തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പശ്ചിമ ബംഗാളിൽ നിന്ന് പുറത്തുവരുന്ന നാടകീയമായ രാഷ്ട്രീയ അട്ടിമറികൾ കേവലം ഒരു പ്രാദേശിക ഭരണമാറ്റത്തിന്റെ ചിത്രമല്ല നൽകുന്നത്. അത്, ഒരു സമൂഹത്തിൽ നിന്ന് ഇടതുപക്ഷത്തെയും അതിന്റെ ജനകീയ അടിത്തറയെയും നിർദ്ദയം വേർപെടുത്തിയാൽ അവിടെ ജനാധിപത്യമല്ല, മറിച്ച് ഏറ്റവും ഭീകരമായ ഫാസിസ്റ്റ് ധ്രുവീകരണമാണ് സംഭവിക്കുക എന്നതിന്റെ ശാസ്ത്രീയമായ തെളിവാണ്. സി.പി.ഐ(എം)-നെ നാമാവശേഷമാക്കുക എന്ന ഒറ്റലക്ഷ്യത്തോടെ ബംഗാളിന്റെ മണ്ണിൽ വലതുപക്ഷ ശക്തികൾ നടത്തിയ ദീർഘവീക്ഷണമില്ലാത്ത പരീക്ഷണങ്ങൾ എങ്ങനെയാണ് ഇന്ന് അവരെത്തന്നെ വിഴുങ്ങുന്നത് എന്നതിന്റെ നേർച്ചിത്രമാണ് നാം കാണുന്നത്.

ബംഗാളിൽ സി.പി.ഐ(എം)-നെ തകർക്കുക എന്നത് മമത ബാനർജിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പദ്ധതിയായിരുന്നു. ആ പദ്ധതി അവർ വിജയകരമായി നടപ്പാക്കി. അതിനായി 2011-ൽ ബംഗാളിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (Left Front) ഭരണത്തിന് അന്ത്യം കുറിക്കാൻ മമത ബാനർജിയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ടത് തികച്ചും വിനാശകരമായ ഒരു ബഹുവർണ്ണ കൂട്ടുകെട്ടായിരുന്നു.ഭരണവിരുദ്ധ വികാരത്തെയും, നന്തിഗ്രാം, സിംഗൂർ, മാവോയിസ്റ്റ്-ലിബറൽ-അംബേദ്കറൈറ്റ്-ദളിത് ഗ്രൂപ്പുകളുടെ സി.പി.ഐ(എം) വിരുദ്ധ ഏകീകരണം, കോൺഗ്രസിന്റെ അവസരവാദം, മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണം ഇവയെല്ലാം ചേർന്ന് ബംഗാളിലെ ഇടതുപക്ഷ ഭരണത്തെ അവസാനിപ്പിച്ചു.

