ഒരു രാജ്യത്തിന്റെ ശക്തി അതിന്റെ സൈനികശേഷിയിലും സാമ്പത്തികവളർച്ചയിലും മാത്രം അളക്കാൻ കഴിയില്ല. ആ രാജ്യത്തെ യുവാക്കൾക്ക് അവരുടെ ഭാവിയെക്കുറിച്ച് എത്രമാത്രം പ്രതീക്ഷയുണ്ട് എന്നതിലൂടെയും ഒരു രാജ്യത്തിന്റെ യഥാർത്ഥ ആരോഗ്യം തിരിച്ചറിയാം.

കഠിനാധ്വാനം ചെയ്താൽ മുന്നേറാമെന്ന വിശ്വാസം യുവതലമുറയ്ക്ക് നഷ്ടപ്പെട്ടാൽ, നീതിപൂർവമായ മത്സരത്തിലൂടെ അവസരങ്ങൾ നേടാമെന്ന പ്രതീക്ഷ തകർന്നാൽ, നിയമങ്ങളും സ്ഥാപനങ്ങളും എല്ലാവർക്കും ഒരുപോലെ പ്രവർത്തിക്കുന്നില്ലെന്ന തോന്നൽ ശക്തമായാൽ അത് ഒരു പരീക്ഷാ സംവിധാനത്തിന്റെ മാത്രം പരാജയമല്ല. ഒരു രാജ്യത്തിന്റെ സാമൂഹികവിശ്വാസം തകർന്നുതുടങ്ങുന്നതിന്റെ ലക്ഷണമാണ്.

ഇന്ത്യയിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് NEET എന്ന മെഡിക്കൽ പ്രവേശനപരീക്ഷ അത്തരമൊരു വിശ്വാസത്തിന്റെ പ്രതീകമാണ്.

പതിനേഴോ പതിനെട്ടോ വയസ്സുള്ള ഒരു കുട്ടി… വർഷങ്ങളായി ഉറക്കമൊഴിഞ്ഞ് പഠിക്കുന്നു. കൂട്ടുകാരുമൊത്തുള്ള ആഘോഷങ്ങളിൽനിന്ന് മാറിനിൽക്കുന്നു. മൊബൈൽ മാറ്റിവെക്കുന്നു. ഇഷ്ടപ്പെട്ട പല കാര്യങ്ങളും ഉപേക്ഷിക്കുന്നു. മാതാപിതാക്കൾ കോച്ചിങ്ങിന് അയക്കാൻ കടം വാങ്ങുന്നു. ചിലർ സ്വർണം പണയംവയ്ക്കുന്നു. ചിലരുടെ മാതാപിതാക്കൾ രാപ്പകൽ ഓവർടൈം ചെയ്യുന്നു. അവരുടെ മറ്റെല്ലാ ആവശ്യങ്ങളും മാറ്റിവെക്കുന്നു. തങ്ങളുടെ കുട്ടിയുടെ സ്വപ്നത്തിനുള്ളിൽ ആ ഒരു കുടുംബം മുഴുവൻ അവരുടെ ജീവിതം തന്നെ നിക്ഷേപിക്കുന്നു.

ആ സ്വപ്നത്തിന് അവർ നൽകിയ പേരുകളിൽ ഒന്നാണ് NEET. കഷ്ടപ്പെട്ട് പഠിച്ചാൽ തങ്ങളുടെ കുട്ടികൾക്കും ഈ പരീക്ഷ പാസ്സാക്കാൻ ആകും ഉന്നത വിദ്യാഭ്യാസം നേടാൻ ആകും എന്ന ഒരു വിശ്വാസം കൂടിയാണ് ഈ പരീക്ഷ. പക്ഷേ ഇന്ന് ആ വിശ്വാസമാണ് തകർന്നുകൊണ്ടിരിക്കുന്നത്.

നമ്മൾ സ്കൂൾ മുതൽ കേട്ട് പഴകിയ ഒരു മുതിർന്ന വാക്കുകൾ ആണ്, “നിനക്ക് വലിയ കുടുംബപാരമ്പര്യമില്ലായിരിക്കാം. നിനക്ക് പണമില്ലായിരിക്കാം. സ്വാധീനമുള്ള ബന്ധുക്കളില്ലായിരിക്കാം. പക്ഷേ നീ കഠിനാധ്വാനം ചെയ്ത് പഠിച്ചാൽ നിനക്ക് മുന്നേറാം.” മത്സരപ്പരീക്ഷകളുടെ സാമൂഹികപ്രാധാന്യം ഈ വാചകത്തിനുള്ളിലാണ്.

