ചരിത്രത്തിൽ ചില മനുഷ്യരുണ്ട്. അവർ ജീവിച്ച വർഷങ്ങളുടെ എണ്ണം നോക്കി അവരുടെ ജീവിതത്തിന്റെ വലിപ്പം അളക്കാൻ കഴിയില്ല. അവർ നേടിയ പദവികളുടെ പട്ടിക നോക്കിയും കഴിയില്ല.അവർ താമസിച്ച വീടുകളോ ഉപയോഗിച്ച വാഹനങ്ങളോ ബാങ്കിൽ ബാക്കിവച്ച സമ്പാദ്യമോ അന്വേഷിച്ചിട്ടും കാര്യമില്ല. അവർ നടന്ന വഴികൾ നോക്കണം.ആ വഴികളിൽ ആരൊക്കെയാണ് കൂടെ നടന്നുതുടങ്ങിയത് എന്ന് നോക്കണം. അവർ കൊണ്ടുവന്ന മനുഷ്യർ പിന്നീട് എങ്ങനെ സംഘടിച്ചു എന്ന് നോക്കണം. അവർ ഉയർത്തിയ ചോദ്യങ്ങൾ എത്ര തലമുറകൾക്കുശേഷവും സമൂഹത്തിൽ കെടാതെയുണ്ട് എന്ന് നോക്കണം. അങ്ങനെ നോക്കുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ അസാധാരണമായി വലുതാകുന്ന ഒരു മനുഷ്യനുണ്ട്; സഖാവ് പി. കൃഷ്ണപിള്ള.
കേരളത്തിന്റെ മണ്ണിൽ കമ്യൂണിസ്റ്റ് എന്ന വാക്കിന് ഒരു മനുഷ്യന്റെ മുഖം നൽകണമെങ്കിൽ… തൊഴിലാളിയുടെ വിയർപ്പിനൊപ്പം സ്വന്തം ജീവിതത്തിന്റെ വിയർപ്പ് കലർത്തിയ ഒരു മനുഷ്യനെ ഓർക്കണമെങ്കിൽ…കർഷകന്റെ കുടിലിൽ അവർക്കൊപ്പം ഇരുന്ന് അവന്റെ ദുഃഖം കേൾക്കുകയും, ആ ദുഃഖത്തിന് പിന്നിൽ പ്രവർത്തിക്കുന്ന വർഗബന്ധങ്ങൾ അവന് പറഞ്ഞുകൊടുക്കുകയും ചെയ്ത ഒരു സംഘാടകനെ ഓർക്കണമെങ്കിൽ…കേരളത്തിന്റെ വടക്കുനിന്ന് തെക്കോട്ടും തെക്കുനിന്ന് വടക്കോട്ടും നടന്നും സഞ്ചരിച്ചും മനുഷ്യരെ കണ്ടെത്തി, മനുഷ്യരിൽനിന്ന് സഖാക്കളെയും സഖാക്കളിൽനിന്ന് സംഘാടകരെയും സൃഷ്ടിച്ച ഒരു വിപ്ലവകാരിയെ ഓർക്കണമെങ്കിൽ…നമുക്ക് മുന്നിൽ തെളിഞ്ഞുവരുന്ന പേര് ഒന്നാണ് സഖാവ് പി. കൃഷ്ണപിള്ള.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല ശില്പികളിലൊരാളായ,തൊഴിലാളി–കർഷക പ്രസ്ഥാനത്തിന്റെ അസാമാന്യ സംഘാടകനായ,സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും ജാതിമേൽക്കോയ്മയ്ക്കുമെതിരെ പോരാടിയ,“സഖാക്കളുടെ സഖാവ്” പി. കൃഷ്ണപിള്ള.
നാല്പത്തിരണ്ട് വയസ്സിൽ അവസാനിച്ച ഒരു ജീവിതം. പക്ഷേ ആ നാല്പത്തിരണ്ട് വർഷങ്ങൾക്കുള്ളിൽ ഒരു മനുഷ്യൻ നടന്നുതീർത്ത രാഷ്ട്രീയദൂരം അളക്കാൻ ഇന്നത്തെ കേരളത്തിന്റെ ഭൂപടം പോലും പോരാതെ വരും.
നമ്മുടെ ഓർമ്മയിൽ കൃഷ്ണപിള്ളയ്ക്ക് ഒരു മുഖമുണ്ട്.ചെറുതായി പുഞ്ചിരിക്കുന്ന, മെലിഞ്ഞൊരു മനുഷ്യന്റെ ബ്ലാക്ക് & വൈറ്റ് ചിത്രം. ഇന്ന് പി. കൃഷ്ണപിള്ള എന്ന് തിരഞ്ഞാൽ ആദ്യം മുന്നിലെത്തുന്ന മുഖം.
ആ ചിത്രത്തിനുപിന്നിലും മനോഹരമായൊരു കഥയുണ്ട്. 1948-ലെ ഒരു പ്രഭാതം. കോഴിക്കോട് താമസിച്ചിരുന്ന വിഷ്ണു നമ്പീശൻ കൃഷ്ണപിള്ളയെ കാണുന്നു. എങ്ങോട്ടോ പോകാനുള്ള തിരക്കിലാണ് സഖാവ്. ഒരു ചിത്രം എടുത്തോട്ടെയെന്ന് ചോദിക്കുന്നു. കൃഷ്ണപിള്ള സമ്മതിക്കുന്നു. ആ സ്വാഭാവിക പുഞ്ചിരിയോടെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നു.പിന്നീട് ദേശാഭിമാനിയിൽ അച്ചടിച്ച ആ ചിത്രം കാലം ഏറ്റെടുത്തു.ഒരു മനുഷ്യന്റെ ഒരു നിമിഷത്തെ ക്യാമറ പകർത്തി.പക്ഷേ അതറിയാതെ അത് ഒരു പ്രസ്ഥാനത്തിന്റെ മുഖമാണ് പകർത്തിയത്.
ആ ചിത്രത്തിന്റെ ഫ്രെയിമിന് പുറത്തേക്ക് കൃഷ്ണപിള്ളയെ കൊണ്ടുവരുമ്പോഴാണ് യഥാർത്ഥ മനുഷ്യനെ കാണാൻ കഴിയുന്നത്.
1906 ആഗസ്റ്റ് 19. വൈക്കത്ത് ജനിച്ച ആ കുട്ടിക്ക് ജീവിതം വലിയ സൗകര്യങ്ങളൊന്നും ഒരുക്കിവച്ചിരുന്നില്ല.ചെറുപ്പത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടു. പഠനം മുന്നോട്ടുകൊണ്ടുപോകാൻ ദാരിദ്ര്യം അനുവദിച്ചില്ല. പതിനാറാം വയസ്സിൽ ആലപ്പുഴയിലെ കയർ തൊഴിലാളികളുടെ ലോകത്തേക്കിറങ്ങേണ്ടിവന്നു.അതുകൊണ്ടുതന്നെ പിന്നീട് അദ്ദേഹം മാർക്സിസത്തെ മനസ്സിലാക്കിയ രീതി പുസ്തകങ്ങളിൽനിന്നു മാത്രം ഉണ്ടായതല്ല.