അന്ന് ആ പതനത്തെ “ബംഗാളിന്റെ രണ്ടാം സ്വാതന്ത്ര്യം” എന്നും “ജനാധിപത്യത്തിന്റെ പുനർജനനം” എന്നും, “ഇടതുപക്ഷ ഏകാധിപത്യം തകർന്നു” എന്നും വാഴ്ത്തിയ ബുദ്ധിജീവികളും മാധ്യമങ്ങളും ഇന്ന് എവിടെയാണ്? ചരിത്രം അവർക്ക് നൽകിയ മറുപടി അതീവ ക്രൂരമായിരുന്നു. ഇടതുപക്ഷത്തിന്റെ തകർച്ചയിലൂടെ ബംഗാളിൽ ലിബറൽ ജനാധിപത്യമല്ല വളർന്നത്. അവിടെ കർഷകനും തൊഴിലാളിയും ദളിതനും ന്യൂനപക്ഷവും പരസ്പരം സംസാരിച്ചിരുന്ന വർഗ്ഗരാഷ്ട്രീയത്തിന്റെ കൂട്ടായ്മയാണ് തകർന്നത്. ആ ശൂന്യതയിലേക്ക് കടന്നുവന്നത് കോർപ്പറേറ്റ് മൂലധനത്തിന്റെയും വർഗ്ഗീയ ധ്രുവീകരണത്തിന്റെയും ഗുണ്ടാ രാഷ്ട്രീയത്തിന്റെയും കറുത്ത ശക്തികളാണ്. അതിന്റെ സ്വാഭാവിക പരിണത ഫലമാണ് ഇന്ന് 207 സീറ്റുകളുമായി ബി.ജെ.പി ബംഗാളിന്റെ അധികാരം പിടിച്ചടക്കിയ സാഹചര്യം. തൃണമൂൽ കോൺഗ്രസ് കേവലം 80 സീറ്റുകളിലേക്ക് ചുരുങ്ങുകയും അധികാരം നഷ്ടപ്പെടുകയും ചെയ്തതോടെ, ആശയപരമായ അടിത്തറയില്ലാത്ത ആ പാർട്ടിയുടെ സമ്പൂർണ്ണ തകർച്ചയാണ് പുറത്തുവരുന്നത്. പശ്ചിമ ബംഗാൾ നിയമസഭയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ‘ഹോസ്റ്റൈൽ ടേക്ക്ഓവർ’ (Hostile Takeover) അഥവാ ജനാധിപത്യ വിരുദ്ധമായ പാർട്ടി പിടിച്ചടക്കലാണ് നടന്നിരിക്കുന്നത്.

സി.പി.ഐ(എം) വീണപ്പോൾ ബംഗാളിൽ വളർന്നത് ജനാധിപത്യമല്ല. വളർന്നത് സംഘപരിവാർ ആയിരുന്നു. വളർന്നത് ഗുണ്ടാ രാഷ്ട്രീയവും മതധ്രുവീകരണവും ആയിരുന്നു. മമത ബാനർജി സി.പി.ഐ(എം)-നെ തകർത്തു. പക്ഷേ അവർ തകർത്തത് ഒരു പാർട്ടിയെ മാത്രമല്ല, ബംഗാളിലെ ജനാധിപത്യത്തിന്റെ ഇടതുപക്ഷ അച്ചുതണ്ടിനെയാണ്. ആ അച്ചുതണ്ട് തകർന്നപ്പോൾ സി.പി.ഐ, ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക്, എസ്.യു.സി.ഐ, കോൺഗ്രസ്, എം.എൽ ഗ്രൂപ്പുകൾ, മാവോയിസ്റ്റ് സ്വാധീന വലയം, അംബേദ്കറൈറ്റ്-ദളിത്-ഗോത്ര രാഷ്ട്രീയത്തിന്റെ സ്വതന്ത്ര ഇടങ്ങൾ ഇവയെല്ലാം ഒപ്പം തകർന്നു.

ഇന്ന് ബംഗാളിൽ സംഭവിക്കുന്നത് അതിന്റെ രണ്ടാം അധ്യായമാണ്. ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി 207 സീറ്റുകളുമായി അധികാരം പിടിക്കുകയും, ടി.എം.സി 80 സീറ്റുകളിലേക്ക് ചുരുങ്ങുകയും ചെയ്തതോടെ തൃണമൂൽ കോൺഗ്രസ് ആന്തരികമായി പൂർണ്ണമായി തകർന്നിരിക്കുകയാണ്. മമതയുടെ കരിസ്മ മാത്രം ആശ്രയിച്ചിരുന്ന പാർട്ടി ഇപ്പോൾ കനത്ത ആശയക്കുഴപ്പത്തിലാണ്.

സ്വന്തം പാളയത്തിൽ ആരാണ് കൂടെ നിൽക്കുന്നത്, ആരാണ് ശത്രുപക്ഷത്തുള്ളത് എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം ഭയം പിടിമുറുക്കിയതോടെ മമത ബാനർജിക്ക് സംസ്ഥാനത്തെ എല്ലാ പാർട്ടി കമ്മിറ്റികളും പോഷക സംഘടനകളും അടിയന്തിരമായി പിരിച്ചുവിടേണ്ടി വന്നിരിക്കുന്നു. രാഷ്ട്രീയ തന്ത്രങ്ങളെ കേവലം ‘I-PAC’ പോലുള്ള കോർപ്പറേറ്റ് തിരഞ്ഞെടുപ്പ് മാനേജ്‌മെന്റുകൾക്ക് പണയം വെച്ചതിന്റെ സ്വാഭാവിക തിരിച്ചടിയാണിത്.

