നാനാ പടേക്കർ വിടവാങ്ങുമ്പോൾ, തിരശ്ശീലയിൽ മുഴങ്ങിയ ആ പരുക്കൻ ശബ്ദത്തിനൊപ്പം ഓർമ്മയിൽ വരുന്നത് മഹാരാഷ്ട്രയിലെ കർഷകകുടുംബങ്ങൾക്കുനേരെ നീണ്ട നാനാ പടേക്കറുടെ കൈകളാണ്. സ്വന്തം ജീവിതത്തിൽ അനുഭവിച്ച വിശപ്പിനെ, മറ്റുള്ളവരുടെ വിശപ്പ് തിരിച്ചറിയാനുള്ള മനസ്സായി മാറ്റിയെടുത്ത ഒരു മനുഷ്യസ്നേഹിയായ കലാകാരനാണ് ഓർമ്മയാകുന്നത്.
കൂട്ടുകാരന്റെ ചതിയിൽ നേരം ഇരുട്ടിവെളുക്കുമ്പോഴേക്കും അച്ഛന്റെ സമ്പാദ്യവും സ്വത്തും നഷ്ടപ്പെട്ടതോടെ പതിമൂന്നാം വയസ്സിൽ ജോലിക്കിറങ്ങേണ്ടിവന്ന കുട്ടിയായിരുന്നു നാനാ. സ്കൂൾ കഴിഞ്ഞ് സിനിമാപോസ്റ്ററുകൾക്ക് നിറം കൊടുക്കാൻ പോയി. മാസത്തിൽ മുപ്പത്തിയഞ്ചു രൂപയും ഒരു നേരത്തെ ഭക്ഷണവുമായിരുന്നു പ്രതിഫലം. കുടുംബത്തെ സഹായിക്കാൻ അധ്വാനിച്ച ആ പ്രായത്തിലെ വിശപ്പും അപമാനവും തന്നെ അഭിനയവും ജീവിതവും പഠിപ്പിച്ചുവെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്. ദാരിദ്ര്യം ഒരു കുട്ടിയുടെ ബാല്യത്തിൽനിന്ന് എന്തെല്ലാം കവർന്നെടുക്കുന്നുവെന്ന് ആ ജീവിതം ഓർമ്മിപ്പിക്കുന്നു.
പിന്നീട് പ്രശസ്തിയും പണവും കൈവന്നപ്പോഴും ആ അനുഭവങ്ങൾ അദ്ദേഹത്തിനുള്ളിൽ കൈമോശം വരാതെ ശേഷിച്ചു. വിലകൂടിയ ഒരു കാർ വാങ്ങാനായി മാറ്റിവെച്ച പണമുണ്ടായിരുന്നു. അതിനിടയിലാണ് ജീവനൊടുക്കിയ കർഷകരുടെയും അവരുടെ കുടുംബങ്ങളുടെയും ദുരിതങ്ങൾ വാർത്തകളിലൂടെ കാണുന്നത്. കാർ വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ച് ആ പണം ദുരിതബാധിത കുടുംബങ്ങളെ സഹായിക്കാൻ ഉപയോഗിക്കാൻ തീരുമാനിച്ചു. മകരന്ദ് അനാസ്പുരെയോടൊപ്പം ആ കുടുംബങ്ങളെ നേരിൽക്കണ്ട അനുഭവം, ഈ പ്രവർത്തനം തുടർന്നുകൊണ്ടുപോകാനുള്ള തീരുമാനത്തിലേക്കും അദ്ദേഹത്തെ എത്തിച്ചു. മറ്റൊരാളുടെ വേദന സ്വന്തം ജീവിതത്തിലേക്കുള്ള ചോദ്യമായി മാറുന്ന ഇത്തരം നിമിഷങ്ങളിലാണ് മനുഷ്യന്റെ വലിപ്പം വെളിപ്പെടുന്നത്.
2015 സെപ്റ്റംബറിൽ നാനാ പടേക്കറും നടൻ മകരന്ദ് അനാസ്പുരെയും ചേർന്ന് ആരംഭിച്ച ‘നാം ഫൗണ്ടേഷൻ’ ആ ഇടപെടലിന് തുടർച്ച നൽകി. കർഷക ആത്മഹത്യകളും വരൾച്ചയും ജലക്ഷാമവും തകർത്ത ഗ്രാമങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ, ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം, കർഷകരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടൽ ഇങ്ങനെ ഒക്കെയായിരുന്നു.
ഒരു ഇടതുപക്ഷക്കാരനെന്ന നിലയിൽ, എന്നെ ഏറെ സ്പർശിക്കുന്നത് അധ്വാനിക്കുന്ന മനുഷ്യനോടുള്ള ആ മനുഷ്യന്റെ കരുതലാണ്. സ്വന്തം വിജയത്തിന്റെ ഒരു പങ്ക് മറ്റുള്ളവരുടെ അതിജീവനത്തിനായി മാറ്റിവെക്കാനുള്ള മനസ്സ്. അന്നം വിളയിക്കുന്ന മനുഷ്യന്റെ വീട്ടിലെ വിശപ്പ് നമ്മുടെ സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന ബോധം.