തൊഴിലാളിവർഗം അദ്ദേഹത്തിന് ഒരു സിദ്ധാന്തപദമായിരുന്നില്ല. അത് അദ്ദേഹം ജീവിച്ച ജീവിതമായിരുന്നു.വിശപ്പ് എന്താണെന്ന് അറിഞ്ഞവനായിരുന്നു.ഒരു ദിവസത്തെ കൂലി നഷ്ടപ്പെട്ടാൽ ഒരു വീട്ടിലെ അടുപ്പ് എങ്ങനെ അണയുമെന്ന് അറിഞ്ഞവനായിരുന്നു. അധ്വാനിക്കുന്ന മനുഷ്യന്റെ കൈയിലെ തഴമ്പ് വായിച്ചിട്ടാണ് അയാൾ പിന്നീട് മാർക്സിനെ വായിച്ചത്.
അതുകൊണ്ടാവാം കൃഷ്ണപിള്ളയുടെ രാഷ്ട്രീയം ഒരിക്കലും ദരിദ്രനോടുള്ള സഹതാപത്തിൽ അവസാനിക്കാതിരുന്നത്. പാവപ്പെട്ടവനെ കണ്ട് കണ്ണുനിറയുന്നത് മാനുഷികതയാണ്.
പക്ഷേ, എന്തുകൊണ്ടാണ് ഒരാൾ ദരിദ്രനായിരിക്കുന്നത്?അവന്റെ അധ്വാനത്തിന്റെ ഫലം ആരാണ് സ്വന്തമാക്കുന്നത്?അവന്റെ ജീവിതത്തെ നിയന്ത്രിക്കുന്ന വർഗബന്ധം ഏതാണ്?അതിനെ എങ്ങനെ മാറ്റാം?എന്ന് ചോദിക്കുന്നിടത്താണ് രാഷ്ട്രീയം തുടങ്ങുന്നത്.അതാണ് കൃഷ്ണപിള്ളയുടെ വഴി.
1927-ൽ അദ്ദേഹം ബനാറസിലേക്ക് പോകുന്നു. ഹിന്ദി പഠിക്കുന്നു. സാഹിത്യവിശാരദ് പരീക്ഷ പൂർത്തിയാക്കുന്നു. പിന്നീട് തൃപ്പൂണിത്തുറയിൽ ഹിന്ദി പ്രചാരകനായി പ്രവർത്തിക്കുന്നു.പക്ഷേ ഭാഷ പഠിപ്പിക്കുന്ന അധ്യാപകനായി ജീവിതം അവിടെ അവസാനിക്കുന്നില്ല.രാജ്യം കത്തിക്കൊണ്ടിരിക്കുകയായിരുന്നു.സാമ്രാജ്യത്വത്തിനെതിരായ സ്വാതന്ത്ര്യസമരം ആ യുവാവിനെയും അതിന്റെ നടുവിലേക്ക് വലിച്ചെടുത്തു.കോൺഗ്രസിലൂടെയാണ് തുടക്കം.
അതും ഓർക്കണം.കൃഷ്ണപിള്ളയുടെ തുടക്കം കമ്യൂണിസ്റ്റായിരുന്നില്ല. അദ്ദേഹം രാഷ്ട്രീയമായി വളർന്നു കമ്യൂണിസ്റ്റായതാണ്. ദേശീയവാദത്തിൽനിന്ന് സോഷ്യലിസത്തിലേക്ക്. സോഷ്യലിസത്തിൽനിന്ന് തൊഴിലാളിവർഗ രാഷ്ട്രീയത്തിലേക്ക്.അതാണ് ആ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന്.
1930 ഉപ്പുസത്യഗ്രഹത്തിന്റെ കാലം. കോഴിക്കോട് കടപ്പുറത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പൊലീസ് കൃഷ്ണപിള്ളയെ മർദിക്കുന്നു. അദ്ദേഹത്തിന്റെ കൈയിലൊരു ത്രിവർണപതാകയുണ്ട്. മർദനം തുടരുന്നു.ശരീരം തളരുന്നു.ബോധം നഷ്ടപ്പെടുന്നു. പക്ഷേ പതാക വിട്ടുകൊടുക്കുന്നില്ല.ദേശസ്നേഹം ഇന്ന് ചിലർക്കൊരു ചാനൽ ചർച്ചയിലെ verbal Diarrhea ആയിരിക്കാം. ചിലർക്കത് മറ്റൊരാളുടെ ദേശസ്നേഹം അളക്കാനുള്ള സർട്ടിഫിക്കറ്റാണ്.
കൃഷ്ണപിള്ളയുടെ തലമുറയ്ക്ക് അത് പൊലീസിന്റെ ലാത്തിക്കുമുന്നിൽ സ്വന്തം ശരീരം നേരിട്ട അനുഭവ പോരാട്ടമായിരുന്നു.
ദേശീയസ്വാതന്ത്ര്യത്തിനൊപ്പം മറ്റൊരു ചോദ്യം കൂടി കൃഷ്ണപിള്ള ചിന്തിച്ചിരുന്നു. ബ്രിട്ടീഷുകാരൻ പോയാൽ മാത്രം മനുഷ്യൻ സ്വതന്ത്രനാകുമോ? ജാതി-അയിത്ത വ്യവസ്ഥ തുടർന്നാൽ? ഒരു മനുഷ്യന്റെ ജനനം തന്നെ അവന് നടക്കാവുന്ന വഴിയും കുടിക്കാവുന്ന വെള്ളവും പ്രവേശിക്കാവുന്ന ക്ഷേത്രവും തീരുമാനിച്ചാൽ?
അവിടെ നിന്നാണ് ഗുരുവായൂർ ക്ഷേത്ര പ്രവേശന സമരം തുടങ്ങുന്നത്. ഗുരുവായൂർ സത്യഗ്രഹത്തിൽ കൃഷ്ണപിള്ള ക്ഷേത്രമണി മുഴക്കി.ഇന്ന് മണിയടിക്കുന്നതിൽ എന്താണ് രാഷ്ട്രീയമെന്ന് തോന്നാം.പക്ഷേ അന്നത്തെ ജാതിവ്യവസ്ഥയിൽ ഒരു മണിക്കും ഉടമസ്ഥതയുണ്ടായിരുന്നു. ഒരു വഴിക്കും ജാതിയുണ്ടായിരുന്നു.ഒരു കുളത്തിനും ജാതിയുണ്ടായിരുന്നു.ദൈവത്തിന്റെ മുന്നിലേക്കുള്ള വാതിലിനുപോലും ജാതിയുണ്ടായിരുന്നു.
