രൂപയുടെ മൂല്യത്തകർച്ചയും കേന്ദ്ര സർക്കാരിന്റെ ഉയരുന്ന കടബാധ്യതയും നാളത്തെ നമ്മുടെ സമ്പത്ത് വ്യവസ്ഥയെക്കുറിച്ചു ചിന്തിക്കുമ്പോൾ ഏറെ ആശങ്കയുണ്ടാക്കുന്നു. “വിശ്വഗുരു”, “അമൃതകാലം”, “അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ” എന്നൊക്കെ പറഞ്ഞ് രാജ്യം മുഴുവൻ പരസ്യബോർഡുകൾ കൊണ്ട് മൂടുമ്പോൾ, വിപണിയിൽ രൂപ കിതയ്ക്കുകയാണ്; ജനങ്ങളുടെ ജീവിതത്തിൽ വിലക്കയറ്റം കത്തുകയാണ്; ഭാവി തലമുറയുടെ മേൽ കടത്തിന്റെ ചങ്ങല മുറുകുകയാണ്.
മുൻപ് UPA സർക്കാരിന്റെ കാലത്ത് ഇന്ത്യയെ “Fragile Five” എന്ന് വിളിച്ച് പരിഹസിച്ചവരാണ് ഇന്ന് അധികാരത്തിൽ ഉള്ളത്. ഇന്നതേ ചോദ്യം അവർക്ക് നേരെ തിരിച്ചു ചോദിക്കേണ്ട അവസ്ഥയാണ്. പന്ത്രണ്ട് വർഷത്തിലധികമായി കേന്ദ്രത്തിൽ അധികാരത്തിൽ തുടരുന്ന ബിജെപി, ഇന്ത്യയുടെ സാമ്പത്തിക അടിത്തറയെ എവിടെക്കാണ് എത്തിച്ചിരിക്കുന്നത്?
2026-ൽ ഏഷ്യയിലെ ഏറ്റവും മോശം സ്ഥിതിയിലുള്ള കറൻസികളിലൊന്നായി രൂപ മാറിയെന്നാണ് വിപണി റിപ്പോർട്ടുകൾ (Reuters). 2026 മേയ് മാസത്തോടെ രൂപ ഡോളറിന് 96-ന് മുകളിലെത്തി. വിദേശ നിക്ഷേപ പിന്മാറ്റവും, ദിനംപ്രതി വർദ്ധിക്കുന്ന എണ്ണവിലയും, ആഗോള ബോണ്ട് യീൽഡ് സമ്മർദ്ദവും, ഇന്ത്യയുടെ external financial issues ഉം ആണ് ഇതിന്റെ പ്രധാന കാരണങ്ങൾ. വിദേശ നിക്ഷേപകർ മാസങ്ങൾക്കകം ഇന്ത്യൻ ആസ്തികളിൽ നിന്ന് 23 ബില്യൺ ഡോളറിലധികം പിൻവലിച്ചതും ഈ തകർച്ചയുടെ ആഴം കൂട്ടുന്നു.
രൂപയുടെ ഇടിവ് ഒരു എക്സ്ചേഞ്ച് റേറ്റ് പ്രതിഭാസം മാത്രമായി ചുരുക്കി കാണാൻ കഴിയില്ല കാരണം രൂപയുടെ മൂല്യം ഇടിയുമ്പോൾ സംഭവിക്കുന്നത് ഇതാണ്: ഒരു ഉദാഹരണം നോക്കാം ഇന്ത്യ എണ്ണ ഇറക്കുമതിയിൽ ആശ്രയിക്കുന്ന ഒരു രാജ്യമാണ്. അത് കാരണം രൂപയുടെ മൂല്യം കുറയുമ്പോൾ
- എണ്ണ ഇറക്കുമതി ചെലവ് കൂടുന്നു.
- ഗതാഗതച്ചെലവ് വർദ്ധിക്കുന്നു.
- അരി, പച്ചക്കറി, മരുന്ന്, വളം, ഗ്യാസ്, നിർമാണ സാമഗ്രികൾ തുടങ്ങി എല്ലാറ്റിനും വിലകൂടുന്നു.
ചുരുക്കത്തിൽ, രൂപയുടെ തകർച്ച ഒടുവിൽ സാധാരണക്കാരന്റെ അടുക്കളയിൽ അതൊരു വലിയ പൊട്ടിത്തെറി ആകുന്നു.
2026–27 Receipt Budget-ലെ “Debt Position of the Government of India” പ്രകാരം കേന്ദ്രസർക്കാരിന്റെ ഇപ്പോഴത്തെ ധന സ്ഥിതി വളരെ ഭയാനകമാണ്. 2025–26 (Revised Estimate) പ്രകാരം കേന്ദ്ര സർക്കാരിന്റെ മൊത്തം കടവും ബാധ്യതകളും ഏതാണ്ട് ₹197.18 ലക്ഷം കോടി വരും. 2026–27 പ്രകാരം ഇത് ₹214.82 ലക്ഷം കോടിയായി ഉയരും എന്നാണ് കണക്കാക്കുന്നത്. നിലവിലെ രൂപയുടെ മൂല്യം കൂടി കണക്കാക്കിയാൽ ഈ ബാധ്യത ₹218 ലക്ഷം കോടിയ്ക്ക് മുകളിലേക്ക് പോകും.ചുരുക്കത്തിൽ, രൂപയുടെ തകർച്ച ഒടുവിൽ സാധാരണക്കാരന്റെ അടുക്കളയിലാണ് പൊട്ടിത്തെറിക്കുന്നത്.

