ഈ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വളർച്ചയെ “3 സീറ്റ് നേടി” എന്ന കണക്കിൽ മാത്രം ഒതുക്കി വായിക്കാൻ ആവില്ല. അതിനെ നിസ്സാരവൽക്കരിക്കാനും പാടില്ല. അങ്ങനെ ചെയ്താൽ അത് അപകടകരമായ ഒരു രാഷ്ട്രീയ ലഘൂകരണമാകും. അങ്ങനെ കാണാൻ ഞാൻ KC വേണുഗോപാൽ അല്ലല്ലോ!

ഇത്തവണ ബിജെപി 3 MLA സീറ്റുകൾ നേടി. അതോടൊപ്പം തിരുവല്ല, പാലക്കാട്, മലമ്പുഴ, ആറ്റിങ്ങൽ, കാസർഗോഡ്, മഞ്ചേശ്വരം എന്നീ 6 മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. കേരളത്തിലെ മത്സരം ക്രമേണ ദ്വിമുഖ രാഷ്ട്രീയത്തിൽ നിന്ന് ത്രികോണമത്സരത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ ഏറ്റവും വ്യക്തമായ സൂചനയാണിത്.

സംസ്ഥാനത്തൊട്ടാകെ ബിജെപിയുടെ വോട്ട് ശതമാനം വൻതോതിൽ ഉയർന്നിട്ടില്ല എന്നതും ശ്രദ്ധിക്കണം. 2026-ലെ ECI കണക്കുപ്രകാരം ബിജെപിയുടെ വോട്ട് ഷെയർ ഏകദേശം 11.42%ആണ്; 2021-ൽ ബിജെപി സ്ഥാനാർഥികൾ മത്സരിച്ച സീറ്റുകളിൽ ഏകദേശം 11.3% വോട്ട് നേടിയിരുന്നു. അതായത് വളർച്ചയുടെ സ്വഭാവം സൂക്ഷ്മമായി നോക്കിയാൽ, ഇത് വ്യാപകമായ വോട്ട് തരംഗമല്ല. മറിച്ച് ചില മണ്ഡലങ്ങളിൽ വോട്ട് കേന്ദ്രീകരിച്ച് ജയസാധ്യതയാക്കി മാറ്റുന്ന രാഷ്ട്രീയ-സംഘടനാപരമായ വളർച്ചയാണ്.

ഇവിടെയാണ് അപകടത്തിന്റെ ഗൗരവം. നേമം 41.1%, ചാത്തന്നൂർ 38.5%, മഞ്ചേശ്വരം 36.4%, കഴക്കൂട്ടം 35.9%, പാലക്കാട് 33.8%, കാസർഗോഡ് 32.2%, ആറ്റിങ്ങൽ 31.3%, തിരുവല്ല 31.1% എന്നിങ്ങനെ പല മണ്ഡലങ്ങളിലും ബിജെപി ശക്തമായ വോട്ട് സാന്നിധ്യം ഉണ്ടാക്കിയിട്ടുണ്ട്. 20-ൽ കൂടുതൽ മണ്ഡലങ്ങളിൽ അവർ 20% മുകളിൽ പോകുന്നുണ്ടെങ്കിൽ, അത് കേരളത്തിലെ ഇടതുപക്ഷത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും ഗൗരവമുള്ള മുന്നറിയിപ്പാണ്.

ഇങ്ങനെ നോക്കുമ്പോൾ, ബിജെപിയെ ഇനി കേരളത്തിൽ “വോട്ട് ചെയ്ത് പാഴാക്കുന്ന പാർട്ടി” എന്ന പഴയ പരിഹാസത്തിൽ മാത്രം ചുരുക്കി കാണാൻ കഴിയില്ല. ചില മണ്ഡലങ്ങളിൽ അവർ ജയിക്കാവുന്ന പാർട്ടിയായി മാറുന്നു. ചിലിടത്ത് രണ്ടാം സ്ഥാനത്ത് എത്തുന്ന പാർട്ടിയായി മാറുന്നു. മറ്റുചിലിടത്ത് ജയപരാജയങ്ങളെ തീരുമാനിക്കുന്ന പാർട്ടിയായും മാറുന്നു.

ഇത് അവർ സാധ്യമാക്കിയത് പ്രധാനമായും രണ്ട് വഴികളിലൂടെയാണ് എന്ന് തോന്നുന്നു.

