ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷി ആയിരുന്ന ഇടതുപക്ഷത്തിന് വലിയ തിരിച്ചടി നേരിട്ടു. ഈ പരാജയം പാർട്ടിയെ സംബന്ധിച്ചിടത്തോളം ആത്മപരിശോധന ആവശ്യപ്പെടുന്ന ഒരു വലിയ രാഷ്ട്രീയ സന്ദേശമാണ്. ഈ തോൽവിയെ വെറും “ഭരണവിരുദ്ധ വികാരം”, “മത-ജാതി വോട്ട് ഏകീകരണം” എന്ന സ്ഥിരം പല്ലവികളിൽ ഒതുക്കികെട്ടാൻ പാടില്ല അതിന്റെ അതിന്റെ അടിസ്ഥാന പ്രശ്‍നങ്ങളെ കണ്ടെത്തി അഡ്രസ്സ് ചെയ്യേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തെ സ്നേഹിക്കുന്നവരും അതിന് വിരുദ്ധ ആശയവുമായി നിൽക്കുന്നവരുമായി പലപ്പോഴും സംസാരിക്കാൻ ഇടയായിട്ടുണ്ട്. അവരോടൊക്കെ സംസാരിച്ചതിൽ നിന്നും എനിക്ക് തോന്നുന്ന ചില കാര്യങ്ങൾ തുറന്ന് എഴുതുകയാണ്.
📊 വോട്ട് വിഹിതത്തിലെ മാറ്റങ്ങളും കണക്കുകളും
2021-ൽ എൽ.ഡി.എഫ് 99 സീറ്റുകൾ നേടി LDF തുടർഭരണം നിലനിർത്തിയിരുന്നു. അന്ന് എൽ.ഡി.എഫിന്റെ വോട്ട് ഷെയർ 45.43% ആയിരുന്നു. യു.ഡി.എഫിന് 41 സീറ്റുകളും 39.47% വോട്ടുമായിരുന്നു. എൻ.ഡി.എയ്ക്ക് സീറ്റ് ഒന്നുമില്ലാതെ 12.41% വോട്ട് ലഭിച്ചിരുന്നു. എന്നാൽ 2026 തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രകാരം യു.ഡി.എഫിന് 46.55% വോട്ടും, എൽ.ഡി.എഫിന് 37.64% വോട്ടും, എൻ.ഡി.എയ്ക്ക് 14.20% വോട്ടുമാണ് ലഭിച്ചത്. സീറ്റ് വിഹിതത്തിൽ യു.ഡി.എഫ് 72.8% സീറ്റുകൾ നേടിയപ്പോൾ, എൽ.ഡി.എഫ് 25% സീറ്റുകളിലേക്ക് ചുരുങ്ങി. അതായത്, ഏകദേശം 9 ശതമാനം വോട്ട് വ്യത്യാസം കൊണ്ട് 67സീറ്റിന്റെ ഭൂരിപക്ഷമായി മാറി. കേരളത്തിലെ ത്രികോണ മത്സരങ്ങളിൽ ചെറിയ വോട്ട് ഷിഫ്റ്റുകൾ പോലും ജയപരാജയങ്ങളെ നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
2021 മുതൽ 2026 വരെ ഉണ്ടായ മാറ്റം;
എൽ.ഡി.എഫ്: 47.23% → 37.64% (ഇടിവ് 9.59%)
യു.ഡി.എഫ്: 39.47% → 46.55% (വർധന 7.08%)
എൻ.ഡി.എ: 12.36% → 14.20% (വർധന 1.84%)
അതായത്, ഇടതുപക്ഷത്തിന്റെ നഷ്ടം മുഴുവനും യു.ഡി.എഫിലേക്കാണ് പോയത് എന്ന് പറയാൻ കഴിയില്ല. അതിലെ ഒരു പ്രധാന പങ്ക് യു.ഡി.എഫിലേക്കു പോയിട്ടുണ്ട്. എന്നാൽ ഒരു ചെറിയതെങ്കിലും നിർണായകമായ ഭാഗം എൻ.ഡി.എയും പിടിച്ചെടുത്തിട്ടുണ്ടാകാം.
LDF തോറ്റ മണ്ഡലങ്ങളിൽ ഏകദേശം 11% സീറ്റുകൾ 5,000 വോട്ടിനുള്ളിലും, ഏകദേശം 30% സീറ്റുകൾ 10,000വോട്ടിനുള്ളിലും, ഏകദേശം 56% സീറ്റുകൾ 20,000 വോട്ടിനുള്ളിലുമാണ് നഷ്ടമായത്. അതുകൊണ്ട് ഈ തോൽവി ഇടതുപക്ഷത്തിനെ തുടച്ചു നീക്കി എന്ന നരേഷൻ യുക്തിക്ക് നിരക്കുന്നതല്ല.പക്ഷേ ഇത് ഗൗരവമുള്ള രാഷ്ട്രീയ മുന്നറിയിപ്പാണ്.
കഴക്കൂട്ടം 428 വോട്ട്, ചിറയിൻകീഴ് 1,422 വോട്ട്, കോഴിക്കോട് നോർത്ത് 1,483 വോട്ട്, പാലാ 2,991 വോട്ട്, കോങ്ങാട് 3,706 വോട്ട്, റാന്നി 4,344 വോട്ട്, ഉദുമ 4,847 വോട്ട്, നേമം 4,978 വോട്ട്; ഇവയെല്ലാം തിരിച്ചുപിടിക്കാവുന്ന രാഷ്ട്രീയ മണ്ഡലങ്ങൾ തന്നെയാണെന്നതിൽ സംശയമില്ല. അതേ സമയം 20,000ൽ കൂടുതൽ ഭൂരിപക്ഷത്തിൽ നഷ്ടപ്പെട്ട മണ്ഡലങ്ങളുടെ എണ്ണം കൂടിയത് കൃത്യമായ വിശകലനം ചെയ്യേണ്ടതുണ്ട്.