അങ്ങനെയൊരു കാലത്ത് കൃഷ്ണപിള്ളയുടെ കൈ ആ മണിയിലേക്ക് നീണ്ടത്. മർദനം ഏറ്റുവാങ്ങി. ഉശിരുള്ള നായർ മണി അടിക്കും. ഇല നക്കി നായർ തലയ്ക്ക് അടിക്കും എന്ന് വിളിച്ചു പറഞ്ഞു.
പക്ഷേ കേരളത്തിലെ ജാതിമേൽക്കോയ്മയ്ക്കുമേൽ വീണ ആ ശബ്ദം പിന്നീട് നിലച്ചില്ല. ഇവിടെയാണ് കൃഷ്ണപിള്ളയുടെ മാർക്സിസത്തെ മനസ്സിലാക്കേണ്ടത്. വർഗം മാത്രം കണ്ടിട്ട് ജാതിയെ കാണാതിരിക്കുന്ന മാർക്സിസമല്ല അത്. സാമ്പത്തിക ചൂഷണം മാത്രം പറഞ്ഞിട്ട് സാമൂഹിക അപമാനത്തിനു മുന്നിൽ കണ്ണടയ്ക്കുന്ന രാഷ്ട്രീയവുമല്ല. മനുഷ്യനെ അടിമയാക്കുന്ന ബന്ധങ്ങൾ ഏത് രൂപത്തിലായാലും അതിനെ ചോദ്യം ചെയ്യുക.അതായിരുന്നു അതിന്റെ ഉള്ളടക്കം.
1932-ൽ കാഞ്ഞങ്ങാട്ട് ട്രെയിനിറങ്ങി കാടകം വനസത്യാഗ്രഹത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട മനുഷ്യനെ കൂടി ഓർക്കണം. എ.സി. കണ്ണൻ നായരുടെ വീട്ടിലെത്തി ഒരു രൂപ വാങ്ങി, അവിടെനിന്ന് ഏകദേശം നാല്പത് കിലോമീറ്റർ അകലെയുള്ള കാടകത്തേക്ക് നടന്ന് പോയൊരാൾ. ഇന്ന് ആ യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ അത്ഭുതം തോന്നും. ഏത് വഴിയിലൂടെ പോയിരിക്കാം? ആരാണ് വഴി പറഞ്ഞുകൊടുത്തത്?എവിടെ നിന്ന് ഭക്ഷണം കഴിച്ചു?എവിടെ വിശ്രമിച്ചു? അറിയില്ല.പക്ഷേ ഒരു കാര്യം അറിയാം. അയാൾ കേരളം മുഴുവൻ നടന്നത് ഒരു വേദിയിൽ പ്രസംഗിക്കാൻ വേണ്ടിയല്ല. മനുഷ്യരെ കണ്ടെത്താനാണ്.ഒരു തൊഴിലാളിയെ ഒരു കർഷകനെ കണ്ടെത്താൻ ഒരു യുവാവിനെ കണ്ടെത്താൻ. അവനോട് രാഷ്ട്രീയം പറയാൻ. ഒരു മനുഷ്യനിൽനിന്ന് ഒരു സഖാവിനെ ഉയർത്തിക്കൊണ്ടുവരാൻ. ഒരു സഖാവിൽനിന്ന് ഒരു സംഘാടകനെ ഉയർത്താൻ.
1932 ജനുവരിയിലെ കോഴിക്കോട് സബ് ജയിലിൽ കൃഷ്ണപിള്ളയെ കണ്ടുമുട്ടിയ ഇ.എം.എസ് പിന്നീട് തന്റെ രാഷ്ട്രീയജീവിതത്തെ തന്നെ മാറ്റിമറിച്ച ബന്ധമായി അതിനെ ഓർത്തിട്ടുണ്ട്. ഇടതുപക്ഷ ദേശീയവാദിയായിരുന്ന തന്നെ കമ്യൂണിസ്റ്റാക്കി വളർത്തിയതിൽ കൃഷ്ണപിള്ളയുടെ പങ്ക് ഇ.എം.എസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇ.കെ. നായനാരെയും കോൺഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരുന്നതിൽ കൃഷ്ണപിള്ളയുടെ പങ്കുണ്ടായിരുന്നു. പിന്നീട് വി.എസ്. അച്യുതാനന്ദൻ എന്ന ചെറുപ്പക്കാരനിലും ഒരു സംഘാടകനെ കണ്ടെത്തിയത് കൃഷ്ണപിള്ളയായിരുന്നു.
വി.എസിനെ കുട്ടനാട്ടിലേക്ക് അയച്ചു. കർഷകത്തൊഴിലാളികളുടെ ഇടയിലേക്ക്.അവരുടെ ജീവിതപ്രശ്‍നങ്ങളിലേക്ക്. കാരണം കൃഷ്ണപിള്ളയ്ക്ക് ഒരു കാര്യം വ്യക്തമായിരുന്നു; നല്ലൊരു നേതാവ് അനുയായികളെ ഉണ്ടാക്കുന്നവനല്ല; പുതിയ നേതാക്കളെ സൃഷ്ടിക്കുന്നവനാണ്.
1934-ൽ കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ സെക്രട്ടറിയായി. പക്ഷേ അതിനേക്കാൾ പ്രധാനപ്പെട്ടത് അദ്ദേഹം നടന്ന സ്ഥലങ്ങളാണ്.ആലപ്പുഴയിലെ കയർത്തൊഴിലാളികൾ.കോഴിക്കോട്ടെ കോട്ടൺ മിൽ തൊഴിലാളികൾ.ഓട്ടുകമ്പനി തൊഴിലാളികൾ. കണ്ണൂരിലെ ബീഡി–നെയ്ത്ത് തൊഴിലാളികൾ. മില്ലുകളിലെ തൊഴിലാളികൾ.മലബാറിലെ കർഷകർ.ഇവിടെയെല്ലാം കൃഷ്ണപിള്ള എത്തി. മലബാറിൽ നിന്നു കൊച്ചിയിലേക്ക്.കൊച്ചിയിൽനിന്നു തിരുവിതാംകൂറിലേക്ക്. പാർടി ജനങ്ങളെ അന്വേഷിച്ചിറങ്ങിയ കാലമായിരുന്നു അത്. ആ പാർട്ടി ആയിരുന്നു കൃഷ്ണപിള്ള. ഇന്ന് വീണ്ടും പഠിക്കേണ്ട ഏറ്റവും വലിയ പാഠവും അതുതന്നെയാണ്.
