ആദ്യം തന്നെ പറയട്ടെ…
ഈ ലോകകപ്പിൽ എന്നത്തേയും പോലെ ഞാൻ പിന്തുണച്ചത് അർജന്റീനയെയാണ്. ഫൈനലിന്റെ അവസാന നിമിഷംവരെ എന്തെങ്കിലും ഒരു അത്ഭുതം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മെസി ഒരു പാസ് നൽകും, അൽവാരസ് എവിടെനിന്നെങ്കിലും ഓടിയെത്തും, എമി മാർട്ടിനസ് വീണ്ടും എന്തെങ്കിലും മാജിക് കാണിക്കും എന്നൊക്കെ കരുതി.
പക്ഷേ അതൊന്നും സംഭവിച്ചില്ല.
എത്രമാത്രം അർജന്റീനയെ സ്നേഹിച്ചാലും ഇന്നലെ നടന്ന മത്സരത്തെക്കുറിച്ച് സത്യസന്ധമായി പറയേണ്ടത് ഇതാണ്: സ്പെയിൻ മികച്ച ടീമായിരുന്നു. അവർ ഈ ലോകകപ്പ് അർഹിച്ചുതന്നെ നേടി. മൈതാനത്ത് അവർ അത് നേടിയെടുത്തു.
106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ആ ഒരു ഗോൾ മാത്രമായിരുന്നില്ല സ്പെയിനും അർജന്റീനയും തമ്മിലുള്ള വ്യത്യാസം എന്ന് കളി മുഴുവൻ കണ്ടവർക്ക് അറിയാം.
സ്പെയിനിന്റെ ഏറ്റവും വലിയ കരുത്ത് അവർക്കൊരു ‘ഏക സൂപ്പർതാരം’ ഇല്ലായിരുന്നു എന്നതാണ്. ഏതെങ്കിലും ഒരു വ്യക്തിയുടെ മാന്ത്രികതയ്ക്ക് കാത്തുനിൽക്കാതെ, മൈതാനത്ത് കൃത്യമായ പ്ലാനിങ്ങോടെ പടർന്നു കളിച്ച ഒരു കൂട്ടായ്മയുടെ വിജയമായിരുന്നു അത്. കഥയും തിരക്കഥയും സംവിധാനവുമെല്ലാം സ്പെയിൻ തന്നെയായിരുന്നു.
സ്പെയിൻ 20 തവണ ഗോളിലേക്ക് ശ്രമിച്ചു. അതിൽ 12 എണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. അർജന്റീനയ്ക്ക് ലഭിച്ചത് ആകെ രണ്ട് ശ്രമങ്ങൾ മാത്രം. അതിലൊന്നുപോലും ഗോൾപോസ്റ്റിലേക്ക് എത്തിയതുമില്ല. സ്പെയിൻ 65 ശതമാനത്തിലധികം സമയം പന്ത് കൈവശംവച്ചു. Expected Goals (xG) കണക്കിൽ സ്പെയിൻ ഏകദേശം 1.94 എന്ന നിലയിൽ നിന്നപ്പോൾ അർജന്റീന വെറും 0.20ൽ ഒതുങ്ങി.
ഫുട്ബോളിനെ കണക്കുകളിലേക്ക് മാത്രം ചുരുക്കാനാവില്ല. കളിയുടെ വികാരം, സമ്മർദം, വ്യക്തിഗത മികവ് ഇവയെല്ലാം കണക്കുകൾക്കപ്പുറത്താണ്. പക്ഷേ ഒരു ടീം എത്ര നല്ല അവസരങ്ങൾ സൃഷ്ടിച്ചു എന്നറിയാൻ ഈ കണക്കുകൾ ധാരാളം. ആ കണക്കുകൾ പറഞ്ഞതും നമ്മൾ കണ്ണുകൊണ്ട് കണ്ടതും ഒന്നുതന്നെയായിരുന്നു.
സ്പെയിൻ പന്ത് നഷ്ടപ്പെട്ട ഉടൻതന്നെ കൂട്ടമായി പ്രസ്സ് ചെയ്തുകൊണ്ട് അർജന്റീനയെ ഒരു ചക്രവ്യൂഹത്തിലാക്കുകയായിരുന്നു. പന്ത് കിട്ടിയാൽ പോലും മുന്നോട്ട് കളിക്കാൻ കഴിയാതെ, വിങ്ങുകളിൽ വേഗത നഷ്ടപ്പെട്ട്, പ്രതിരോധത്തിലേക്ക് ബാക്ക് പാസുകൾ നൽകാൻ അർജന്റീന നിർബന്ധിതരായി.
സ്പെയിൻ ആക്രമിച്ചു, അർജന്റീന തടഞ്ഞുനിന്നു. സ്പെയിൻ കളിയെ നിയന്ത്രിച്ചു, അർജന്റീന കളിയിൽ ജീവിച്ചുനിൽക്കാൻ ശ്രമിച്ചു. അതിൽ തെറ്റൊന്നുമില്ല. ശക്തനായ എതിരാളിക്കെതിരെ ചിലപ്പോൾ പ്രതിരോധിച്ച് അവസരം കാത്തിരിക്കേണ്ടിവരും. പക്ഷേ അർജന്റീനയുടെ പ്രശ്നം അവർ പ്രതിരോധിച്ചു എന്നതല്ല, അതിന് ശേഷം എന്ത് ചെയ്യണം എന്നൊരു വ്യക്തത ഇല്ലാത്തപോലെ തോന്നി.
