വീണ്ടും ഒരു ഫുട്ബോൾ മത്സരം തുടങ്ങാൻ പോകുമ്പോൾ ലോകം അതിന്റെ പതിവ് ശബ്ദങ്ങൾ കുറച്ചുനേരത്തേക്കെങ്കിലും താഴ്ത്തിവെക്കുന്നു. അതിർത്തികളിൽ തോക്കുകൾ മുഴങ്ങുന്നുണ്ടാകാം. നഗരങ്ങളിൽ പട്ടിണി കാത്തിരിക്കുന്നുണ്ടാകാം. വർഗ്ഗീയതയും വംശീയതയും ദേശീയതയുടെ കള്ളഗർവ്വവും മനുഷ്യരെ തമ്മിൽ വെട്ടി പിളർത്തിക്കൊണ്ടിരിക്കാം. എന്നിട്ടും ഒരു പന്ത് മൈതാനത്തിന്റെ നടുവിൽ വെക്കപ്പെടുന്ന നിമിഷം, കോടിക്കണക്കിന് മനുഷ്യരുടെ കണ്ണുകൾ ഒരേ വൃത്തത്തിലേക്ക് ചുരുങ്ങുന്നു ആ ലോങ്ങ് വിസിലിന് കാതോർത്തിരിക്കുന്നു.

ഫുട്ബോൾ അതുകൊണ്ടാണ് വെറും ഒരു കളിയല്ല എന്ന് ആവർത്തിച്ച് പറയേണ്ടിവരുന്നത്. അത് ശരീരത്തിന്റെ സംഗീതമാണ്. ജനങ്ങളുടെ ഭാഷയാണ്. ദരിദ്രന്റെ സ്വപ്നമാണ്. അധികാരത്തിന്റെ കർശനരേഖകൾക്കപ്പുറം മനുഷ്യൻ തന്റെ സ്വാതന്ത്ര്യം പരീക്ഷിക്കുന്ന തുറന്ന ഇടമാണ്.

മൈതാനം ഒരു ചതുരക്കളം മാത്രമല്ല. അത് ഒരു രാഷ്ട്രീയ ഭൂമിമികയാണ് ഒരു പരീക്ഷണ ശാലയാണ്. അവിടെ ഓരോ പാസും ഒരു സാധ്യതയാണ്. ഓരോ ഡ്രിബ്ലിംഗും തടസ്സങ്ങൾക്കെതിരായ ചെറിയൊരു വിപ്ലവമാണ്. ഓരോ ഗോൾശ്രമവും അടഞ്ഞുപോയ വഴികളിൽ മനുഷ്യൻ തുറക്കാൻ ശ്രമിക്കുന്ന പുതിയൊരു ജനാലയാണ്.

അതുകൊണ്ടുതന്നെ ഫുട്ബോൾ മത്സരം കാണുന്നത് ഒരു മത്സരം മാത്രമായല്ല കാണുന്നത്; ജീവിതം അതിന്റെ മുഴുവൻ ആകുലതയോടും ആവേശത്തോടും കൂടി ചലിക്കുന്നത് ആണ് കാണുന്നത്.

മറഡോണയെ ഓർക്കൂ; അയാൾ പന്ത് തൊടുമ്പോൾ അത് ഒരു കായികപ്രകടനം മാത്രമായിരുന്നില്ല. ലാറ്റിനമേരിക്കൻ തെരുവുകളുടെ ദാരിദ്ര്യവും അപമാനവും അധികാരവിരുദ്ധ ദേഷ്യവും സ്വപ്നവും ഒരുമിച്ച് ഓടുന്നതുപോലെയായിരുന്നു. അയാളുടെ ഇടത് കാൽ ഒരു ശരീരഭാഗം മാത്രമല്ലായിരുന്നു; സാമ്രാജ്യത്വത്തോട് ചോദ്യം ചോദിക്കുന്ന ഒരു കവിതയായിരുന്നു. ഫോക്‌ലൻഡ് യുദ്ധത്തിന്റെ മുറിവുകൾ ഒളിപ്പിച്ച അർജന്റീനൻ ജനതയ്ക്ക് 1986-ൽ ഇംഗ്ലണ്ടിനെതിരെ നേടിയ ആ രണ്ട് ഗോളുകൾ സ്കോർബോർഡിലെ നമ്പർ മാത്രമായിരുന്നില്ല. ഒന്നാമത്തേത് വംശീയ അഹങ്കാരങ്ങളുടെ നെഞ്ചിലേക്ക് കയറ്റിയ ‘ദൈവത്തിന്റെ കൈ’ ആയിരുന്നെങ്കിൽ, രണ്ടാമത്തേത് നൂറ്റാണ്ടിന്റെ ഗോളായി ചരിത്രത്തെ വലിഞ്ഞു മുറുക്കിയ വിപ്ലവമായിരുന്നു. പിൽക്കാലത്ത് തന്റെ ശരീരത്തിൽ ചെഗുവേരയുടെ ചിത്രം പച്ചകുത്തിയും, ഫിഡൽ കാസ്ട്രോയെ തന്റെ ‘രണ്ടാം പിതാവായി’ പ്രഖ്യാപിച്ചും പാശ്ചാത്യ അധിനിവേശങ്ങൾക്കെതിരെ അയാൾ വിട്ടുവീഴ്ചയില്ലാതെ സംസാരിച്ചുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ, ആ ഇടത് കാലിലൂടെ തിരിച്ചുപിടിച്ചത് കളിയിലെ വിജയം മാത്രമല്ലായിരുന്നു; ചരിത്രം വിഴുങ്ങിപ്പോയ ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ തിരിച്ചുവരവുംകൂടിയായിരുന്നു.