1937-ൽ ചെറിയൊരു സംഘം. പി. കൃഷ്ണപിള്ള,ഇ.എം.എസ്, കെ. ദാമോദരൻ, എൻ.സി. ശേഖർ, എസ്.വി. ഘാട്ടെയുടെ സാന്നിധ്യത്തിൽ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപപ്പെടുന്നു. നാലു മനുഷ്യർ. അന്ന് അവരെ നോക്കി ആരേലും ചോദിച്ചിരുന്നെങ്കിൽ; നാലുപേർ ചേർന്ന് കേരളത്തിൽ എന്തു മാറ്റാനാണ്? ചരിത്രം പിന്നീട് മറുപടി പറഞ്ഞു.
1939-ലെ പിണറായി–പാറപ്രം രഹസ്യസമ്മേളനത്തിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളഘടകം കൂടുതൽ വ്യക്തമായ സംഘടനാരൂപത്തിലേക്ക് വളർന്നു. കൃഷ്ണപിള്ള അതിന്റെ സെക്രട്ടറിയായി. ആ ചെറിയ വിത്തിൽനിന്നാണ് പിന്നീട് തൊഴിലാളി പ്രസ്ഥാനം വളർന്നത്. കർഷകപ്രസ്ഥാനം വളർന്നത്. ജന്മിത്തത്തിനെതിരായ പോരാട്ടം ശക്തമായത്.ഭൂപരിഷ്കാരത്തിനുള്ള സാമൂഹിക ഭൂമി പാകപ്പെട്ടത്.1957-ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലേക്ക് കേരളം നടന്നെത്തിയത്.
ചരിത്രത്തെ അംഗബലം മാത്രം ഉപയോഗിച്ച് അളക്കരുതെന്ന് കൃഷ്ണപിള്ളയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.ശരിയായ ആശയം ജനങ്ങളിലേക്കെത്തിയാൽ നാലുപേർക്കും ചരിത്രത്തിന്റെ ദിശ മാറ്റാം.
1930-കളുടെ അവസാനത്തിൽ ആലപ്പുഴയിലെ തൊഴിലാളിസമരത്തെ തകർക്കാൻ സി.പി. രാമസ്വാമി അയ്യരുടെ ഭരണകൂടം പൊലീസിനെയും പട്ടാളത്തെയും ഇറക്കിയപ്പോൾ അവിടെയും കൃഷ്ണപിള്ളയുണ്ടായിരുന്നു.പക്ഷേ പാർടി നേതാവിന്റെ വേഷത്തിലല്ല.നാരങ്ങ വിൽപ്പനക്കാരനായി.പൊലീസിന്റെ കണ്ണുവെട്ടിച്ച് തൊഴിലാളികളുടെ ഇടയിലേക്ക്.ഇതാണ് ആ മനുഷ്യനെ മനസ്സിലാക്കാനുള്ള മറ്റൊരു ചിത്രം.
നേതാവ് എന്നാൽ ഒരു വേദിയിലെ നടുവിലെ വലിയ കസേരയിൽ ഇരിക്കുന്നവൻ ആകണം എന്നല്ല.ചിലപ്പോൾ അവൻ ജനക്കൂട്ടത്തിനുള്ളിൽ ആരും തിരിച്ചറിയാതെ നിൽക്കുന്ന ഒരാളും ആകാം. പക്ഷേ സമരത്തിന്റെ ദിശ തീരുമാനിക്കുന്ന ചിന്ത അവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കും.
1940 ഡിസംബർ. വൈക്കത്ത് കൃഷ്ണപിള്ള അറസ്റ്റിലാകുന്നു. അതുമായി ബന്ധപ്പെട്ട പൊലീസ് രേഖകൾ വായിച്ചാൽ മറ്റൊരു ചരിത്രപരമായ വിരോധാഭാസം കാണാം. ഭരണകൂടം തന്നെ തിരിച്ചറിഞ്ഞിരുന്നു; ഈ മനുഷ്യൻ ഇനി പഴയ കോൺഗ്രസ് പ്രവർത്തകനല്ല. അയാൾ കമ്യൂണിസ്റ്റാണ്. വേഷം മാറി സഞ്ചരിക്കുന്നു.കമ്യൂണിസ്റ്റ് സാഹിത്യം എത്തിക്കുന്നു.വിതരണം ചെയ്യുന്നു.വിട്ടയച്ചാൽ വീണ്ടും ഒളിവിൽ പോയി പ്രവർത്തിക്കും.ബ്രിട്ടീഷ്–തിരുവിതാംകൂർ ഭരണകൂടങ്ങൾക്ക് അതായിരുന്നു അയാളെക്കുറിച്ചുള്ള ഭയം.
അദ്ദേഹത്തിൽനിന്ന് പൊലീസ് പിടിച്ചെടുത്ത വസ്തുക്കളുടെ പട്ടികയും ഒരു രാഷ്ട്രീയചിത്രമാണ്.കുറച്ച് രൂപ.നാണയങ്ങൾ.ഒരു വാച്ച്.ഒരു മുണ്ട്.രണ്ട് തോർത്ത്.ഒരു ബെഡ്ഷീറ്റ്.സോപ്പ്.ചെറിയ കത്തി.പെൻസിൽ.നോട്ട്ബുക്ക്.അത്രയേ ഉണ്ടായിരുന്നുള്ളൂ.ഒരു ഭരണകൂടത്തെ ഭയപ്പെടുത്തിയ മനുഷ്യന്റെ സമ്പാദ്യം!
പണമല്ല അയാളുടെ ശക്തി.ആയുധശേഖരവുമല്ല.ജനങ്ങൾക്കിടയിലെ ബന്ധമായിരുന്നു.അതുകൊണ്ടാണ് അയാളെ അധികാരികൾക്ക് ജയിലിൽ ഇടേണ്ടി വന്നത്.അറസ്റ്റിനു ശേഷം കൃഷ്ണപിള്ള എവിടെയാണെന്ന് പോലും സർക്കാർ പുറത്തുപറഞ്ഞില്ല. അദ്ദേഹത്തെ കൊലപ്പെടുത്തിയോയെന്ന സംശയം വരെ ഉയർന്നു. പ്രതിഷേധങ്ങൾ നടന്നു.1941 മാർച്ചിൽ കൃഷ്ണപിള്ള എവിടെയെന്ന് ചോദിച്ചുകൊണ്ട് മാതൃഭൂമി മുഖപ്രസംഗം വരെ എഴുതി.
ജയിലിനകത്തും അദ്ദേഹം മിണ്ടാതിരുന്നില്ല. ജയിൽമർദനത്തിനെതിരെ പ്രതിഷേധിച്ചു.
