ബംഗാളും ത്രിപുരയും ചൂണ്ടിക്കാട്ടി ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ കഥ കഴിഞ്ഞുവെന്ന് ഇടയ്ക്കിടെ പ്രഖ്യാപിക്കുന്നവരുണ്ട്.
അവർ രാജസ്ഥാന്റെ രാഷ്ട്രീയ ചരിത്രം കൂടി ഒന്ന് വായിക്കണം. ആ മരുഭൂമിയിൽ ചുവപ്പ് പെട്ടെന്ന് പൊട്ടിമുളച്ചതല്ല. കർഷകന്റെ വെള്ളത്തിനായുള്ള സമരങ്ങളിൽ, വൈദ്യുതിക്കായുള്ള പ്രക്ഷോഭങ്ങളിൽ, വിളയ്ക്ക് ന്യായവില ചോദിച്ച പോരാട്ടങ്ങളിൽ, തൊഴിലാളിയുടെ കൂലിക്കായുള്ള പോരാട്ടങ്ങളിൽ… അങ്ങനെ പതിറ്റാണ്ടുകളായി ആ രാഷ്ട്രീയം അവിടെ മണ്ണിൽ വേരോടിയിട്ടുണ്ട്.
1989-ൽ ബിക്കാനീറിൽ നിന്ന് ഷോപത് സിംഗ് മക്കാസറിനെ CPI(M) എം.പിയായി പാർലമെന്റിലേക്കയച്ചു. 1990കളിലും 2000കളിലും അംറ റാം (Amra Ram) പോലുള്ള നേതാക്കൾ രാജസ്ഥാൻ നിയമസഭയിൽ ഇടതുപക്ഷത്തിന്റെ ഉറച്ച ശബ്ദമായി തുടർന്നു. 2008-ൽ രാജസ്ഥാൻ നിയമസഭയിൽ CPI(M)-ന് മൂന്ന് MLAമാർ ഉണ്ടായിരുന്നെങ്കിൽ, 2018-ൽ അത് രണ്ട് പേരായി. എന്നാൽ 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും നേടാനായില്ല. സാധാരണ രീതിയിൽ അവിടെ സിപിഐഎമ്മിന്റെ കഥ അവസാനിക്കേണ്ടതായിരുന്നു.
പക്ഷേ, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം അടുത്ത തിരഞ്ഞെടുപ്പുവരെ മാത്രം നീളുന്ന ഒരു പ്രോജക്റ്റല്ല. അങ്ങനെ ആയിരുന്നെങ്കിൽ, ഒരു തോൽവിക്ക് ശേഷം ആ പാർട്ടി ജനകീയ സമരങ്ങളിൽ ഉണ്ടാകുമായിരുന്നില്ല. എന്നാൽ തോൽവികൾക്ക് ശേഷവും അവർ സമരമുഖത്ത് ജനങ്ങൾക്കിടയിലുണ്ട്. മാധ്യമങ്ങളുടെ ഹെഡ്‌ലൈനുകളിൽ നിന്ന് അപ്രത്യക്ഷമായാലും, ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് അവർ അപ്രത്യക്ഷരാകുന്നില്ല. അതുകൊണ്ടാണ് 2024-ൽ സികാറിൽ നിന്ന് അംറ റാമിനെ ജനങ്ങൾ വീണ്ടും പാർലമെന്റിലേക്കയച്ചത്.
അതുകൊണ്ടുതന്നെയാണ് ഇന്ന് നോഖയിലെ (Nokha) തദ്ദേശ തിരഞ്ഞെടുപ്പ് ഫലവും രാജസ്ഥാനിലെ CPI(M)-നെ വീണ്ടും ചർച്ചകളിലേക്ക് എത്തിക്കുന്നത്. ഇതിനെ ഒരു സംസ്ഥാനമൊട്ടാകെയുള്ള ഇടതുപക്ഷ തരംഗമായി വിശേഷിപ്പിക്കുന്നത് അതിശയോക്തിയായേക്കാം. പക്ഷേ, ഇതിൽ നിന്ന് വായിച്ചെടുക്കാവുന്ന കൃത്യമായ ഒരു രാഷ്ട്രീയ പാഠമുണ്ട്:
തിരഞ്ഞെടുപ്പുകളിൽ പാർലമെന്ററി സീറ്റുകൾ നഷ്ടപ്പെടാം, എന്നാൽ ജനകീയ സമരങ്ങൾ നഷ്ടപ്പെടരുത്. കാരണം, ജനങ്ങളുടെ ജീവിതവുമായി ചേർന്നുനിൽക്കുന്ന രാഷ്ട്രീയം തോൽവിയോടെ ഇല്ലാതാകുന്നില്ല. അത് കാത്തിരിക്കും, സംഘടിപ്പിക്കും, സമരം ചെയ്യും, വീണ്ടും ജനവിധിയുടെ വാതിലിൽ എത്തും.
രാജസ്ഥാന്റെ ചരിത്രം നൽകുന്ന ചെറിയതെങ്കിലും വ്യക്തമായ തെളിവ് ഇതാണ്. ചുവപ്പിന് എല്ലായിടത്തും ഒരേ ശക്തിയില്ല, എല്ലാ തിരഞ്ഞെടുപ്പിലും വിജയവുമില്ല. പക്ഷേ ഒരു കാര്യം ചരിത്രം പലതവണ തെളിയിച്ചിട്ടുണ്ട്; സമരം നിലനിൽക്കുന്നിടത്ത് രാഷ്ട്രീയത്തിനും തിരിച്ചുവരാനുള്ള മണ്ണ് ബാക്കിയുണ്ടാകും.
ഹനുമാൻഗഢിലെ കർഷക ഭൂമികളിൽ നിന്നും, ഗംഗാനഗറിലെ കനാൽ ജല സമരങ്ങളിൽ നിന്നും, സികാറിലെ വൈദ്യുതി–കടാശ്വാസ–വിളവില പോരാട്ടങ്ങളിൽ നിന്നും വളർന്നുവന്ന രാഷ്ട്രീയത്തിന്റെ മറ്റൊരു വിളവെടുപ്പാണ് ഇന്നും രാജസ്ഥാന്റെ മണ്ണിൽ കാണുന്നത്. ചുവപ്പ് മണ്ണിൽ വീഴുന്നത് തിരഞ്ഞെടുപ്പ് കാലത്തെ കൊടിയായിട്ടല്ല, സമരകാലത്തെ വിയർപ്പായിട്ടാണ്.
വാളയാറിനപ്പുറവും ചുവപ്പുണ്ട്. മരുഭൂമിയിലും ചുവപ്പ് പടരും. ലാൽസലാം!