പെലെയെ ഓർക്കൂ. കറുത്ത ശരീരം സൗന്ദര്യത്തിന്റെയും ശക്തിയുടെയും അസാധാരണമായ ബുദ്ധിയുടെയും കേന്ദ്രമാകുമെന്ന് വംശീയ വേറിയാൽ അന്ധരായ ലോകത്തിന് മുന്നിൽ തെളിയിച്ച മനുഷ്യൻ. കറുത്തവർഗ്ഗക്കാരെ അടിമത്തത്തിന്റെ ഭൂതകാലവും വംശീയ അധിക്ഷേപങ്ങളും കൊണ്ട് ചരിത്രത്തിന് പുറത്തുനിർത്താൻ ശ്രമിച്ച കാലത്ത്, മൈതാനത്ത് വിസ്മയങ്ങൾ തീർത്തത് ആ ശരീരത്തിന്റെ കലയും കായിക ശക്തിയുടെ ആത്മവിശ്വാസവുമായിരുന്നു. അടിമത്തത്തിന്റെ കറുത്ത ചരിത്രമുള്ള ബ്രസീലിന് ‘സാമ്പാ ഫുട്ബോളിലൂടെ’ ആഗോള തലത്തിൽ ഒരു പുതിയIdentity നിർമ്മിച്ചു നൽകിയ താരം. വിദേശ ക്ലബ്ബുകളിലെ കോടികളുടെ വാഗ്ദാനങ്ങളിൽ പെട്ടുപോകാതിരിക്കാൻ 1961-ൽ ബ്രസീൽ സർക്കാർ തന്നെ ആ കളിക്കാരനെ “കയറ്റുമതി ചെയ്യാൻ പാടില്ലാത്ത ഔദ്യോഗിക ദേശീയ നിധി” എന്ന് നിയമം വഴി പ്രഖ്യാപിച്ചപ്പോൾ, അത് ഒരു കളിക്കാരന്റെ വിപണി മൂല്യത്തിനുള്ള അംഗീകാരം മാത്രമായിരുന്നില്ല; ഫുട്ബോൾ എങ്ങനെയാണ് ഒരു ജനതയുടെ അതിജീവനത്തിന്റെയും സാംസ്കാരികമായ ആത്മാഭിമാനത്തിന്റെയും അനശ്വരമായ ഓർമ്മയാകുന്നത് എന്നതിന്റെ തെളിവായിരുന്നു.