ഇത്രയും കടം എടുത്തിട്ട് ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു എന്നതാണ് ചോദ്യം?
- വിലക്കയറ്റം കുറഞ്ഞോ?
- യുവാക്കൾക്ക് സ്ഥിരമായ തൊഴിൽ കിട്ടിയോ?
- കർഷകന്റെ വരുമാനം വർദ്ധിച്ചോ?
- പൊതുവിദ്യാഭ്യാസവും ആരോഗ്യമേഖലയും മെച്ചപ്പെട്ടോ?
- ക്ഷേമപ്രവർത്തനങ്ങൾ വികസിപ്പിക്കുകയോ നിലനിർത്തിയോ ചെയ്തോ ?
‘ഇല്ല’ എന്നാണ് ജനങ്ങളുടെ ജീവിത നിലവാരം പറയുന്ന ഉത്തരം. കടം എടുത്തിട്ടും ജനക്ഷേമപ്രവർത്തനങ്ങൾ നടത്തിയിട്ടില്ലങ്കിൽ, ആ കടം ആർക്ക് വേണ്ടിയാണു ഉപയോഗിച്ചത്. പൊതുമേഖലയ്ക്കും ജനക്ഷേമത്തിനും പകരം കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് പാത തുറക്കാനാണ് ഈ പണം ഉപയോഗിച്ചത് സംശയമന്യേ പറയാം.നോട്ട് നിരോധനം മുതൽ കോർപ്പറേറ്റ് പ്രീണനം വരെ ആണ് ഈ കാലഘട്ടത്തിൽ നടന്നത്. ഇതൊക്കെയാണ് നമ്മുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണവും.
- നോട്ട് നിരോധനമെന്ന സാമ്പത്തിക വിഡ്ഢിത്തം: 2016 നവംബർ എട്ടിന് രാത്രി പ്രഖ്യാപിക്കപ്പെട്ട നോട്ട് നിരോധനം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക ദുരന്തങ്ങളിലൊന്നായിരുന്നു. കള്ളപ്പണവും തീവ്രവാദവും വ്യാജനോട്ടുകളും ഒറ്റയടിക്ക് ഇല്ലാതാകുമെന്ന പ്രഖ്യാപനവുമായിട്ടാണ് പ്രധാനമന്ത്രി മോദി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നത്. എന്നിട്ട് സംഭവിച്ചതോ ? രാജ്യത്തെ സാധാരണം ജനം അവന്റെ സ്വന്തം അധ്വാനത്തിന്റെ വിയർപ്പിന്റെ പണത്തിനായി ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ പൊരിവെയിലിൽ ക്യു നിൽക്കാൻ നിർബന്ധിതരായി. ആ ക്യുവിൽ തളർന്നുവീണ് നൂറിലധികം സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. എന്നാൽ മാസങ്ങൾ നീണ്ട ഈ യാതനകൾക്കൊടുവിൽ RBI പുറത്തുവിട്ട കണക്കുകൾ സർക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം പൂർണ്ണമായും തുറന്നുകാട്ടി. പിൻവലിക്കപ്പെട്ട 15.41 ലക്ഷം കോടി രൂപയിൽ 15.31 ലക്ഷം കോടിയും (99.3%) ബാങ്കിംഗ് സിസ്റ്റത്തിലേക്ക് തന്നെ തിരിച്ചെത്തി. രാജ്യത്തെ കള്ളപ്പണം മുഴുവൻ പണമായി ചാക്കുകളിൽ കെട്ടിവെച്ചിരിക്കുകയാണെന്ന ബാലിശമായ ചിന്തയിലാണ് ഈ മണ്ടൻ സാമ്പത്തിക പരീക്ഷണം സർക്കാർ നടത്തിയത്. യഥാർത്ഥത്തിൽ സംഭവിച്ചത്, സമ്പന്നർക്കും അഴിമതിക്കാർക്കും തങ്ങളുടെ കണക്കിൽപ്പെടാത്ത പണം മുഴുവൻ ബാങ്കുകൾ വഴി വെളുപ്പിച്ചെടുക്കാനുള്ള സുവർണ്ണാവസരമായി ഈ പദ്ധതി മാറി. ഈ തീരുമാനത്തിന്റെ ഏറ്റവും വലിയ ഇരകൾ രാജ്യത്തെ സാധാരണ ജനങ്ങളും അസംഘടിത മേഖലയുമായിരുന്നു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ ചെറുകിട-ഇടത്തരം വ്യാപാരികൾ, കർഷകർ, ദിവസക്കൂലിക്കാർ എന്നിവർക്ക് ഒരൊറ്റ രാത്രികൊണ്ട് തങ്ങളുടെ പണലഭ്യതയും ഉപജീവനമാർഗ്ഗവും നഷ്ടപ്പെട്ടു. കാർഷിക വിപണികൾ സ്തംഭിച്ചു, നിർമ്മാണ മേഖല തകർന്നു, മൂലധനം നഷ്ടപ്പെട്ട ചെറുകിട വ്യവസായങ്ങൾ പൂട്ടാൻ നിർബന്ധിതരായി. ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന ഭീകരമായ സാഹചര്യത്തിലേക്ക് ഇത് രാജ്യത്തെ തള്ളിവിട്ടു. ചുരുക്കത്തിൽ, ഏതാനും ചില കോർപ്പറേറ്റ് ഡിജിറ്റൽ പേയ്‌മെന്റ് കമ്പനികൾക്ക് ലാഭം കൊയ്യാൻ വേണ്ടി വിപണിയെ തുറന്നുകൊടുത്ത ഈ നീക്കം, രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ സാമ്പത്തിക അടിത്തറ തകർത്തെറിയുകയാണ് ചെയ്തത്.