പിന്നീട് കൂടുതൽ സുരക്ഷയുള്ള ശുചീന്ദ്രം ജയിലിലേക്ക് മാറ്റപ്പെട്ടു.അവിടെയുള്ള ജീവിതമാണ് ജീവിത സഖിയായ തങ്കമ്മയുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും ചേർന്നുനിൽക്കുന്നത്.
1942 മാർച്ച് 21-ന് അദ്ദേഹം മോചിതനായി. കുറച്ചുകാലം മലബാറിലേക്കുള്ള പ്രവേശനനിരോധനം തുടർന്നു. പാർടിയുടെ നിരോധനം നീങ്ങിയതോടെ വീണ്ടും മുഴുവൻ സമയ സംഘടനാപ്രവർത്തനത്തിലേക്ക്.
ഒരു ഭരണകൂടം അയാളെ പിടിക്കാനായി അതിർത്തികൾ വരച്ചു. അയാൾ അതിനിടയിലൂടെ പാർടിയെ ബന്ധിപ്പിച്ചു.
ഇവിടെ മറ്റൊരു കൃഷ്ണപിള്ളയുണ്ട്. എനിക്ക് തോന്നുന്നത് ഇന്നത്തെ കമ്യൂണിസ്റ്റുകാർ ഏറ്റവും കൂടുതൽ ഓർക്കേണ്ട കൃഷ്ണപിള്ള അതാണ്. 1940-കളുടെ മധ്യത്തിൽ കോളറയും വസൂരിയും പടർന്നുപിടിച്ചപ്പോൾ രോഗബാധിതരുടെ വീടുകളിലേക്ക് പോകാൻ ആളുകൾ പേടിച്ചു. മരണം വീട്ടുവാതിലുകളിൽ കാത്തുനിന്ന കാലം. അപ്പോൾ കമ്യൂണിസ്റ്റ് പ്രവർത്തകരോട് കൃഷ്ണപിള്ളയുടെ രാഷ്ട്രീയം പറഞ്ഞത് വളരെ ലളിതമായിരുന്നു: ജനങ്ങൾ ദുരിതത്തിലാണെങ്കിൽ അവിടെ പോകുക.
രോഗിയായ മനുഷ്യന്റെ രാഷ്ട്രീയം ചോദിക്കേണ്ട.അവൻ വോട്ടു ചെയ്തത് ആരെയെന്ന് ചോദിക്കേണ്ട.അവന്റെ ജാതിയും മതവും നോക്കേണ്ട.അവന് സഹായം വേണമെങ്കിൽ അവിടെ കമ്യൂണിസ്റ്റ് ഉണ്ടാകണം. അതുകൊണ്ടാണ് പ്രവർത്തകർ രോഗബാധിത പ്രദേശങ്ങളിലേക്ക് ഇറങ്ങിയത്. ശുശ്രൂഷയിൽ പങ്കെടുത്തത്. സഹായം എത്തിച്ചത്. ഇതാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയവും കമ്യൂണിസ്റ്റ് രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം.ജനങ്ങളുടെ കൈയിൽ വോട്ടുള്ളപ്പോൾ മാത്രം ആ കൈ പിടിക്കുന്നതല്ല കമ്യൂണിസം. ആ കൈ പനിച്ചുവിറയ്ക്കുമ്പോഴും പിടിക്കണം.
1946 കേരളചരിത്രത്തിലെ മറ്റൊരു പൊള്ളുന്ന അധ്യായം. പുന്നപ്ര–വയലാർ.ജന്മിത്തത്തിനും രാജഭരണത്തിനുമെതിരായ ബോധം.ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ അധികാരരാഷ്ട്രീയത്തിനും ‘അമേരിക്കൻ മോഡൽ’ പദ്ധതിക്കുമെതിരായ ജനവിരോധം.ഇതെല്ലാം ചേർന്നാണ് പുന്നപ്ര–വയലാർ.1946 ആഗസ്റ്റിൽ കൃഷ്ണപിള്ള പ്രവർത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറ്റുന്നു.ഇ.എം.എസിനൊപ്പം തൊഴിലാളികളുമായി സംസാരിക്കുന്നു.സമരത്തിനുള്ള രാഷ്ട്രീയ സാഹചര്യം വിശദീകരിക്കുന്നു.തൊഴിലാളിവർഗം സ്വന്തം മോചനത്തിനായി സ്വയം സംഘടിക്കേണ്ടതിന്റെ ആവശ്യകത പറയുന്നു.പുന്നപ്ര–വയലാറിനു ശേഷമുള്ള ക്രൂരമായ മർദനകാലത്താണ് കൃഷ്ണപിള്ളയുടെ മറ്റൊരു മുഖം കാണുന്നത്.
സഖാവ് ജയിലിലാണ്.അവന്റെ വീട്ടിൽ അരിയുണ്ടോ?
പ്രവർത്തകൻ കൊല്ലപ്പെട്ടു.അവന്റെ കുട്ടികൾക്ക് ഭക്ഷണമുണ്ടോ?
ഒരാൾ ഒളിവിലാണ്.ഇന്ന് രാത്രി ഉറങ്ങാൻ സുരക്ഷിതമായ ഇടമുണ്ടോ?
കൃഷ്ണപിള്ളയ്ക്ക് ഇതൊക്കെ പാർടി വിഷയങ്ങളായിരുന്നു.അതുകൊണ്ടാണ് ‘സഖാവ്’ എന്ന വാക്ക് അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു അഭിസംബോധനയിൽനിന്ന് ജീവിതരീതിയായി മാറിയത്.
രക്തസാക്ഷിയുടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതാണ് കമ്യൂണിസ്റ്റ് നൈതികത.അതുകൊണ്ടാണ് കൃഷ്ണപിള്ള; സഖാക്കളുടെ സഖാവ് ആയി മാറുന്നത്.
അദ്ദേഹത്തിന്റെ ഒളിവുജീവിതത്തിൽനിന്നുള്ള ഒരു ചെറിയ സംഭവം വലിയൊരു രാഷ്ട്രീയചിത്രമാണ്. പി.കെ. മേദിനിക്ക് അന്ന് പന്ത്രണ്ടു വയസ്സോളം.ഒരു പൊതി വാങ്ങിവരാൻ പറഞ്ഞ് അയക്കുന്നു.ഒരു പാതിതുറന്ന വാതിലിനപ്പുറം നിന്ന് മെലിഞ്ഞ ഒരാൾ പുസ്തകക്കെട്ട് നൽകുന്നു.അതിൽനിന്ന് ഒരു പുസ്തകം ആ കുട്ടിക്കായി മാറ്റിവയ്ക്കുന്നു. ഇ.എം.എസിന്റെ നിരോധിക്കപ്പെട്ട ഒന്നേകാൽ കോടി മലയാളികൾ. പിന്നെ വീട്ടിൽ എന്തെങ്കിലും ഭക്ഷണമുണ്ടോ എന്ന് ചോദിക്കുന്നു.കാപ്പിയും പയറും കഴിക്കുന്നു. പിന്നീട് കൃഷ്ണപിള്ള മരിച്ചെന്നറിഞ്ഞ് മൃതദേഹം കാണാൻ പോയപ്പോഴാണ് ആ കുട്ടിക്ക് മനസ്സിലായത്;അന്ന് പാതിതുറന്ന വാതിലിലൂടെ പുസ്തകം നീട്ടിയ മനുഷ്യൻ കൃഷ്ണപിള്ളയായിരുന്നു.