സോക്രട്ടീസിനെ ഓർക്കൂ. കേവലം ഒരു ഫുട്ബോൾ കളിക്കാരൻ മാത്രമല്ല, മെഡിസിനിൽ ബിരുദം നേടിയ ഡോക്ടറും രാഷ്ട്രീയ തത്ത്വചിന്തകനുമായിരുന്നു അദ്ദേഹം. ബ്രസീലിനെ ശ്വാസം മുട്ടിച്ച സൈനിക ഏകാധിപത്യ കാലത്ത് “കോറിന്ത്യൻസ് ഡെമോക്രസി” എന്ന വിപ്ലവാത്മകമായ പരീക്ഷണത്തിലൂടെ ഫുട്ബോൾ ക്ലബ്ബിന്റെ ഉള്ളിൽ തന്നെ ജനാധിപത്യം പരിശീലിപ്പിച്ച മനുഷ്യൻ. ടീം എങ്ങനെ യാത്ര ചെയ്യണം, എപ്പോൾ ഭക്ഷണം കഴിക്കണം, ആരെ ടീമിലെടുക്കണം എന്നതിൽ തുടങ്ങി എല്ലാ തീരുമാനങ്ങളിലും ക്ലബ്ബിലെ തൂപ്പുകാരൻ മുതൽ സൂപ്പർ താരത്തിന് വരെ തുല്യമായ ഒറ്റ വോട്ട് രേഖപ്പെടുത്താനുള്ള അവകാശമുണ്ടായിരുന്നു. മൈതാനത്ത് “ജയിച്ചാലും തോറ്റാലും എപ്പോഴും ജനാധിപത്യത്തോടൊപ്പം” എന്നെഴുതിയ ബാനറുകളുമായി ഇറങ്ങിയും, ജേഴ്സിക്ക് പിന്നിൽ ജനങ്ങളോട് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങൾ പതിപ്പിച്ചും അവർ ഫാസിസ്റ്റ് ഭരണകൂടത്തെ പരസ്യമായി വെല്ലുവിളിച്ചു. “എന്റെ രാഷ്ട്രീയ വിജയങ്ങളാണ് പ്രൊഫഷണൽ കളിക്കാരനെന്ന നിലയിലുള്ള വിജയങ്ങളേക്കാൾ എനിക്ക് പ്രധാനം; കളി 90 മിനിറ്റിൽ തീരും, പക്ഷേ ജീവിതം തുടരുകയാണ്” എന്ന് പ്രഖ്യാപിച്ച സോക്രട്ടീസ്, പന്ത് തട്ടുന്നതിനിടയിലും ലോകത്തോട് ആ വലിയൊരു ചോദ്യം ചോദിക്കുകയായിരുന്നു: മനുഷ്യർ കളിക്കളത്തിൽ മാത്രം സ്വതന്ത്രരായാൽ മതിയോ, ജീവിതത്തിലും സ്വതന്ത്രരാകേണ്ടതില്ലേ എന്ന വലിയ ചോദ്യം.

ഫുട്ബോൾ എന്ന കളി വംശീയ രാഷ്ട്രീയത്തോടും അധിനിവേശങ്ങളോടും ഏറ്റുമുട്ടിയ ചരിത്രം നീണ്ടതാണ്. കറുത്ത താരങ്ങൾ ഇന്നും പല യൂറോപ്യൻ മൈതാനങ്ങളിലും കുരങ്ങുവിളികളും വംശീയ അധിക്ഷേപങ്ങളും നേരിടുന്നു എന്നത് യാഥാർഥ്യമാണ്. റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറിനെപ്പോലുള്ള താരങ്ങൾ ഇന്ന് ആ വംശീയവെറിക്കെതിരെ മൈതാനത്തിനകത്തും പുറത്തും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലാണ്. പക്ഷേ അവർ ഈ അധിക്ഷേപങ്ങളോട് മിണ്ടാതിരിക്കാറില്ല; മുട്ടുകുത്തിയും കൈ ഉയർത്തിയും ജേഴ്സിയിൽ മുദ്രാവാക്യങ്ങൾ പതിപ്പിച്ചും അവർ ലോകത്തോട് വിളിച്ചുപറയുന്നത് ഇതാണ്: “ഞങ്ങൾ നിങ്ങളുടെ വിനോദത്തിനുള്ള വെറും ശരീരങ്ങളല്ല, ചരിത്രവും വേദനയും അവകാശങ്ങളുമുള്ള മനുഷ്യരാണ്.” അപ്പാർഥെയ്ഡ് ഭരണകാലത്ത് വംശീയതയുടെ പേരിൽ ദക്ഷിണാഫ്രിക്കയെ FIFA ദശാബ്ദങ്ങളോളം പുറത്താക്കി നിർത്തിയതും, ഇന്ന് പലസ്തീൻ ജനതയുടെ അതിജീവനത്തിനായി Celtic FC പോലുള്ള ക്ലബ്ബുകളുടെ ഗാലറികളിൽ വിലക്കുകളെ മറികടന്ന് പതാകകൾ ഉയരുന്നതും ഫുട്ബോൾ എങ്ങനെ പ്രതിരോധത്തിന്റെ രാഷ്ട്രീയവേദിയാകുന്നു എന്നതിന്റെ തെളിവാണ്. “കളിയിൽ രാഷ്ട്രീയമല്ല” എന്ന് പറയുന്നവർ മറക്കുന്നത് ഇതാണ്: മനുഷ്യനെ നിറവും വംശവും അതിർത്തിയും കൊണ്ട് വേർതിരിക്കുന്ന ഈ ലോകത്ത്, ഒറ്റ പന്തിന് പിന്നാലെ എല്ലാവരും ഒരുമിച്ച് ഓടുന്നത് പോലും ഒരു രാഷ്ട്രീയ പ്രഖ്യാപനമാണ്.