- തയ്യാറെടുപ്പില്ലാത്ത GST: “ഒറ്റ രാജ്യം, ഒറ്റ നികുതി” എന്ന ആകർഷകമായ മുദ്രാവാക്യവുമായി അർദ്ധരാത്രിയിൽ പാർലമെന്റിൽ വിളക്കുതെളിച്ച് നടപ്പിലാക്കിയ ജി.എസ്.ടി (GST) യഥാർത്ഥത്തിൽ വൻകിട കോർപ്പറേറ്റുകൾക്ക് എളുപ്പമായപ്പോൾ,രാജ്യത്തെ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് (MSME) മേൽ അടിച്ചേൽപ്പിക്കപ്പെട്ട മറ്റൊരു സാമ്പത്തിക ആഘാതമായിരുന്നു. യാതൊരുവിധ മുൻകരുതലുകളോ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ തയ്യാറെടുപ്പുകളോ ഇല്ലാതെ തിടുക്കത്തിൽ നടപ്പിലാക്കിയ ഈ നികുതി പരിഷ്കാരം തുടക്കത്തിൽ തന്നെ വലിയ ആശയക്കുഴപ്പങ്ങൾക്കാണ് വഴിതുറന്നത്. മാസത്തിൽ പലതവണ റിട്ടേണുകൾ ഫയൽ ചെയ്യേണ്ടി വരുന്ന സങ്കീർണ്ണമായ സാങ്കേതിക പ്രക്രിയകൾ കൈകാര്യം ചെയ്യാൻ വലിയ കമ്പനികൾക്ക് പ്രത്യേക അക്കൗണ്ടിംഗ് വിഭാഗങ്ങൾ തന്നെയുണ്ടായിരുന്നു. എന്നാൽ, കമ്പ്യൂട്ടറോ ഇന്റർനെറ്റ് സാക്ഷരതയോ പോലുമില്ലാത്ത സാധാരണ ഗ്രാമീണ വ്യാപാരികൾക്കും ചെറുകിട കച്ചവടക്കാർക്കും ഈ ഡിജിറ്റൽ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ആവർത്തിച്ചുള്ള നികുതി നിരക്ക് മാറ്റങ്ങളും സങ്കീർണ്ണമായ ചട്ടങ്ങളും കാരണം ചെറുകിട വ്യാപാരികൾ കൺസൾട്ടന്റുമാർക്ക് വലിയ തുക ഫീസ് നൽകേണ്ട അവസ്ഥ വന്നു. ഇത് കച്ചവടച്ചെലവ് ക്രമാതീതമായി വർദ്ധിപ്പിക്കുകയും അവരുടെ ദൈനംദിന വരുമാനത്തെ ബാധിക്കുകയും ചെയ്തു. ജി.എസ്.ടിയുടെ ഏറ്റവും മോശമായ വശം അത് അസംഘടിത മേഖലയിൽ നിന്ന് കോർപ്പറേറ്റ് മേഖലയിലേക്ക് വിപണിയുടെ നിയന്ത്രണം മാറ്റാൻ ബോധപൂർവ്വം സഹായിച്ചു എന്നതാണ്. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) ലഭിക്കുന്നതിലെ താമസം കാരണം ചെറുകിട വ്യാപാരികളുടെ പരിമിതമായ മൂലധനം വിപണിയിൽ കെട്ടിക്കിടന്നു; ഇത് അവരുടെ പണലഭ്യതയെ പൂർണ്ണമായും സ്തംഭിപ്പിച്ചു. ജി.എസ്.ടി രജിസ്ട്രേഷൻ ഇല്ലാത്ത ചെറുകിട വ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ വൻകിട കമ്പനികൾ വിമുഖത കാണിച്ചതോടെ, ലക്ഷക്കണക്കിന് ചെറുകിട ഉത്പാദകരും പ്രാദേശിക വിതരണക്കാരും വിപണിയിൽ നിന്ന് പുറന്തള്ളപ്പെട്ടു. നോട്ട് നിരോധനത്തിന്റെ മുറിവുകൾ ഉണങ്ങും മുൻപ് വന്ന ഈ ആഘാതം താങ്ങാനാവാതെ പതിനായിരക്കണക്കിന് ചെറുകിട വ്യവസായങ്ങളാണ് രാജ്യമുടനീളം പൂട്ടിക്കെട്ടിയത്. കോർപ്പറേറ്റുകൾക്ക് വിപണിയിലെ തങ്ങളുടെ കുത്തക ഉറപ്പിക്കാൻ ഈ സാമ്പത്തികാവസ്ഥ പൂർണ്ണമായി വഴിയൊരുക്കി. പാവപ്പെട്ടവൻ വാങ്ങുന്ന നിത്യോപയോഗ സാധനങ്ങൾക്ക് പോലും ഉയർന്ന നികുതി ചുമത്തി പൊതുജനങ്ങളെ പിഴിയുന്ന ജി.എസ്.ടി ഘടന, രാജ്യത്തെ സാധാരണക്കാരന്റെ വാങ്ങൽ ശേഷിയെ തകർക്കുകയും കോർപ്പറേറ്റ് കേന്ദ്രീകൃതമായ ഒരു സാമ്പത്തിക വ്യവസ്ഥയെ രാജ്യത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു..
