വിഴിഞ്ഞം ഒരു തുറമുഖം മാത്രമല്ല. കേരളത്തിന്റെ സാമ്പത്തിക ഭൂപടം നിർണ്ണയിക്കാൻ കഴിയുന്ന വമ്പൻ അടിസ്ഥാന സൗകര്യ പദ്ധതിയാണ്. അതുകൊണ്ടുതന്നെ ഈ ചോദ്യത്തിന് അത്രയും പ്രാധാന്യമുണ്ട്; ആരുടെ താൽപര്യത്തിനാണ് ആ തുറമുഖം പ്രവർത്തിക്കുക? വിഴിഞ്ഞം തുറമുഖം അദാനിയുടേതല്ല. MSC-യുടേതുമല്ല. അത് കേരളത്തിന്റേതാണ്. കേരളത്തിലെ ജനങ്ങളുടെ ഭാവി വികസനത്തിന്റെ താക്കോലാണ് അത്.
അതുകൊണ്ടാണ് അദാനി വിഴിഞ്ഞം പോർട്ട് കമ്പനിയുടെ 49% ഓഹരി ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ MSC-ക്ക് ഏകദേശം 13,000 കോടി രൂപയ്ക്ക് കൈമാറുമെന്ന വാർത്ത അതീവ ഗൗരവത്തോടെ കാണേണ്ടത്.

വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഏറ്റവും വലിയ ചെലവ് വഹിച്ചത് കേരളസർക്കാരാണ്. ഏകദേശം 61.5% കേരള സർക്കാർ. കേന്ദ്രത്തിന്റെ VGF കൂടി ചേർന്നാൽ പൊതുപണം തന്നെയാണ് ഈ പദ്ധതിയുടെ അടിത്തറ. അദാനിയുടെ നിക്ഷേപം ഏകദേശം 28.9% മാത്രം. അതായത് ഏകദേശം 2,500 കോടി രൂപ. 2500 കോടി രൂപ മാത്രം നിക്ഷേപിച്ച ഒരു കമ്പനിക്ക് അതിന്റെ 49% ഓഹരിക്ക് 13,000 കോടി രൂപയുടെ മൂല്യം ഉണ്ടാകുന്നത് എങ്ങനെയാണ്? അതിന്റെ ഉത്തരം തേടണമെങ്കിൽ 2015-ലേക്ക് തിരിഞ്ഞുനോക്കണം.വിഴിഞ്ഞത്തെ ഈ പരുവത്തിലേക്ക് എത്തിച്ച ഉമ്മൻചാണ്ടി സർക്കാരിന്റെ കരാർ. ഇത് ഉമ്മൻചാണ്ടി സർക്കാർ അദാനിക്ക് ഒരുക്കിക്കൊടുത്ത കടൽക്കൊള്ളയുടെ കണക്ക് പുറത്തുവരുന്നതാണ്.

വിഎസ് അച്യുതാനന്ദൻ സർക്കാർ വിഴിഞ്ഞത്തെ Landlord Port Model-ലാണ് വികസിപ്പിക്കാൻ തീരുമാനിച്ചത്. പോർട്ട് കേരള സർക്കാർ നിർമ്മിക്കും. നടത്തിപ്പ് മാത്രം സ്വകാര്യ കമ്പനിക്ക് Revenue Share അടിസ്ഥാനത്തിൽ നൽകും. ഉടമസ്ഥാവകാശവും നിയന്ത്രണവും കേരളത്തിനായിരിക്കും. ആ ജനകീയ മാതൃകയെ അട്ടിമറിച്ചാണ് പിന്നീട് 2015-ൽ ഉമ്മൻചാണ്ടി സർക്കാർ അദാനിയുമായി ഏകപക്ഷീയമായ PPP കരാർ ഉണ്ടാക്കിയത്.

ആ കരാറിൽ,
61.5 % (₹5370 കോടി) കേരള സർക്കാർ ചെലവിടുന്നു.
9.6 % (₹818 കോടി) കേന്ദ്രത്തിന്റെ Viability Gap Funding.
അദാനി നിക്ഷേപിക്കുന്നത് വെറും 28.9 % (₹2497 കോടി).
അതായത് ആ കരാറനുസരിച്ച് കേരളം പണം മുടക്കുന്നു. ഭൂമി നൽകുന്നു. അടിസ്ഥാന സൗകര്യം സൃഷ്ടിക്കുന്നു. പക്ഷേ വരുമാന വിഹിതം കിട്ടാൻ പതിറ്റാണ്ടുകൾ കാത്തിരിക്കണം. 40 വർഷത്തെ concession. അതിനുശേഷം മാത്രമേ പൂർണ്ണ നിയന്ത്രണം കേരള സർക്കാരിന് കിട്ടൂ. സ്വകാര്യ കമ്പനിക്ക് അസാധാരണ സാമ്പത്തിക നേട്ടം ഉറപ്പാക്കുന്ന വ്യവസ്ഥകൾ.ഇതിനെ ഇടതുപക്ഷം അന്ന് “കടൽക്കൊള്ള” എന്ന് വിളിച്ചു. പിന്നീട് CAG റിപ്പോർട്ടിലും ഈ വിമർശനം ഉണ്ടായിരുന്നു.അദാനി കാട്ടിയ നിക്ഷേപത്തിന്റെ ഭാഗമായ ഉപകരണങ്ങളുടെ വില പോലും യഥാർത്ഥത്തേക്കാൾ ഉയർത്തിക്കാണിച്ചിട്ടുണ്ടാകാമെന്ന നിരീക്ഷണവും CAG നടത്തിയിരുന്നു.