ഫുട്ബോളിന്റെ രാഷ്ട്രീയം പറയുമ്പോൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ പാൻ-ആഫ്രിക്കൻ ഐക്യദാർഢ്യത്തിന്റെ (Pan-African solidarity) വലിയൊരു ചിത്രം കൂടി നമ്മൾ കാണേണ്ടതുണ്ട്. DR Congo മത്സരങ്ങളിൽ Patrice Lumumba-യുടെ പ്രതിമയെ അനുസ്മരിപ്പിക്കും വിധം അനങ്ങാതെ നിൽക്കുന്ന മിഷേൽ എൻകുക എന്ന ആരാധകൻ ഗാലറിയിൽ കാട്ടിയത് വെറുമൊരു ഫാൻ ആക്റ്റല്ല, മറിച്ച് കോംഗോയുടെ സ്വാതന്ത്ര്യസമരത്തിന്റെയും സാമ്രാജ്യത്വവിരുദ്ധ ഓർമ്മകളുടെയും ആത്മാഭിമാനമായിരുന്നു. പിന്നീട് ഒരു മത്സരത്തിൽ കോംഗോയെ തോൽപ്പിച്ച ശേഷം അൽജീരിയൻ താരം മുഹമ്മദ് അമൂറ ഈ ലുമുംബ പോസിനെ പരിഹാസപൂർവ്വം അനുകരിച്ചപ്പോൾ അത് ആഫ്രിക്കൻ ചരിത്രത്തിന് മേലേറ്റ മുറിവായി മാറി; ചരിത്രമറിയാതെ ചെയ്ത ആ തെറ്റിന് പിന്നീട് അദ്ദേഹത്തിന് മാപ്പ് പറയേണ്ടി വരികയും ചെയ്തു. എന്നാൽ ഫുട്ബോൾ ഇതിന് വാക്കുകൾ കൊണ്ടല്ല മറുപടി നൽകിയത്; അൽജീരിയക്കെതിരെയുള്ള മത്സരത്തിൽ നൈജീരിയൻ താരം അകോർ ആഡംസ് ഗോൾ നേടിയ ശേഷം മൈതാനത്ത് നിശ്ചലമായി നിന്ന് കൈകളുയർത്തി ലുമുംബയുടെ ഓർമ്മയെ ആദരിച്ചപ്പോൾ അത് കോംഗോയ്ക്ക് അന്നേറ്റ മുറിവിനുള്ള നൈജീരിയയുടെ മറുപടിയായി മാറി. പരിഹാസത്തിന് പരിഹാസമായല്ല, മറിച്ച് അപമാനത്തിന് ആദരമായി പിറന്ന ആ നിമിഷം കേവലമൊരു ഗോൾ ആഘോഷമായിരുന്നില്ല; പതാകകൾക്കും ജേഴ്സികൾക്കുമപ്പുറം സാമ്രാജ്യത്വ ചൂഷണങ്ങൾക്കെതിരെ ആഫ്രിക്കയുടെ ഓർമ്മയും പോരാട്ടവും ഒന്നാണെന്ന് പ്രഖ്യാപിച്ച, പന്ത് ഉരുളുമ്പോഴും ചരിത്രം മനുഷ്യന്റെ ശരീരത്തിലൂടെ സംസാരിച്ച ഫുട്ബോളിലെ ഏറ്റവും മനോഹരമായ ഒരു രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു അത്.

