കഴിഞ്ഞ വർഷം ജൂലൈ 21-ന് തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്കുള്ള പാതയോരങ്ങളിൽ പെയ്ത കർക്കടകമഴയ്ക്ക് ഒരു വിലാപത്തിന്റെ ഈണമുണ്ടായിരുന്നു. ഒരു നാട് മുഴുവൻ ഉറങ്ങാതെ, മഴ നനഞ്ഞിട്ടും പിരിഞ്ഞുപോകാതെ, ചുവന്ന പൂക്കളുമായി വഴിയരികിൽ മണിക്കൂറുകളോളം കാത്തുനിന്നു. അത് ഒരു മുൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക അന്ത്യയാത്രയ്ക്ക് നൽകിയ ആദരമായിരുന്നില്ല; തങ്ങൾക്ക് വേണ്ടി സംസാരിക്കാൻ അധികാരത്തിന്റെ മുഖത്തുനോക്കി വിരൽചൂണ്ടാൻ ഒരാൾ ഈ നാട്ടിലുണ്ടെന്ന സാധാരണക്കാരന്റെ ഉറപ്പിന് നൽകിയ അവസാനത്തെ യാത്രയയപ്പായിരുന്നു.
ചില മനുഷ്യരുടെ ജീവിതത്തിന് മരണമില്ല, അത് നിത്യവർത്തമാനമായി ഈ നാടിന്റെ വായുവിൽ ശ്വസിച്ചുകൊണ്ടേയിരിക്കും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ ജനങ്ങളുടെ പക്ഷത്തുനിന്ന് തിരുത്തിയെഴുതിയ വിപ്ലവ സൂര്യൻ, സഖാവ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്. വിടപറഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുന്നു.
വലിയ ചുടുകാട്ടിലെ ചിതയമരുമ്പോൾ ഒരു ശരീരം മാത്രമാണ് ഇല്ലാതായത്. ഒരു നൂറ്റാണ്ടുക്കാലം ഈ നാടിന്റെ സ്പന്ദനമായിരുന്ന വി.എസ്. അച്യുതാനന്ദൻ എന്ന രണ്ടക്ഷരം ഇന്നും വർത്തമാനകാല കേരള രാഷ്ട്രീയത്തിന്റെ മനസ്സാക്ഷിയായി ജ്വലിച്ചുനിൽക്കുകയാണ്. നാം ഇന്ന് ഓർക്കുന്നത് ഒരു വ്യക്തിയെ മാത്രമല്ല; ഒരു കാലഘട്ടത്തെയാണ്, ഒരു വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടിനെയാണ്, അധികാരത്തിന്റെ തിളക്കത്തേക്കാൾ സമരഭൂമിയിലെ പൊടിപടലങ്ങളെ പ്രണയിച്ച ഒരു കമ്മ്യൂണിസ്റ്റിന്റെ നിശ്ചയദാർഢ്യത്തെയാണ്.
ആ യാത്ര വലിയ ചുടുകാട്ടിലെത്തിയപ്പോൾ പുന്നപ്രയിലെയും വയലാറിലെയും രക്തസാക്ഷികൾ അവരുടെ ബലികുടീരങ്ങളിൽനിന്ന് ഉണർന്നുനോക്കിയിട്ടുണ്ടാകണം. തങ്ങളുടെ കാലത്ത് തങ്ങളോടൊപ്പം ചെങ്കൊടിയേന്തി നടന്ന ആ ചെറുപ്പക്കാരൻ, ഒരു നൂറ്റാണ്ടിന്റെ പോരാട്ടചരിത്രവും ശരീരത്തിൽ ചുമന്ന് ഒടുവിൽ അവരുടെ അടുത്തേക്ക് മടങ്ങിയെത്തുന്നത് അവർ കണ്ടിട്ടുണ്ടാകണം.
ആരായിരുന്നു സഖാവ് വി.എസ്. അച്യുതാനന്ദൻ? അദ്ദേഹത്തെ എങ്ങനെയാണ് നമ്മൾ ഓർക്കേണ്ടത്?
- കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയായിട്ടോ?
- കരുത്തനായ പ്രതിപക്ഷ നേതാവായിട്ടോ?
- സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിട്ടോ?
- സ്വാതന്ത്ര്യ സമര സേനാനി ആയിട്ടോ ?
- അതോ അനീതിക്കെതിരെ പോരാടാൻ അധികാരസ്ഥാനമൊന്നും ആവശ്യമില്ലെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച ഒരു കമ്മ്യൂണിസ്റ്റായിട്ടോ?