- കോർപ്പറേറ്റ് നികുതി ഇളവ്: നിക്ഷേപം വർദ്ധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമെന്ന വ്യാജേനയാണ് 2019-ൽ ചരിത്രത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് നികുതിയിളവ് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നത്. അന്ന് ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാർ കോർപ്പറേറ്റ് നികുതി 30%-ൽ നിന്ന് 22% ആക്കി കുറച്ചു. ധനമന്ത്രാലയത്തിന്റെ തന്നെ കണക്കുകൾ പ്രകാരം, ഇതുവഴി രാജ്യത്തിനുണ്ടായ വരുമാനനഷ്ടം ₹1.45 ലക്ഷം കോടിയാണ്.എന്നാൽ ഈ കോർപ്പറേറ്റ് പ്രീണന നയം വിപണിയിൽ പുതിയ നിക്ഷേപങ്ങളോ തൊഴിലുകളോ ഉണ്ടാക്കിയില്ല എന്നതാണ് അതിന്റെ വിരോധാഭാസം. നികുതിയിളവിലൂടെ ലഭിച്ച വൻ തുക കോർപ്പറേറ്റുകൾ പുതിയ ഫാക്ടറികൾ തുടങ്ങാനോ തൊഴിലാളികളുടെ ശമ്പളം കൂട്ടാനോ ഉപയോഗിക്കാതെ അവർ അതിനുപകരം തങ്ങളുടെ ലാഭവിഹിതം കൂട്ടാനും, ഓഹരികൾ തിരിച്ചുവാങ്ങാനും, ബാങ്ക് കടങ്ങൾ വീട്ടാനുമാണ് ഈ പൊതുപണം വിനിയോഗിച്ചത്. കോർപ്പറേറ്റുകൾക്ക് നൽകിയ ഈ ₹1.45 ലക്ഷം കോടിയുടെ നികുതിയിളവ് മൂലം ഖജനാവിനുണ്ടായ ഭീമമായ നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ ആശ്രയിച്ചത് രാജ്യത്തെ സാധാരണ ജനങ്ങളെയാണ്. ഇന്ധനവിലയ്ക്ക് മേൽ സെസ്സുകളും സർചാർജുകളും അടിച്ചേൽപ്പിച്ചും, അരിയുടേയും പാലിന്റെയും മരുന്നിന്റെയും മുകളിൽ പോലും ജി.എസ്.ടി ചുമത്തിയും ജനങ്ങളെ പരമാവധി പിഴിഞ്ഞാണ് സർക്കാർ കോർപ്പറേറ്റുകൾക്ക് നൽകിയ സബ്‌സിഡി പണം കണ്ടെത്തിയത്. കോർപ്പറേറ്റ് നികുതി പോലുള്ള നേരിട്ടുള്ള നികുതികൾ കുറയ്ക്കുകയും, സാധാരണക്കാരൻ നൽകുന്ന ഇൻഡയറക്ട് ടാക്സ് കുത്തനെ കൂട്ടുകയും ചെയ്യുന്നതിലൂടെ സമ്പന്നർ കൂടുതൽ സമ്പന്നരാകാനും പാവപ്പെട്ടവർ കൂടുതൽ ദരിദ്രരാകാനുമുള്ള ഭയാനകമായ സാഹചര്യമാണ് ഇവിടെ ബോധപൂർവ്വം സൃഷ്ടിക്കപ്പെട്ടത്. പാവപ്പെട്ടവൻ അരി വാങ്ങുമ്പോഴും മരുന്ന് വാങ്ങുമ്പോഴും നികുതി കൊടുക്കണം, പക്ഷേ വൻകിട കമ്പനികൾക്ക് നികുതി ഇളവ് ലഭിക്കുന്നു. ഇതാണ് മോദി മോഡലിന്റെ യഥാർത്ഥ വർഗ്ഗസ്വഭാവം, സമൂഹത്തിന്റെ താഴേ തട്ടിലേക്ക് നികുതിഭാരവും മുകളിലോട്ടു ആനുകൂല്യങ്ങളും. വൻകിട മുതലാളിമാരുടെ ബാലൻസ് ഷീറ്റുകൾ കൊഴുപ്പിക്കാൻ വേണ്ടി രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനവിഭാഗത്തിന്റെ buying power ഉം ജീവിതവും ഇല്ലാതാക്കുന്ന ക്രൂരമായ സാമ്പത്തിക ശാസ്ത്രമാണിത്.