ഒന്ന്, ദീർഘകാല RSS ശാഖാ-പ്രവർത്തനത്തിലൂടെ രൂപപ്പെടുത്തിയ സാമൂഹിക അടിത്തറ. ഇത് തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉണ്ടാകുന്ന ഒന്നല്ല. ക്ഷേത്രകമ്മിറ്റികൾ, സാംസ്കാരിക വേദികൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, സേവാ പ്രവർത്തനങ്ങൾ, സോഷ്യൽ മീഡിയ, യുവജന നെറ്റ്‌വർക്ക്, ജോബ് സെല്ലുകൾ എന്നിവയെല്ലാം ചേർന്നുള്ള ദീർഘകാല സാമൂഹിക ഇടപെടലാണ് ഇതിന് പിന്നിൽ.

രണ്ട്, കോൺഗ്രസിന്റെ മൃദു-വർഗീയ രാഷ്ട്രീയമാണ് ബിജെപിക്ക് വഴിതുറക്കുന്നത്. കോൺഗ്രസ് ഇടതിനെ തോൽപ്പിക്കാൻ ഏതു സാമൂഹിക ശക്തിയോടും ഒത്തുതീർപ്പിന് തയ്യാറാകുന്ന രീതിയിലേക്ക് പോകുമ്പോൾ, അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ദീർഘകാലത്തിൽ ബിജെപിയാണ്. കേരളത്തിൽ കോൺഗ്രസ് പലപ്പോഴും ബിജെപിയെ ആശയപരമായി നേരിടുന്നില്ല. മറിച്ച് “ഇടത് വിരോധം” എന്ന ഒറ്റ രാഷ്ട്രീയത്തിലേക്ക് അവർ ചുരുങ്ങുന്നു.

അത് മാത്രമല്ല, പലപ്പോഴും ചില മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് RSS/BJP എന്നത് രാഷ്ട്രീയമായി തൊട്ടുകൂടാത്ത ശക്തിയല്ല എന്ന സമീപനവും കാണാം.സതീശൻ ഒക്കെ സംഘചാലകരുടെ പടത്തിന് മുന്നിൽ പോയി വിളക്ക് കത്തിച്ചു തൊഴുതു നിൽക്കുന്നതിൽ ലവലേശം മടി ഉണ്ടാവില്ല. തരാതരം പോലെ അവരുമായി പരസ്യമായും രഹസ്യമായും രാഷ്ട്രീയ നീക്കുപോക്കുകൾ നടത്തുന്ന പ്രവണതയും കേരളം കണ്ടിട്ടുണ്ട്. ഇത് ബിജെപിക്ക് നേരിട്ടുള്ള ക്ഷണമല്ലെങ്കിലും, ബിജെപി വളരാനുള്ള സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം ഒരുക്കുന്ന പ്രവർത്തനമായി മാറുന്നു.

ഈ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ട് വലിയ തോതിൽ UDF-ലേക്ക് ഏകീകരിച്ചുവെന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ അതിനെ വെറും “മതം നോക്കി വോട്ട് ചെയ്തു” എന്ന രീതിയിൽ മാത്രം കാണുന്നത് ശരിയല്ല. ഇന്ത്യയിൽ സംഘപരിവാർ രാഷ്ട്രീയത്തിന്റെ വളർച്ച, മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരായ രാഷ്ട്രീയ-ഭരണകൂട ആക്രമണങ്ങൾ, പൗരത്വഭീതി, ബുൾഡോസർ രാഷ്ട്രീയം, കേന്ദ്ര അധികാരത്തിന്റെ ഹിന്ദുത്വ ഭാഷ, SIR ഇതെല്ലാം ന്യൂനപക്ഷ വോട്ടർമാരുടെ സുരക്ഷാഭീതിയെ യാഥാർത്ഥ്യമാക്കുന്ന ഘടകങ്ങളാണ്.

അതിനാൽ ന്യൂനപക്ഷ വോട്ട് UDF-ലേക്ക് നീങ്ങിയതിൽ ഭയത്തിന്റെ രാഷ്ട്രീയവും ഉണ്ട്. പക്ഷേ അതിന്റെ മറ്റൊരു അപകടം ഇവിടെയാണ്. ന്യൂനപക്ഷ വോട്ട് UDF-ൽ ഏകീകരിക്കുമ്പോൾ,ഭൂരിപക്ഷ വോട്ടിലെ ഒരു വിഭാഗത്തെ “ന്യൂനപക്ഷ പ്രീണനം” എന്ന RSS പ്രചാരണത്തിലേക്ക് തള്ളിവിടാൻ ബിജെപിക്ക് കൂടുതൽ സൗകര്യം ലഭിക്കുന്നു. ആ അസ്വസ്ഥതയിൽ നിന്നാണ് നിഷ്പക്ഷരായിരുന്ന ചില ഭൂരിപക്ഷവിഭാഗത്തിന്റെ വോട്ടുകൾ ബിജെപിയിലേക്ക് മാറുന്നത്. അതാണ് BJP ആഗ്രഹിക്കുന്ന ധ്രുവീകരണവും.