ഈ പദവികളിലൊന്നിലും വി.എസിനെ പൂർണമായി ഒതുക്കാനാവില്ല. കാരണം വി.എസ്. ഒരു പദവിയല്ലായിരുന്നു, അതൊരു രാഷ്ട്രീയ നിലപാടായിരുന്നു! അനീതിക്ക് മുന്നിൽ മിണ്ടാതിരിക്കരുതെന്ന ഓർമപ്പെടുത്തലായിരുന്നു.
കയർപ്പിരിയുന്ന കൈകളുടെയും ഉപ്പുവെള്ളം കയറിയ നിലങ്ങളുടെയും ആലപ്പുഴയിലെ പുന്നപ്രയിൽ ദാരിദ്ര്യത്തിന്റെ നടുവിലാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ വളർന്നത്. നാലാം വയസ്സിൽ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും നഷ്ടപ്പെട്ട ബാല്യം. പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് കുടുംബത്തിന്റെ ഭാരം ചുമക്കേണ്ടിവന്ന ജീവിതം. തയ്യൽക്കടയിലും പിന്നീട് കയർ ഫാക്ടറിയിലും തൊഴിലെടുത്ത ചെറുപ്പം.
വിശപ്പിനെക്കുറിച്ച് അദ്ദേഹം പുസ്തകത്തിൽ വായിച്ചറിഞ്ഞതല്ല. വിശപ്പോടെ കിടന്ന രാത്രികൾ അദ്ദേഹത്തിനുണ്ടായിരുന്നു. തൊഴിലാളിയുടെ വിയർപ്പിനെക്കുറിച്ച് സമ്മേളനവേദികളിൽനിന്ന് കേട്ടറിഞ്ഞതല്ല.സ്വന്തം ശരീരത്തിൽ ആ വിയർപ്പിന്റെ ഉപ്പുണ്ടായിരുന്നു.അതുകൊണ്ടാണ് തൊഴിലാളിയുടെ വേദന മനസ്സിലാക്കാൻ അദ്ദേഹത്തിന് കണക്കുകളോ റിപ്പോർട്ടുകളോ വേണ്ടിവരാതിരുന്നത്. ചെയ്യുന്ന ജോലിക്ക് ന്യായമായ കൂലി ചോദിക്കുന്ന കയർ തൊഴിലാളിയിലും, ജന്മിയുടെ മുന്നിൽ തലകുനിക്കാതെ നിൽക്കാൻ ശ്രമിക്കുന്ന കർഷകത്തൊഴിലാളിയിലും, സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനായി പൊരുതുന്ന പാവപ്പെട്ട മനുഷ്യനിലും അദ്ദേഹം തന്റെ പഴയ ജീവിതത്തെ തന്നെയാണ് കണ്ടത്.
ചെറുപ്പത്തിലെ ജീവിതം അദ്ദേഹത്തെ പഠിപ്പിച്ചത് ഒരു സത്യം മാത്രമായിരുന്നു.ഈ സമൂഹം എല്ലാവർക്കും ഒരുപോലെയല്ല.ആ തിരിച്ചറിവാണ് അദ്ദേഹത്തെ കമ്മ്യൂണിസ്റ്റാക്കിയത്. വി.എസിനെ കമ്മ്യൂണിസ്റ്റാക്കിയത് ഏതെങ്കിലും വലിയ ഗ്രന്ഥശാലയല്ല. അദ്ദേഹം ജീവിച്ച കാലവും കണ്ട ജീവിതവുമാണ്.മാർക്സിനെയും ലെനിനെയും അദ്ദേഹം കണ്ടെത്തിയത് ദാരിദ്ര്യത്തിൽ ഞെരുങ്ങിയ മനുഷ്യരുടെ ജീവിതത്തിലായിരുന്നു. ചൂഷണം ഒരു സിദ്ധാന്തത്തിലെ വാക്കല്ലെന്നും മനുഷ്യന്റെ വിശപ്പിലും അപമാനത്തിലും മുറിവിലും ജീവിക്കുന്ന യാഥാർഥ്യമാണെന്നും ചെറുപ്പത്തിൽതന്നെ അദ്ദേഹം മനസ്സിലാക്കി. അവിടെ നിന്നാണ് ആ പോരാട്ടം തുടങ്ങുന്നത്. അന്ന് കമ്മ്യൂണിസ്റ്റാകുക എന്നത് ഒരു പാർട്ടിയിൽ ചേരുക മാത്രമായിരുന്നില്ല.ജയിലും,പീഡനവും,ഒളിവുജീവിതവും,മരണവും മുന്നിൽ കണ്ടുകൊണ്ട് ഒരു ജീവിതം തിരഞ്ഞെടുക്കുകയായിരുന്നു.
