“വർഷങ്ങൾക്ക് മുൻപ് റേഡിയോയിലും ദൂരദർശനിലും വന്ദേമാതരം കേൾപ്പിച്ചിരുന്നില്ലേ? പിന്നെന്താ ഇപ്പോൾ നിയമസഭയിലും മറ്റ് ഭരണഘടനാ ചടങ്ങുകളിലും അത് നിർബന്ധമാക്കിയാൽ എന്താ ഇത്ര പ്രശ്‌നം?”
കേരളത്തിൽ യു.ഡി.എഫ് (UDF) അധികാരത്തിൽ വന്നതിന് ശേഷം ഭരണഘടനാ ചടങ്ങുകളിൽ വന്ദേമാതരം ആലപിച്ചതിനെ ന്യായീകരിക്കാൻ UDF പ്രവർത്തകരും അനുകൂലികളും ഇപ്പോൾ ഇറക്കിയിരിക്കുന്ന പുതിയൊരു വാദമാണിത്. സംഘപരിവാറിന്റെ സാംസ്കാരിക അജണ്ടകൾക്ക് കുടപിടിക്കാൻ കോൺഗ്രസും യു.ഡി.എഫും എത്രത്തോളം തയ്യാറാകുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ ന്യായീകരണം.
വസ്തുതകൾ പരിശോധിക്കാം. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) രേഖകൾ പ്രകാരം, സ്വാതന്ത്ര്യാനന്തര കാലം മുതൽ ആകാശവാണിയുടെ (AIR) പ്രഭാത പ്രക്ഷേപണത്തിൽ വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് സ്റ്റാൻസകൾ പ്രക്ഷേപണം ചെയ്യാറുണ്ടായിരുന്നു എന്നത് ശരിയാണ്. എന്നാൽ, 2026 മാർച്ച് 26 മുതൽ ഇത് ആറ് സ്റ്റാൻസകളുള്ള പൂർണ്ണരൂപത്തിൽ പ്രക്ഷേപണം ചെയ്യുമെന്ന റിപ്പോർട്ട് ഒരു പുതിയ പോളിസി ഷിഫ്റ്റിനെയാണ് കാണിക്കുന്നത്.
ചരിത്രപരമായി റേഡിയോയിലും ദൂരദർശനിലും വന്ദേമാതരം ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്. പക്ഷേ, ആ ചരിത്രപരമായ കാര്യത്തെ മുൻനിർത്തി ഇന്നത്തെ രാഷ്ട്രീയ മാറ്റങ്ങളെ ന്യായീകരിക്കാൻ കഴിയില്ല. കാരണം, അന്ന് നിലനിന്നിരുന്ന ചരിത്രപരവും സാംസ്കാരികവുമായ രീതിയും, ഇന്നത്തെ സാംസ്കാരികസംഘിവൽക്കരിക്കപ്പെട്ട രാഷ്ട്രീയ രീതിയും രണ്ടാണ്.
വന്ദേമാതരവും ഭാരതാംബയും: ചരിത്രത്തിന്റെ വേരുകൾ
വന്ദേമാതരം എന്ന ഗാനവും ‘ഭാരതാംബ’എന്ന സങ്കൽപ്പവും ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ രൂപപ്പെട്ടതിന് കൃത്യമായൊരു പശ്ചാത്തലമുണ്ട്.
- ഗാനത്തിന്റെ ഉത്ഭവം: 1870-കളിൽ ബങ്കിംചന്ദ്ര ചട്ടോപാധ്യായ എഴുതിയ ഈ വരികൾ ആദ്യം ഒരു പ്രത്യേക കൃതിയുടെ ഭാഗമായിരുന്നില്ല. 1875-ൽ അദ്ദേഹം ഔദ്യോഗിക ജീവനക്കാരനായിരിക്കെ, കടുത്ത ബ്രിട്ടീഷ് വിരുദ്ധ മനോഭാവത്തിൽ നിന്നാണ് ഈ ഗാനം പിറക്കുന്നത്. പിന്നീടാണ് 1882-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘ആനന്ദമഠം’ എന്ന നോവലിലേക്ക് ഈ വരികൾ കൂട്ടിച്ചേർക്കപ്പെടുന്നത്. 1770-കളിലെ സന്യാസി ലഹളയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ആ നോവലിൽ, മാതൃഭൂമിയെ ദുർഗ്ഗാദേവിയായും ജഗദ്ധാത്രിയായും സങ്കൽപ്പിച്ചാണ് വന്ദേമാതരം ആലപിക്കുന്നത്.