സ്കലോണി ടീമിനെ 4-4-2 എന്ന ഒതുങ്ങിയ ഘടനയിലാണ് ഇറക്കിയത്. നിക്കോളാസ് ഗോൺസാലസും ഡി പോളും പിന്നിലേക്ക് ഇറങ്ങി എൻസോയോടും മാക് അലിസ്റ്ററോടും ചേർന്നു. മെസിയും ജൂലിയൻ അൽവാരസും മുന്നിൽ നിന്നു. പന്ത് കിട്ടിയാലുടൻ മെസിയിലേക്കോ അൽവാരസിലേക്കോ വേഗത്തിൽ എത്തിക്കുക, സ്പെയിന്റെ ഉയർന്ന പ്രതിരോധത്തിന് പിന്നിലെ ഇടം ഉപയോഗിക്കുക. Plan was good – but didn’t work out.
അർജന്റീനയുടെ പ്രതിരോധവും മധ്യനിരയും വളരെ പിന്നിലേക്ക് ചുരുങ്ങി. മെസിയും അൽവാരസും ബാക്കി ടീമിൽനിന്ന് ഒറ്റപ്പെട്ടു. പന്ത് ലഭിച്ചപ്പോഴെല്ലാം മുന്നോട്ട് കളിക്കുന്നതിനുപകരം പിന്നിലേക്കോ വശങ്ങളിലേക്കോ പാസ് ചെയ്യേണ്ടിവന്നു. കാരണം സ്പെയിൻ പന്ത് നഷ്ടപ്പെട്ട ഉടൻതന്നെ കൂട്ടമായി പ്രസ്സ് ചെയ്യുകയായിരുന്നു. അർജന്റീനയ്ക്ക് തല ഉയർത്തി മുന്നിലുള്ള കളിക്കാരനെ നോക്കാൻപോലും സമയം കിട്ടിയില്ല.
ജൂലിയൻ അൽവാരസിന് പന്ത് കിട്ടാനായി നിരന്തരം മധ്യനിരയിലേക്ക് ഇറങ്ങിവരേണ്ടിവന്നു. അങ്ങനെ വന്നാൽ മുന്നിൽ ഓടാൻ മറ്റൊരാൾ ഇല്ല. മെസിക്ക് പന്ത് കിട്ടിയപ്പോൾ അധികവും അദ്ദേഹം ഗോൾപോസ്റ്റിന് പുറംതിരിഞ്ഞുനിൽക്കുകയായിരുന്നു. ചുറ്റും റോഡ്രിയും ഫാബിയൻ റൂയിസും കുബാർസിയും ലപോർട്ടും. മെസി ഓരോ തവണയും മധ്യരേഖയിൽനിന്ന് പന്തുമായി നാലുപേരെ മറികടന്ന് ഗോൾ സൃഷ്ടിക്കണമെന്ന പ്രതീക്ഷ സാധ്യമായില്ല. മെസിയുടെ ഫൈനൽ മികച്ചതായിരുന്നില്ല. അത് സമ്മതിക്കണം.
ഈ ലോകകപ്പിലുടനീളം എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നൽകിയ മെസി പല മത്സരങ്ങളിലും അർജന്റീനയെ ഒറ്റയ്ക്കുതന്നെ മുന്നോട്ടുകൊണ്ടുപോയിരുന്നു. എന്നാൽ ഫൈനലിൽ ഒരു ടീമിന്റെ മുഴുവൻ ഘടനാപരമായ പരാജയം പരിഹരിക്കാൻ ഒരൊറ്റ മെസിക്ക് കഴിഞ്ഞില്ല എന്നതാണ് യാഥാർഥ്യം. അതിൽ അദ്ദേഹത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല.
അർജന്റീനയുടെ ഏറ്റവും വലിയ പരാജയം ആക്രമിക്കാൻ കഴിയാതിരുന്നതല്ല. ആക്രമിക്കാമെന്ന വിശ്വാസം തന്നെ പതിയെ നഷ്ടപ്പെട്ടതാണ്.
പന്ത് നഷ്ടപ്പെട്ടാൽ സ്പെയിന് പേടിക്കാനൊന്നുമില്ലെന്ന് വളരെ നേരത്തേ മനസ്സിലായി. അതുകൊണ്ടുതന്നെ അവരുടെ ഫുൾബാക്കുകൾ കൂടുതൽ മുന്നോട്ടുകയറി. മധ്യനിര കൂടുതൽ ആത്മവിശ്വാസത്തോടെ അർജന്റീനയുടെ പകുതിയിൽ നിലയുറപ്പിച്ചു. സെന്റർബാക്കുകൾ വരെ മുന്നോട്ടുവന്ന് കളിച്ചു.