കോൺഗ്രസ് വിതച്ചു, ബിജെപി കൊയ്യുന്നു: ഈ സാമ്പത്തിക അരാജകത്വത്തിന് തുടക്കമിട്ടത് ബിജെപി അല്ല എന്ന യാഥാർഥ്യം കൂടി മനസ്സിലാക്കണം. 1991-ൽ ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്ന പേരിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നവലിബറൽ പാതയിലേക്ക് തുറന്നുവിട്ടത് അന്നത്തെ കോൺഗ്രസ് സർക്കാരാണ്. ബിജെപി ആ പാതയെ കുറച്ചുകൂടി ക്രൂരമായി വിപുലപ്പെടുത്തി, കൂടുതൽ കോർപ്പറേറ്റ് അനുകൂലവും, ഫാസിസ്റ്റ് രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്നതുമാക്കി മാറ്റി.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നവലിബറൽ അധിനിവേശത്തിന്റെ ചരിത്രം പരിശോധിച്ചാൽ അതിന്റെ വേരുകൾ ചെന്നെത്തുന്നത് 1991-ലെ കോൺഗ്രസ് സർക്കാരിലാണ്. സാമ്പത്തിക പ്രതിസന്ധിയുടെ മറവിൽ IMF-ന്റെയും ലോകബാങ്കിന്റെയും വ്യവസ്ഥകൾക്ക് വഴങ്ങി നരസിംഹറാവു-മൻമോഹൻ സിംഗ് കൂട്ടുകെട്ട് നടപ്പിലാക്കിയ ഉദാരവൽക്കരണ-സ്വകാര്യവൽക്കരണ-ആഗോളവൽക്കരണ (LPG) നയങ്ങളാണ് പൊതുമേഖലയുടെ തകർച്ചയ്ക്ക് അടിത്തറപാകിയത്. അന്നുവരെ രാജ്യം പൊതുനിക്ഷേപത്തിലൂടെ കെട്ടിപ്പടുത്ത പൊതുമുതലും, കാർഷിക സബ്‌സിഡികളും, തൊഴിലാളി സംരക്ഷണ നിയമങ്ങളും വൻകിട കമ്പോള ശക്തികൾക്കായി കോൺഗ്രസ് പടിപടിയായി തുറന്നുകൊടുത്തു. ജനക്ഷേമത്തിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന ഈ മുതലാളിത്ത ആശയം ഇന്ത്യയിൽ ഒരു ഔദ്യോഗിക രാഷ്ട്രീയ നയമാക്കി മാറ്റിയത് കോൺഗ്രസാണ്. ചുരുക്കത്തിൽ, കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്റെ പൊതുസമ്പത്ത് കൊള്ളയടിക്കാനുള്ള വാതിലുകൾ കോൺഗ്രസ് തുറന്നിട്ടു കൊടുക്കുകയായിരുന്നു; അന്ന് അവർ തുടക്കമിട്ട നയങ്ങളുടെ തുടർച്ച മാത്രമാണ് ഇന്ന് രാജ്യം നേരിടുന്ന ഭീകരമായ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളിൽ മറ്റൊന്ന്.
ബിജെപി അധികാരത്തിൽ വന്നതോടെ ഈ നവലിബറൽ രീതികൾ ഒരു സാമ്പത്തിക നയമെന്നതിനപ്പുറം, കോർപ്പറേറ്റ്-ഫാസിസ്റ്റ് കൂട്ടുകെട്ടായി പരിണമിച്ചു. കോൺഗ്രസ് ഭരണകാലത്ത് പതുക്കെ നടന്നിരുന്ന സ്വകാര്യവൽക്കരണം ബിജെപി കാലത്ത് National Monetisation Pipeline എന്ന പേരിൽ പൊതുസ്വത്തിന്റെ പരസ്യമായ ലേലം വിളിയായി മാറി. റെയിൽവേയും, വിമാനത്താവളങ്ങളും, തുറമുഖങ്ങളും, പൊതുമേഖലാ ബാങ്കുകളും, ടെലികോം മേഖലയുമെല്ലാം അദാനി-അംബാനി തുടങ്ങിയ വിരലിലെണ്ണാവുന്ന കോർപ്പറേറ്റ് കുത്തകകൾക്ക് മാത്രമായി താലത്തിൽ വെച്ച് നീട്ടി. ഈ കോർപ്പറേറ്റ് കൊള്ളയെ ജനങ്ങൾ ചോദ്യം ചെയ്യാതിരിക്കാൻ ബിജെപി തങ്ങളുടെ തീവ്ര ഹിന്ദുത്വ-ഫാസിസ്റ്റ് രാഷ്ട്രീയത്തെയും വിദ്വേഷ പ്രചാരണങ്ങളെയും ഒരു പുകമറയായി സമയാസമയങ്ങളിൽ കൃത്യമായി ഉപയോഗിക്കുന്നു.