യുദ്ധത്തിന്റെ കനലുകൾക്കിടയിലും മനുഷ്യൻ സമാധാനത്തിന്റെ ഭാഷയായി ഫുട്ബോളിനെ മാറ്റിയ ചരിത്രം നമ്മെ എക്കാലവും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഒന്നാം ലോകമഹായുദ്ധത്തിന്റെ തണുത്തുറഞ്ഞ ട്രഞ്ചുകളിൽ, 1914-ലെ ആ വിഖ്യാതമായ ക്രിസ്മസ് രാവിൽ കേട്ടത് തോക്കുകളുടെ ശബ്ദമായിരുന്നില്ല. അതിർത്തികൾക്കിരുപുറവും മരണത്തെ കാത്തുനിന്ന ശത്രുസൈന്യങ്ങൾ പരസ്പരം പാട്ടുപാടുകയും ഷേക്ക് ഹാൻഡ് ചെയ്തു. ചില ഇടങ്ങളിൽ അവർ തങ്ങളുടെ കോട്ടുകളോ മണൽച്ചാക്കുകളോ കൊണ്ട് ഗോൾപോസ്റ്റുകൾ തീർത്ത് ഒരു പന്തിന് പിന്നാലെ ഓടി ഫുട്ബോൾ കളിച്ചെന്നും ചരിത്രം പറയുന്നു. മനുഷ്യനെ കൊന്നൊടുക്കാൻ ഭരണകൂടങ്ങൾ തോക്കുകൾ നൽകി വിട്ട അടിയന്തിര സാഹചര്യങ്ങളിലും, ആയുധങ്ങൾ താഴെവെച്ച് പരസ്പരം കെട്ടിപ്പിടിക്കാൻ മനുഷ്യന് ഒരു പന്ത് മാത്രം മതിയായിരുന്നു എന്ന വലിയ രാഷ്ട്രീയ സത്യമാണത്. തോക്കുകൾക്കിടയിലും മനുഷ്യൻ ഫുട്ബോളിന് മുന്നിൽ അവർ എല്ലാം മറന്നു.

ഫുട്ബോളിന് ഒരു രാജ്യത്ത് ഒഴുകിയ ചോര തുടച്ചുമാറ്റാൻ കഴിയുമെന്ന് ചരിത്രത്തിൽ തെളിയിച്ച സംഭവമാണ് ഐവറി കോസ്റ്റിൽ ദിദിയേ ദ്രോഗ്ബ നടത്തിയത്. അഞ്ച് വർഷത്തോളമായി ആഭ്യന്തര യുദ്ധത്തിൽ തകർന്നുപോയ ഒരു രാജ്യത്തെ, 2005-ൽ ഒരൊറ്റ ജേഴ്സിക്ക് കീഴിൽ ഒന്നിപ്പിച്ചു നിർത്തിയത് ദ്രോഗ്ബയും അദ്ദേഹത്തിന്റെ സഹതാരങ്ങളുമായിരുന്നു. അക്കൊല്ലം സുഡാനെ തോൽപ്പിച്ച് രാജ്യം ആദ്യമായി ലോകകപ്പ് യോഗ്യത നേടിയ ചരിത്ര നിമിഷത്തിൽ, ഡ്രെസ്സിംഗ് റൂമിലെ ലൈവ് ക്യാമറയ്ക്ക് മുന്നിൽ ദ്രോഗ്ബയും ടീമും മുട്ടുകുത്തി നിന്നുകൊണ്ട് തന്റെ ജനതയോട് കണ്ണീരോടെ അപേക്ഷിച്ചു: “ആയുധങ്ങൾ താഴെവെക്കൂ, ദയവായി തെരഞ്ഞെടുപ്പിലേക്ക് പോകൂ.” ഒരു സ്ട്രൈക്കർ അന്ന് സംസാരിച്ചത് സ്വന്തം ജനതയുടെ ചോരയൊഴുക്കൽ നിർത്താൻ ആയിരുന്നു. ആ വാക്കുകൾ രാജ്യത്ത് താൽക്കാലികമായി യുദ്ധം നിർത്താൻ കാരണമായി. പന്തിന് അതിരുകളില്ലാത്ത മാനവികതയുടെ ഭാഷയുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത ഫുട്ബോളിലെ ഏറ്റവും ഉദാത്തമായ രാഷ്ട്രീയ നിമിഷമായിരുന്നു അത്.

