റെ ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.കേരളത്തിന്റെ കരുത്തായി എൽ.ഡി.എഫ് എം.പിമാർ! ✊🗳️
(കടപ്പാട്: PRS ലെജിസ്ലേറ്റീവ് റിസർച്ച് ഡാറ്റ)

അതുകൊണ്ട് നിങ്ങൾ സന്തോഷിക്കുമ്പോൾ “എൽഡിഎഫിന് സീറ്റ് കിട്ടുമോ?” എന്നതിൽ മാത്രം ഒതുങ്ങുന്നില്ല. പ്രശ്നം ഇതാണ്: കേരളത്തിന്റെ മതനിരപേക്ഷ ശബ്ദം രാജ്യസഭയിൽ തുടരണോ? കേന്ദ്രത്തിന്റെ സംസ്ഥാനവിരുദ്ധ സമീപനങ്ങൾക്ക് എതിരെ സംസാരിക്കുന്ന ഇടതുപക്ഷ ശബ്ദം നിലനിൽക്കണോ? കേരളത്തിന്റെ സാമ്പത്തിക അവകാശത്തിനും ഫെഡറൽ അവകാശത്തിനും വേണ്ടി സംസാരിക്കുന്നവർ പാർലമെന്റിൽ വേണോ? മിഷിനറി പ്രവർത്തനത്തിന്റെ പേരിൽ കള്ള കേസിൽ കുടുക്കിയ കന്യാസ്ത്രീകൾക്കും ന്യുനപക്ഷങ്ങൾക്കും വേണ്ടി പാര്ലമെന്റിൽ ശബ്‌ദിച്ചത് ആരാണ്- അത് ഇനിയും തുടരണോ? അല്ലെങ്കിൽ അധികാരം കിട്ടിയാൽ മതി, പാർലമെന്റിൽ നിശ്ശബ്ദരായാലും പ്രശ്നമില്ല എന്ന രാഷ്ട്രീയത്തിലേക്കാണോ കേരളം പോകേണ്ടത്?

ഇതോടൊപ്പം ആഘോഷമാക്കുന്ന മറ്റൊരു ചർച്ച കൂടി ഉണ്ട്. സിപിഐഎമ്മിന് ദേശീയ പാർട്ടി പദവി നഷ്ടപ്പെടും, അരിവാൾ ചുറ്റിക നക്ഷത്രം ഇല്ലാതാകും എന്ന തരത്തിലുള്ള പ്രചാരണം. അത് വസ്തുതാപരമല്ലാത്ത രാഷ്ട്രീയ ആഗ്രഹപ്രകടനമാണ്. ഒരു സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടു എന്നതുകൊണ്ട് ഒരു പാർട്ടിയുടെ ദേശീയ പദവി ഉടൻ ഇല്ലാതാകില്ല.
ഇന്ത്യയിൽ ഒരു പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിക്കാനോ നിലനിർത്താനോ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിരിക്കുന്ന നിയമപരമായ മാനദണ്ഡങ്ങൾ വ്യക്തമാണ്. ലോക്‌സഭയിലോ നിയമസഭാ തെരഞ്ഞെടുപ്പുകളിലോ കുറഞ്ഞത് നാല് സംസ്ഥാനങ്ങളിൽ 6% വോട്ട് ലഭിക്കുകയും അതോടൊപ്പം ലോക്‌സഭയിൽ കുറഞ്ഞത് 4 സീറ്റുകൾ നേടുകയും ചെയ്യുക; അല്ലെങ്കിൽ ലോക്‌സഭയിലെ മൊത്തം സീറ്റുകളുടെ കുറഞ്ഞത് 2% സീറ്റുകൾ കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി നേടുക; അല്ലെങ്കിൽ കുറഞ്ഞത് നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയായി അംഗീകാരം ഉണ്ടായിരിക്കുക; ഇവയിൽ ഏതെങ്കിലും ഒരു മാനദണ്ഡം പാലിക്കുമ്പോഴാണ് ദേശീയ പാർട്ടി പദവി നിലനിൽക്കുന്നത്.
അതുകൊണ്ട് സിപിഐഎമ്മിന് ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടു, അല്ലെങ്കിൽ ഉടൻ നഷ്ടപ്പെടും എന്ന പ്രചാരണം തെറ്റിദ്ധാരണയും രാഷ്ട്രീയ ദുരുദ്ദേശവുമാണ്. ദേശീയ പാർട്ടി പദവി തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപരമായ വോട്ട്-സീറ്റ് മാനദണ്ഡങ്ങൾ പ്രകാരമാണ്; എതിരാളികളുടെ ആഘോഷപ്രഖ്യാപനങ്ങൾ പ്രകാരമല്ല.