🗳️ എൻ.ഡി.എ ജയിച്ച മണ്ഡലങ്ങളുടെ സൂചനകൾ
ഇപ്പോൾ എൻ.ഡി.എ ജയിച്ച മൂന്ന് മണ്ഡലങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
- ചാത്തന്നൂർ മണ്ഡലത്തിൽ ബി.ജെ.പിയിലെ ബി.ബി. ഗോപകുമാർ 51,923 വോട്ടുകൾ നേടി വിജയിച്ചപ്പോൾ (2021-ൽ 42,090 വോട്ട്, 30.61%), എൽ.ഡി.എഫിന്റെ അഡ്വ. ആർ. രാജേന്ദ്രൻ 47,525 വോട്ടുകളും (2021-ൽ ജി. എസ്. ജയലാലിന് 59,296 വോട്ട്, 43.12%) യു.ഡി.എഫിന്റെ സൂരജ് രവി 35,276 വോട്ടുകളും (2021-ൽ എൻ. പീതാംബരക്കുറുപ്പിന് 34,280 വോട്ട്, 24.93%) നേടി. 2021-നെ അപേക്ഷിച്ച് എൽ.ഡി.എഫിന് ഏകദേശം 11,771വോട്ടിന്റെ വൻ കുറവുണ്ടായപ്പോൾ, ബി.ജെ.പി 9,833 വോട്ടുകൾ വർദ്ധിപ്പിച്ചു; യു.ഡി.എഫിന് വലിയ വളർച്ചയുണ്ടായില്ല. എൽ.ഡി.എഫ് വോട്ടുകൾ നേരിട്ട് ബി.ജെ.പിയിലേക്ക് മാറുകയോ വോട്ടർമാർ വിട്ടുനിൽക്കുകയോ ചെയ്തതിലൂടെ ആകാം ഈ ഷിഫ്റ്റ് ഉണ്ടായത് അതായത് ഹിന്ദു വോട്ടർമാർക്കിടയിലെ വലതുപക്ഷ ഷിഫ്റ്റ് ആണിത് സൂചിപ്പിക്കുന്നത്.
- കഴക്കൂട്ടത്ത് ബി.ജെ.പിയുടെ വി. മുരളീധരൻ 46,564 വോട്ടും 35.39% ശതമാനവും നേടി നേരിയ വിജയം നേടിയപ്പോൾ (2021-ൽ ശോഭാ സുരേന്ദ്രന് 40,193 വോട്ടും 29.06%), എൽ.ഡി.എഫിന്റെ കടകംപള്ളി സുരേന്ദ്രൻ 46,136 വോട്ടും 35.06% ശതമാനവും (2021-ൽ 63,690 വോട്ടും 46.04%), യു.ഡി.എഫിന്റെ അഡ്വ. ടി. ശരത്‌ചന്ദ്ര പ്രസാദ് 37,183 വോട്ടും 28.26% ശതമാനവും (2021-ൽ ഡോ. എസ്. എസ്. ലാലിന് 32,995 വോട്ടും 23.85%) നേടി. എൽ.ഡി.എഫിന്റെ വോട്ടിൽ ഏകദേശം 17,554 വോട്ടിന്റെ ഭീമമായ ഇടിവുണ്ടായപ്പോൾ ബി.ജെ.പി 6,371 വോട്ടും യു.ഡി.എഫ് 4,188 വോട്ടും കൂട്ടി. സ്ഥാനാർത്ഥിയോടുള്ള മടുപ്പ്, പ്രാദേശിക ഭരണവിരുദ്ധ വികാരം, വോട്ട് ചെയ്യാൻ വരാതിരിക്കൽ എന്നിവയാണ് ബാക്കി വോട്ട് ചോർച്ചയ്ക്ക് കാരണമായത് എന്ന് കണക്കാക്കാം; കേവലം 428 വോട്ടിന് മണ്ഡലം നഷ്ടപ്പെട്ടത് ഈ ചോർച്ച എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്നു.
- നേമം മണ്ഡലത്തിൽ ബി.ജെ.പിയുടെ രാജീവ് ചന്ദ്രശേഖർ 57,192 വോട്ടും 40.75% ശതമാനവും നേടി മണ്ഡലം തിരിച്ചുപിടിച്ചപ്പോൾ (2021-ൽ കുമ്മനം രാജശേഖരന് 51,888 വോട്ടും 35.54%), എൽ.ഡി.എഫിന്റെ വി. ശിവൻകുട്ടി 52,214 വോട്ടും 37.20% ശതമാനവും (2021-ൽ 55,837 വോട്ടും 38.24%), യു.ഡി.എഫിന്റെ അഡ്വ. കെ. എസ്. ശബരീനാഥൻ 29,730 വോട്ടും 21.18% ശതമാനവും (2021-ൽ കെ. മുരളീധരന് 36,524 വോട്ടും 25.01%) നേടി. നേമത്ത് എൽ.ഡി.എഫിന് 3,623 വോട്ടിന്റെ ചെറിയ ഇടിവുണ്ടായപ്പോൾ യു.ഡി.എഫിന് 6,794 വോട്ടിന്റെ വലിയ തകർച്ചയുണ്ടായി. യു.ഡി.എഫിന്റെ ഈ തകർച്ച മുതലെടുത്തും സ്വന്തം വോട്ടുബാങ്ക് ശക്തമാക്കിയും ബി.ജെ.പി ഇവിടെ 5,304 വോട്ടുകൾ നേരിട്ട് വർദ്ധിപ്പിച്ച് നിർണ്ണായക വിജയം ഉറപ്പാക്കുകയായിരുന്നു.
ചാത്തന്നൂർ, കഴക്കൂട്ടം, നേമം എന്നീ മണ്ഡലങ്ങൾ നൽകുന്ന സൂചന വ്യക്തമാണ്. ഹിന്ദു വോട്ടുകൾ ഒന്നടങ്കം ബി.ജെ.പിയിലേക്ക് പോയി എന്ന നിഗമനം തെറ്റാണ്; എന്നാൽ നഗര-അർദ്ധനഗര മേഖലകളിലും ചില ജാതി-സാമൂഹിക ഘടകങ്ങൾ സ്വാധീനിക്കുന്ന ഇടങ്ങളിലും ബി.ജെ.പി സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു. പരമ്പരാഗത രാഷ്ട്രീയ ശൈലി കൊണ്ട് മാത്രം ഇടതുപക്ഷത്തിന് ഇനി ഈ മാറ്റത്തെ ചെറുക്കാനാകില്ല. ആ ശൈലിയിൽ മാറ്റം വരണം.
