അവസാനം, പ്രക്ഷോഭങ്ങളുടെ ചൂടിൽ ഭരണകൂടം വിറച്ചപ്പോൾ അർദ്ധരാത്രിയിൽ ഒരു സെൽഫി വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നു!
പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കർശന നടപടി, ഫാസ്റ്റ് ട്രാക്ക് കോടതികൾ, പുതിയ നിയമങ്ങൾ;വാഗ്ദാനങ്ങളുടെ പുകമറ സൃഷ്ടിക്കാൻ മോദിക്ക് എന്നും മിടുക്കുണ്ട്. അർദ്ധരാത്രിയിലെ പ്രഹസന വീഡിയോ കോടിക്കണക്കിന് ആളുകൾ കണ്ടിരിക്കാം. പക്ഷേ, ഇന്ത്യയിലെ ദരിദ്രരും സാധാരണക്കാരുമായ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ചോദ്യം അതല്ല: രാജ്യത്തെ യുവാക്കൾ തങ്ങളുടെ ഭാവി കവർന്നെടുക്കപ്പെട്ടു എന്ന ബോധ്യത്തിൽ അതിനെതിരെ നടന്ന സമരത്തിൽ തെരുവിൽ പൊലീസിന്റെ ലാത്തിക്കും അതിക്രമങ്ങൾക്കും ഇരയായപ്പോൾ, തുടർച്ചയായ നാൽപ്പത് ദിവസത്തോളം അവിടുന്ന് എവിടെ ഒളിച്ചിരിക്കുകയായിരുന്നു?
ക്യാമറയ്ക്കു മുന്നിൽ നിന്നുണ്ടാക്കുന്ന ഇമോഷണൽ ഭാവങ്ങൾക്കോ, സംഘപരിവാർ ഐ.ടി സെല്ലുകൾ പ്രചരിപ്പിക്കുന്ന ആശ്വാസവാക്കുകൾക്കോ തകർന്നുപോയ പൊതുവിശ്വാസം തിരികെ കൊണ്ടുവരാനാകില്ല. ഇന്നത്തെ വിദ്യാർത്ഥി സമൂഹം ആവശ്യപ്പെടുന്നത് കോർപ്പറേറ്റ് പി.ആർ തന്ത്രങ്ങളല്ല രാഷ്ട്രീയ ഉത്തരവാദിത്തമാണ്! പ്രസംഗമല്ല;നടപടിയാണ്! ഈ ഭീമൻ അഴിമതിക്ക് പിന്നിൽ പ്രവർത്തിച്ച കോച്ചിംഗ് മാഫിയകളുടെയും ഭരണകൂട ഉദ്യോഗസ്ഥരുടെയും പേരുകളാണ്!
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി, ജനങ്ങളുടെ മുന്നിൽ നേരിട്ട് ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ, കോർപ്പറേറ്റ് മാധ്യമങ്ങളുടെ സുരക്ഷിത തണലിൽ ഒളിച്ചിരുന്ന പ്രധാനമന്ത്രിക്ക് ഇന്ന് ഉത്തരം പറയേണ്ടി വരുന്നത് തെരുവിലിറങ്ങിയ വിദ്യാർത്ഥി പ്രസ്ഥാനങ്ങളോടാണ്. അവർ കൈയടിക്കാൻ വിളിച്ചുകൂട്ടിയ സംഘപരിവാർ അണികളല്ല; സ്വന്തം ഭാവി വിപണിയിൽ ലേലം ചെയ്തു വിൽക്കപ്പെടുന്നത് കണ്ട പ്രതിഷേധ ശബ്ദമുയർത്തുന്ന പ്രബുദ്ധരായ ഒരു തലമുറയാണ്.
അടിച്ചമർത്തൽ ഭരണകൂടത്തിന് പരിചയമുള്ള വഴിയാണ്. ലാത്തിയും കള്ളക്കേസുകളും അറസ്റ്റും ഉപയോഗിച്ച് അവരുടെ ശരീരങ്ങളെ തളർത്താൻ നോക്കാം. RSS ഐ.ടി സെല്ലുകളിലെ ട്രോളുകളെ വിട്ട് അവരുടെ ശബ്ദത്തെയും സമരത്തേയും അപമാനിക്കാം. പക്ഷേ, വിപണിവൽക്കരിക്കപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ ഉയർന്ന ചോദ്യങ്ങളെ നിശബ്ദമാക്കാൻ ഏത് ഏകാധിപതിക്കാണ് കഴിഞ്ഞിട്ടുള്ളത്?