പിന്നെ എൻസോ ഫെർണാണ്ടസിന്റെ ചുവപ്പ് കാർഡ്. മഞ്ഞക്കാർഡ് ഉണ്ടായിരുന്ന എൻസോ, പൗ കുബാർസിക്കെതിരെ നടത്തിയ ആ ടാക്കിൾ ഒഴിവാക്കേണ്ടതായിരുന്നു. ലോകകപ്പ് ഫൈനൽ പോലൊരു മത്സരത്തിൽ ഇത്തരം ഒരു സാഹചര്യം ഒരു ടീമിന്റെ മുഴുവൻ പരിശ്രമത്തെയും ആത്മവിശ്വാസത്തെയും തകർക്കും.
പത്ത് പേരായി അധികസമയത്തിലേക്ക് കടന്നപ്പോൾ അർജന്റീനയുടെ ലക്ഷ്യം വിജയിക്കുക എന്നതിൽനിന്ന് പെനാൽറ്റി ഷൂട്ടൗട്ട് വരെ പിടിച്ചുനിൽക്കുക എന്നതിലേക്ക് മാറി. ജൂലിയൻ അൽവാരസിനെ പിൻവലിച്ച് സെനേസിയെ ഇറക്കിയതും അതിന്റെ ഭാഗമായിരുന്നു. സാഹചര്യം കണക്കിലെടുത്താൽ സ്കലോണിയുടെ തീരുമാനം മനസ്സിലാക്കാം. പക്ഷേ അതോടെ അർജന്റീനയുടെ അവസാനത്തെ ഡിഫെൻസ് വഴിയും അടഞ്ഞു. സ്പെയിൻ ആക്രമിക്കുമ്പോൾ മറുവശത്ത് ഒപ്പം ഓടാൻ ഒരാളും ഇല്ലാത്ത അവസ്ഥയായി.
അധികസമയത്തിന്റെ രണ്ടാം പകുതിയിൽ ആ പ്രതിരോധവും വീണു. മൈതാനത്തിന് വെളിയിലേക്ക് പോകേണ്ടിയിരുന്ന പന്തിനെ അസാധ്യമായ വേഗതയിൽ ഓടിപ്പിടിച്ച് നിക്കോ വില്യംസ് ബോക്‌സിലേക്ക് നൽകിയ ആ അളന്നുമുറിച്ച പാസും, ഫെറാൻ ടോറസിന്റെ കൃത്യമായ ഫിനിഷിംഗും സ്പാനിഷ് കളിയുടെ സൗന്ദര്യം മുഴുവൻ വിളിച്ചോതുന്നതായിരുന്നു. സ്പെയിന്റെ പകരക്കാർ കളിയിലേക്ക് കൃത്യമായി ലയിച്ചുചേർന്നപ്പോൾ അർജന്റീനയുടെ മാറ്റങ്ങൾ അവരുടെ ശേഷി കുറച്ചുകൊണ്ടേയിരുന്നു.
ഒരു ഗോൾ മാത്രമായിരുന്നു. പക്ഷേ ആ ഗോളിൽ സ്പെയിന്റെ മുഴുവൻ കളിയുടെ സൗന്ദര്യവും ഉണ്ടായിരുന്നു. അവരുടെ പകരക്കാരൻ കളിയുടെ വേഗം മാറ്റി, മറ്റൊരു പകരക്കാരൻ വിജയഗോൾ നേടി. അതേസമയം അർജന്റീനയുടെ മാറ്റങ്ങൾ അവരുടെ ആക്രമണശേഷി കുറച്ചുകൊണ്ടേയിരുന്നു.
ഇന്നലെ അർജന്റീനയുടെ ഏറ്റവും മികച്ച താരം എമി മാർട്ടിനസായിരുന്നു. അദ്ദേഹം നടത്തിയ സേവുകൾ ഇല്ലായിരുന്നെങ്കിൽ ഈ ഫൈനൽ 1–0ൽ അവസാനിക്കുമായിരുന്നില്ല. റൊമേറോയും ലിസാൻഡ്രോ മാർട്ടിനസും നിരന്തരം വന്ന ആക്രമണങ്ങൾക്കെതിരെ ധീരമായി നിന്നു. ചില സമയങ്ങളിൽ ശരീരംകൊണ്ടും ചിലപ്പോൾ അവസാനനിമിഷ ടാക്കിളുകളിലൂടെയും അവർ ടീമിനെ രക്ഷിച്ചു. പക്ഷേ ഒരു പ്രതിരോധത്തിന് എത്രനേരം ഇങ്ങനെ പിടിച്ചുനിൽക്കാനാകും? മുന്നിൽനിന്ന് പന്ത് വീണ്ടും വീണ്ടും തിരിച്ചുവരുമ്പോൾ ഏതൊരു പ്രതിരോധവും ഒടുവിൽ തകരും. അതുതന്നെയാണ് സംഭവിച്ചത്.