🛑 തിരിച്ചടിയുടെ പ്രധാന കാരണങ്ങൾ
- മുസ്ലിം വോട്ട് യു.ഡി.എഫിലേക്ക് കേന്ദ്രീകരിച്ചതും എൽ.ഡി.എഫിന്റെ വീഴ്ചയും : മലപ്പുറത്ത് 16-ൽ 16 സീറ്റും യു.ഡി.എഫ് നേടിയതും, ലീഗ് കോട്ടകളിൽ ഭൂരിപക്ഷം കുതിച്ചുയർന്നതും കേവലമൊരു ‘മതപരമായ വോട്ട് ധ്രുവീകരണം’ മാത്രമായി കാണുന്നത് രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ല. ഇതിന് പിന്നിൽ ശക്തമായ ചില പെർസെപ്ഷൻ തന്ത്രങ്ങളും യഥാർത്ഥ സുരക്ഷാഭയവുമുണ്ട്.കേന്ദ്രത്തിലെ സംഘപരിവാർ ഭരണത്തിൻ കീഴിൽ പൗരത്വ ഭേദഗതി നിയമം (CAA), NRC എന്നിവ ഉയർത്തിയ ഭീതി ചെറുതല്ല. ഈ സാഹചര്യത്തിൽ കേന്ദ്ര ഭരണത്തിനെതിരെ ഡൽഹിയിൽ ശക്തമായ പ്രതിരോധം തീർക്കാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിനേ സാധിക്കൂ എന്നൊരു പൊതുവികാരം മുസ്ലിം സമൂഹത്തിൽ രൂപപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ് സർക്കാരും ആർ.എസ്.എസുമായി മൃദുസമീപനം പുലർത്തുന്നു എന്ന തരത്തിൽ യു.ഡി.എഫും ജമാഅത്തെ ഇസ്‌ലാമി, പോപ്പുലർ ഫ്രണ്ട് അനുഭാവികൾ തുടങ്ങിയ സംഘടനകളും നിരന്തരമായി നടത്തിയ പ്രചാരണങ്ങൾ താഴെത്തട്ടിൽ സ്വാധീനം ചെലുത്തി. തൃശൂരിലെ ബി.ജെ.പി വിജയം, പൂരം കലക്കൽ വിവാദം, എ.ഡി.ജി.പി – ആർ.എസ്.എസ് കൂടിക്കാഴ്ച എന്നിവ എൽ.ഡി.എഫ് വിരുദ്ധ പെർസെപ്ഷൻ ശക്തമാക്കി.ന്യൂനപക്ഷ സംരക്ഷണത്തിൽ തങ്ങളാണ് മുന്നിലെന്ന ഇടതുപക്ഷത്തിന്റെ അവകാശവാദം വോട്ടർമാർക്കിടയിൽ പൂർണ്ണമായി വിശ്വാസ്യത നേടിയില്ല. വെറും വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് ഇതെന്ന പ്രചാരണത്തെ പ്രതിരോധിക്കാൻ എൽ.ഡി.എഫ് സംഘടനാ സംവിധാനത്തിന് കഴിഞ്ഞില്ല.
- ക്രിസ്ത്യൻ വോട്ട്: ‘ബ്ലോക്ക് വോട്ട്’ സിദ്ധാന്തത്തിന്റെ പൊള്ളത്തരം. മധ്യകേരളത്തിൽ (കോട്ടയം, ഇടുക്കി,എറണാകുളം) യു.ഡി.എഫ് നേടിയ മുന്നേറ്റം പള്ളികളുടെ നിർദ്ദേശപ്രകാരമുള്ള ഒരു ‘ക്രിസ്ത്യൻ ബ്ലോക്ക് വോട്ട്’ ആണെന്ന വാദം തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കണക്കുകൾ തന്നെ തെളിയിക്കുന്നു. പാലാ (2991), വൈക്കം (1360), പൂഞ്ഞാർ (6693), കാഞ്ഞിരപ്പള്ളി (5772) തുടങ്ങിയ മണ്ഡലങ്ങളിലെ കുറഞ്ഞ ഭൂരിപക്ഷം കാണിക്കുന്നത് അവിടെ ഒരു വശത്തേക്ക് മാത്രമുള്ള കൂട്ടത്തോടെയുള്ള ഒഴുക്ക് (Wave) ഉണ്ടായിട്ടില്ല എന്നാണ്. ക്രിസ്ത്യൻ ജനസംഖ്യ ശക്തമായ തൃശൂരിൽ എൽ.ഡി.എഫിന് മികച്ച വിജയം നേടാനായി. ഇത് വോട്ട് ഏകീകരണ വാദത്തെ പാടെ തള്ളിക്കളയുന്നു.എന്നാൽ യഥാർത്ഥ കാരണങ്ങൾ; കാർഷിക മേഖലയിലെ കടുത്ത പ്രതിസന്ധിയും റബ്ബറിന് തറവില പ്രഖ്യാപിക്കുന്നതിൽ വന്ന പരാജയവും കർഷക കുടുംബങ്ങളെ സർക്കാരിനെതിരെ ചിന്തിപ്പിച്ചു. മലയോര മേഖലകളിൽ വന്യജീവി ആക്രമണം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടായപ്പോൾ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടത് കനത്ത ഭരണവിരുദ്ധ വികാരത്തിന് കാരണമായി. ഇടതുമുന്നണിയിലെ കേരള കോൺഗ്രസ് (എം) പോലുള്ള ഘടകകക്ഷികൾക്ക് തങ്ങളുടെ പരമ്പരാഗത വോട്ടുകൾ പൂർണ്ണമായി എൽ.ഡി.എഫ് പെട്ടിയിലാക്കാൻ കഴിഞ്ഞതുമില്ല, അതിന് അവരുടെ തന്നെ ഇടയിലെ ചില കൺഫ്യൂഷൻസും കാരണമായി.
- SIR (Special Intensive Revision) എന്ന ‘എക്സ്-ഫാക്ടർ’ : 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും നിർണ്ണായകവും എന്നാൽ വേണ്ടത്ര ചർച്ച ചെയ്യപ്പെടാത്തതുമായ ഒന്നാണ് വോട്ടർപട്ടിക പുതുക്കൽ (SIR).വോട്ടർപട്ടികയിൽ നിന്ന് 9 ലക്ഷത്തോളം പേരെ ഒഴിവാക്കിയത് എൽ.ഡി.എഫിനെ എങ്ങനെ ബാധിച്ചു എന്നത് സൂക്ഷ്മമായി പരിശോധിക്കണം. അതുപോലെ ആസാം പോലുള്ള സംസ്ഥാനങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, വോട്ടർപട്ടികയിലെ ഈ ‘ശുദ്ധീകരണം’ മുസ്ലിം സമൂഹത്തിൽ വലിയൊരു ഭയമുണ്ടാക്കി. തങ്ങളുടെ വോട്ടവകാശം നിഷേധിക്കപ്പെടുമോ, പൗരത്വം ഇല്ലാതാകുമോ എന്ന ഭീതി അഡ്മിനിസ്ട്രേറ്റീവ് നടപടികൾക്ക് രാഷ്ട്രീയ നിറം നൽകി. “പിണറായി ആണ് SIR കൊണ്ടുവന്നത്” എന്ന പ്രചാരണം ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായി. വോട്ടർപട്ടികയിലെ തിരുത്തലുകൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ECI)നേരിട്ടുള്ള ഉത്തരവാദിത്തമാണെങ്കിലും, സംസ്ഥാന ഭരണകൂടത്തിന്റെ സഹായത്തോടെയാണ് ഇത് നടന്നത് എന്നതിനാൽ അതിന്റെ കുറ്റം എൽ.ഡി.എഫിന്റെ മേൽ കെട്ടിവെക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. അങ്ങനെ മുസ്ലിം ജനവിഭാഗങ്ങൾ, ഇതിനെതിരെ പ്രതികരിക്കാനും തങ്ങളുടെ പൗരത്വം സുരക്ഷിക്കാനും യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യാൻ ഇത് മാനസികമായ ഒരു പ്രേരണ (Psychological Trigger) ഉണ്ടാക്കി. വോട്ട് ചെയ്തില്ലെങ്കിൽ അത് പൗരത്വം തന്നെ നഷ്ടപ്പെടുമെന്ന ഭീതി വോട്ടിംഗ് ശതമാനം കൂട്ടാനും യു.ഡി.എഫ് അനുകൂല തരംഗത്തിനും കാരണമായിട്ടുണ്ടാകാം. ഈ ഭയം രാഷ്ട്രീയമായി യു.ഡി.എഫ് നന്നായി ഉപയോഗിച്ചു എന്നത് വ്യക്തമാണ്.
