ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ 2026 മെയ് 4 ന് നാല് പതിറ്റാണ്ടിന്റെ ഒരു ചരിത്രം തിരുത്തിയതിന്റെ കൂടി കഥ പറയാൻ ഉണ്ട്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ നിന്ന് പുറത്തായതോടെ, ഇന്ത്യയിൽ ഒരു കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ഇല്ലാത്ത അവസ്ഥയിലേക്കാണ് രാജ്യം എത്തിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ,1977-ന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ ഒരു ഇടതുപക്ഷ സർക്കാർ സംസ്ഥാന അധികാരത്തിൽ ഇല്ലാത്ത സാഹചര്യം ഉണ്ടാകുന്നത്. 1947 മുതൽ 1957 വരെ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് സർക്കാർ ഉണ്ടായിരുന്നില്ല; 1957-ലാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട് നേതൃത്വം നൽകിയ ലോകചരിത്രപ്രസിദ്ധമായ കേരളത്തിലെ ആദ്യ ജനാധിപത്യ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ 1977 മുതൽ പശ്ചിമ ബംഗാൾ, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഇടതുപക്ഷം അധികാരത്തിലുണ്ടായിരുന്നു. ആ തുടർച്ചയാണ് ഇപ്പോൾ മുറിഞ്ഞിരിക്കുന്നത്.
ഇത് ഒരു തിരഞ്ഞെടുപ്പ് തോൽവി മാത്രമല്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ സ്വഭാവത്തിൽ സംഭവിച്ച ഗൗരവമായ മാറ്റമാണ്. ചെങ്കൊടി ഇല്ലാതാകുമ്പോൾ, തൊഴിലാളി വർഗ്ഗത്തിന്റെ ഭാഷ, കർഷകന്റെ വിയർപ്പിന്റെ രാഷ്ട്രീയം, മതനിരപേക്ഷതയുടെ പ്രതിരോധഭിത്തി, ഫെഡറലിസത്തിന്റെയും സാമൂഹ്യനീതിയുടെയും ഉറച്ച ശബ്ദം ഇവയെല്ലാം ഇന്ത്യൻ അധികാരഘടനയിൽ കൂടുതൽ ദുർബലമാകാനുള്ള സാധ്യത ഉണ്ടാകുമോ എന്ന ആശങ്കയാണ് എനിക്കുള്ളത്. എന്തുകൊണ്ടെന്നാൽ ഇടതുപക്ഷം ഒരു പാർട്ടി മാത്രമല്ല; അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വർഗ്ഗമനസ്സാക്ഷിയാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ സിപിഐയും പിന്നീട് സിപിഐ(എം)യും വഹിച്ച പങ്ക് ഒരിക്കലും അവരുടെ പാർലമെന്ററി സീറ്റുകളുടെ എണ്ണത്തിൽ മാത്രം അളക്കാൻ കഴിയില്ല. പാർലമെന്റിൽ ഇടതുപക്ഷത്തിന് 60 ൽ അധികം സീറ്റ് വരെ ഉണ്ടായിരുന്ന കാലമുണ്ട്. ഇന്ന് അത് ഒറ്റ അക്കത്തിൽ ആയി നിൽക്കുന്നു. പക്ഷേ ഇന്ത്യയിലെ തൊഴിലാളി അവകാശങ്ങൾ, ഭൂസമരങ്ങൾ, കർഷക പ്രക്ഷോഭങ്ങൾ, പൊതുമേഖല സംരക്ഷണം, വിദ്യാഭ്യാസവും ആരോഗ്യവും ജനാവകാശമാക്കാനുള്ള പോരാട്ടം, മതനിരപേക്ഷത, ഭരണഘടനാ മൂല്യങ്ങൾ, ഫെഡറലിസം ഇവയുടെ എല്ലാം സംരക്ഷണ ആശയ സംഘട്ടനങ്ങളുടെ ഒക്കെ മുന്നിൽ ഇടതുപക്ഷത്തിന്റെ ചോരയും വിയർപ്പും ചിന്തയും ഉണ്ട്.
ചരിത്രം മുന്നോട്ട് നീങ്ങുന്നത് ആശയങ്ങളുടെ ശാന്തമായ യാത്രയിലൂടെ മാത്രമല്ല; വർഗ്ഗങ്ങളുടെ ഏറ്റുമുട്ടലുകളിലൂടെയാണ്. ഇന്ത്യയിലെ ഇടതുപക്ഷം ആ ഏറ്റുമുട്ടലുകളുടെ രാഷ്ട്രീയ രൂപമാണ്. അത് പാർലമെന്റിലെ ഡിബേറ്റ് ഹാളിലും, ഫാക്ടറി പടിക്കൽ പണിമുടക്കിലും, വയലിലെ കർഷകസമരങ്ങളിലും, സർവകലാശാലകളിലെ ആശയസമരങ്ങളിലും, ഭരണഘടനാ സ്ഥാപനങ്ങൾ തകർക്കപ്പെടുമ്പോൾ പ്രതിരോധമായി തെരുവിലും ഉണ്ടായിരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ കോൺഗ്രസിന്റെ ചരിത്രമായി മാത്രമായി ചുരുക്കുന്നത് ചരിത്രവഞ്ചനയാണ്. സ്വാതന്ത്ര്യസമരം രാജ്യം മുഴുവൻ പലധാരകളിലൂടെ മുന്നേറിയ ജനമുന്നേറ്റമായിരുന്നു. അതിൽ സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും തൊഴിലാളി പ്രസ്ഥാനങ്ങളും കർഷകസമരങ്ങളും വഹിച്ച പങ്ക് നിർണായകമായിരുന്നു. കൊളോണിയൽ ഭരണകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി പല ഘട്ടങ്ങളിലും നിരോധിക്കപ്പെട്ട സംഘടനയായി പ്രവർത്തിക്കേണ്ടിവന്നു. ബ്രിട്ടീഷ് ഭരണകൂടം കമ്മ്യൂണിസ്റ്റ് ആശയത്തെ ഭയപ്പെട്ടത് അതിന്റെ ദേശീയത കൊണ്ടു മാത്രം അല്ല; അതിന്റെ വർഗ്ഗരാഷ്ട്രീയം കൊണ്ടുമാണ്. അത് സാമ്രാജ്യത്വത്തെയും ദേശിയ ജന്മിത്വത്തെയും ഒരുപോലെ ചോദ്യം ചെയ്തു.