അതേസമയം, ഈ ഒരു ഫൈനലിന്റെ പേരിൽ അർജന്റീനയുടെ ലോകകപ്പ് യാത്രയെ മുഴുവനായി മോശം പറഞ്ഞു പഴിക്കാൻ ആകില്ല. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും അവർ ജയിച്ചു. അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവർക്കെതിരെ ഒമ്പത് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതെത്തി. കേപ് വേർഡെയെ അധികസമയത്ത് തോൽപ്പിച്ചു. ഈജിപ്തിനെതിരെ രണ്ട് ഗോളിന് പിന്നിലായ ശേഷമാണ് തിരിച്ചുവന്ന് ജയിച്ചത്. സ്വിറ്റ്സർലൻഡിനെ മറികടന്നു. സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വീണ്ടും തിരിച്ചുവരവ് നടത്തി.
ഫൈനലിന് മുൻപ് 19 ഗോളുകളുമായി ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമായിരുന്നു അർജന്റീന. മെസി അസാധാരണമായിരുന്നു. അൽവാരസ് ടീമിനുവേണ്ടി മികച്ച പ്രകടനം നടത്തി. ലൗട്ടാരോ ഗോളുകളും അവസരങ്ങളും സൃഷ്ടിച്ചു. എൻസോയും മാക് അലിസ്റ്ററും പല മത്സരങ്ങളിലും മധ്യനിരയ്ക്ക് ജീവൻ നൽകി. റൊമേറോ, ലിസാൻഡ്രോ, എമി മാർട്ടിനസ് എന്നിവർ നിർണായക സമയങ്ങളിൽ ടീമിനെ രക്ഷിച്ചു.
പക്ഷേ ഈ ലോകകപ്പിൽ പല മത്സരങ്ങളിലും അവർ നിയന്ത്രണത്തേക്കാൾ കൂടുതൽ ആശ്രയിച്ചത് തിരിച്ചുവരാനുള്ള ശേഷിയെയും വ്യക്തിഗത മികവിനെയുമാണ്. കേപ് വേർഡെയെതിരെയും ഈജിപ്തിനെതിരെയും രണ്ട് ഗോളുകൾ വീതം വഴങ്ങി. രണ്ട് നോക്കൗട്ട് മത്സരങ്ങൾ അധികസമയത്തിലേക്ക് പോയി. പലപ്പോഴും അവസാനനിമിഷത്തിലെ ഒരു മെസി പാസ്, ഒരു എൻസോ ഗോൾ, ഒരു എമി സേവ്—ഇവയാണ് അവരെ രക്ഷിച്ചത്. പക്ഷേ എല്ലാ ദിവസവും അത്ഭുതം സംഭവിക്കില്ല.
ഫൈനലിൽ അർജന്റീനയുടെ അതിജീവനശക്തിക്കെതിരെ വന്നത് സ്പെയിന്റെ നിയന്ത്രണമായിരുന്നു. അവസാനം അവരുടെ നിയന്ത്രണം ഫലം കണ്ടു, അവർ ജയിച്ചു.
സ്പെയിന്റെ ഈ ലോകകപ്പ് യാത്ര നോക്കുമ്പോൾ അതിൽ വലിയൊരു സ്ഥിരത കാണാം. ആദ്യമത്സരത്തിൽ കേപ് വേർഡെയോട് സമനില വഴങ്ങിയെങ്കിലും തുടർന്ന് സൗദി അറേബ്യ, ഉറുഗ്വെ, ഓസ്ട്രിയ, പോർച്ചുഗൽ, ബെൽജിയം, ഫ്രാൻസ്, ഒടുവിൽ അർജന്റീന എല്ലാവരെയും മറികടന്നു. എട്ട് മത്സരങ്ങളിൽ വഴങ്ങിയത് ഒരു ഗോൾ മാത്രം. അതൊരു ചെറിയ കാര്യമല്ല.
സ്പെയിന്റെ പൊസഷൻ വെറുതെ പന്ത് കൈമാറി കണക്കുയർത്തുന്ന പൊസഷൻ ആയിരുന്നില്ല. ഓരോ താരവും എവിടെ നിൽക്കണം, ആരാണ് മുന്നോട്ട് നൽകേണ്ടത്, ആരാണ് മധ്യത്തിലേക്ക് വരേണ്ടത്, പന്ത് നഷ്ടപ്പെട്ടാൽ ആരാണ് ആദ്യം ഡിഫെൻസ് എടുക്കേണ്ടത് എല്ലാം വ്യക്തമായിരുന്നു.
റോഡ്രിയായിരുന്നു ആ സംവിധാനത്തിന്റെ ഹൃദയം. കളി എപ്പോൾ വേഗത്തിലാക്കണം, എപ്പോൾ ശാന്തമാക്കണം എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സ്പെയിന്റെ ഫുൾബാക്കുകൾ മുന്നോട്ടുപോയപ്പോൾ പിന്നിലെ ഇടങ്ങൾ സംരക്ഷിച്ചതും റോഡ്രിയായിരുന്നു. He is the rhythm of his team.