നൈജീരിയൻ ആഭ്യന്തരയുദ്ധകാലത്ത് പെലെയുടെ സാന്റോസ് ക്ലബ് കളിക്കാൻ എത്തിയപ്പോൾ ഉണ്ടായ താൽക്കാലിക വെടിനിർത്തലിന്റെ കഥ മറ്റൊരു വലിയ ഓർമ്മയായി ലോകം ഇന്നും ചർച്ച ചെയ്യുന്നുണ്ട്. 1969-ൽ നൈജീരിയയിലെ ബയാഫ്രൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത്, പെലെയുടെ കളി കാണാൻ വേണ്ടി മാത്രം ഇരുവിഭാഗവും രണ്ടുദിവസത്തേക്ക് തോക്കുകൾ താഴെവെച്ചു എന്നാണ് കഥ. മരണത്തിന്റെ താഴ്‌വരകളിൽ പോലും തോക്കുകളേക്കാൾ ശക്തി പന്തിനായിരിക്കട്ടെ എന്ന് മനുഷ്യൻ ആഗ്രഹിക്കുന്നിടത്താണ് ആ കഥ ചരിത്രത്തേക്കാൾ ശക്തമായി മാറുന്നത്.

2022-ലെ ഖത്തർ ലോകകപ്പ് ഉദ്ഘാടന വേദിയിലെ മോർഗൻ ഫ്രീമാനും ഗാനിം അൽ മുഫ്താഹും തമ്മിലുള്ള സംഭാഷണം ലോകം അത്ര ശ്രദ്ധിച്ചത് അതുകൊണ്ടാണ്. വേദിയിൽ കറുത്ത വർഗ്ഗക്കാരനായ ഫ്രീമാനും, ‘കോഡൽ റിഗ്രഷൻ സിൻഡ്രോം’ എന്ന കഠിനമായ ശരീരപരിമിതിയെ അതിജീവിച്ച ഗാനിം അൽ മുഫ്താഹും മുഖാമുഖം നിന്നപ്പോൾ അവിടെ മാനവികതയുടെ പുതിയൊരു അധ്യായമാണ് തുറക്കപ്പെട്ടത്. ലോകം പല കഷണങ്ങളായി ഭിന്നിച്ചുപോയതിനെക്കുറിച്ച് മോർഗൻ ഫ്രീമാൻ ആശങ്കപ്പെട്ടപ്പോൾ, വിശുദ്ധ ഖുർആനിലെ അൽ-ഹുജുറാത് സൂറത്തിലെ 13-ാം വചനം ഓതിക്കൊണ്ടാണ് ഗാനിം അതിന് മറുപടി നൽകിയത്: “മനുഷ്യരേ, നിങ്ങളെ നാം ഒരു പുരുഷനിൽ നിന്നും സ്ത്രീയിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു; നിങ്ങൾ അന്യോന്യം തിരിച്ചറിയേണ്ടതിനായി നിങ്ങളെ നാം വിവിധ ജനവിഭാഗങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു.” വംശീയതയും വിദ്വേഷവും നിറഞ്ഞ ലോകത്ത് വ്യത്യസ്തതകളെ പരസ്പരം അംഗീകരിക്കുകയാണ് വേണ്ടതെന്ന ഗാനിമിന്റെ വാക്കുകളോട് ചേർന്നുനിന്നുകൊണ്ട് ഫ്രീമാൻ അന്ന് പ്രഖ്യാപിച്ചു: “നമ്മൾ ഇവിടെ ഒരു വലിയ ഗോത്രമായി ഒത്തുകൂടിയിരിക്കുന്നു, ഭൂമി മുഴുവൻ നമ്മുടെ വീടാണ്.” ലോകം ഒരേ രൂപത്തിൽ നിർമ്മിക്കപ്പെട്ടതല്ലെന്നും; വ്യത്യസ്ത ശരീരങ്ങൾ, നിറങ്ങൾ, ഭാഷകൾ, വിശ്വാസങ്ങൾ എന്നിവയെല്ലാം പരസ്പരം ഉൾക്കൊള്ളുമ്പോൾ ആ Inclusivity മാത്രമാണ് മനുഷ്യരാശിയെ സമ്പൂർണ്ണമാകുന്നതെന്നും ലോകത്തോട് വിളിച്ചുപറഞ്ഞ ഫുട്ബോൾ വേദികളിലെ ഏറ്റവും സവിശേഷമായ ഒരു സാംസ്കാരിക പ്രഖ്യാപനമായിരുന്നു അത്.