തെഭാഗാ സമരം, തെലങ്കാന കർഷകസമരം, പുന്നപ്ര-വയലാർ, കയ്യൂർ, മലബാറിലെ കർഷകസമരങ്ങൾ ഇവ സ്വാതന്ത്ര്യസമരത്തിന്റെ വേറിട്ട ഭാഷകളായിരുന്നു. സ്വാതന്ത്ര്യം എന്നത് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് പോകുക മാത്രമല്ല; ഭൂമിയുടെ ഉടമസ്ഥത മാറണം, അധ്വാനിക്കുന്നവന് അതിൽ അവകാശം വേണം, ജാതി-ജന്മി-മുതലാളി ഘടന തകർത്ത് അവരുടെ ചൂഷണം അവസാനിപ്പിക്കണം എന്നായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്. പുന്നപ്ര-വയലാർ സമരം 1946-ൽ തിരുവിതാംകൂറിലെ ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ അധികാരത്തെയും സ്വതന്ത്ര തിരുവിതാംകൂർ ആശയത്തെയും എതിര്ത്ത തൊഴിലാളി-കമ്മ്യൂണിസ്റ്റ് പ്രതിരോധമായി ചരിത്രത്തിൽ നിലകൊള്ളുന്നത് അതുകൊണ്ടാണ്. ഈ സമയം നാട്ടിലെ കോൺഗ്രസ്സുകാർ ആർക്കൊപ്പമായിരുന്നു എന്ന് ഇന്നത്തെ കേരളം പുതു തലമുറ മറന്നു പോയാലും, ചരിത്രം അത് ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും. അതിനാൽ ഇന്ത്യൻ സ്വാതന്ത്ര്യസമരം ഇടതുപക്ഷത്തിന് ഒരു ദേശീയ പതാക ഉയർത്തി കെട്ടുന്ന ആഘോഷം മാത്രമായിരുന്നില്ല. അത് വർഗ്ഗവിമോചനത്തിന്റെ അപൂർണ്ണമായ തുടക്കമായിരുന്നു.
ഇന്ത്യൻ ഭരണഘടന രൂപീകരണത്തിൽ ഭരണഘടനാ ചർച്ചകളിൽ ഇടതുപക്ഷ-സോഷ്യലിസ്റ്റ് ആശയധാരകൾ ശക്തമായ സമ്മർദ്ദം സൃഷ്ടിച്ചു. സാമൂഹ്യനീതി, തൊഴിലാളി അവകാശം, സംസ്ഥാനത്തിന്റെ ക്ഷേമബാധ്യത, ഭൂസമത്വം, പൗരസ്വാതന്ത്ര്യം, ജനാധിപത്യ അധികാരം ഇവയെല്ലാം ഇടതുപക്ഷം നിരന്തരം ഉയർത്തിയ ആവശ്യങ്ങളായിരുന്നു. ഭരണഘടനയെ ഇടതുപക്ഷം ഒരിക്കലും പൂർത്തിയായ രേഖയായി കാണുന്നതുനുമപ്പുറം അത് ഒരു വർഗ്ഗസമൂഹത്തിനുള്ളിലെ ജനാധിപത്യസമരത്തിന്റെ വേദിയായി കണ്ടു. അതുകൊണ്ടാണ് ഇടതുപക്ഷം ഭരണഘടനയെ വിമർശിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്തത്. ഇത് രണ്ടും വിരുദ്ധമല്ല. ഭരണഘടനയിലെ പരിമിതികളെ ചൂണ്ടിക്കാട്ടിയതും ഇടതുപക്ഷമാണ്; അതേ സമയം മതാധിഷ്ഠിത രാഷ്ട്രം, ഏകാധിപത്യഭരണം, കോർപ്പറേറ്റ്-സാമുദായിക കൂട്ടുകെട്ട് എന്നിവ ഭരണഘടനയെ തകർക്കുമ്പോൾ അതിനെ കാക്കാൻ മുന്നിൽ നിൽക്കുന്നതും ഇടതുപക്ഷമാണ്.
ഇന്ന് ഇന്ത്യയിൽ ഭരണഘടനയെ സംരക്ഷിക്കണമെങ്കിൽ മതനിരപേക്ഷത മാത്രം മതി എന്നല്ല; സാമ്പത്തിക ജനാധിപത്യവും വേണം. വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടെങ്കിലും ജീവിക്കാൻ ഭൂമി ഇല്ലെങ്കിൽ, സംസാരിക്കാൻ സ്വാതന്ത്ര്യം ഉണ്ടെങ്കിലും വയറു നിറയ്ക്കാൻ തൊഴിൽ ഇല്ലെങ്കിൽ, ഭരണഘടനയുടെ വാഗ്ദാനം അപൂർണ്ണമാണ്. ഈ അപൂർണ്ണതയെ തുടർച്ചയായി രാഷ്ട്രീയ ചോദ്യമാക്കിയ ശക്തിയാണ് സിപിഐ(എം).