പിന്നീട് ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോൾ ആ കരാർ റദ്ദാക്കാതിരുന്നത് കരാർ മികച്ചതായത് കൊണ്ടായിരുന്നില്ല. കേസ് മൂലം പദ്ധതി അനന്തമായി നീണ്ടുപോയാൽ വിഴിഞ്ഞത്തിന്റെ അന്താരാഷ്ട്ര സാധ്യത നഷ്ടപ്പെടുമെന്ന യാഥാർത്ഥ്യം കൊണ്ടാണ്. കുളച്ചൽ പോലുള്ള സമീപ തുറമുഖ സാധ്യതകൾ മുന്നിൽ നിൽക്കുമ്പോൾ കേരളത്തിന് വിഴിഞ്ഞം തന്നെ നഷ്ടപ്പെടരുത് എന്ന ഉത്തരവാദിത്തബോധം കൊണ്ടാണ്. അതുകൊണ്ടാണ് ജനവിരുദ്ധ കരാറിനെ വിമർശിച്ചുകൊണ്ടുതന്നെ പദ്ധതി പൂർത്തിയാക്കാൻ തീരുമാനിച്ചത്. അതിനാലാണ് ഒന്നാംഘട്ടം പൂർത്തിയായത്. രണ്ടാംഘട്ടത്തിനുള്ള നടപടികളും വികസന കോറിഡോറും മുന്നോട്ട് കൊണ്ടുപോയത്.

എന്നാൽ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ അത്രേം ഗൗരവം ഉള്ളതാണ്. ഇപ്പോൾ MSC എന്ന ഷിപ്പിംഗ് കമ്പിനി 49% ഓഹരി വാങ്ങുമെന്ന റിപ്പോർട്ടാണ് വന്നിരിക്കുന്നത്. ഇവിടെ ഒരു നിയമപരമായ ചോദ്യം കൂടി ഉയരുന്നുണ്ട്. Concession Agreement-ലെ Clause 5.3 പ്രകാരം 25 %ൽ കൂടുതൽ ഓഹരി കൈമാറ്റം സംഭവിച്ചാൽ അത് Change in Ownership ആയി കണക്കാക്കപ്പെടുകയും കേരള സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമായി വരികയും ചെയ്യുന്നു എന്നതാണ് വ്യവസ്ഥ. അങ്ങനെയിരിക്കെ 49% ഓഹരി കൈമാറ്റത്തെക്കുറിച്ച് വാർത്തകൾ വരുന്നു. SEBI-ക്ക് വിവരം പോകുന്നു. അന്താരാഷ്ട്ര കമ്പനിയുമായി ധാരണയുണ്ടാകുന്നു. പക്ഷേ കേരള സർക്കാർ അറിഞ്ഞില്ലെന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കും?

കേരളത്തിന്റെ മുഖ്യമന്ത്രി ആരാണ്? തുറമുഖ വകുപ്പ് മന്ത്രി ആരാണ്? ധനകാര്യവും നിയമവും ഉൾപ്പെടെ നിർണ്ണായക ഫയലുകൾ പോകേണ്ട സർക്കാർ സംവിധാനങ്ങൾ ആരുടെ നിയന്ത്രണത്തിലാണ്?

അതുകൊണ്ട് തന്നെ അപ്പോൾ ജനങ്ങൾക്ക് ചോദിക്കാൻ അവകാശമുണ്ട്: ഈ ഡീൽ സർക്കാർ അറിഞ്ഞിരുന്നോ? അനൗപചാരികമായെങ്കിലും അനുമതി നൽകിയിട്ടുണ്ടോ? മംഗലാപുരം സന്ദർശനവും ചാർട്ടേഡ് വിമാന വിവാദവും ഇതുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമായി പറയുമോ? അദാനി പ്രതിനിധികളുമായി ഏതെങ്കിലും ഘട്ടത്തിൽ ഈ ഓഹരി കൈമാറ്റത്തെക്കുറിച്ച് ചർച്ച നടന്നിട്ടുണ്ടോ?
ഇവ വെറും രാഷ്ട്രീയ ആരോപണങ്ങൾ അല്ല. കേരളത്തിന്റെ പൊതുസമ്പത്തിനെക്കുറിച്ചുള്ള ജനാധിപത്യ ചോദ്യങ്ങളാണ്.