സഭയിലെ പ്രതിപക്ഷ നേതാവായി മുതിർന്ന നേതാവ് ശോഭൻദേവ് ചതോപാധ്യായെ നിശ്ചയിക്കാൻ തൃണമൂൽ നൽകിയ കത്തിലെ 70 ഒപ്പുകളിൽ ഭൂരിഭാഗവും വ്യാജമാണെന്ന് സ്പീക്കറുടെ പരിശോധനയിൽ തെളിഞ്ഞു. എം.എൽ.എമാരുടെ ഒപ്പുകൾ പോലും വ്യാജമായി ചമയ്‌ക്കേണ്ടി വന്ന ‘സൈൻഗേറ്റ്’ വിവാദം ഒരു പാർട്ടിയുടെ ധാർമ്മിക അധഃപതനത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഇതിന്റെ പേരിൽ അഭിഷേക് ബാനർജിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കുന്ന അവസ്ഥയിലിലേക്ക് കാര്യങ്ങളെത്തി.

ഇതിനെല്ലാം നേതൃത്വം നൽകുന്നത് ഒരിക്കൽ സി.പി.ഐ(എം) പുറത്താക്കിയ, പിന്നീട് മമതയും അഭിഷേകും ചേർന്ന് തലോടി വളർത്തിയ ഋതബ്രതോ ബാനർജി എന്ന അവസരവാദിയാണ്. ഇന്ന് 59 ടി.എം.സി എം.എൽ.എമാരുടെ (മൂന്നിൽ രണ്ട് ഭൂരിപക്ഷം) പിന്തുണയോടെ തൃണമൂലിന്റെ നിയമസഭാ കക്ഷി നേതാവ് എന്ന സ്ഥാനം തന്നെ പിടിച്ചെടുത്ത് പ്രതിപക്ഷ നേതാവാകാൻ അയാൾ സ്പീക്കർക്ക് കത്ത് നൽകിയിരിക്കുന്നു. മഹാരാഷ്ട്രയിലെ ‘ഏകനാഥ് ഷിൻഡെ’ മോഡലിന് സമാനമായി, പാർട്ടി ഉണ്ടാക്കിയ മമതയെ പുറത്താക്കി താക്കോൽ സ്വന്തമാക്കാനാണ് ഈ നവാഗത എം.എ.എ ശ്രമിക്കുന്നത്. “സി.പി.ഐ(എം) പുറത്താക്കിയപ്പോൾ ഋതബ്രതോയെ എടുത്തത് തെറ്റായിപ്പോയി, സി.പി.ഐ(എം) ആയിരുന്നു ശരി” എന്ന് ഇന്ന് മമതയ്ക്ക് വിലപിക്കേണ്ടി വരുന്നത് ചരിത്രത്തിന്റെ കാവ്യനീതിയാണ്.

ഒരിക്കൽ സി.പി.ഐ(എം)-നെ “കേഡർ രാജ്” എന്ന് വിളിച്ച മമതയുടെ പാർട്ടി ഇന്ന് സ്വന്തം അണികളെപ്പോലും നിയന്ത്രിക്കാൻ കഴിയാതെ എല്ലാ കമ്മിറ്റികളും റദ്ദാക്കേണ്ടി വന്നു. ഒരിക്കൽ സി.പി.ഐ(എം)-നെ “അക്രമ രാഷ്ട്രീയം” എന്ന് കുറ്റപ്പെടുത്തിയ ടി.എം.സി ഇന്ന് തങ്ങൾ വളർത്തിയ ഗുണ്ടാ-പ്രാദേശിക അധികാര ഘടനകളുടെ തടവുകാരിയായി മാറിയിരിക്കുന്നു.