സിപിഐ(എം): ഇന്ത്യൻ മതനിരപേക്ഷതയുടെ ഉറച്ച ചുമർ
ഇന്ത്യൻ മതനിരപേക്ഷതയെ പല പാർട്ടികളും തിരഞ്ഞെടുപ്പ് തന്ത്രമായി കണ്ടപ്പോൾ, സിപിഐ(എം) അതിനെ വർഗ്ഗരാഷ്ട്രീയത്തിന്റെ അനിവാര്യ ഘടകമായി കണ്ടു. മതവർഗ്ഗീയത ദരിദ്രരെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ ആയുധമാണ്. തൊഴിലാളി ഹിന്ദുവാണോ മുസ്ലിമാണോ ക്രിസ്ത്യാനിയാണോ എന്നല്ല മുതലാളിത്തം നോക്കുന്നത്; കുറഞ്ഞ വേതനത്തിൽ കൂടുതൽ അധ്വാനം എങ്ങനെ പിടിച്ചെടുക്കാം എന്നാണ് അത് നോക്കുന്നത്. അതിനാൽ തൊഴിലാളിവർഗ്ഗത്തിന്റെ ഐക്യം തകർക്കാനുള്ള ഏറ്റവും അപകടകരമായ ആയുധമാണ് മതരാഷ്ട്രീയം. ഇത് പാർട്ടി മനസ്സിലാക്കിയതുകൊണ്ടാണ് ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ അത് സ്ഥിരമായി നിലകൊണ്ടത്. അതുകൊണ്ടാണ് ന്യൂനപക്ഷ വർഗ്ഗീയതയെയും ഭൂരിപക്ഷ വർഗ്ഗീയതയെയും ഒരേ രാഷ്ട്രീയ മാനദണ്ഡത്തിൽ വിമർശിക്കേണ്ടതാണെന്ന് ഇടതുപക്ഷം പറയുന്നത്. മതനിരപേക്ഷത എന്നത് ഒരു മതത്തോട് സന്ധി ചെയ്ത് മറ്റൊരു മതത്തിനെതിരെ നിൽക്കൽ അല്ല. മതത്തെ അധികാരത്തിന്റെ ആയുധമാക്കുന്ന എല്ലാ രാഷ്ട്രീയത്തോടുമുള്ള സന്ധി ചേരായ്കയാണ് യഥാർത്ഥ മതനിരപേക്ഷത.
ഇത് പറയുമ്പോൾ ഇന്ത്യയിൽ പിടിമുറുക്കിയിരിക്കുന്ന സംഘപരിവാർ രാഷ്ട്രീയം കുറച്ചുകൂടി വ്യക്തമായി അറിയേണ്ടതുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇന്നത്തെ പ്രതിസന്ധി മനസ്സിലാക്കണമെങ്കിൽ, ഇടതുപക്ഷത്തിന്റെ തോൽവിയെ മാത്രം നോക്കിയാൽ പോരാ. അതോടൊപ്പം രണ്ട് ചരിത്രസത്യങ്ങളും തുറന്നു പറയണം. ഒന്ന്, സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസ്-ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വഞ്ചനാപരമായ പങ്ക്. രണ്ട്, ആ ശക്തികൾക്ക് വളരാനുള്ള മണ്ണൊരുക്കിയ കോൺഗ്രസിന്റെ രാഷ്ട്രീയ ദാരിദ്ര്യവും.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഏറ്റവും നിർണായക ഘട്ടങ്ങളിൽ ആർഎസ്എസ് ജനകീയ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ തൊഴിലാളികളും കർഷകരും വിദ്യാർത്ഥികളും വിപ്ലവകാരികളും ദേശീയവാദികളും ജയിലുകൾ നിറച്ചപ്പോൾ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാനധാര ബ്രിട്ടീഷുകാരനെതിരായ ജനകീയ സമരത്തെക്കാൾ “ഹിന്ദു രാഷ്ട്ര” നിർമ്മാണത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. വി.ഡി. സവർക്കർ ബ്രിട്ടീഷ് ഭരണകൂടത്തിന് നൽകിയ mercy petitions ഇന്ത്യൻ ദേശീയ ചരിത്രത്തിൽ ഒരു സാധാരണ രേഖയല്ല; അത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയ സ്വഭാവം വെളിപ്പെടുത്തുന്ന രേഖയാണ്. ജയിലിൽ നിന്ന് മോചനം നേടാൻ ബ്രിട്ടീഷ് ഭരണത്തോട് വിശ്വസ്തത വാഗ്ദാനം ചെയ്ത് മാപ്പിരന്ന ആ ചരിത്രം, ഇന്നത്തെ ദേശീയതയുടെ മഹത്തായ വസ്ത്രം ധരിച്ച് മറച്ചുവയ്ക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയുടെ രാഷ്ട്രീയ വളർച്ച ആർഎസ്എസിന്റെയും ഹിന്ദു മഹാസഭയുടെയും അന്തരീക്ഷത്തിലായിരുന്നു എന്നത് ചരിത്രചർച്ചകളിൽ തുടർച്ചയായി ഉയരുന്ന വസ്തുതയാണ്. ഗാന്ധിവധത്തിന് ശേഷം ആർഎസ്എസ് നിരോധിക്കപ്പെട്ടതും, സർദാർ പട്ടേൽ അടക്കമുള്ള ദേശീയ നേതാക്കൾ ഹിന്ദു മഹാസഭയുടെയും ആർഎസ്എസിന്റെയും പ്രവർത്തനങ്ങളെക്കുറിച്ച് ഗൗരവമായ ആശങ്കകൾ രേഖപ്പെടുത്തിയതും മറക്കാനാവില്ല.