മറാത്തി നാടകവേദിയിലൂടെ വളർന്ന നടൻ, 1978-ലെ ‘ഗമൻ’ വഴി ഹിന്ദി സിനിമയിലെത്തി. ‘അങ്കുശ്’, ‘സലാം ബോംബെ!’, ‘പരിന്ദ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തി. ‘പരിന്ദ’യിലെ സൈക്കോ ഗുണ്ടാത്തലവനായ ‘അണ്ണാ സേത്തി’നെ അവതരിപ്പിച്ച നാനാ പടേക്കർ, ‘ക്രാന്തിവീർ’യിലെ രോഷവും വേദനയും നിറഞ്ഞ പ്രതാപ് നാരായൺ തിലക് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയത്തിന്റെ വ്യത്യസ്ത മുഖങ്ങളിൽ ഒന്നായിരുന്നു.സമൂഹത്തിന്റെ നിസ്സംഗതയെ ചോദ്യം ചെയ്തുകൊണ്ട്, അഴിമതി നിറഞ്ഞ വ്യവസ്ഥിതിക്കെതിരെയും വർഗീയതക്കെതിരെയും ശക്തമായി പ്രതികരിക്കുന്ന ഒരു കഥാപാത്രമായി അഭിനയിച്ചു തകർത്തു. “ആ ഗയേ മേരി മൗത് കാ തമാശാ ദേഖ്നേ?”…”യേ മുസൽമാൻ കാ ഖൂൻ, യേ ഹിന്ദു കാ ഖൂൻ… ബതാ ഇസ്മേ മുസൽമാൻ കൗൻസാ, ഹിന്ദു കൗൻസാ?”.. ഈ ഡയലോഗുകൾ ആ പരുക്കൻ ശബ്ദത്തിൽ കേട്ടത് ഇന്നും ഓർമ്മയുണ്ട്.
ഭ്രാന്തമായ സ്നേഹവും, മാനസിക വൈകൃതങ്ങളും നിറഞ്ഞ ഒരു വില്ലൻ കഥാപാത്രമായി അഭിനയിച്ച’അഗ്നിസാക്ഷി’ യിലെ വിശ്വനാഥ്. എപ്പോഴാണ് സ്വഭാവം മാറുന്നത് എന്ന് പ്രെഡിക്റ്റ് ചെയ്യാൻ ആകാത്ത ആ ക്യാരറ്ററിനെ അത്രയും മികച്ചതായി അഭിനയിച്ചു.
‘പരിന്ദ’, ‘ക്രാന്തിവീർ’, ‘അഗ്നിസാക്ഷി’ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
‘പ്രഹാർ’ സംവിധാനം ചെയ്തുകൊണ്ട് തന്റെ കഴിവ് ക്യാമറയ്ക്കുപിന്നിലും അവതരിപ്പിച്ചു.
നാനയുടെ അഭിനയത്തിന് ശബ്ദത്തിന്റെയും നിശ്ശബ്ദതയുടെയും സാധ്യതകൾ നന്നായി അറിയാമായിരുന്നു. ‘ഖാമോഷി’യിൽ കേൾവിയും സംസാരശേഷിയുമില്ലാത്ത അച്ഛന്റെ സ്നേഹവും ആശങ്കകളും കണ്ണുകളിലൂടെയും ശരീരഭാഷയിലൂടെയും അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചു. ‘വെൽക്കം’യിലെ ഉദയ് ഷെട്ടിയായി ചിരിപ്പിച്ച അതേ നടൻ, ‘നടസമ്രാട്ട്’ എന്ന ചിത്രത്തിൽ വാർധക്യവും ഒറ്റപ്പെടലും ഉപേക്ഷിക്കപ്പെടലും നേരിടുന്ന നാടകപ്രതിഭയായി ഹൃദയം മുറിപ്പെടുത്തി.
രോഷത്തിനിടയിലെ നിസ്സഹായതയും പരുക്കൻ മുഖത്തിനുള്ളിലെ സ്നേഹവും അത്ര വിശ്വസനീയമായി അവതരിപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ അഭിനയത്തിന്റെ വലിയ സവിശേഷതയായിരുന്നു.
അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ സിനിമയുടെ ഓർമ്മയിൽ തുടരും. ദുരിതകാലത്ത് കൈത്താങ്ങ് ലഭിച്ച മനുഷ്യരുടെ ജീവിതത്തിലും അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക് ഇടമുണ്ടാകും.
വിശപ്പിന്റെ ഓർമ്മയെ മറ്റൊരാളോടുള്ള കരുതലായി മാറ്റിയ ആ വലിയ കലാകാരന് ഹൃദയം നിറഞ്ഞ ആദരം.
നാനാ പടേക്കറിന് വിട.