എത്ര മനോഹരമായ രാഷ്ട്രീയദൃശ്യമാണത്! ഒളിവിൽ കഴിയുന്ന ഒരു നേതാവ്.പൊലീസ് തേടുന്ന മനുഷ്യൻ.എന്നിട്ടും ഒരു കുട്ടിയുടെ കൈയിൽ ഒരു പുസ്തകം കൊടുക്കാൻ മറക്കുന്നില്ല.കാരണം വിപ്ലവം തോക്കിൽ മാത്രം ജീവിക്കുന്നില്ല.ഒരു പുസ്തകത്തിൽനിന്ന് മറ്റൊരു മനുഷ്യന്റെ ബോധത്തിലേക്കും അത് സഞ്ചരിക്കുന്നു.
1948 ആഗസ്റ്റ് 19.ജനിച്ച അതേ തീയതി.കണ്ണർകാട്ടിലെ ചെല്ലിക്കണ്ടത്തിൽ വീട്ടിലെ ഒളിത്താവളം.പിറ്റേന്ന് നടക്കേണ്ട രഹസ്യ സംസ്ഥാന കമ്മിറ്റി യോഗത്തിനുള്ള റിപ്പോർട്ട് തയ്യാറാക്കുകയാണ്.അപ്പോഴാണ് പാമ്പുകടിയേൽക്കുന്നത്.വിഷം ശരീരത്തിലേക്ക് കയറുന്നു.സഖാക്കൾ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നു.ഒരു കട്ടിലിൽ ചുമന്നുകൊണ്ട് പല വൈദ്യന്മാരുടെയും അടുത്തേക്ക്.ഒളിവിലുള്ള മനുഷ്യനായതിനാൽ വഴിയിൽ ആരോടും കൃഷ്ണപിള്ളയാണെന്ന് പറയാൻ കഴിയില്ല.അദ്ദേഹത്തെ പരിശോധിച്ച പലർക്കും മുന്നിൽ കിടക്കുന്നത് ആരാണെന്ന് അറിയില്ല.അവസാനം വി.എ. രാജയുടെ വീട്ടിലെത്തിയപ്പോൾ കയ്യിലെ പച്ചകുത്തിയ പേര് കണ്ടാണ് തിരിച്ചറിഞ്ഞത്—പി. കൃഷ്ണപിള്ള. പൊലീസ് ഒരിക്കൽ അദ്ദേഹത്തെ തിരിച്ചറിയാനായി ബലമായി ശരീരത്തിൽ കുറിച്ചിട്ട പേരാണ് അവസാനമായി അദ്ദേഹത്തെ ലോകത്തിന് തിരിച്ചുകൊടുത്തത്.ഭരണകൂടം അടയാളപ്പെടുത്തിയ ശരീരം.പക്ഷേ ഭരണകൂടത്തിന് ഒരിക്കലും നിയന്ത്രിക്കാനാകാത്ത രാഷ്ട്രീയം.
വിഷം കയറിക്കൊണ്ടിരിക്കുമ്പോഴും അദ്ദേഹത്തിന്റെ നോട്ട്ബുക്കിൽ അവസാനമായി എഴുതുന്നതും പ്രസ്ഥാനത്തിനുവേണ്ടിയാണ്.“എന്നെ പാമ്പുകടിച്ചു…”“സഖാക്കളേ, മുന്നോട്ട്.”
ആ മരണത്തിൽ മറ്റൊരു ജീവിതവും മുറിഞ്ഞുപോയി. തങ്കമ്മ. കൃഷ്ണപിള്ളയുടെ മരണശേഷം അവർ ശുചീന്ദ്രത്തേക്ക് മടങ്ങി. പിന്നീട് നീലകണ്ഠശർമയെ വിവാഹം ചെയ്തു. ആ ജീവിതത്തിലെ മക്കളിലൊരാളാണ് പിന്നീട് മലയാളികൾക്ക് പരിചിതനായ മാധ്യമപ്രവർത്തകൻ ഗോപകുമാർ. പക്ഷേ കൃഷ്ണപിള്ളയോടൊപ്പം അവസാനിച്ചില്ല തങ്കമ്മയുടെ പാർടി ബന്ധങ്ങൾ. കെ.ആർ. ഗൗരി മുതൽ സുശീല ഗോപാലൻ വരെയുള്ളവർക്ക് അവർ ‘ചേച്ചി’യായി തുടർന്നു. ഇ.എം.എസ് അവരെ കണ്ടപ്പോൾ കണ്ണീരടക്കാൻ കഴിയാതിരുന്ന ഓർമ്മയും ഗോപകുമാർ എഴുതിയിട്ടുണ്ട്.
ചരിത്രം പലപ്പോഴും നേതാക്കളുടെ പേരുകൾ മാത്രം രേഖപ്പെടുത്തും.പക്ഷേ ഒരു പ്രസ്ഥാനത്തിന്റെ യഥാർത്ഥ ചരിത്രത്തിൽ അവരുടെ പിന്നിൽ ജീവിതം തകർന്നവരും കാത്തിരുന്നവരും ഒളിപ്പിച്ചവരും ഭക്ഷണം കൊടുത്തവരും കണ്ണീർ തുടച്ചവരുമുണ്ട്.കൃഷ്ണപിള്ളയുടെ ചരിത്രവും അങ്ങനെ ഒരു കൂട്ടായ ചരിത്രമാണ്.
ഇനി ചോദിക്കേണ്ടത് മറ്റൊന്നാണ്. ഈ കാലഘട്ടം നമുക്ക് കൃഷ്ണപിള്ളയെ എന്തിനാണ് ഓർക്കേണ്ടത് ?
ഒരു അനുസ്മരണദിനത്തിൽ ചിത്രം വയ്ക്കാനോ?
ചുവന്ന പൂക്കൾ അർപ്പിക്കാനോ?
രണ്ടു പഴയ മുദ്രാവാക്യങ്ങൾ വിളിക്കാനോ?