ദേശീയ പാർട്ടി പദവി സംബന്ധിച്ച വ്യാജ പ്രചാരണത്തിന് മറുപടി പറയുമ്പോൾ ആദ്യം വസ്തുതകൾ പറയണം.
സിപിഐഎമ്മിന് ഇപ്പോഴും ലോക്‌സഭയിൽ 4 അംഗങ്ങളുണ്ട് ലോക്സഭയിലെ സി.പി.ഐ(എം) അംഗങ്ങൾ കെ. രാധാകൃഷ്ണൻ (ആലത്തൂർ, കേരളം),സു. വെങ്കിടേശൻ (മധുര), സച്ചിദാനന്ദം (ദിണ്ടിഗൽ, തമിഴ്നാട്), അമര റാം (സീക്കർ, രാജസ്ഥാൻ) എന്നിവരാണ്.

കേരളത്തിൽ അധികാരം നഷ്ടപ്പെട്ടെങ്കിലും 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം 26 സീറ്റുകൾ നേടി; പശ്ചിമ ബംഗാളിൽ ഒരു സീറ്റും നേടി. 2026 നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കണക്കുകൾ നോക്കിയാൽ സിപിഐഎമ്മിന് കേരളത്തിൽ 21.77% വോട്ട് ലഭിച്ചു; 26 സീറ്റുകൾ നേടി. പശ്ചിമ ബംഗാളിൽ 4.45% വോട്ട് നേടി ഒരു സീറ്റ് നേടി. തമിഴ്‌നാട്ടിൽ സിപിഐഎം സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച്; അവിടെ വോട്ട് ശതമാനം 0.60% ആക്കി 2 സീറ്റുകൾ നേടി. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഐഎമ്മിന് ഏകദേശം 26% വോട്ട് ലഭിച്ചു. ത്രിപുരയിൽ CPI(M) 12.40% വോട്ട് നേടി. തമിഴ്‌നാട്ടിൽ 2.52%, രാജസ്ഥാനിൽ 1.97% വോട്ടും ഉണ്ട്.

അതായത്, സിപിഐഎം രാഷ്ട്രീയമായി കനത്ത തിരിച്ചടി നേരിട്ടു എന്നത് ശരിയാണ്. പക്ഷേ അതുകൊണ്ട് മാത്രം ദേശീയ പാർട്ടി പദവിയോ അരിവാൾ-ചുറ്റിക-നക്ഷത്രം ചിഹ്നമോ ഉടൻ നഷ്ടപ്പെടും എന്നത് വസ്തുതാപരമല്ല.

എൽഡിഎഫ് പരാജയപ്പെട്ടു അത് യാഥാർത്ഥ്യം. എന്നാൽ ഇത് കേരളത്തിൽ ആദ്യമായി സംഭവിച്ച രാഷ്ട്രീയ പാർട്ടിയുടെ പരാജയം ആണോ ? നിങ്ങൾ 2016 ൽ 22 MLA മാരും 2021 ൽ 21 MLA മാരും ആയി ചുരുങ്ങി കൂടി ഇരുന്നില്ലേ ? തെരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങൾക്ക് അപ്പുറത്ത് ആരാണ് യഥാർത്ഥ ശത്രൂ എന്ന് തിരിച്ചറിയാനുള്ള ബോധമെങ്കിലും ഇനിയും ഉണ്ടാകണം. ഡൽഹിയിൽ അധികാരം ചോദ്യം ചെയ്യാത്ത പ്രതിനിധികൾ മതിയെങ്കിൽ അങ്ങനെ ആയിക്കോട്ടെ ! ജനം അനുഭവങ്ങളിലൂടെ പാഠം പഠിക്കട്ടെ.