ഇത് RSS-ന്റെ ദീർഘകാല പദ്ധതിയാണ്. അവർ കേരളം മുഴുവനായി ഒരേ സമയം പിടിച്ചടക്കാൻ ശ്രമിക്കുന്നില്ല. ആദ്യം 20–30 മണ്ഡലങ്ങളിൽ 25–35% വോട്ട് ഉറപ്പിക്കുക. പിന്നെ ത്രികോണമത്സരത്തിൽ കോൺഗ്രസ്-ഇടത് വോട്ട് വിഭജിക്കുമ്പോൾ ജയിക്കാവുന്ന മണ്ഡലങ്ങൾ കണ്ടെത്തുക. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, ആറ്റിങ്ങൽ, പാലക്കാട്, മലമ്പുഴ, കാസർഗോഡ്, മഞ്ചേശ്വരം, ചാത്തന്നൂർ, തിരുവല്ല പോലുള്ള മണ്ഡലങ്ങളിൽ അവർ പരീക്ഷിക്കുന്ന മാതൃക ഇതാണ്. 2026-ൽ മൂന്ന് MLAമാർ, ആറിടത്ത് രണ്ടാം സ്ഥാനം എന്നത് അവരുടെ കണക്കുകൂട്ടലിൽ അവസാനം അല്ല. അത് തുടക്കമാണ്.

ഇത് സാധാരണ വലതുപക്ഷ വളർച്ചയല്ല. ഇത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാമൂഹിക-രാഷ്ട്രീയ അടിത്തറ നിർമ്മാണമാണ്. വർഗ്ഗരാഷ്ട്രീയത്തിന്റെ ക്ഷയവും ജനകീയ സംഘടനകളുടെ ദുർബലതയും ഉപയോഗിച്ച്, ജീവിതപ്രശ്നങ്ങളെ മത-സാംസ്കാരിക ഐഡന്റിറ്റി പ്രശ്നങ്ങളാക്കി മാറ്റുന്ന രാഷ്ട്രീയ പ്രക്രിയയാണ് ഹിന്ദുത്വം.

തൊഴിലില്ലായ്മ, വിലക്കയറ്റം, കുടിയേറ്റം, കാർഷിക പ്രതിസന്ധി, വിദ്യാഭ്യാസ-ആരോഗ്യ ചെലവ്, യുവജനങ്ങളുടെ നിരാശ ഇവയെല്ലാം വർഗ്ഗപ്രശ്നങ്ങളായി ഇടതുപക്ഷം കൂടുതൽ ശക്തമായി അവതരിപ്പിക്കേണ്ടിടത്ത്, RSS/സംഘപരിവാർ അവയെ മതം, ജാതി, സംസ്കാരം, ആചാരം,ന്യൂനപക്ഷ പ്രീണനം, എന്ന ഭാഷയിലേക്ക് മാറ്റുന്നു. യഥാർത്ഥ ജീവിതപ്രശ്നങ്ങളിൽ നിന്ന് ജനങ്ങളെ വഴിതിരിച്ചുവിട്ട് വർഗീയതയിലേക്ക് അടുപ്പിക്കുന്നതാണ് അവരുടെ രാഷ്ട്രീയ വിദ്യ.

ആശയപരമായ തലത്തിൽ കോൺഗ്രസ് പലപ്പോഴും ബിജെപിക്ക് ഈ പാത ഒരുക്കിക്കൊടുക്കാറുണ്ട്. അതിന്റെ അടുത്തകാലത്തെ ഏറ്റവും വ്യക്തമായ ഉദാഹരണങ്ങളിലൊന്നാണ് ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാട്. ഭൂരിപക്ഷ വികാരത്തെ ഭയന്ന് മൃദു-ഹിന്ദുത്വ ഭാഷ ഉപയോഗിക്കുകയും, അതേ സമയം ന്യൂനപക്ഷ വോട്ട് ബാങ്ക് കൈവശം വയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഇരട്ട രാഷ്ട്രീയമാണ് കോൺഗ്രസിന്റേത്.