ബംഗാളിലെ ഈ തൃണമൂൽ തകർച്ചയ്ക്ക് പിന്നിൽ ബി.ജെ.പിയുടെ വ്യക്തമായ ഒരു Strategic രാഷ്ട്രീയ കളി ഉണ്ട്. തൃണമൂൽ കോൺഗ്രസ് പൂർണ്ണമായി ഇല്ലാതായാൽ ബംഗാൾ രാഷ്ട്രീയം വീണ്ടും ബി.ജെ.പിയും ഇടതുപക്ഷവും തമ്മിലുള്ള നേരിട്ടുള്ള പ്രത്യയശാസ്ത്ര പോരാട്ടമായി മാറുമെന്ന് സംഘ്പരിവാരത്തിന് അവർക്കറിയാം. ബംഗാളിലെ 30% വരുന്ന മുസ്ലീം വോട്ടുകളും മതേതര വോട്ടുകളും ഇടതുപക്ഷത്തേക്ക് തിരികെ പോകാതിരിക്കാൻ ബി.ജെ.പിക്ക് ഒരു താല്കാലിക മതിൽ ആവശ്യമുണ്ട്.അതിനാണ് ഋതബ്രതോയുടെ നേതൃത്വത്തിലുള്ള വിമത തൃണമൂൽ വിഭാഗത്തെ പിന്നിൽ നിന്ന് നിയന്ത്രിക്കുന്നതിലൂടെ പ്രതിപക്ഷ വോട്ടുകളെ ഭിന്നിപ്പിച്ചു നിർത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. രൂപത്തിൽ തൃണമൂൽ എന്ന് തോന്നുമെങ്കിലും ഉള്ളടക്കത്തിൽ ബി.ജെ.പി വിരുദ്ധത തീർത്തും ഇല്ലാത്ത ഒരു ‘നിയന്ത്രിത പ്രതിപക്ഷത്തെ’ നിലനിർത്തുക എന്നതാണ് സംഘപരിവാർ അജണ്ട.

ഇതിനൊപ്പം ബംഗാളിലെ കോൺഗ്രസിന്റെ ചരിത്രപരമായ വഞ്ചനയും നാം കാണണം. സി.പി.ഐ(എം)-നെ തകർക്കാൻ ബി.ജെ.പിയുടെ പിന്തുണ തേടുന്നതിനെ കോൺഗ്രസ് ദേശീയ നേതൃത്വം എതിർത്തപ്പോഴാണ് മമത ബംഗാൾ കോൺഗ്രസ് പിളർത്തി ടി.എം.സി ഉണ്ടാക്കിയത്. ഗുജറാത്ത് വംശഹത്യ നടക്കുമ്പോഴും ബി.ജെ.പിക്കൊപ്പം കേന്ദ്രമന്ത്രിസഭയിൽ ഇരിക്കാൻ മമതയ്ക്ക് മടിയുണ്ടായിരുന്നില്ല. ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ അന്ന് മമതയെ നയിച്ച പൂർവ്വ മേദ്‌നിപൂരിലെ ജമീന്ദാർ കുടുംബത്തിലെ സുവേന്ദു അധികാരി ഇന്ന് ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി മാറുമ്പോൾ, കോൺഗ്രസ് ബംഗാളിൽ വെറും രണ്ട് സീറ്റിലേക്ക് ഒതുക്കപ്പെട്ടു എന്നത് അവരുടെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ തെളിവാണ്.

ഇത് ചരിത്രത്തിന്റെ രാഷ്ട്രീയ വായനയാണ്. സി.പി.ഐ(എം)-നെ ഇല്ലാതാക്കുക എന്നത് മമതയ്ക്ക് ഒരു തിരഞ്ഞെടുപ്പ് തന്ത്രമായിരുന്നു. പക്ഷേ അതിന്റെ ദീർഘകാല ഫലം ബംഗാളിലെ ഇടതുപക്ഷ സാമൂഹിക അടിത്തറയുടെ തകർച്ചയായിരുന്നു. ഇടതുപക്ഷം നിലനിന്നിരുന്നിടത്ത് വർഗ്ഗരാഷ്ട്രീയം ഉണ്ടായിരുന്നു. തൊഴിലാളി, കർഷകൻ, ദളിത്, ന്യൂനപക്ഷം, പുരോഗമന ബുദ്ധിജീവി, മതേതര ജനാധിപത്യ ശക്തികൾ ഇവർക്കിടയിൽ ഒരു കൂട്ടായ ഭാഷ ഉണ്ടായിരുന്നു. അത് തകർന്നപ്പോൾ ആ ശൂന്യത നിറച്ചത് സംഘപരിവാറാണ്.