- ഭാരതമാതാ സങ്കല്പം: ഭാരതത്തെ ഒരു സ്ത്രീരൂപമായി അല്ലെങ്കിൽ മാതാവായി സങ്കൽപ്പിക്കുന്ന രീതിക്ക് ജനപ്രീതി നൽകിയതും ഈ ഗാനമാണ്. പിന്നീട് 1905-ൽ അബനീന്ദ്രനാഥ ടാഗോർ കാവി വസ്ത്രം ധരിച്ച, നാല് കൈകളിൽ വേദവും നെൽക്കതിരും തുണിയും ജപമാലയും പിടിച്ച ഒരു സന്യാസിനിയുടെ രൂപത്തിൽ ‘ഭാരതമാതാ’ പ്രശസ്തമായ ചിത്രം വരച്ചു. അത് പിൽക്കാലത്ത് സ്വാതന്ത്ര്യസമരത്തിന്റെ സാംസ്കാരിക പ്രതീകമായി മാറി.
1896-ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ വന്ദേമാതരം ആലപിച്ചതോടെ ഇതിന്റെ ദേശീയ രാഷ്ട്രീയ പ്രസക്തി വർദ്ധിച്ചു. 1905-ലെ ബംഗാൾ വിഭജനവിരുദ്ധ പ്രസ്ഥാനത്തിന്റെ കാലത്ത് ഇത് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ഏറ്റവും വലിയ മുദ്രാവാക്യമായി മാറി. 1950 ജനുവരി 24-ന് ഭരണഘടനാ നിർമ്മാണ സഭ ‘ജനഗണമന’യെ ഔദ്യോഗിക ദേശീയഗാനമായി അംഗീകരിച്ചപ്പോഴും, വന്ദേമാതരത്തിന് ദേശീയഗീതമായി (National Song) “തുല്യമായ ബഹുമതി” നൽകാൻ തയ്യാറായതും ഈ ചരിത്രപരമായ പ്രാധാന്യം കൊണ്ടാണ്.
ചരിത്രവും ജവഹർലാൽ നെഹ്‌റുവിന്റെ നിലപാടും
1870-കളിൽ ബങ്കിംചന്ദ്ര ചട്ടോപാധ്യായ എഴുതി, 1882-ൽ അദ്ദേഹത്തിന്റെ ‘ആനന്ദമഠം’ എന്ന നോവലിലൂടെ പുറത്തുവന്ന വന്ദേമാതരത്തിന് ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്. 1896-ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഇത് ആലപിച്ചതോടെ ഇതിന്റെ ദേശീയ രാഷ്ട്രീയ പ്രസക്തി വർദ്ധിച്ചു. 1905-ലെ ബംഗാൾ വിഭജനവിരുദ്ധ പ്രസ്ഥാനത്തിന്റെ കാലത്ത് ഇത് സ്വാതന്ത്ര്യസമരത്തിന്റെ ഏറ്റവും വലിയ മുദ്രാവാക്യമായി മാറി.
ഈ ചരിത്രപരമായ സ്ഥാനത്തെ ആരും നിഷേധിക്കുന്നില്ല. 1950 ജനുവരി 24-ന് ‘ജനഗണമന’യെ ഇന്ത്യയുടെ ഔദ്യോഗിക ദേശീയഗാനമായി (National Anthem) ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചപ്പോഴും, വന്ദേമാതരത്തിന് ദേശീയഗീതമായി (National Song) “തുല്യമായ ബഹുമതി” നൽകണമെന്ന നിലപാടാണ് സ്വീകരിച്ചത്.
1937-ലെ കൊൽക്കത്ത പ്രമേയവും ടാഗോറിന്റെ മതനിരപേക്ഷ ദീർഘവീക്ഷണവും
ബംഗാൾ വിഭജന സമയത്ത് ഇന്ത്യൻ ദേശീയബോധത്തെ ആളിപ്പടർത്തിയ വന്ദേമാതരത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതും അതിന്റെ ആലാപനത്തിൽ മാറ്റം വരുത്തുന്നതും 1937 ഒക്ടോബറിൽ കൊൽക്കത്തയിൽ വെച്ച് നടന്ന ചരിത്രപ്രസിദ്ധമായ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (CWC) യോഗത്തിലാണ്. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു തുടങ്ങിയ മുതിർന്ന നേതാക്കളെല്ലാം പങ്കെടുത്ത ഈ യോഗത്തിലാണ് വന്ദേമാതരത്തെ ഇന്ത്യയുടെ ഔദ്യോഗിക ദേശീയ ഗീതമായി അംഗീകരിക്കുന്നത്.