ഗാന്ധിയുടെ വധം ഇന്ത്യൻ രാഷ്ട്രീയത്തിൽ; അത് മതനിരപേക്ഷ ഇന്ത്യയോടുള്ള ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ വെറുപ്പിന്റെ രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു. “ഹേ റാം” എന്ന് പറഞ്ഞു വീണ ഗാന്ധിയുടെ ശരീരത്തിൽ വിടിയേറ്റ തുളകൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ നെഞ്ചിലേറ്റ മുറിവായിരുന്നു. അതിനു പിന്നിൽ പ്രവർത്തിച്ച ആശയത്തിന്റെ പേര് ഹിന്ദുത്വ വർഗ്ഗീയതയാണ്. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളെ ഏകീകരിക്കാൻ കഴിയാത്ത, പകരം മതപരമായ വിഭജനത്തിലൂടെ സ്വന്തം സംഘടനാ ശക്തിക്ക് വേണ്ടി പണിതെടുത്ത അതേ രാഷ്ട്രീയമാണ് പിന്നീട് ഗാന്ധിയുടെ മതനിരപേക്ഷ രാഷ്ട്രസ്വപ്നത്തെ വെടിവച്ചു തകർത്തത്. ഇന്ന് അതേ രാഷ്ട്രീയമാണ് ഗാന്ധിയുടെ ചിത്രത്തിൽ മാലയണിയിക്കുകയും ഗോഡ്സെയുടെ ആത്മാവിനെ അധികാരത്തിന്റെ ഇടനാഴികളിൽ ആദരിക്കുകയും ചെയ്യുന്നത്. അതാണ് സംഘപരിവാറിന്റെ ചരിത്രവഞ്ചന.
ഇവിടെ കോൺഗ്രസിന്റെ പങ്കും വിമർശനാത്മകമായി പറയേണ്ടതുണ്ട്. ഇന്ത്യയിൽ ബിജെപി ഒരൊറ്റ ദിവസം കൊണ്ട് അധികാരത്തിലെത്തിയതല്ല. കോൺഗ്രസിന്റെ ആശയശൂന്യതയും മൃദു-വർഗ്ഗീയ രാഷ്ട്രീയവും വഴിയൊരുക്കിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ബിജെപി വളർന്നത്. മതനിരപേക്ഷതയിൽ ഉറച്ച സിദ്ധാന്തപരമായ നിലപാട് എടുക്കുന്നതിനുപകരം, പല ഘട്ടങ്ങളിലും കോൺഗ്രസ് “soft Hindutva” എന്ന അപകടകരമായ രാഷ്ട്രീയ തന്ത്രത്തിലേക്ക് വഴുതി. ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തെ നേരിടാൻ ഹിന്ദു വികാരങ്ങളെ തന്നെ മൃദുവായി ഉപയോഗിക്കാമെന്ന തെറ്റായ കണക്കുകൂട്ടൽ, ഒടുവിൽ യഥാർത്ഥ ഹിന്ദുത്വത്തിന്റെ ഉടമസ്ഥാവകാശം ബിജെപിക്കു തന്നെ നൽകി. ജനങ്ങൾക്കു മുന്നിൽ കോൺഗ്രസ് ഒരു അനുകരണമായി മാറിയപ്പോൾ, ബിജെപി അതിന്റെ തുറന്നതും ആക്രമണാത്മകവുമായ ഹിന്ദുത്വ രൂപത്തിൽ ശക്തിപ്പെട്ടു. രാഷ്ട്രീയ പഠനങ്ങൾ പോലും ഇന്ത്യയിലെ “soft Hindutva” രാഷ്ട്രീയത്തെ ബിജെപിയുടെ വളർച്ചയും ആയി ബന്ധിപ്പിച്ച് പഠിച്ചിട്ടുണ്ട്.
ബാബരി മസ്ജിദ് തകർത്ത സമയത്തെ കോൺഗ്രസിന്റെ ഇരട്ടത്താപ്പ്, ഷാ ബാനോ കേസിൽ മതമൗലികവാദത്തോട് വഴങ്ങൽ, ക്ഷേത്രം പണിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പലപ്പോഴും കൃത്യമായ ആശയപ്രതിരോധം തീർക്കാനാകാത്തത്, സാമ്പത്തിക ഉദാരവൽക്കരണത്തിലൂടെ കോർപ്പറേറ്റ് മൂലധനത്തിന് വാതിൽ തുറന്നത് ഇവയെല്ലാം ചേർന്നാണ് ബിജെപിക്ക് വളരാനുള്ള മണ്ണ് കോൺഗ്രസ് പാകപ്പെടുത്തിയത്. കോൺഗ്രസ് മതനിരപേക്ഷതയെ പലപ്പോഴും ഭരണനൈപുണ്യത്തിന്റെ ഭാഷയിൽ മാത്രം കണ്ടു; ഇടതുപക്ഷം അതിനെ വർഗ്ഗഐക്യത്തിന്റെ, ഭരണഘടനാ സംരക്ഷണത്തിന്റെ, സാമൂഹ്യനീതിയുടെ രാഷ്ട്രീയമായി കണ്ടു. അതുകൊണ്ടുതന്നെ ബിജെപിയെ തടയാൻ കോൺഗ്രസിന്റെ ദുർബലമായ മതനിരപേക്ഷതയ്ക്ക് കഴിയുമായിരുന്നില്ല. ബിജെപിയുടെ ഹിന്ദുത്വ-കോർപ്പറേറ്റ് പദ്ധതിക്കെതിരെ ശക്തമായ വർഗ്ഗരാഷ്ട്രീയവും മതനിരപേക്ഷമായ ജനാധിപത്യ മുന്നേറ്റവുമാണ് വേണ്ടത്.