ഇവിടെ സംഭവിക്കുന്നത് അപകടകരമായ ഒരു രാഷ്ട്രീയ പരിവർത്തനമാണ്. കോൺഗ്രസ് ന്യൂനപക്ഷ വോട്ട് ബാങ്ക് കൈവശം വയ്ക്കാൻ ശ്രമിക്കുന്നു. അതേ സമയം ഭൂരിപക്ഷ വിഭാഗത്തിലെ അസ്വസ്ഥതയെ ബിജെപിക്ക് ഉപയോഗിക്കാൻ പാകത്തിൽ പരുവപ്പെടുത്തി കൊടുക്കുന്നു. സാമ്പത്തിക നയങ്ങളിൽ ബിജെപിയുമായി അടിസ്ഥാനപരമായ വ്യത്യാസം കാണിക്കാത്തതിനാൽ, ജനങ്ങളുടെ യഥാർത്ഥ വർഗ്ഗപ്രശ്നങ്ങൾ കോൺഗ്രസിന്റെ രാഷ്ട്രീയ ചർച്ചയിൽ പലപ്പോഴും വരാറുപോലും ഇല്ല.

ഇതാണ് “Congress is the pathway to BJP” എന്ന വാദത്തിന്റെ രാഷ്ട്രീയ അർത്ഥം. കോൺഗ്രസ് കേരളത്തിൽ ബിജെപിയെ നേരിട്ട് അധികാരത്തിലെത്തിക്കുന്നില്ലെങ്കിലും,ഇടതുപക്ഷത്തെ ദുർബലപ്പെടുത്തിയും മതനിരപേക്ഷ രാഷ്ട്രീയത്തെ തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളാക്കി ചുരുക്കിയും RSS-ന് വളരാനുള്ള സാമൂഹിക ഇടം തുറന്ന് കൊടുക്കുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത് പല സംസ്ഥാനങ്ങളിലും കണ്ടതാണ്. കോൺഗ്രസ് ക്ഷയിച്ചിടത്ത് BJP വളർന്നു. കാരണം കോൺഗ്രസ് പലപ്പോഴും ഫാസിസത്തെ ആശയപരമായി നേരിടുന്നില്ല. അതിന്റെ മൃദുവായ പതിപ്പായി മാറുന്നു. ഫാസിസത്തിനെതിരെ നിലകൊള്ളേണ്ടിടത്ത്, ഫാസിസത്തിന്റെ ഭാഷയെ കുറച്ച് മൃദുവാക്കി ഉപയോഗിക്കുന്നതിലൂടെ കോൺഗ്രസ് തന്നെ അതിന് വഴിയൊരുക്കുന്നു.

ബിജെപിയുടെ ഭാവി കേരളത്തിൽ വളരാനുള്ള സാധ്യതയുള്ളതാണ് എന്നാണ് കണക്കാക്കുന്നത്. എന്നാൽ അത് അനിവാര്യമായ ഒരു വളർച്ചയായി കാണേണ്ടതില്ല. അവർക്ക് കേരളം കീഴടക്കാൻ ഇപ്പോഴും വലിയ തടസ്സങ്ങളുണ്ട്: സാമൂഹിക നവോത്ഥാന പാരമ്പര്യം, തൊഴിലാളി പ്രസ്ഥാനം, ഇടതുപക്ഷ സാംസ്കാരിക അടിത്തറ, ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ ജാഗ്രത,കേരളത്തിന്റെ പൊതുസമൂഹത്തിലെ മതനിരപേക്ഷ ബോധം. ഇതൊക്കെ നിലനിൽക്കുന്നിടത്തോളം, മറ്റ് സംസ്ഥാനങ്ങളിൽ പരീക്ഷിച്ച മാതൃകകൾ പോലെ ഇവിടെ പൂർണ്ണ വിജയം നേടാൻ അവർക്ക് എളുപ്പമാകില്ല.

പക്ഷേ ഈ തടസ്സങ്ങൾ എന്നും സ്വയം നിലനിൽക്കുമെന്ന് കരുതാൻ പാടില്ല. അങ്ങനെ കരുതിയാൽ അപകടമാണ്. അവയെ രാഷ്ട്രീയമായി പുനർനിർമ്മിക്കണം. ശക്തിപ്പെടുത്തണം. അതാണ് ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്തം. അത് ഇടതുപക്ഷത്തിനെക്കൊണ്ട് മാത്രമേ കഴിയൂ.