എന്നാൽ, ഈ ചരിത്രപരമായ തീരുമാനത്തോടൊപ്പം അത്യന്തം മാതൃകപരമായ ഒരു മതേതര നിലപാടും അന്ന് കോൺഗ്രസ് കൈക്കൊണ്ടു. അതിന് പിന്നിൽ പ്രവർത്തിച്ചത് കവിരവീന്ദ്രനാഥ ടാഗോറിന്റെ ദീർഘവീക്ഷണമായിരുന്നു.
- വന്ദേമാതരത്തിന്റെ ആദ്യ രണ്ട് സ്റ്റാൻസകൾ പ്രകൃതിയെയും മാതൃഭൂമിയെയും വർണ്ണിക്കുന്ന രൂപകങ്ങളാണെങ്കിൽ, ബാക്കി നാല് സ്റ്റാൻസകൾ പൂർണ്ണമായും ഹൈന്ദവ ദേവീസങ്കൽപ്പങ്ങളിലേക്കും വിഗ്രഹാരാധനയിലേക്കും നീങ്ങുന്നതായിരുന്നു.
- ഇന്ത്യയെപ്പോലൊരു ബഹുസ്വര രാജ്യത്തിൽ, രാഷ്ട്രത്തെ ഒരു പ്രത്യേക മതത്തിന്റെ ദേവീമൂർത്തിയായി കൽപ്പിച്ച് പൗരന്മാരിൽ നിന്ന് ആരാധന ആവശ്യപ്പെടുന്നത് ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അത് മതേതരത്വത്തിന് പരിക്കേൽപ്പിക്കുമെന്നും ടാഗോർ ചൂണ്ടിക്കാണിച്ചു. ഇത് നെഹ്‌റുവും ടാഗോറും സുഭാഷ് ചന്ദ്രബോസും മനസ്സിലാക്കി.
- എല്ലാ ജനവിഭാഗങ്ങളുടെയും വികാരങ്ങളെയും വിശ്വാസങ്ങളെയും ഉൾക്കൊള്ളണമെന്ന തികച്ചും മതനിരപേക്ഷമായ ഈ കാഴ്ചപ്പാട് നെഹ്‌റുവും സുഭാഷ് ചന്ദ്രബോസും അടങ്ങുന്ന കമ്മിറ്റി പൂർണ്ണമായി സ്വീകരിച്ചു. അങ്ങനെ, ആർക്കും എതിർപ്പില്ലാത്ത ആദ്യത്തെ രണ്ട് ഭാഗങ്ങൾ മാത്രം ദേശീയ പ്രാധാന്യമുള്ള ചടങ്ങുകളിൽ ആലപിച്ചാൽ മതിയെന്ന കൃത്യമായ നിലപാട് അവർ പ്രഖ്യാപിച്ചു.
പൂർവികർ കാണിച്ച ഈ സഹിഷ്ണുതയും പരസ്പര ബഹുമാനവും കൊണ്ടാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം യാതൊരു ഭേദവുമില്ലാതെ ഇന്ത്യൻ മണ്ണിൽ ഈ ഗീതം ആദരിക്കപ്പെട്ടത്.
സംഘപരിവാർ അജണ്ടയും പുതിയ നിയമ പദവിയും
എന്നാൽ ഇന്ന് രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാർ വന്ദേമാതരത്തെ ആദരിക്കുകയല്ല, മറിച്ച് അതിനെ തങ്ങളുടെ സാംസ്കാരിക-ദേശീയതാ പദ്ധതിയുടെ (Cultural Nationalism) മൂർച്ചയുള്ള ആയുധമാക്കുകയാണ് ചെയ്യുന്നത്. അതിനായി കഴിഞ്ഞ കുറച്ചു മാസങ്ങളായി നിയമപരമായ വലിയ മാറ്റങ്ങളാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നത്:
- 2026 ജനുവരി-മാർച്ച്; വന്ദേമാതരത്തിന്റെ പഴയ 2-സ്റ്റാൻസ പതിപ്പ് മാറ്റി, ആറ് സ്റ്റാൻസകളുള്ള പൂർണ്ണരൂപം ഔദ്യോഗികമായി ആലപിക്കണമെന്ന മാർഗ്ഗനിർദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം (MHA) പുറപ്പെടുവിച്ചു. ആകാശവാണി പ്രക്ഷേപണം 3 മിനിറ്റ് 10 സെക്കൻഡുള്ള പൂർണ്ണരൂപത്തിലേക്ക് മാറ്റി.