ബംഗാളിലെ ഇന്നത്തെ ദുരന്ത ചിത്രം പൂർണ്ണമാകണമെങ്കിൽ ഇടതുപക്ഷവും കടുത്ത സ്വയംവിമർശനത്തിന് തയ്യാറാകേണ്ടതുണ്ട്. ഇടതുപക്ഷം എവിടെയാണ് പരാജയപ്പെട്ടത് എന്ന് പരിശോധിച്ചേ മതിയാകൂ. ഒരു കാലത്ത് തൊഴിലാളി, കർഷകൻ, ദളിത്, ന്യൂനപക്ഷം, പുരോഗമന ബുദ്ധിജീവി, മതേതര ജനാധിപത്യ ശക്തികൾ എന്നിവയെ ഒരു പൊതുഭാഷയിൽ ബന്ധിപ്പിച്ചിരുന്ന രാഷ്ട്രീയ ശക്തിയായിരുന്നു ബംഗാളിലെ ഇടതുപക്ഷം. അതിൽ തെറ്റുകൾ ഉണ്ടായിരുന്നില്ലെന്ന് പറയാനാകില്ല. ദീർഘകാല ഭരണം സൃഷ്ടിച്ച അലംഭാവവും, ബ്യൂറോക്രാറ്റിക് രീതികളും, ജനങ്ങളുമായുള്ള ചില അകൽച്ചകളും, സിംഗൂർ-നന്തിഗ്രാം പോലുള്ള വിഷയങ്ങളിൽ ജനങ്ങളുടെ ആശങ്കകൾ രാഷ്ട്രീയമായി ഉൾക്കൊള്ളുന്നതിൽ ഉണ്ടായ പരാജയവും ഇടതുപക്ഷം ഗൗരവമായി പരിശോധിക്കേണ്ടതാണ്.
മൂന്ന് പതിറ്റാണ്ടിലധികം തുടർച്ചയായി ഭരിച്ചപ്പോൾ പാർട്ടിയിൽ പാർലമെന്ററി വ്യാമോഹങ്ങളും ഒരുതരം ബ്യൂറോക്രാറ്റിക് ശൈലികളും രൂപപ്പെട്ടു എന്നത് വസ്തുതയാണ്. ഭരണകൂടവും പാർട്ടിയും ഒന്നാണെന്ന ചിന്ത ചില നേതാക്കളിലെങ്കിലും ജനങ്ങളിൽ നിന്ന് അകലം കൂട്ടി.
ഋതബ്രതോ ബാനർജിയെപ്പോലെയുള്ള കരിയറിസ്റ്റുകളെയും പ്രത്യയശാസ്ത്ര ദൃഢതയില്ലാത്ത അവസരവാദികളെയും വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ വളർത്തി ഉന്നത പദവികളിൽ എത്തിച്ചത് പാർട്ടിയുടെ വലിയ വീഴ്ചയായിരുന്നു. പാർട്ടി ദുർബലമാകുമ്പോൾ പായക്കപ്പൽ ഉപേക്ഷിക്കുന്ന എലികളെപ്പോലെ ഇവർ കൂറുമാറും എന്ന് തിരിച്ചറിയാൻ വൈകി.
സിംഗൂരിലും നന്തിഗ്രാമിലും വ്യവസായവൽക്കരണത്തിന് ശ്രമിച്ചപ്പോൾ താഴെത്തട്ടിലുള്ള കർഷകരുടെയും സാധാരണക്കാരുടെയും ആശങ്കകളെ പൂർണ്ണമായി ഉൾക്കൊള്ളാനും അവരെ രാഷ്ട്രീയമായി ബോധ്യപ്പെടുത്താനും കേഡർ സംവിധാനത്തിന് പാകപ്പിഴകൾ സംഭവിച്ചു. ആ വീഴ്ചയെയാണ് വലതുപക്ഷവും മാവോയിസ്റ്റുകളും ചേർന്ന് മുതലെടുത്തത്.