ആലപ്പുഴയിലെ കയർ തൊഴിലാളികളെയും കള്ളുചെത്തുതൊഴിലാളികളെയും കാർഷികത്തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ടാണ് വി.എസ്. പൊതുപ്രവർത്തനത്തിലേക്ക് കടന്നത്. പി. കൃഷ്ണപിള്ളയെപ്പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ നേതൃത്വത്തിൽ, പാവപ്പെട്ട മനുഷ്യനെ നട്ടെല്ല് നിവർത്തിനിൽക്കാൻ പഠിപ്പിച്ച ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി അദ്ദേഹം വളർന്നു.
തമ്പ്രാനെന്ന് വിളിക്കില്ലെന്ന് പറയാൻ…
പാളയിൽ കഞ്ഞി കുടിക്കില്ലെന്ന് പ്രഖ്യാപിക്കാൻ…
ചെയ്ത ജോലിക്ക് കൂലി വേണമെന്ന് ചോദിക്കാൻ…
മണ്ണിലും മനുഷ്യനിലും അവകാശമുണ്ടെന്ന് ഉറക്കെ പറയാൻ…
ഒരു തലമുറയെ പഠിപ്പിച്ച സമരങ്ങളിലൂടെയാണ് വി.എസ്. എന്ന കമ്മ്യൂണിസ്റ്റ് രൂപപ്പെട്ടത്.
പുന്നപ്ര–വയലാർ സമരം അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലെ ഒരു പഴയ അധ്യായമായിരുന്നില്ല. ജീവിതകാലം മുഴുവൻ നെഞ്ചിൽ കൊണ്ടുനടന്ന ചോരയുണങ്ങാത്ത ഓർമയായിരുന്നു. അതിനാലാണ് പുന്നപ്ര–വയലാർ സമരത്തിന്റെ തീപ്പൊരി അണഞ്ഞപ്പോൾ പോലും അതിന്റെ ചൂട് അദ്ദേഹത്തിന്റെ രക്തത്തിൽ നിന്ന് അണയാഞ്ഞത്.
തിരുവിതാംകൂറിലെ ദിവാൻഭരണത്തിനും ജന്മിത്വത്തിനും ഭരണകൂടത്തിന്റെ അടിച്ചമർത്തലിനുമെതിരെ സാധാരണ തൊഴിലാളികൾ നടത്തിയ ആ മഹാപോരാട്ടത്തിൽ ആയിരക്കണക്കിന് മനുഷ്യരാണ് വെടിയേറ്റ് വീണത്. തോക്കിനും പട്ടാളത്തിനും മുന്നിൽ വാരിക്കുന്തവുമായി നിന്ന മനുഷ്യരുടെ ചോരയിലാണ് ആലപ്പുഴയുടെ വിപ്ലവചരിത്രം എഴുതപ്പെട്ടത്.
അവിടെനിന്ന് രക്ഷപ്പെട്ടത് സ്വന്തം ജീവൻ സംരക്ഷിച്ച് സുഖമായി ജീവിക്കാനായിരുന്നില്ല.വീണുപോയവരുടെ സ്വപ്നങ്ങൾ ചുമന്ന് ശേഷിച്ച ജീവിതം മുഴുവൻ പോരാടാനായിരുന്നു.
ഒളിവുജീവിതവും അറസ്റ്റും ജയിലും ക്രൂരമായ പൊലീസ് മർദനവുമെല്ലാം വി.എസിന്റെ ശരീരം ഏറ്റുവാങ്ങി. ബയണറ്റിന്റെ മുറിവുകൾ അദ്ദേഹത്തിന്റെ കാലിലുണ്ടായിരുന്നു. പക്ഷേ ഭരണകൂടത്തിന്റെ മർദനത്തിന് തുളച്ചുകയറാൻ കഴിയാത്ത ഒരിടം ആ മനുഷ്യനിൽ ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയവിശ്വാസമായിരുന്നു. ഒരു മനുഷ്യന്റെ ശരീരം തല്ലിത്തകർക്കാം. ജയിലിലടയ്ക്കാം. ഒറ്റപ്പെടുത്താം. മരിച്ചുവെന്ന് കരുതി ഉപേക്ഷിക്കാം. പക്ഷേ നീതിയിലുള്ള വിശ്വാസത്തെ എങ്ങനെ കൊല്ലും?
ആ മർദനങ്ങൾക്കുശേഷം എഴുന്നേറ്റുനിന്നത് പഴയ അച്യുതാനന്ദൻ മാത്രമായിരുന്നില്ല. പിന്നീട് കേരളത്തിന്റെ തെരുവുകളെയും നിയമസഭയെയും അധികാരകേന്ദ്രങ്ങളെയും ഒരുപോലെ വിറപ്പിച്ച വി.എസ്. എന്ന രണ്ടക്ഷരമായിരുന്നു.