ഫാബിയൻ റൂയിസും ഡാനി ഓൽമോയും അർജന്റീനയുടെ മധ്യനിരയ്ക്കും പ്രതിരോധത്തിനുമിടയിലെ ഇടങ്ങളിൽ കളിച്ചു. കുകുറെയ്യയും പെഡ്രോ പോറോയും ഇരു വശങ്ങളിലും. പൗ കുബാർസി പ്രായംകൊണ്ട് ഒരു യുവതാരം, പക്ഷേ മെസിയും അൽവാരസും മുന്നിലുള്ള ഒരു ലോകകപ്പ് ഫൈനലിൽ അദ്ദേഹം കളിച്ചത് വർഷങ്ങളുടെ പരിചയമുള്ള താരത്തെപ്പോലെയാണ്. ലപോർട്ടിനൊപ്പം ചേർന്ന് അർജന്റീനയുടെ മുന്നേറ്റത്തെ പൂർണമായി നിയന്ത്രിച്ചു.
ലാമിൻ യമാലിന് അദ്ദേഹത്തിന്റെ ഏറ്റവും മനോഹരമായ മത്സരം ആയിരിക്കണമെന്നില്ല. എന്നാൽ അർജന്റീനയുടെ പ്രതിരോധത്തിന് അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ഒരു ഭീഷണിയായിരുന്നു. യമാലിനെ ഒറ്റയ്ക്ക് വിടാനാവില്ലെന്ന ഭയം അർജന്റീനയുടെ ഇടതുവശത്തെ പിന്നിലാക്കി. അതിന്റെ പ്രയോജനം സ്പെയിന്റെ മറ്റു താരങ്ങൾക്ക് ലഭിച്ചു.
നിക്കോ വില്യംസ് കളത്തിലിറങ്ങിയപ്പോൾ ക്ഷീണിച്ച അർജന്റീന പ്രതിരോധത്തിനെതിരെ പുതിയൊരു വേഗം ലഭിച്ചു. ഫെറാൻ ടോറസ് ഗോളിലൂടെ ഫൈനലിന്റെ മുഖമായി.
എങ്കിലും സ്പെയിൻ പൂർണമായിരുന്നുവെന്ന് പറയാനാവില്ല. 20 ശ്രമങ്ങളിൽനിന്ന് ഒരു ഗോൾ മാത്രം എന്നത് അവരുടെ ഫിനിഷിങ്ങിലെ പോരായ്മയാണ്. പലപ്പോഴും ഷോട്ട് എടുക്കേണ്ട സമയത്ത് അവർ മറ്റൊരു പാസ് അന്വേഷിച്ചു. ബോക്സിനകത്ത് ഒരു സ്വാഭാവിക ഗോൾസ്കോററുടെ സാന്നിധ്യം കുറവായി തോന്നി. നല്ല cut-back പാസുകൾ വന്നിട്ടും അവിടേക്ക് ഓടിയെത്താൻ ആളുകൾ കുറവായിരുന്നു.
മത്സരം അവസാനിച്ചതിന് ശേഷമുണ്ടായ സംഘർഷവും പറയാതെ പോകാനാവില്ല. പരാജയത്തിന്റെ വേദന മനസ്സിലാകും. ലോകകപ്പ് ഫൈനൽ നഷ്ടപ്പെടുന്ന താരങ്ങളുടെ മനസ്സിൽ എന്തായിരിക്കുമെന്ന് പുറത്തുനിന്ന് നമുക്ക് പൂർണമായി മനസ്സിലാക്കാനും കഴിയില്ല. പക്ഷേ അതൊന്നും എതിരാളിയെ തള്ളാനും പിടിക്കാനും ന്യായീകരണമല്ല.
സ്പെയിൻ ആഘോഷിക്കുന്നതിനിടെ ലിയാൻഡ്രോ പരേദസ് ഗാവിയെ തള്ളിയതാണ് സംഘർഷത്തിന് തുടക്കമായത്. തുടർന്ന് എറിക് ഗാർസിയയും മറ്റു താരങ്ങളും ഇടപെട്ടു. ഗാവി, തിയാഗോ അൽമാഡ തുടങ്ങി ഇരുടീമിലെയും നിരവധി പേർ സംഭവത്തിൽ ഉൾപ്പെട്ടു. സ്കലോണി തന്നെ താരങ്ങളെ വേർതിരിക്കാൻ ഓടിയെത്തി. പരേദസിന് മത്സരശേഷം ചുവപ്പ് കാർഡും ലഭിച്ചു. സംഘർഷം വലുതായപ്പോൾ ഇരുടീമിലെയും താരങ്ങൾ അതിന്റെ ഭാഗമായി. എന്നാൽ തുടക്കത്തിലെ പ്രകോപനം പരേദസിൽനിന്നായിരുന്നു എന്നത് മറച്ചുവയ്ക്കേണ്ടതില്ല.
അർജന്റീന വലിയ ടീമാണ്. വലിയ ടീമുകൾ വിജയിക്കുമ്പോൾ മാത്രമല്ല, തോൽക്കുമ്പോഴും അവരുടെ നിലവാരം കാണിക്കണം.