ഇനി ഭരണവിരുദ്ധ വികാരം. അത് ഉണ്ടായില്ല എന്ന് പറയുന്നത് ആത്മവഞ്ചനയാണ്. പക്ഷേ ഭരണവിരുദ്ധ വികാരം ഉണ്ടെന്നത് സർക്കാർ ഒന്നും ചെയ്തില്ല എന്നർത്ഥമല്ല. നേട്ടങ്ങൾ ഉണ്ടായിട്ടും ജനങ്ങളുടെ ജീവിതാനുഭവങ്ങളിൽ ചില കഠിനതകൾ അടിഞ്ഞുകൂടിയപ്പോൾ അതാണ് വോട്ടിൽ പ്രതിഫലിച്ചത്. ഭരണവിരുദ്ധ വികാരത്തിലേക്ക് വിരൽചൂണ്ടാവുന്ന പ്രധാന ഘടകങ്ങൾ ഇതൊക്കെയാകാം;
- ഇടതുപക്ഷത്തിന്റെ കരുത്ത് എപ്പോഴും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അടിത്തട്ടിലെ പ്രവർത്തകരായിരുന്നു. എന്നാൽ തുടർച്ചയായ പത്തു വർഷത്തെ ഭരണം പാർട്ടിയിലും ഭരണത്തിലും ഒരു വലിയ ‘അധികാര കേന്ദ്രീകരണ പ്രതീതി’ (Perception of Centralization) ഉണ്ടാക്കി. സർക്കാർ ഓഫീസുകൾ കൂടുതൽ ഡിജിറ്റൽ ആയെങ്കിലും, സാധാരണക്കാരന് ഒരു വില്ലേജ് ഓഫീസിലോ താലൂക്ക് ഓഫീസിലോ നേരിട്ട് ചെന്നാൽ ലഭിക്കുന്ന അനുഭവം പലപ്പോഴും ദാക്ഷിണ്യമില്ലാത്തതായിരുന്നു. ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള അകലം കൂടിയപ്പോൾ, അത് തിരുത്തേണ്ട പ്രാദേശിക പാർട്ടി സംവിധാനങ്ങൾ നിസ്സംഗത പാലിക്കുകയോ അല്ലെങ്കിൽ ജനങ്ങളിൽ നിന്ന് അകലുകയോ ചെയ്തു.
- “ഞങ്ങൾ കെ-റെയിൽ കൊണ്ടുവന്നു, വൻകിട വികസനം നടത്തി” എന്ന രീതിയിലുള്ള വലിയ വികസന മുദ്രാവാക്യങ്ങൾ (High-decibel Development Narrative) ജനങ്ങളോട് സംസാരിച്ചപ്പോൾ, അവരുടെ അടുക്കളയിലെ കഠിനമായ യാഥാർത്ഥ്യങ്ങളെ (Micro-realities) അഭിസംബോധന ചെയ്യാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ “കേൾക്കുന്നു” എന്ന് ബോധ്യപ്പെടുത്തുന്നതിന് പകരം, സർക്കാരിന്റെ നയങ്ങളെ ന്യായീകരിക്കുന്ന ‘ഭരണഭാഷയാണ്’ പ്രചാരണത്തിലുടനീളം കണ്ടത്. ഇത് വോട്ടർമാരിൽ കൂടുതൽ പ്രകോപനമുണ്ടാക്കിയിട്ടുണ്ടാകാം.
- ആരോഗ്യ മേഖലയിലെ പാളിച്ചകൾ : കേരള മോഡൽ ആരോഗ്യം അന്താരാഷ്ട്ര തലത്തിൽ പ്രശംസിക്കപ്പെട്ടതാണെങ്കിലും, വോട്ടറുടെ മനസ്സ് മാറുന്നത് വലിയ കണക്കുകൾ കണ്ടല്ല. ഒരു മെഡിക്കൽ കോളേജിലോ താലൂക്ക് ആശുപത്രിയിലോ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ മരുന്ന് തികയാതെ വരുമ്പോഴോ, ലിഫ്റ്റ് കേടാകുമ്പോഴോ, കാത്തുനിൽപ്പ് നീളുമ്പോഴോ ഉണ്ടാകുന്ന വ്യക്തിപരമായ അമർഷം,ചികിത്സാ പിഴവുകളും ഒക്കെ രാഷ്ട്രീയ വികാരമായി മാറി. ഇത്തരം വാർത്തകൾ മാധ്യമങ്ങൾ വലിയ രീതിയിൽ ആഘോഷിച്ചതും എൽ.ഡി.എഫിന്റെ വലിയൊരു ബ്രാൻഡ് ഇമേജിന് മങ്ങലേൽപ്പിച്ചു.
- ക്ഷേമപെൻഷൻ പ്രതിസന്ധി : 2021-ൽ എൽ.ഡി.എഫിന് തുടർച്ചയായ ഭരണം നേടിക്കൊടുത്തതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് കൃത്യമായി വിതരണം ചെയ്ത ക്ഷേമപെൻഷനുകളായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം പെൻഷനുകൾ മാസങ്ങളോളം കുടിശ്ശികയായി. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരിന്റെ അവഗണനയും കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമാണെന്ന വസ്തുത ജനങ്ങൾക്ക് അറിയാമായിരുന്നിരിക്കാം. എന്നാൽ “പെൻഷൻ കൊണ്ട് ജീവിക്കുന്ന പാവപ്പെട്ടവന്റെ അടുപ്പിൽ പുകയുന്നില്ല” എന്ന അടിയന്തര യാഥാർത്ഥ്യത്തിന് മുന്നിൽ ഈ രാഷ്ട്രീയ ന്യായീകരണങ്ങൾ വിലപ്പോയില്ല എന്നതായിരുന്നു സത്യം.