1964-ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന് സിപിഐ(എം) രൂപീകരിച്ച നേതാക്കളുടെ കൂട്ടത്തിൽ വി.എസ്. ഉണ്ടായിരുന്നു. പിന്നീട് സംസ്ഥാന സെക്രട്ടറിയായും പോളിറ്റ് ബ്യൂറോ അംഗമായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു.
പക്ഷേ ഈ സ്ഥാനങ്ങളല്ല അദ്ദേഹത്തെ ജനങ്ങളുടെ വി.എസ്. ആക്കിയത്.
അധികാരത്തിന്റെ അകത്തായിരുന്നപ്പോഴും പുറത്തായിരുന്നപ്പോഴും സാധാരണക്കാരന്റെ വിഷയം ഏറ്റെടുക്കാനുള്ള ആ സ്വഭാവമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽനിന്ന് വേറിട്ടുനിർത്തിയത്.
പാർട്ടി അദ്ദേഹത്തിന് രാഷ്ട്രീയജീവിതവും സംഘടനാപരമായ കരുത്തും നൽകി. ആ പാർട്ടിയുടെ സമരചരിത്രത്തിൽനിന്നാണ് വി.എസ്. വളർന്നുവന്നത്. അതേസമയം, സ്വന്തം ജീവിതത്തിലൂടെ പാർട്ടിക്ക് കേരളത്തിലെ ഏറ്റവും ജനകീയമായൊരു മുഖം തിരികെ നൽകിയ നേതാവുമായിരുന്നു അദ്ദേഹം.
പാർട്ടിക്കുള്ളിൽ വിയോജിപ്പുകളും വിമർശനങ്ങളും ഒറ്റപ്പെടലുകളും ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ നിലപാടുകളോടും എല്ലാവർക്കും യോജിക്കാനാവണമെന്നില്ല. വി.എസ്. പിഴവുകളില്ലാത്ത ഒരു വിഗ്രഹവുമല്ല.എന്നാൽ തന്റെ ശരിയെന്ന് വിശ്വസിച്ച കാര്യത്തിനുവേണ്ടി അധികാരത്തോടും രാഷ്ട്രീയ എതിരാളികളോടും ചിലപ്പോൾ സ്വന്തം ചുറ്റുമുള്ള നിശ്ശബ്ദതയോടുപോലും ഏറ്റുമുട്ടാൻ അദ്ദേഹം തയ്യാറായിരുന്നു.അവിടെയാണ് വി.എസിന്റെ രാഷ്ട്രീയ പ്രസക്തി.
അദ്ദേഹം എല്ലായുദ്ധങ്ങളിലും വിജയിച്ചതുകൊണ്ടല്ല ജനങ്ങൾ അദ്ദേഹത്തെ സ്നേഹിച്ചത്. തോൽവി മുന്നിൽ കണ്ടിട്ടും മുട്ടുകുത്താൻ വിസമ്മതിച്ചതുകൊണ്ടാണ്.
കേരളം ഏറ്റവും ആവേശത്തോടെ കണ്ട വി.എസ്. ഒരുപക്ഷേ മുഖ്യമന്ത്രിയായിരുന്ന വി.എസ്. മാത്രമായിരിക്കില്ല.പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. ആയിരിക്കാം. കാരണം അധികാരത്തിൽ ഇരുന്ന നേതാവിനേക്കാൾ അധികാരത്തെ ചോദ്യംചെയ്ത നേതാവിനെയാണ് ജനങ്ങൾ പലപ്പോഴും കൂടുതൽ അടുത്തറിഞ്ഞത്.
അധികാരം തേടിയ മനുഷ്യനായിരുന്നില്ല അദ്ദേഹം. അധികാരത്തെ ചോദ്യം ചെയ്ത മനുഷ്യനായിരുന്നു. മന്ത്രിയായിരുന്നപ്പോഴും… പ്രതിപക്ഷ നേതാവായിരുന്നപ്പോഴും… മുഖ്യമന്ത്രിയായിരുന്നപ്പോഴും…
അദ്ദേഹത്തിന്റെ രാഷ്ട്രീയം ഒരേ വരിയിലായിരുന്നു. “ജനങ്ങളുടെ പക്ഷം.”
അതിനാലാണ് കയർ തൊഴിലാളിയുടെ കണ്ണീരും, കശുവണ്ടിത്തൊഴിലാളിയുടെ വിശപ്പും, കർഷകന്റെ കടവും, മത്സ്യത്തൊഴിലാളിയുടെ കടലും,
ആദിവാസിയുടെ കാടും, എല്ലാം അദ്ദേഹത്തിന്റെ രാഷ്ട്രീയ വിഷയങ്ങളായത്. അധികാരത്തിന്റെ ഇടനാഴികളിൽ നിശ്ശബ്ദനായി നടക്കാൻ വി.എസ്. പഠിച്ചിരുന്നില്ല. അനീതി കണ്ടാൽ സംസാരിക്കുക എന്നത് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു.