മതനിരപേക്ഷതയിൽ ഒരുകാരണവശാലും സംശയത്തിന്റെ ഒരു നേരിയ നിഴൽ പോലും ഇടതുപക്ഷത്തുനിന്ന് ഉണ്ടാകരുത്. ഭൂരിപക്ഷ വർഗ്ഗീയതയെയും ന്യൂനപക്ഷ വർഗ്ഗീയതയെയും ഒരുപോലെ എതിർക്കണം. എന്നാൽ ഇന്ത്യയിലെ ഭരണാധികാര ഫാസിസത്തിന്റെ പ്രധാന ശക്തി ഹിന്ദുത്വ രാഷ്ട്രീയമാണെന്ന് വ്യക്തമായി പറയാനുള്ള ധൈര്യം ഇടതുപക്ഷത്തിന് കൈമോശം വരാൻ പാടില്ല.

വർഗ്ഗരാഷ്ട്രീയം ഇനിയും ശക്തിപ്പെടുത്തണം. തൊഴിലില്ലായ്മ, സ്വകാര്യവൽക്കരണം, കരാർ തൊഴിൽ, യുവജനങ്ങളുടെ കുടിയേറ്റം, കർഷക കടം, ആരോഗ്യ-വിദ്യാഭ്യാസ ചെലവ്, സ്ത്രീകളുടെ തൊഴിൽ, ദളിത്-ആദിവാസി ഭൂമിപ്രശ്നം ഇവയെല്ലാം ഇടതുപക്ഷത്തിന്റെ പോരാട്ട ഭൂമികയാക്കണം. പൊതിച്ചോർ എന്ന സാമൂഹിക രാഷ്ട്രീയ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനോടൊപ്പം യുവജന വിദ്യാർത്ഥി സംഘടനകൾ സമരോല്സുകമാകണം. എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകർക്കിടയിൽ ശക്തമായ സാന്നിധ്യമാകണം.

പാർട്ടി ജനങ്ങളിലേക്ക് വീണ്ടും ഇറങ്ങിച്ചെല്ലണം. സോഷ്യൽ മീഡിയ പോസ്റ്റുകൾ കൊണ്ട് മാത്രം ഫാസിസത്തെ തടയാൻ കഴിയില്ല. ബൂത്ത്, ബ്രാഞ്ച്, വായനശാല, യൂണിയൻ,സ്ത്രീസംഘടന, വിദ്യാർത്ഥി-യുവജന പ്രസ്ഥാനം, സഹകരണ മേഖല ഇവയെല്ലാം പുനർജീവിപ്പിച്ചുകൊണ്ടാണ് ഒരു സംഘടിത സമരശക്തിയായി ഇടതുപക്ഷം മാറേണ്ടത്.

കടുത്ത സ്വയംവിമർശനത്തിലൂടെ വർഗ്ഗരാഷ്ട്രീയം ശക്തിപ്പെടുത്തണം. ജനങ്ങളോടുള്ള ആശയവിനിമയം സുതാര്യമാക്കണം. എല്ലാ വിഭാഗം ആളുകൾക്കും കൂടി മനസ്സിലാവുന്ന ഭാഷയിൽ ആയിരിക്കണം സംവദിക്കേണ്ടത്. മതനിരപേക്ഷതയിലെ അനങ്ങാത്ത നിലപാടുമായി നവോത്ഥാനത്തിന്റെ നിലയ്ക്കാതെ പ്രക്രിയയ തുടരണം  പുനർനിർമ്മാണം സാധ്യമാക്കണം.

കേരളം ഫാസിസത്തിന്റെ പരീക്ഷണശാലയാകരുത്. കേരളം വർഗ്ഗബോധത്തിന്റെ, മതനിരപേക്ഷതയുടെ, മനുഷ്യസ്നേഹത്തിന്റെ ചുവന്ന മണ്ണായി നിലനിൽക്കണം. തിരിച്ചു വരേണ്ടത് ഒരു തെരഞ്ഞെടുപ്പ് പ്രക്രിയ മാത്രമല്ല. തിരിച്ചു വരേണ്ടത് വർഗ്ഗബോധമുള്ള, ജനങ്ങളോട് ചേർന്നുനിൽക്കുന്ന, മതനിരപേക്ഷ ഇടതുപക്ഷമാണ്.

ലാൽസലാം.