- കെ.എസ്.ആർ.ടി.സിയിലെ ശമ്പള-പെൻഷൻ പ്രതിസന്ധി സാധാരണക്കാരായ പതിനായിരക്കണക്കിന് കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തെയാണ് നേരിട്ട് ബാധിച്ചത്. പ്രായമായ പെൻഷൻകാർക്ക് ചികിത്സയ്ക്കും നിത്യചെലവുകൾക്കും പോലും പണമില്ലാതെ തെരുവിലിറങ്ങേണ്ടി വന്നതും, കൃത്യമായ വിതരണത്തിന് ഹൈക്കോടതിക്ക് വരെ കർശനമായി ഇടപെടേണ്ടി വന്നതും സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചു. കെ.എസ്.ആർ.ടി.സി സ്വന്തം വരുമാനം കൊണ്ട് നിലനിൽക്കേണ്ട സ്ഥാപനമാണെന്ന മാനേജ്‌മെന്റ് വാദങ്ങളും സാമ്പത്തിക പ്രതിസന്ധിയുടെ ന്യായീകരണങ്ങളും ജീവനക്കാരുടെയും അവരുടെ ആശ്രിതരുടെയും കടുത്ത അമർഷത്തിന് കാരണമാവുകയും, ഇത് ഭരണവിരുദ്ധ വോട്ടുകളായി മാറാൻ വഴിതെളിക്കുകയും ചെയ്തു.
- കേരളത്തിന്റെ പൊതുആരോഗ്യ മാതൃക താഴെത്തട്ടിൽ താങ്ങിനിർത്തുന്ന ആശാ വർക്കർമാരുടെ (ASHA Workers) സമരവും സർക്കാരിനെതിരെയുള്ള പൊതുവികാരം ശക്തമാക്കി. കോവിഡ് കാലത്ത് കഠിനാധ്വാനം ചെയ്ത തങ്ങൾക്ക് തുച്ഛമായ ഒണറേറിയത്തിന് പകരം അർഹമായ വേതന വർദ്ധനവും ഇൻസെന്റീവുകളും നൽകണമെന്നാവശ്യപ്പെട്ട് അവർ നടത്തിയ തെരുവ് സമരങ്ങളെ സർക്കാർ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അവഗണിച്ചെന്ന തോന്നൽ സമൂഹത്തിലുണ്ടായി. നാട്ടിൻപുറങ്ങളിലെ സാധാരണ കുടുംബങ്ങളുമായി ഏറ്റവും അടുത്ത ബന്ധമുള്ള ആശാ വർക്കർമാരുടെ ഈ കടുത്ത അതൃപ്തി, താഴെത്തട്ടിലുള്ള വനിതാ വോട്ടർമാരുടെ രാഷ്ട്രീയ നിലപാടുകളെ സർക്കാരിനെതിരാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. ഇത് പറയുമ്പോഴും ആശാ വർക്കർമാരുടെ സമരം രാഷ്ട്രീയപ്രേരിതമാണെന്നതിൽ സംശയമില്ല. 500 രൂപയിൽ നിന്ന് 9000 രൂപ ഒണറേറിയമായി വർദ്ധിപ്പിച്ച പിണറായി സർക്കാരിനെ തീർത്തും അവഗണിച്ച രീതിയോടും യോജിക്കാൻ ആവില്ല. ഇവിടേയും ഈ വിഷയത്തെ രാഷ്ട്രീയമായി കൗണ്ടർ ചെയ്യാൻ LDF ന് ആയില്ല.
- യുവജന തൊഴിലില്ലായ്മയും ഭാവി ആശങ്കയും: PSC നിയമനങ്ങളിൽ കേരളം രാജ്യത്ത് തന്നെ മുന്നിലാണ് എന്ന വസ്തുത നിലനിൽക്കുന്നു. പക്ഷേ യുവാക്കളുടെ പ്രതീക്ഷ അതിനേക്കാൾ വലുതാണ്. ഉയർന്ന വിദ്യാഭ്യാസമുള്ള യുവാക്കൾക്ക് സ്ഥിരതയുള്ള തൊഴിൽ, private sector quality jobs, migration pressure, contract employment insecurity ഇവ വലിയ രാഷ്ട്രീയ അസംതൃപ്തി സൃഷ്ടിച്ചു. പി.എസ്.സി വഴി നിയമനങ്ങൾ നടക്കുന്നുണ്ടെങ്കിലും, ഉയർന്ന വിദ്യാഭ്യാസം നേടിയ (Over-qualified) ലക്ഷക്കണക്കിന് യുവാക്കൾക്ക് അനുയോജ്യമായ ഐ.ടി അല്ലെങ്കിൽ പ്രൈവറ്റ് സെക്ടർ ജോലികൾ കേരളത്തിൽ സൃഷ്ടിക്കപ്പെട്ടില്ല എന്ന വിമർശനം ഉണ്ട്. താൽക്കാലിക/കരാർ നിയമനങ്ങളിൽ സ്വന്തക്കാരെ തിരുകിക്കയറ്റുന്നു എന്ന ആക്ഷേപങ്ങൾ യുവാക്കളിൽ വലിയ നിരാശയുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ നേരിട്ടുള്ള ഫലമാണ് കേരളത്തിൽ നിന്ന് വിദേശങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കൂട്ടപ്പലായനം (Mass Brain Drain) എന്ന നറേഷനും വ്യാപകമാക്കി യുഡിഫ് പ്രചരിപ്പിച്ചു. ഇത് ഓരോ കുടുംബത്തിലും സർക്കാരിനെതിരെയുള്ള നിശബ്ദ വികാരമായി മാറ്റിയിട്ടുണ്ട്. ഇതിനെ കൗണ്ടർ ചെയ്യാൻ LDF ന് ആയില്ല.
- വിലക്കയറ്റവും കുടുംബ ബഡ്ജറ്റും : സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ സബ്‌സിഡി സാധനങ്ങളുടെ കുറവും പൊതുവിപണിയിലെ കടുത്ത വിലക്കയറ്റവും സാധാരണക്കാരായ വീട്ടമ്മമാരെയും ഇടത്തരക്കാരെയും നേരിട്ട് ബാധിച്ചു. കേന്ദ്ര നയങ്ങളാണ് ഇതിന് പിന്നിലെങ്കിലും, സംസ്ഥാന ഭരണകൂടത്തിന് വിപണിയിൽ ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞില്ലെന്ന തോന്നൽ LDF ന് എതിരായ വോട്ടായി മാറി.