എൺപതുകളിലേക്ക് കടന്ന പ്രായത്തിലും മലകയറാനും കാടിനകത്തേക്ക് നടക്കാനും ഭൂമി കയ്യേറ്റക്കാരുടെ മുന്നിൽനിന്ന് ചോദ്യംചെയ്യാനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല.
മതികെട്ടാൻ ചോല കൈയേറ്റക്കാർ നശിപ്പിക്കുകയാണെന്ന വിവരം ലഭിച്ചപ്പോൾ, എഴുപത്തിയെട്ടാം വയസ്സിൽ അവിടേക്ക് നേരിട്ട് ചെന്ന പ്രതിപക്ഷ നേതാവായിരുന്നു വി.എസ്. രാഷ്ട്രീയ–ഉദ്യോഗസ്ഥ–കയ്യേറ്റ കൂട്ടുകെട്ടിനെതിരെ അവിടെനിന്ന് അദ്ദേഹം ഉയർത്തിയ ശബ്ദമാണ് മതികെട്ടാനെ കേരളത്തിന്റെ പൊതുചർച്ചയിലേക്ക് കൊണ്ടുവന്നത്.
മൂന്നാറിലെ മലകളും സർക്കാർ ഭൂമിയും റിസോർട്ട് മാഫിയകൾ കൈയടക്കിയപ്പോൾ അദ്ദേഹം ചോദിച്ചത് വെറും നിയമപ്രശ്നമല്ലായിരുന്നു.ഈ മണ്ണ് ആരുടേതാണ്?പണമുള്ളവന് വേലി കെട്ടിയെടുക്കാനുള്ളതോ?അധികാരബന്ധമുള്ളവന് രേഖകൾ ഉണ്ടാക്കിവയ്ക്കാനുള്ളതോ? അതോ തലമുറകളായി ഈ നാട്ടിൽ ജീവിക്കുന്ന മനുഷ്യരുടെയും വരാനിരിക്കുന്ന തലമുറകളുടെയും പൊതുസമ്പത്തോ?
മുഖ്യമന്ത്രിയായിരുന്ന കാലത്തെ മൂന്നാർ ദൗത്യത്തിന് അതുകൊണ്ടാണ് അത്ര വലിയ ജനപിന്തുണ ലഭിച്ചത്. എല്ലാ ലക്ഷ്യങ്ങളും പൂർത്തിയായില്ല. തടസ്സങ്ങളും എതിർപ്പുകളും ഉണ്ടായി. എന്നാലും അധികാരവും പണവും ചേർന്ന് പൊതുഭൂമി കൊള്ളയടിക്കുന്നതിനെ സർക്കാർ ചോദ്യംചെയ്യണം എന്ന രാഷ്ട്രീയ സന്ദേശം കേരളം കേട്ടു.
ഹാരിസൺ മലയാളം ഉൾപ്പെടെയുള്ള ഭൂമിവിവാദങ്ങളിലും, പ്ലാച്ചിമടയിലെ കുടിവെള്ള സമരത്തിലും, കാസർഗോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിതപ്രശ്നങ്ങളിലും, ക്വാറി–ഭൂമി കയ്യേറ്റ വിഷയങ്ങളിലും വി.എസ്. ഇടപെട്ടത് പരിസ്ഥിതിയെക്കുറിച്ച് മനോഹരമായ പ്രസംഗങ്ങൾ നടത്താനായിരുന്നില്ല. മണ്ണും വെള്ളവും കാടും നശിപ്പിക്കപ്പെടുമ്പോൾ ആദ്യം തെരുവിലാകുന്നത് പാവപ്പെട്ട മനുഷ്യനാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.അതുകൊണ്ട് അദ്ദേഹത്തിന്റെ പരിസ്ഥിതി രാഷ്ട്രീയം മനുഷ്യരിൽനിന്ന് വേർപെട്ട ഒന്നായിരുന്നില്ല.അത് വർഗരാഷ്ട്രീയത്തിന്റെ തന്നെ മറ്റൊരു മുഖമായിരുന്നു.
അഴിമതിക്കെതിരായ അദ്ദേഹത്തിന്റെ പോരാട്ടങ്ങളും അങ്ങനെയായിരുന്നു.