ആർഎസ്എസ് ഇന്ന് ഇന്ത്യൻ ഭരണകൂടത്തിന്റെ വിവിധ ലയറുകളിലേക്ക് വേഗം കയറിയതല്ല; അത് ദശാബ്ദങ്ങൾ നീണ്ട സംഘടനാ പ്രവർത്തനത്തിലൂടെ, വിദ്യാഭ്യാസം, സംസ്കാരം, മാധ്യമം, ക്ഷേത്രം, ആരാധന, സന്നദ്ധസംഘടനകൾ, ബ്യൂറോക്രസി, ജുഡീഷ്യറി, സൈന്യം, ദേശീയത, തെരഞ്ഞെടുപ്പ് തന്ത്രം എന്നിവയെ ഒറ്റ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് അടുക്കിച്ചേർത്തുകൊണ്ടാണ് അധികാരത്തിന്റെ കേന്ദ്രത്തിലേക്ക് എത്തിയത്. ബിജെപി അതിന്റെ തെരഞ്ഞെടുപ്പ് മുഖമാണ്; ആർഎസ്എസ് അതിന്റെ ആശയ-സംഘടനാ ബേസ് ആണ്. അതുകൊണ്ട് ബിജെപിയെ തോൽപ്പിക്കുക എന്നത് മാത്രം പോരാ; ഹിന്ദുത്വത്തിന്റെ സാമൂഹിക വേരുകളെ ആശയപരമായും രാഷ്ട്രീയമായും വർഗ്ഗപരമായും നേരിടണം എന്ന് പറയുന്നത്. അവിടെയാണ് സിപിഐ(എം) പോലുള്ള ഇടതുപക്ഷ ശക്തികളുടെ ചരിത്രപ്രാധാന്യം വീണ്ടും ഉയരുന്നത്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ദുരന്തം എന്തെന്നാൽ, സ്വാതന്ത്ര്യസമരത്തിന്റെ യഥാർത്ഥ രക്തസാക്ഷി പാരമ്പര്യം ഇന്ന് ചരിത്രം വളച്ചൊടിച്ചവരുടെ കൈകളിൽ ബന്ദിയായി മാറുന്നു. ബ്രിട്ടീഷുകാരോട് മാപ്പപേക്ഷ എഴുതിയ പാരമ്പര്യം ഇന്ന് ദേശസ്നേഹത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു. ഗാന്ധിയെ കൊന്ന ആശയത്തിന്റെ രാഷ്ട്രീയാവകാശികൾ ഇന്ന് ഗാന്ധിയെ ഉദ്ധരിക്കുന്നു. ഭരണഘടനയെ ഒരിക്കലും അംഗീകരിക്കാത്തവർ ഇന്ന് ഭരണഘടനാ സ്ഥാപനങ്ങളെ സ്വന്തം ആവശ്യങ്ങൾക്കായി കീഴ്പ്പെടുത്തുന്നു. ഈ ചരിത്രപരമായ പരിഹാസത്തെ നേരിടാൻ കോൺഗ്രസിന്റെ മൃദു-വർഗ്ഗീയത മതിയാകില്ല. അതിന് വേണ്ടത് വർഗ്ഗബോധമുള്ള, മതനിരപേക്ഷമായ, ജനാധിപത്യപരമായ, ഫാസിസ്റ്റ് വിരുദ്ധ ഇടതുപക്ഷ രാഷ്ട്രീയമാണ്.
ഇന്ത്യയിൽ ഹിന്ദുത്വം ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യം മാത്രമല്ല; അത് ഭരണഘടനയെ സാംസ്കാരിക ദേശീയതയിലൂടെ പുനർരചിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ പദ്ധതി കൂടിയാണ്. അതിനെതിരെ തുടർച്ചയായ ആശയപ്രതിരോധം നടത്തിയ ശക്തികളിൽ സിപിഐ(എം) മുൻനിരയിലാണ്. പാർലമെന്റിലും തെരുവിലും ക്യാമ്പസിലും തൊഴിലിടങ്ങളിലും അതിന്റെ ഇടപെടൽ അതുകൊണ്ടുതന്നെ ഇന്ത്യൻ ജനാധിപത്യത്തിന് നിർണായകമാണ്.
കേരളത്തെക്കുറിച്ച് പറയുമ്പോൾ ഇടതുപക്ഷത്തെ ഒഴിവാക്കി ഒരു വികസനചരിത്രം എഴുതാൻ കഴിയില്ല. 1957-ൽ ഇ.എം.എസ്. സർക്കാർ അധികാരത്തിൽ വന്നപ്പോൾ അത്; ഇന്ത്യയിലെ ജനാധിപത്യത്തിന്റെ സാമൂഹിക ദിശ മാറ്റിയ സംഭവമായിരുന്നു. ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കാരം, അധികാരവികേന്ദ്രീകരണം, പൊതുആരോഗ്യം, പൊതുവിദ്യാഭ്യാസം, തൊഴിലാളി അവകാശങ്ങൾ ഇവയെല്ലാം ചേർന്നാണ് കേരള മോഡൽ രൂപപ്പെട്ടത്. ഇ.എം.എസ്. സർക്കാർ ഭൂ-വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ആരംഭിച്ചതും പിന്നീട് അത് കേരളത്തിന്റെ സാമൂഹിക സൂചികകളെ ഉയർത്തുന്നതിൽ നിർണായകമായതും ചരിത്രപരമായി അംഗീകരിക്കപ്പെട്ട കാര്യമാണ്.ഭൂമിയുടെ അവകാശം പാവപ്പെട്ട കർഷകർക്ക് നൽകുന്നതും, വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണവും, പൊതുസംവിധാനങ്ങളുടെ ശക്തീകരണവും തുടങ്ങി നവ കേരളത്തിന്റെ ഭദ്രമായ അടിത്തറ പാകിയ കമ്മ്യൂണിസ്റ്റ് സർക്കാർ.1959-ൽ ഈ സർക്കാരിനെ പിരിച്ചുവിട്ടെങ്കിലും, അതിന്റെ വിത്തുകൾ കേരളത്തിന്റെ മണ്ണിൽ ആഴത്തിൽ പതിഞ്ഞിരുന്നു അത് വീണ്ടും വീണ്ടും മുളപൊട്ടി.