ബംഗാളിൽ സി.പി.ഐ(എം) എന്നത് ഒരു പാർട്ടി മാത്രമായിരുന്നില്ല, അത് സംഘപരിവാറിനെ വർഗീയ ശക്തികളെ തടഞ്ഞുനിർത്തിയിരുന്ന സാമൂഹിക-രാഷ്ട്രീയ പ്രതിരോധ മതിൽ കൂടിയായിരുന്നു. ആ മതിൽ തകർന്നപ്പോൾ ആദ്യം ആഘോഷിച്ചത് മമതയായിരുന്നു. പിന്നെ ആ മതിലിന്റെ അഭാവത്തിൽ വളർന്നത് ബി.ജെ.പിയും. ഇന്ന് അതേ ബി.ജെ.പിയുടെ മുന്നിൽ മമത തന്നെ രാഷ്ട്രീയമായി ഒറ്റപ്പെട്ടിരിക്കുന്നു. ഇതാണ് ചരിത്രത്തിന്റെ ഐറണി. ഒരിക്കൽ സി.പി.ഐ(എം)-നെതിരെ തിരിഞ്ഞിരുന്ന ആയുധങ്ങൾ ആയ മാധ്യമങ്ങൾ, നേതൃകലാപം, കേന്ദ്ര ഏജൻസികളുടെ സമ്മർദ്ദം, അഴിമതി ആരോപണങ്ങൾ, ഹിന്ദുത്വ ധ്രുവീകരണം, ന്യുനപക്ഷ ധ്രുവീകരണം, ഭരണവിരുദ്ധ വികാരം ഒക്കെ ഇന്ന് ടി.എം.സി യെ തിരിഞ്ഞു കൊത്തുകയാണ്.

ഇതിൽ നിന്ന് കേരളം പഠിക്കേണ്ട അതീവ ഗൗരവമുള്ള പാഠം ഉണ്ട്. ഇന്നത്തെ കേരള രാഷ്ട്രീയ അന്തരീക്ഷം ബംഗാളിന്റെ പഴയ പാതയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് പറയാം. ഇവിടുത്തെ കോർപ്പറേറ്റ് മാധ്യമങ്ങൾ ഒരു നാലാം മുന്നണിയായി (Media Front) മാറി ജനങ്ങളിൽ കടുത്ത ഇടതുപക്ഷ വിരുദ്ധത കുത്തിവെക്കാൻ ശ്രമിക്കുന്നുണ്ട് അതിൽ വിജയിക്കുന്നുമുണ്ട്. അവരുടെ ജോലി സി.പി.ഐ(എം)-നെ മാത്രം ആക്രമിക്കുക, സി.പി.ഐ(എം) വിരുദ്ധതയെ സാമൂഹിക ബോധമായി മാറ്റുക, ബി.ജെ.പിയെ സാധാരണ രാഷ്ട്രീയ ശക്തിയായി ചർച്ചാ മുറിയിൽ എത്തിക്കുക എന്നതാണ്. ബംഗാളിൽ ടി.എം.സിക്ക് വേണ്ടി മാധ്യമങ്ങൾ ചെയ്ത അതേ ജോലി ഇവിടെ യു.ഡി.എഫിനും ബി.ജെ.പിക്കും വേണ്ടി പല രൂപങ്ങളിൽ നടക്കുന്നു.