കോർപ്പറേറ്റുകൾക്ക് പരമാവധി ലാഭം കൊയ്യാൻ പൂർണ്ണ സ്വാതന്ത്ര്യം നൽകുമ്പോൾ, മറുഭാഗത്ത് പുതിയ ലേബർ കോഡുകൾ വഴി സാധാരണക്കാരന്റെ തൊഴിൽ സുരക്ഷയും അവന്റെ അവകാശങ്ങളും ഭരണകൂടം പൂർണ്ണമായും ഇല്ലാതാക്കുന്നു. കോൺഗ്രസ് ‘പരിഷ്കാരങ്ങൾ’ എന്ന് വിളിച്ചതിനെ ബിജെപി ‘ദേശീയ വികസനം’ എന്ന് പുനർനാമകരണം ചെയ്തുവെങ്കിലും, അതിന്റെ യഥാർത്ഥ ലക്ഷ്യം മൂലധന ശക്തികൾക്ക് തടസ്സമില്ലാത്ത ലാഭവും അധ്വാനിക്കുന്ന ജനവിഭാഗത്തിന് കടുത്ത ദാരിദ്ര്യവും അനിശ്ചിതത്വവും സമ്മാനിക്കുക എന്നത് മാത്രമാണ്.
ഇനി മറ്റൊരു കാര്യം ഇതോട് ചേർത്തുവായിക്കേണ്ടത് World Inequality Lab-ന്റെ പഠന റിപ്പോർട്ട് പറയുന്നത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ സാമ്പത്തിക സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ഭീതിജനകമായ വർഗ്ഗവിഭജനത്തെയാണ് നമ്മൾ അഭിമുകീകരിക്കുന്നത്. രാജ്യത്തെ വെറും ഒരു ശതമാനം വരുന്ന അതിസമ്പന്നർ; മൊത്തം ദേശീയ വരുമാനത്തിന്റെ 22.6%-വും സമ്പത്തിന്റെ 40.1 %-വും കൈയടക്കി വെച്ചിരിക്കുന്നു എന്നത് ഞെട്ടൽ ഉളവാക്കുന്നതാണ്. ഇത് ഇന്ത്യ ‘കോടീശ്വരന്മാരുടെ രാജ്യമായി’ മാറിയെന്നതിന്റെ കൃത്യമായ തെളിവാണ്. ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്, ഇന്നത്തെ ഇന്ത്യയിലെ സാമ്പത്തിക അസമത്വം ക്രൂരമായ ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്തെക്കാൾ ഭീകരമാണെന്നാണ്. അന്നത്തെ ബ്രട്ടീഷ് ഭരണാധികാരികൾ ഇന്ത്യയെ കൊള്ളയടിച്ചതിനേക്കാൾ വലിയ തോതിലാണ് ഇന്ന് സ്വദേശികളായ ഒരു കൂട്ടം കോർപ്പറേറ്റുകൾ രാജ്യത്തിന്റെ പൊതുസമ്പത്തും വിഭവങ്ങളും തങ്ങളുടെ പെട്ടികളിലേക്ക് വാരിക്കൂട്ടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്ന് എന്ന തിളങ്ങുന്ന പരസ്യ ബോർഡിന് പിന്നിൽ ഒളിച്ചിരിക്കുന്നത് അതിസമ്പന്നർക്ക് വിഹരിക്കാൻ ആഡംബര ഗോപുരങ്ങളും, മഹാഭൂരിപക്ഷത്തിന് ജീവിക്കാൻ ദാരിദ്ര്യവും മാത്രമുള്ള ‘രണ്ട് ഇന്ത്യകൾ’ തമ്മിലുള്ള ഭയാനകമായ വിടവാണ് അത്. ഈ ശതകോടീശ്വരന്മാരുടെ സാമ്പത്തിക വളർച്ച എന്നത് രാജ്യത്തിന്റെയോ ജനങ്ങളുടെയോ പുരോഗതിയല്ല, മറിച്ച് Crony Capitalism-ന്റെ നേർചിത്രമാണ്. ഭരണകൂടത്തിന്റെ പരസ്യമായ പിന്തുണയോടെ അദാനിയുടെയും അംബാനിയുടെയും കോർപ്പറേറ്റ് ബാലൻസ് ഷീറ്റുകൾ ലോകത്തെ തന്നെ അമ്പരപ്പിച്ച് ചരിത്രപരമായ ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും, മറുവശത്ത് സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുരിതത്തിലേക്ക് കൂപ്പുകുത്തുകയാണ്. കോർപ്പറേറ്റ് കുത്തകകളുടെ അമിത ലാഭക്കൊതിയും വിപണിയിലെ കടുത്ത വിലക്കയറ്റവും സാധാരണക്കാരായ മനുഷ്യരുടെ അടുക്കളച്ചെലവുകൾ താങ്ങാനാവാത്തതാക്കി മാറ്റിയിരിക്കുന്നു. വിളകൾക്ക് ന്യായമായ താങ്ങുവില കിട്ടാതെയും കടക്കെണിയിൽ നിന്നും രക്ഷപ്പെടാൻ വഴിയറിയാതെയും രാജ്യത്തെ കർഷകർ ഇപ്പോഴും തെരുവുകളിൽ സമരം ചെയ്യേണ്ടി വരുന്നു, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ലക്ഷക്കണക്കിന് യുവാക്കൾ ഒരു സ്ഥിരതൊഴിൽ പോലുമില്ലാതെ അനിശ്ചിതത്വത്തിൽ കഴിയുന്ന നേർചിത്രമാണ് ഇന്നത്തെ ഇന്ത്യ.