വർഷങ്ങളായി ശതകോടികൾ മുടക്കി കെട്ടിപ്പടുത്ത പ്രചാരണ കോട്ടകളെ തകർത്താണ് വിദ്യാർത്ഥികളുടെ രോഷം ഇന്ന് ഭരണകൂടത്തിന്റെ വാതിലിൽ ആഞ്ഞു മുട്ടുന്നത്. രാജ്യം ഭരിക്കേണ്ടത് ക്യാമറയ്ക്കു മുന്നിലെ നുണപ്രചാരണങ്ങളിലൂടെയല്ലെന്ന് ഈ രാജ്യം ഓർമ്മിപ്പിക്കുന്നു.
വിദ്യാർത്ഥികൾക്ക് വേണ്ടത് സെൽഫി വീഡിയോയല്ല, തങ്ങളുടെ തകർന്ന ഭാവിക്ക് ഉത്തരവാദികളായവരിൽ നിന്നുള്ള മറുപടിയാണ്.
ഇപ്പോൾ മോദി പറയുന്നത് കേട്ടാൽ, സർവ്വതും അതിവേഗം പരിഹരിച്ച ഒരു ക്ഷേമരാഷ്ട്രത്തിന്റെ കഥയായി തോന്നും. പേപ്പർ ചോർച്ച ഒരു വലിയ തെറ്റാണെന്ന് അദ്ദേഹം സമ്മതിക്കുന്നു; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കണ്ണീരിനെക്കുറിച്ച് സംസാരിക്കുന്നു. കുറ്റക്കാരെ പിടിച്ചെന്നും, ഫാസ്റ്റ് ട്രാക്ക് കോടതി കൊണ്ടുവരുമെന്നും അവകാശപ്പെടുന്നു.പക്ഷേ, ഈ ‘സെൽഫി രാഷ്ട്രീയത്തിൽ’ പറയാതെ മറച്ചുവെച്ചതാണ് യഥാർത്ഥ രാഷ്ട്രീയം:
- അത്യാധുനിക സാങ്കേതികവിദ്യയും സുരക്ഷയുമുണ്ടെന്ന് അവകാശപ്പെടുന്ന ദേശീയ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ എങ്ങനെയാണ് ചോരുന്നത്?
- വിദ്യാഭ്യാസ രംഗത്തെ കേന്ദ്രീകരണത്തിലൂടെയും (Centralization) NTA പോലെയുള്ള ഏജൻസികളുടെ സ്വകാര്യവൽക്കരണ അനുകൂല നയങ്ങളിലൂടെയും ഈ വ്യവസ്ഥയെ തകർത്തതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം ആർക്കാണ്?
- ഭരണകൂട തണലിൽ വളരുന്ന ശതകോടികളുടെ ‘കോച്ചിംഗ് മാഫിയ’കൾക്ക് ഇതിലുള്ള പങ്ക് എന്താണ്?
- നീതി ചോദിച്ച് സമാധാനപരമായി തെരുവിലിറങ്ങിയ വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച കേന്ദ്ര പൊലീസിന്റെ നടപടിക്ക് ഉത്തരം ആര് പറയും?
പരീക്ഷ വീണ്ടും നടത്തി എന്നത് സർക്കാരിന്റെ ഔദാര്യമല്ല. പൊതുവിദ്യാഭ്യാസ സംവിധാനത്തെ കോർപ്പറേറ്റ്-മാഫിയ കൂട്ടുകെട്ടിന് പണയം വെച്ചതിന് ശേഷം, ജനരോഷം ഭയന്ന് ചെയ്യാൻ നിർബന്ധിതമായ ഭരണപരമായ ബാധ്യത മാത്രമാണ്.