അത്രയ്ക്കാണെങ്കിൽ കൃഷ്ണപിള്ള ചരിത്രപുസ്തകത്തിൽ സുരക്ഷിതനാണ്.
പക്ഷേ കൃഷ്ണപിള്ളയെ രാഷ്ട്രീയം ആക്കി വായിക്കുന്നുവെങ്കിൽ അദ്ദേഹം ഇന്നും അസ്വസ്ഥപ്പെടുത്തും.
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കനത്ത തോൽവിയാണു ഏറ്റുവാങ്ങിയത്. ഒരു മാർക്സിസ്റ്റിന് ഈ യാഥാർത്ഥ്യത്തിൽനിന്ന് ഓടിപ്പോകാൻ പാടില്ല.തോൽവി വന്നപ്പോൾ ആദ്യത്തെ ചോദ്യം മറ്റുള്ളവരെക്കുറിച്ചായിരിക്കരുത്. നമ്മെക്കുറിച്ചായിരിക്കണം.എവിടെയാണ് ജനങ്ങളുമായുള്ള ബന്ധം ദുർബലമായത്?ആരെയാണ് നമ്മൾ കേൾക്കാതിരുന്നത്?യുവാക്കളിലേക്ക് നമ്മുടെ രാഷ്ട്രീയം എത്തുന്നുണ്ടോ?പുതിയ തൊഴിലാളിവർഗത്തെ നമ്മൾ തിരിച്ചറിഞ്ഞോ?നമ്മെ വിമർശിച്ചവരെ എല്ലാവരെയും ശത്രുക്കളാക്കി മാറ്റിയോ?സംഘടനയേക്കാൾ നേതാക്കളുടെ ഇമേജ് വലുതായോ?ജനങ്ങളിലേക്ക് നടക്കുന്നതിന് പകരം ജനങ്ങൾ നമ്മളിലേക്കു വരുമെന്ന് കരുതിയോ?ഈ ചോദ്യങ്ങൾ ചോദിക്കുന്നത് പാർടി വിരുദ്ധതയല്ല.ചോദിക്കാതിരിക്കുന്നതാണ് മാർക്സിസ്റ്റ് വിരുദ്ധത.
വിമർശനം.സ്വയം വിമർശനം.തിരുത്തൽ. ഇവയില്ലാത്ത കമ്യൂണിസ്റ്റ് പാർടി ജീവനുള്ള പ്രസ്ഥാനമല്ല.
അതേസമയം മറ്റൊരു യാഥാർത്ഥ്യവും മുന്നിലുണ്ട്.കൃഷ്ണപിള്ളയുടെ കാലത്തെ തൊഴിലാളിയുടെ വസ്ത്രം മാറിയിട്ടുണ്ട്.പക്ഷേ തൊഴിലാളിവർഗം ഇല്ലാതായിട്ടില്ല.ഇന്ന് ഫാക്ടറി ഗേറ്റിനൊപ്പം ഒരു മൊബൈൽ ആപ്പുമുണ്ട്.മേസ്തിരിയുടെ സ്ഥാനത്ത് ചിലപ്പോൾ algorithm ആണ്.ഹാജർപുസ്തകത്തിനു പകരം GPS ആണ്.കൂലിത്തൊഴിലാളിക്കൊപ്പം delivery worker ഉണ്ട്.App taxi driver ഉണ്ട്.Contract employee ഉണ്ട്.Private hospital worker ഉണ്ട്.IT employee ഉണ്ട്.Gig worker ഉണ്ട്.
2025 നവംബർ ൽ ഇന്ത്യയുടെ നാല് Labour Codes കേന്ദ്ര സർക്കാർ നടപ്പിലാക്കി. gig/platform workers ഉൾപ്പെടെയുള്ള പുതിയ തൊഴിൽരൂപങ്ങളും അതിന്റെ ചട്ടക്കൂടിനകത്തുണ്ട്. കൃഷ്ണപിള്ള ഇന്നുണ്ടായിരുന്നെങ്കിൽ ഈ പുതിയ തൊഴിലാളിയെ കണ്ടെത്താൻ നടക്കുമായിരുന്നു.അവനോട് യൂണിയൻ എന്ന പഴയ വാക്ക് മാത്രം പറയുകയല്ല.അവന്റെ പുതിയ ചൂഷണത്തിന്റെ രൂപം പഠിക്കുമായിരുന്നു.കാരണം technology മാറിയാലും അടിസ്ഥാനവൈരുദ്ധ്യം മാറിയിട്ടില്ല-അധ്വാനവും മൂലധനവും തമ്മിലുള്ള വൈരുദ്ധ്യം.
വർഗീയതയുടെയും രാഷ്ട്രീയം അങ്ങനെ തന്നെ വായിക്കണം.ഒരു തൊഴിലാളിയുടെ പ്രശ്നം കൂലിയാണ്.ജോലിയാണ്.വീടാണ്.ചികിത്സയാണ്. കുട്ടിയുടെ വിദ്യാഭ്യാസമാണ്.വിലക്കയറ്റമാണ്. പക്ഷേ അവനോട് നിരന്തരം ചോദിപ്പിക്കുന്നത് അയൽക്കാരന്റെ മതമാണ്.അവൻ എന്ത് ഭക്ഷിച്ചു?
ഏത് ദൈവത്തെ ആരാധിച്ചു?എന്ത് വസ്ത്രം ധരിച്ചു?എന്തിന്?
കാരണം തൊഴിലാളിക്ക് തന്റെ യഥാർത്ഥ ചൂഷകനെ തിരിച്ചറിയാതിരിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം അവന് ഒരു വ്യാജശത്രുവിനെ നൽകുകയാണ്.
ഹിന്ദു തൊഴിലാളിയും മുസ്ലിം തൊഴിലാളിയും തമ്മിൽ പോരാടുമ്പോൾ മൂലധനത്തിന് ആശ്വാസമാണ്.കർഷകർ മതത്തിന്റെ പേരിൽ തമ്മിൽ സംശയിക്കുമ്പോൾ അവരുടെ വിളയുടെ വില നിയന്ത്രിക്കുന്നവന് സുരക്ഷയാണ്.അതുകൊണ്ട് വർഗീയത മതത്തിന്റെ പ്രശ്നം മാത്രമല്ല.
അത് വർഗരാഷ്ട്രീയത്തിന്റെ ആയുധവുമാണ്.
തൊഴിലാളിയുടെ വിശപ്പിന് മതമില്ല.കർഷകന്റെ കടത്തിന് ജാതിയില്ല.തൊഴിലില്ലായ്മയ്ക്ക് ദൈവമില്ല.