വിഴിഞ്ഞം ഒരു മൾട്ടി-ഓപ്പറേറ്റർ പോർട്ട് (Multi-Operator Port) ആകണമെന്നാണ് കേരളം ആഗ്രഹിച്ചത്. വ്യത്യസ്ത ഷിപ്പിംഗ് ലൈനുകൾക്ക് ഇവിടെ മത്സരിക്കാൻ അവസരമുണ്ടാകണം. എന്നാൽ തുറമുഖത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവായ MSC തന്നെ ഓപ്പറേറ്റർ കമ്പനിയുടെ പകുതിയോളം ഓഹരികൾ കൈവശപ്പെടുത്തുമ്പോൾ അവിടെ ആരോഗ്യകരമായ മത്സരം നിലനിൽക്കുമോ? മറ്റ് ആഗോള കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് വരാൻ മടിക്കില്ലേ? കേരളത്തിലെ കയറ്റുമതിക്കാർ ഒരൊറ്റ കുത്തക കമ്പനിയുടെ കപ്പലുകളെയും അവരുടെ ഉയർന്ന നിരക്കുകളെയും ആശ്രയിക്കേണ്ട ഗതികേടിലേക്ക് പോകില്ലേ?

ഇത് കൊച്ചിയിലെ വല്ലാർപാടം അന്താരാഷ്ട്ര ടെർമിനലിന്റെ (DP World) ഭാവിയെയും ദോഷകരമായി ബാധിക്കും. നിലവിൽ വല്ലാർപാടം വഴി നീങ്ങുന്ന പല അന്താരാഷ്ട്ര കാർഗോ സർവീസുകളും വിഴിഞ്ഞത്തെ തങ്ങളുടെ സ്വന്തം ടെർമിനലിലേക്ക് തിരിച്ചുവിടാൻ MSC ശ്രമിച്ചേക്കാം. അങ്ങനെ സംഭവിച്ചാൽ, കൊച്ചിയുടെ പ്രാധാന്യം കുറയുകയും വല്ലാർപാടം വലിയ പ്രതിസന്ധിയിലാവുകയും ചെയ്യും. പൊതുമേഖലാ സ്ഥാപനങ്ങളായ കോൺകോർ (CONCOR), സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ (CWC) എന്നിവയുടെ ലോജിസ്റ്റിക്സ് സാധ്യതകളെയും ഇത് തകിടം മറിക്കും.

ഇത് വെറും ഓഹരി ഇടപാടല്ല. ഇത് വിപണിയിലെ മത്സരക്ഷമതയെ ബാധിക്കുന്ന കാര്യമാണ്. ഇത് പൊതുമേഖലാ സ്ഥാപനങ്ങളായ CONCOR, CWC എന്നിവയുടെ സാധ്യതകളെ ബാധിക്കുന്ന കാര്യമാണ്. ഇത് 2035 മുതൽ കേരളത്തിന് ലഭിക്കേണ്ട വരുമാന വിഹിതത്തെ ബാധിക്കുമോ എന്ന ആശങ്ക ഉയർത്തുന്ന കാര്യമാണ്. ഇത് ദേശീയ സുരക്ഷാ പ്രാധാന്യമുള്ള critical infrastructure-ന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയവുമാണ്.

ഇവിടെയാണ് “സമുദ്ര മിഷൻ” (Maritime Mission) സംബന്ധിച്ച ആശങ്കകൾ കൂടുതൽ പ്രസക്തമാകുന്നത്. കേരളത്തിന്റെ തുറമുഖങ്ങളും തീരപ്രദേശങ്ങളും പൊതുതാൽപര്യത്തിന്റെ അടിസ്ഥാനത്തിലാണോ വികസിപ്പിക്കുക? അതോ അദാനി മാതൃകയിൽ കുത്തകകൾക്കും വിദേശ കമ്പനികൾക്കും ദീർഘകാല നിയന്ത്രണം നൽകുന്ന പുതിയ കോർപ്പറേറ്റ് വഴിയാണോ നാട് തിരഞ്ഞെടുക്കുന്നത്?
തീരദേശ ഹൈവേയും, ഉൾനാടൻ ജലഗതാഗതവും, വ്യവസായ കോറിഡോറുകളും വഴി ജനകീയ പങ്കാളിത്തത്തോടെയുള്ള സമഗ്ര വികസനമാണ് കേരളത്തിന് ആവശ്യം. അതിനുപകരം, പണ്ട് യു.ഡി.എഫ് സർക്കാർ തുടക്കമിട്ട കോർപ്പറേറ്റ് പ്രീണന കരാറുകളുടെ മറപിടിച്ച്, തുറമുഖങ്ങളെ സ്വകാര്യ കുത്തകകളുടെ വെറും കയറ്റുമതി-ഘനവ്യവസായ താവളങ്ങളാക്കാൻ അദാനി ഗ്രൂപ്പ് ശ്രമിക്കുമ്പോൾ അതിനെ ചെറുക്കാൻ സർക്കാർ എന്ത് നിലപാട് എടുക്കും എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. വിഴിഞ്ഞം വിവാദം അതിന്റെ ആദ്യത്തെ മുന്നറിയിപ്പാണ്.