- കാർഷിക മേഖലയും വന്യജീവി ആക്രമണവും (മലയോര മേഖലയിലെ അമർഷം): ഇടുക്കി, കോട്ടയം, വയനാട്, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ എൽ.ഡി.എഫിന് ഉണ്ടായ ക്ഷീണത്തിന് പ്രധാന കാരണം കർഷകരുടെ പ്രശ്നങ്ങൾ ആണ്. റബ്ബർ/നെല്ല് സംഭരണ വിലയിലെ കുറവ്, വന്യജീവി ആക്രമണം (ജീവൻ-സ്വത്ത് ഭീഷണി), ബ്യൂറോക്രസിയുടെ മന്ദഗതിയിലുള്ള നഷ്ടപരിഹാര വിതരണം. മലയോര മേഖലകളിൽ വന്യജീവി ആക്രമണം വലിയ ജീവിതപ്രശ്നമായി മാറി. ഇത് വെറും പരിസ്ഥിതി വിഷയം അല്ല; കർഷകന്റെ രാത്രി ഉറക്കം, അവരുടെ കുട്ടികളുടെ സഞ്ചാരസുരക്ഷ, വിളനാശം, ജീവിതസുരക്ഷ എന്നിവയുടെ പ്രശ്നമാണ്. ഈ വേദനയ്ക്ക് മതിയായ വേഗത്തിലും കരുതലിലും പരിഹാരം കിട്ടിയില്ലെന്ന വികാരം ഉണ്ടായി. വന്യജീവി ആക്രമണങ്ങളിൽ മനുഷ്യർ മരിക്കുമ്പോൾ മന്ത്രിമാരോ ഉദ്യോഗസ്ഥരോ കൃത്യസമയത്ത് ഇടപെടാതിരുന്നതും, കർഷകനെ വെറും കൈയേറ്റക്കാരനായി കാണുന്ന ചില പരിസ്ഥിതി വാദങ്ങളോട് സർക്കാർ പുലർത്തിയ മൃദുസമീപനവും കർഷകരെ പൂർണ്ണമായും ഭരണവിരുദ്ധ ചേരിയിലെത്തിച്ചു. ഇതിന്റെ ഒക്കെ ഫലമായി കനത്ത ഭരണവിരുദ്ധ വോട്ടായി മാറിയിട്ടുണ്ട്.
- അഴിമതി ആരോപണങ്ങളും നൈതികതയും : ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ മൂലധനം അവരുടെ രാഷ്ട്രീയ നൈതികതയാണ് (Political Morality). എന്നാൽ കരിമണൽ കമ്പനി ഇടപാടുകൾ, സഹകരണ ബാങ്ക് തട്ടിപ്പുകൾ, സ്പ്രിങ്ക്ലർ ആരോപണം, ചില ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതികൾ എന്നിവ കോടതികളിൽ പൂർണ്ണമായി തെളിയിക്കപ്പെട്ടില്ലെങ്കിൽ പോലും, ജനങ്ങളുടെ മനസ്സിൽ “ഇവരും മറ്റുള്ളവരെപ്പോലെ തന്നെയാണ്” എന്നൊരു ചിന്ത (Cynicism) ഉണ്ടാക്കാൻ പ്രതിപക്ഷ പ്രചാരണങ്ങൾക്ക് കഴിഞ്ഞു.
- സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകൾ: പല മണ്ഡലങ്ങളിലും പ്രാദേശികമായി ജനപ്രീതിയുള്ള നേതാക്കളെ മാറ്റിനിർത്തി, പാർട്ടി താത്പര്യങ്ങൾക്ക് മാത്രം മുൻഗണന നൽകി സ്ഥാനാർത്ഥികളെ നിശ്ചയിച്ചത് താഴെത്തട്ടിൽ നിസ്സംഗതയുണ്ടാക്കി. പാർട്ടി വോട്ടുകൾ പോലൂം കൃത്യമായി പെട്ടിയിലാക്കാൻ കഴിയാത്ത വിധം സംഘടനാ യന്ത്രം തുരുമ്പെടുത്തുപോയ അവസ്ഥ ചില മണ്ഡലങ്ങളിലെങ്കിലും ഉണ്ടായിട്ടുണ്ട്.
- സംഘടനാ ദൗർബല്യവും അടിത്തട്ടിലെ ചോർച്ചയും : പാർട്ടി ശക്തമെന്ന് കരുതിയ പല പ്രദേശങ്ങളിലും വീടുതോറുമുള്ള പാർട്ടി ബന്ധം ക്ഷയിച്ചു. പ്രവർത്തകരുടെ ആവേശം കുറയുകയും, ജനങ്ങളുമായുള്ള organic ബന്ധം മന്ദഗതിയിലാകുകയും ചെയ്തതും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ട്.
- പ്രചാരണ ഭാഷയിലെ പ്രശ്നം : വികസന നേട്ടങ്ങൾ പറഞ്ഞെങ്കിലും, ജനങ്ങളുടെ ദിവസേന അനുഭവങ്ങളോട് ചേർന്ന ഭാഷ പലപ്പോഴും കുറവായിരുന്നു. “ഞങ്ങൾ ചെയ്തു” എന്ന ഭരണഭാഷയെക്കാൾ “നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾ കേൾക്കുന്നു” എന്ന രാഷ്ട്രീയ ഭാഷ ആവശ്യമായിരുന്നു. എന്നാൽ ഇത് ഉണ്ടായില്ല.
- പ്രശ്നങ്ങളിലെ വൈകാരിക സമീപനം: കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം, ആശാ വർക്കർമാരുടെ സമരം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്തപ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്നും കഠിനമായ സാങ്കേതിക/നിയമ ന്യായീകരണങ്ങളാണ് ഉണ്ടായത്. ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങൾ ആഗ്രഹിക്കുന്നത് ഭരണാധികാരികളുടെ ആത്മാർത്ഥമായ അനുതാപമാണ് (Empathy). എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കാൻ വൈകിയതും, സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിലെ മന്ദഗതിയും സർക്കാർ “അനുതാപരഹിതമായി” പെരുമാറുന്നു എന്ന തോന്നൽ സമൂഹത്തിലുണ്ടാക്കാൻ എതിരാളികൾക്ക് അവസരം നൽകി.
- മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചുള്ള തന്ത്രം: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാഭാവികമായ ഗൗരവ പ്രകൃതത്തെയും പെരുമാറ്റ ശൈലിയെയും “ദാർഷ്ട്യം” ആയി ചിത്രീകരിക്കാൻ പ്രതിപക്ഷ തന്ത്രജ്ഞർക്കും മാധ്യമങ്ങൾക്കും കഴിഞ്ഞു. പത്രസമ്മേളനങ്ങളിലും പൊതുവേദികളിലും അദ്ദേഹത്തെ ബോധപൂർവ്വം പ്രകോപിപ്പിക്കാനുള്ള ചോദ്യങ്ങൾ ഉന്നയിക്കുകയും, അതിനോടുള്ള അദ്ദേഹത്തിന്റെ സ്വാഭാവിക പ്രതികരണങ്ങളെ ‘അനുതാപമില്ലായ്മയുടെ’ തെളിവുകളായി മാധ്യമങ്ങൾ വൻതോതിൽ ആഘോഷിക്കുകയും ചെയ്തു.