ഒരു ഗ്രാമത്തിലെ സാധാരണ കുടുംബത്തിലെ കുട്ടിക്കും, ഒരു നഗരത്തിലെ സമ്പന്ന കുടുംബത്തിലെ കുട്ടിക്കും ഒരേ ചോദ്യപേപ്പർ ലഭിക്കും; മാർക്ക് അടിസ്ഥാനമാക്കി സീറ്റ് ലഭിക്കും; കഴിവും അധ്വാനവുമാണ് വിജയത്തെ നിർണയിക്കുക ഇതാണ് ഇത്തരം പരീക്ഷകൾ നൽകേണ്ട അടിസ്ഥാനവിശ്വാസം.

യാഥാർഥ്യത്തിൽ സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങൾ ഇതിനകം തന്നെ മത്സരത്തെ ബാധിക്കുന്നുണ്ട്. വിലകൂടിയ പരിശീലനം, മികച്ച പഠനസൗകര്യങ്ങൾ, ഡിജിറ്റൽ വിഭവങ്ങൾ, ഭാഷാപരമായ മുൻതൂക്കം ഇതെല്ലാം ചില വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം നൽകുന്നു.

എന്നിരുന്നാലും പരീക്ഷാ പ്രക്രിയയെങ്കിലും നീതിപൂർവമായിരിക്കുമെന്ന് സാധാരണ കുടുംബങ്ങൾ വിശ്വസിക്കുന്നു. ആ അവസാന വിശ്വാസത്തിനാണ് ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ വിള്ളൽ വരുത്തുന്നത്.

ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച ആരോപണങ്ങൾ, പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ, മാർക്കിലും റാങ്കിങ്ങിലുമുണ്ടായ അസ്വാഭാവികതകൾ, ദേശീയ പരീക്ഷാ ഏജൻസിയായ NTAയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള സംശയങ്ങൾ ഇവ ഉയർന്നപ്പോൾ വിദ്യാർത്ഥികൾ ചോദിച്ചത് സങ്കീർണ്ണമായ ഒരു രാഷ്ട്രീയചോദ്യമല്ല. ഇതെല്ലാം ഉയർന്നപ്പോൾ വിദ്യാർത്ഥികൾ ചോദിച്ചത് വളരെ ലളിതമായ ഒരു ചോദ്യമായിരുന്നു:“ഞങ്ങളുടെ ഭാവി ആരുടെ കൈയിലാണ്?”

ഈ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് ഭരണകൂടമാണ്. പരീക്ഷാ നടത്തിപ്പിലെ സംശയങ്ങൾ നീക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനും പരീക്ഷാ ഏജൻസിക്കും ഉണ്ട്. വിദ്യാർത്ഥികളെ കേൾക്കുക, ആരോപണങ്ങളെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തുക, സംഭവിച്ച വീഴ്ചകൾ തുറന്നുപറയുക, ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുക ഇതൊക്കെയാണ് ഒരു ജനാധിപത്യ ഭരണകൂടത്തിൽ പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ പ്രതിഷേധക്കാരോട് സംവദിക്കുന്നതിനു പകരം പോലീസ് ശക്തി ഉപയോഗിക്കുമ്പോൾ, വിഷയം പരീക്ഷാ ക്രമക്കേടുകളിൽനിന്ന് ജനാധിപത്യാവകാശങ്ങളുടെ ലംഘനത്തിലേക്കും വ്യാപിക്കുന്നു.

വിദ്യാർത്ഥികളുടെ ആശങ്കകൾ കേന്ദ്ര സർക്കാർ കേൾക്കേണ്ടതായിരുന്നു. സുതാര്യമായ അന്വേഷണം പ്രഖ്യാപിക്കേണ്ടതായിരുന്നു. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉത്തരവാദികളായവരെ കണ്ടെത്തേണ്ടതായിരുന്നു. പക്ഷേ മറുപടിയായി വന്നത് ഇതൊന്നുമല്ല.
ലാത്തികളായിരുന്നു; അധികാരം ഉപയോഗിച്ച് ഭീകരമായ അടിച്ചമർത്തൽ ആയിരുന്നു.