1959-ൽ ഇ.എം.എസ്. സർക്കാരിനെ ആർട്ടിക്കിൾ 356 ഉപയോഗിച്ച് പുറത്താക്കിയത് ഇന്ത്യൻ ഫെഡറലിസത്തിന്റെയും ജനാധിപത്യത്തിന്റെയും ഇരുണ്ട അധ്യായമായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിനെ കേന്ദ്ര അധികാരം പുറത്താക്കിയത് ഭരണഘടനാ വ്യവസ്ഥയുടെ ദുരുപയോഗമായി ചരിത്രകാരന്മാർ വിലയിരുത്തിയിട്ടുണ്ട്. അതിന് കാരണമായ രാഷ്ട്രീയത്തിന്റെ പേരാണ് കോൺഗ്രസ്.
കേരളത്തിലെ ഇടതുപക്ഷ സർക്കാരുകൾ വികസനത്തെ അതിന്റെ അടിസ്ഥാനത്തിൽ തന്നെ ശക്തിപ്പെടുത്തി മനുഷ്യന്റെ ജീവിത നിലവാരം ഉയർത്തുക എന്നതായിരുന്നു അതിന്റെ അർത്ഥം. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തൽ, സർക്കാർ ആശുപത്രികളുടെ നവീകരണം, സാമൂഹ്യസുരക്ഷാ പെൻഷൻ, ലൈഫ് മിഷൻ, കുടുംബശ്രീ, ജനകീയാസൂത്രണം, പൊതുവിതരണ സംവിധാനം, അതിദാരിദ്ര്യ നിർമാർജന പദ്ധതി ഇവയെല്ലാം ഇടതുപക്ഷ ഭരണത്തിന്റെ ജനകേന്ദ്രിത രാഷ്ട്രീയത്തിന്റെ ഉദാഹരണങ്ങളാണ്.
കോവിഡ് കാലത്ത് കേരളത്തിന്റെ ആരോഗ്യപ്രതിരോധ മാതൃക അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ദുരിതകാലത്ത് 55 ലക്ഷം സാമൂഹ്യസുരക്ഷാ ഗുണഭോക്താക്കൾക്ക് പിന്തുണ നൽകിയതായി പിണറായി വിജയൻ തന്നെ 2020-ൽ പറഞ്ഞിരുന്നു. പിന്നീട് അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലൂടെ കേരളം അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമായ ആദ്യ ഇന്ത്യൻ സംസ്ഥാനമെന്ന പ്രഖ്യാപനവും നടന്നു.
ഇത് വികസനത്തിന്റെ മറ്റൊരു ദർശനമാണ്. കോർപ്പറേറ്റ് ലാഭം അല്ല, മനുഷ്യൻ. സ്വകാര്യവൽക്കരണം അല്ല, പൊതുസംരക്ഷണം. ചാരിറ്റി അല്ല, അവകാശം. ഇതായിരുന്നു കേരളത്തിലെ ഇടതുപക്ഷ ഭരണത്തിന്റെ അടിസ്ഥാനം.
ഈ തോൽവിയെ ശത്രുക്കളുടെ ഗൂഢാലോചനയായി മാത്രം കാണരുത്. ഈ തോൽവി പാർട്ടിക്ക് ഉള്ളിലെ പാളിച്ചകളിലേക്കാണ് വിരൽചൂണ്ടുന്നത്. അത് സമ്മതിക്കാനുള്ള രാഷ്ട്രീയ ധൈര്യം ഇടതുപക്ഷത്തിനുണ്ടാകണം. കാരണം ഇടതുപക്ഷത്തിന്റെ ശക്തി ഒരിക്കലും തെറ്റില്ലെന്ന് നടിക്കുന്നതിൽ അല്ല, തെറ്റ് തിരിച്ചറിയുകയും തിരുത്തുകയും വീണ്ടും ജനങ്ങളിലേക്ക് തിരികെ പോകുകയും ചെയ്യുന്നതിലാണ്. ഇനി “മതം/ജാതി consolidation ഉണ്ടായി”, “ജാതി സമവാക്യം മാറി” എന്നൊക്കെ പറഞ്ഞ് മുഴുവൻ തോൽവിയും അങ്ങനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് കൂടുതൽ അപകടകരമാണ്. അത്തരം ഘടകങ്ങൾ ഒന്നും ഉണ്ടായില്ല എന്നല്ല. കേരള രാഷ്ട്രീയത്തിൽ ജാതി-മത ഇടപെടലുകളും വലതുപക്ഷ മാധ്യമ സ്വാധീനവും വർഗവിരുദ്ധ പ്രചാരണങ്ങളും നിലനിൽക്കുന്നു. പക്ഷേ ഈ കനത്ത തിരിച്ചടിയുടെ പ്രധാന കാരണം അതിലൊതുക്കുന്നത് യാഥാർഥ്യത്തിൽ നിന്ന് ഓടി രക്ഷപ്പെടലാണ്.ഇവ ഘടകങ്ങളായിരിക്കാം. എന്നാൽ ജനങ്ങൾ എന്തുകൊണ്ട് അകന്നു ? എന്തുകൊണ്ട് സ്വന്തം അടിത്തറയിലെ അണികൾ പോലും മാറി ചിന്തിച്ചു? ഈ ചോദ്യങ്ങൾ ചോദിക്കണം.ഇത് അധികാരത്തിന്റെ ഭാഷ ചിലപ്പോൾ ജനകീയ രാഷ്ട്രീയത്തെ മറികടക്കുന്നു എന്ന ഓർമ്മപ്പെടുത്തലാണ്. സ്വയംവിമർശനം മാർക്സിസ്റ്റ് പാരമ്പര്യത്തിന്റെ ഹൃദയമാണ്. ജനങ്ങളാണ് ചരിത്രത്തിന്റെ നിർമ്മാതാക്കൾ എന്ന് പറയുന്നവർ ജനങ്ങളുടെ വിധിയെ കേൾക്കാനും പഠിക്കാനും തയ്യാറായിരിക്കണം.