ഇടമലയാർ അഴിമതിക്കേസിൽ വർഷങ്ങളോളം തിരിച്ചടികൾ വന്നിട്ടും ഒത്തുതീർപ്പിന് വഴങ്ങാതെ നിയമപോരാട്ടം തുടർന്നത് വി.എസ്. ആയിരുന്നു. സർക്കാരുകളും രാഷ്ട്രീയ സാഹചര്യങ്ങളും മാറിയിട്ടും കേസ് ഉപേക്ഷിക്കാതെ സുപ്രീംകോടതിവരെ പോയി.
അഴിമതി കേസുകൾ വാർത്തകളിൽ വരുകയും കുറച്ചുകാലം കഴിഞ്ഞ് മറക്കപ്പെടുകയും ചെയ്യുന്ന നാട്ടിൽ,അധികാരത്തിലുള്ള ഒരാൾ നിയമത്തിന് മുകളിലല്ലെന്ന് തെളിയിക്കാൻ പതിറ്റാണ്ടുകൾ കാത്തുനിന്ന മനുഷ്യനായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന് വ്യക്തിപരമായി അതിൽനിന്ന് നേടാനൊന്നുമുണ്ടായിരുന്നില്ല. പൊതുമുതൽ കൊള്ളയടിച്ചാൽ അതിന് കണക്കുപറയേണ്ടിവരും എന്നൊരു മാതൃക അവശേഷിപ്പിക്കണമെന്ന നിർബന്ധം മാത്രമായിരുന്നു.
ലോട്ടറി മാഫിയയ്ക്കെതിരെ സംസാരിച്ചപ്പോഴും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ ഇടപെട്ടപ്പോഴും അതേ ശൈലിയായിരുന്നു. പലർക്കും പറയാൻ മടിയുള്ള സമയത്ത് വി.എസ്. പറയുമായിരുന്നു. പലരും കാത്തുനിൽക്കുന്ന സമയത്ത് അദ്ദേഹം ഇറങ്ങിനടക്കുമായിരുന്നു.
അതുകൊണ്ടാണ് ജനങ്ങൾക്ക് അദ്ദേഹത്തിൽ ഒരു വിചിത്രമായ ഉറപ്പുണ്ടായിരുന്നത്. തങ്ങൾക്ക് അനീതി സംഭവിച്ചാൽ പരാതിയുമായി സമീപിക്കാവുന്ന ഒരാൾ ഈ നാട്ടിലുണ്ടെന്ന്… എല്ലാ വാതിലുകളും അടഞ്ഞാലും തങ്ങളുടെ ചോദ്യം നിയമസഭയ്ക്കുള്ളിൽ മുഴക്കാൻ ഒരാൾ ഉണ്ടെന്ന്… പണവും അധികാരവും ഒരുമിച്ചുനിന്നാലും അതിനുമുന്നിൽ പേടിയില്ലാതെ നിൽക്കാൻ ഒരാൾ ഉണ്ടെന്ന്… ആ ഉറപ്പിന്റെ പേരായിരുന്നു വി.എസ്.
2006-ൽ അദ്ദേഹത്തിന് മത്സരിക്കാൻ അവസരം നിഷേധിക്കപ്പെടുമെന്ന വാർത്ത വന്നപ്പോൾ കേരളത്തിന്റെ തെരുവുകളിൽ സ്വാഭാവികമായി ഉയർന്ന പ്രതിഷേധം ഒരു വ്യക്തിക്കുവേണ്ടിയുള്ള ആരാധന മാത്രമായിരുന്നില്ല.ജനങ്ങൾ തങ്ങളുടേതെന്ന് കരുതിയ ഒരു രാഷ്ട്രീയശബ്ദത്തെ സംരക്ഷിക്കാൻ തെരുവിലിറങ്ങിയതായിരുന്നു.
പിന്നീട് എൺപത്തിരണ്ടാം വയസ്സിൽ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി. അത് വി.എസിന്റെ മാത്രം വിജയമായിരുന്നില്ല. കയർ ഫാക്ടറിയിലെ തൊഴിലാളിയായി ജീവിതം തുടങ്ങിയ ഒരാൾ അധികാരത്തിന്റെ ഏറ്റവും ഉയർന്ന കസേരയിൽ ഇരിക്കുമ്പോൾ, അവിടെ എത്തിയത് ഒരു വ്യക്തിയല്ലെന്ന് ജനങ്ങൾക്ക് അറിയാമായിരുന്നു.
അദ്ദേഹത്തോടൊപ്പം പുന്നപ്രയുടെയും വയലാറിന്റെയും ഓർമകളുണ്ടായിരുന്നു. കർഷകത്തൊഴിലാളികളുടെ സമരങ്ങളുണ്ടായിരുന്നു. ജയിലിന്റെയും ഒളിവുജീവിതത്തിന്റെയും മുറിവുകളുണ്ടായിരുന്നു. തോറ്റുപോയ അനവധി പോരാട്ടങ്ങളുടെ കനലുകളുണ്ടായിരുന്നു.