- ഏറ്റവും ഒടുവിൽ, 2026 മേയ് മാസത്തിൽ കേന്ദ്ര കാബിനറ്റ് വന്ദേമാതരത്തെ ‘പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ ആക്ട്, 1971′ എന്ന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി നിയമ ഭേദഗതി കൊണ്ടുവന്നു. ഇതോടെ വന്ദേമാതരം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാതിരിക്കുന്നതും ചോദ്യം ചെയ്യുന്നതും നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമായി മാറി. വിദ്യാലയങ്ങളിൽ ഇത് നിർബന്ധമാക്കാനും നിർദ്ദേശങ്ങളും വന്നു.
അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം: സാംസ്കാരിക സംഘിവൽക്കരണം
പണ്ട് റേഡിയോയിൽ കേട്ട വന്ദേമാതരം ഒരു പ്രഭാതഗാനമായിരുന്നു; ദൂരദർശനിൽ കണ്ടത് സ്വാതന്ത്ര്യസമരത്തിന്റെ സാംസ്കാരിക സ്മരണയായിരുന്നു. അത് ഭരണഘടനാപരമായ അധികാര ചടങ്ങുകളിൽ ദേശീയഗാനത്തിന്റെ പദവിയെ മാറ്റിസ്ഥാപിക്കാനോ വെല്ലുവിളിക്കാനോ ഉള്ള ശ്രമമായിരുന്നില്ല.
ദേശീയഗാനവും ദേശീയഗീതവും തമ്മിൽ ഭരണഘടനാപരമായ വ്യത്യാസമുണ്ട്. ജനഗണമന നമ്മുടെ ഔദ്യോഗിക റിപ്പബ്ലിക്കൻ പ്രതീകമാണ്. നിയമസഭകൾ, ഗവർണറുടെ നയപ്രഖ്യാപനം തുടങ്ങിയ ഭരണഘടനാപരമായ ചടങ്ങുകളിൽ ഏത് ഗാനം, ഏത് ക്രമത്തിൽ, എത്രത്തോളം നിർബന്ധബുദ്ധിയോടെ ഉപയോഗിക്കുന്നു എന്നത് കേവലം സാംസ്കാരികപരമായ ഒരു കാര്യമല്ല; അത് കൃത്യമായ ഒരു രാഷ്ട്രീയ സന്ദേശമാണ്.
ഇന്ത്യ ഒരു മതരാഷ്ട്രമല്ല; ഇതൊരു ഭരണഘടനാ റിപ്പബ്ലിക്കാണ്. ഇവിടെ പൗരത്വത്തിന്റെ അടിസ്ഥാനം ഏതെങ്കിലും തരത്തിലുള്ള ആരാധനയല്ല, മതമല്ല,മറിച്ച് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളാണ്.
ഈ വിഷയത്തിൽ ‘സാംസ്കാരിക സംഘിവൽക്കരണം’ നടക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം. ഒരു ഗാനത്തെ മുൻനിർത്തി സംഘപരിവാർ ശക്തികൾ നടത്തുന്ന അജണ്ടകൾ വ്യക്തമാണ്:
- വന്ദേമാതരത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രം മാത്രം ഉയർത്തിക്കാട്ടി, അതിലെ മത-സാംസ്കാരിക വിവാദങ്ങളെയും ആശങ്കകളെയും ബോധപൂർവ്വം മറച്ചുവെക്കുന്നു.
- ദേശീയഗാനവും ദേശീയഗീതവും തമ്മിലുള്ള കൃത്യമായ ഭരണഘടനാപരമായ അതിർവരമ്പുകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.
- വന്ദേമാതരം പാടാത്തവരെയോ അതിന്റെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്നവരെയോ പെട്ടെന്ന് ‘ദേശവിരുദ്ധർ’ ആയി ചിത്രീകരിക്കുന്നു.