ഈ തോൽവി സർക്കാരിന്റെ പൂർണ്ണമായ പരാജയമല്ല, മറിച്ച് ഭരണത്തിന്റെ അഹന്തക്കെതിരെയും (Arrogance), തങ്ങളുടെ ദൈനംദിന ജീവിതത്തിലെ കഷ്ടപ്പാടുകൾ കാണാതെ പോയതിനെതിരെയും ജനങ്ങൾ നൽകിയ ശക്തമായ ഒരു തിരുത്തൽ വിധി (Correction Mandate) മാത്രമാണ്. വലിയ വികസന പദ്ധതികൾക്കൊപ്പം തന്നെ സാധാരണക്കാരന്റെ ജീവൽപ്രശ്നങ്ങൾക്കും തുല്യ പ്രാധാന്യം നൽകിയാലേ ഇടതുപക്ഷത്തിന് ജനമനസ്സുകളിൽ തിരിച്ചെത്താനാകൂ.
🌟 എൽ.ഡി.എഫ് സർക്കാരിന്റെ മറക്കാനാകാത്ത നേട്ടങ്ങൾ
അതേസമയം സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ മറക്കാനാകില്ല. ഭരണവിരുദ്ധ വികാരം ഉണ്ടെന്നത് സർക്കാരിന് വികസന നേട്ടമില്ലായിരുന്നു എന്നല്ല. എൽ.ഡി.എഫ് സർക്കാരിന്റെ പോസിറ്റീവ് വശങ്ങൾ പരിശോധിച്ചാൽ അതിന് ശക്തമായ ചില അടിത്തറകൾ ഉണ്ടെന്ന് കാണാം:
- PSC നിയമനങ്ങളിലെ സുതാര്യത : പി.എസ്.സി വഴി യുവാക്കൾക്ക് നിയമനം നൽകുന്നതിൽ കേരളം രാജ്യത്ത് തന്നെ മുന്നിലുള്ള സംസ്ഥാനമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിയമനത്തിന്റെ സ്ഥാപനപരമായ സുതാര്യതയും, കൃത്യമായ റിസർവേഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതും (Reservation Compliance) കേരളത്തിന്റെ വലിയൊരു ശക്തിയാണ്.
- പൊതുആരോഗ്യ മാതൃക : ചില പ്രാദേശിക പ്രശ്നങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും, കേരളത്തിന്റെ പൊതുആരോഗ്യ സൂചികകൾ ദേശീയ ശരാശരിയേക്കാൾ ഒട്ടേറെ മുന്നിലാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം (Primary Healthcare), രോഗനിർണ്ണയ പ്രതിരോധ സംവിധാനങ്ങൾ (Disease Surveillance), മികച്ച പൊതുജനാരോഗ്യ ഇടപെടലുകൾ എന്നിവയിൽ കേരള മാതൃക ഇപ്പോഴും പ്രസക്തമാണ്.
- ക്ഷേമപെൻഷനും സാമൂഹിക സുരക്ഷയും : കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വലിയൊരു വിഭാഗം ജനങ്ങൾക്ക് ക്ഷേമപെൻഷനുകൾ എത്തിക്കാൻ കഴിഞ്ഞത് പ്രധാന നേട്ടമാണ്. മുൻകാലങ്ങളിലെ സൌജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഓർമ്മകളും, പൊതുവിതരണ സംവിധാനവും (Ration/PDS) ജനങ്ങളിൽ വലിയൊരു സുരക്ഷാഭാവം സൃഷ്ടിച്ച പദ്ധതികളാണ്.
- ലൈഫ് മിഷൻ – പാർപ്പിട വിപ്ലവം : ലക്ഷക്കണക്കിന് ഭൂരഹിത-ഭവനരഹിതർക്ക് അന്തസ്സുള്ള പാർപ്പിടം ഉറപ്പാക്കിയ ‘ലൈഫ് മിഷൻ’ കേവലമൊരു ക്ഷേമപദ്ധതിയല്ല. അത് താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ സാമൂഹിക പദവി തന്നെ ഉയർത്തിയ വിപ്ലവകരമായ ചുവടുവെപ്പാണ്.
- അടിസ്ഥാന സൗകര്യ വികസനം : റോഡുകൾ, പാലങ്ങൾ, സ്കൂൾ കെട്ടിടങ്ങൾ, ആശുപത്രി വികസനം, കിഫ്ബി (KIIFB) വഴി സംസ്ഥാനത്ത് ഉടനീളമുണ്ടായ ദൃശ്യമായ അടിസ്ഥാന സൗകര്യ മാറ്റങ്ങൾ ഇവയെല്ലാം നിഷേധിക്കാനാകാത്ത യാഥാർത്ഥ്യ നേട്ടങ്ങളാണ്.
- പൊതുവിദ്യാഭ്യാസ സംരക്ഷണം : സർക്കാർ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങളും (High-tech classrooms) അക്കാദമിക് അന്തരീക്ഷവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നത് ഇടതുപക്ഷ ഭരണത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വിജയങ്ങളിൽ ഒന്നാണ്.
- അതിദാരിദ്ര്യ നിർമ്മാർജ്ജന ശ്രമങ്ങൾ : സംസ്ഥാനത്തെ അതിദരിദ്രരെ കൃത്യമായി കണ്ടെത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ‘Extreme Poverty Identification and Elimination’ പോലുള്ള പദ്ധതികൾ യഥാർത്ഥ സാമൂഹിക നീതിയിലേക്കുള്ള ഇടതുപക്ഷ ഇടപെടലായി കാണേണ്ടതാണ്.
- പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണവും നവീകരണവും (PSU Revival) : ദേശീയതലത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെ വ്യാപകമായി സ്വകാര്യവൽക്കരിക്കുമ്പോൾ, കേരളത്തിൽ അവയെ ലാഭത്തിലാക്കാനും നവീകരിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നു. കേന്ദ്ര സർക്കാർ കൈയൊഴിഞ്ഞ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്, കെ.പി.പി.എൽ (KPPL) തുടങ്ങിയ വലിയ സ്ഥാപനങ്ങൾ സംസ്ഥാന സർക്കാർ ഏറ്റെടുത്തു നടത്തി വിജയിപ്പിച്ചത് വ്യവസായ മേഖലയിലെ ഇടതുപക്ഷ ബദലിന്റെ വലിയൊരു ഉദാഹരണമാണ്.
- ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും വ്യവസായ സൗഹൃദ നീക്കങ്ങളും (K-FON & Ease of Doing Business) : K-FON: ഇന്റർനെറ്റ് ഒരു പൗരാവകാശമായി പ്രഖ്യാപിച്ച് പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകാനുള്ള കെ-ഫോൺ പദ്ധതി ഡിജിറ്റൽ വിഭജനം (Digital Divide) ഇല്ലാതാക്കാനുള്ള വലിയൊരു ചുവടുവെപ്പായിരുന്നു. വ്യവസായ നവീകരണത്തിന്റെ ഭാഗമായി ലൈസൻസ് നടപടികൾ ലളിതമാക്കിയതും (K-SWIFT), ലക്ഷത്തിലധികം സംരംഭങ്ങൾ നാട്ടിൻപുറങ്ങളിൽ വരെ തുടങ്ങിയ ‘സംരംഭക വർഷം’ പദ്ധതിയും പരമ്പരാഗത വ്യവസായ അന്തരീക്ഷത്തെ മാറ്റിയെഴുതി.