അതിനാലാണ് അദ്ദേഹത്തിന്റെ ഓരോ വാക്കിനും കേരളം കാതോർത്തത്. അദ്ദേഹം സംസാരിച്ചിരുന്ന ഭാഷയിൽ അധികാരത്തിന്റെ മിനുക്കുപണിയുണ്ടായിരുന്നില്ല. വലിയ സാംസ്കാരിക അലങ്കാരങ്ങളോ നയതന്ത്രത്തിന്റെ മൃദുലതയോ ഉണ്ടായിരുന്നില്ല. മനുഷ്യരോട് പച്ചയായി രാഷ്ട്രീയം പറയുന്ന ഭാഷയായിരുന്നു അത്. ചിലപ്പോൾ കർക്കശം. ചിലപ്പോൾ പരിഹാസം. ചിലപ്പോൾ ദേഷ്യം. പക്ഷേ സാധാരണ മനുഷ്യന് മനസ്സിലാകാത്ത ഒന്നും അതിലുണ്ടായിരുന്നില്ല.
വി.എസ്. ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ എതിർത്തവരുണ്ടായിരുന്നു. രാഷ്ട്രീയമായി ആക്രമിച്ചവരുണ്ടായിരുന്നു. സ്വന്തം ലക്ഷ്യങ്ങൾക്കായി അദ്ദേഹത്തിന്റെ ജനപിന്തുണ ഉപയോഗിക്കാൻ ശ്രമിച്ചവരും പിന്നീട് തള്ളിപ്പറഞ്ഞവരുമുണ്ടായിരുന്നു. പക്ഷേ കാലം കടന്നുപോയപ്പോൾ പല പേരുകളും ചരിത്രത്തിന്റെ അരികിലേക്ക് മാഞ്ഞു. വി.എസ്. എന്ന രണ്ടക്ഷരം മാത്രം കൂടുതൽ തെളിഞ്ഞുവന്നു.
ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ ശ്രമിച്ചവർക്കുപോലും പിന്നീട് അദ്ദേഹത്തെ ആദരിക്കാതെ കടന്നുപോകാൻ കഴിഞ്ഞില്ലെങ്കിൽ, അത് കാലത്തിന്റെ ഒരു വലിയ കാവ്യനീതിയാണ്.
കാരണം ജനങ്ങൾ നൽകിയ സ്ഥാനത്ത് നിന്ന് ഒരു നേതാവിനെ സംഘടനാ നടപടികളാലോ രാഷ്ട്രീയ പ്രചാരണങ്ങളാലോ നീക്കംചെയ്യാനാകില്ല.ആ സ്ഥാനം തിരഞ്ഞെടുപ്പിലൂടെ ലഭിച്ചതല്ല. സമരങ്ങളിലൂടെ നേടിയതാണ്.
ഇന്ന് വി.എസിനെ ഓർക്കുമ്പോൾ ഒരു കാര്യം കൂടി പറയാതെ വയ്യ.കേരളത്തിന്റെ പൊതുജീവിതത്തിൽ രാഷ്ട്രീയക്കാരോടുള്ള വിശ്വാസം കുറഞ്ഞുവരുന്ന ഓരോ കാലത്തും വി.എസ്. കൂടുതൽ പ്രസക്തനാകുന്നു.
അഴിമതിയുടെ വാർത്ത കേൾക്കുമ്പോൾ… ഭൂമി കയ്യേറ്റം നടക്കുമ്പോൾ… സാധാരണക്കാരന്റെ പരാതി അധികാരം അവഗണിക്കുമ്പോൾ… പരിസ്ഥിതിയെ കോർപ്പറേറ്റ് ലാഭത്തിന് വിട്ടുകൊടുക്കുമ്പോൾ… നമ്മൾ അറിയാതെ ചോദിച്ചുപോകുന്നു:
“ഇവിടെ ഒരു വി.എസ്. ഉണ്ടായിരുന്നെങ്കിൽ…”
ഒരു നേതാവിന്റെ ഏറ്റവും വലിയ രാഷ്ട്രീയവിജയം ഇതാണ്. അദ്ദേഹം ഇല്ലാത്ത സമയത്തും ജനങ്ങൾ അദ്ദേഹത്തിന്റെ സാന്നിധ്യം അന്വേഷിക്കുന്നത്.