ഡൽഹിയിലെ തെരുവുകളിൽ നമ്മൾ കണ്ടത് എന്താണ്? സമാധാനപരമായി പ്രതിഷേധ സമരം നടത്തിയ കുട്ടികളുടെ നേരെ ലാത്തിയുമായി ഓടുന്ന പോലീസ്. ഓടിരക്ഷപ്പെടുന്ന വിദ്യാർത്ഥികളെ പിടിച്ചുവലിക്കുന്ന പോലീസ്. ഓടിച്ചിട്ട് മനുഷ്യത്വം മരവിച്ച കാട്ടാളന്മാരെ പോലെ പോലീസ് തല്ലിച്ചതക്കുന്നു, നിലത്തുവീണ കുട്ടികളെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ. പേടിച്ചുനിൽക്കുന്ന പെൺകുട്ടികൾ.തലയിൽനിന്ന് രക്തമൊഴുകുന്ന ചെറുപ്പക്കാർ. കൈകൾ ഉയർത്തി, “ഞങ്ങളെ ഒന്ന് കേൾക്കൂ” എന്ന് പറയുന്നവരെ പോലും ബലമായി പിടിച്ചുകൊണ്ടുപോകുന്ന പോലീസ്. പോലീസുകാർ മാത്രമല്ല മർദ്ദകരായി എത്തിയത് – അവർ RSS സംഘപരിവാർ പ്രവർത്തകരും പോലീസ് യൂണിഫോമിൽ പേ പിടിച്ചു അക്രമത്തിന് നേതൃത്വം കൊടുക്കുകയാണ്.

ഈ കുട്ടികൾ എന്താണ് ആവശ്യപ്പെട്ടത്? പരീക്ഷ സുതാര്യമായിരിക്കണം. ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം വേണം. ഉത്തരവാദികൾക്കെതിരെ നടപടി വേണം. രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി രാജിവെക്കണം.

ഇതൊക്കെ ആവശ്യപ്പെടുന്നത് രാജ്യദ്രോഹമാണോ?
സ്വന്തം ഭാവിയെക്കുറിച്ച് ചോദിക്കുന്നത് കുറ്റമാണോ?
ഭരണഘടന നൽകിയ പ്രതിഷേധാവകാശം ഉപയോഗിക്കുന്നത് അക്രമമാണോ?

ഡൽഹിയിലെ തെരുവുകളിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ നടന്ന പോലീസ് നടപടി നിരവധി ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.
ഒരു സർക്കാർ സ്വന്തം വിദ്യാർത്ഥികളെ കേൾക്കുന്നതിനുപകരം അവരെ ശാരീരികമായി നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ, അത് ഭരണകൂടത്തിന്റെ ശക്തിയല്ല തെളിയിക്കുന്നത്. അതിന്റെ രാഷ്ട്രീയ ദൗർബല്യമാണ്.

ജനങ്ങളെ വിശ്വസിക്കുന്ന ഭരണകൂടം ചോദ്യങ്ങൾക്ക് മറുപടി പറയും. സ്വന്തം പ്രവർത്തനത്തിൽ ആത്മവിശ്വാസമുള്ള സർക്കാർ അന്വേഷണത്തെ ഭയക്കില്ല. പക്ഷേ ജനങ്ങളെ ഭയക്കുന്ന ഭരണകൂടം ബാരിക്കേഡുകൾ ഉയർത്തും. പോലീസിനെ ഇറക്കും. അറസ്റ്റ് ചെയ്യും. കേസെടുക്കും. ലാത്തി വീശും. അതുകൊണ്ട് ഡൽഹിയിൽ നമ്മൾ കണ്ടത് ഒരു ശക്തമായ സർക്കാരിന്റെ ആത്മവിശ്വാസമല്ല. ഒരു ദുർബലമായ ഭരണകൂടത്തിന്റെ ഭയമാണ്.