എന്നാൽ ഇതേ ഫുട്ബോൾ കള്ളദേശീയതയുടെ കൈകളിൽ അകപ്പെടുമ്പോൾ അത് യുദ്ധത്തിന്റെ തീപ്പൊരിയായി മാറാമെന്ന മറ്റൊരു മുന്നറിയിപ്പും ചരിത്രം നൽകുന്നുണ്ട്. 1969-ൽ ഹോണ്ടുറാസും എൽ സാൽവഡോറും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട “ഫുട്ബോൾ യുദ്ധം” ഇതിന്റെ ഉദാഹരണമാണ്. വെറുമൊരു കളി മാത്രമല്ല നൂറിലധികം മണിക്കൂറുകൾ നീണ്ടുനിന്ന ആ ആഭ്യന്തര യുദ്ധത്തിന് കാരണം; അതിർത്തിയിലെ കുടിയേറ്റ പ്രശ്നങ്ങളും, തീവ്രമായ ദാരിദ്ര്യവും, സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാൻ ഭരണകൂടങ്ങൾ അഴിച്ചുവിട്ട കപടദേശീയതയും കൂടിയായിരുന്നു. അവിടെ ലോകകപ്പ് യോഗ്യതാ മത്സരം ആ വംശീയ വൈരത്തിന് മേൽ വീണ ഒരു തീപ്പൊരി മാത്രമായി മാറി. അതുകൊണ്ടുതന്നെ, ഫുട്ബോളിനെ സ്നേഹിക്കുമ്പോൾ തന്നെ, അതിന് ചുറ്റും അധികാരവർഗ്ഗം കെട്ടിപ്പടുക്കുന്ന കള്ളദേശീയതയുടെയും ജനവിരുദ്ധ രാഷ്ട്രീയത്തിന്റെയും അപകടങ്ങളെ കൂടി നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.

ലോകകപ്പ് വേദികൾ കോർപ്പറേറ്റ് പ്രകാശത്തിൽ മുങ്ങുമ്പോൾ, ആ അത്യാധുനിക സ്റ്റേഡിയങ്ങൾ പണിതുയർത്താൻ ചോരയൊഴുക്കിയ, കഠിനമായ ചൂഷണങ്ങൾക്കിരയായി ജീവൻ വെടിഞ്ഞ ആയിരക്കണക്കിന് ഏഷ്യൻ-ആഫ്രിക്കൻ കുടിയേറ്റ തൊഴിലാളികളെ എത്രപേർ ഓർക്കും? ഫുട്ബോൾ അടിസ്ഥാനപരമായി ജനങ്ങളുടെ കളിയാണ്; പക്ഷേ അതിന്റെ വിപണി ഇന്ന് പൂർണ്ണമായും മുതലാളിത്തത്തിന്റെ നിയന്ത്രണത്തിലാണ്. ജനകോടികളുടെ വിയർപ്പും വികാരങ്ങളും കോർപ്പറേറ്റ് മുതലാളിമാർ വിറ്റഴിക്കുന്നു. ജേഴ്സിയും ടിക്കറ്റും ടെലികാസ്റ്റ് അവകാശങ്ങളും പരസ്യവിപണിയും ചേർന്ന് പന്തിനെ കേവലമൊരു ആഗോള ഉൽപ്പന്നമാക്കുകയാണ് ഈ കാലഘട്ടം.എന്നാൽ കളിയിലെ ഈ മൂലധനശക്തികൾക്ക് മുന്നിൽ തങ്ങളുടെ ആത്മാഭിമാനം പൂർണ്ണമായി പണയം വെയ്ക്കാൻ മനുഷ്യർ തയ്യാറല്ല.ഫുട്ബോൾ തൊഴിലാളിവർഗ്ഗത്തിന്റെ വലിയ സംസ്കാരങ്ങളിൽ ഒന്നാണ്. യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ഫാക്ടറികളിൽ നിന്നും, തുറമുഖങ്ങളിൽ നിന്നും, ഖനികളിൽ നിന്നും, റെയിൽവേ കോളനികളിൽ നിന്നുമാണ് ലോകത്തെ പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളെല്ലാം വളർന്നുവന്നത്. പട്ടിണിയോടും അനിശ്ചിതത്വത്തോടും പൊരുതുന്ന ഗ്രാമങ്ങളിൽ ഇന്നും ഒരു പഴയ ടെലിവിഷൻ സെറ്റിന് മുന്നിൽ മനുഷ്യർ ഒത്തുകൂടുന്നത് വയറുനിറയുന്നതുപോലെ തന്നെ മനസ്സ് നിറയുന്നതും അവർക്ക് അനിവാര്യമായതുകൊണ്ടാണ്. അതുകൊണ്ട് ഫുട്ബോൾ എന്നത് ഒരിക്കലും സമ്പന്നരുടെ സ്വകാര്യ വിരുന്നല്ല; അത് വിയർപ്പൊഴുക്കുന്ന അധ്വാനവർഗ്ഗത്തിന്റെ കൂടിയുള്ള പൊതുസ്വത്താകുന്നത്.