വി.എസ്. ജയിച്ച യുദ്ധങ്ങളെക്കാൾ വലിയതാണ് അദ്ദേഹം അവസാനം വരെ വിട്ടുകൊടുക്കാതെ നടത്തിയ യുദ്ധങ്ങൾ. ചില പോരാട്ടങ്ങളിൽ ലക്ഷ്യം നേടാനായില്ലായിരിക്കാം. ചിലത് പാതിവഴിയിൽ തടയപ്പെട്ടിട്ടുണ്ടാകാം. ചിലപ്പോൾ ഒറ്റയ്ക്കായിട്ടുണ്ടാകാം. എന്നാൽ പോരാട്ടം അസാധ്യമാണെന്ന് തോന്നുന്ന ഘട്ടത്തിലും ചോദ്യംചെയ്യണം എന്ന് അദ്ദേഹം കേരളത്തെ പഠിപ്പിച്ചു. പരാജയം പോരാട്ടത്തിന്റെ അവസാനമല്ലെന്നും കീഴടങ്ങലാണ് യഥാർത്ഥ പരാജയമെന്നും അദ്ദേഹം കാണിച്ചുതന്നു.
കഴിഞ്ഞ ജൂലൈയിൽ വലിയ ചുടുകാട്ടിൽ ആ ചിത കത്തുമ്പോൾ മഴ വീണ്ടും ശക്തമായി പെയ്യുകയായിരുന്നു.ചെങ്കൊടിയിൽ പൊതിഞ്ഞ ശരീരത്തിന് അവസാന അഭിവാദ്യം അർപ്പിച്ച് ആയിരങ്ങൾ മുദ്രാവാക്യം വിളിച്ചു. പുന്നപ്ര–വയലാർ രക്തസാക്ഷികളുടെ മണ്ണിൽ, തന്റെ രാഷ്ട്രീയ ഗുരുവായ പി. കൃഷ്ണപിള്ളയുടെ ഓർമകൾക്കരികിൽ, ഒരു നൂറ്റാണ്ടിന്റെ സമരജീവിതം അഗ്നിയിലേക്ക് ചേർന്നു.
പക്ഷേ ആ ചിതയിൽ കത്തിയത് ഒരു ശരീരം മാത്രമായിരുന്നു.അദ്ദേഹം ചോദിച്ച ചോദ്യങ്ങളെ കത്തിക്കാൻ ആ തീയ്ക്ക് കഴിഞ്ഞില്ല.അദ്ദേഹം പ്രതിനിധാനം ചെയ്ത രാഷ്ട്രീയസത്യസന്ധതയെ കത്തിക്കാൻ കഴിഞ്ഞില്ല.അദ്ദേഹം നട്ടെല്ല് നിവർത്തിനിൽക്കാൻ പഠിപ്പിച്ച മനുഷ്യരുടെ ഓർമകളെ കത്തിക്കാൻ കഴിഞ്ഞില്ല.
ഇന്നും ഒരു തൊഴിലാളി തന്റെ കൂലിക്കുവേണ്ടി ശബ്ദമുയർത്തുമ്പോൾ… ഒരു കർഷകൻ സ്വന്തം മണ്ണിനുവേണ്ടി പോരാടുമ്പോൾ… ഒരു വിദ്യാർത്ഥി അനീതിക്കെതിരെ തെരുവിലിറങ്ങുമ്പോൾ… ഒരു സാധാരണ മനുഷ്യൻ അധികാരത്തിന്റെ മുഖത്തുനോക്കി ചോദ്യംചെയ്യുമ്പോൾ… അവരുടെ പിന്നിൽ, അവർ അറിയാതെതന്നെ, ഒരു വയോധിക കമ്മ്യൂണിസ്റ്റിന്റെ നിഴൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്.
അതുകൊണ്ട് വി.എസ്. അച്യുതാനന്ദൻ ഒരു അനുസ്മരണത്തിൽ ഒതുങ്ങുന്നില്ല. അദ്ദേഹം ഒരു പഴയകാല നേതാവുമല്ല. ജനങ്ങളുടെ പക്ഷത്ത് നിൽക്കേണ്ട രാഷ്ട്രീയം വഴിതെറ്റുമ്പോഴെല്ലാം അതിനെ തിരികെ വിളിക്കുന്ന ഒരു മനസ്സാക്ഷിയാണ്.
ചൂഷണമുള്ളിടത്തോളം… അസമത്വമുള്ളിടത്തോളം… പൊതുമുതൽ കൊള്ളയടിക്കുന്നവരുള്ളിടത്തോളം…അതിനെതിരെ ഒരു മുഷ്ടിയെങ്കിലും ഉയരുന്നിടത്തോളം…
വി.എസ്. എന്ന രണ്ടക്ഷരത്തിന് മരണമില്ല. സമരനൂറ്റാണ്ടിന്റെ രണ്ടക്ഷരം…
സഖാവ് വി.എസ്. അച്യുതാനന്ദൻ.
അനശ്വര സ്മരണകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ…
ലാൽസലാം സഖാവേ…!