ഇതിന്റെ അവസാനം എന്താകുമെന്ന് ബംഗാൾ കാണിച്ചുതന്നു കഴിഞ്ഞു. സി.പി.ഐ(എം)-നെ തകർത്തവർ പിന്നീട് ബി.ജെ.പിയോട് പോരാടാൻ ഇടതുപക്ഷത്തിന്റെ പഴയ സാമൂഹിക അടിത്തറയെ തേടുന്ന അവസ്ഥയിലാകുന്നു. പക്ഷേ ഒരിക്കൽ തകർത്ത ആ രാഷ്ട്രീയ ഭൂമിക പിന്നീട് എളുപ്പത്തിൽ തിരികെ ഉണ്ടാക്കാനാകില്ല.

ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സ്നേഹിക്കുന്നവർ ഇന്ന് തിരിച്ചറിയേണ്ടത് അതീവ ഗൗരവമുള്ള ചില യാഥാർത്ഥ്യങ്ങളാണ്. സി.പി.ഐ(എം)-നെ വിമർശിക്കണം; അതിനുള്ള എല്ലാ അവകാശവും ജനാധിപത്യത്തിലുണ്ട്. നയപരമായ തെറ്റുകൾ വിട്ടുവീഴ്ചയില്ലാതെ ചോദ്യം ചെയ്യപ്പെടണം. അധികാരത്തിൽ ഇരിക്കുമ്പോൾ സംഭവിക്കുന്ന വീഴ്ചകൾ ജനങ്ങൾക്ക് മുന്നിൽ തുറന്നു പറയണം. പാർലമെന്ററി വ്യാമോഹങ്ങൾ, അധികാര കേന്ദ്രീകരണം, ബ്യൂറോക്രാറ്റിക് ശൈലിയിലുള്ള അഹങ്കാരങ്ങൾ, ജനങ്ങളിൽ നിന്ന് അകന്നുപോകുന്ന പ്രവണത—ഇവയെല്ലാം ഇടതുപക്ഷം കടുത്ത സ്വയംവിമർശനത്തോടെ തിരുത്തുക തന്നെ വേണം. അതൊരു സജീവ പ്രസ്ഥാനത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്.
പക്ഷേ, സി.പി.ഐ(എം)-നെ നാമാവശേഷമാക്കണം എന്ന വാശി ഒരിക്കലും ഒരു ഇടതുപക്ഷ വിമർശനമല്ല.
അന്ധമായ സി.പി.ഐ(എം) വിരോധത്തെ ഇടതുപക്ഷ വിരോധമാക്കി മാറ്റരുത്. ആ ഇടതുപക്ഷ വിരോധം ആത്യന്തികമായി ചെന്നെത്തുന്നത് ജനാധിപത്യ വിരോധത്തിലാണ്. കാരണം, ജനാധിപത്യ വിരോധത്തിന്റെ വാതിൽ ഒരു സമൂഹത്തിൽ തുറക്കപ്പെട്ടാൽ, അതിലൂടെ കടന്നുവരുന്നത് ലിബറൽ ജനാധിപത്യവാദികളല്ല, മറിച്ച് സംഘപരിവാറായിരിക്കും.
ബംഗാളും ത്രിപുരയും നമ്മുടെ മുന്നിൽ തെളിയിച്ച വസ്‌തുത ഇതാണ്: ഒരു നാടിന്റെ മതേതരത്വത്തെയും ജനകീയ അടിത്തറയെയും കാത്തുസൂക്ഷിക്കുന്ന ഇടതുപക്ഷ പ്രതിരോധ മതിൽ തകർന്നാൽ, ആ ശൂന്യതയിലേക്ക് വരുന്നത് പലപ്പോഴും അതിതീവ്ര ഫാസിസവും വർഗ്ഗീയതയുമായിരിക്കും. അതുകൊണ്ട്, സി.പി.ഐ(എം)-നെ പൂർണ്ണമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഫാസിസത്തിന് പരവതാനി വിരിക്കുന്ന രാഷ്ട്രീയ അന്ധത മാത്രമാണ്.

ചരിത്രം ഒരിക്കൽ മുന്നറിയിപ്പ് നൽകും. ആ മുന്നറിയിപ്പ് അവഗണിച്ചാൽ അത് ശിക്ഷയായി മടങ്ങിവരും. കേരളം ആ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരരുത്.