- സ്ത്രീ ശാക്തീകരണവും ലിംഗനീതിയും (Gender Budgeting & Kudumbashree) : കുടുംബശ്രീ സംവിധാനത്തെ കേവലമൊരു സ്വയംസഹായ സംഘം എന്നതിൽ നിന്ന് മാറ്റി, ദുരന്തനിവാരണത്തിലും ‘ജനകീയ ഹോട്ടലുകൾ’ വഴി അതിദാരിദ്ര്യ നിർമ്മാർണ്ണത്തിലും പങ്കാളികളാകുന്ന വലിയൊരു സാമ്പത്തിക-സാമൂഹിക ശക്തിയാക്കി മാറ്റി. ലിംഗനീതി മുൻനിർത്തിയുള്ള ബഡ്ജറ്റിംഗും നയരൂപീകരണത്തിൽ സ്ത്രീപക്ഷ ചിന്തകളും കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞു.
- ഐ.ടി – സ്റ്റാർട്ടപ്പ് മേഖലയിലെ കുതിച്ചുചാട്ടം : യുവജനങ്ങളിൽ വലിയൊരു വിഭാഗത്തിന് സംസ്ഥാനത്ത് തന്നെ അവസരമൊരുക്കാൻ സ്റ്റാർട്ടപ്പ് മിഷൻ വഴിയുള്ള പദ്ധതികൾക്ക് സാധിച്ചു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് ഐ.ടി പാർക്കുകളുടെ വിപുലീകരണവും അന്താരാഷ്ട്ര കമ്പനികളെ കേരളത്തിലേക്ക് ആകർഷിച്ചതും വലിയൊരു മാറ്റമാണ്.
- മതനിരപേക്ഷ അന്തരീക്ഷം : ദേശീയതലത്തിൽ സംഘപരിവാർ രാഷ്ട്രീയം ശക്തമാകുമ്പോഴും, കേരളത്തിൽ ശക്തമായ മതനിരപേക്ഷ സാമൂഹിക അന്തരീക്ഷം സംരക്ഷിക്കുന്നതിലും വർഗീയ നീക്കങ്ങളെ ചെറുക്കുന്നതിലും ഇടതുപക്ഷ ഭരണത്തിന് വലിയ പങ്കുണ്ട്.
- പ്രവാസി/ദുരന്തകാല/കോവിഡ് ഭരണാനുഭവം : കേരളത്തെ ഉലച്ച പ്രകൃതിദുരന്തങ്ങളുടെ സമയത്തും കോവിഡ് കാലഘട്ടത്തിലും പൊതുഭരണ സംവിധാനങ്ങൾ നടത്തിയ ഏകോപനം, പ്രവാസികളുമായി ബന്ധപ്പെട്ട അടിയന്തര ഇടപെടലുകൾ എന്നിവ കേരളത്തിന് മികച്ച ഭരണശേഷിയുണ്ടെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ച ഘട്ടങ്ങളാണ്.
ഇത്രയേറെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ഉണ്ടായിട്ടും ജനങ്ങളുടെ ജീവിതാനുഭവങ്ങളിലെ ചില വേദനകൾ കേൾക്കുന്നതിൽ, ചില മേഖലകളിൽ സമയബന്ധിതമായി ഇടപെടുന്നതിൽ, സംഘടനാ ബന്ധം താഴെത്തട്ടിൽ നിലനിർത്തുന്നതിൽ, രാഷ്ട്രീയ ആശങ്കകളെ നേരിട്ട് അഭിമുഖീകരിക്കുന്നതിൽ ഇടതുപക്ഷം പാളിപ്പോയിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാർ നിരവധി ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കിയെങ്കിലും, അത് ജനങ്ങളിലേക്ക് ശരിയായ രീതിയിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് മാത്രമല്ല, പ്രതിപക്ഷത്തിന്റെ ‘പ്രതിച്ഛായ തന്ത്രങ്ങൾക്ക്’ ഇരയാവുകയും ചെയ്തു.
ഈ തോൽവി ഇടതുപക്ഷ ആശയത്തിന്റെ തകർച്ചയല്ല, മറിച്ച് അതിന്റെ പ്രവർത്തനരീതിക്കും ഭരണശൈലിക്കും ലഭിച്ച ജനാധിപത്യപരമായ ഒരു മുന്നറിയിപ്പാണ്. “ഞങ്ങൾ ചെയ്ത വികസനം ജനങ്ങൾ കണ്ടോളും” എന്ന അമിത ആത്മവിശ്വാസത്തിൽ, വോട്ടർമാരുടെ വൈകാരിക മനശാസ്ത്രത്തെയും പ്രതിപക്ഷത്തിന്റെ പി.ആർ (PR) തന്ത്രങ്ങളെയും പ്രതിരോധിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞില്ല. അതുകൊണ്ട്, ഈ ജനവിധിയെ വെറും വർഗീയ ധ്രുവീകരണമായോ വോട്ട് ബാങ്ക് സമവാക്യങ്ങളായോ ചുരുക്കിക്കണ്ട് കുറ്റം ജനങ്ങളിലേക്ക് മാറ്റുകയല്ല ഇപ്പോൾ വേണ്ടത്. മറിച്ച്, ഭരണകൂടം ജനങ്ങളിൽ നിന്ന് അകന്നുപോയോ എന്നതിനെക്കുറിച്ച് സത്യസന്ധമായ ആത്മവിമർശനം നടത്തുകയാണ്. വൻകിട വികസനങ്ങൾക്കൊപ്പം ഭരണാധികാരികളിൽ നിന്ന് ജനങ്ങൾ ആഗ്രഹിക്കുന്ന സ്നേഹവും കരുതലുമുള്ള ഒരു രാഷ്ട്രീയ ഭാഷ തിരിച്ചുപിടിക്കാനും, പ്രതിപക്ഷത്തിന്റെ കൃത്രിമ പ്രകടനങ്ങളെ തുറന്നുകാട്ടി താഴെത്തട്ടിലുള്ള ജനങ്ങളുമായി ആഴത്തിലുള്ള ജനാധിപത്യ ബന്ധം പുനഃസ്ഥാപിക്കാനുമുള്ള അടിയന്തര തിരുത്തലാണ് ഇടതുപക്ഷത്തിന് ഇനി ആവശ്യം.