ഇന്ന് ഈ മത്സരം തുടങ്ങുമ്പോൾ നമുക്ക് കാണേണ്ടത് ആരാണ് ജയിക്കുന്നത് എന്നത് മാത്രമല്ല. ആ പന്ത് ആരെയെല്ലാം ബന്ധിപ്പിക്കുന്നു എന്നതും കാണണം. ഏത് രാജ്യത്തിന്റെ പതാക ഉയരുന്നു എന്നത് മാത്രമല്ല; ആ പതാകയ്ക്ക് കീഴിൽ ആരുടെ കണ്ണീരാണ് മറയ്ക്കപ്പെടുന്നത് എന്നും അറിയണം. ഏത് താരം ഗോൾ അടിച്ചു എന്നത് മാത്രമല്ല; അവന്റെ കാലുകൾ എത്രയോ ദാരിദ്ര്യങ്ങളെയും വംശീയതകളെയും അതിർത്തികളെയും മറികടന്നാണ് ഇവിടെ എത്തിയതെന്ന് കൂടി ഓർക്കണം.

ഫുട്ബോൾ നമ്മെ പഠിപ്പിക്കുന്നത് വലിയൊരു രാഷ്ട്രീയ പാഠമാണ്: മനുഷ്യൻ ഒരിക്കലും ഒറ്റയ്ക്കല്ല ജയിക്കുന്നത്. അവിടെ ഒരു പാസ് വേണം, കൂട്ടായ്മ വേണം, പരസ്പര വിശ്വാസം വേണം. ഒരാൾ പന്തുമായി മുന്നോട്ട് കുതിക്കുമ്പോൾ മറ്റൊരാൾ അയാൾക്കായി Space തുറന്നു കൊടുക്കണം; ഒരാൾ മൈതാനത്ത് വീണുപോകുമ്പോൾ മറ്റൊരാൾ കൈപിടിച്ചു താങ്ങണം. അതാണ് ഈ കളിയുടെ യഥാർത്ഥ സൗന്ദര്യം; അതുതന്നെയാണ് വിപ്ലവാത്മകവും നീതിപൂർവ്വവുമായ ഒരു ജനകീയ സമൂഹത്തിന്റെ സ്വപ്നവും. ജീവിതവും അങ്ങനെ തന്നെയല്ലേ? വ്യവസ്ഥിതികളോട് പൊരുതി ഒരാൾ മാത്രം രക്ഷപ്പെടുന്ന ലോകം ഒരിക്കലും നീതിയുള്ള ലോകമാകുന്നില്ല. എല്ലാവർക്കും ജീവിതത്തിൽ ഒരു ഗോൾ സ്വപ്നം കാണാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ടാകണം.

അതുകൊണ്ടുതന്നെ, ഫുട്ബോൾ എന്നത് നമ്മുടെ കാലത്തിന്റെ ഏറ്റവും ജനകീയമായ രാഷ്ട്രീയ കവിതയാണ്. പന്ത് ഉരുളുമ്പോൾ ലോകം കുറച്ചുനേരത്തേക്കെങ്കിലും അതിന്റെ അതിർത്തികളും കള്ളവേലികളും മറക്കുന്നു. മനുഷ്യൻ മനുഷ്യന്റെ ശത്രുവല്ലെന്ന്, അധികാരത്തിന്റെ തോക്കുകൾക്കും മുൻപ് ഇവിടെ കളി ഉണ്ടായിരുന്നുവെന്ന്, വിഭജനത്തിന്റെ മതിലുകൾ പണിയുന്നതിനും മുൻപ് വിശാലമായ മൈതാനങ്ങൾ ഉണ്ടായിരുന്നുവെന്ന്, അത് നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു. ഇതാ, ഇന്ന് പന്ത് വീണ്ടും മൈതാനത്തിന്റെ മധ്യത്തിൽ വയ്ക്കപ്പെടുകയാണ്; വിസിൽ മുഴങ്ങാൻ ഇനിയും നിമിഷങ്ങൾ മാത്രം.

ഫുട്ബോൾ മത്സരം തുടങ്ങട്ടെ. പന്ത് ഉരുളട്ടെ. മനുഷ്യൻ വീണ്ടും മനുഷ്യനിലേക്കു മടങ്ങട്ടെ.