ഇടതുപക്ഷം ദുർബലമാകുന്നത് തൊഴിലാളി-കർഷകർക്ക് വേണ്ടി ചോദ്യം ചെയ്യാൻ ഉള്ള രാഷ്ട്രീയ ശക്തി ആണ് ഇല്ലാതാകുന്നത്. ഇന്ന് ഇന്ത്യയിൽ കോർപ്പറേറ്റ് കേന്ദ്രീകൃത സാമ്പത്തിക നയങ്ങൾ ശക്തമാകുന്നു. പൊതുമേഖല സ്വകാര്യവൽക്കരിക്കപ്പെടുന്നു. തൊഴിൽ നിയമങ്ങൾ തൊഴിലാളിക്കെതിരെ പുനർസംഘടിപ്പിക്കപ്പെടുന്നു. കർഷകർ കടത്തിലും വിലയിടിവിലും കുടുങ്ങുന്നു. യുവാക്കൾ തൊഴിൽരഹിതത്തിലും കരാർ തൊഴിൽ സംസ്കാരത്തിലും തള്ളപ്പെടുന്നു. ഈ സാഹചര്യത്തിൽ നിയമസഭകളിലും മന്ത്രിസഭകളിലും ഇടതുപക്ഷ ശബ്ദം ഇല്ലാതാകുന്നത് ജനാധിപത്യത്തിന്റെ വർഗ്ഗസമതുലിതാവസ്ഥയെ ബാധിക്കാൻ സാധ്യത ഉണ്ട്.
രണ്ടാമതായി, മതനിരപേക്ഷ രാഷ്ട്രീയത്തിന് തിരിച്ചടിയാണ് ഇത്. ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വ്യാപനം തടയാൻ കോൺഗ്രസ് മാത്രം മതിയാകില്ല. കാരണം കോൺഗ്രസിന്റെ മതനിരപേക്ഷത പലപ്പോഴും തെരഞ്ഞെടുപ്പ് സാഹചര്യം അനുസരിച്ച് മാറുന്ന മൃദു-മതനിരപേക്ഷതയാണ്. ഇടതുപക്ഷത്തിന്റെ മതനിരപേക്ഷതയാണ് സ്ഥിരതയുള്ള രാഷ്ട്രീയം. അതിനാൽ സിപിഐ(എം) ദുർബലപെട്ടാൽ അത് ഹിന്ദുത്വത്തിനെതിരായ ആശയയുദ്ധത്തെയും ദുർബലമാക്കും.
മൂന്നാമതായി, ഫെഡറലിസത്തിന്റെ സംരക്ഷണത്തിനും ഇത് ബാധിക്കും. കേന്ദ്ര അധികാരത്തിന്റെ ഏകീകരണ പ്രവണതയ്ക്കെതിരെ സംസ്ഥാനങ്ങളുടെ അവകാശം, ഭാഷാ-സാംസ്കാരിക വൈവിധ്യം, ധനവിതരണ നീതി, ഗവർണർ പദവിയുടെ ദുരുപയോഗത്തിനെതിരായ പോരാട്ടം എന്നിവയിൽ ഇടതുപക്ഷ സർക്കാരുകൾ ഉറച്ച നിലപാടുകളെടുത്തിട്ടുണ്ട്. അതിന്റെ അഭാവം കേന്ദ്രാധിപത്യത്തിന് കൂടുതൽ സൗകര്യമൊരുക്കും.
നാലാമതായി, പ്രതിപക്ഷ രാഷ്ട്രീയത്തിൽ ആശയശൂന്യത കൂടാൻ സാധ്യതയുണ്ട്. ബിജെപി വിരുദ്ധത മാത്രം കൊണ്ട് ഇന്ത്യയെ രക്ഷിക്കാൻ കഴിയില്ല. അതിന് സാമ്പത്തിക ബദൽ വേണം. ക്ഷേമരാജ്യത്തിന്റെ പുനർനിർമ്മാണം വേണം അതിന്റെ മാതൃക വേണം, അസംഘടിത തൊഴിലാളി, കർഷകൻ, ദളിത്, ആദിവാസി, സ്ത്രീ, ന്യൂനപക്ഷം, വിദ്യാർത്ഥി, തൊഴിൽരഹിത യുവാക്കൾ ഇവരുടെ ചോദ്യങ്ങളെ ഒന്നിപ്പിക്കുന്ന വർഗ്ഗരാഷ്ട്രീയം വേണം. അതിന് ഇടതുപക്ഷം അനിവാര്യമാണ്.
ഇന്ന് ചെങ്കൊടി രാഷ്ട്രീയം ഇന്ത്യയിൽ ഒരു സംസ്ഥാനഭരണത്തിലും ഇല്ല അതുകൊണ്ട് ചരിത്രം അവസാനിക്കുന്നില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അധികാരത്തിന് വേണ്ടി ജനിച്ചതല്ല. അത് പിറന്നത് ചൂഷണത്തിൽ നിന്നാണ്. പട്ടിണിയിൽ നിന്നാണ്. ഫാക്ടറി ഗേറ്റിൽ നിന്നാണ്. വയലുകളിൽ നിന്നാണ്. കർഷകന്റെ കണ്ണീരിൽ നിന്നാണ്. കൂലിക്കായി കാത്തുനിൽക്കുന്ന തൊഴിലാളിയുടെ കൈകളിൽ നിന്നാണ്.