പോലീസിന്റെ ലാത്തിയടിയേറ്റുവീഴുന്ന ഓരോ കുട്ടിയെയും കാണുമ്പോഴും മറ്റൊരു കാര്യം കൂടി ഓർക്കണം. ആ പോലീസുകാർക്കും മക്കളുണ്ടാകാം. അവരുടെ മക്കളും നാളെ ഇതുപോലൊരു പരീക്ഷ എഴുതേണ്ടവരാകാം. അവരുടെ വീടുകളിലും ഒരു കുട്ടിയുടെ പഠനത്തിനുവേണ്ടി ഉറക്കമില്ലാത്ത രാത്രികൾ ഉണ്ടാകാം. അവരുടെ ഭാര്യമാരും ഭർത്താക്കന്മാരും മക്കളുടെ ഭാവിക്കുവേണ്ടി പണം കൂട്ടിവയ്ക്കുന്നുണ്ടാകാം. എന്നിട്ടും ഉത്തരവ് കിട്ടുമ്പോൾ അവർ ലാത്തി ഉയർത്തുന്നു. ആ ലാത്തി പതിക്കുന്നത് ഒരു കുട്ടിയുടെ പുറത്ത് മാത്രമല്ല. ഒരു കുടുംബത്തിന്റെ വർഷങ്ങളായുള്ള പ്രതീക്ഷയിലാണ്. ഒരു അമ്മയുടെ പ്രാർത്ഥനയിലാണ്. ഒരു അച്ഛന്റെ കടബാധ്യതയിലാണ്. ഒരു കുട്ടിയുടെ ആത്മവിശ്വാസത്തിലാണ്.

ഈ സമരം ഇന്നലെ പെട്ടെന്ന് തുടങ്ങിയതല്ല. സിജെപി ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ കൂട്ടായ്മയും വിദ്യാർത്ഥി സംഘടനകളും യുവജന പ്രസ്ഥാനങ്ങളും തുടക്കഘട്ടം മുതൽ തെരുവിലുണ്ട്. എസ്.എഫ്.ഐ., എ.ഐ.എസ്.എ., എ.ഐ.എസ്.എഫ്. ഉൾപ്പെടെയുള്ള ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ വിവിധ ഘട്ടങ്ങളിൽ പ്രതിഷേധങ്ങളുമായി രംഗത്തുവന്നു. വിദ്യാർത്ഥികൾ അറസ്റ്റ് ചെയ്യപ്പെട്ടു. പോലീസ് മർദനം ഏറ്റുവാങ്ങി. നിരാഹാരസമരങ്ങൾ നടന്നു. വിഷയത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ നിരവധി ചെറുപ്പക്കാർ ദിവസങ്ങളോളം തെരുവിൽ നിന്നു.സോനം വാങ്ചുക്ക് അവർക്ക് വേണ്ടി നിരാഹാരം കിടന്നു. ഇടതുപക്ഷ എംപി മാർ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ആയി ഈ കുട്ടികൾക്കൊപ്പം ഉണ്ട്. സിപിഐഎം നേതാക്കൾ അവിടെ സമരത്തിനൊപ്പം ഉണ്ട്.

പിന്നീട് സമരം കൂടുതൽ ശ്രദ്ധ നേടിയപ്പോൾ മറ്റു പ്രതിപക്ഷ പാർട്ടികളും നേതാക്കളും രംഗത്തെത്തി. അവർ വരട്ടെ. ഈ പോരാട്ടത്തിന് ലഭിക്കുന്ന ഓരോ പിന്തുണയും സ്വാഗതാർഹമാണ്.അതിനപ്പുറത്തേക്ക് ഞാൻ അതിനെ രാഷ്ട്രീയ വിമർശനം ഈ അവസരത്തിൽ നടത്തുന്നില്ല.

പക്ഷേ ക്യാമറകൾ എത്തുന്നതിനു മുമ്പ് തെരുവിലുണ്ടായിരുന്നവരെ മറക്കരുത്. ദേശീയ മാധ്യമങ്ങൾ വിഷയം ഏറ്റെടുക്കുന്നതിനു മുമ്പ് മുദ്രാവാക്യം വിളിച്ചവരെ മറക്കരുത്. ലാത്തിയടി ഏറ്റുവാങ്ങിയവരെയും അറസ്റ്റ് ചെയ്യപ്പെട്ടവരെയും ചരിത്രത്തിൽനിന്ന് മായ്ക്കരുത്.

ഇത് ഒരു പാർട്ടിയുടെ മാത്രം സമരവുമല്ല. ഇത് ഒരു തലമുറയുടെ ഭാവിക്കുവേണ്ടിയുള്ള സമരമാണ്.

NEET വിഷയത്തെ ഒരു പരീക്ഷാ നടത്തിപ്പിലെ സാങ്കേതിക പിഴവായി മാത്രം കാണുന്നത് ശരിയല്ല. ഇത് ഇന്ത്യയിലെ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള പ്രശ്നമാണ്. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ സുതാര്യതയെക്കുറിച്ചുള്ള പ്രശ്നമാണ്. സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്ക് ലഭിക്കേണ്ട അവസരസമത്വത്തെക്കുറിച്ചുള്ള പ്രശ്നമാണ്. അതിലുപരി ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കാനുള്ള പൗരന്റെ അവകാശത്തെക്കുറിച്ചുള്ള പ്രശ്നമാണ്.

കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയിൽ പ്രതിഷേധങ്ങളെ ഭരണകൂടത്തിനെതിരായ ശത്രുതയായി ചിത്രീകരിക്കുന്ന പ്രവണത ശക്തമാണ്. വിദ്യാർത്ഥികൾ ചോദ്യം ചെയ്താൽ അവരെ രാഷ്ട്രീയപ്രേരിതരെന്ന് വിളിക്കുന്നു. കർഷകർ പ്രതിഷേധിച്ചാൽ അവരെ തീവ്രവാദികൾ എന്ന് പറയുന്നു. തൊഴിലാളികൾ അവകാശം ചോദിച്ചാൽ വികസനവിരുദ്ധരാക്കുന്നു. സാമൂഹിക പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും കേസുകളിലൂടെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നു. പ്രതിഷേധം ജനാധിപത്യത്തിന്റെ ശ്വാസമാണ്. ചോദ്യങ്ങൾ ഭരണകൂടത്തിന്റെ ശത്രുക്കളല്ല.

ഭരണകൂടം തെറ്റായ തീരുമാനങ്ങൾ ആണ് എടുക്കുന്നതെങ്കിൽ അത് തിരുത്താനുള്ള ജനങ്ങളുടെ അവകാശത്തിന്റെ പ്രകടനമാണ് പ്രതിഷേധം. അതിനെ ലാത്തികൊണ്ട് നേരിടുന്ന നിമിഷം, പ്രശ്നം പ്രതിഷേധക്കാരുടേതല്ലാതാകുന്നു. ജനാധിപത്യത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള പ്രശ്നമായി അത് മാറുന്നു.

ഇത്തരം സമരങ്ങളിൽ മാധ്യമങ്ങളുടെ പങ്കും പരിശോധിക്കപ്പെടണം. ഭരണകൂടത്തോട് ചോദിക്കേണ്ട ചോദ്യങ്ങൾ പലപ്പോഴും മാധ്യമങ്ങൾ പ്രതിഷേധക്കാരോടാണ് ചോദിക്കുന്നത്. “എന്തിനാണ് തെരുവിലിറങ്ങിയത്?” “ഇത് രാഷ്ട്രീയപ്രേരിതമല്ലേ?” “രാജ്യത്തിന്റെ പ്രതിച്ഛായയെ ഇത് ബാധിക്കില്ലേ?” എന്നാൽ ചോദിക്കേണ്ട യഥാർത്ഥ ചോദ്യങ്ങൾ മറ്റൊന്നാണ്.
പരീക്ഷാ ക്രമക്കേടുകൾ എങ്ങനെ സംഭവിച്ചു?
വിദ്യാർത്ഥികളുടെ പരാതികൾ എന്തുകൊണ്ട് സമയത്ത് കേട്ടില്ല?
അന്വേഷണം എത്രമാത്രം സുതാര്യമാണ്?
ഉത്തരവാദിത്തമുള്ളവർ ആരാണ്?
വിദ്യാർത്ഥികളുടെ നേരെ പോലീസ് ശക്തി ഉപയോഗിച്ചത് എന്തുകൊണ്ടാണ്?

ഒരു സമരത്തിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്ന് പറയുന്നതിലൂടെ അതിന്റെ നീതിപൂർവമായ ആവശ്യങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല.
വിദ്യാഭ്യാസം രാഷ്ട്രീയമാണ്. പരീക്ഷയിലെ സുതാര്യത രാഷ്ട്രീയമാണ്. ഒരു ദരിദ്രകുടുംബത്തിലെ കുട്ടിക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കുമോ എന്നത് രാഷ്ട്രീയമാണ്. ആരുടെയെങ്കിലും പണവും സ്വാധീനവും മറ്റൊരാളുടെ അവസരം തട്ടിയെടുക്കുമോ എന്നത് രാഷ്ട്രീയമാണ്. പോലീസ് ആരെ അടിക്കുന്നു, ആരെ സംരക്ഷിക്കുന്നു എന്നതും രാഷ്ട്രീയമാണ്.