ഇനി ഫിഫ അർജന്റീനയെ സഹായിച്ചോ എന്ന ചോദ്യം. ഈ ലോകകപ്പിൽ അർജന്റീനയ്ക്ക് അനുകൂലമായി ചില വിവാദ VAR തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ട്. ഈജിപ്തിനെതിരായ റദ്ദാക്കിയ ഗോൾ, സ്വിറ്റ്സർലൻഡിന്റെ ബ്രിൽ എംബോളോയുടെ ചുവപ്പ് കാർഡ്, മറ്റ് ചില interventions—ഇവയെല്ലാം വിമർശിക്കപ്പെട്ടു. “VARgentina” എന്ന പരിഹാസവും അതിൽനിന്നാണ് ഉണ്ടായത്.
ഇവയെല്ലാം വെറുതെ തള്ളിക്കളയാനാവില്ല. ഫിഫയുടെ റഫറിയിങ്ങിലും VAR ഉപയോഗത്തിലും സ്ഥിരതയില്ല. ഒരേ തരത്തിലുള്ള സംഭവങ്ങൾക്ക് വ്യത്യസ്ത മത്സരങ്ങളിൽ വ്യത്യസ്ത തീരുമാനങ്ങളാണ് ലഭിക്കുന്നത്. തീരുമാനങ്ങളുടെ വിശദീകരണം പലപ്പോഴും സുതാര്യമല്ല. അതുകൊണ്ട് സംശയങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ ചില തീരുമാനങ്ങൾ അർജന്റീനയ്ക്ക് അനുകൂലമായി എന്നതുകൊണ്ട് മാത്രം “ലോകകപ്പ് ഫിഫ അർജന്റീനയ്ക്കായി തയ്യാറാക്കിയതാണ്” എന്ന് ഉറപ്പിച്ച് പറയുന്നതും പരിഹസിക്കുന്നതും എങ്ങനെയാണ്?
VAR കൂടുതൽ സുതാര്യമായിരിക്കണം. ഫിഫ വിമർശനം അർഹിക്കുന്നു. പക്ഷേ ടൂർണമെന്റ് മുഴുവനും അർജന്റീനയ്ക്കുവേണ്ടി നിശ്ചയിച്ചുവെന്ന് പറയാൻ ഇപ്പോൾ തെളിവില്ല.
സത്യത്തിന് നമ്മുടെ ഇഷ്ടാനിഷ്ടങ്ങളോട് ബാധ്യതയില്ല. അർജന്റീനയെ സ്നേഹിക്കുന്നതുകൊണ്ട് സംശയകരമായ തീരുമാനങ്ങളെ ന്യായീകരിക്കേണ്ടതില്ല. അർജന്റീനയെ വെറുക്കുന്നതുകൊണ്ട് തെളിവില്ലാത്ത ഗൂഢാലോചനകളെ സത്യമായി പ്രഖ്യാപിക്കാനും പാടില്ല.
ഈ ലോകകപ്പിലെ അതിലും ഗൗരവമുള്ള രാഷ്ട്രീയപ്രശ്നം ഫിഫയും ഡോണൾഡ് ട്രംപും തമ്മിലുള്ള അടുപ്പമാണ്. അമേരിക്കൻ താരം ഫോളറിൻ ബാലോഗണിന്റെ ചുവപ്പ് കാർഡുമായി ബന്ധപ്പെട്ട് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമായി നേരിട്ട് ബന്ധപ്പെട്ടുവെന്ന സംഭവം വളരെ ഗൗരവമുള്ളതാണ്. പിന്നീട് അദ്ദേഹത്തിന്റെ സസ്പെൻഷൻ നീക്കുകയും ചെയ്തു. ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ഒരു ഫുട്ബോൾ ശിക്ഷാനടപടിയിൽ നേരിട്ട് ഇടപെടുന്നത് സാധാരണ കാര്യമല്ല. ഇത് കളിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന കാര്യമാണ്.
ഫിഫ ലോകകപ്പിനെ ക്രമേണ ഫുട്ബോളിന്റെ ഉത്സവത്തിൽനിന്ന് കോർപ്പറേറ്റുകളുടെയും ഭരണാധികാരികളുടെയും പ്രദർശനവേദിയാക്കി മാറ്റുകയാണ്. അമിതമായ VIP സംസ്കാരം, രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം, നീണ്ട ചടങ്ങുകൾ, സ്പോൺസർമാർക്ക് നൽകുന്ന പ്രാധാന്യം… ഇതെല്ലാം ചേർന്ന് ഫുട്ബോളിനെ അനാവശ്യമായ തലങ്ങളിലേക്ക് കൊണ്ടുപോവുകയും ജനങ്ങളിൽനിന്ന് ആ ആവേശത്തെ ഇല്ലാതാക്കാൻ കാരണമാകുകയും ചെയ്യുന്നു.
ലോകകപ്പ് ട്രംപിന്റെയോ ഇൻഫാന്റിനോയുടെയോ അല്ല. അത് കളിക്കാരുടേയും ഗാലറികളിൽ പാടുന്ന മനുഷ്യരുടേയും തെരുവുകളിൽ ഫാൻ പതാകയുമായി ഓടുന്ന യുവാക്കളുടേയും കുട്ടികളുടേതും ആണ്. ട്രോഫി വിതരണച്ചടങ്ങിലേക്ക് ട്രംപും ഇൻഫാന്റിനോയും എത്തിയപ്പോൾ ഉയർന്ന കൂവലുകൾ അതുകൊണ്ടുതന്നെ പ്രധാനമാണ്.