ഫെഡറൽ സംവിധാനത്തിന്മേലുള്ള കുരുക്കും കേരളത്തോടുള്ള സാമ്പത്തിക വിവേചനവും കൂടി പറഞ്ഞു അവസാനിപ്പിക്കാം. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസം എന്ന തത്വത്തെ സാമ്പത്തിക ഉപരോധത്തിലൂടെ വരിഞ്ഞുമുറുക്കുന്ന സമീപനമാണ് കേന്ദ്ര മന്ത്രാലയങ്ങൾ സ്വീകരിക്കുന്നത്. കേന്ദ്ര നികുതി വരുമാനത്തിൽ സംസ്ഥാനങ്ങളുടെ ഔദ്യോഗിക വിഹിതം 41 ശതമാനമെന്ന് പ്രഖ്യാപിക്കുമ്പോഴും, സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതില്ലാത്ത സെസ്സുകളും സർചാർജുകളും നിരന്തരം വർദ്ധിപ്പിച്ച് ഭൂരിഭാഗം റവന്യൂ വരുമാനവും കേന്ദ്രം നേരിട്ട് കൈവശപ്പെടുത്തുന്നു. ജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതും വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം, സാമൂഹ്യക്ഷേമം തുടങ്ങിയ പ്രാഥമിക സേവനങ്ങൾ നൽകേണ്ടതുമായ വലിയ ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണെങ്കിലും, ധനസ്രോതസ്സുകൾ മുഴുവൻ കേന്ദ്രം തങ്ങളുടെ കയ്യിൽ കുത്തകയാക്കി വെക്കുകയാണ്. തങ്ങളുടെ ഈ സാമ്പത്തിക പരാജയങ്ങളും അതിന്റെ ഫലമായുണ്ടാകുന്ന ജനങ്ങളുടെ അതൃപ്തിയും മറച്ചുവെക്കാൻ വേണ്ടി കേന്ദ്ര ഭരണകൂടം വർഗീയ വിഭജനവും, വിദ്വേഷ രാഷ്ട്രീയവും, ദേശീയതയുടെ കപട നാടകാഭിനയങ്ങളുമാണ് നിരന്തരം ആയുധമാക്കുന്നത്.
ഈ കേന്ദ്രീകൃത സാമ്പത്തിക ഉപരോധത്തിന്റെയും രാഷ്ട്രീയ വിവേചനത്തിന്റെയും ഏറ്റവും വലിയ ഇരയാണ് കേരള സംസ്ഥാനം. മികച്ച സാമൂഹിക-വിദ്യാഭ്യാസ-ആരോഗ്യ സൂചികകൾ കൈവരിച്ച ജനപക്ഷ ബദൽ മാതൃകയെന്ന നിലയിൽ കേരളത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന സമീപനമാണ് കേന്ദ്ര ധനമന്ത്രാലയം സ്വീകരിച്ചത്. കേരളത്തിന്റെ ഔദ്യോഗിക നയപ്രഖ്യാപന രേഖകൾ പ്രകാരം; അവസാന പാദത്തിലെ വെട്ടിക്കുറയ്ക്കൽ: 2025–26 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ മാത്രം കേരളത്തിന് ലഭിക്കേണ്ടിയിരുന്ന ₹12,000 കോടിയോളം രൂപയാണ് യാതൊരു ന്യായീകരണവുമില്ലാതെ കേന്ദ്രം പകുതിയായി വെട്ടിക്കുറച്ചത്.വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് കീഴിൽ കേരളത്തിന് ലഭിക്കാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയാണ് കേന്ദ്ര മന്ത്രാലയങ്ങൾ മനഃപൂർവ്വം തടഞ്ഞുവെച്ചിരിക്കുന്നത്.അതുപോലെ തന്നെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കടുത്ത നിബന്ധനകളിലൂടെ വെട്ടിച്ചുറച്ചും, IGST പുനർക്രമീകരണങ്ങളിലൂടെയും കേരളത്തിന് അർഹതപ്പെട്ട ₹17,000 കോടിയിലധികം രൂപയാണ് കേന്ദ്രം നിഷേധിച്ചത്. സംസ്ഥാന ആഭ്യന്തര ഉത്പാദനം (GSDP) കണക്കാക്കുന്നതിൽ ധനകാര്യ കമ്മീഷൻ നിർദ്ദേശിച്ച മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിച്ച് കേന്ദ്രം കൊണ്ടുവന്ന അശാസ്ത്രീയത കാരണം മാത്രം കേരളത്തിന് വീണ്ടും ₹4,250 കോടിയുടെ ഭീമമായ നഷ്ടമുണ്ടായി.