22 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളുടെ ഒരു വർഷം രക്ഷപ്പെടുത്തിയെന്ന് അവകാശപ്പെടുന്നതിന് മുമ്പ്, ആദ്യമേ തന്നെ അവരുടെ ജീവിതം അനിശ്ചിതത്വത്തിലാക്കിയ ഭരണകൂട പരാജയത്തെക്കുറിച്ച് പറയണം. താഴെത്തട്ടിലുള്ള ചില ഇടനിലക്കാരെ ജയിലിലടച്ചതുകൊണ്ട് മാത്രം ഉത്തരവാദിത്തം അവസാനിക്കുന്നില്ല. പരീക്ഷാ ചോർച്ച എന്നത് കേവലം ചില വ്യക്തികളുടെ കുറ്റകൃത്യമല്ല; മറിച്ച് അത് പണം, അധികാരം, കോച്ചിംഗ് മാഫിയ, സ്വകാര്യ പരീക്ഷാ ഏജൻസികൾ, ഭരണകൂട സംരക്ഷണം എന്നിവ ചേർന്നുണ്ടാക്കുന്ന സംഘടിത അഴിമതിയാണ്. അതിന്റെ മുകളിലത്തെ രാഷ്ട്രീയ കണ്ണികൾ പുറത്തുവരാതെ, താഴെയുള്ള ചിലരെ ബലിയാടാക്കിയാൽ അത് നീതിയല്ല, കേവലം രാഷ്ട്രീയ നാടകമാണ്.
ഈ https://www.kaggle.com/datasets/sujaynadkarni/india-paper-leaks-from-2004-to-2026?select=paper_leaks.csv ഉള്ള ഡാറ്റ പറയുന്നത് ഭരണകൂട പരാജയത്തെക്കുറിച്ചാണ്:
2004 മുതൽ 2014 വരെയുള്ള കാലയളവിൽ കേന്ദ്ര പരീക്ഷകളുമായി ബന്ധപ്പെട്ട് 7 ക്രമക്കേടുകളാണ് രേഖപ്പെടുത്തിയിരുന്നതെങ്കിൽ, 2014 മുതൽ 2026 വരെയുള്ള മോദി ഭരണകാലത്ത് കേന്ദ്ര സ്ഥാപനങ്ങളുമായി (NTA, CBSE, SSC, AIIMS, റെയിൽവേ, ഇന്ത്യൻ ആർമി) ബന്ധപ്പെട്ട ചോർച്ചകളുടെയും ക്രമക്കേടുകളുടെയും എണ്ണം 15 ആയി ഉയർന്നു!
ഡിജിറ്റൽ ഇന്ത്യയെന്നും സുതാര്യതയെന്നും പ്രസംഗിക്കുന്ന ഒരു ഭരണകൂടം, സ്വന്തം മന്ത്രാലയത്തിന് കീഴിലുള്ള പരീക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യത പോലും കാത്തുസൂക്ഷിക്കാൻ പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ, അത് കുറച്ച് ഇടനിലക്കാരുടെ മാത്രം തെറ്റല്ല കുറ്റം മാത്രമല്ല അത് കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയവും സ്ഥാപനപരവുമായ തകർച്ചയാണ്!
പരീക്ഷ വീണ്ടും നടത്തിയതിന്റെ ക്രെഡിറ്റ് ചോദിക്കുന്നതിന് മുമ്പ്, പേപ്പർ ചോർന്നതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക! പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതിന് മുമ്പ്, പൊതുവിദ്യാഭ്യാസത്തെ തകർത്ത് പരീക്ഷകളെ കച്ചവടമാക്കിയ നയം അവസാനിപ്പിക്കുക!
ഇന്നത്തെ യുവാക്കൾ നിശബ്ദരായി കൈയടിക്കുന്ന ജനക്കൂട്ടമല്ല. അവർ സ്വന്തം അവകാശങ്ങൾ ചോദിച്ചെത്തിയ പോരാളികളാണ്. അവരെ ലാത്തികൊണ്ടും ഭയം കൊണ്ടും തളർത്താനാകില്ല ; അവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഒരു ഭരണകൂടത്തിനും എന്നെന്നും ഒളിച്ചിരിക്കാനാകില്ല!