ട്രംപ് ഒടുവിൽ സ്പെയിന് ട്രോഫി കൈമാറി. അത് സ്പെയിന്റെ രാഷ്ട്രീയ പ്രതികാരമായിരുന്നോ? നേരിട്ട് അങ്ങനെ പറയുന്നത് ഒരുപക്ഷേ അതിശയോക്തിയായിരിക്കും. ഫുട്ബോൾ താരങ്ങൾ ജയിച്ചത് അവരുടെ കളികൊണ്ടാണ്. ഒരു രാജ്യത്തിന്റെ സർക്കാർ നിലപാടുകളെ പ്രതിനിധീകരിച്ചല്ല അവർ മൈതാനത്തിറങ്ങിയത്. പക്ഷേ ആ കാഴ്ചയിൽ വലിയൊരു രാഷ്ട്രീയ വിരോധാഭാസം ഉണ്ടായിരുന്നു.
സ്പെയിനെ വ്യാപാരപരമായി ഭീഷണിപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ്. NATO സൈനിക ചെലവ് വർധിപ്പിക്കാൻ തയ്യാറാകാത്ത പെഡ്രോ സാഞ്ചസ് സർക്കാരിനെ നിരന്തരം ആക്രമിച്ച പ്രസിഡന്റ്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തെ ചോദ്യം ചെയ്ത സ്പെയിന്റെ നിലപാടുകൾക്ക് എതിരായി നിന്ന രാഷ്ട്രീയത്തിന്റെ പ്രതിനിധി. അതേ മനുഷ്യൻ ലോകകപ്പ് സ്പെയിന്റെ ക്യാപ്റ്റന് കൈമാറേണ്ടിവന്നു.
സ്പെയിനിലെ സർക്കാർ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു. ഇസ്രയേലിനെതിരായ ആയുധനിരോധനം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. സ്പെയിനിലെ തെരുവുകളിൽ ലക്ഷക്കണക്കിന് മനുഷ്യർ പലസ്തീനുവേണ്ടി ശബ്ദമുയർത്തി. സ്പെയിനിലെ എല്ലാ പൗരന്മാരും എല്ലാ താരങ്ങളും ഒരേ രാഷ്ട്രീയനിലപാടാണ് പുലർത്തുന്നതെന്ന് പറയാൻ കഴിയില്ല. എങ്കിലും ആ രാജ്യത്തിന്റെ പൊതുവായ പ്രതിരോധശബ്ദത്തിന് ലോകത്തിനു മുന്നിൽ ഒരു പ്രാധാന്യമുണ്ട്.
അതുകൊണ്ടുതന്നെ ട്രംപ് സ്പെയിന് ട്രോഫി നൽകുന്ന ചിത്രം ഒരു സാധാരണ സമ്മാനദാനച്ചടങ്ങായി മാത്രം അവസാനിക്കുന്നില്ല. അതിൽ ചരിത്രത്തിന്റെ ചെറിയൊരു പരിഹാസമുണ്ട്.
സൈനികവൽക്കരണത്തെ ചോദ്യം ചെയ്ത ഒരു രാജ്യത്തിന്, സൈനികാധികാരത്തിന്റെ രാഷ്ട്രീയം സംസാരിക്കുന്ന ഒരാൾ ട്രോഫി കൈമാറുന്നു.
ഇസ്രയേലിന്റെ യുദ്ധത്തെ ചോദ്യം ചെയ്ത ജനതയുടെ താരങ്ങൾ, ഇസ്രയേലിന് നിരുപാധിക പിന്തുണ നൽകുന്ന ഭരണകൂടത്തിന്റെ പ്രസിഡന്റിന് മുന്നിൽ ലോകകിരീടം ഉയർത്തുന്നു.
റോഡ്രി ട്രോഫി ഉയർത്തിയ നിമിഷം ട്രംപും ഇൻഫാന്റിനോയും മറ്റ് അധികാരകേന്ദ്രങ്ങളും ചിത്രത്തിന്റെ പശ്ചാത്തലത്തിലേക്ക് മാറി.
സ്പെയിൻ ഈ ലോകകപ്പ് അർഹിച്ചിരുന്നു. അർജന്റീനയുടെ ഈ ലോകകപ്പ് യാത്രയും ബഹുമാനം അർഹിക്കുന്നു.