ഇന്ന് നമ്മൾ ഒക്കെ സോഷ്യൽ മീഡിയയിൽ സജീവമാണ് രാഷ്ട്രീയത്തിന്റെ പുതിയ പോരാട്ടഭൂമിയാണത്. പക്ഷേ വലിയൊരു തെറ്റിദ്ധാരണ പാടില്ല.പതിനായിരം likes ഉം ലക്ഷം views ഉം viral reel ഉം, ട്രോൾ പോസ്റ്റും ഒരു തൊഴിലാളിയുടെ വിശ്വാസത്തിന് പകരമല്ല, വർഗ്ഗബഹുജന മുന്നേറ്റത്തിന് പകരമല്ല, ജനകീയ പ്രക്ഷോഭത്തിന് പകരമല്ല, പ്രത്യയശാസ്ത്രമല്ല.
അതുകൊണ്ട് ഗ്രൗണ്ടിൽ പ്രവർത്തിക്കണം, മനുഷ്യരെ കേൾക്കണം, പുസ്തകങ്ങൾ വായിക്കണം കൈമാറണം, പുതിയ സഖാക്കളെ കണ്ടെത്തണം, ഉത്തരവാദിത്തം നൽകണം, കേഡർമാരെ സൃഷ്ടിക്കണം.
‘സഖാവ്’ എന്ന വാക്കിന്റെ അർത്ഥം തിരിച്ചുപിടിക്കണം.അതൊരു അഭിസംബോധനയല്ല. നിന്നോടൊപ്പം മുദ്രാവാക്യം വിളിക്കുന്നവൻ മാത്രം സഖാവല്ല. നീ വീഴുമ്പോൾ പിടിക്കുന്നവനാണ്.നീ ജയിലിലാകുമ്പോൾ നിന്റെ വീട്ടിലേക്ക് പോകുന്നവനാണ്.നിനക്ക് തെറ്റുപറ്റുമ്പോൾ കണ്ണിൽ നോക്കി പറയുന്നവനാണ്.നീ ശരിയായ നിലപാടിലാണെങ്കിൽ ലോകം മുഴുവൻ എതിർത്താലും കൂടെ നിൽക്കുന്നവനാണ്.
മനുഷ്യൻ വീഴുമ്പോൾ അവനെ ഉയർത്താൻ നീളുന്ന കൈയുടെ രാഷ്ട്രീയപേരാണ് സഖാവ്.
കൃഷ്ണപിള്ള ആ വാക്കിന് അങ്ങനെയൊരു ഭാരം നൽകി. അതുകൊണ്ട് കൃഷ്ണപിള്ളയെ ഓർക്കുമ്പോൾ എനിക്ക് ആ അവസാനവാക്കിലാണ് എത്തിച്ചേരാൻ തോന്നുന്നത്: സഖാക്കളേ മുന്നോട്ട് –
തെറ്റുണ്ടെങ്കിൽ തിരുത്തി മുന്നോട്ട്.
ജനങ്ങളിൽനിന്ന് അകന്നെങ്കിൽ ജനങ്ങളിലേക്ക് നടന്ന് മുന്നോട്ട്.
പുതിയ തലമുറ അകന്നെങ്കിൽ അവരെ കുറ്റപ്പെടുത്തി അല്ല, അവരുടെ ലോകം മനസ്സിലാക്കി മുന്നോട്ട്.
തൊഴിലിന്റെ രൂപം മാറിയെങ്കിൽ പുതിയ തൊഴിലാളിയെ സംഘടിപ്പിച്ച് മുന്നോട്ട്.
ജാതി പുതിയ മുഖത്തിൽ തിരിച്ചുവന്നാൽ നവോത്ഥാനത്തിന്റെ തീ കത്തിച്ച് മുന്നോട്ട്.
വർഗീയത ശക്തമായാൽ മതനിരപേക്ഷതയും വർഗബോധവും ഉയർത്തി മുന്നോട്ട്.
കോർപ്പറേറ്റ് മൂലധനം ശക്തമായാൽ തൊഴിലാളി–കർഷക ഐക്യം ശക്തിപ്പെടുത്തി മുന്നോട്ട്.
നമ്മുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ സ്വയം വിമർശിച്ച് തെറ്റ് തിരുത്തി മുന്നോട്ട്.
ഒരു പാമ്പിന്റെ വിഷത്തിന് പി. കൃഷ്ണപിള്ളയുടെ ശരീരം അവസാനിപ്പിക്കാൻ കഴിഞ്ഞു. പക്ഷേ അയാൾ കേരളത്തിന്റെ മണ്ണിൽ വിതച്ചത്
ഒരു ആശയമായിരുന്നു, ഒരു വർഗബോധമായിരുന്നു, ഒരു സംഘടനാ സംസ്കാരമായിരുന്നു, ഒരു മനുഷ്യനെ മറ്റൊരു മനുഷ്യന്റെ സഖാവാക്കി മാറ്റുന്ന രാഷ്ട്രീയമായിരുന്നു.
അതുകൊണ്ടാണ് 1948 ആഗസ്റ്റ് 19-ന് അവസാനിച്ച ആ ജീവിതം ഇന്നും അവസാനിക്കാത്തത്. ആ മനുഷ്യൻ നടന്ന വഴികളിലൂടെ പിന്നീട് ആയിരങ്ങൾ നടന്നു. അയാൾ കൊടുത്ത പുസ്തകങ്ങൾ മറ്റുള്ളവർ വായിച്ചു.അയാൾ കണ്ടെത്തിയ ചെറുപ്പക്കാർ നേതാക്കളായി.അയാൾ സംഘടിപ്പിച്ച തൊഴിലാളികൾ ചരിത്രത്തിലിറങ്ങി.അയാൾ ഉണർത്തിയ വർഗബോധം ഒരു പുതിയ കേരളത്തിന്റെ അടിത്തറയിൽ ചേർന്നു.
അതുകൊണ്ട് കൃഷ്ണപിള്ളയുടെ ഓർമ്മയ്ക്കു മുന്നിൽ തലകുനിച്ച് നിൽക്കുന്നതിനേക്കാൾ വലിയ ആദരമുണ്ട്.
ആ സഖാവ് നിർത്തിയിടത്തുനിന്ന് നടക്കുക.
ജനങ്ങളിലേക്ക്, തൊഴിലാളികളിലേക്ക്, കർഷകരിലേക്ക്, യുവാക്കളിലേക്ക്, പോരാട്ടങ്ങളിലേക്ക്.
ചരിത്രം അവസാനിച്ചിട്ടില്ല, വർഗസമരം അവസാനിച്ചിട്ടില്ല, ചൂഷണം അവസാനിച്ചിട്ടില്ല. അതുകൊണ്ട് കൃഷ്ണപിള്ളയുടെ രാഷ്ട്രീയവും അവസാനിച്ചിട്ടില്ല.
സഖാക്കളേ… മുന്നോട്ട്.
ലാൽസലാം. ☭