മുതലാളിത്തം നിലനിൽക്കുന്നിടത്തോളം ഇടതുപക്ഷത്തിന്റെ അനിവാര്യത അവസാനിക്കില്ല. അസമത്വം നിലനിൽക്കുന്നിടത്തോളം മാർക്സിസം പ്രസക്തമാണ്. മതം രാഷ്ട്രീയ ആയുധമാകുന്നിടത്തോളം മതനിരപേക്ഷ ഇടതുപക്ഷം ആവശ്യമാണ്. കോർപ്പറേറ്റുകൾ ജനാധിപത്യത്തെ കീഴടക്കുമ്പോൾ വർഗ്ഗരാഷ്ട്രീയം തിരിച്ചുവരും.
പക്ഷേ ആ തിരിച്ചുവരവ് സ്വാഭാവികമായി സംഭവിക്കില്ല. അതിന് പാർട്ടി അതിന്റെ സംഘടനാ ശേഷിയും കേഡർ സ്വഭാവും ഉയർത്തണം ശക്തിപ്പെടുത്തണം. പ്രായോഗികമായ സംഘടനാ ഭാഷ മാറണം, സംഘടനാ രീതികൾ മാറണം, യുവാക്കളെ കേൾക്കണം അവരെ ആകർഷിക്കണം, സ്ത്രീകളുടെ പ്രാധിനിത്യം കൂട്ടണം അവരെ രാഷ്ട്രീയമായി ബോധമുള്ളവരാക്കണം,ദളിത്-ആദിവാസി മേഖലയിൽ ഉള്ള പ്രശനങ്ങളിൽ പാർട്ടി പ്രമേയത്തിലെ വരിയായി ഒതുക്കാതെ, രാഷ്ട്രീയ ചർച്ചയായി അതിന് പരിഹാരം കണ്ടെത്തണം, പരിസ്ഥിതി, തൊഴിൽ, ഡിജിറ്റൽ മൂലധനം, ഗിഗ് വർക്കർമാർ, കുടിയേറ്റ തൊഴിലാളികൾ, ലിംഗനീതി, വിദ്യാഭ്യാസത്തിലെ സ്വകാര്യവൽക്കരണം, ആരോഗ്യമേഖലയിലെ കോർപ്പറേറ്റ് പിടിമുറുക്കം ഇവയെല്ലാം പുതിയ വർഗ്ഗസമരത്തിന്റെ മേഖലകളായി മാറ്റണം.
നേതൃകേന്ദ്രിതത്വത്തിൽ നിന്ന് ജനകേന്ദ്രിതത്വത്തിലേക്ക് മടങ്ങണം. പാർലിമെന്ററി രാഷ്ട്രീയത്തിൽ നിന്ന് കൊണ്ട് തന്നെ സമരസംഘടനയിലേക്ക് മടങ്ങണം. മതനിരപേക്ഷതയിൽ വെള്ളം ചേർക്കാത്ത ഉറച്ച നിലപാടിൽ ഉറച്ചുനിൽക്കണം ന്യൂനപക്ഷ വർഗ്ഗീയതയോടും ഭൂരിപക്ഷ വർഗ്ഗീയതയോടും ഒരുപോലെ രാഷ്ട്രീയ ദൂരം പാലിക്കുന്ന സത്യസന്ധത ഉറപ്പിച്ചുനിർത്തണം. വിമർശനത്തെ ശത്രുതയായി കാണാതെ, ജനാധിപത്യപരമായ തിരുത്തൽ ശക്തി ആയി കാണണം.
ഇന്ത്യയിൽ ഇന്ന് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇല്ലായിരിക്കാം, പക്ഷേ ഇന്ത്യയിൽ തൊഴിലാളി പ്രസ്ഥാനം ഇല്ലാതായിട്ടില്ല. അതുകൊണ്ട് ഇടതുപക്ഷവും അവസാനിച്ചിട്ടില്ല. ഇന്ന് കനത്ത തോൽവി ഇതുവാങ്ങിയിട്ടുണ്ടാകാം പക്ഷേ ചരിത്രത്തിൽ എല്ലാ തോൽവിയും അവസാനമല്ല. ചില തോൽവികൾ തിരുത്തലിന്റെ തുടക്കമാണ്. ചില തോൽവികൾ ആശയത്തെ ആത്മപരിശോധനയാക്കും.
ഇന്ത്യൻ ജനാധിപത്യത്തിന് ഇടതുപക്ഷം വേണം. മതനിരപേക്ഷതയ്ക്ക് ഇടതുപക്ഷം വേണം. തൊഴിലാളിക്ക് പോരാടാൻ ഇടതുപക്ഷം വേണം.
കർഷകന് ആശ്വാസം ആകാൻ ഇടതുപക്ഷം വേണം. ഭരണഘടനയുടെ സംരക്ഷണത്തിന് ഇടതുപക്ഷം വേണം.
ലോകം പണിതത് വിയർപ്പിന്റെ ഉപ്പുരസത്തിൽ നിന്നാണ്. ചരിത്രം മുന്നോട്ട് പോകുന്നത് ജനങ്ങളുടെ കൈകളിലൂടെയാണ്. തിരിച്ചുവരവ് ഉണ്ടാകും ; അത് സ്വയംവിമർശനത്തിലൂടെയും സമരത്തിലൂടെയും ആകും. ലാൽസലാം.