മെസി കണ്ണ് നിറഞ്ഞ് മൈതാനം വിടുമ്പോൾ ഒരു ഇതിഹാസകാലത്തിന്റെ ചോരയും നീരുമുണ്ടായിരുന്നു അതിൽ. ഒരൊറ്റ ഫൈനലിലെ തോൽവി കൊണ്ട് ആ ചരിത്രം മാഞ്ഞുപോകുന്നില്ല. കളിക്ക് ശേഷം സ്പെയിനിന്റെ യുവവിസ്മയം ലാമിൻ യമാൽ മെസിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഏതൊരു ഫുട്ബോൾ പ്രേമിയുടെയും കണ്ണ് നിറയ്ക്കുന്നതാണ്: (courtesy to these statements from another post)
“എന്നെപ്പോലെ ലക്ഷക്കണക്കിന് കുട്ടികളെ ഫുട്ബോൾ ഒരു കലയാണെന്ന് വിശ്വസിപ്പിച്ചയാളാണ് അപ്പുറത്ത് നിന്നത്. ഇതിഹാസങ്ങൾ വിരമിക്കുന്ന പ്രായത്തിലും പന്തിൽ തൊടുമ്പോഴെല്ലാം ലോകത്തിലെ ഏറ്റവും മികച്ച ഡിഫെൻഡർമാരെപ്പോലും ഭയപ്പെടുത്തിയ മനുഷ്യൻ. അദ്ദേഹത്തെപ്പോലെയുള്ള കളിക്കാർ ഇല്ലായിരുന്നെങ്കിൽ എന്നെപ്പോലുള്ള കുട്ടികൾ ഇത്ര വലിയ സ്വപ്നങ്ങൾ കാണാൻ ധൈര്യപ്പെടുമായിരുന്നില്ല. നാളെ റെക്കോർഡുകൾ തകർന്നേക്കാം, പുതിയ ആളുകൾ വന്നേക്കാം, പക്ഷേ ലയണൽ മെസ്സിയെപ്പോലെ മറ്റൊരാൾ ഉണ്ടാകില്ല. ഒരു തലമുറയെ മുഴുവൻ ഫുട്ബോളിനെ പ്രണയിക്കാൻ പ്രേരിപ്പിക്കുക എന്നത് ചരിത്രത്തിൽ ചുരുക്കം ചിലർക്ക് മാത്രം സാധ്യമാകുന്ന കാര്യമാണ്.”
മത്സരശേഷമുള്ള ആ കാഴ്ച ഒരു കവിതയായിരുന്നു. വേദനയോടെ നിൽക്കുന്ന ഇതിഹാസത്തെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന യമാൽ. ബാഴ്‌സലോണയുടെ ഏറ്റവും പ്രിയപ്പെട്ട പത്താം നമ്പർ ജേഴ്സിയെ പുണരുന്ന പുതിയ പത്തൊൻപതാം നമ്പറുകാരൻ!
ജൂലൈ 19-ന്റെ ആ രാത്രിയിൽ, 19-ാം നമ്പർ ജേഴ്സിയണിഞ്ഞ ആ 19 വയസ്സുകാരൻ ചരിത്രം കുറിക്കുമ്പോൾ, അവിടെ ഒരു ഇതിഹാസത്തിന് സലാം പറയുന്നതിനൊപ്പം മറ്റൊരു ഇതിഹാസത്തിന്റെ തുടക്കം കൂടിയാവുകയായിരുന്നു. ഒരു സൂര്യൻ അസ്തമിക്കുമ്പോൾ മറ്റൊരു സൂര്യൻ ഉദിച്ചുയരുന്ന വിസ്മയം!
39-ാം വയസ്സിൽ സ്വന്തം രാജ്യത്തെ മറ്റൊരു ലോകകപ്പ് ഫൈനലിലേക്കെത്തിച്ചാണ് മെസി മടങ്ങുന്നത്. അദ്ദേഹം പരാജയപ്പെട്ട മനുഷ്യനല്ല. ഒരു ഫൈനലിൽ തോറ്റ ചാമ്പ്യനാണ്.
ബ്രസീലിന്റെ കുപ്പായമിട്ട് തുടങ്ങിയവർ, ഫ്രാൻസിന്റെ കളിയെ പുകഴ്ത്തി നടന്നവർ, ഇംഗ്ലണ്ടിനായി തൊണ്ടപൊട്ടിച്ചവർ, പോർട്ടുഗൽ ആരാധകർ അവരുടെയെല്ലാം അവസാനത്തെ അഭയകേന്ദ്രമായിരുന്നു ഇന്നലെ സ്പെയിൻ! 😄 സ്വന്തം ടീമുകൾ ഓരോന്നായി നാട്ടിലേക്ക് മടങ്ങിയപ്പോൾ, അവിയൽ ജേഴ്‌സി വരെ ഇട്ട് വന്ന് “വിവാ എസ്പാന!” എന്ന് വിളിച്ച് തുള്ളിച്ചാടിയ അവരുടെ അതിഗംഭീര ആഹ്ളാദപ്രകടനവും ആവേശവും കാണാൻ നല്ല രസമായിരുന്നു.
ഹൃദയത്തിൽ അർജന്റീനയുടെ നീലയും വെള്ളയും സൂക്ഷിച്ചുകൊണ്ടുതന്നെ പറയട്ടെ; അഭിനന്ദനങ്ങൾ സ്പെയിൻ… നിങ്ങൾ ഇന്നലെ ജയിച്ചത് ഒരു മത്സരം മാത്രമല്ല. ഈ ലോകകപ്പിൽ ഏറ്റവും നല്ല രീതിയിൽ ഫുട്ബോൾ കളിച്ച ടീം ആയിട്ട് തന്നെയാണ് കിരീടം ഉയർത്തിയത്.