- ജനഗണമന പ്രതിനിധീകരിക്കുന്ന ബഹുസ്വര റിപ്പബ്ലിക്കൻ ദേശീയതയിൽ നിന്നും രാജ്യത്തെ പതുക്കെ ഭൂരിപക്ഷ സാംസ്കാരിക ദേശീയതയിലേക്ക് (Majoritarianism) തള്ളിവിടുന്നു.
UDF–ന് വേണ്ടി ന്യായീകരിക്കുന്നവർ കാണാതെ പോകുന്ന രാഷ്ട്രീയം
ഇന്ത്യ ഒരു മതരാഷ്ട്രമല്ല; ഇതൊരു ഭരണഘടനാ റിപ്പബ്ലിക്കാണ്. ഇവിടെ പൗരത്വത്തിന്റെ അടിസ്ഥാനം ഏതെങ്കിലും തരത്തിലുള്ള ആരാധനയല്ല, മതമല്ല, മറിച്ച് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളാണ്.
കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ വന്ദേമാതരത്തെ മുൻനിർത്തി മതേതരത്വത്തെയും ബഹുസ്വരതയെയും തകർക്കാൻ നിയമനിർമ്മാണങ്ങൾ നടത്തുമ്പോൾ, കേരളത്തിൽ അതിന് സമാനമായി ഔദ്ധ്യോതിക വേദികളിൽ വന്ദേമാതരം കൊണ്ടുവരുന്ന യു.ഡി.എഫ് നടപടി തികഞ്ഞ രാഷ്ട്രീയ അന്ധതയാണ്. കേന്ദ്രത്തിലെ ഭരണാധികാരികൾ എഴുതിയ അജണ്ടയ്ക്ക് കേരളത്തിലെ യു.ഡി.എഫ് സർക്കാർ അടിമപ്പെടുകയാണ് ചെയ്യുന്നത്. എന്തായാലും നിയമസഭയുടെ നയപ്രഖ്യാപന ചടങ്ങിൽ രണ്ട് സ്റ്റാൻസ മാത്രമാണ് ചൊല്ലിയത് എന്നറിയുന്നു.
ഇവിടെ ചോദ്യം “വന്ദേമാതരം പാടാമോ പാടരുതോ?” എന്നതല്ല. മറിച്ച് വന്ദേമാതരത്തെ സ്വാതന്ത്ര്യസമര സ്മരണകളുടെ ഭാഗമായി ആദരിക്കുകയാണോ വേണ്ടത്, അതോ അതിനെ ബി.ജെ.പി-ആർ.എസ്.എസ് സഖ്യത്തിന്റെ സാംസ്കാരിക ദേശീയതയുടെ രാഷ്ട്രീയ ആയുധമാക്കാൻ അനുവദിക്കുകയാണോ വേണ്ടത്.
വന്ദേമാതരത്തിന്റെ ചരിത്രത്തേയും അതിന്റെ ദേശീയ പ്രാധാന്യത്തേയും നമ്മൾ ഏറ്റവും ബഹുമാനത്തോടെ കരുതണം. എന്നാൽ നമ്മൾ വിമർശ്ശിക്കേണ്ടത് വന്ദേമാതരത്തിന്റെ പേരിൽ നടത്തുന്ന സാംസ്‌കാരിക സംഘിവൽക്കരണത്തെയാണ്. അതിന് കുടപിടിക്കുന്ന യു.ഡി.എഫിന്റെ മൃദുഹിന്ദുത്വ നിലപാടുകളെയാണ്.ദേശസ്നേഹം എന്നത് ഒരു പാട്ടിൽ മാത്രം ഒതുക്കി നിർത്താൻ കഴിയുന്ന ഒന്നല്ല. ദേശീയതയെ ഒരു മതരൂപകത്തിലേക്ക് ചുരുക്കാനും കഴിയില്ല. ഇന്ത്യയുടെ ആത്മാവ് ഏതെങ്കിലും ഒരു പ്രതീകത്തിലല്ല നിലകൊള്ളുന്നത്; അത് ഈ രാജ്യത്തിന്റെ ബഹുസ്വരതയിലും ജനാധിപത്യത്തിലുമാണ്.





❤️👍🏽👍🏽👍🏽