തങ്ങളുടെ രാഷ്ട്രീയ നയങ്ങൾക്ക് വഴങ്ങാത്ത സംസ്ഥാനങ്ങളെ വിഭവങ്ങൾ നിഷേധിച്ച് തോൽപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്ര മന്ത്രാലയങ്ങളുടെ ഈ നടപടി, ജനങ്ങൾക്ക് അർഹമായ ക്ഷേമപദ്ധതികളുടെ വിതരണത്തെയാണ് നേരിട്ട് ബാധിക്കുന്നത്. ഇത് കേവലം സാമ്പത്തിക തർക്കമല്ല, മറിച്ച് സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കുന്ന നഗ്നമായ ഫെഡറൽ ലംഘനമാണ്. ഇതൊക്കെ നടന്നത് കേരളം ഇടതുപക്ഷം ഭരിക്കുമ്പോഴായിരുന്നു കേട്ടോ. എന്നിട്ട് പുതിയ യുഡിഫ് സർക്കാർ വന്നപ്പോൾ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ സതീശൻ പബ്ലിഷ് ചെയ്ത ധവളപത്രത്തിൽ ഇത്തരം പണി കാണിച്ച കേന്ദ്ര സർക്കാരിനെ ഒരു വാക്കുകൊണ്ട് പോലും വിമര്ശിച്ചിട്ടില്ല.
ഇന്ത്യ നേരിടുന്ന ദയനീയമായ സാമ്പത്തിക പ്രതിസന്ധിക്കും വർദ്ധിച്ചുവരുന്ന അസമത്വത്തിനും ഏക പരിഹാരം മൂലധന താത്പര്യങ്ങളെക്കാൾ മനുഷ്യന്റെ അതിജീവനത്തിന് മുൻഗണന നൽകുന്ന ഇടതുപക്ഷ ബദൽ മാത്രമാണ്. വിപണിയുടെ അദൃശ്യ കരങ്ങൾക്ക് ജനങ്ങളുടെ വിധി വിട്ടുകൊടുക്കുന്ന നവലിബറൽ നയങ്ങളെ പാടേ തള്ളിക്കളഞ്ഞുകൊണ്ട്, രാജ്യത്തിന്റെ പൊതുസമ്പത്തായ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ജി.ഡി.പിയുടെ ഗണ്യമായ വിഹിതം നിക്ഷേപിക്കുകയും ചെയ്യുന്ന ഒരു പുരോഗമനപരമായ സാമ്പത്തിക ക്രമമാണിത്. കോർപ്പറേറ്റുകൾക്ക് നൽകുന്ന നികുതി ഇളവുകൾ റദ്ദാക്കി അതിസമ്പന്നർക്ക് മേൽ Wealth Tax-സും , Inheritance Tax- സും ഏർപ്പെടുത്തി ആ വരുമാനം പാവപ്പെട്ടവന്റെ ക്ഷേമത്തിനായി വിനിയോഗിക്കുന്ന നീതിപൂർണ്ണമായ കാഴ്ചപ്പാടാണ് ഇവിടെ അത്യാവശ്യം. കർഷകർക്ക് നിയമപരമായ താങ്ങുവില ഉറപ്പാക്കുന്നതും, തൊഴിലാളികൾക്ക് മാന്യമായ വേതനവും സുരക്ഷിതത്വവും നൽകുന്നതും വഴി രാജ്യത്തെ താഴേത്തട്ടിലുള്ളവരുടെ വാങ്ങൽ ശേഷി വർദ്ധിപ്പിക്കാൻ സാധിക്കും. ഒപ്പം ഇന്ധന നികുതി കുറച്ചും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണാധികാരം പുനഃസ്ഥാപിച്ചും മാത്രമേ ഫെഡറൽ ഇന്ത്യയെ രക്ഷിക്കാൻ കഴിയൂ.
ചുരുക്കത്തിൽ, രൂപയുടെ തകർച്ചയ്ക്കും കുതിച്ചുയരുന്ന കടത്തിനും പരിഹാരം കോർപ്പറേറ്റ് ലാഭമല്ല, മറിച്ച് രാജ്യത്തെ 99 ശതമാനം വരുന്ന അധ്വാനിക്കുന്ന ജനങ്ങളുടെ സാമൂഹ്യനീതി ഉറപ്പാക്കുന്ന ജനപക്ഷ രാഷ്ട്രീയമാണ്.