അതുകൊണ്ട് “രാഷ്ട്രീയം പറയരുത്” എന്ന വാദം പലപ്പോഴും നിലവിലുള്ള അനീതിയെ ചോദ്യം ചെയ്യരുത് എന്ന ആവശ്യമായി മാറുന്നു.

ഞാൻ കഷ്ടപ്പെട്ട് പഠിച്ചാൽ മാത്രം മതിയോ?
പരീക്ഷ നീതിപൂർവമായിരിക്കുമോ?
എന്റെ അവസരം ആരെങ്കിലും പണവും സ്വാധീനവും ഉപയോഗിച്ച് തട്ടിയെടുക്കുമോ?
എന്റെ വർഷങ്ങളായുള്ള അധ്വാനത്തിന് ആരാണ് ഉറപ്പ് നൽകുന്നത്?

ഇത്തരം ചോദ്യങ്ങൾ ഒരു തലമുറ ചോദിക്കാൻ തുടങ്ങുമ്പോൾ അത് വെറുമൊരു പരീക്ഷയുടെ പ്രതിസന്ധിയല്ല. ഒരു രാജ്യത്തിന്റെ വിശ്വാസ്യതയുടെ പ്രതിസന്ധിയാണ്.

എല്ലാ കുട്ടികൾക്കും മെഡിക്കൽ സീറ്റ് കിട്ടണമെന്നില്ല. മത്സരപ്പരീക്ഷയിൽ വിജയവും പരാജയവും ഉണ്ടാകും. പക്ഷേ താൻ പരാജയപ്പെട്ടത് നീതിപൂർവമായ ഒരു മത്സരത്തിലാണെന്ന വിശ്വാസമെങ്കിലും ഓരോ കുട്ടിക്കും ഉണ്ടാകണം.തന്റെ അവസരം ആരും കവർന്നെടുത്തതല്ലന്ന ഉറപ്പ് അവനുണ്ടാകണം. താൻ പരാജയപ്പെട്ടത് മറ്റൊരാളുടെ പണത്തിനോ അധികാരത്തിനോ ചോദ്യപേപ്പർ ചോർച്ചയ്ക്കോ മൂലമല്ലന്ന് ബോധ്യം അവർക്കുണ്ടാകണം. ആ വിശ്വാസം സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

അതുകൊണ്ടാണ് ഈ സമരം വെറും NEET സമരമല്ലെന്ന് പറയുന്നത്. ഇത് വിദ്യാഭ്യാസത്തിന്റെ മാന്യത സംരക്ഷിക്കാനുള്ള സമരമാണ്. സാധാരണക്കാരന്റെ കുട്ടിക്കും തുല്യ അവസരം ലഭിക്കണമെന്ന ആവശ്യമാണ്. ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം സംരക്ഷിക്കാനുള്ള സമരമാണ്. ജനാധിപത്യത്തെ ജീവനോടെ നിലനിർത്താനുള്ള പോരാട്ടമാണ്.

ലാത്തിക്ക് ഒരു ജാഥയെ കുറച്ചുനേരം ചിതറിക്കാനാകും. ബാരിക്കേഡിന് ഒരു വഴി തടയാനാകും. ജയിലിന് മനുഷ്യരുടെ ശരീരങ്ങളെ പൂട്ടിയിടാനാകും. കള്ളക്കേസുകൾക്ക് ശബ്ദങ്ങളെ കുറച്ചുകാലം വൈകിപ്പിക്കാനാകും. പക്ഷേ നീതിക്കുവേണ്ടി ഉയരുന്ന ഒരു തലമുറയുടെ ബോധത്തെ എന്നെന്നേക്കുമായി അടിച്ചമർത്താൻ ഒരു ഭരണകൂടത്തിനും കഴിയില്ല.

ഒരു വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്താൽ മറ്റൊരാൾ ചോദ്യം ചോദിക്കും. ഒരു ശബ്ദം ഇല്ലാതാക്കിയാൽ നൂറ് ശബ്ദങ്ങൾ ഉയരും. ഒരു തെരുവിൽ സമരം തകർത്താൽ മറ്റൊരു നഗരത്തിൽ അത് വീണ്ടും ഉയരും.

ഓർക്കുക… ലാത്തികൊണ്ട് അടിച്ചമർത്താൻ കഴിയുന്നത് ശരീരങ്ങളെയാണ്; ഒരു തലമുറയുടെ സ്വപ്നങ്ങളെയല്ല.
ചരിത്രം അതിന് സാക്ഷിയാണ്.